top of page

ഉത്തരാധുനികതയുടെ ഒളിയിടങ്ങളും സെയ്ദ് എറിഞ്ഞ കല്ലും-ഐജാസ് അഹമ്മദ്, നാൻസി ഫ്രേസർ, എസ്.സുധീഷ് -

സംസ്കാരിക വിമർശനം

ഉത്തരാധുനികാനന്തരത ( Post postmodernism) യെക്കുറിച്ചുള്ള ചർച്ചകൾ ഇന്ന് സജീവമായിക്കഴിഞ്ഞിരിക്കുന്നു. Post എന്ന പദത്തിൻ്റെ സങ്കീർണ്ണതകൾ ഉൾക്കൊള്ളുന്ന തരത്തിൽ ഉത്തരാധുനികതയുടെ തുടർച്ച, അതിൻ്റെ നിഷേധം, ഉത്തരാധുനികതാ വിമർശം എന്നിങ്ങനെ വിവിധ തലങ്ങളിൽ ഉത്തരാധുനികാനന്തരത വിലയിരുത്തപ്പെടുന്നുണ്ട്‌. സത്യാനന്തരകാലവും മതേതരാനന്തരകാലവുമൊക്കെ ചർച്ചകളിൽ നിറഞ്ഞു നിൽക്കുന്നു. ബൃഹദാഖ്യാനങ്ങളുടെ തിരിച്ചുവരവും ഹ്രസ്വാഖ്യാനങ്ങളുടെ വിമർശനവും സംഭവിക്കുന്നു. അതേസമയം ജനതയെ വ്യാമോഹങ്ങളിലേയ്ക്കും കടക്കെണിയിലേയ്ക്കും ആത്മഹത്യയിലേയ്ക്കും നയിക്കുന്ന വിപണിയുടെ സംഹാരനൃത്തത്തിൻ്റെ അരങ്ങൊരുക്കലും അകമ്പടിമേളവും ഉത്തരാധുനികതയുടെ ദൗത്യമായിരുന്നു എന്ന വസ്തുത ചർച്ച ചെയ്യപ്പെടാതെ പോകുന്നു. ദളിത്, സ്ത്രീ, പരിസ്ഥിതി മേഖലകളിൽ അഭിസംബോധന ചെയ്യപ്പെടേണ്ടതായ പ്രശ്നമേഖലകളുണ്ട് എന്നുള്ളതിനാൽത്തന്നെ ഒരു കാലഘട്ടം സെമിനാറുകൾ, പ്രോജക്ടുകൾ, ആക്ടീവിസം എന്നിങ്ങനെ പല തലങ്ങളിൽ അതിനു പിറകേ സഞ്ചരിച്ചു. ഫണ്ടുകൾ തിന്നു കൊഴുത്ത എൻജിഓകൾ നായകസ്ഥാനം ഏറ്റെടുത്തു കൊണ്ട് ജീവകാരുണ്യ -വിപ്ലവ പ്രവർത്തനങ്ങൾ ഒരേസമയം നടത്തി. ഇതിനിടയിൽ സബ്സിഡികൾ ഇല്ലാതായതും പൊതുമേഖലാസ്ഥാപനങ്ങൾ വിറ്റുപോയതും പെൻഷൻപദ്ധതി അട്ടിമറിക്കപ്പെട്ടതും കൂലി കുറയ്ക്കലും കൂട്ടപ്പിരിച്ചുവിടലും എല്ലാം വളരെ സ്വാഭാവികമായ ജീവിതാവസ്ഥകളായി നമുക്കു തോന്നിത്തുടങ്ങി. സാമ്പത്തികത്തിൻ്റെ അടിത്തറമണ്ണ് ഒലിച്ചുപോകുമ്പോഴും നമുക്കു തൂങ്ങിക്കിടക്കാൻ ഹ്രസ്വാഖ്യാനങ്ങളുടെ വള്ളികൾ ഉണ്ടായിരുന്നു. മുതലാളിത്തമെന്ന ബൃഹദാഖ്യാനത്തിൻ്റെ വിരലുകളിലാണ് ആ വള്ളികൾ കൊളുത്തിക്കിടന്നതെന്ന യാഥാർത്ഥ്യം തന്ത്രപൂർവ്വം ഒളിച്ചുവയ്ക്കപ്പെട്ടു.


ഈ ഭീതികരമായ യാഥാർത്ഥ്യത്തെ തിരിച്ചറിഞ്ഞ് ലോകത്തോടു വിളിച്ചു പറഞ്ഞ പലരും ഉണ്ടായിരുന്നു. എന്നാൽ ഫ്രെഡറിക് ജെയിംസൻ്റെ "ഉത്തരാധുനികത പിൽക്കാലമുതലാളിത്തത്തിൻ്റെ സാംസ്കാരികയുക്തിയാണ്" എന്ന വിമർശനത്തിന് ലഭിച്ചത് പോലെ മറ്റ് വിമർശനങ്ങൾ വ്യാപകമായി പൊതുശ്രദ്ധയിൽ പതിഞ്ഞില്ല. അത്തരം ചില നിലപാടുകൾ ശ്രദ്ധയിൽ കൊണ്ടുവരിക എന്നതാണ് ഈ ലേഖനത്തിൻ്റെ ലക്ഷ്യം.


ഉത്തരാധുനികത മാർക്സിസത്തിൻ്റെ ദാർശനികബദൽ - ഐജാസ് അഹമ്മദിൻ്റെ ചിന്തകൾ


കൃത്യമായ ഇടതുപക്ഷ കാഴ്ചപ്പാടോടെ ഉത്തരാധുനികതയെ നോക്കിക്കാണുകയും അതിനു പിന്നിലെ അജണ്ടകളെ സൂക്ഷ്മമായി വിശകലനം ചെയ്യുകയും ചെയ്ത എഴുത്തുകാരനാണ് ഐജാസ് അഹമ്മദ്. 'ഉത്തരാധുനികത ' എന്ന പുസ്തകത്തെ മുൻനിർത്തി അദ്ദേഹത്തിൻ്റെ ഉത്തരാധുനികതാവിമർശങ്ങൾ ഇവിടെ സംഗ്രഹിക്കുന്നു.


മാർക്സിസത്തിന് ദാർശനികബദൽ നിർമ്മിക്കുക എന്ന ചരിത്രപരവും രാഷ്ട്രീയവുമായ ലക്ഷ്യവുമായാണ് ഉത്തരാധുനികത പിറന്നത് എന്ന് അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം ഐജാസ് അഹമ്മദ് പറയുന്നുണ്ട്.

"വ്യാവസായികോത്തര സമൂഹത്തിൻ്റെ ജനന സർട്ടിഫിക്കറ്റിൽ പ്രത്യയശാസ്ത്രത്തിൻ്റെ അന്ത്യം എന്ന് എഴുതിച്ചേർക്കപ്പെട്ടിരിക്കുന്നു" എന്ന് അദ്ദേഹം എഴുതുന്നു.ഉത്തരാധുനിക സമൂഹത്തിൽ മുതലാളി/തൊഴിലാളി എന്ന ദ്വന്ദ്വം അപ്രസക്തമായിത്തീർന്നു എന്നും അതുകൊണ്ട് മാർക്സിസം കാലഹരണപ്പെട്ടു എന്നും ഉത്തരാധുനികത സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നു. ഉത്തരാധുനികത മുന്നോട്ടുവച്ച ബൃഹദാഖ്യാനങ്ങളുടെ തകർച്ച എന്നതുകൊണ്ടുദ്ദേശിക്കുന്നത് മാർക്സിസം അഥവാ തൊഴിലാളിവർഗ്ഗം എന്ന ബൃഹദാഖ്യാനത്തിൻ്റെ തകർച്ച തന്നെയാണ്. അതേസമയം ലോകമാസകലം പടർന്നു പന്തലിച്ച മുതലാളിത്തം എന്ന ബൃഹദാഖ്യാനത്തെ മറച്ചുപിടിക്കുകയും ചെയ്യുന്നു.എണ്ണമറ്റ ഹ്രസ്വാഖ്യാനങ്ങളുടെ ആദർശവൽക്കരണത്തിലൂടെ ഈ രണ്ടു ലക്ഷ്യങ്ങളും സാധിക്കാം എന്ന അജണ്ട ഉത്തരാധുനികതയ്ക്കു പിന്നിലുണ്ട്.


വ്യാവസായികോത്തരം എന്നു വിളിക്കപ്പെടുന്ന സമൂഹം 1950 കളിൽത്തന്നെ അമേരിക്കയിൽ ആവിർഭവിച്ചു എന്ന് ഐജാസ് അഹമ്മദ് വ്യക്തമാക്കുന്നു. ഫോർഡ് കാർ കമ്പനിയെ ഉദാഹരിച്ചു കൊണ്ട് വ്യാവസായികരംഗത്തു വന്ന മൗലികമായ മാറ്റങ്ങൾ അദ്ദേഹം നിരീക്ഷിക്കുന്നു. ഒരു വലിയ കാർ കമ്പനി എന്ന ബൃഹദാഖ്യാനത്തിനു പകരം കാറിൻ്റെ പാർട്ടുകൾ നിർമ്മിക്കുന്ന ചെറുകിട യൂണിറ്റുകൾ (ഹ്രസ്സ്വാഖ്യാനങ്ങൾ) രാജ്യത്തിൻ്റെ പല ഭാഗങ്ങളിലായി ആരംഭിക്കുന്നു. ഒടുവിൽ പല സ്ഥലങ്ങളിൽ നിന്ന്‌ എത്തിച്ചേരുന്ന പാർട്ടുകൾ ഒരിടത്ത്‌ അസ്സെംബിൾ ചെയ്ത് കാർ നിർമ്മിക്കുന്നു. ഇവിടെ മുതലാളി ഒന്നാണെങ്കിലും തൊഴിലാളികൾ ചിതറിപ്പോകുന്നു. ആ കാലഘട്ടത്തിൽ അമേരിക്കയിൽ രൂപം കൊണ്ടതും പിന്നീട് ലോകമൊട്ടാകെ വ്യാപിച്ചതുമായ വ്യാവസായികോത്തര സമൂഹത്തിൻ്റെ സവിശേഷതകൾ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.


1.ഉത്പാദനത്തിന് ഉണ്ടായിരുന്ന സ്ഥാനം ഉപഭോഗത്തിനായി

2.വായ്പ ലഭ്യത കൂടി

3.പരസ്യപ്രചരണം കൂടി

4.ഉത്പാദനത്തെയും ഉപഭോഗത്തെയും ആസൂത്രണം ചെയ്യുന്ന വിധത്തിൽ വിവരസാങ്കേതികവിദ്യ മുന്നേറി

5. വ്യാവസായിക തൊഴിലവസരങ്ങൾ കൂടി 6.സേവനമേഖലയിൽ തൊഴിലവസരങ്ങൾ കുറഞ്ഞു

7. കമ്പ്യൂട്ടർവത്കരണം, റോബോട്ട് വൽക്കരണം എന്നിവ മൂലം ഒരു നിശ്ചിത ജോലിക്കു വേണ്ട തൊഴിലാളികളുടെ എണ്ണം കുറഞ്ഞു

8. ഉത്തരാധുനിക മൂലധനത്തിന്റെ സ്വഭാവത്തിൽ മാറ്റം വന്നു. ഒരു മുതലാളിക്കു പകരം ഷെയറുകൾ ഉള്ള അനേകം പേർ ഉള്ള സാഹചര്യം ഉണ്ടായി. അതായത് മൂലധനത്തിന്റെ മുതലാളിത്ത രൂപത്തിലുള്ള സാമൂഹികവൽക്കരണം സംഭവിച്ചു

9. തീരുമാനങ്ങൾ എടുക്കൽ മുതലാളിയിൽ നിന്ന് മാറി ടെക്നോ- മാനേജീരിയൽ വരേണ്യവിഭാഗത്തിൻ്റെ കയ്യിൽ വന്നു

10.അനന്തമായ വാർത്താവിനിമയ സാധ്യതകളും ഉപഭോഗവും ഒരു ആഗോള ഗ്രാമം സാധ്യമാക്കി

11.സമ്പാദിക്കുന്നതല്ല, ചെലവഴിക്കുന്ന സമൂഹം രൂപപ്പെട്ടു


ഇതൊക്കെ വസ്തുതകൾ ആണെങ്കിലും ഈ കാരണങ്ങൾ നിരത്തി മാർക്സിസം കാലഹരണപ്പെട്ടു എന്ന വാദം ശക്തമായി. പഴയ രീതിയിലുള്ള മുതലാളി /തൊഴിലാളി ബന്ധം പുതിയ കാലഘട്ടത്തിൽ ഇല്ലാതായി എന്നും അതുകൊണ്ടുതന്നെ ക്ലാസിക്കൽ മാർക്സിസം സങ്കൽപ്പിക്കുന്ന രീതിയിലുള്ള ഒരു തൊഴിലാളി വർഗ്ഗം ഇനി ഉണ്ടാകാനിടയില്ല എന്നും വാദങ്ങൾ ഉണ്ടായി. എന്നാൽ ഇത്തരം ഒരു വാദം കൃത്രിമമായി സൃഷ്ടിച്ചെടുത്തതാണ് എന്ന് ഐജാസ് അഹമ്മദ് വ്യക്തമാക്കുന്നു. അമേരിക്കയിൽ മുതലാളി വർഗ്ഗം അപ്രത്യക്ഷമായി എന്ന അബദ്ധജടിലമായ വാദം ഉന്നയിക്കുന്നത് മാർക്സിസത്തെ അപ്രസക്തമാക്കുവാൻ വേണ്ടിയാണ്. മേൽപ്പറഞ്ഞ വസ്തുതകളെല്ലാം സത്യമായിരിക്കെ തന്നെ അതിനെയെല്ലാം നിയന്ത്രിക്കുന്ന ഒരു കോർപ്പറേറ്റ് മുതലാളിത്ത ബൃഹദാഖ്യാനത്തെ അവർ മറച്ചുപിടിക്കുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.


ഹെർബർട്ട് മർക്യൂസ്, തൻ്റെ ' വൺ ഡൈമൻഷണൽ മാൻ' എന്ന പുസ്തകത്തിൽ ക്രൂരമായ ഈ ഉപഭോഗ സംസ്കാരത്തെ വിമർശിച്ചു. എന്നാൽ തൊഴിലാളിവർഗ്ഗം ക്ഷയിച്ചു കഴിഞ്ഞെന്നും ഇനി പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും (നഗരത്തിലെ യാചകർ മുതലായവർ) വിദ്യാർഥികളുടെയും വിപ്ലവമാണ് വരാനുള്ളതെന്നും പറയുന്നു. ഇത്തരത്തിലുള്ള പ്രചാരണം കോളേജുകളിലെ യുദ്ധവിരുദ്ധ പ്രക്ഷോഭങ്ങൾ (വിയറ്റ്നാം യുദ്ധം)ചേരിയിൽ നിന്നുള്ള കലാപങ്ങൾ എന്നിവയെ ആദർശവൽക്കരിക്കുകയും തൊഴിലാളികളുടെ സമരങ്ങളെ തമസ്കരിക്കുകയും ചെയ്തു. ഫ്രാൻസിലെ പ്രസിദ്ധമായ വിദ്യാർഥികലാപത്തെ മുൻനിർത്തി (1968) ഐജാസ്‌ അഹമ്മദ് ഇത് വിശദീകരിക്കുന്നുണ്ട്. ഫ്രാൻസിൽ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം 26 ശതമാനം വോട്ടുള്ള ശക്തിയായി കമ്മ്യൂണിസ്റ്റ് പാർട്ടി നിലനിന്നിരുന്നു. എന്നാൽ പല പദ്ധതികളിലൂടെ അമേരിക്കൻ പണം യൂറോപ്പിൽ സുലഭമായി ഒഴുകിയെത്തുകയും ഇതിൻറെ ഗുണഭോക്താക്കൾ കമ്മ്യൂണിസ്റ്റ് പാർട്ടിയെ ശത്രുപക്ഷത്തിൽ നിർത്തുകയും ചെയ്തു . ഫ്രാൻസിലെ കാർഷിക മേഖല ദുർബലമായി. സാങ്കേതികവിദ്യയുടെ വികാസവും നഗരവൽക്കരണവും പുതിയൊരു സമൂഹത്തെ സൃഷ്ടിച്ചു. കോളേജ് വിദ്യാർത്ഥികൾ മൂന്നിരട്ടിയായി. ഈയൊരു സാഹചര്യത്തിലാണ് 1968 ലെ വിദ്യാർത്ഥി കലാപം അരങ്ങേറുന്നത്. എന്നാൽ ആ കലാപം തൊഴിലില്ലായ്മ പോലുള്ള പ്രശ്നത്തിൽ ഊന്നി ആയിരുന്നില്ല. സർവ്വകലാശാലകളുടെ ആധുനികവൽക്കരണത്തിന് വേണ്ടിയായിരുന്നു. ഈ സമരത്തിൻറെ ഫലമായി സർവ്വകലാശാലകളുടെ നിലവിലെ ഘടന പരിഷ്കരിക്കപ്പെട്ടു. അമേരിക്ക ഒരു സ്വപ്നഭൂമിയായി മാറി. ഈ സ്വപ്നഭൂമി സങ്കല്പത്തെ എതിർത്തവർ ആകട്ടെ ഗുവേരിസത്തിന്റെയും മാവോയിസത്തിന്റെയും സ്വപ്നങ്ങളിൽ അഭിരമിച്ചു. യഥാർത്ഥത്തിൽ ആ വിദ്യാർത്ഥികൾ എല്ലാവരും കമ്പ്യൂട്ടറിന്റെയും കൊക്കോകോളയുടെയും സന്തതികൾ ആയിരുന്നു . സറിയലിസം, മാവോയിസം, ലൈംഗിക വിപ്ലവം, അമേരിക്കൻ സാമൂഹ്യ ശാസ്ത്രം, വളർച്ച വേണമെന്ന ആവശ്യം എന്നിവയുടെ കൗതുകകരമായ മിശ്രണമായിരുന്നു ആ സമരം എന്ന് അദ്ദേഹം പറയുന്നു. അതേസമയം 1968ൽ തന്നെയാണ് ഫ്രാൻസിൽ അതിശക്തമായ പൊതു പണിമുടക്ക് നടന്നത്. എന്നാൽ അധികാരകേന്ദ്രങ്ങൾ ആ പൊതുപണിമുടക്കിനെ ക്രൂരമായി അടിച്ചമർത്തി. ഉത്തരാധുനികരാകട്ടെ വിദ്യാർത്ഥി സമരത്തെ ആഘോഷിക്കുകയും ചർച്ച ചെയ്യുകയും ചെയ്തുകൊണ്ട് പൊതുസമൂഹത്തിൽ നിന്ന് തൊഴിലാളി സമരത്തെ തമസ്കരിച്ചു.


തൊഴിലാളിവർഗ്ഗവിപ്ലവത്തെ പ്രബോധന കാലഘട്ടത്തിന്റെ ശുഭാപ്തി വിശ്വാസം എന്ന് പറഞ്ഞ് തള്ളിക്കളഞ്ഞ ലിയോത്താർഡ് പുത്തൻ ഉദാരവൽക്കരണ ശൈലിയിൽ അഭയം പ്രാപിക്കുകയാണ് . ഫൂക്കോയെയും ദെറിദയെയും സവിശേഷമായി അദ്ദേഹം വിമർശന വിധേയമാക്കുന്നു. ഫൂക്കോയുടെ സൂക്ഷ്മരാഷ്ട്രീയം തൊഴിലാളിവർഗ്ഗരാഷ്ട്രീയത്തിന്റെ എതിർ നിൽക്കുന്ന ഒന്നാണ് . ഓരോ സമൂഹവും എണ്ണമറ്റ അധികാര കേന്ദ്രങ്ങൾ കൊണ്ടും എത്രയോ സ്ഥാപനങ്ങൾ കൊണ്ടും ഉണ്ടാക്കപ്പെട്ടതാണ് എന്നും അധികാരത്തിന്റെ എണ്ണമറ്റ സങ്കീർണതകളുടെ സമുച്ചയങ്ങളും ജൈവഘടകങ്ങളും കൊണ്ട് സമൂഹം സമന്വയിക്കപ്പെട്ടിരിക്കുന്നു എന്നും ഫൂക്കോ പറഞ്ഞു. കുടുംബം, സമൂഹം, ജയിൽ സമുച്ചയം, സ്കൂൾ സമുച്ചയം, മെഡിക്കൽ കോംപ്ലക്സ്, ലൈംഗികതയെ കൈകാര്യം ചെയ്യുന്നതിനുള്ള സാങ്കേതികവിദ്യകൾ തുടങ്ങി ഓരോന്നിനെയും അതതിന്റെ മേഖലയിൽ നിന്ന് കൈകാര്യം ചെയ്യണം എന്നാണ് ഫൂക്കോയുടെ അഭിപ്രായം. ഒരാൾക്കും മറ്റൊരാളെ പ്രതിനിധീകരിക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ ഏകീകൃതമായ ഒരു രാഷ്ട്രീയ പാർട്ടിയല്ല ഇന്ന് ആവശ്യം; മറിച്ച് എണ്ണമറ്റ ഇത്തരം അധികാര കേന്ദ്രങ്ങളെ കൈകാര്യം ചെയ്യുന്നതിനുള്ള നിരവധി സംവിധാനങ്ങൾ വേണം എന്ന് ഫൂക്കോ വാദിച്ചു. ഇതാണ് പിന്നീട് സ്വത്വരാഷ്ട്രീയമായി വികസിച്ചത്. ഈ നിലപാട് നിലവിലുള്ള ബൃഹദ് ഭരണ വ്യവസ്ഥകൾക്ക് സൗകര്യമായിത്തീർന്നു. അതിന് ഒന്നിച്ച് ഒരു വലിയ ശക്തിയെ നേരിടേണ്ടി വരില്ല. അതുകൊണ്ടുതന്നെ വർഗ്ഗ രാഷ്ട്രീയത്തിനെതിരായുള്ള ആയുധമായി പ്രയോഗിക്കപ്പെട്ട രാഷ്ട്രീയ അണുവൽക്കരണം ഭരണകൂടങ്ങൾ സ്വാഗതം ചെയ്തു. ഫോർഡ് ഫൗണ്ടേഷൻ ഇതിൻറെ വെളിച്ചത്തിൽ വംശീയതാപഠനങ്ങൾക്ക് നിരവധി ഫണ്ടുകൾ നൽകി. ലോകമാസകലം അനേകം സെമിനാറുകൾ നടന്നു. സൂക്ഷ്മരാഷ്ട്രീയം ഫലത്തിൽ അരാഷ്ട്രീയത തന്നെയാണെന്നും അതിൻ്റെ ശത്രു മാർക്സിസം മാത്രമാണെന്നും ഐജാസ് അഹമ്മദ് പറയുന്നു.


കമ്മ്യൂണിസത്തെ സമഗ്രാധിപത്യം എന്ന് ആക്ഷേപിക്കുന്ന ഫൂക്കോ ഇറാനിലെ ആത്മീയ നേതാക്കളുടെ വിപ്ലവത്തെ പുകഴ്ത്തുന്നു. ഫൂക്കോയുടെ നിലപാടുകളുടെ പരോക്ഷമായ ഉന്നം മാർക്സിസത്തിൻ്റെ വിമർശനമാണ്.സമൂഹത്തിന്റെ അടിസ്ഥാന ഘടകങ്ങൾ വർഗ്ഗങ്ങൾ അല്ല. പലതരത്തിലുള്ള അധികാരങ്ങളിൽ ഒന്നുമാത്രമാണ് സാമ്പത്തികാധികാരം. സമൂഹത്തിലെ നിരവധി ഘടകങ്ങളിൽ ഒന്നുമാത്രമാണ് ഭരണകൂടം. അതുകൊണ്ടുതന്നെ ഒരു ഭരണകൂടത്തെ (മുതലാളിത്തം) മാറ്റി മറ്റൊന്നിനെ (തൊഴിലാളിവർഗ്ഗം )സ്ഥാപിക്കുന്നതിൽ അർത്ഥമില്ല. രണ്ടും അധികാരം തന്നെയാണ്. ഇത്തരത്തിൽ മുൻകമ്മ്യൂണിസ്റ്റായ ഫൂക്കോ കമ്മ്യൂണിസത്തിന്റെ അടിസ്ഥാന തത്വങ്ങളെ ശിഥിലമാക്കുന്നു എന്ന് ഐജാസ് അഹമ്മദ് വിലയിരുത്തുന്നു.


താൻ മാർക്സിസ്റ്റ് ആണെന്ന് അവകാശപ്പെടുകയും മാർക്സിസത്തിന്റെ യുക്തിവൽക്കരണമാണ് അപനിർമ്മാണം എന്നു പറയുകയും ചെയ്യുന്ന ദെറിദയും അടിസ്ഥാനപരമായി മാർക്സിസത്തിന്റെ അടിത്തറകളെ ചോദ്യം ചെയ്യുന്ന സൈദ്ധാന്തികനാണെന്ന് ഐജാസ് അഹമ്മദ് വ്യക്തമാക്കുന്നു. അപനിർമ്മാണത്തെ ഒരിക്കലും മാർക്സിസവുമായി കൂട്ടിക്കെട്ടാൻ കഴിയില്ല. അപനിർമ്മാണം ഒരു അപഗ്രഥന രീതി മാത്രമാണ്. മാർക്സിസമാകട്ടെ രാഷ്ട്രീയമായ പ്രയോഗവൽക്കരണവും. പുത്തൻ ഉദാരവൽക്കരണത്തെ ദെറിദ ആക്രമിക്കുന്നുണ്ട്. അതേസമയം രാഷ്ട്രീയ പാർട്ടികളെയും സംഘടനകളെയും അവജ്ഞയോടെ കാണുകയും ചെയ്യുന്നു. പുതിയ ഇൻറർനാഷണൽ വേണം എന്നാണ് ദെറിദയുടെ നിലപാട് .എന്നാൽ ഇത് ഒരു വർഗ്ഗത്തിനും സ്വന്തമല്ല. അപനിർമ്മാണം വഴി ഒരു തീരുമാനത്തിലും എത്തിച്ചേരുകയും ചെയ്യുന്നില്ല. ഇത്തരത്തിൽ രാഷ്ട്രീയമണ്ഡലത്തിൽ മാർക്സ് പ്രയോഗത്തിൽ കൊണ്ടുവന്ന എല്ലാത്തിനെയും ദറിദ തള്ളിക്കളയുന്നു. ഒരുതരം സൈദ്ധാന്തികമായ അരാജകത്വമാണ് അപനിർമ്മാണം മുന്നോട്ടുവച്ചത്. ' പുതിയ ഇൻറർനാഷണൽ' എന്ന ദറിദയുടെ സങ്കല്പം തികച്ചും അരാഷ്ട്രീയമാണ്.വേൾഡ് സോഷ്യൽ ഫോറം പോലുള്ള പരിപാടികളും പാട്ടുപാടി ആഘോഷിക്കുന്ന രാപ്പകൽ സമരങ്ങളും ഒക്കെ ഇതിൻറെ ഉപോൽപ്പന്നമാണെന്ന് ഐജാസ് അഹമ്മദ് ചൂണ്ടിക്കാണിക്കുന്നു. സ്വന്തമായി രാഷ്ട്രീയപരിപാടിയില്ലാത്ത രാഷ്ട്രീയത്തിന്റെ ഉത്സവം എന്നാണ് അദ്ദേഹം ഇത്തരം സമരങ്ങളെ വിശേഷിപ്പിക്കുന്നത്.


ഇത്തരത്തിൽ രാഷ്ട്രീയ വീക്ഷണത്തിന്റെ കാര്യത്തിൽ എല്ലാ ഉത്തരാധുനികതാവാദികളും മാർക്സിസത്തിൽ നിന്നും കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്നു . വർഗ്ഗരാഷ്ട്രീയത്തെ അപ്രസക്തമാക്കി അതിൻറെ സ്ഥാനത്ത് സംസ്കാരത്തെ പ്രതിഷ്ഠിച്ചു. സമത്വ രാഷ്ട്രീയത്തിന്റെ സ്ഥാനത്ത് സ്വത്വ രാഷ്ട്രീയത്തെ പ്രതിഷ്ഠിച്ചു. ചൂഷിതരുടെയും മർദ്ദിതരുടെയും ഐക്യത്തിനു പകരം ചിതറിക്കിടക്കുന്ന പാർശ്വവൽകൃത കൂട്ടായ്മകളെ ആദർശവൽക്കരിച്ചു. ഇത്തരം കൂട്ടായ്മകളുടെ സമരത്തിൻറെ സവിശേഷത എതിർപ്പും ചെറുത്തുനിൽപ്പും ഉണ്ടെന്ന് തോന്നിക്കുകയും ഒന്നും നടക്കാതിരിക്കുകയും ചെയ്യുന്നു എന്നുള്ളതാണ്. ഉത്തരാധുനികത സാമ്പത്തികത്തെ അഭിസംബോധന ചെയ്യുന്നില്ല. എങ്കിലും അതിൻറെ അടിത്തറ സാമ്പത്തികം തന്നെയാണെന്ന് ഐജാസ് അഹമ്മദ് വ്യക്തമാക്കുന്നു. സർക്കാരുകൾ സാമൂഹ്യ ക്ഷേമ പദ്ധതികളിൽ നിന്നും പൊതുമേഖലകളിൽ നിന്നും പിൻവാങ്ങി ആ സ്ഥാനം എൻജിഒകൾ ഏറ്റെടുത്തു. യൂറോപ്യൻ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടികൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി മത്സരിക്കുന്നതിനായി ഇത്തരം സംഘടനകൾക്ക് ഫണ്ടുകൾ തരപ്പെടുത്തി കൊടുത്തു. അങ്ങനെ എൻജിഒകൾ വളർന്നു. അവസാനം സർക്കാരുകൾ സ്വന്തം കടമ എൻജിഓകൾക്ക് ഏൽപ്പിച്ചു കൊടുത്തു.


ഉത്തരാധുനികത ഇന്ത്യയിൽ ചെലുത്തിയ സ്വാധീനം ഐജാസ് അഹമ്മദ് സവിശേഷമായി പഠിക്കുന്നുണ്ട്. ഇന്ത്യയിലെ സാഹചര്യത്തെ അദ്ദേഹം മൂന്ന് ഘട്ടങ്ങളായി വിഭജിക്കുന്നു. 1947 മുതൽ 1970 വരെ നിലനിന്ന നെഹ്റുവിയൻ കാലഘട്ടം ആണ് ഒന്നാമത്തേത്. ഫ്യൂഡൽ, ബൂർഷ്വാ മേധാവിത്വം പുലർത്തിയിരുന്നെങ്കിലും സോഷ്യലിസത്തോടുള്ള അഭിവാഞ്ഛ, പൊതുമേഖലാ ശാക്തീകരണം, മതനിരപേക്ഷത, ദേശീയതയ്ക്കുള്ള പ്രാധാന്യം എന്നിവ ഈ കാലഘട്ടത്തിൽ ഉണ്ടായിരുന്നു. അടിയന്തരാവസ്ഥ മുതൽ 1990 വരെയുള്ള കാലഘട്ടമാണ് രണ്ടാമത്തേത്. മൂന്നാമത്തെ കാലഘട്ടം 1990 കളിലെ ഉദാരവൽക്കരണ പരിഷ്കാരങ്ങളോടെ തുടങ്ങുന്നു. ഉത്തരാധുനികതയുടെ ഇന്ത്യയിലുള്ള ശക്തമായ കടന്നുവരവ് ഈ കാലഘട്ടത്തിലാണ് സംഭവിക്കുന്നത്. പൊതു ഉടമ സംരംഭങ്ങൾ, സാമ്പത്തിക ദേശീയത, മതനിരപേക്ഷത, രാഷ്ട്രവ്യവസ്ഥ, സ്വതന്ത്രമായ വിദേശനയം എന്നിവയെല്ലാം ആക്രമിക്കപ്പെട്ടു. സബാൾട്ടേൺ പഠനങ്ങളുടെ കടന്നുവരവ് ഇതിനു തൊട്ടുമുൻപാണ് സംഭവിക്കുന്നത്. 1982 ലാണ് രണജിത് ഗുഹയുടെ നേതൃത്വത്തിൽ സബാൾട്ടേൺസ്റ്റഡീസ് ആദ്യമായി ഇന്ത്യയിൽ വരുന്നത്. ഗ്രാംഷിയിൽ നിന്നാണ് സബാൾട്ടേൺ എന്ന പദം സ്വീകരിച്ചത് എന്നാണ് അവരുടെ വാദം. എന്നാൽ ജയിലിൽ കിടക്കുമ്പോൾ സെൻസറിങ് ഭയന്ന് തൊഴിലാളിവർഗ്ഗം എന്നതിന് പകരം ഗ്രാംഷി പ്രയോഗിച്ചതാണ് ഈ പദം. സബാൾട്ടേൺ സ്റ്റഡീസിന്റെ വക്താക്കൾ ചരിത്രം എഴുതുമ്പോൾ മാർക്സിസ്റ്റ് ചരിത്രകാരന്മാരുടെ രചനകളെ കണ്ടതായി പോലും നടിക്കുന്നില്ല. വർഗീയ ചരിത്രകാരന്മാരും ദേശീയവാദികളായ ചരിത്രകാരന്മാരും മാർക്സിസ്റ്റ് ചരിത്രകാരന്മാരും തമ്മിലുള്ള വ്യത്യാസങ്ങളെല്ലാം വെറും മിഥ്യ ആണെന്നും രണജിത് ഗുഹ പറയുന്നു. ഇതിന് അനുബന്ധമായി മതനിരപേക്ഷത എന്ന ആശയം ആക്രമിക്കപ്പെടുകയും ചെയ്തു. കൊളോണിയൽ ഉത്തരേന്ത്യയിലെ വർഗീയതയുടെ നിർമിതിയാണ് മതനിരപേക്ഷത എന്ന് ജ്ഞാനേന്ദ്ര പാണ്ഡെ(The Construction of Communalism in Colonial North India) അഭിപ്രായപ്പെടുന്നുണ്ട്. 1920-ഓടെ ആവിർഭവിച്ച പുതിയ മതമാണ് മതനിരപേക്ഷത എന്നാണ് ജ്ഞാനേന്ദ്ര പാണ്ഡെ പറയുന്നത്.ആശിഷ് നന്ദിയുടെ 'ഒരു മതനിരപേക്ഷവിരുദ്ധ മാനിഫെസ്റ്റോ' എന്ന ലേഖനത്തെ പ്രത്യേകം പ്രശംസിക്കുകയും ചെയ്യുന്നു. മതനിരപേക്ഷതയാണ് വർഗ്ഗീയത വളർത്തിയത് എന്ന വാദവും ഉന്നയിക്കുന്നു. ഐജാസ് അഹമ്മദ് ഇത്തരം വാദങ്ങളെ ശക്തമായി പ്രതിരോധിക്കുന്നു. ഇരുപതാം നൂറ്റാണ്ടോടെ ആവിർഭവിച്ച മതേതരത്വം എന്ന സങ്കല്പം അതിനുമെത്രയോ നൂറ്റാണ്ടുകൾക്കു മുമ്പാരംഭിച്ച വർഗ്ഗീയതയ്ക്കും വർഗ്ഗീയ ലഹളകൾക്കും കാരണമാണെന്നത് വികലവാദമാണെന്ന് അദ്ദേഹം പറയുന്നു.

ഇങ്ങനെ ഉത്തരാധുനികതയുടെ ഭാഗമായി കടന്നു വന്ന പല ചിന്തകളെയും പ്രവർത്തനങ്ങളെയും അദ്ദേഹം യുക്തിസഹമായി വിമർശിക്കുന്നു.ഇതിൻ്റെയെല്ലാം പിന്നിൽ മാർക്സിസത്തോടുള്ള എതിർപ്പും പുത്തൻ സാമ്പത്തിക നയങ്ങളോടുള്ള വിധേയത്വവുമാണുള്ളത്. ഭരണകൂടം, രാഷ്ട്രീയപ്പാർട്ടികൾ, പാരിസ്ഥിതിക ഗുണത്തകർച്ച, ജാതീയമായ അടിച്ചമർത്തൽ എന്നിങ്ങനെ പലതിനെയും എതിർക്കുമെങ്കിലും ഉത്തരാധുനികത വിപണിയെ എതിർക്കില്ല. ഭരണകൂടത്തിൻ്റെ ഇടപെടലോ തടസ്സങ്ങളോ ഇല്ലാത്ത, നിയന്ത്രണങ്ങളില്ലാത്ത വിപണിയും പൂർണ്ണമായും സ്വകാര്യവൽകൃതമായ സമ്പദ് വ്യവസ്ഥയുമാണ് ഉത്തരാധുനികതയുടെ ആദർശലോകം. ഇതിനെ എതിർക്കാൻ കെൽപ്പുള്ള പ്രത്യയശാസ്ത്രം മാർക്സിസവും അതിൻ്റെ പ്രയോഗപദ്ധതി തൊഴിലാളിവർഗ്ഗ ഐക്യവുമാണ്. അതുകൊണ്ട് അവയെ എതിർക്കേണ്ടത് ഉത്തരാധുനികതയുടെ ജന്മലക്ഷ്യമാണ്. അതിനു വേണ്ടിയുള്ള ആയുധങ്ങളോ അതിൻ്റെ മറയോ ആണ് ഉത്തരാധുനികതയുടെ സിദ്ധാന്തവും പ്രയോഗവും എന്ന് ഐജാസ് അഹമ്മദ് വ്യക്തമാക്കുന്നു.


നാൻസി ഫ്രേസറുടെ തിരിച്ചറിവുകൾ


പ്രഖ്യാത ഫെമിനിസ്റ്റും ക്രിട്ടിക്കൽ തിയറിസ്റ്റുമായ അമേരിക്കൻ എഴുത്തുകാരി നാൻസി ഫ്രേസറുടെ

'How feminism became capitalism's handmaiden and how to reclaim it' എന്ന ലേഖനമാണ് ഇവിടെ ചർച്ച ചെയ്യുന്നത്. ലോകമാകെ ഫെമിനിസം പുതിയ മേച്ചിൽപ്പുറങ്ങൾ തേടി സ്ത്രീശരീരത്തിലും ലെസ്ബിയനിസത്തിലും എത്തിച്ചേരുകയും അവിടെ നിന്നും ക്വിയർ തിയറിയിലേയ്ക്കു സംക്രമിക്കുകയും ചെയ്തു.ഈ സാഹചര്യത്തിലാണ് 21-ാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ ഈ ലേഖനം എഴുതപ്പെടുന്നത്.

സമത്വം, നീതി, സ്വാതന്ത്ര്യം എന്നിവ ഉയർത്തിപ്പിടിച്ച് നല്ലൊരു ലോകം പടുത്തുയർത്താൻ നടത്തിയ സ്ത്രീസമരങ്ങൾ മറ്റൊരു വഴിക്ക് തിരിഞ്ഞിരിക്കുന്നു എന്ന് അവർ ആശങ്കപ്പെടുന്നു. ലിംഗവിവേചനത്തെക്കുറിച്ച് ഉയർത്തിയ എതിർപ്പുകൾ പുതിയതരം അസമത്വത്തിനും ചൂഷണത്തിനും ഉള്ള ന്യായീകരണങ്ങൾ ആയി മാറി. സ്വതന്ത്രവിപണിസമൂഹം നിർമ്മിക്കാനുള്ള നവലിബറൽ ശ്രമങ്ങളുമായി അപകടകരമാം വിധം ഫെമിനിസം സന്ധി ചേർന്നു എന്നും അതിൻ്റെ ഇടനിലക്കാരായി മാറിയെന്നും നാൻസി ഫ്രേസർ പറയുന്നു. പുത്തൻ മുതലാളിത്തം സ്ത്രീയെ എപ്രകാരം ചൂഷണം ചെയ്യുന്നു എന്ന ചർച്ചകൾ ഒടുവിൽ എത്തിച്ചേർന്നത് കരിയറിസം പ്രോത്സാഹിപ്പിക്കുന്നതിലേക്കും വനിതാ സംരംഭകരെ ആഘോഷിക്കുന്നതിലേക്കും ആണ് .നിയോലിബറൽ വികസനത്തിന് ഫെമിനിസം മൂന്ന് പ്രധാന ആശയങ്ങൾ സംഭാവന ചെയ്തു എന്നും അവർ ആരോപിക്കുന്നു.

1.ഒരു കാലഘട്ടത്തിൽ ഫെമിനിസ്റ്റുകൾ ശക്തമായി ഉയർത്തിക്കൊണ്ടുവന്ന ഫാമിലിവേജ് എന്ന സങ്കല്പം പുതിയ മുതലാളിത്തത്തെ എപ്രകാരമാണ് സഹായിച്ചത് എന്ന് അവർ വ്യക്തമാക്കുന്നു. സമ്പാദിക്കുന്ന പുരുഷനും ശമ്പളമില്ലാത്ത അടുക്കളജോലിയും എന്ന ദ്വന്ദ്വം ഫെമിനിസം ഉയർത്തിക്കൊണ്ടുവന്നു. എന്നാൽ ഈ വാദം എല്ലാത്തരം സ്ത്രീകളെയും പതിയെ പുറത്തെത്തിക്കുകയും കുറഞ്ഞ കൂലിക്ക് പുറത്ത് പണിയെടുക്കുന്നവരാക്കി മാറ്റുകയും ചെയ്തു. സ്ത്രീയുടെ തൊഴിൽശേഷിയെ മഹത്വവൽക്കരിച്ചുകൊണ്ട് മുതലാളിത്തം സ്ത്രീയെ പുതിയ തൊഴിൽ മേഖലകളിലേക്ക് കൊണ്ടുവന്നു. അങ്ങനെ ഒരു തൊഴിൽ മാർക്കറ്റ് രൂപപ്പെടുത്തിയെടുത്തു. കുറഞ്ഞ കൂലി, കുറഞ്ഞ ജോലിസുരക്ഷിതത്വം, ജോലിസമയക്കൂടുതൽ, ഇരട്ട ഷിഫ്റ്റ്, ജീവിതനിലവാരക്കുറവ് എന്നിവയൊക്കെയായിരുന്നു ഇതിൻറെ അനന്തരഫലങ്ങൾ. അങ്ങനെ സ്ത്രീസ്വാതന്ത്ര്യത്തെ മൂലധനസമാഹരണത്തിനുള്ള ഇന്ധനം ആക്കി മാറ്റി.

2. സ്ത്രീപദവിയെ സംബന്ധിച്ച സാംസ്കാരികനിർമ്മിതികൾ ഫെമിനിസം എതിർത്തു. പാട്രിയാർക്കിയെക്കുറിച്ച് നിരന്തരം സംസാരിച്ചു. അതുവഴി സാമ്പത്തികവും സാംസ്കാരികവുമായ നീതിക്കുവേണ്ടിയുള്ള സമരങ്ങൾ വിപുലമാക്കാൻ കഴിഞ്ഞു. എന്നാൽ അതിൻറെ യഥാർത്ഥഫലം മറ്റൊന്നായിരുന്നു. സ്ത്രീയെ മാത്രം കേന്ദ്രീകരിച്ചു കൊണ്ടുള്ള ഒരു മുഖക്കുരു വിപ്ലവമായി അത് ചുരുങ്ങി. സ്ത്രീവാദം സ്വത്വരാഷ്ട്രീയത്തിന് വഴിമാറി. അങ്ങനെ സാമൂഹികസമത്വം എന്ന മഹത്തായ ആശയം വിസ്മരിക്കപ്പെട്ടു. സാമ്പത്തികരാഷ്ട്രീയത്തെക്കുറിച്ച് കൂടുതൽ ശക്തമായി സംസാരിക്കേണ്ട സമയത്ത് സാംസ്കാരികലിംഗവിവേചന (Cultural Sexism)ത്തിന്റെ അരാഷ്ട്രീയശുദ്ധതയിൽ മുഴുകുകയായിരുന്നു ഫെമിനിസം.


3. സംരക്ഷിച്ച് അടിമയാക്കുക എന്ന പാട്രിയാർക്ക്യൽ തന്ത്രത്തിന്റെ പുതുരൂപമാണ് ക്ഷേമരാഷ്ട്രസങ്കല്പം എന്നു കരുതി ഫെമിനിസം അതിനെ എതിർത്തു. ക്ഷേമരാഷ്ട്രത്തിനെതിരായ നവ ഉദാരവൽക്കരണത്തിന്റെ യുദ്ധത്തിൽ ഒത്തുചേർന്നു. ഇതിൻറെ ഫലമായി ഫെമിനിസ്റ്റ് സംഘടനകൾ എൻജിഒ -കളെ ആലിംഗനം ചെയ്തു. എൻജിഒകൾ വഴി ഹസ്വവായ്പാ സംഘങ്ങൾ സമൂഹത്തിൻറെ അടിത്തട്ടിൽ സ്ത്രീകളുടെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ടു. സ്ത്രീയുടെ അടിമത്തത്തിനും ദാരിദ്ര്യത്തിനും അത് പരിഹാരമാകും എന്ന് വിശ്വസിച്ചു. ഈ പ്രവർത്തനത്തിന്റെ ഭാഗമായി രാഷ്ട്രം ദുർബലപ്പെട്ടു. വൻകിട സംരംഭങ്ങൾ ഇല്ലാതാക്കപ്പെട്ടു. പല ഭരണകൂടങ്ങളും ഇത് ഒരു സൗകര്യമായി കരുതി ചെലവുകൾ വെട്ടിക്കുറയ്ക്കുകയും സ്വതന്ത്രവ്യാപാരത്തെ നിയമാനുസൃതമാക്കുകയും ചെയ്തു. എന്നാൽ മൈക്രോ ക്രെഡിറ്റ് സംഘങ്ങൾ നൽകുന്ന ചെറുകിട വായ്പകൾ ഒരു പരിഹാരമല്ല എന്ന് തിരിച്ചറിവ് പിന്നീടാണ് ഉണ്ടാകുന്നത്. വൻകിടസംരംഭങ്ങൾ ഉണ്ടാവുകയും രാഷ്ട്രത്തിൻറെ സാമ്പത്തികാവസ്ഥ മെച്ചപ്പെടുകയും ചെയ്യുന്നതാണ് ദാരിദ്ര്യത്തിന്റെ യഥാർത്ഥ പരിഹാരം. എന്നാൽ അത്തരം ഒരു ചിന്ത ഒളിച്ചു വയ്ക്കപ്പെടുകയും ചെറുകിട വായ്പകളുടെ താൽക്കാലിക പരിഹാരത്തിൽ സംതൃപ്തമാവുകയും ചെയ്തു.


നിയോലിബറലിസവുമായുള്ള ഈ മൂന്നു കണ്ണികൾ അറുത്തു മാറ്റിയാലേ സമത്വമാർന്ന സമൂഹത്തിനു വേണ്ടിയുള്ള പോരാട്ടത്തിന് ശക്തിയുണ്ടാവുകയുള്ളു എന്ന് നാൻസി ഫ്രേസർ വ്യക്തമാക്കുന്നു. ഫെമിനിസത്തെ പുതു മുതലാളിത്തത്തിൻ്റെ ഉപകരണമാക്കി മാറ്റുന്നതിനുള്ള ഇടനില പ്രവർത്തനമാണ് ഉത്തരാധുനികതയുടെ പ്രത്യയശാസ്ത്രം നടത്തിയത്.സമൂഹജീവി എന്ന നിലയിൽ നിന്ന് അത് സ്ത്രീയെ ലിംഗവ്യക്തിത്വം മാത്രമാക്കി ചുരുക്കി.അതിനു പിന്നിലെ സാമ്പത്തിക, രാഷ്ട്രീയ അജണ്ടകൾ ഒളിച്ചുവച്ചു.അത് തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്യുന്നു എന്ന നിലയിൽ ഈ ലേഖനം ശക്തമായ ഉത്തരാധുനികതാ വിമർശനം ആയിത്തീരുന്നു.


യൂറോ സെൻട്രിസവും യു.എസ്.സെൻട്രിസവും - എസ്.സുധീഷ്


കേരളത്തിൽ ഉത്തരാധുനികതയുടെ ആവിർഭാവകാലം മുതൽ അതിനു പിന്നിലെ അജണ്ടകളെ കുറിച്ച് സംസാരിക്കുകയും അതിനുള്ളിലെ വിദേശ ഫണ്ടിങ്ങിന്റെ സാന്നിധ്യം വിളിച്ചുപറയുകയും ചെയ്ത ചിന്തകനാണ് എസ്.സുധീഷ്. പാഠം മാസികയിലൂടെ പുറത്തുവന്ന ലേഖനങ്ങളിൽ മിക്കതും ഇത്തരം രഹസ്യ അജണ്ടകളെ തുറന്നു കാണിക്കുന്നവയായിരുന്നു. അദ്ദേഹത്തിൻറെ 'അപനിർമ്മിതിവാദവും അധിനിവേശവും' എന്ന ലേഖനത്തിന്റെ ഒരു ഭാഗമാണ് ഉദാഹരണം എന്ന നിലയിൽ ഇവിടെ ചർച്ച ചെയ്യുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ഈ ലേഖനം എഴുതപ്പെടുന്നത്. പിന്നീട് 2005-ൽ പുറത്തിറങ്ങിയ 'പിക്കാസോ എന്തുകൊണ്ട് കമ്മ്യൂണിസ്റ്റായി' എന്ന പുസ്തകത്തിൽ ഈ ലേഖനം ഉൾപ്പെടുകയും ചെയ്തു. ദെറിദിയൻ അപനിർമിതിവാദിയും പോസ്റ്റ് കൊളോണിയൽ സൈദ്ധാന്തികയുമായ ഗായത്രി സ്പിവാക്കിൻറെ ലോകസാംസ്കാരികപഠനം, അപനിർമിതിയും സംസ്കാരപഠനവും എന്നീ രണ്ടു ലേഖനങ്ങൾ മുൻനിർത്തി അപനിർമിതിവാദത്തിന്റെ പ്രയോഗവത്കരണം നവലിബറൽ മുതലാളിത്ത പ്രത്യയശാസ്ത്രത്തിന്റെ ഉപകരണമായി മാറിയത് എങ്ങനെ എന്ന് വ്യക്തമാക്കുന്നതാണ് ഈ ലേഖനത്തിന്റെ പ്രധാന ഭാഗം. ഇതിൻറെ തുടക്കത്തിൽ പോസ്റ്റ് കൊളോണിയലിസത്തെക്കുറിച്ചു നടത്തുന്ന വിമർശനമാണ് ഇവിടെ സ്വീകരിക്കുന്നത്.


ഉത്തരാധുനികതയുടെ ഭാഗമോ അതിനു സമാന്തരമായതോ ആയ സൗന്ദര്യശാസ്ത്രവാദമാണ് പോസ്റ്റ് കൊളോണിയലിസം.

എന്തുകൊണ്ട് 1980 മുതൽ പോസ്റ്റ് കൊളോണിയലിസം പ്രചരിച്ചു തുടങ്ങി എന്ന ചോദ്യത്തോടെയാണ് ലേഖനം ആരംഭിക്കുന്നത്. 1978-ൽ എഡ്വൈഡ് സെയ്ദിന്റെ 'ഓറിയന്റലിസം ' എന്ന പുസ്തകം പുറത്തുവരുന്നു. യൂറോ സെൻട്രിസം, യൂറോ കൾച്ചറൽ ഇംപീരിയലിസം എന്നീ പദങ്ങൾ അതോടെ പ്രചാരത്തിലായി. വളരെ പെട്ടെന്നുതന്നെ ലോകമാകമാനം യൂറോ സെൻട്രിസത്തിനെതിരായ വിവിധതരം പഠനങ്ങളും നിലപാടുകളും പ്രത്യക്ഷപ്പെട്ടു. ഇതിനു പിന്നിലെ വാസ്തവവും പ്രചോദനവും എന്ത് എന്ന് ഈ ലേഖനം അന്വേഷിക്കുന്നു. യഥാർത്ഥത്തിൽ 1950 കളിൽ യൂറോ കൊളോണിയലിസം അവസാനിക്കുകയും അമേരിക്കയുടെ മേധാവിത്വം ആരംഭിക്കുകയും ചെയ്യുന്നു. പിന്നീട് യുഎസ് കൊളോണിയലിസത്തിന്റെ കാലമാണ്. യഥാർത്ഥത്തിൽ യൂറോ സെൻട്രിസത്തിന്റെ ഹൃദയ ശൂന്യമായ പിന്തുടർച്ചയാണ് യുഎസ് സെൻട്രിസം. എന്നാൽ യുഎസിന്റെ നേതൃത്വത്തിൽ ലോകമാസകലം നടന്ന സാമ്പത്തിക/ കച്ചവട അധിനിവേശ തേരോട്ടത്തിന്റെ സാന്നിധ്യം മറച്ചുപിടിക്കുന്നതിനുള്ള ഒരുപാധിയായാണ് പോസ്റ്റ് കൊളോണിയലിസം എന്ന സിദ്ധാന്തം പ്രചരിപ്പിച്ചത് എന്ന് എസ്. സുധീഷ് പറയുന്നു. മൂന്നാംലോക പണ്ഡിതസമുദായത്തെ ആനന്ദിപ്പിക്കുന്നതിനായി സിഐഎ മെനഞ്ഞെടുത്ത തന്ത്രമാണ് അത്. ഘടനാവാദം മുതൽ ഫ്രാൻസിനെ കേന്ദ്രീകരിച്ചാണ് സിദ്ധാന്ത മാനുഫാക്ചറിംഗ് വ്യവസായം നടന്നതെങ്കിലും അതിൻറെ രാഷ്ട്രീയ പ്രോസസിങ് നിർവഹിച്ചിരുന്നത് യുഎസ് ആണ്.പാലസ്തീൻ രക്തമുള്ള എഴുത്തുകാരൻ (സെയ്ദ്) അതിൻ്റെ മാപ്പുസാക്ഷി മാത്രമാണ് എന്ന് സുധീഷ് പറയുന്നു. യു എസ് സെൻട്രിസം എന്ന വർത്തമാനകാലത്തെ മറച്ചുപിടിച്ചുകൊണ്ട് ഭൂതകാലത്തിൻ്റെ അവശിഷ്ടമായ യൂറോസെൻട്രിസത്തെക്കുറിച്ചു സംസാരിക്കുന്നതിനിടയിൽ അദൃശ്യമായ ഒരു സാമ്പത്തികാധിനിവേശം ലോകത്തെ വരിഞ്ഞുമുറുക്കി. ഈ സാമ്പത്തികാധിനിവേശത്തെക്കുറിച്ച് ചർച്ച ചെയ്യേണ്ട സമയത്ത് യൂറോപ്പിൻ്റെ അവശിഷ്ട രൂപകങ്ങളെക്കുറിച്ചും വംശീയതയെക്കുറിച്ചും സെമിനാറുകളും വാദപ്രതിവാദങ്ങളും നടന്നു. ഹോമറും ഷേക്സ്പിയറും മാർക്സും ഏംഗൽസും ഐൻസ്റ്റീനും യൂറോ സെൻട്രിസത്തിന്റെ പാപമുദ്രകൾ ആണെന്ന് സിദ്ധാന്തിച്ചു. വർഗ്ഗവൈരുധ്യത്തിൻ്റെ സ്ഥാനത്ത്

( തൊഴിലാളി / മുതലാളി) വംശസംഘർഷങ്ങൾ ആദർശവൽക്കരിക്കപ്പെട്ടു(സംസ്കാരങ്ങളുടെ സംഘർഷം -സാമുവൽ ഹണ്ടിങ്ടൺ). ഹിരോഷിമ മുതൽ ഇറാഖിലെ ജയിൽമുറികളിലെ പീഡനസങ്കേതങ്ങൾ വരെ യുഎസ് സെൻട്രിസത്തിന്റെ ചിത്തവൈകൃതത്തെ സാക്ഷ്യപ്പെടുത്തുന്നു. ലോകത്തിൻറെ ശിക്ഷകനും രക്ഷകനും ക്രമസമാധാനപാലകനും പതിനായിരക്കണക്കിന് സർക്കാരേതര സന്നദ്ധസംഘമാലാഖമാരുടെ സൈനിക മേധാവിയുമായി സ്വയം അവരോധിച്ചിരിക്കുന്ന അമേരിക്കൻ ഐക്യനാടുകളെ കേന്ദ്രീകരിച്ചുള്ള ഒരു അധിനിവേശം ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുമ്പോൾ 1950 കളിൽ തന്നെ ബലക്ഷയം സംഭവിച്ചു കഴിഞ്ഞ യൂറോ സെൻട്രിസത്തെ വീണ്ടും കുഴിച്ചെടുത്ത് ചർച്ചയ്ക്ക് വയ്ക്കുന്നതിന്റെ പിന്നിൽ കൃത്യമായ രാഷ്ട്രീയ താൽപര്യമുണ്ട്. ബലഹീനമായിരിക്കുന്ന യൂറോ മേധാവിത്വത്തോടല്ല, ബലവത്തായിക്കഴിഞ്ഞിരിക്കുന്ന യുഎസ് മേധാവിത്വത്തോടാണ് മൂന്നാംലോകജനത സമരം ചെയ്യേണ്ടുന്നത് എന്ന് എസ്.സുധീഷ് സംശയത്തിനിടയില്ലാത്ത വിധം വ്യക്തമാക്കുന്നു.


സെയ്ദ് എറിഞ്ഞകല്ല്


2000 ജൂലൈയിലാണ് എഡ്വൈഡ് സെയ്ദ് ലബനൻ അതിർത്തിയിൽ നിന്ന് ഇസ്രായേൽ ഗാർഡ് ഹൗസിന് നേരെ കല്ലെറിയുന്ന ചിത്രം വൈറലായത്. ഇതിനെ തുടർന്ന് അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി വാദപ്രതിവാദങ്ങൾ ഉണ്ടായി. വിയന്നയിലെ ഫ്രോയിഡ് സൊസൈറ്റി സെയ്ദിന്റെ പ്രഭാഷണം റദ്ദാക്കി. ദാവീദ് -ഗോലിയാത്ത് യുദ്ധത്തിന്റെ പ്രതീകാത്മക ആവിഷ്കാരമായി ഇത് ചിത്രീകരിക്കപ്പെട്ടു. പാലസ്തീനിയൻ കല്ലേറിൽ കൊല്ലപ്പെട്ട ഇസ്രായേലികളുടെ കണക്കുകൾ നിരന്നു. താൻ മകനുമായി നടത്തിയ കളിയാണ് ഇതെന്നും ഒരു ചെറിയ കല്ലാണ് എറിഞ്ഞതെന്നും അവിടെ ഇസ്രായേൽ ഗാർഡ് ഹൗസ് ഉള്ള വിവരം അറിയില്ലായിരുന്നു എന്നും സെയ്ദ് വിശദീകരിച്ചു. ചർച്ചകൾക്കൊടുവിൽ സയണിസത്തിന് ഇന്ധനം പകരുന്ന ഒന്നായി ഈ സംഭവം മാറി.


ഉത്തരാധുനികതയുടെ ഭാഗമായുള്ള സൂക്ഷ്മരാഷ്ട്രീയത്തിന്റെ അധികാര / അധിനിവേശ / പ്രത്യയശാസ്ത്ര വിമർശനങ്ങളും സെയ്ദ് എറിഞ്ഞ കല്ലുപോലെ ആയിരുന്നു. പ്രത്യക്ഷത്തിൽ അത് ധീരമായ ചെറുത്തുനിൽപ്പാണ്. വലുതിനോടുള്ള ചെറുതുകളുടെ യുദ്ധമാണ്. പാട്രിയാർക്കി, യൂറോ കൊളോണിയലിസം, ബ്രാഹ്മണിസം എന്നിങ്ങനെ പല പല അധികാരരൂപങ്ങൾക്കു നേരേ കല്ലുകൾ പാഞ്ഞുചെന്നു. കല്ലുകൾ വിതരണം ചെയ്തു കൊണ്ടിരുന്നത് പുത്തൻ സാമ്പത്തികനയങ്ങൾ ആയിരുന്നു എന്ന വസ്തുത മറച്ചുവയ്ക്കപ്പെട്ടു. ഈ കല്ലേറുകളുടെ കവചത്തിനുള്ളിൽ അവർ സുരക്ഷിതമായി മനുഷ്യരക്തം ഊറ്റികുടിച്ചുകൊണ്ടിരുന്നു. അത് തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്ത ആഖ്യാനങ്ങൾ പലതും തമസ്കരിക്കപ്പെട്ടു. അവ ചർച്ച ചെയ്യേണ്ട സമയം ഇനിയും അതിക്രമിച്ചിട്ടില്ല.

 

ഡോ.പ്രമോദ് കുമാർ ഡി.എൻ.

187 views1 comment
bottom of page