സിദ്ധാന്തവിമർശനം
ശേഷവികാരത്തിന്റെ ഫലപ്രദമായ സംവേദനം വസ്തുരൂപങ്ങളിലൂടെയാവണം എന്ന് എലിയട്ട് പറയുന്നു; കവിതയിൽ അവർണ്ണ്യവും വർണ്ണ്യവുമുണ്ടെന്നതു പഴക്കത്തഴക്കമുള്ള ഒരു അലങ്കാര വചനമാണ്; അവർണ്യം അമൂർത്തമായ അനുഭവബിംബമോ, ആശയബിംബമോ മൂർത്തമായ വസ്തു ബിംബമോ ആവാം (രക്തദാഹം എന്ന പ്രയോഗത്തിൽ രക്തം എന്നത് മൂർത്തബിംബവും ദാഹം എന്നത് അമൂർത്ത ബിംബ (abstract image ) വുമാണ് ); ഭരണകർത്താവിന്റെ മുഖം ചന്ദ്രനെപ്പോലെ പ്രകാശിക്കുന്നു എന്ന് പാർത്ഥന്റെ ജ്യേഷ്ഠൻ ഭീമൻ പറയുകയാണെങ്കിൽ ചന്ദ്രൻ ഭരണകർത്താവിനോടുള്ള ഭക്തി പ്രകാശിപ്പിക്കുന്നതിന്റെ വാച്യവും പ്രത്യക്ഷവുമായായ വസ്തുബിംബമാണ് എന്ന് വ്യക്തമാണ്; എന്നാൽ ഭക്തി, വചനേതരമായ ഒരു നിശ്ചലശരീരരൂപമായി ആൾക്കൂട്ടത്തിനു മുന്നിൽ എഴുന്നേറ്റു നിൽക്കുമ്പോൾ ഒരു നിശ്ശബ്ദ ചിഹ്നം എന്ന നിലയിൽ അത് സൂത്രവാക്യത്തോടടുക്കുന്ന correlative--ന്റെ അവസ്ഥയിലാവുന്നു; ചന്ദ്രനെപ്പോലെ എന്ന വാച്യസ്തുതി- യെക്കാൾ ഫലപ്രദമായി ഭക്തിവികാരം പ്രകടിപ്പിക്കാൻ നിശ്ചലശരീരത്തിന്റെ -correlative-നു-- (വികാരസമബന്ധ സൂത്രത്തിനു)--- കഴിയുന്നുണ്ടെന്നാണ് എലിയട്ടിന്റെ വാദം. പഴഞ്ചൻസ്തുതി വാക്യമോ അതോ ശരീരപ്രദർശനമോ ഏതാണ് ഭക്തി ഫലപ്രദമായി പ്രസരിപ്പിക്കുന്നതു അല്ലെങ്കിൽ ഏതാണ് കൂടുതൽ അപഹാസ്യം എന്നതിന് ഒരേ ഉത്തരം ലഭിക്കണമെന്നില്ല. വാച്യപ്രക്ഷോഭത്തെക്കാൾഉചിതമാണ് പ്രക്ഷോഭസമ ബന്ധി സൂത്രവാക്യമെന്നത് ചിലയിടത്തു ശരി എന്ന് വന്നേക്കാം; എന്നാൽ അതിനെ ഒരു സാമാന്യ തത്വമായിക്കാണാനാവില്ല; അങ്ങനെയും ഒരു വഴിയുണ്ട് എന്ന് പറയാമെങ്കിലും അത് മാത്രമാണ് ഫലപ്രദമായ വിശേഷ വികാര പ്രകാശനത്തിനുള്ള ഏകമാർഗം എന്നും പറയേണ്ട കാര്യമില്ല; അതെ സമയം -was this the face-that-launched thousand ships and burnt the topless towers of ilium-- എന്ന് മാർലോ പറയുന്നിടത്ത് objective correlaitve ലെ ഒട്ടു മിക്ക ഘടകങ്ങളെല്ലാമുണ്ടെങ്കിലും അത് അമിതമായ ലൈംഗികഭക്തി എന്ന വികാരം പ്രകടിപ്പിക്കുന്നതിനുള്ള ബിംബ സംഭവപരമ്പരയായി മാറുകയാണ്. അത് ഒരു സൂത്രവാക്യമായി മാറുന്നുവെന്ന് പറയാനാവില്ല. ഇവിടെ ഭാഷയിലും ബിംബഘടനയിലും സ്ഫുരിക്കുന്ന തീക്ഷ്ണതയാണ്, വസ്തു -ബന്ധങ്ങളെയും വസ്തുബന്ധസംഭവങ്ങളെയുംകാൾ ലൈംഗികഭക്തിയെ ഉച്ചസ്ഥമാക്കുന്നത്. ആയിരം വള്ളങ്ങൾ വെള്ളത്തിൽ മുക്കിയ മോന്തയല്ലേ ഈ മോന്ത എന്ന് ഇതിനെ പരിഭാഷപ്പെടുത്തുമ്പോൾ ഇതേ ബിംബങ്ങളും സംഭവ പരമ്പരകളും ,ഏതാണ്ട് അതെ പോലെ രണ്ടാമത് പറഞ്ഞതിലുണ്ട് എങ്കിലും മാർലോയുടെ വരികളുടെ മിമിക്രി എന്ന നിലയിൽ അത് പരാജയപ്പെടുകയാണ്. ഉത്താന പാദന്റെ ഭാര്യമാർ ചട്ടീ- കലങ്ങൾ കൂടിപ്പകുത്തു( കുഞ്ചൻ) എന്ന് പറയുന്നതിലെ നിഷേധമനസ്സ് ഭാഷകൊണ്ട് മൊണാർക്കിക്കു നേരെ നടത്തുന്ന കല്ലേറ് മുൻപറഞ്ഞ മിമിക്രിയുടെ ഭാഷയിൽ ഇല്ല. അഹോ !ഹെലൻ മഹാശ്ചര്യം!. നമുക്കും കിട്ടണം പണം എന്ന് പറഞ്ഞാൽ, സാമ്രാജ്യത്വധനമാണ് ഹെലെനോടുള്ള ലൈംഗിക ഭക്തിയുടെ അന്തർദ്ധാര എന്നാണ് അതിന്റെ അർഥം.
objecive correlative നേക്കാൾ സങ്കീര്ണമായ ബിംബരൂപമാണ് കഥാപാത്രം; കാമപരവശത കൊണ്ട് വിദൂഷകനായ ദുഷ്യന്തനും നേർബോധമുള്ള മാണ്ഡവ്യനും കാമത്തിലെ പ്രതിസന്ധിയെയാണ് ആഖ്യാനം ചെയ്യുന്നത്; ഫാൾസ്റ്റഫ് ഒരു ഫോർമുലയല്ല. ജീവിതത്തെ അത്യന്തം പരിഹസിക്കുന്ന ഉന്മാദിയായ വടവൃക്ഷമാണ്; പെരിഞ്ചക്കോടൻ ഒരു ഫോർമുലയല്ല. ഇലകളും കാണ്ഡങ്ങളുമുള്ള മരമാണ്. പക്ഷെ അനന്തപദ്മനാഭനും ഭ്രാന്തൻ ചാന്നാനും ഒരു ഫോർമുലയാണ്; അടിയൻ ലച്ചിപ്പോം എന്ന ഫോർമുല. ആൺ കരുത്തിന്റെ സ്തുതിക്കാരനായ ധർമ്മഭടന്മാർ അടിയൻ ലച്ചിപ്പോം എന്ന ഇതേ ഫോർമുല തന്നെയാണ് തിരുനാമത്തെ പ്രണമിച്ചു കൊണ്ട് നിവേദിക്കുന്നതു -നമുക്കും കിട്ടണംപണം എന്നതാണ് ഇതിന്റെയൊക്കെ സാരാംശം; ഈ സൂത്ര വാക്യത്തെയാണ്, പിന്നീട് സൊഷോ എന്നാണ് ശരിയായ ഉച്ചാരണം എന്ന് ജീവിച്ചിരുന്നെങ്കിൽ കൃഷ്ണൻ നായർ സാർ കണ്ടെത്തുമായിരുന്ന സസ്സൂർ എന്ന ഭാഷാശാസ്ത്രജ്ഞന്റെ ചുവടു പിടിച്ചു പാശ്ചാത്യദേശത്തിലെ മേൽത്തരം ബുദ്ധിജീവികൾ ഘടനയുംഘടനാവാദവും ഘടനാനന്തര മഹോൽസവുമൊക്കെ ആക്കിത്തീർത്തത്ത്; ഇതൊക്കെ കാണുന്നതിന് മുൻപ് എലിയട്ട് മരിച്ചു പോവുകയും ചെയ്തു. ഇവിടെ വ്യക്തമാക്കാൻ കഴിയുന്നതു ഇത്രമാത്രമാണ്: സാഹിത്യത്തിന്റെ അടിത്തട്ടിൽ അടിഞ്ഞു കിടക്കുന്ന ഒരു സൂത്രവാക്യവും ഭാഷാ തന്ത്രങ്ങളിലൂടെ നിർമ്മിച്ചെടുക്കുന്നതല്ല. ഗണിത ശാസ്ത്രത്തിൽ ഇത്തരംചിഹ്നങ്ങളുടെ സൂത്രപ്പണിയുണ്ട്, നാമ പദത്തെ ഒരക്ഷരസൂത്രമായ ഇനിഷ്യൽ ആക്കി മാറ്റുന്നത് പോലുള്ള ഒരു ബൗദ്ധിക വിദ്യയാണതു; അൽജിബ്ര ഒരു ചിഹ്നശാസ്ത്രമാണ്; സാഹിത്യകലയിൽ പക്ഷെ അത് ഭൂമിക്കടയിൽ മറഞ്ഞിരിക്കുന്ന അധികാരശാസ്ത്ര സൂത്രമാണ്; അധികാരവ്യവസ്ഥ നിർമിക്കുന്ന നൈതികതയുടെ രഹസ്യചിഹ്നമായി മറഞ്ഞിരുന്ന മനുഷ്യന്റെ കാലുകളെ കുഴി ക്കുക എന്നതാണ് അതിന്റെ ജോലി; ഈ സൂത്രവാക്യങ്ങളെ മാർലോയുടെ കടലിൽ നിന്ന്നിർധാരണം ചെയ്തെടുക്കുന്ന കലയാണ് വിമർശനം. പണ്ടുമുതലേ നോൺകോൺഫോർമിസ്റ് ആയ നിരൂപകർ ചെയ്തുകൊണ്ടിരിക്കുന്നത് ഇതാണ്. ഇതേ ഫോർമുലയെ, ഘടനയെ കണ്ടെത്താൻ വേണ്ടിയാണ് രചനയെ അഴിച്ചുപിരിക്കണമെന്ന് ദെറിദ അദ്യം,പറയുന്നത്; അതത്രെ മഹത്തായ deconstruction! ദെറിദ അദ്യം, അത് പറയുമ്പോൾ ഒരു കുഴിത്തുരുമ്പ് ബുദ്ധി അതിലുണ്ട്. ഈ ഫോർമുല, അത് ഏതു എത്നിക് പരിസരത്തിലേതായാലും ,അതിൽ ഒരു ഉടയാളൻ -അടിമ ബന്ധത്തിന്റെ കൊരുത്തുണ്ടാവും. ഗോത്രകാലം മുതൽ ഇന്ന് വരെയും കുഴിച്ചെടുത്തിട്ടുള്ള ജ്ഞാനശാസ്ത്രസൂത്രവാക്യങ്ങളിൽ ഒക്കെയും അടിയാളന്റെ ഭയാനകമായ പരതന്ത്ര്യത്തെ ഉദാത്തവിധേയത്വമായി നീതീകരിക്കുന്നുണ്ട്. അതിനുവേണ്ടിയാണ് ഭക്തി എന്ന വികാര സൂത്രം കണ്ടു പിടിച്ചിട്ടുള്ളതു എന്ന് പറഞ്ഞാൽ ഇടതുപക്ഷതീവ്രവാദിയും മത സ്പർശമേശാത്ത ആത്മീയവാദിയുമായ ഏതു ജ്ഞാനിയും കലഹിക്കും. ഭക്തി, ഭയാനകമായ പാരതന്ത്ര്യത്തിന്റെ മഹാവൃക്ഷമാണ്. അതിന്റെ പ്രവർത്തനോർജ്ജവും ജനിതക സൂത്രങ്ങളും അപബോധത്തിൽ നിന്ന് പ്രജ്ഞയുടെ മേലറ്റം വരെ എത്തുന്നുണ്ട്. നാരായണഗുരു മനുഷ്യ ചരിത്ര കാണ്ഡത്തിൽ അള്ളിപ്പിടിച്ചിരിക്കുന്ന ഭക്തിയുടെ ജ്ഞാന സൂത്രമായ, ഘടനയോടാണ്, ദൈവത്തോടാണ് നിരന്തരമായി യുദ്ധം ചെയ്തുകൊണ്ടിരുന്നത്. അതിനു കവിക്കു വീര്യം പകർന്നു കൊടുത്തത് ജീവിതംഒരുമഹാനാടകമാണ് എന്ന് പറയുന്ന ജനനിയും, കാളിയും, മുറയ്ക്ക് മിന്നിമറയുന്ന,കവിയുടെ ഉയിരുണ്ണുന്ന പെണ്ണിന്റെ കണ്ണും വിശപ്പുകൊണ്ട് പേപ്പട്ടിയെപ്പോലെ തലയുരുട്ടുന്ന മനുഷ്യന്റെ ഉടലുടഞ്ഞുയരുന്ന, ദൈവമേ ഇതാണോ നിന്റെ കൂറ് എന്ന് നിലവിളിക്കുന്ന ചോദ്യവുമാണ്. ദെറിദ ഒരു കൃതി അഴിച്ചുപിരുത്തു നോക്കിയാലും. നാം ജീവിതം കുഴിച്ചു നോക്കിയാലും അടിയൻ ലച്ചിപ്പോം എന്ന അസംബന്ധ സൂത്രവും ( ഇത് തന്നെയാണ് പള്ളിയെ ഇടിമിന്നലിൽ നിന്നുരക്ഷിക്കാൻ വച്ചിരിക്കുന്ന കാന്തത്തെ നോക്കി നമ്മെയെല്ലാം കർത്താവ് രക്ഷിക്കട്ടെ കർത്താവിനെ കാന്തം രക്ഷിക്കട്ടെ എന്ന് പറയുന്ന നാറാണത്തു ഭ്രാന്തന്റെ സ്തോത്രത്തിലെ കൊല്ലുന്ന നിസ്സംഗതയും) അതിനെ നീതിവൽക്കരിക്കുന്ന ജ്ഞാനവുമാണ് പ്രശ്നകാരിയായി നിൽക്കുന്നത്; ഒരു ഘടനാവാദിയും ഘടനാനന്തര ആന്റി ഈഡിപ്പസും നിയോ ക്യാപിറ്റലിസത്തിന്റെ സാഹിത്യകാല കീഴ്ഘടനയെ സംബന്ധിച്ചുള്ള ദിവ്യദർശന വൈവിധ്യങ്ങൾക്കു ദാർശനിക ചമൽക്കാരങ്ങൾ നിർമ്മിക്കുകയല്ലാതെ, സാമുവേൽ ബെക്കറ്റിനെപ്പോലെ ഇതാ അടിമയും ഉടമയും എന്നൊരു ചിത്രത്തെ ദാർശനിക വിഹ്വലതകൾക്കുള്ളിൽ നിന്ന് ഖനനം ചെയ്തു കാണിക്കുന്നില്ല. സാഹിത്യമെഴുത്തുകാർ അത് നിരന്തരം ചെയ്യുന്നുണ്ട്. എങ്കിലും theory phase എഴുത്തിന്റെ അധികാരിയായ ശേഷം, സാഹിത്യ രചയിതാവ് കാണിച്ചു തരുന്ന നേരിനെ തത്വചിന്തയുടേതെന്ന് അവകാശപ്പെടുന്ന സംജ്ഞാന ബഹുലതകൊണ്ട് കലക്കിക്കളയുക എന്ന ദൗത്യമാണ് നിർവഹിച്ചു കൊണ്ടിരിക്കുന്നത്
വികാരത്തെ വസ്തുവൽക്കരിക്കുന്നത്തിനും, അത് സൂത്രവൽക്കരിക്കുന്നതിനുമൊരുദാഹരണം പുതിയ സുവിശേഷത്തിലുണ്ട്; യേശുവിന്റെ കാര്യത്തിൽ അന്തിമവിധി പുറപ്പെടുവിക്കാൻ ബാധ്യസ്ഥനായ സീസറിന്റെ പ്രതിനിധിയായ പീലാത്തോസ് '' ഈ രക്തത്തിൽ എനിക്ക് പങ്കില്ല '' എന്ന വൈകാരിക വാച്യത്തിനു ഒരു -demonstration -ഒരു ഡെമോൺസ്ട്രേഷൻ- അവതരിപ്പിക്കുന്നുണ്ട്. ഒരു പാത്രത്തിൽ ജലം കൊണ്ട് വന്നിട്ട് കൈകൾ കഴുകി നീതിരഹിതമായ രാഷ്ട്രീയ നരഹത്യയുടെ പാപം കഴുകിക്കളയുന്നതു എങ്ങനെയെന്നുള്ളതിന്റെ പാഠവും സൂത്രവാക്യവുമാണത്. എലിയട്ട് പറയുന്ന ഒബ്ജക്റ്റീവ് കോറിലേറ്റീവിന്റെ തനിത്തങ്കമാണത്; ഈ രക്തത്തിൽ എനിക്ക് പങ്കില്ല എന്ന ആത്മനിഷ്ഠമായ പ്രസ്താവനയുടെ അന്തരംഗസമബന്ധിയാണ് പീലാത്തോസിന്റെ കൈക്രിയ. പക്ഷെ ആത്മനിഷ്ഠമായ വാച്യത്തിൽ മുറുകി നിൽക്കുന്ന വികാരം അയഞ്ഞുപോവുകയും അതിന്റെ രാഷ്ട്രീയം സാത്വികവല്ക്കരിക്കുകയും ചെയ്യുന്ന ഈ സൂത്രവാക്യ കൈകൃതി രാഷ്ട്രീയ വിദ്യ എന്നനിലയിൽ നരഹത്യയുടെ വികാരവിക്ഷോഭത്തെ നിർവീര്യമാക്കി ഒട്ടൊന്നു ജനസമ്മതമാക്കുകയാണു ചെയ്യുന്നത്. അതൊരു രാഷ്ട്രീയ മാനിപുലേഷൻ , കൈകാര്യതന്ത്രം, എന്ന നിലയിൽ ഈ രക്തത്തിൽ എനിക്ക് പങ്കില്ല എന്ന പ്രസ്താവനയിൽ എന്തെങ്കിലും വികാരസത്യസന്ധതയുണ്ടെകിൽ അതിന്റെ മറു പുറമായിത്തീരുകയും കുറ്റബോധത്തെ സാമ്രാജ്യത്വശരീരപരിരക്ഷയിലേക്കു മാറ്റിയെഴുതുകയുമാണ് ചെയ്യുന്നത്; പൗരോഹിത്യം അവനെ ക്രൂശിക്കുക എന്ന് അലറിവിളിക്കുമ്പോൾ ക്രൂശിക്കുക എന്നകൃത്യത്തിനു ഭരണാനുമതി നൽകുന്ന സീസർ ( പീലാത്തോസ്) സാമ്രാജ്യത്വധികാരത്തിന്റെ മുഖം സുരക്ഷിതവും ജനസമ്മതവുമാക്കുന്ന ഒരു ക്രിയയാണ് ഇവിടെ നിർവഹിക്കുന്നത്. എനിക്ക് ഈരക്തത്തിൽ പങ്കില്ല എന്നവാച്യത്തിലെ വികാരതീക്ഷ്ണതയാണ് കഴുകിക്കളയപ്പെടുന്നത്. ഇവിടെ കുറ്റബോധവികാരത്തെ തീക്ഷ്ണമാക്കാനുള്ള ഉപാധിയല്ല മറിച്ചു സാമന്തരാജാവും പൗരോഹിത്യവും ചേർന്ന് നടത്തുന്ന നരഹത്യയ്ക്ക് മുകളിൽ വിളങ്ങിനിൽക്കുന്ന സമ്രാട്ടിന്റെ വൈശിഷ്ട്യമാണ് സമർത്ഥനം ചെയ്യപ്പെടുന്നത്. മറിച്ചു പാണ്ഡവന്മാരുടെ മാനക്കേടോ നിവൃത്തികേടോ പരസ്യപ്പെടുത്തുന്നതിനുദുശ്ശാസനൻ നടത്തുന്ന വസ്ത്രാക്ഷേപ പരിശ്രമവും ഒരു ഒബ്ജക്റ്റീവ് കോറിലേറ്റീവ് ആയി മാറുന്നരാഷ്ട്രീയ സൂത്രമാണ്. അവിടെ ഒരു വൈകാരിക പ്രതിസന്ധികൂടുതൽ രൂക്ഷതരമാക്കുന്ന രാഷ്ട്രീയ പ്രവർത്തനമാണ് ദുശ്ശാസനൻ മാനിപുലേറ്റ് ചെയ്തവതരിപ്പിക്കുന്നത്. ഈ ആൺ മാനഭഗ്നപ്രതിസന്ധിയുടെ ഘടന, സീതാപഹരണത്തിലും ഹെലന്റെ ഒളിച്ചോട്ടത്തിലും ശൂർപ്പണഖയുടെ നേരെ നടക്കുന്ന ശാരീരികാക്രമണത്തിലുമൊക്കെയുണ്ട്. ഇത് ഒരു ഘടന എന്നനിലയിൽ സൂത്രവാക്യം എന്നനിലയിൽ കുഴിച്ചെടുക്കുമ്പോൾ അത് വികാരാവിഷ്കരണത്തിനുള്ള രചനാതന്ത്രമല്ല, മറിച്ചു പൗരാണിക സാമ്രാജ്യാധികാര വ്യവസ്ഥയിൽ സ്ത്രീയുടെ രാഷ്ട്രീയമായ അർഥം എന്താണ് എന്ന് തീരുമാനിക്കുന്ന നൈതികവ്യാകരണ ഗ്രന്ഥവരികൾക്കെതിരെയുള്ള യുദ്ധസാമഗ്രിയാണ്. പ്രണയം ആണിന്റെയും പെണ്ണിന്റെ യും ആഗ്രഹങ്ങളെ ഉന്മാദഭരിതമാക്കുന്ന അനുഭവമാണ്; പക്ഷെ ബഷീറിന്റെ പെണ്ണ് പുട്ടിൽ കോഴി മുട്ട ഒളിപ്പിച്ചു കൊടുക്കുന്നത് പ്രണയ സംവേദനത്തിനു ഒബ്ജക്റ്റീവ് കോറിലേറ്റീവ് കണ്ടെത്തുമ്പോഴാണ്. മുന്തിരിക്കുലകൾ പൂത്തുവിടരുന്നേരം പുലരിയിൽ ഞാൻ എന്റെ പ്രണയം നിന്നോട് പറയും എന്നിടത്തെ വാച്യ ബിംബങ്ങളളുടെ മോഹനവൈകാരികതയിൽ നിന്ന് വ്യതിരിക്തമായ ഒരു നാടൻ ചങ്കിന്റെ പരിമളം, ഹൃദ്യത , പുഴുങ്ങിയ കോഴിമുട്ടപ്രയോഗം എന്ന ഒബ്ജക്റ്റീവ് കോറിലേറ്റീവ്-ൽ ഉണ്ട്. എന്നാൽപഴയ സുവിശേഷത്തിലെ വാച്യമായ പ്രണയാവിഷ്കാരത്തിന്റെ തുടിപ്പ് കോഴിമുട്ടയിലുണ്ട് എന്ന് പറയുന്നത് അതിശയോക്തിയായിരിക്കും
എലിയട്ട്, -evening is like an etherised patient-(ലവ് സോങ് ഓഫ് സർ ആൽഫ്രഡ് പൃഫ്രോക്ക്)എന്നൊരു പ്രസ്താവത്തിലാണ്, മനസ്സിന്റെ ഭീതിദമായ മടുപ്പും മരവിപ്പും ഫലപ്രദമായി വിന്യസിക്കുന്നതിനു, ഒരു വികാര തത്തുല്യ വസ്തു ബിംബ രംഗം കണ്ടെത്തുന്നത്; പക്ഷെ ആധുനികതയുടെ ഭീതിദവിശേഷം പ്രമാദമാവുന്നതിനു മുൻപ് കീറ്റ്സ് - my herat aches and a numbness pains -എന്നെഴുതുമ്പോൾ വാച്യമാവുന്ന - numbness - അതിന്റെ തീവ്രത, സായാഹ്നവും -etherise- ചെയ്യപ്പെട്ട രോഗിയും ഭദ്രബിംബരൂപകങ്ങളാണെങ്കിൽപ്പോലും എലിയട്ടിന്റെ വരികളിലുണ്ട് എന്ന് പറയാനാവുമോ? അത് പോലെ- i fall upon the thorns of life,i bleed എന്ന ഷെല്ലിയുടെ വാച്യത്തിനു പകരം നില്ക്കാൻ ഇംഗ്ലീഷ് ഭാഷയിൽ ഒരു വസ്തു ബിംബശൃംഖലയും അവതരിച്ചതായി കണ്ടിട്ടില്ല. ആ വരികളുടെ പിൻപുറത്തു ധ്വനിക്കുന്ന യേശുവിന്റെ തലയിൽ തറച്ച മുള്ളുകളും ,,,,,,,, ഉടൽ മുറിവുകളിൽ നിന്നൊഴുകുന്ന രക്തവും വരാനിരിക്കുന്ന ഒരുപടിഞ്ഞാറൻ കൊടുങ്കാറ്റിന്റെ,വിപ്ലവത്തിന്റെ ചരിത്രസൂചിതങ്ങൾ കൂടിയാണ്. യേശുവിന്റെ ക്ഷോഭകാലത്തെയും ഷെല്ലിയുടെ കാലത്തെയും ബന്ധിപ്പിക്കുന്ന പീഡിതമാനവികതയുടെ ചരിത്രവും ഷെല്ലിയുടെ വാച്യത്തിൽ മുറുകി നിൽക്കുന്നുണ്ട്. ഇവിടെ വാച്യത്തിലെ പിരിമുറുക്കത്തിനും ചരിത്ര ധ്വനിക്കും പകരം വയ്ക്കാവുന്ന വസ്തു ബിംബശൃംഖല ആരും കണ്ടെത്തിയതായി അറിവില്ല; വസ്തു ബിംബശൃംഖലയുടെ architechture ആണ് തരിശുഭൂമിയുടെ മഹിമ എന്ന് എലിയട്ട് അവകാശപ്പെടുന്നെങ്കിലും തരിശു ഭൂമിയിൽ ആദ്യാവസാനം സ്പന്ദിക്കുന്നതു പീഡിതയായ പെണ്ണിന്റെ വൈകാരിക രോദനത്തിന്റെ സംഭവപരമ്പരയാണ്. വായനക്കാരന്റെ മനസ്സിനെ പീഡിപ്പിക്കുന്ന ആസ്ത്രീ രോദനശൃംഖല മഹായുദ്ധത്തകർച്ചയുടെ architechture-മായി ശരിക്കും ഉദ്ഗ്രഥിക്കപ്പെടുന്നുണ്ട് എന്നു തോന്നുന്നില്ല objective correlative സിദ്ധാന്തത്തിന്റെ അവതാരകനായ കവി വിശ്ലഥബിംബങ്ങളുടെ കൂമ്പാരത്തെ വാരിക്കൂട്ടുന്നു എന്നവകാശപ്പെടുമ്പോൾ, അവിടെ എങ്ങനെയാണ് കോറിലേറ്റീവിന്റെ archithecture പ്രയോജനപ്പെടുന്നത് എന്നതും പ്രശ്നമാണ്; എങ്ങനെയാണ് പുരാവൃത്ത ബിംബശൃംഖലയെ വൈകാരിക വാച്യപ്രയോഗം മറികടക്കുന്നത് എന്ന് കാണാൻ തരിശുഭൂമിയിലെ എന്താണ് ഇടിമുഴക്കം പറഞ്ഞത്? എന്ന ഖണ്ഡം പരിശോധിച്ചാൽ മതി. ഉപനിഷത്തിൽ ദ- ദത്ത -ആത്മദാനം - എന്ന സിദ്ധാന്ത ഭാഗം കൈകാര്യം ചെയ്യുമ്പോൾ --and friend blood-shaking - my- heart,--an awful moment of daring-selfsurrender- എന്നിങ്ങനെയുള്ള വാക്കുകൾ വികാരത്തിന്റെ ഉജ്ജ്വല വാച്യമാണ്; അതിനു ഏതു അലൂഷന്റെ പിൻതലമുണ്ട് എങ്കിലും ഇല്ലെങ്കിലും ഉപനിഷത്തിൽ ദാർശനികമായി വന്നു വീഴുന്ന മുഴക്കത്തിനു വൈകാരികഭാഷ കണ്ടെത്തുകയാണ് എലിയട്ട് ചെയ്യുന്നത്! അതിന്റെ തീവ്രത ദയധ്വം ഖണ്ഡത്തിൽ കോരിയലെനസ് കഥയെ ഉപജീവിക്കുന്നിടത്തില്ല; ഭാഗം ഒബ്ജക്റ്റീവ് ആയ ആഖ്യാനമാവുമ്പോൾ അത് സെന്റിമെന്റൽ ആയിത്തീരുന്നു എന്നതാണ് അതിലെ വൈരുധ്യം. എലിയട്ട് ഉദ്ധരിക്കുന്ന കൊറിയലെനസ് കഥാസംഭവത്തിനു ദയധ്വത്തിന്റെ ദാർശനിക മുഴക്കത്തെ ഉൾക്കൊള്ളാനാവുന്നുമില്ല. ഓതും മൊഴി ( അരുൾ) ഓതും മൊഴിയിലെ, അരുളിലെ ഭാഷാസംവേദനത്തിൽ നിന്ന് ആർജിക്കുന്ന അൻപ്, അൻപിൻറെ തന്നെ സാമൂഹ്യ വിന്യാസമായ അനുകമ്പ (ശ്രീനാരായണ ഗുരു) അങ്ങനെയൊരു സമഗ്രദാർശനിക ബിംബമാണ് ദയധ്വം; അത് കൊറിയലെനസ് സെന്റിമെന്റിലേക്കു വെട്ടിച്ചുരുക്കുമ്പോൾ വികാരത്തെ വസ്തു ബിംബവൽക്കരണം കൊണ്ട് തുടിപ്പിച്ചെടുക്കുക എന്നപദ്ധതി മാത്രമല്ല അനുകമ്പയുടെ സാമൂഹ്യവും ദാർശനികവുമായ അർത്ഥസങ്കീർണ്ണതയും നഷ്ടപ്പെടുന്നു. ദൈവകാരുണ്യം എന്ന സങ്കൽപനത്തെ തിരസ്കരിച്ചു അതിനെ ഓതും മൊഴിയിലൂടെ (ഭാഷയിലൂടെ, അരുളിലൂടെ) പകരുന്ന സ്‌നേഹ സംവേദനവും മനുഷ്യന് മനുഷ്യനോട് തോന്നുന്ന സാമൂഹ്യാനുകമ്പയുമാക്കി മാറ്റുന്ന ഗുരു ദൈവരൂപങ്ങളെ അവരുടെ കാരുണ്യങ്ങളുടെ ഉയരങ്ങളിൽ നിന്നിറക്കി സാമൂഹ്യസഹാനുഭൂതിയുടെ രൂപകങ്ങളാക്കിത്തീർക്കാനാവുമോ എന്ന ചോദ്യമാണ് അനുകമ്പാദശകത്തിൽ ഉന്നയിക്കുന്നത്. ദയധ്വം ഭൂതദയയിൽ നിന്നാരംഭിച്ചു മനുഷ്യന്റെ സാമൂഹിക സഹാനുഭൂതിയിലേക്കു വികസിക്കുന്നു. എലിയട്ടിന്റെ ദയധ്വം - objective architechture-ന്റെ ഭാഗമായാണ് എലിയട്ട് കൊണ്ട് വരുന്നത്; ലോകമഹായുദ്ധത്തിന്റെ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ കോരിയലേനസ് കഥയ്ക്ക് പ്രസക്തിയുമുണ്ട്. അത് അനുകമ്പാദർശനവുമായി തട്ടിച്ചു നോക്കുമ്പോൾ ഭാഗിക ന്യൂന മായിപ്പോവുന്നു; തുടർന്ന് ദമ്യത എന്ന് പറയുന്നിടത്തു ലൈംഗികമായ ആത്മനിയന്ത്രണത്തെ രാജ്യപരിപാലനക്രമ നിയന്ത്രണ ഭംഗിയോട് കവി ബന്ധിപ്പിക്കുന്നുണ്ട്. നല്ലൊരു വ്യാഖ്യാനമാണത്. അതിലെ ബോട്ടിന്റെ രൂപകവും അത് സുരക്ഷിതമായ കൈകളിലാവുമ്പോഴുണ്ടാവുന്ന ഉർവ്വരതയുടെ ആനന്ദവും ക്രമഭംഗം സംഭവിച്ചു വിച്ഛിന്നബിംബക്കൂമ്പാരമായ യുദ്ധാനന്തരജീവിതത്തിൽ ക്രമം തിരിച്ചുവരണം എന്ന താത്പര്യമാണ് പ്രക്ഷേപിക്കുന്നത്; അതിനു നിയന്ത്രണശേഷിയുള്ള ഭരണ കേന്ദ്രം പുനഃസ്ഥാപിക്കേണ്ടിവരുമെന്നും ഒരു റൊമാൻസ് ആയിത്തീരുന്ന ബോട്ടിന്റെ രൂപകത്തിലൂടെ എലിയട്ട് ധ്വനിപ്പിക്കുന്നുണ്ട്; പക്ഷെ ദമ്യതയുടെ രാഷ്ട്രീയമായ അർഥം ദുർമ്മോഹ (അംബിഷൻ)ത്തെ സ്വയം പ്രതിരോധിക്കലാണ്; കുറേക്കൂടി വ്യക്തമായിപ്പറഞ്ഞാൽ ലൈംഗികതലത്തിലും രാഷ്ട്രീയ തലത്തിലുമൊക്കെയുള്ള അഹംകോയ്മാവാസനയുടെ നിയന്ത്രണമാണ് ദമ്യതയുടെ ചരിത്രപരമായ അർഥം; അതിന്റെ ഉള്ളു സ്പർ ശിക്കുവാൻ എലിയറ്റിനുകഴിയുന്നില്ല; എലിയട്ടിന്റെ objective architechture- കൂടുതൽഅർത്ഥപുഷ്ടിയും സാമർഥ്യവുമുള്ള വികാരാവിഷ്കരണത്തിന്, അപൂർവ്വമായെങ്കിലും പ്രയോജനപ്പെടുന്നുണ്ട്; പക്ഷെ വികാരത്തിന് പകരം നിൽക്കുന്ന വസ്തുബിംബപരമ്പര എന്ന് പറയുമ്പോൾ പകരം നിൽക്കുന്നത് എപ്പോഴും മൗലികമായതിനെ അതിശയിക്കുമെന്ന വാദത്തിൽ വലിയവാസ്തവ വിരോധങ്ങളുണ്ട്. ,
പുതിയ സുവിശേഷത്തിൽ ചീഞ്ഞളിഞ്ഞു കിടക്കുന്ന ഒരു പട്ടിയെ നോക്കി ശിഷ്യന്മാർ മൂക്കുപൊത്തുമ്പോൾ യേശു ആ മൃഗത്തെ നോക്കി എങ്കിലും അവന്റെ കണ്ണുകളെ നോക്കൂ അത് എത്ര മനോഹരമായി തിളങ്ങുന്നു എന്ന് പറയുന്ന ഒരു സാരോപദേശകഥയുണ്ട്; ഏതു ദാരിദ്ര്യത്തിന്റെ അഴുകലിലും മനുഷ്യന്റെ തിളക്കം കണ്ടെത്തുന്ന ഈ ദർശന മനോഭാവത്തെ പോസിറ്റീവ് കേപ്പബിലിറ്റി എന്ന് പറയാവുന്നതാണ്; ആശാന്റെ കരുണയിൽ വാസദത്തയുടെ ശരീരാംഗങ്ങൾ നടപ്പുസമ്പ്രദായമനുസരിച്ചു വിശദമായി ആഖ്യാനം ചെയ്യുന്നില്ലെങ്കിലൂം കവിതയിൽ നിറഞ്ഞു നിൽക്കുന്നത് ആകോമളശരീരം തന്നെയാണ്. ബൗദ്ധ കാലത്തു സ്ത്രീകൾക്ക് ചങ്ങലകളില്ലാതിരുന്ന സാഹചര്യത്തിൽ ധനികയായ ഗണികയ്ക്കു ബഹുമാന്യമായ സാമൂഹ്യ അംഗീകാരം ലഭിച്ചിരുന്നു. ഈ ഒരു സാഹചര്യത്തിലാണ്അവന്റെ ഉടലല്ല പ്രണയമാണ് എനിക്കുവേണ്ടത്എന്ന് പറഞ്ഞ് ഉപഗുപ്തന്റെ അടുത്തേക്ക് സന്ദേശമെത്തിക്കാൻ വാസദത്ത ധൈര്യപ്പെടുന്നത്; ചുടലക്കാട്ടിൽ കരചരണങ്ങൾ മുറിഞ്ഞു കിടക്കുന്ന വാസവദത്ത മൂലകഥയിൽ നിന്ന് ആശാന്റെ കവിതയിലെത്തുമ്പോൾ ആശാൻ കവിതയിലെ നെഗറ്റീവ് കേപ്പബിലിറ്റിയുടെ ഭയാനക ചിത്രമായി മാറുന്നു; ഇങ്ങനെ ഒരവസ്ഥയിൽ അവളെ കാണാനെത്തുന്ന ഉപഗുപ്തനോട്, നിർ വ്വാണത്തിന്റെ വഴി ഉപേക്ഷിച്ചു മനുഷ്യന്റെ വഴി തേടാൻ കവി ഉപദേശിക്കുന്നുണ്ട്. ഇതിനു കവിക്ക് ധൈര്യം നൽകുന്നത് ജീവിതത്തിന്റെ ഭയാനകവും ദാരുണവും മലീമസവുമായ ഇരുണ്ടചുടലകളെ കാണാൻ കഴിയുന്ന കവിക്ക് അതിനിടയിലും ഉള്ളു പിടിച്ചുലയ്ക്കുന്ന ജീവിതത്തുടിപ്പുപോലെയുള്ള രണ്ടു കണ്ണുകൾ കാണാൻ കഴിയുന്നതുകൊണ്ടാണ
ഇടതൂർന്നിമകറുത്തുമിനുത്തുള്ളിൽ മദജലം
പൊടിയും മോഹനനേത്രം; പ്രകൃതിലോലം,
പിടഞ്ഞു മണ്ടിനിൽക്കുന്നു പിടിച്ചു തൂനീർ തിളങ്ങും
സ്ഫടികക്കുപ്പിയിലിട്ട പരൽമീൻപോലെ
യേശു അവന്റെ കണ്ണുകളിലേക്കു നോക്കൂഎന്ന് പറയുന്നതു പോലെ ജീവിതത്തിന്റെ സമസ്തക്രൗര്യവും ജീർണ്ണതയും കാണുന്ന കവിയുടെ നെഗറ്റീവ് കേപ്പബിലിറ്റിയുടെ സാക്ഷ്യമായി മരണം കാത്തുകിടക്കുന്ന കവിതയിൽ, ഉപഗുപ്തനല്ല, ഈ നാലുവരികളിൽ തുടിക്കുന്ന കണ്ണു കളാണ് ഉപഗുപ്തന്റെ നിർവാണ--ബ്രഹ്മചര്യതാല്പര്യം തുടങ്ങി എല്ലാ നിഷേധ കുറ്റകൃത്യങ്ങളെയും മറികടന്നു കവിതയെ ആകെത്തന്നെ സൃഷ്ട്യുന്മുഖമായ ഒരു ജീവിതഗീതത്തിലേക്കു ഉദ്ഗ്രഥിക്കുന്നത്; യേശു പറഞ്ഞതിനുമപ്പുറം ജീവിതത്തിന്റെ സമസ്താനീതി- നീതികളെയും സംഗ്രഹിക്കുന്ന ഈ കണ്ണു കളാണ് കരുണ എന്ന മഹാകാവ്യത്തിന്റെ ചാലകഭ്രമണ കേന്ദ്രം
ആത്മവന്ധ്യംകരണം ---self castration-- ബ്രഹ്മചര്യം എന്നത് ആത്മീയ വാശികളുടെ ആഭ്യന്തരപ്രേരണകളുള്ള പുരുഷന്റെ നെഗറ്റീവ് കേപ്പബിലിറ്റിയാണ്. ഈ ഒരു നെഗറ്റീവ് കേപ്പബിലിറ്റിയുടെ ഉദ്വിഗ്നതകളും സാധൂകരണയുദ്ധങ്ങളുമാണ് ചിജ്ജഡചിന്തകത്തിലും കാണുന്നത്; പെണ്ണുങ്ങളെ ഇകഴ്ത്തിക്കൊണ്ടു യുദ്ധത്തിൽ വിജയം കണ്ടെത്താൻ ശ്രമിക്കുമ്പോൾ പെണ്ണ് വിശേഷിച്ചും അവളുടെ കണ്ണുകൾ ബ്രഹ്മചര്യമോഹത്തെ ചെറുക്കുന്ന സ്ത്രൈണയുദ്ധ സാമഗ്രിയായി തീരുന്നത് ഗുരു വിന്റെ കവിതകളിൽ കാണാം. വൈരാഗ്യം എന്ന നെഗറ്റീവ് കേപ്പബിലിറ്റിയും പെണ്ണും തമ്മിലുള്ള ഒരു യുദ്ധം കവിയുടെ വൈരാഗ്യദശകം കാവ്യത്തെ ഒരു ചടുല സമരഭൂമിയാക്കിത്തീർക്കുന്നു
ഈവരികൾ നോക്കുക: കണ്ണുകൾ തന്നെയാണ് ഇവിടെ കാവ്യപ്രമേയം
മിഴിമുനകൊണ്ട് മയക്കി നാഭിയാകും
കുഴിയിലുരുട്ടി മറിപ്പതിനൊരുങ്ങി
പുരുഷനെ മിഴിമുന കൊണ്ട് മയക്കി നാഭിയാകും കുഴിയിലുരുട്ടി എന്ന വരിയിൽ മിഴിമുനകൊണ്ട് മയക്കി എന്നത് സാധാരണം എന്ന് പറയാമെങ്കിലും പുരുഷന്റെ ഉയിരിനെ, ഉള്ളിനെ അവളുടെ നാഭിയാകും കുഴിയിലുരുട്ടി മറിപ്പതിനൊരുങ്ങി എന്ന് പറയുന്നിടത്തു നാടൻ വാഗ്‌വിശേഷം -- അസാധാരണമായ ഒരു സ്ത്രീ ശക്തി പ്രതിരോധമോ അക്രമമോ ആയി മാറുകയാണ്; ഇവിടെ ഭാഷണങ്ങളില്ല. എല്ലാം കണ്ണ് എന്ന ഇന്ദ്രിയത്തെ കേന്ദ്രീകരിക്കുന്നു. കണ്ണിനു ഒരു ഭാഷയുണ്ട്; അത് ആശാനെക്കാൾ ഒട്ടുംതീവ്രത കുറയാതെ, ഉയിരിന്റെ സംഘർഷ ഭാഷയാക്കി ഗുരു കുറിച്ചിട്ടിരിക്കുന്നു
ഈ വരികൾ നോക്കുക; പുരുഷന്റെ നെഗറ്റീവ് കേപ്പബിലിറ്റി ആയ വൈരാഗ്യത്തെ പെണ്ണ് തകർക്കുന്നത് ഇങ്ങനെയാണ്; പെണ്ണിനെ ഒരു നെഗറ്റീവ് നിഷേധാത്മകജന്തുവായി,കാണാനുള്ള പരിശ്രമമാണ് ഇവിടെ വെല്ലുവിളി നേരിടുന്നത്:
ഇണങ്ങിയിരുകൊങ്കയുമിളക്കിയുയിരുണ്ണും-
പിണങ്ങളൊടു പേടി പെരുതായി വിളയുന്നു
മണം മുതലൊരഞ്ചിലുമണഞ്ഞു വിളയാടും-
പിണങ്ങളൊടു ഞാനൊരു കിനാവിലുമിണങ്ങാ!
ഇരു കൊങ്കയുമിളക്കി പുരുഷന്റെ ഉയിരുണ്ണും പിണങ്ങളാണ് പ്രേത ശരീരങ്ങളാണ് സ്ത്രീകൾ എന്ന് പറയുന്നത് സ്ത്രീ നിരാസത്തിന്റെ കടുത്തഭാഷയാണ്. പുരുഷന്റെ ഉയിരുണ്ണുന്നു എന്ന പ്രയോഗത്തിന്റെ ഭൗതികാർത്ഥ തലം നാഭിക്കുഴിയിലുരുട്ടി എന്ന് പറയുന്നതിനെക്കാൾ കടുത്തതാണ്; സ്ത്രീ പിണമാണ് എന്ന യോഗിയായ സാധുവിനിണങ്ങാത്ത ഭർത്സനം വൈരാഗിയുടെ സ്വയം തോൽവിയാണ്; പരോക്ഷമായ സ്വയം നിന്ദനമാണ്. പിണങ്ങളോട് പേടി പെരുതായുണ്ടാകുന്നു എന്നത് ഒരു നെഗറ്റീവ് ആയ ഭയ ഭാവനെയേക്കാൾ ഉള്ളുലയ്ക്കുന്ന രോദനമാണ്; ഈ വരികൾകൂടി നോക്കുക അത് വൈരാഗിയുടെ പരാജയമാണ്:
മുറയ്ക്കു മുറ മിന്നിമറയും മിഴിയിളക്കി-
ത്തെറിക്കുമൊരു പെണ്കൊടി ചെറുത്തടിയിലാക്കി
മറുത്തുവിളയാടി മരുവുന്നിടയിലെല്ലാം
വെറുത്തുവരുവാനെഴുതി നിന്തിരുവടിക്കായ്
.
മിന്നി മറിയും മിഴിയിളക്കി---ത്തെറിക്കുമൊരു പെൺകൊടി എന്നെ ചെറുത്തു എന്റെ ഉയിരിനെ അവളുടെ കാൽ കീഴിലാക്കി മറുത്തു വിളയാടുന്ന നേരങ്ങൾ ജീവിതത്തിൽ നിന്ന് റദ്ദുചെയ്യപ്പെടണമെന്നാണ് ഇവിടത്തെ സന്യാസ ദീക്ഷാകരാറിന്റെ ആദ്യവ്യവസ്ഥ. വെറുക്കാൻ കഴിയണമെന്ന പ്രാർത്ഥനയ്ക്ക് ചുവട്ടിൽ, ഓർമ്മകളുണ്ടായിരിക്കരുത് എന്ന നിബന്ധനയ്ക്കു താഴെ വൈരാഗി സ്കൂളിലെ അപേക്ഷാ ഫോറത്തിൽ ഹൃദയത്തിന്റെ മഷികൊണ്ട് എഴുതി ഒപ്പു വയ്ക്കുന്ന ആളാണ്, പിന്നീട് സ്നേഹിക്കുക എന്ന മഹാശബ്ദമായി ചരിത്രത്തിൽ മുഴങ്ങുന്നത്, ഈ സ്നേഹത്തിന്റെ ഉള്ളു പെണ്ണിൽ നിന്ന് കിട്ടിയതാണ്. വൈരാഗിഎന്ന അവസ്ഥയിലെത്താനുള്ള ഗുരുവിന്റെ ശ്രമങ്ങളെ ചെറുക്കുന്നത് പെണ്ണിന്റെ കണ്ണുകളുടെ ഭാഷയാണ്. ആ ഭാഷയുടെ തീവ്രതയാണ് ജനനീ നവര്തനമഞ്ജരിയിലും കാളീനാടകത്തിലുമെത്തുമ്പോൾ വൈരാഗിയുടെ പ്രായശ്ചിത്തമായിത്തീരുന്നത്ത്. ആ കണ്ണുകൾ സൃഷ്ടി സംഹാരശേഷിയുള്ള പെണ്ണിന്റെ അംഗങ്ങളുടെ വിസ്താരവും അംഗചലനങ്ങളുടെ ഭയ-രതി-സൗന്ദര്യ വിന്യാസവുമായിത്തീരുമ്പോഴാണ് കാളീ നാടകം എന്ന മലയാളത്തിലെ ഏറ്റവും മഹത്തായ കവിത സംഭവിക്കുന്നത്.
എസ്. സുധീഷ്