എഡിറ്റോറിയൽ
'സംഘടനകൊണ്ട് ശക്തരാവുക, വിദ്യകൊണ്ടു പ്രബുദ്ധരാകുക'
എന്നത് കാലഹരണപ്പെട്ട ഒരു പഴയ മുദ്രാവാക്യമാണ്. പക്ഷെ ആ മുദ്രാവാക്യമാണ് കേരളത്തെ നിർമ്മിച്ചത്.അതിന് വേണ്ടി ഒരുപാടു പേർ ജീവനും ജീവിതവും നൽകി.
ഇന്ന് സംഘടനകൾ പഴയ ജാതി മത കൂട്ടായ്മകളായി മാറി. രാഷ്ട്രീയ ലക്ഷ്യങ്ങളില്ലാത്ത ഒരു ജനതയ്ക്ക് സാങ്കേതികവിദ്യയും വിനിമയ സംവിധാനങ്ങളും മതത്തിലേയ്ക്കും വംശീയതയിലേയ്ക്കും ശരീരത്തിലേയ്ക്കും പഴമയിലേയ്ക്കും മടങ്ങാനുള്ള വഴിയായി തീരുന്നു.അങ്ങനെ നമ്മൾ വാട്ട്സപ്പിൽ ജാതിമത ഗ്രൂപ്പുകൾ സൃഷ്ടിച്ചു. റസിഡൻസ് അസ്സോസിയേഷൻ ഗ്രൂപ്പുകളും പൂർവ്വ വിദ്യാർത്ഥി ഗ്രൂപ്പുകളും . ടൂറിസ്റ്റ് ഭക്തിയാത്രാ ഗ്രൂപ്പുകളും തറവാട് ഗ്രൂപ്പുകളും ഉണ്ടാക്കി. രാഷ്ട്രീയ സംഘടനകൾ അതുപോലുള്ള വാട്ട്സപ്പ് ഗ്രൂപ്പുകളായി മാറി.സൈബർ മാധ്യമങ്ങളിൽ നമ്മുടെ സൗന്ദര്യവത്കരിച്ച ഫോട്ടോകൾ ഇട്ട് ആനന്ദം കൊണ്ടു.രാജ്യം സെൽഫി പോയിൻ്റുകളായി മാറി. രാഷ്ട്രീയ ലക്ഷ്യങ്ങളില്ലാത്ത ഒരു രാജ്യത്ത്, രാഷ്ട്രീയ സംഘടനകളും വിദ്യാർത്ഥി സംഘടനകളും മത കൂട്ടായ്മകളായി മാറുന്നു. ചോദ്യം ചെയ്യാനാവാത്ത ഒരു ദൈവത്തിനു കീഴിലെ അടിമകളായി,ന്യായീകരണ യന്ത്രങ്ങളായി മാറുന്നു. എത്ര ദുരന്തങ്ങൾ വന്നാലും ഇത്രയല്ലേ ദൈവം തന്നുള്ളൂ, ദൈവത്തിൻ്റെ കൃപ എന്നു സമാധാനിക്കുന്ന ജനത. എല്ലാം സൂപ്പർ മാർക്കറ്റുകളായി മാറുന്നു. അധ്യാപകരും മറ്റു ജനങ്ങളും നിർമ്മിക്കുന്നവരല്ല ഉപഭോക്താക്കൾ മാത്രമായി മാറുന്നു. അധ്യാപകർ കോഴ്സ് ബക്കറ്റുകളുമായി നിൽക്കുന്ന എടുത്തു കൊടുപ്പുകാർ മാത്രമായി മാറുന്നു. രാഷ്ട്രീയലക്ഷ്യം നഷ്ടപ്പെട്ട യൗവ്വനം നാടുവിടുകയും കുറ്റകൃത്യത്തിലേക്ക് തിരിയുകയും ചെയ്യുന്നു.
കുറ്റകൃത്യങ്ങളിൽ യുവാക്കളുടെ പങ്കാളിത്തത്തിനുള്ള മനഃശാസ്ത്രപരമായ വിശദീകരണം "അനോമി" എന്ന ആശയത്തിൽ കാണാം. സാമൂഹ്യശാസ്ത്രജ്ഞനായ എമിൽ ഡർഖൈമിൻ്റെ അഭിപ്രായത്തിൽ, വ്യക്തികൾ അവരുടെ വ്യക്തിപരമായ അഭിലാഷങ്ങളും സാമൂഹിക മാനദണ്ഡങ്ങളും തമ്മിൽ ഒരു വിച്ഛേദം അനുഭവിക്കുമ്പോൾ ഉണ്ടാകുന്ന ധാർമ്മിക ആശയക്കുഴപ്പത്തിൻ്റെ അവസ്ഥയെയാണ് അനോമി സൂചിപ്പിക്കുന്നത്. ഈ സന്ദർഭത്തിൽ, പാർശ്വവൽക്കരിക്കപ്പെട്ടവരോ അന്യവൽക്കരിക്കപ്പെട്ടവരോ ആണെന്ന് തോന്നുന്ന യുവാക്കൾ അവരുടെ ഐഡൻ്റിറ്റി സ്ഥാപിക്കുന്നതിനോ സാധൂകരണം തേടുന്നതിനോ ഉള്ള ഒരു മാർഗമായി കുറ്റകൃത്യത്തിലേക്ക് തിരിയാം. യൗവ്വനത്തിൻ്റെ ഉണർച്ചകൾ സാമൂഹിക ലക്ഷ്യത്തിലേയ്ക്ക് തിരിച്ചു വിടാത്ത സമൂഹം അർത്ഥരഹിതമായ അക്രമങ്ങളിൽ ചെന്നുപെടുന്നു.വ്യക്തിയെ അടിമവത്കരിക്കുന്ന സാമൂഹിക മാനദണ്ഡങ്ങളെ സർഗ്ഗാത്മകമായി ചോദ്യം ചെയ്യുക ലക്ഷ്യമല്ലാതെ വരുമ്പോൾ അക്രമത്തിലേയ്ക്ക് തിരിയുന്നു. നമ്മുടെ ജീവിതം പുഴുവിൻ്റേതു പോലെ തറയിൽ പിടയുമ്പോൾ അതിന് കാരണക്കാരായ ധനകാര്യ ശക്തികൾക്കെതിരെ യുദ്ധം ചെയ്യാൻ ത്രാണിയില്ലാത്ത,സാമൂഹിക-രാഷ്ട്രീയ ലക്ഷ്യമില്ലാത്ത സംഘടനകൾ കുറ്റവാളികളുടെ സംഘമായി മാറുന്നു. നമ്മുടെ യുവത്വം പണയപ്പെടുന്നതോ അനാഥമാകുന്നതോ കടക്കാരായിത്തീരുന്നതോ നമ്മൾ അറിയുന്നു കൂടിയില്ല.
നമ്മുടെ ദുരന്തങ്ങൾക്കെതിരെ നയപരമായി നിലപാടെടുക്കുന്ന സംഘടനകളോ മാധ്യമങ്ങളോ ഇന്ന് ഇല്ലാതായിത്തീർന്നിരിക്കുന്നു. തല മുറിച്ചു തറയിലിട്ടാലും, തുടിക്കുന്ന ചുണ്ടുകൾ കൊന്നവനെ ന്യായീകരിച്ചു കൊണ്ടിരിക്കുന്നു. ഫാസിസ്റ്റ് - മുതലാളിത്ത ഭരണകൂടങ്ങൾ ഉണ്ടാകുന്നത് അങ്ങനെയാണെന്ന് ഇന്ന് എല്ലാപേർക്കും അറിയാം.സംഘടന കൊണ്ട് കുറ്റവാളിയാകാനും വിദ്യകൊണ്ടു കടക്കാരാകാനും കഴിയുന്ന സമൂഹമായി നാം മാറിയിരിക്കുന്നു. നമ്മൾ കരുതിയിരിക്കുക ഒടുവിൽ അവർ നല്ലവരായ നമ്മെത്തേടി വരിക തന്നെ ചെയ്യും.
നമ്മുടെ അവസ്ഥയെ അവതരിപ്പിക്കുന്ന ഒരു കഥ ഇങ്ങനെയാണ്:
പണ്ടൊരിക്കൽ ചക്രവർത്തിക്കു മൂശേട്ട പിടിച്ചിരിക്കുന്ന സമയത്ത് ഒരു സാധാരണക്കാരൻ വശപ്പിശകായിട്ടെന്തോ പറയുകയോ എടുക്കുകയോ ചെയ്യാനിടയായി. ചക്രവർത്തി അയാളെ ശിരച്ഛേദം ചെയ്യാൻ കല്പിച്ചു. ചക്രവർത്തിക്കു പക്ഷേ അപ്പോൾ നേരമുണ്ടായിരുന്നില്ല. അദ്ദേഹം പറഞ്ഞു:
-ഓരോ മണിക്കൂറും നീ എന്റെ ഓഫീസിൽ വന്ന് ആസന്നഭാവിയിൽ ഞാൻ നിന്റെ തല വെട്ടേണ്ടതാണെന്ന് ഓർമ്മിപ്പിക്കുക.
അങ്ങനെ ആ മനുഷ്യൻ കൊട്ടാരത്തിൽ ഹാജരാവാൻ തുടങ്ങി. ആദ്യമൊക്കെ അയാൾക്കു വലുതായ മനഃപ്രയാസമൊക്കെ തോന്നിയിരുന്നു. അസ്തിത്വത്തിന്റെ അഗണ്യതയെക്കുറിച്ചും വ്യക്തിക്കു മേൽ അടിച്ചേല്പിക്കപ്പെടുന്ന നിയന്ത്രണങ്ങളെക്കുറിച്ചും മന്ദബുദ്ധിയായ ഒരു നാട്ടുപ്രമാണിയുടെ മാറിമറിയുന്ന മാനസികാവസ്ഥയ്ക്കു വിധേയനാവേണ്ടി വരുന്നതിനെക്കുറിച്ചുമൊക്കെ ദീർഘവിചിന്തനം ചെയ്തിരുന്നു. പിന്നീട് അയാൾക്കതു പൊരുത്തമായി. കൊട്ടാരം ഉദ്യോഗസ്ഥന്മാർക്ക് അയാൾ വലിയൊരു കുരിശ്ശായി മാറി. കൊട്ടക്കണക്കിനു ജോലി കിടക്കുന്നു, നിവേദനവുമായി വരുന്നവർ നിര നിന്നുനിന്ന് തളർന്നു വീഴുകയാണ്; അപ്പോഴാണ് നേരം തെറ്റാതെ ഈ മനുഷ്യന്റെ വരവ്.
-നമസ്കാരം. ആസന്നഭാവിയിൽ അദ്ദേഹം എന്റെ തല വെട്ടാനുള്ളതാണെന്നു നിങ്ങളെ ഓർമ്മിപ്പിക്കാൻ ചക്രവർത്തി എന്നോടു കല്പിച്ചിരിക്കുന്നു. എന്നാൽ ഞാൻ പിന്നെ വരാം.
ഓരോ മണിക്കൂറും ഇതിങ്ങനെ നടന്നു.
പന്ത്രണ്ടു മണിയ്ക്ക് രണ്ടു മിനുട്ടുള്ളപ്പോൾ ഈ മനുഷ്യൻ “മിനിസ്റ്റീരിയൽ” എന്നു പേരുള്ള കാപ്പിക്കടയിൽ നിന്ന് (അയാൾ വേറേയെങ്ങും പോകാറു പതിവില്ല) ചാടിയിറങ്ങി ഓടുകയാണ്, ആ കൊച്ചു സൂത്രവാക്യം ഉരുവിടാൻ. എല്ലാ ശനിയാഴ്ച രാത്രിയും പതിനൊന്നു മണിക്ക് “അംബാസഡേഴ്സ് പാരഡൈസ്” എന്നു പേരുള്ള ബാറിൽ നിന്ന് (അയാൾ വേറേയെങ്ങും പോകാറു പതിവില്ല) ഒരു കുപ്പിയെടുത്ത് അപ്പാടെ വായിൽ കമിഴ്ത്തി ഉറയ്ക്കാത്ത കാലടികളോടെ പുറത്തേക്കു വരികയാണ്, കൊട്ടാരത്തിൽ ചെന്ന് നാവു കുഴഞ്ഞുകൊണ്ടാവർത്തിക്കാൻ:
-ചക്രവർത്തി എന്നോടു കല്പിച്ചിരിക്കുന്നു...എന്തെന്നാൽ... എന്നു പറഞ്ഞാൽ...അതായത് ആസന്നഭാവിയിൽ അദ്ദേഹം എന്റെ തല വെട്ടേണ്ടതാണെന്ന് അദ്ദേഹത്തെ ഓർമ്മിപ്പിക്കാൻ.
പുലർച്ചെ നാലു മണിയ്ക്ക് കൊട്ടാരം ഓഫീസിനു മുന്നിലെ ഇടനാഴിയിലുള്ള തന്റെ കട്ടിലിൽ നിന്നു ചാടിയെഴുന്നേറ്റ് ( അയാൾ വേറേയെങ്ങും ഇപ്പോൾ കിടന്നുറങ്ങാറില്ല) ഡ്യുട്ടിയിലിലിരുന്നുറങ്ങുന്ന സെക്രട്ടറിയുടെ ഉറക്കം കെടുത്തുകയാണ്:
-ചക്രവർത്തി എന്നോടു കല്പിച്ചിരിക്കുന്നു...എന്നിങ്ങനെ.
ഇങ്ങനെ ഇരുപതു കൊല്ലം കഴിഞ്ഞ് ഒരു ദിവസം ഈ മനുഷ്യൻ കൊട്ടാരം ഓഫീസിൽ വച്ച് രാജാവിന്റെ കണ്ണില്പെടാനിടയായി.
-ഈ മനുഷ്യനെന്താ വേണ്ടത്? ചക്രവർത്തി ചോദിച്ചു.
-ഈയാൾ പറയുകയാണ്, അയാളുടെ തല വെട്ടിക്കളയാൻ അവിടുന്ന് കല്പിച്ചിരിക്കുന്നുവെന്ന്, സെക്രട്ടറി ബോധിപ്പിച്ചു.
-എന്നാൽ വെട്ടിക്കളഞ്ഞേക്ക്, ചക്രവർത്തി ക്രോധത്തോടെ മുക്രയിട്ടു.
അങ്ങനെ അയാളുടെ തല വെട്ടുകയും ചെയ്തു.
( ആധുനിക പോളണ്ടിന്റെ ഏറ്റവും ഇരുണ്ട കാലഘട്ടത്തിലൂടെ കൗമാരവും യൗവനവും കടന്നുപോയ ആന്ദ്രേ ബുർസയുടെ 'യക്ഷിക്കഥ' എന്ന കഥ.വിവ: വി. രവികുമാർ)