top of page

നൈപുണി വിദ്യാഭ്യാസവും ഇടത് വിദ്യാഭ്യാസദർശനവും

സംസ്കാരപഠനം

വിദ്യാഭ്യാസത്തെക്കുറിച്ച് നമ്മൾ പൊതുവെ കേൾക്കുന്ന വാക്യങ്ങൾ ഉണ്ട് “വിദ്യാഭ്യാസം രസകരവും ആസ്വാദ്യകരവുമാകണം, കളികളും പാട്ടും ചിരിയുമൊക്കെ നിറഞ്ഞതാകണം" ഇത്തരത്തിലുള്ള വാക്കുകളാണവ.സത്യത്തിൽ നമ്മളെ ഏറ്റവും തെറ്റിദ്ധരിപ്പിച്ച വാക്കുകളാണിത്. പഠനം ആസ്വാദ്യകരം ആകണം എന്നതിൽ സംശയമില്ല. പക്ഷെ അതേസമയം തന്നെ വിദ്യാഭ്യാസം വളരെയധികം ഗൗരവമേറിയ ഒരു പ്രക്രിയയുമാണ് എന്നത് നമ്മൾ മറക്കരുത്. അതിൽ വേദനയും ബുദ്ധിമുട്ടും എല്ലാമുണ്ട്. “സുഖം നമ്മളെ ഒന്നും പഠിപ്പിക്കുന്നില്ല. ദുഖം മാത്രമാണ് നമ്മളെ എന്തെങ്കിലും പഠിപ്പിക്കുന്നത് '' എന്ന വാക്കുകൾക്ക് ഇവിടെ ഏറെ പ്രസക്തിയുണ്ട്. 'വിശസനം സുഖികളെ വിജ്ഞരാക്കുന്നു ' എന്നു ആശാൻ പറയുന്നുണ്ട്.വേദന, ദുഖം, കറുപ്പ്, വിയർപ്പ് എന്നിവയൊന്നുമില്ലാത്ത ഒരു സുന്ദരവും മനോഹരവുമായ ലോകത്തെക്കുറിച്ചുള്ള സങ്കൽപം സൃഷ്ടിക്കാൻ പരിശ്രമിക്കുന്ന ശക്തികൾ തന്നെയാണ് ആനന്ദകരമായ വിദ്യാഭ്യാസ പ്രക്രിയയെ കുറിച്ചും പ്രചരണം നടത്തുന്നത്. കലഹങ്ങളും സംവാദങ്ങളും എതിർപ്പുകളും ഇല്ലാത്ത ഒരു വിദ്യാഭ്യാസരംഗത്തെ (special education zone)സൃഷ്ടിക്കുക എന്നത് തന്നെയാണ് ഇവരുടെ ലക്ഷ്യം.


'ഭാവിയെ നിർമ്മിക്കാനുള്ള യാഥാസ്ഥിതമായ ഒരു പരിശീലനം' എന്നാണ് വിദ്യാഭ്യാസത്തെക്കുറിച്ച് വിജയൻ മാഷ് ഒരിക്കൽ പറഞ്ഞത്. ഭാവിയെ രൂപപ്പെടുത്ത ലാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം എന്നാണ് ഡി.എസ്. കോത്താരിയും പറഞ്ഞിട്ടുള്ളത്. എന്നാൽ ഈ പരിശീലനപ്രക്രിയയിൽ നിന്നും യാഥാസ്ഥിതികതയെ എത്രമാത്രം ഒഴിവാക്കാൻ കഴിയും എന്ന അന്വേഷണമാണ് പുരോഗമനവിദ്യാഭ്യാസം ആവശ്യപ്പെടുന്നത്. അത്തരത്തിൽ യാഥാസ്ഥിതികതയിൽ നിന്നുമുള്ള വഴിമാറി നടത്തമായിരുന്നു നവോത്ഥാനം. അങ്ങനെയാണ് വിദ്യാഭ്യാസ രംഗത്തേക്ക് ജനാധിപത്യവും സ്വാതന്ത്യവും സമത്വവുമൊക്കെ കടന്നു വരുന്നത്. എന്നാൽ ഡോ.അമൃത് ജി.കുമാർ എം എൻ വിജയൻ അനുസ്മരണ പരിപാടിയിൽ പറഞ്ഞത് പോലെ അസമത്വത്തിന്റെ കേളീരംഗമായ അമേരിക്കയുടെ വിദ്യാഭ്യാസപദ്ധതികളെയാണ് ഇന്ന് നമ്മൾ ആലിംഗനം ചെയ്യുന്നത്. കോർപ്പറേറ്റുകളാൽ നിയന്ത്രിക്കപ്പെടുന്ന ഒരു രാഷ്ട്രത്തിന്റെ നയങ്ങളിൽ ഒളിഞ്ഞിരിക്കുന്നത് കോർപ്പറേറ്റുകളുടെ അജണ്ടയായിരിക്കും എന്നതിൽ സംശയം വേണ്ട.


ശാസ്ത്രത്തിൽ നിന്നകന്ന് ടെക്നോളജിയിൽ അഭയം തേടാൻ കോർപ്പറേറ്റുകളും ശുദ്ധശാസ്ത്രം ഉപേക്ഷിച്ച് പ്രയുക്തശാസ്ത്രം ഉപയോഗിക്കുവാൻ വിദ്യാഭ്യാസ വിചക്ഷണന്മാരും പറഞ്ഞു കൊണ്ടേയിരിക്കുന്നു. ആദ്യം അവർ മാനവിക വിഷയങ്ങളുടെ (Humanities) പഠനം വേണ്ട എന്ന് പറഞ്ഞു. പിന്നീട് ശാസ്ത്ര പഠനത്തെ നിഷേധിച്ചു. ഇപ്പോൾ ആശയങ്ങൾ പഠിക്കേണ്ട എന്നും നിങ്ങൾ കുറച്ച് ശേഷികൾ അഥവാ നൈപുണികൾ നേടിയാൽ മതിയെന്നും പറഞ്ഞു കൊണ്ടിരിക്കുന്നു. ആ നൈപുണികൾ കുത്തകകൾക്ക് വേണ്ട നൈപുണികൾ ആണെന്ന് മാത്രം. മാനവികതയും ആശയങ്ങളും ഇല്ലാതായാൽ തൊഴിലിടങ്ങളെ കുത്തകകൾക്ക് അവരുടെ അടിമകളാക്കി മാറ്റാൻ എളുപ്പമാണ്. ചരിത്രബോധവും പ്രതികരണ ശേഷിയും ഇല്ലാത്ത, വന്ധ്യംകരിച്ച ഒരു തലമുറയെ സൃഷ്ടിക്കാൻ ഇതു വഴി കഴിയും. അതു കൊണ്ടു പുതിയ വിദ്യാഭ്യാസപരിഷ്കാരങ്ങളിൽ സാഹിത്യവും ഭാഷയും അപ്രസക്തമാകുന്നു.


ഒരു ജനതയെ ആശയപരമായി ആയുധമണിയിക്കുക എന്ന ദൗത്യം ഏറ്റെടുക്കുമ്പോഴാണ് വിദ്യാഭ്യാസം ഒരു രാഷ്ട്രീയപ്രവർത്തനമായി മാറ്റുന്നത്. അതുകൊണ്ടാണ് “വിശക്കുന്ന മനുഷ്യാ നീ പുസ്തകം കൈയ്യിലെടുക്കൂ'' എന്ന് ബഹ്റ്റ് പറഞ്ഞത്. സംശയങ്ങളെ നിഷേധിച്ച് കോർപ്പറേറ്റുകൾക്കാവശ്യമായ നൈപുണികളുടെ ഉടമകളാക്കി വരും തലമുറയെ വന്ധ്യംകരിച്ചാൽ ചൂഷണം എന്നത് ചോദ്യം ചെയ്യപ്പെടാത്ത ഒരു സമ്മതിയായി മാറും. ഇന്നലകളെ ഭയപ്പെടുന്നവരാണ് മാനവികതയുടെ പഠനത്തെ നിഷേധിക്കുന്നതും.


ഇന്ന് നമ്മൾ ജീവിക്കുന്നത് ഡിജിറ്റൽ വിദ്യാഭ്യാസത്തിന്റെ കാലത്താണ്. ഡിജിറ്റൽ വിദ്യാഭ്യാസത്തിന്റെ വിമർശകർ പോലും അത് സൃഷ്ടിക്കുന്ന വാണിജ്യ വൽക്കരണ ത്തെക്കുറിച്ചോ, സാമൂഹിക പ്രത്യാഘാതങ്ങളെ കുറിച്ചോ ആശങ്കപ്പെടുന്നില്ല. മറിച്ച് ഡിജിറ്റൽ വിദ്യാഭ്യാസം സാർവ്വത്രികമാക്കുന്നതിൽ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് മാത്രമാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്. ഔപചാരിക വിദ്യാഭ്യാസത്തെ നിഷേധിച്ച് അനൗപചാരിക വിദ്യാഭ്യാസത്തെ പുൽകലാണ് പുരോഗതി എന്ന് പറയുന്നവരുമുണ്ട്. സ്വാതന്ത്യമെന്നാൽ അരാജകത്വമാണ് എന്ന് കരുതുന്നത് പോലെയാണിത്. ഇവിടെയാണ് 'സിലബസ് ഉണ്ടെങ്കിലേ സിലബസിന് പുറത്തേക്ക് പോകാൻ പറ്റൂ' എന്ന വിജയൻ മാഷിന്റെ വാക്കുകൾ പ്രസക്തമാകുന്നത്. ഔപചാരികത്തിന് പരിമിതികൾ ഉണ്ടായിരിക്കാം. അത് പരിഹരിക്കുന്നതിന് പകരം അനൗപചാരികത്തിലേക്കുള്ള ചാട്ടം പൊതുമേഖലയെ നിഷേധിച്ച് സ്വകാര്യ മേഖലയിലേക്കുള്ള കുടിയേറ്റമായി പര്യവസാനിച്ചേക്കാം.

 



യൂസഫ് കുമാർ
പ്രിൻസിപ്പാൾ
GHSS ചിതറ
310 views0 comments
bottom of page