Adജീവിതവും നിറത്തിന്റെ രാഷ്ട്രീയവും
- GCW MALAYALAM
- May 2, 2024
- 2 min read
എഡിറ്റോറിയല്‍

വെളുപ്പ് ആണ് സൗന്ദര്യം എന്നു ഒരു നൃത്താധ്യാപിക പറയുന്നു. കറുപ്പ് വൈരൂപ്യമെന്നും. വ്യക്തിയുടെ സൗന്ദര്യ - വൈരൂപ്യങ്ങളെക്കുറിച്ചല്ല, കലയിലേതിനെക്കുറിച്ചാണ്, നൃത്തത്തെക്കുറിച്ചാണ് പറയുന്നതെങ്കിലും വ്യക്തികള്‍ക്കും അതു ബാധകമായി മാറുന്നു. വ്യക്തിയുടെ നിറം കാലാവസ്ഥയുമായും പാരമ്പര്യങ്ങളുമായും മാത്രം ബന്ധപ്പെട്ടിരിക്കെ അത് സ്വഭാവ മാഹാത്മ്യത്തിനും സൗന്ദര്യത്തിനുമുള്ള മാനദണ്ഡമാകുന്നു എന്ന വിചിത്രവാദമുദയം ചെയ്യുന്നതെങ്ങനെ എന്ന കാര്യം ശരിയായിരിക്കെ തന്നെ മറ്റൊരു കാര്യം ഇതിനുള്ളില്‍ ഉണ്ട്.
നിറവും സൗന്ദര്യവുമെല്ലാം സാംസ്‌കാരികമായ ഉത്പന്നമാണ്. അതു കൊണ്ട് ഇത്തരം സൗന്ദര്യസംശയങ്ങളും ആശങ്കകളും സ്വാഭാവികമാണ്. വെളുപ്പ് സൗന്ദര്യം എന്നൊക്കെ പറഞ്ഞു കേള്‍ക്കുമ്പോള്‍ ഞെട്ടുന്നതില്‍ തെറ്റില്ലെങ്കിലും ചരിത്രപരമായി ഞെട്ടുകയാണ് വേണ്ടത്. കാരണം ഒരു വ്യക്തിയുടെ മാത്രം തീരുമാനമല്ല നമ്മുടെ സൗന്ദര്യ തീരുമാനങ്ങള്‍.ജാതി വ്യവസ്ഥ നിര്‍മ്മിക്കപ്പെട്ട ബ്രാഹ്മണമതകാലത്തും കൊളോണിയലിസത്തിന്റെ കാലത്തും അധിനിവേശ സമൂഹത്തിന്റെ വെളുത്തനിറം സൗന്ദര്യമായി അധീശവ്യവഹാരങ്ങള്‍ നിര്‍വചിച്ചു. ചവിട്ടുന്നവരെ പൂജിക്കേണ്ടതുണ്ട് എന്നതില്‍ നിന്നും രൂപപ്പെട്ടതായിരുന്നു ആ സൗന്ദര്യസങ്കല്പങ്ങള്‍. മണ്ണില്‍ അധ്വാനിക്കുന്നവരെയും കൊളോണിയല്‍ രാജ്യങ്ങളെയും അപകര്‍ഷപ്പെടുത്താല്‍ അത്തരം ആഖ്യാനങ്ങള്‍ക്ക് കഴിഞ്ഞു.നവോത്ഥാനകാലനായികാനായകന്മാരായ മാധവനും ഇന്ദുലേഖയ്ക്കും വരെ വെള്ള നിറവും സ്വര്‍ണ്ണ നിറവും വിദേശ മുഖഛായയും ആയിരുന്നു.
ബ്രാഹ്മണമതവും കൊളോണിയലിസവും പോലെ തന്നെയായിരുന്നു മുതലാളിത്ത വ്യവസ്ഥയും. അത് നിര്‍മ്മിക്കുന്നവനെ അധ:സ്ഥിതമാക്കുകയും ഇടനിലക്കാരനെ വാഴ്ത്തുകയും ചെയ്യുന്നു.ഇത്തരം പുതിയ കാല അധികാര വ്യവസ്ഥകളും ജന്മിത്ത-കൊളോണിയല്‍മൂല്യങ്ങളെത്തന്നെയാണ് ഉപയോഗപ്പെടുത്തുന്നത്. സോപ്പുകളുടെയും ടൂത്തു പേസ്റ്റ്കളുടെയും ലക്ഷ്യം വെളുത്ത് സൗന്ദര്യം വയ്ക്കല്‍ തന്നെയായിരുന്നു.അങ്ങനെ നമ്മള്‍ നമ്മുടെ ഇരുണ്ട തൊലികളും മഞ്ഞപ്പല്ലുകളും വെളുക്കുമെന്നും സൗന്ദര്യത്തോടെ ചിരിക്കാനാവുമെന്നും സ്വപ്നം കണ്ടു.
ഗവണ്‍മെന്റ് ഹോസ്പിറ്റലുകളിലെ നഴ്‌സുമാരെക്കാള്‍ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ വെളുത്ത് 'സുന്ദരി'കളായിരുന്നു.ഗവണ്‍മെന്റ് സ്‌കൂളുകളിലെ ടീച്ചേഴ്‌സിനെക്കാള്‍ സ്വകാര്യ സ്‌കൂളിലെ ടീച്ചര്‍മാരും, നാട്ടിന്‍ പുറത്തെ കടയിലെ സ്ത്രീകളെക്കാള്‍ വലിയ മാളുകളിലെ സ്റ്റാഫുകളും'വെളുത്ത് 'സുന്ദരി'കളായിരുന്നു. സ്വകാര്യമാധ്യമ സ്ഥാപനങ്ങളിലെയും സിനിമയിലെയും അരങ്ങിലെത്തുന്ന സ്റ്റാഫുകള്‍ മേല്‍ പറഞ്ഞ പോലെ വെളുത്തവരായിരുന്നു. സൗന്ദര്യം സ്ത്രീകള്‍ക്ക്, ബുദ്ധി പുരുഷന്മാര്‍ക്ക് എന്ന സ്ത്രീവിരുദ്ധ നിലപാടും അതുപോലെ തന്നെ പിന്‍തുടര്‍ന്നു.മുതലാളിത്ത പാതയില്‍ നാടു വികസിക്കുമ്പോള്‍ ബ്രാഹ്മണമത-കൊളോണിയല്‍ കാല സൗന്ദര്യ സങ്കല്പത്തിലേക്ക് തന്നെയാണ് സഞ്ചരിക്കുന്നത്.
വലിയ മാളുകള്‍, ഹോസ്പിറ്റലുകള്‍, വിദ്യാഭ്യാസ- ഭക്തി-മാധ്യമ വ്യവസായ സ്ഥാപനങ്ങള്‍ ഒക്കെ നടത്തുന്നവര്‍, അഥവാ വെളുപ്പ് കൊണ്ടു ലാഭമുണ്ടാക്കുന്നവര്‍ വെളുത്തവര്‍ ആകണമെന്ന് നിര്‍ബന്ധമില്ല എന്നതാണ് ഇന്നത്തെ കാലത്തിന്റെ സവിശേഷത. അതു കൊണ്ടു പണത്തിനു മുന്നില്‍ ഇത്തരം സൗന്ദര്യസങ്കല്പങ്ങള്‍ വിട്ടുവീഴ്ച ചെയ്യപ്പെടും. പണമില്ലാത്ത വെളുത്തവനേക്കാള്‍ പണമുള്ള കറുത്തവന് കല്യാണമാര്‍ക്കറ്റില്‍ പ്രമുഖ സ്ഥാനം ഉണ്ടായിരിക്കും. പണമില്ലാത്ത കറുത്തവനാണ് ചണ്ഡാല വര്‍ഗ്ഗത്തില്‍പ്പെട്ടയാള്‍. സിനിമാ-സീരിയല്‍ഭാഷയില്‍ പറഞ്ഞാല്‍ നല്ല കുടുംബത്തില്‍ പിറക്കാത്തയാള്‍.
എന്നാല്‍ പണമോ മനുഷ്യന്റെ നിറമോ ഈ ലോകത്ത് ഒന്നും സൃഷ്ടിച്ചിട്ടില്ല, ഒരു സൗന്ദര്യവസ്തുവിനെയും നിര്‍മ്മിച്ചിട്ടില്ല. മനുഷ്യന്‍ നിര്‍മ്മിച്ച ദൈവം ലോകം സൃഷ്ടിച്ചു എന്നു പറയും പോലത്തെ മിത്താണത്. മനുഷ്യന്റെ അധ്വാനമാണ് ഈ കാണുന്ന സൗന്ദര്യങ്ങളെല്ലാം സൃഷ്ടിച്ചത്.പുതിയതിന്റെ നിര്‍മ്മിതിയാണ് സൗന്ദര്യം.
അധീശവ്യവസ്ഥ അധ്വാനത്തെ അധ:സ്ഥിതമാക്കുന്ന സൗന്ദര്യ സങ്കല്പങ്ങള്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കും. എന്നാല്‍ നിര്‍മ്മിക്കുന്ന വ്യക്തികള്‍ അതിനെ ഖണ്ഡിച്ചു കൊണ്ടിരിക്കും. അതിനെയാണ് ജീവിതം എന്നു പറയുന്നത്. നമ്മെ ചികിത്സിച്ച നഴ്‌സുമാര്‍, നമ്മെ പഠിപ്പിച്ച അധ്യാപകര്‍, നമ്മുടെ വീട് വച്ച മേശിരിമാര്‍, കൂട്ടുകാര്‍, പ്രണയികള്‍ ഇവരില്‍ ചിലര്‍ നമ്മുടെ മനസ്സില്‍ പതിഞ്ഞത് ,ഒടുങ്ങാത്ത സൗന്ദര്യമായി നില്‍ക്കുന്നത് ഇതുവരെ ആരും തരാത്ത ചിലത് അവര്‍ നിര്‍മ്മിച്ചു തന്നതു കൊണ്ടാണ്.
ഈ നിര്‍മ്മാണത്തെയാണ് സര്‍ഗ്ഗാത്മകത എന്നു വിളിക്കുന്നത്. ഭാഷ, ശരീരം, മരം, കല്ല് തുടങ്ങിയ മാധ്യമങ്ങളിലൂടെയുള്ള ഇത്തരം നിര്‍മ്മാണമാണ് കലാ പ്രവര്‍ത്തനം. സൗന്ദര്യമുളള ജീവിതത്തിന്റെ ,സര്‍ഗ്ഗാത്മക ജീവിതത്തിന്റെ സൗന്ദര്യാത്മക പുന:സൃഷ്ടിയാണ് കല.
സാധാരണ കല എന്നു വിളിക്കപ്പെടുന്നവ മനുഷ്യന്റെ കാര്യത്തിലെന്ന പോലെ രണ്ടു തരം ഉണ്ട്. അധീശ വ്യവസ്ഥയുടെ ആവശ്യത്തിനായി അധ്വാനത്തെ അധ:സ്ഥിതമാക്കുന്ന നിശ്ചലാഖ്യാനങ്ങളും നേര്‍ വിപരീതമായ ചലനാത്മക ആഖ്യാനങ്ങളും.വിജയന്‍ മാഷ് സാഹിത്യം രണ്ട് വിധമുണ്ട് എന്നു പറയുന്നുണ്ട്.വിശക്കുന്നവന്റെ വിളിയും ഉണ്ടവന്റെ വിളിയും.അതിനര്‍ത്ഥവും ഇതുതന്നെയാണ്.
കഥകളിയും തിരുവാതിരയും പോലുള്ള ഉണ്ടവന്റെ വിളിയില്‍ സൗന്ദര്യം കാണുന്നത്, ഇവ കേരളീയ കലയുടെ പ്രതീകമായി മാറുന്നത്, നമ്മുടെ കലാമണ്ഡലങ്ങള്‍ അതു മാത്രമായി മാറുന്നത് വെളുപ്പിന്റെ സൗന്ദര്യ ശാസ്ത്രം നവോത്ഥാനാനന്തരവും നമ്മെ പിന്‍തുടരുന്നതിന്റെ സൂചകമാണ്. കറുത്ത ദൈവ (കലി)ത്തിന്റെ കൊത്തേറ്റ് രാജാവ് കറുത്ത മനുഷ്യനാകുന്ന ഒരു നളചരിതത്തെ മാറ്റി നിര്‍ത്തിയാല്‍ നമ്മുടെ മാസ്സ് സിനിമകളുടെ നിലവാരമുള്ള കലയാണ് കഥകളി.ഓട്ടന്‍തുള്ളലിനോ കാക്കരശ്ശി നാടകത്തിനോ ഉള്ള സൗന്ദര്യം അതിനില്ല.
ഉണ്ടവന്റെ വിളിയാണ് പുതിയമുതലാളിത്തകാലകല. സാങ്കേതികമായി പറഞ്ഞാല്‍ ഇത് സ്ഥായി ഭാവങ്ങളുടെ കാലമല്ല, സഞ്ചാരി ഭാവങ്ങളുടെ കാലമാണ്. അധീശ ഭാവങ്ങളുടെ ക്ഷണികമായ റീലുകളിലാണ് ഇന്നു സൗന്ദര്യം കാണുന്നത്. ചിലപ്പോള്‍ വെളുത്തപക്ഷമായും ചിലപ്പോള്‍ കറുത്ത പക്ഷമായും ഒക്കെ അതു പ്രത്യക്ഷപ്പെടും. അനുഭവങ്ങളുടെ ജീവിതനിര്‍മ്മാണ പ്രക്രിയ മാത്രം കാണില്ല.
ഫിക്ഷനല്ല 'ജീവിത'മാണ് ഇന്ന് കല. ജീവിതം എന്നത് അധീശപക്ഷ ജീവിതമാണെന്നു മാത്രം. പണവും പെരിയോനുമാണ് അതിലെ നായകര്‍.നോവലിസ്റ്റുകളും സിനിമാക്കാരും തങ്ങളുടെ സൃഷ്ടികള്‍ ഫിക്ഷനല്ല ജീവിതമാണ് എന്നു വിളിച്ചു പറയുന്നത് വലിയ പരസ്യമാക്കി മാറ്റിയിരിക്കുന്നു. പരസ്യകല എന്നതില്‍ എല്ലാ കലാ പ്രവര്‍ത്തനങ്ങളും അടങ്ങിയിരിക്കുന്നു. പരസ്യങ്ങളുടെ, ആഡുകളുടെ അടിമ ജീവിതമാണ് നമ്മുടേത്. നമ്മുടെ എല്ലാ സൗന്ദര്യ സങ്കല്പങ്ങളെയും നിര്‍മ്മിക്കുന്നത് പരസ്യങ്ങളായി മാറിയിരിക്കുന്നു.
ബ്രാഹ്മണമതസൗന്ദര്യ സങ്കല്പങ്ങളുടെ വിപണിയെ വലിയ രീതിയില്‍ പ്രോത്സാഹിപ്പിക്കുന്ന ഒരു പത്രം വെളുപ്പാണ് സൗന്ദര്യം എന്നു പറഞ്ഞ നൃത്താധ്യാപികയോടുള്ള പ്രതിഷേധമായി പത്രത്തിന്റെ ഒന്നാം പേജ് മുഴുവന്‍ കറുപ്പില്‍ ലേ-ഔട്ട് ചെയ്തു. എന്നാല്‍ ആ പേജിലെ കളര്‍ പരസ്യം അങ്ങനെ തന്നെ പ്രസിദ്ധീകരിച്ചു. പത്രത്തിന്റെ ദളിത് സ്‌നേഹം അഥവാ കറുത്ത ബേക്ക്ഗ്രൗണ്ട് അങ്ങനെ കളര്‍പരസ്യത്തിന് കൂടുതല്‍ ശ്രദ്ധ നേടിക്കൊടുത്തു. ചരിത്രരഹിതവും പുതിയ കാല അധികാരത്തെ അഭിസംബോധന ചെയ്യാത്തതുമായ നിറപക്ഷപാതങ്ങള്‍ പരസ്യനിര്‍മ്മാണങ്ങളായി മാറുന്നു.
സൂപ്പർ