top of page

പ്രകൃതിക്കായി ജീവിതത്തിനായി അതിജീവനത്തിനായി വീണ്ടും ഒരുമിക്കാം

എഡിറ്റോറിയൽ


കേരളം അതിജീവനത്തിന്റെയും പ്രത്യാശയുടെയും മാനവികതയുടെയും പുതിയ പാഠങ്ങൾ ലോകത്തിനെ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു കാല ഘട്ടമാണിത്. കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിൽ ഒന്ന് നടന്നിട്ട് ആഴ്ചകൾ കഴിയുന്നതേയുള്ളൂ. 400 ൽ അധികം ജീവനുകളും അതി ലേറെപ്പേരുടെ ജീവിതവും സ്വപ്നങ്ങളും പ്രതീക്ഷകളും തകർന്നടിഞ്ഞത് ഭൂമിയുടെ പൊട്ടിത്തെറിമൂലമാണ്. മനുഷ്യൻ മണ്ണിനെയും ജലത്തെയും വായുവിനെയും ആവാസവ്യവസ്ഥയേയും ആർത്തിയോടെ അമിതമായി ചൂഷണം ചെയ്യുമ്പോൾ പ്രകൃതി ചില തിരിച്ചടികൾ നൽകാറുണ്ട്. അത് പ്രകൃതിക്ഷോഭമായും, ഉരുൾപൊട്ടലായും പ്രളയമായും മറ്റു പ്രകൃതി ദുരന്തങ്ങളായും കേരളത്തിൽ നിരന്തരമായി വേട്ടയാടിക്കൊണ്ടിരിക്കുന്നു.

                        മനുഷ്യൻ പ്രകൃതിയേയും വിഭവങ്ങളെയും വരുംതലമുറകൾക്ക് പോലും ബാക്കി വയ്ക്കാത്ത രീതിയിൽ അമിതമായി ചൂഷണത്തിനും കൈ കടത്തലിനും വിധേയമാക്കുമ്പോൾ നിസ്സഹായതയോടെ പ്രകൃതി പൊട്ടിത്തെറിക്കുന്നതാകാം ഈ പ്രകൃതിക്ഷോഭങ്ങൾ. പ്രകൃതിയെയും പരിസ്ഥിതിയെയും ആവാസവ്യവസ്ഥയെയും സംബന്ധിച്ച് ഒട്ടനവധി പഠനങ്ങളും റിപ്പോർട്ടുകളും വിവിധ ഏജൻസികളും സർക്കാരുകളും നടത്തിയിട്ടുണ്ട്. ഈ പഠനങ്ങളെല്ലാം അടിവരയിട്ട് പറയുന്നത് പ്രകൃതിയെ അമിതചൂഷണത്തിന് വിധേയമാക്കാതെ പ്രകൃതിയ്ക്കിണങ്ങി ജീവിക്കാനാണ്. മനുഷ്യൻ അവന്റെ സഹജമായ വെട്ടിപ്പിടിക്കൽ മനോഭാവം കൊണ്ടും ആധിപത്യ സ്വഭാവം കൊണ്ടും സ്വന്തം നിലനിൽപ്പുപോലും  അപകടത്തിലാണെന്ന് തിരിച്ചറിയാതെ വികസനത്തിന്റെയും ടൂറിസത്തിന്റെയും മറ്റുപലതിന്റെയും പേരിൽ കാലാകാലങ്ങളായി പ്രകൃതിചൂഷണം തുടർന്നുകൊണ്ടേയിരിക്കുന്നു. സമ്പന്ന വർഗ്ഗത്തിന്റെ ആർത്തിയോടെയുള്ള ഇത്തരം പ്രകൃതി ചൂഷണങ്ങൾ വലിയ വിപത്തായി മാറിക്കൊണ്ടിരിക്കുന്നു.

                            എല്ലാ കാലത്തും പ്രകൃതി ദുരന്തങ്ങളുടെ ദുരിതം  പേറേണ്ടി വരുന്നത് സാധാരണക്കാരായ മനുഷ്യരാണ്. അവരെ ഈ ദുരന്തത്തിലേക്ക് തള്ളിവിടുന്ന ധനശക്തികളും ഉത്തരവാദിത്തപ്പെട്ടവരും ഒരിക്കലും ഇത്തരം ദുരന്തങ്ങൾ നേരിട്ട് അനുഭവിക്കുന്നില്ല. വയനാട്ടിലെ ഉരുൾപൊട്ടലിലും സർവ്വവും നഷ്ടപ്പെട്ടവരിൽ ഭൂരിഭാഗവും  സമൂഹത്തിന്റെ താഴെത്തട്ടിലുള്ള സാധാരണ മനുഷ്യർ തന്നെയാണ്. വികസനം, ടൂറിസം, വിഭവങ്ങൾ കൈവശപ്പെടുത്തൽ തുടങ്ങി പല ഉദ്ദേശങ്ങളോടെയാണ് ധനശക്തികളും ചുമതലപ്പെട്ടവരും പ്രകൃതിയെയും വിഭവങ്ങളെയും ചൂഷണം ചെയ്യുന്നത്. ഇത്തരം ചൂഷണങ്ങൾ പ്രാദേശികമായ പ്രത്യേകതകളും ഭൂമിശാസ്ത്രപരവും പാരിസ്ഥിതികവുമായ പ്രത്യാഘാതങ്ങളും മനസ്സിലാക്കാതെ ചെയ്യുമ്പോഴാണ്  അവ വലിയ പ്രകൃതിദുരന്തങ്ങൾക്ക് വഴിമാറുന്നത്. ഒരു ദേശത്തിൻറെ ജീവതാളവും ജീവിതവും അനേകം പേരുടെ ജീവനുകളും ഇല്ലാതാക്കി കൊണ്ടാണ് ഒരു പ്രദേശം മുഴുവൻ വയനാട്ടിൽ അപ്രത്യക്ഷമായിപോയത്.

                        സർക്കാർ സംവിധാനങ്ങളും സന്നദ്ധ പ്രവർത്തകരും രാഷ്ട്രീയ സംഘടനകളും ഒരേ മനസ്സോടെ വയനാടിന്റെ അതിജീവനത്തിനും ഉയർത്തെഴുന്നേൽപ്പിനുമായി മുൻ പന്തിയിൽ നിൽക്കുന്നു എന്നത് ആശ്വാസകരമായ വസ്തുതയാണ്. ദുരന്തമുഖത്ത് മറ്റെല്ലാം മറന്ന് ഏകോദരസഹോദരങ്ങളെപ്പോലെ പ്രവർത്തിക്കുന്ന മനുഷ്യരിലാണ് ഭാവി കേരളത്തിന്റെ പ്രതീക്ഷ. സങ്കുചിതമായ താല്പര്യങ്ങൾക്ക് വേണ്ടി എല്ലാ നീതി ബോധവും മറന്നു പ്രവർത്തിക്കുന്നവർക്കിടയിൽ, പണത്തിനും പ്രശസ്തിക്കും വേണ്ടി എന്ത് ഹീനമാർഗവും ഉപയോഗിക്കുന്നവർക്കിടയിൽ സ്വന്തം ജീവൻ പോലും വകവയ്ക്കാതെ രക്ഷാപ്രവർത്തനത്തിലും ദുരന്തമുഖത്തെ മറ്റു പ്രവർത്തനങ്ങളിലും ആത്മാർത്ഥമായി ഇടപെട്ടുകൊണ്ടിരിക്കുന്ന ജനസമൂഹം നന്മയുടെ ഉറവകൾ വറ്റിയിട്ടില്ലെന്ന് തെളിയിക്കുന്നു. പ്രളയകാലത്തും നന്മയുടെ ഈ നല്ല മാതൃകകൾ നമ്മൾ കണ്ടതാണ്. മനസ്സുകൊണ്ട് അവരോട് ഐക്യപ്പെട്ടുകൊണ്ട് സഹായ ഹസ്തങ്ങൾ നീട്ടുന്നവരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട് എന്നതും ശുഭകരമാണ്. ദുരന്തഭൂമിയിലേക്ക് എത്തിച്ചേരുന്ന സാധനസാമഗ്രികളുടെയും ദുരിതാശ്വാസനിധിയിലേക്ക് വാഗ്ദാനം ചെയ്യപ്പെട്ട സഹായങ്ങളുടെയും വർദ്ധനവ് ദുരന്തത്തിനു മുന്നിൽ എല്ലാ മനുഷ്യരും തുല്യരാണെന്ന തിരിച്ചറിവിൽ നിന്ന് കൂടി ഉണ്ടായതാണ്. മനുഷ്യജീവിതം  ക്ഷണികമാണെന്ന തിരിച്ചറിവ് വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നതാണ് ഓരോ പ്രകൃതിദുരന്തങ്ങളും.

                               പ്രളയകാലത്തെയും കോവിഡ്കാലത്തെയും പ്രവർത്തനങ്ങളിലൂടെ ലോകത്തിനുതന്നെ മാതൃകയായ കേരളീയസമൂഹം ഈ ദുരന്തകാലത്ത് വീണ്ടും ലോകത്തിന് നന്മയുടെയും സ്നേഹത്തിന്റെയും ത്യാഗ ത്തിന്റെയും അനുകമ്പയുടെയും പുതിയ പാഠങ്ങൾ പകർന്നു നൽകുകയാണ്. യാതൊരു വിവേചനചിന്തയും കൂടാതെ കേരളം ഒറ്റക്കെട്ടായി അതി ജീവനത്തിന്റെ പാതയൊരുക്കുവാൻ മുന്നിട്ടിറങ്ങിയിരിക്കുന്നു എന്നത് ഏറ്റവും  ശുഭകരമാണ്. ദുരന്തങ്ങൾക്ക് മുന്നിൽ മനുഷ്യൻ, എത്ര വലിയവനാ യാലും സമ്പന്നനായാലും പ്രശസ്തനാ യാലും നിസ്സഹായനായി നിൽക്കാൻ മാത്രമേ കഴിയൂ എന്ന് തിരിച്ചറിവ്, സൗഹാർദ്ദത്തിന്റെയും സമഭാവന യുടെയും സാഹോദര്യത്തിന്റെയും ഒരു പുതിയ ജീവിതദർശനം കൂടി പകർന്നു നൽകുന്നു. ദുരന്തബാധിതർ എത്രയും വേഗത്തിൽ സാധാരണ ജീവിതത്തിലേ ക്ക് തിരിച്ചുവരട്ടെയെന്ന് പ്രത്യാശിക്കാം. പ്രകൃതിക്കായി ജീവിതത്തിനായി അതിജീവനത്തിനായി വീണ്ടും എല്ലാ വരെയും ഒരുമിച്ച് ചേർത്തുപിടിച്ചു കൊണ്ട് നമുക്കു മുന്നേറാം…


ഡോ.ലാലു.വി

അസോസിയേറ്റ് പ്രൊഫസർ & വകുപ്പധ്യക്ഷൻ

മലയാളവിഭാഗം

സർക്കാർ വനിതാകോളേജ് തിരുവനന്തപുരം

 

124 views1 comment

Related Posts

bottom of page