top of page

സനാതനധർമ്മവും വിദ്യാഭ്യാസവും

എഡിറ്റോറിയൽ

പല പ്രാവശ്യം താൻ മദ്യപാനം നിർത്തിയിട്ടുണ്ട് എന്നു ആത്മാർത്ഥമായി പറയുന്ന ഒരാളിനെപ്പോലെയാണ് വിദ്യാഭ്യാസത്തിലെ സനാതനധർമ്മം. പറയുന്നത് ശരിയുമാകാം തെറ്റുമാകാം.ഓരോ കാലത്തെയും വിദ്യാഭ്യാസസമ്പ്രദായം ഓരോ സനാതനധർമ്മങ്ങൾ പഠിപ്പിക്കും. മദ്യപാനം പല പ്രാവശ്യം നിർത്തുകയും തുടരുകയും ചെയ്യുന്നതുപോലെ 'ശാശ്വതമായ മൂല്യങ്ങൾ' പല പ്രാവശ്യം നിർത്തുകയും തുടരുകയും ചെയ്യും.


മുന്നിൽ ആരെന്നു നോക്കാതെ യുദ്ധം ചെയ്ത് ആളുകളുടെ തല കൊയ്യുന്ന മിടുക്കനാവുക എന്നത് ബ്രാഹ്മണമതത്തിൻ്റെയും ഭഗവദ്ഗീതയുടെയും കാലത്തെ സനാതനധർമ്മമായിരുന്നു. മുന്നിൽ ആരെന്നു നോക്കാതെ ലാഭം കൊയ്യുന്ന മിടുക്കനാവുക എന്നതാണ് ഇന്നത്തെ സനാതനധർമ്മം. അതുകൊണ്ട് ഒരു കാലത്ത് അസ്ത്രവിദ്യ പഠിച്ചു, ഇന്ന് വിപണവിദ്യ പഠിക്കുന്നു. ഇന്ന് അതിനുവേണ്ട സാങ്കേതികവിദ്യ അറിയാവുന്നവർ മാത്രം മികച്ചവരായി മാറുന്നു. രണ്ടാംഭാഷയായ മലയാളം ഇനി ഒരു വർഷം പഠിച്ചാൽ മതിയാകും. ഭാഷയും സാഹിത്യവും സനാതനധർമ്മത്തിന് പുറത്താകുന്നു. കോളേജുകളിലൊക്കെ കണക്കുകളും കള്ളക്കണക്കുകളും കമ്പ്യൂട്ടറിലാക്കുന്ന ഐ.ക്യു.എ.സി.കൺവീനറായി മലയാളഅധ്യാപകർ വന്നപ്പോൾ ഒരു മലയാളഅധ്യാപകവാട്ട്സപ്പ് ഗ്രൂപ്പ് അതിൽ അഭിമാനിക്കുന്നതായി എഴുതിക്കണ്ടു. ഇത്തരത്തിൽ സ്മാർട്ട് അധ്യാപകരും സ്മാർട്ട് ക്ലാസ്സ് റൂമുകളും സ്മാർട്ട് ലോൺ വാങ്ങിയെത്തുന്ന സ്മാർട്ട് വിദ്യാർത്ഥികളും നിറഞ്ഞ ഒരു സനാതനലോകം.


മലയാളത്തിലെ രണ്ട് മികച്ച നിരൂപകരായ മാരാരും മുണ്ടശ്ശേരിയും സനാതനധർമ്മത്തെച്ചൊല്ലി വലിയ ചർച്ചകൾ നടത്തിയിട്ടുണ്ട്. മാരാര് പറഞ്ഞത് കൃതിയിൽ നിന്നും സനാതനധർമ്മം അന്വേഷിക്കണമെന്നാണ്. മുണ്ടശ്ശേരി പറഞ്ഞത് അതത്കാലത്തിൽ ഒടുങ്ങിത്തീരുന്ന മൂല്യങ്ങളേയുള്ളൂ എന്നാണ്. എന്നാൽ മഹാഭാരതം വായിച്ചപ്പോൾ മാരാര് പറഞ്ഞത് ഭഗവദ് വചനാമൃതങ്ങളുടെ -എന്നു വച്ചാൽ സനാതനധർമ്മങ്ങളുടെ _ പരാജയ സ്ഥാനത്തിൽ നിന്നാണ് മഹാഭാരതം തുടങ്ങുന്നത് എന്നാണ്. മുണ്ടശ്ശേരിയാകട്ടെ, 'മൃച്ഛകടികം ' എന്ന അധ:സ്ഥിത വർഗ്ഗമുന്നേറ്റം അവതരിപ്പിക്കുന്ന നാടകം സനാതനമൂല്യമുള്ളതാണെന്നു പറഞ്ഞു. ആധിപത്യവും അടിമത്തവും അതിനെതിരായ സമരവും ഒരേ സമയം ക്ഷണികവും സനാതനവുമാണ്.


പഴയ ഒരു ആലങ്കാരിക പുസ്തകത്തിൽ (ധ്വന്യാലോകം ) ഇങ്ങനെ പറയുന്നുണ്ട്. "മൂന്നാളുകൾ പൊൻപൂവുള്ള ഭൂമിയിൽ നിന്നും ധനം നേടുന്നു. ശൂരനും പഠിച്ചവനും സേവാധർമ്മം അറിയുന്നവനും." സേവാധർമ്മവും ഒരു സനാതനധർമ്മമാണ്. അധികാരത്തിന് മുന്നിൽ കൈകൾ കൂട്ടിക്കെട്ടി തലകുനിച്ച് നിൽക്കുന്ന ഒരാളിൻ്റെ ഫോട്ടോ പത്രത്തിൽ കണ്ടു. അതൊരു സൂചകവും ആനന്ദവർദ്ധനകാലം മുതലേയുള്ള ഫോക് ലോർ പാഠവും സനാതനധർമ്മവുമാണ്. മുൻഭാഗത്ത് കൈകൾ കൂട്ടിക്കെട്ടി നിൽക്കുക എന്നത് ലിംഗപരമായ അസാധുവത്കരണമാണെന്നു മനശ്ശാസ്ത്രജ്ഞർ പറയും. അത്തരം ഒരു പ്രതിമ എല്ലാ ഭരണകൂടങ്ങൾക്കും അവാർഡിനൊപ്പം കൊടുക്കാവുന്ന ഒരു സനാതനശില്പമാണ്.


അതായത്,

ആധിപത്യവും അടിമത്തവും അതിനെതിരായ സമരവും ഒരേ സമയം ക്ഷണികവും സനാതനവുമാണ്.

ഇതറിയുമ്പോൾ മാത്രമേ വിദ്യാഭ്യാസം അതിൻ്റെ അധ്വാനപക്ഷലക്ഷ്യം പ്രാപ്യമാക്കുകയുള്ളു.


ഇതറിയാമായിരുന്ന ഒരാൾ എം.എൻ വിജയനായിരുന്നു. അദ്ദേഹം വിട്ടു പോയിട്ട് ഒക്ടോബർ 3ന് പതിനാറ് വർഷമാകുന്നു. പക്ഷെ ആശയങ്ങൾ കൂടുതൽ പ്രസക്തമാകുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്.


ഡോ. ഷൂബ. കെ. എസ്.

ചീഫ് എഡിറ്റര്‍.



1 comment

Related Posts

bottom of page