top of page

പ്രാണൻ്റെ പിടച്ചിലും പ്രതിഷ്ഠയും

എഡിറ്റോറിയൽ


എല്ലാ പ്രതിഷ്ഠകൾക്കും എല്ലാ ഉത്സവങ്ങൾക്കും പിന്നിൽ  പ്രാണൻ പിടയുന്ന ശബ്ദം മറയ്ക്കപ്പെടുന്നു. നമ്മുടെ ആഘോഷ ദിനങ്ങളിൽ , ആത്മഹത്യ ചെയ്ത കർഷകൻ 'സഹോദരാ ഞാൻ തോറ്റു പോയി' എന്നു മരിക്കും മുമ്പ്  രേഖപ്പെടുത്തുമ്പോൾ അത് ജനങ്ങളുടെ ഹൃദയത്തിൽ തീ കത്തിക്കുന്നു. നമ്മുടെ ആഘോഷങ്ങൾക്ക് വേണ്ടി  ചിക്കൺ കടയിലെ വീപ്പയ്ക്കുള്ളിൽ ചോരയിൽ പിടയുന്ന ജീവനുകളെ ഓർമ്മ വരും. എല്ലാ ഉത്സവങ്ങൾക്കും അതിൻ്റേതായ ബലികൾ ഉണ്ട്. ചവിട്ടിത്താഴ്ത്തിയതിൻ്റെയും കുരിശ്ശിൽ തറച്ചതിൻ്റേയും ഓർമ്മകളാണ് നമ്മുടെ ആഘോഷങ്ങൾ. വന്യമൃഗത്തെ വീഴ്ത്തിയതിൻ്റെ ആഘോഷമാണ് പ്രാചീന നൃത്തങ്ങൾ.


അയോധ്യയിൽ രാജ്യത്തിൻ്റെ പ്രധാനമന്ത്രി പ്രാണപ്രതിഷ്ഠ നടത്തുമ്പോൾ,    ഇന്ത്യൻ ജനാധിപത്യത്തിൻ്റെ പ്രാണനാണ് പിടഞ്ഞു മരിക്കുന്നത്. മതാധിപത്യത്തിനെതിരെ ചൊരിഞ്ഞ ചോരയിൽ കുഴച്ചു പണിത ജനാധികാരത്തിൻ്റെ താഴികക്കുടങ്ങളാണ് ഉടഞ്ഞുതകരുന്നത്.


 രാമനെ ദൈവമാക്കിയ തുഞ്ചൻ്റെ ദിനം ഇങ്ങനെ ആഘോഷിച്ചാൽ ഉണ്ടാകുന്നത് മറുത്തു പറഞ്ഞാൽ തല തെറിക്കുന്ന സമൂഹം ആയിരിക്കുമെന്നാണ് രാമനെ മനുഷ്യനാക്കിയ മാരാര് പറഞ്ഞത്.( തുഞ്ചൻ ദിനത്തിലൂടെ ) എഴുത്തുകാരുടെ മരിച്ച ദിനങ്ങളും ജനിച്ച ദിനങ്ങളും ആഘോഷിക്കുന്നവർ... അവാർഡും തോട്ടിയും കൊണ്ട് അനുസരണവന്ന ,ഇടയിൽ ചെറുതായി ഇടഞ്ഞ് ഉത്സവത്തെ വേണ്ടത്ര ക്ഷോഭജനകമാക്കുന്ന ആനകൾ അണിനിരക്കുന്ന സാഹിത്യോത്സവങ്ങൾ... ഇതെല്ലാം ഉള്ള ഒരു നാടാണ് നമ്മുടേത്.  അതൊരു പിൻമടക്കമാണ്.


രാമപ്രതിഷ്ഠ- അരുവിപ്പുറം പ്രതിഷ്ഠയുടെ വിപരീതമാണത്.


പ്രതിഷ്ഠകളും നിസ്കാരവും സുന്നത്തു കല്യാണവും മറ്റും നടത്തിക്കൊടുക്കുന്ന ആളായി നാരായണ ഗുരുവെ  കാണുന്നവരുണ്ട്.ന്യൂനപക്ഷ-ഭൂരിപക്ഷമതങ്ങളുടെ പേരിൽ ഉണ്ടായ സ്വത്വവാദമാണ്  പുതിയ കാലത്തെ മതവ്യവസായത്തിന് അടിത്തറയിട്ടത്. അതു വിഭജിച്ചു ഭരിച്ച കൊളോണിയലിസത്തെ തുടർന്ന് ഉണ്ടായ ആഗോളീകരണത്തിൻ്റെ സാമ്പത്തിക പ്രത്യയശാസ്ത്ര ബന്ധങ്ങളുടെ നിർമ്മിതിയായിരുന്നു.എൻ. എസ്. മാധവൻ്റെ സ്വത്വവാദകഥയായ 'തിരുത്തി 'ലെ ചുല്യാറ്റ് സുഹ്രയെ തലോടി സാന്ത്വനിപ്പിച്ച പോലെ, അടുത്തുയരാൻ പോകുന്ന മുസ്ലീം സാന്ത്വനപ്പള്ളിയും വ്യവസായ കേന്ദ്രമായി വളരും. ആരാധനാലയങ്ങൾ ടൂറിസ്റ്റ് കേന്ദ്രങ്ങളാവുകയും എല്ലാറ്റിൻ്റേയും നടത്തിപ്പുകാർ ഞങ്ങൾ തന്നെയാകുകയും വേണം. എല്ലാരും മതവത്കരിക്കുമ്പോൾ എളുപ്പത്തിൽ അധികാരവും പണവും ലഭിക്കും.


എല്ലാ പ്രതിഷ്ഠകൾക്കും പിന്നിൽ അക്ഷമനായ രാജാവും തല തകർന്നു താഴേക്ക് വീണു മരിക്കുന്ന ജനങ്ങളും ഉണ്ട് എന്നു പറഞ്ഞ എഴുത്തുകാരനാണ് 'പ്രതിഷ്ഠ ' എന്ന കഥയെഴുതിയ വി.പി.ശിവകുമാർ. പ്രതിഷ്ഠ നടന്നപ്പോൾ മന്ത്രം ജപിച്ചവരും വിളക്ക് കത്തിച്ചു വച്ചവരും രാമവിഗ്രഹത്തിൻ്റെ ഭാഗങ്ങൾ വരച്ചു അടയാളപ്പെടുത്തിയ പത്രക്കാരും ഓർക്കുക ആരും അവസാനത്തെ ബലിയില്ല.


 

125 views1 comment

Related Posts

bottom of page