top of page

കവിയുടെ വില

എഡിറ്റോറിയൽ

സർക്കാർ സാഹിത്യസ്ഥാപനത്തിൽ നിന്നും പ്രസംഗത്തിന് തനിക്ക് ലഭിച്ച തുക കുറഞ്ഞു പോയി എന്ന അർത്ഥത്തിൽ,നിങ്ങൾ എനിക്കു കല്പിച്ചിരിക്കുന്ന വില ഇത്രയാണോ എന്നു ഒരു കവി ചോദിച്ചിരിക്കുന്നു. കവികൾക്ക് അഥവാ എഴുത്തുകാർക്ക് വലിയ വില ഉണ്ട് എന്നത് എഴുത്തുകാരുടെ, വലിയ ഉറപ്പില്ലാത്ത ഒരു തെറ്റിദ്ധാരണയാണ്. തൻ്റെ കയ്യിലെ കല്ലും നെല്ലും നിറഞ്ഞ കവിതയുടെ അവിൽപ്പൊതികൊണ്ട് പട്ടിണി മാറ്റാമെന്നത് കവികളുടെ വളരെ പഴയ വ്യാമോഹമാണ്.കവികൾ തൻ്റെ വിലയെക്കുറിച്ച് ഉത്കണ്ഠപ്പെടുമ്പോൾ തന്നെ സ്വയം അവർ ഇടുന്ന വില വളരെ കുറവായിരിക്കും. രണ്ടായിരത്തി നാനൂറിന് പകരം അയ്യായിരമോ പതിനായിരമോ ചോദിച്ചു വാങ്ങുമ്പോഴോ ചോദിക്കാതെ കൊടുക്കുമ്പോഴോ തൃപ്തിയാകുന്ന ഈഗോ മാത്രമേ എഴുത്തുകാരനുള്ളൂ. നമ്മുക്കെല്ലാം അറിയാവുന്നതു പോലെ ഒരു സിനിമയിൽ പാടിയ ഒരു പാട്ടുകാരന് അല്ലെങ്കിൽ പാട്ടുകാരിക്ക് അതിൻ്റെ പതിൻമടങ്ങ് ചോദിക്കാതെ നമ്മൾ നൽകും.സാഹിത്യ ഉത്സവങ്ങൾ ഉദ്ഘാടനം  ചെയ്യാൻ തന്നെ എഴുത്തുകാർ പോരാ എന്നു നമ്മുക്കറിയാം.സൂപ്പർ സ്റ്റാർ എത്തേണ്ടി വരുന്നു. ആളെക്കൂട്ടാൻ ജുവല്ലറി ഉദ്ഘാടനത്തിനൊക്കെ പോകുന്ന നടി എത്തേണ്ടി വരുന്നു.

 

അതിനു കാരണം ജുവലറിയും  സിനിമയും സാഹിത്യത്തെക്കാൾ വലിയ വിപണി ആണ് എന്നതുകൊണ്ടാണ്. സാഹിത്യകാരനായാലും മറ്റ് കലാകാരനായാലും മറ്റ് ഏതു വ്യക്തിയായാലും ഇന്ന് ഒരാളിൻ്റെ വില എന്നത് അയാൾ എത്ര ലാഭമുണ്ടാക്കി കൊടുക്കുന്നു എന്നതിലാണ്.ചലച്ചിത്ര ഗാന രചയിതാവ് കൂടുതൽ ലാഭമുണ്ടാക്കിക്കൊടുക്കുന്നതിനാൽ മാസികയിൽ കവിത എഴുതുന്ന കവിയെക്കാൾ വിലയുള്ളയാളാണ്. അതു കൊണ്ട് സിനിമയിൽ അഭിനയിക്കുന്ന കവിക്കും സിനിമാപ്പാട്ടെഴുതുന്ന കവിയ്ക്കും കൂടുതൽ വിലയുള്ളതായി സ്വയം തോന്നും. സർഗ്ഗാത്മകതയും വിലയും തലകീഴായി ആണ് എപ്പോഴും നിലകൊള്ളുന്നത്. ഒരു സിനിമയിൽ ഏറ്റവും സർഗ്ഗാത്മക ഇടപെടൽ നടത്തുന്ന തിരക്കഥാകൃത്തിനേക്കാൾ സംവിധായകനേക്കാൾ വിപണി മൂല്യം കാഴ്ചപ്പെടുന്ന നടനായിരിക്കും. സംഗീത സംവിധായകനെക്കാൾ വില പാടുന്നവനായിരിക്കും. യഥാർത്ഥത്തിൽ ഈണവും താളവും നിർമ്മിക്കുന്ന ആദിവാസിയെക്കാൾ വില അത് അനുകരിക്കുന്ന സംഗീത സംവിധായകനായിരിക്കും. അതു കൊണ്ട് റിയാലിറ്റി ഷോയിൽ ആദിവാസിയെക്കൊണ്ട് വന്ന് പാടിച്ചിട്ട് നമ്മുടെ ജഡ്ജികൾ അഭിനന്ദിക്കുകയും മാർക്കിടുകയും ചെയ്തു കളയും.

 

സത്യത്തിൽ ഇന്ന് സാഹിത്യവും വലിയ വിപണിയാണ്. വിപണി കേന്ദ്രിത അധികാരത്തെ സഹായിക്കുന്ന ആശയങ്ങളുടെ വില്പനകേന്ദ്രമാണ്. അരാഷ്ട്രീയ ഉപഭോക്തൃ സമൂഹത്തെ സൃഷ്ടിക്കാൻ ഇറക്കുമതി ചെയ്യപ്പെട്ട ആശയ വിപണിയായിരുന്നു ഒരു കാലത്തെ അസ്തിത്വവാദം. അന്നു അസ്തിത്വവാദമില്ലാത്ത മൗലിക എഴുത്തുകാർക്ക് ഒരു വിലയുമില്ലായിരുന്നു. പലരും ആത്മഹത്യ ചെയ്തു. പലരും പിൻ വാങ്ങി. ഇന്നത്തെ പോലെ സൈബർ സ്ഥലത്ത് പ്രസിദ്ധീകരിച്ച് സംതൃപ്തിയടയാനും കഴിയില്ലായിരുന്നു.അസ്തിത്വവാദത്തിൻ്റെ അരാഷ്ട്രീയതയുടെ  തുടർച്ചയായിരുന്നു സ്വത്വവാദ ആശയ പരിസരത്ത് എത്തിയ ദളിത്- സ്ത്രീ-പരിസ്ഥിതി ആശയ വിപണി. പഴയ അസ്തിത്വവാദികളിൽ സ്വത്വവാദകദനകഥകൾ പറയാൻ പാകത്തിന് മലക്കം മറിയാൻ ശേഷിയില്ലായിരുന്നവർക്ക് വലിയ വിലയിടിവ് സംഭവിച്ചു.സ്വത്വവാദആശയ വിപണിയും വില പിടിപ്പുള്ള കവികളെയും നിരൂപകരെയും സൃഷ്ടിച്ചു. ഇന്നിപ്പോൾ അതും ഇല്ലാതായി. സൈബർ തെരുവോരത്ത്, എൻ്റെ കവിത ഒരു മാസികയും പ്രസിദ്ധീകരിക്കുന്നില്ല എന്നു പറഞ്ഞു കരയുന്ന ദളിത് കവികൾ പ്രത്യക്ഷപ്പെടുന്നത് അതുകൊണ്ടാണ്. എഴുത്തുകാർ മനസിലാക്കേണ്ടത് നമ്മുക്ക് കിട്ടുന്ന വില നാം നല്ല സാഹിത്യമെഴുതുന്നതു കൊണ്ടല്ല, ആർക്കോ ലാഭം കിട്ടുന്ന ആശയങ്ങൾ പ്രചരിപ്പിക്കുന്നു എന്നതുകൊണ്ടാണ് എന്നാണ്. നല്ല എഴുത്തുകാർക്ക് ഒരു കാലത്തും ഒരു വിലയും ഇല്ലായിരുന്നു. അവർ കവിത എഴുതിയാലും മർദ്ദിക്കപ്പെട്ടാലും മരണപ്പെട്ടാലും ഒരു പത്രവും വാർത്തയാക്കില്ല.

 

 എന്നാൽ മൊത്തം വിപണിവത്കരിക്കപ്പെടുമ്പോൾ സാഹിത്യ വിപണിക്ക് മറ്റ് വിപണിയുടെ അത്ര പ്രാമുഖ്യം ലഭിക്കാത്തത് എന്തു എന്നു സ്വഭാവികമായും സംശയം വരാം.അതിനു വേണ്ടിയുള്ള സമരങ്ങളും നടന്നിട്ടുണ്ട്.

1970-കളിൽ, അമിരി ബറാകയും സോണിയ സാഞ്ചസും ഉൾപ്പെടെയുള്ള ഒരു കൂട്ടം കവികൾ അമേരിക്കയിൽ തങ്ങളുടെ ജോലിക്ക് മെച്ചപ്പെട്ട വേതനവും അംഗീകാരവും ആവശ്യപ്പെട്ട് സമരങ്ങളും പ്രതിഷേധങ്ങളും സംഘടിപ്പിച്ചു.2013-ൽ, UKയിലെ കവികൾ കവിതാ വായനയ്ക്കും പ്രകടനങ്ങൾക്കും കിട്ടുന്ന കുറഞ്ഞ ശമ്പള നിരക്കിൽ പ്രതിഷേധിച്ച് "Poets Strike Back" എന്ന പേരിൽ ഒരു ക്യാമ്പയിൻ ആരംഭിച്ചു.യുകെയിൽ, കവികൾക്ക് കുറഞ്ഞ വേതനത്തിൻ്റെ പ്രശ്നം പരിഹരിക്കുന്നതിനായി 2020 ൽ കവിത സൊസൈറ്റി "കവിത പേ റൈസ്" എന്ന പേരിൽ ഒരു കാമ്പയിൻ ആരംഭിച്ചു. വിപണിമൂല്യമുള്ള ആശയങ്ങളുടെയും കോർപ്പറേറ്റ് പത്ര-പുസ്തകപ്രസാധകർ നടത്തുന്ന സാഹിത്യ ഉത്സവങ്ങളുടെയും വാഹകരായ എഴുത്തുകാർ ഉയർന്ന കൂലി സ്വാഭാവികമായും ആഗ്രഹിക്കും, പത്രസ്ഥാപനങ്ങൾ നൽകുന്ന പ്രശസ്തിക്ക് പുറമേ.അതിൽ തെറ്റില്ല.

 

എന്നാൽ അധീശവ്യവസ്ഥയുടെ ചോദ്യം ചെയ്യലിനു വേണ്ടി പത്രസ്ഥാപനം നടത്തി കടക്കാരായവരും പീഡിപ്പിക്കപ്പെട്ടവരും ആരെങ്കിലും കേട്ട് വർഗ്ഗ ബോധം ഉണ്ടാകുമെന്ന് കരുതി ഫാക്ടറികൾക്കു മുന്നിൽ വെറുതെ പ്രഭാഷണം നടത്തി തൊണ്ട കീറിയവരും സാഹിത്യരചന നടത്തി പട്ടിണിയായവരും ജയിലിലായവരും ഒക്കെ തീർത്ത ഒരു ലോകത്തിരുന്നാണ് നമ്മൾ ഉത്സവങ്ങളും കൂലിത്തർക്കങ്ങളും ആരാണ് വലിയ കവി എന്ന ചർച്ചകളും നടത്തുന്നത് എന്ന് ഓർത്താൽ നന്നായിരിക്കും.


 

218 views1 comment
bottom of page