top of page

വിദ്യാഭ്യാസം : മിത്തും യാഥാർത്ഥ്യവും

എഡിറ്റോറിയൽ

വീണു കിട്ടുന്ന ആശയങ്ങൾ തട്ടിക്കളിക്കുന്ന പ്ലേഗ്രൗണ്ടായി സർവ്വകലാശാലകളും അക്കാദമികരംഗവും ഇന്നു മാറിയിട്ടുണ്ട്.ഒരു ഉപയോഗവുമില്ലാത്ത വസ്തുവായി നമ്മുടെ തലകൾ തറയിലുരുളുമ്പോൾ ആകാശത്ത് ആരോ പുഷ്പവൃഷ്ടി നടത്തുന്നു. രണ്ടായിരത്തിന് ശേഷം ഉത്തരാധുനികത എന്നു വ്യവഹരിക്കപ്പെട്ട പൊതുപരിസരത്തിൽ സംസ്കാരപഠനം, ഭിന്നലൈംഗികത, ഭിന്നശേഷി, വംശീയത, സ്വത്വം, ദളിതിസം, ഇരവാദം തുടങ്ങിയ സംപ്രത്യയങ്ങളിലൂടെ അക്കാദമിക-മാധ്യമ വ്യവസായരംഗങ്ങളിൽ പരിമിതികളുടെ ആഘോഷം നടന്നു. ജാതിമതസംസ്കാര വ്യവസായം പുഷ്ടി പ്രാപിച്ചു. സമാന്തരമായി പുതിയ ജാതിസംഘടനകൾ ഉദയം ചെയ്യുകയും പഴയ ജാതിസംഘടനകൾക്ക് ഇതുവരെയില്ലാത്ത ഉണർവ്വുണ്ടാകുകയും ഫാസിസ്റ്റ് ഭരണകൂടങ്ങൾ രൂപപ്പെടുകയും ചെയ്തു.കേരളത്തിൽ 2009-ൽ ഇരവാദ സിദ്ധാന്തപരിസരത്തിൽ രൂപംകൊണ്ട ഒരു സംഘടന സ്വന്തം പരസ്യത്തിനായി ആണ് ഒരാളെ കൊന്നത് എന്നു കോടതിയിൽ മൊഴി നൽകി. 2018-ൽ ഒരു വിദ്യാർത്ഥി കൊല്ലപ്പെടുന്നു.2010 ൽ ജോസഫ് മാഷ് ആക്രമിക്കപ്പെടുന്നു. കടംകൊണ്ട ആശയങ്ങൾ കാമ്പസുകളെ ഒരു മിത്താക്കി മാറ്റി. അതിന് കൊടുക്കേണ്ടി വന്നത് അധ്യാപകൻ്റെ വലതുകൈ ആയിരുന്നു. ചോദ്യങ്ങൾ നിർമ്മിക്കാനാവാത്ത അവസ്ഥയിലേയ്ക്ക് കാമ്പസുകൾ മാറിക്കൊണ്ടിരിക്കുന്നു.


മിത്തുകളുടെ ചരിത്രവത്കരണമാണ് വിദ്യാഭ്യാസം. പുതിയ കാല മത-ജാതി സംസ്കാരവ്യവസായം മിഷണറി കാലത്തെന്ന പോലെ മിത്തുകളുടെ ശേഖരമാക്കി വിദ്യാഭ്യാസത്തെ മാറ്റി. ഫോക്‌ലോർ പഠനത്തിലും സ്വത്വവാദ സംസ്കാരപഠനത്തിലും ജാതികളും മിത്തുകളും മാത്രമേ ഉള്ളൂ. അതിലിപ്പോഴും മുസ്ലീങ്ങൾ ബിരിയാണിയും ഈഴവർ പുട്ടുമാണ് കഴിച്ചു കൊണ്ടിരിക്കുന്നത്. പരിണാമസിദ്ധാന്തം നമുക്ക് പഠിക്കേണ്ടാത്ത പാഠമാണ്. പഠിച്ചാലും അതു മറ്റൊരു മിത്തായി മാറും. ശാസ്ത്രവും വികസനവും പുതിയകാല മിത്തുകളാണ്. പഴയ ദൈവങ്ങൾ സാധിച്ചത് തന്നെയാണ് ശാസ്ത്രസിനിമകളിലെ സൂപ്പർമാനുകൾ ചെയ്യുന്നത്. ടോൾ കൊടുക്കാനില്ലാത്തവർക്ക് വഴി നിഷേധിക്കുന്ന ആറുവരിപാതകൾ വികസനത്തിൻ്റെയും സ്വാതന്ത്ര്യത്തിൻ്റെയും മിത്താണ്. വലിയ വഴികളിൽ കയറാനാവാതെ ചെറുപാതകളിൽ ചിതറി മരിക്കുന്നവർ യഥാർത്ഥ്യവും.ചരിത്രത്തോട് വിട പറയുമ്പോൾ ശാസ്ത്രവും വികസനവും വിദ്യാഭ്യാസവും മിത്തായി മാറുന്നു.ആറു കൈ കൊണ്ടു ചെയ്യേണ്ട പണികൾ ഒരു ദിവസത്തിൽ ഇരുകൈ കൊണ്ട് ചെയ്ത് തീർക്കേണ്ടി വരുന്ന സ്ത്രീ യാഥാർത്ഥ്യവും ആറു കയ്യുള്ള ദേവത മിത്തുമാണ്.സ്ത്രീയുടെ മിടുക്കും ഗതികേടും പുരാവൃത്തപഠനത്തിലൂടെ കണ്ടെടുക്കുന്ന പ്രക്രിയയാണ് വിദ്യാഭ്യാസം.


ഡോ. ഷൂബ. കെ. എസ്.

ചീഫ് എഡിറ്റര്‍.


270 views0 comments
bottom of page