ലോക സാഹിത്യവിവർത്തനങ്ങൾ
വിവ: വി.രവികുമാർ
എന്താണു ശരി, എന്താണു തെറ്റെന്നു പറയാൻ ഇന്നുപോലും ആർക്കും കഴിയില്ല. ഭാവിയിലും അങ്ങനെതന്നെ ആയിരിക്കും. ആ തരം പ്രയോഗങ്ങളുടെ ആപേക്ഷികതയിൽ വലിയ അർത്ഥമില്ല; അവയുടെ ഉപയോഗം ഒഴിവാക്കാൻ പറ്റാതെവരുന്നു എന്നതാണ് അതിലും പ്രധാനം. എന്താണു ശരി, എന്താണു തെറ്റെന്ന് എനിക്കറിയില്ല; എന്നിട്ടും പ്രവൃത്തികളെ ഞാൻ തെറ്റും ശരിയുമായി വിഭജിക്കുന്നു. ഞാൻ എന്തുകൊണ്ട് അങ്ങനെ ചെയ്യുന്നു എന്നാരെങ്കിലും ചോദിച്ചാൽ എനിക്കു മറുപടി പറയാൻ ഉണ്ടാവില്ല. അന്തഃപ്രേരിതമായിട്ടാണ് ഞാൻ ധാർമ്മികമാനദണ്ഡങ്ങൾ ഉപയോഗിക്കുന്നത്; പിന്നീട്, വീണ്ടുമാലോചിക്കുമ്പോൾ, അങ്ങനെ ചെയ്തതിന് എന്തെങ്കിലും ന്യായീകരണം കണ്ടുപിടിക്കാൻ എനിക്കു കഴിയുന്നുമില്ല. ധാർമ്മികത ഇത്രയും സങ്കീർണ്ണവും അന്യോന്യവിരുദ്ധവുമായിപ്പോയത് അതിന്റെ മൂല്യങ്ങൾ ജീവിതത്തിന്റെ ക്രമത്തിൽ നിന്നുരുത്തിരിഞ്ഞുവരാതായി എന്നതിൽ നിന്നാണ്; ജീവിതത്തിന്റെ ജൈവവും അയുക്തികവുമായ ശക്തികളോട് ദുർബ്ബലമായി മാത്രം ബന്ധപ്പെട്ടിരിക്കുന്ന ഒരതീതമേഖലയിൽ നിന്നു രൂപപ്പെടുന്നവയായിരിക്കുന്നു അവ. എങ്ങനെയാണൊരാൾ ഒരു ധാർമ്മികതയ്ക്കു തുടക്കമിടുക? ‘നന്മ’ എന്ന വാക്കു കേട്ടാൽ എനിക്കത്രയ്ക്കു ചെടിക്കും; അത്രയ്ക്കു വളിച്ചതും എരിവും പുളിയും കെട്ടതായിരിക്കുന്നു അത്. നന്മയുടെ വിജയത്തിനായി പണിയെടുക്കാൻ ധാർമ്മികത നിങ്ങളോടു പറയുന്നു. എങ്ങനെ? കർത്തവ്യനിർവ്വഹണത്തിലൂടെ, ആദരവിലൂടെ, ത്യാഗത്തിലൂടെ. ഇതെല്ലാം പൊള്ളയായ വാക്കുകളാണ്: പച്ചയായ യാഥാർത്ഥ്യത്തിനു മുന്നിൽ ധാർമ്മികനിയമങ്ങൾ പൊള്ളയാണ്; അവയില്ലാത്ത ഒരു ജീവിതമല്ലേ കൂടുതൽ മെച്ചപ്പെട്ടതെന്നു സംശയിക്കാൻ നമുക്കു തോന്നിപ്പോകും. രൂപങ്ങളിൽ നിന്നും തത്വങ്ങളിൽ നിന്നും മുക്തമായ ഒരു ലോകമാണ് ഞാനിഷ്ടപ്പെടുക -സമ്പൂർണ്ണമായ നിശ്ചയമില്ലായ്മയുടെ ഒരു ലോകം. ഭാവനയുടേയും സ്വപ്നത്തിന്റെയും ഒരു ലോകം ഞാൻ മനസ്സിൽ കാണുന്നു; ശരിതെറ്റുകളെക്കുറിച്ചുള്ള സംസാരം അവിടെ ഒരർത്ഥബോധവും ഉണ്ടാക്കില്ല. യാഥാർത്ഥ്യം അതിന്റെ സാരാംശത്തിൽത്തന്നെ അയുക്തികമായിരിക്കെ എന്തിനു നിയമങ്ങൾ വയ്ക്കണം, എന്തിനു ശരിയും തെറ്റും വേർതിരിക്കണം? ധാർമ്മികത മിച്ചം വയ്ക്കാൻ പറ്റില്ല; അങ്ങനെയല്ലെന്നു വിചാരിക്കുന്നത് തെറ്റാണ്. എന്നാൽ, ഈ ലോകത്ത് സുഖങ്ങളും പാപങ്ങളും ഹ്രസ്വായുസ്സുകളായ ചെറുകിടസന്തോഷങ്ങളാണെന്നും സദ്പ്രവൃത്തികൾക്കേ നിത്യതയിൽ വിഹിതമുള്ളൂ എന്നും വിശ്വസിച്ചിരിക്കുന്ന ചിലരുണ്ട്. ഈ ലോകത്തിന്റെ യാതനയ്ക്കൊടുവിൽ നന്മയും ധർമ്മവും വിജയം കാണുമെന്ന് അവർ നടിക്കുന്നു; എന്നാൽ അവർ കാണുന്നില്ല, നിത്യത ഉപരിപ്ലവസുഖങ്ങളെ തുടച്ചുമാറ്റുന്നുവെങ്കിൽ നന്മകൾ, സദ്പ്രവൃത്തികൾ, ധാർമ്മികവൃത്തികൾ എന്നിവയുടെ കാര്യത്തിലും അതതുതന്നെ ചെയ്യുമെന്ന്. നിത്യത നന്മയുടേയോ തിന്മയുടേയോ വിജയത്തിലേക്കല്ല നയിക്കുന്നത്; അത് സർവ്വതിനേയും തച്ചുടയ്ക്കുന്നു. നിത്യതയുടെ പേരിൽ എപ്പിക്യൂറിയന്മാരെ പഴിക്കുന്നത് പൊട്ടത്തരമാണ്. സുഖത്തേക്കാൾ വേദന എന്നെ അമരനാക്കാൻ പോകുന്നതെങ്ങനെയാണ്? ശരിക്കും വസ്തുനിഷ്ഠമായ ഒരു കാഴ്ച്ചപ്പാടിൽ ഒരു മനുഷ്യന്റെ വേദനയും മറ്റൊരാളുടെ ആനന്ദവും തമ്മിൽ ഗണനീയമെന്നു പറയാവുന്ന എന്തു വ്യത്യാസമാണുള്ളത്? നിങ്ങൾ യാതന അനുഭവിച്ചാലും ഇല്ലെങ്കിലും ശൂന്യത നിങ്ങളെ എന്നെന്നേക്കുമായി വിഴുങ്ങും. നിത്യതയിലേക്ക് വസ്തുനിഷ്ഠമായ വഴിയൊന്നുമില്ല; കാലത്തിലെ ക്രമം വിട്ട നിമിഷങ്ങളിൽ അനുഭവമാകുന്ന ആത്മനിഷ്ഠമായ തോന്നലുകൾ മാത്രം. മനുഷ്യൻ സൃഷ്ടിച്ചതൊന്നും നിലനില്ക്കാൻ പോകുന്നില്ല. ധാർമ്മികമിഥ്യകളുടെ പേരിൽ എന്തിനീ ലഹരി പിടിക്കൽ, അതിലും മനോഹരമായ മിഥ്യകൾ വേറേയുണ്ടെന്നിരിക്കെ? നിത്യതയുടെ മുന്നിൽ ധാർമ്മികമോക്ഷത്തെക്കുറിച്ചു വാചാലരാവുന്നവർ ചൂണ്ടിക്കാണിക്കുന്നത് കാലത്തിൽ ധാർമ്മികപ്രവൃത്തിയുടെ അനിയതമായ പ്രതിധ്വനിയെക്കുറിച്ചാണ്, അതിന്റെ അപരിമിതമായ അനുരണനത്തെക്കുറിച്ചാണ്. അതിലും അസത്യമായി മറ്റൊന്നില്ല; എന്തെന്നാൽ സദ്ഗുണവാന്മാർ എന്നു പറയപ്പെടുന്ന ഈ മനുഷ്യർ ശരിക്കും ഭീരുക്കളാണ്; സുഖങ്ങളിൽ നീന്തിത്തുടിച്ചവരെക്കാൾ വേഗത്തിൽ ലോകബോധത്തിൽ നിന്നപ്രത്യക്ഷരാവുന്നവർ. ഇനി അങ്ങനെയല്ല, അവർ പറയുന്നതാണു ശരിയെന്നിരിക്കട്ടെ, ഒരു പന്ത്രണ്ടോ അതിലധികമോ കൊല്ലം കൊണ്ടെന്താകാൻ? തൃപ്തി വരാത്ത ഏതു സുഖവും ഒരു ജീവിതനഷ്ടമാണ്. യാതനയുടെ പേരിൽ സുഖത്തെയോ അഴിഞ്ഞാട്ടത്തെയോ ധാരാളിത്തത്തെയോ തള്ളിപ്പറയാൻ ഞാനില്ല. സുഖത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ശരാശരിബുദ്ധിക്കാർ പറഞ്ഞുകൊണ്ടിരിക്കട്ടെ; അതിലും വലുതല്ലേ, യാതനയുടെ അനന്തരഫലങ്ങൾ? വാർദ്ധക്യം വന്നു മരിക്കാൻ ശരാശരിബുദ്ധികൾക്കേ ആഗ്രഹമുള്ളു. അപ്പോൾ, യാതന അനുഭവിക്കുക, ആനന്ദം അടിമട്ടു വരെയും കുടിച്ചിറക്കുക, ചിരിക്കുകയോ കരയുകയോ ചെയ്യുക, നൈരാശ്യമോ ആഹ്ലാദമോ കൊണ്ടാക്രോശിക്കുക, മരണത്തെയോ പ്രണയത്തെയോ കുറിച്ചു പാടുക; എന്തെന്നാൽ ഒന്നും നീണ്ടുനില്ക്കാൻ പോകുന്നില്ല! ധാർമ്മികത ജീവിതത്തെ നഷ്ടപ്പെട്ട അവസരങ്ങളുടെ ഒരു ദീർഘപരമ്പര ആക്കുമെന്നേയുള്ളു!