മഴയെപ്പോലും വിൽപനച്ചരക്കാക്കുന്ന കാലത്ത് സിനിമ കൊണ്ടൊരു ചെറുത്തുനില്പ്
നന്ദലാൽ ആർ.
ഫിലിം സൊസൈറ്റി (ഓപ്പൺ ഫ്രെയിം - പയ്യന്നൂർ) പ്രവർത്തകനും പരിസ്ഥിതി പ്രവർത്തകനും കേരള സർക്കാർ ആയുഷ് വിഭാഗത്തിലെ ഉദ്യോഗസ്ഥനുമാണ് ലേഖകൻ
പരിസ്ഥിതി വിനാശത്തിന്റെ നേരിട്ടുള്ള ദുരന്തങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു കാലത്താണ് നമ്മളിന്ന് ജീവിക്കുന്നത്. ഇത് കേരളത്തിന്റെയോ ഇന്ത്യയുടെയോ മാത്രം സവിശേഷതയൊന്നുമല്ല എന്ന് തിരിച്ചറിയാനുള്ള വിവരങ്ങൾ നമുക്ക് കിട്ടിത്തുടങ്ങിയിട്ട് നിരവധി വർഷങ്ങൾ ആയിട്ടുണ്ട്. ഒരു നൂറോ നൂറ്റമ്പതോ വർഷത്തിൽ മാത്രം സംഭവിക്കാറുള്ള വലിയ തോതിലുള്ള പരിസ്ഥിതി ദുരന്തങ്ങൾ ഇപ്പോൾ എല്ലാ വർഷങ്ങളിലും സംഭവിക്കുന്ന തരത്തിൽ സർവ്വ സാധാരണമായിക്കഴിഞ്ഞിരിക്കുന്നു. പ്രകൃതിയിലുള്ളതെന്തും ലാഭവർദ്ധനയ്ക്കായി കവർന്നെടുക്കാം എന്ന മുതലാളിത്തയുക്തിയും അതിന്റെ സർവസ്വാതന്ത്ര്യത്തോടും കൂടിയ നിർവഹണവുമാണ്, ഇന്ന് മനുഷ്യരുൾപ്പെടെയുള്ള ജീവജാലങ്ങളുടെ അടിസ്ഥാനപരമായ നിലനിൽപ്പിനെപ്പോലും തൂത്തെറിയുന്ന വിധത്തിലുള്ള പ്രകൃതിദുരന്തങ്ങൾ സാധാരണമാക്കിയത്. പ്രകൃതിവിഭവങ്ങളെ മൊത്തത്തിൽ വിൽപ്പനച്ചരക്കാക്കിക്കൊണ്ട്, മനുഷ്യരെ അവരുടെ അടിസ്ഥാന ജീവിതക്രമത്തിൽ നിന്നുതന്നെ പുറന്തള്ളുന്ന ക്രൂരമായ കോർപ്പറേറ്റ് കൊള്ളയെ വരച്ചുകാട്ടുന്ന ഒരു ചലച്ചിത്രത്തെക്കുറിച്ചാണ് ഇവിടെ പറയാൻ ശ്രമിക്കുന്നത്.
ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ, അതായത് രണ്ടായിരാമാണ്ടിൽ ലാറ്റിൻ അമേരിക്കയിലുള്ള ബൊളീവിയ എന്ന രാജ്യത്തെ കൊച്ചബാംബ എന്ന പ്രദേശത്ത് ജലസ്രോതസ്സുകളുടെയും ജലവിതരണ സംവിധാനങ്ങളുടെയും സ്വകാര്യവൽക്കരണവുമായി ബന്ധപ്പെട്ട് ഒരു വലിയ സമരം നടന്നിരുന്നു. ബൊളീവിയൻ ഭരണകൂടം ആ രാജ്യത്തെ ജലവിനിമയം മൊത്തമായി ബെക്റ്റൽ എന്ന വൻകിട കോർപ്പറേറ്റ് കമ്പനിയെയും കൂട്ടാളികളെയും ഏൽപ്പിക്കുകയും ജലം എന്ന പ്രകൃതിവിഭവത്തെ പൂർണ്ണമായും ഒരു വില്പനച്ചരക്കാക്കിമാറ്റുന്ന നയങ്ങൾക്ക് തുടക്കമിടുകയും ചെയ്തു. വെള്ളം പോലെയുള്ള വിഭവങ്ങൾ നിരക്ക് കുറച്ചുനൽകിയാൽ അത് വിഭവ ധൂർത്തിനിടയാക്കും എന്നൊക്കെയാണ് ഇതിനു ന്യായീകരണമായി അന്നത്തെ ലോകബാങ്ക് പ്രസിഡണ്ടൊക്കെ പറഞ്ഞിരുന്നത്. ഇതോടുകൂടി ഇവിടത്തെ സാധാരണക്കാരായ പ്രാദേശിക ജനതയുടെ ജലലഭ്യതാ മാർഗ്ഗങ്ങളെല്ലാം എന്നന്നേക്കുമായി ഇല്ലാതാക്കപ്പെടുന്ന അവസ്ഥാവിശേഷം ഉണ്ടായി. അവരുടെ കിണറുകൾ എല്ലാം അടച്ചുപൂട്ടപ്പെട്ടു. പൈപ്പിൽ നിന്ന് വെള്ളം ലഭിക്കണമെങ്കിൽ വൻതുക നൽകണമെന്ന അവസ്ഥയുണ്ടായി. തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളിൽ ഒന്ന് നിഷേധിക്കപ്പെട്ടപ്പോൾ, വെള്ളത്തിനു വൻവില കൊടുക്കേണ്ടി വരും എന്ന സ്ഥിതി വന്നപ്പോൾ സ്വാഭാവികമായും അവിടത്തെ ജനത ഇതിനെതിരെ പ്രതികരിച്ചു. ബൊളീവിയയിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമായ കൊച്ചബാംബയുടെ തെരുവുകൾ പ്രതിഷേധിക്കാൻ എത്തിയ ജനങ്ങളെക്കൊണ്ട് നിറഞ്ഞു. നാലു മാസത്തിലേറെ കാലത്തേക്ക് അവർ രാപ്പകൽ വ്യത്യാസമില്ലാതെ നിരന്തരമായ പ്രതിഷേധ പരിപാടികൾ തുടർന്നു. പട്ടാളം, സമരം ചെയ്യുന്ന ജനങ്ങൾക്കെതിരെ വൻതോതിലുള്ള അക്രമങ്ങൾ അഴിച്ചുവിട്ടുവെങ്കിലും ഒടുവിൽ സമരം വിജയിക്കുക തന്നെ ചെയ്തു. 40 വർഷത്തേക്ക് ബൊളീവിയയിലെ ജലവിഭവങ്ങളുടെ കച്ചവടത്തിനായി ബെക്റ്റലുമായി ഉണ്ടാക്കിയ കരാർ എന്നന്നേക്കുമായി റദ്ദ് ചെയ്യപ്പെട്ടു. പ്രകൃതിവിഭവങ്ങൾക്ക് എല്ലാം വിലയിടുന്ന, പൊതുമുതലുകളും പ്രകൃതിവിഭവങ്ങളും എല്ലാം കച്ചവടം ചെയ്യാനും ലാഭം കൊയ്യുവാനുമുള്ള മാർഗ്ഗങ്ങളാണ് എന്നും ഒക്കെയുള്ള കോർപ്പറേറ്റ് വിജയമന്ത്രത്തിന്റെ പ്രയോഗമായിരുന്നു അന്ന് ബൊളീവിയയിൽ നടന്നതെങ്കിലും ജനകീയ ചെറുത്തുനില്പിന് മുന്നിൽ അവർക്ക് പിടിച്ചുനിൽക്കാൻ സാധിച്ചില്ല.
ഇസിയാർ ബോലെയ്ൻ എന്ന സ്പാനിഷ് ചലച്ചിത്രകാരിയുടെ ഈവൻ ദ് റെയ്ൻ എന്ന സിനിമ ഈ പശ്ചാത്തലം പ്രമേയമാക്കി ഉള്ളതാണ്. 104 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഈ സിനിമ അധികാരത്തിനു കീഴ്പ്പെടേണ്ടിവരുന്ന ജനതയുടെ ചെറുത്തുനിൽപ്പിനെയും ഉയർത്തെഴുന്നേൽപ്പിനെയും എടുത്തുകാണിക്കുന്നതാണ്. 2010ൽ ഇറങ്ങിയ ഈ ചിത്രം ലോകം മുഴുവനും വളരെ ശ്രദ്ധിക്കപ്പെട്ട ഒരു ചിത്രവും ആയിരുന്നു. സിനിമയ്ക്കുള്ളിലെ സിനിമ എന്ന സങ്കേതമാണ് ഈ ചിത്രത്തിൽ പ്രയോഗിച്ചിരിക്കുന്നത്.
ലാറ്റിനമേരിക്കയിൽ ക്രിസ്റ്റഫർ കൊളംബസ് ആദ്യമായി എത്തിച്ചേരുന്നതും അവിടുത്തെ ജനങ്ങളെ മുഴുവൻ അടിമകളാക്കിക്കൊണ്ട് ആ പ്രദേശം അപ്പാടെ കൊള്ളയടിക്കുന്നതും അവിടുത്തെ സാംസ്കാരിക ജീവിതം തകിടം മറിക്കുന്നതും ഒക്കെ വിഷയമാക്കുന്ന ഒരു ചരിത്ര സിനിമയുടെ ചിത്രീകരണത്തിനായി ബൊളീവിയയിലേക്ക് വരുന്ന ചലച്ചിത്രപ്രവർത്തകരുടെ സംഘത്തെക്കുറിച്ചാണ് ഈവൻ ദ് റെയ്ൻ എന്ന ഈ സിനിമ സംസാരിക്കുന്നത്. അവർ ചിത്രീകരിക്കുന്ന സിനിമയിൽ, കൊളംബസ് എത്തിച്ചേരുന്ന പ്രദേശത്തെ ആദിവാസികളായി അഭിനയിപ്പിക്കാൻ ഉദ്ദേശിക്കുന്നത് കൊച്ചബാംബയിലെ സാധാരണ മനുഷ്യരെയാണ്. ബൊളീവിയ എന്ന രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമായിരുന്നു അത് എന്നതുകൊണ്ടുതന്നെ ചെറിയ കൂലിക്ക് അവിടെ തൊഴിലാളികളെ ലഭിക്കുന്നു എന്ന ലാഭയുക്തി തന്നെയാണ് ഈ സിനിമാക്കാരിലും അടിസ്ഥാനപരമായി പ്രവർത്തിക്കുന്നത്. മെക്സിക്കൻ സംവിധായകനായ സെബാസ്റ്റ്യനും അദ്ദേഹം എടുക്കാൻ പോകുന്ന സിനിമയുടെ നിർമ്മാതാവ് സ്പെയിൻകാരനായ കോസ്റ്റയും ചിത്രീകരണ സംഘവും കൊളംബസിന്റെ അധിനിവേശകാലത്തെക്കുറിച്ചുള്ള സിനിമ എടുക്കുന്നതിനായി ബൊളീവിയയിലെ കൊച്ചബാംബയിൽ എത്തിച്ചേരുന്നിടത്താണ് ഈ ചിത്രം തുടങ്ങുന്നത്. അമേരിക്കയിലേക്ക് പാശ്ചാത്യ സംസ്കാരത്തിന്റെ വെളിച്ചമെത്തിക്കുന്നതിനും അതുവഴി അവരെ നന്മയിലേക്ക് നയിക്കുന്നതിനും ആയാണ് ക്രിസ്റ്റഫർ കൊളംബസ് ഈ പ്രദേശത്ത് എത്തിയത് എന്ന, പൊതുവെ പ്രചരിക്കപ്പെടുന്ന മിഥ്യാധാരണ തകർക്കുക എന്നതാണ് സംവിധായകനായ സെബാസ്റ്റ്യന്റെ ഉദ്ദേശം. യഥാർത്ഥത്തിൽ വിഭവചൂഷണത്തിനായി പുതിയ ലോകങ്ങൾ തേടിയുള്ള യാത്രയാണ് കൊളംബസിനെ ലാറ്റിനമേരിക്കയിലേക്ക് എത്തിക്കുന്നത് എന്ന ആശയത്തിന്റെ പുറത്താണ് സെബാസ്റ്റ്യന്റെ സിനിമ രൂപപ്പെട്ടിട്ടുള്ളത്. സ്വർണ്ണം കണ്ടെത്താനുള്ള അത്യാർത്തി, അടിമകളെ സൃഷ്ടിക്കൽ, എതിർത്ത തദ്ദേശീയർക്ക് നേരെയായി നടത്തിയ കണ്ണിൽച്ചോരയില്ലാത്ത അക്രമങ്ങൾ എന്നിവയുടെ ഒക്കെ പേരിലാണ് കൊളംബസിനെ ചരിത്രത്തിൽ അടയാളപ്പെടുത്തേണ്ടത് എന്നും സെബാസ്റ്റ്യൻ വിശ്വസിക്കുന്നു.
സ്പെയിനിലെ രാജാവിന്റെ നിർദ്ദേശം അനുസരിച്ചാണ് കൊളംബസും സംഘവും പുതിയ ലോകക്രമം സ്ഥാപിക്കാനായി ഇറങ്ങിത്തിരിച്ചത്, പക്ഷേ ഈ ശ്രമത്തിനിടയിൽ ലാറ്റിനമേരിക്കയിലെ തദ്ദേശ ജനവിഭാഗങ്ങൾക്കിടയിൽനിന്ന് അയാൾക്ക് വലിയ എതിർപ്പുകൾ നേരിടേണ്ടി വരുന്നു. ഹാത്വെ എന്ന തദ്ദേശ ഗോത്രത്തലവന്റെ നേതൃത്വത്തിലാണ് അവർ കൊളംബസിന് എതിരായ ചെറുത്തുനിൽപ്പുകൾ നടത്തിയിരുന്നത്. കൊളംബസിന്റെ വരവും, കൊളംബസിനെതിരായി ഹാത്വെയുടെ നേതൃത്വത്തിൽ നടത്തിയ ചെറുത്തുനിൽപ്പുകളും ആയിരുന്നു സെബാസ്റ്റ്യനും കോസ്റ്റയും ചേർന്ന് ഒരുക്കാൻ പോകുന്ന സിനിമയുടെ ഇതിവൃത്തം. ഈ സിനിമയുടെ ചിത്രീകരണത്തിനായി ബൊളീവിയ തന്നെ തിരഞ്ഞെടുക്കുവാൻ നിർമ്മാതാവായ കോസ്റ്റയ്ക്ക് വളരെ കൃത്യമായ കാരണങ്ങൾ ഉണ്ടായിരുന്നു. ലാറ്റിൻ അമേരിക്കയിലെ ഏറ്റവും ദരിദ്രമായ രാജ്യമാണ് ബൊളീവിയ എന്നതായിരുന്നു അതിൽ പ്രധാനം. നിർമ്മിക്കുന്നത് ചരിത്രസിനിമ ആയതുകൊണ്ട് തന്നെ തദ്ദേശവാസികളായി അഭിനയിക്കാൻ പറ്റിയ ഒട്ടേറെ എക്സ്ട്രാ നടീനടന്മാരെ വേണമായിരുന്നു. ദിവസേന രണ്ടു ഡോളർ കൂലി കൊടുത്താൽ എക്സ്ട്രാകളായി അഭിനയിക്കാൻ പറ്റിയ ഒരുപാട് പേരെ കൊച്ചബാംബയിൽ നിന്ന് കണ്ടെത്താനാവും എന്നറിയാവുന്നതുകൊണ്ട് കൂടിയാണ് സിനിമാസംഘം ഷൂട്ടിങ്ങിനായി ഇവിടേക്ക് തന്നെ വരുന്നത്. ഈ തുച്ഛമായ കൂലിക്ക് അഭിനയിപ്പിക്കുന്നതിനോടൊപ്പം വിദഗ്ദ്ധരായ എൻജിനീയർമാരുടെയും മറ്റും സഹായത്തോടെ ചെയ്യേണ്ടുന്ന വിഷമകരമായ സെറ്റ് ഡിസൈൻ ജോലികൾക്കും ഈ എക്സ്ട്രാ നടീനടന്മാരെ ഉപയോഗിക്കാം എന്നും കോസ്റ്റക്കറിയാം. അതുവഴിയും അദ്ദേഹത്തിന് ധാരാളം ഡോളറുകൾ ലാഭിക്കാം. ഷൂട്ടിങ്ങിനായി കൊച്ചബാംബയിൽ എത്തിച്ചേരുന്ന സെബാസ്റ്റ്യനും കോസ്റ്റയും ആദ്യം കാണുന്നത് കിലോമീറ്ററുകൾ നീളുന്ന ഒരു ക്യൂവാണ്. അവരുടെ സിനിമയിലേക്കുള്ള കാസ്റ്റിങ് കോൾ കണ്ട് അഭിനയിക്കാൻ എത്തിച്ചേർന്നവരുടെ ക്യൂ ആയിരുന്നു ഇത്. ഡാനിയേൽ എന്ന ഒരാളെയാണ് ഹാത്വെയായി അഭിനയിക്കാൻ സെബാസ്റ്റ്യൻ തെരഞ്ഞെടുക്കുന്നത്. എന്നാൽ ഡാനിയേലിനെ തിരഞ്ഞെടുക്കുന്നത് കോസ്റ്റക്ക് തീരെ ഇഷ്ടമാകുന്നില്ല. കൊളംബസിന്റെ അധിനിവേശത്തിനെതിരായി തദ്ദേശീയമായ ചെറുത്തുനിൽപ്പുകളെ നയിച്ച ഹാത്വേ ആയി അഭിനയിക്കാൻ തിരഞ്ഞെടുക്കപ്പെട്ട ഡാനിയേൽ, അതേസമയം യഥാർത്ഥ ജീവിതത്തിൽ കൊച്ചബാംബയിലെ ജലസ്വകാര്യവൽക്കരണത്തിനെതിരായി നടക്കുന്ന ഐതിഹാസിക സമരത്തിന്റെ നായകൻ കൂടിയാണ്. സിനിമയിലായാലും ജീവിതത്തിലായാലു ചെറുത്തുനില്പിന്റെ പ്രധാനകണ്ണി. ഇത് തിരിച്ചറിയുന്നതോടെ കോസ്റ്റയുടെ അസ്വസ്ഥതകൾ കൂടുന്നു. എന്നാലും ആരംഭഘട്ടത്തിൽ ഷൂട്ടിങ് വളരെ നന്നായിട്ട് തന്നെയാണ് മുന്നോട്ടുപോകുന്നത്. ജലസമരവുമായി ബന്ധപ്പെട്ട് പോലീസ് ഡാനിയേലിനെ അറസ്റ്റ് ചെയ്യുകയും, ഷൂട്ടിങ് മുടങ്ങാതിരിക്കുവാൻ കോസ്റ്റ പോലീസിന് കൈക്കൂലി നൽകി ഡാനിയേലിനെ താൽക്കാലികമായി മോചിപ്പിച്ചു കൊണ്ടുവരികയും ഒക്കെ ചെയ്യുന്നുണ്ട്. അവർ ഷൂട്ട് ചെയ്തുകൊണ്ടിരിക്കുന്ന കൊളംബസ് സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട സീനുകളിൽ ഒന്നായ ഹാത്വെയേയും സംഘത്തേയും കൊളംബസ് കുരിശുമരണത്തിന് വിധേയമാക്കുന്ന സീൻ ഷൂട്ട് ചെയ്യുവാൻ ആയിരുന്നു കോസ്റ്റ ഇടപെട്ട് ഡാനിയേലിനെ പോലീസിൽ നിന്ന് വിടുവിച്ചത്. പക്ഷേ, ആ ഷൂട്ടിങ്ങിനിടയിലേക്ക് ഡാനിയേലിനെ അറസ്റ്റ് ചെയ്യുവാനായി പോലീസ് വീണ്ടും ഇടിച്ചുകയറുന്നുണ്ടെങ്കിലും ഡാനിയേൽ അവിടെനിന്നും രക്ഷപ്പെടുകയാണ്. കൊച്ചബാംബയിലെ ജലസമരം അതിന്റെ വിജയകരമായ പരിസമാപ്തിയിലേക്ക് എത്തുന്നിടത്താണ് ഈ സിനിമയും അവസാനിക്കുന്നത്. ഒരുകാലത്ത് ഏറെ വിഭവസമൃദ്ധമായിരുന്ന ഒരു രാജ്യത്തെ എന്നെന്നേക്കുമായി മുടിച്ച യൂറോപ്പ്യൻ അധിനിവേശവും കോളനിവൽക്കരണവും അവസാനിച്ചുകഴിഞ്ഞിട്ട് കുറേയേറെ കാലമായി. എങ്കിലും, പിന്നീട് വന്ന സർക്കാരുകളിലൂടെയും കോർപ്പറേറ്റ് അത്യാഗ്രഹങ്ങളിലൂടെയൊക്കെയുമായി തുടർന്ന നവകോളനിവൽക്കരണവും വിഭവചൂഷണവും എല്ലാം ചേർന്നാണ് ബൊളീവിയയെ ഇത്രയേറെ ദരിദ്രമായ ഒരു രാജ്യമാക്കി മാറ്റിയത് എന്ന വസ്തുത സിനിമയിൽ നിന്നുതന്നെ നമുക്ക് മനസ്സിലാകും. ഈ സിനിമയിലെ സംവിധായകനായ സെബാസ്റ്റ്യനെ മറ്റു മനുഷ്യരോട് അലിവൊക്കെയുളള ആളായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നതെങ്കിലും അയാളെ സംബന്ധിച്ച് സ്വന്തം സിനിമയ്ക്ക് തന്നെയാണ് ഏറ്റവും മുന്തിയ പരിഗണന. എക്സ്ട്രാകൾക്ക് ഇത്രയും ചെറിയ കൂലിയാണ് നൽകുന്നത് എന്ന് അറിഞ്ഞിട്ടും തന്റെ സിനിമ ഉപേക്ഷിക്കുവാനോ അതിൽ മറ്റു വിട്ടുവീഴ്ചകൾ ചെയ്യുവാനോ അയാൾ തയ്യാറാകുന്നില്ല. കൊളംബസിനെ സംബന്ധിച്ച് തന്റെ ചെയ്തികൾക്ക് ക്രിസ്തുമതം പ്രചരിപ്പിക്കുക എന്ന ന്യായമായിരുന്നു പറയുവാൻ ഉണ്ടായിരുന്നത്. കൊളംബസ് ചെയ്തത്രയും അല്ലെങ്കിലും ഈ സിനിമാക്കാരും തദ്ദേശവാസികളെ ഒരുതരത്തിൽ പീഡിപ്പിക്കുകതന്നെയാണ് ചെയ്യുന്നത്. പക്ഷേ, അവരത് ചെയ്യുന്നത് കൊളംബസിനെ കുറ്റം പറഞ്ഞുകൊണ്ടാണെന്ന് മാത്രമേയുള്ളൂ. കൊളംബസിന്റെ അധിനിവേശകാലത്തെ കോളനിവൽക്കരണം കഴിഞ്ഞ് 500ലധികം വർഷങ്ങൾ പിന്നിട്ട് ആഗോളവൽക്കരണത്തിന്റെ കാലത്തെത്തിക്കഴിഞ്ഞപ്പോൾ പുതിയ ലോകത്തും അധിനിവേശകരുടേയും അധിനിവേശം ചെയ്യപ്പെടുന്നവരുടെയും അവസ്ഥയിൽ കാര്യമായ വ്യത്യാസം ഒന്നുമില്ല എന്ന് ഈ ചിത്രം വ്യക്തമായിത്തന്നെ കാണിച്ചുതരുന്നുണ്ട്.
കോളനിവൽക്കരണം പോലെ തന്നെ ആഗോളവൽക്കരണവും എങ്ങനെയാണ് ഇപ്പോഴും വിവിധ തലങ്ങളിലായി തദ്ദേശവാസികളെ ബാധിക്കുന്നത് എന്ന് ഈ സിനിമയിൽ കാണാം. 500 വർഷങ്ങൾക്കു മുൻപ് തങ്ങളുടെ മണ്ണിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിച്ച കൊളംബസിനെതിരെ തദ്ദേശവാസികൾ പോരാടിയത് കല്ലും കമ്പുകളും ഉപയോഗിച്ചായിരുന്നുവെങ്കിൽ 500 വർഷങ്ങൾക്കിപ്പുറം ആധുനിക ആയുധങ്ങളാൽ സജ്ജരായി നിൽക്കുന്ന ഭരണകൂടത്തിന്റെ പട്ടാളത്തിനെതിരെ അവർ പ്രതികരിക്കുന്നതും ഇതേ കല്ലും കമ്പും കൊണ്ട് തന്നെയാണെന്ന് നമ്മൾ കാണുന്നു. പക്ഷേ, പണ്ടവരെ പീഡിപ്പിച്ചത് സ്വർണ്ണത്തിന്റെ പേരിലായിരുന്നുവെങ്കിൽ ഇന്നവരുടെ പോരാട്ടം മനുഷ്യന്റെ പരമപ്രധാനമായ ഒരു പ്രാഥമിക ആവശ്യത്തിന്റെ പേരിലാണ്, വെള്ളത്തിന്റെ പേരിൽ. ഒരു രീതിയിലും മാറിയിട്ടില്ലാത്ത അധിനിവേശ ഭരണകൂടത്തിന് കീഴിൽ നിലനിൽപ്പിനായി പാടുപെടുന്ന തദ്ദേശീയ ജനതയെ ഒരു ജലസമരത്തിന്റെ പശ്ചാത്തലത്തിൽ വളരെ മനോഹരമായി ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു. പ്രാണവായുവും ജീവജലവും എല്ലാം വിൽപ്പനച്ചരക്കുകൾ ആകുന്ന ഒരു കാലം വരും എന്ന് നമ്മളിൽ പലരും മുൻപ് പ്രതീക്ഷിച്ചിരുന്നില്ല. ഒരുപക്ഷേ, പലരും ഇപ്പോഴുമങ്ങനെ കരുതുന്നുമില്ല. വെള്ളവും പ്രാണവായുവും മറ്റും വില്പനയ്ക്ക് എത്തുമ്പോൾ അവിടെ ഇല്ലാതാകുന്നത് സാധാരണക്കാരുടെ ജീവിതവും ജീവനും ആണ്. ഈ ചിത്രത്തിന് ഈവൻ ദ് റെയിൻ എന്ന പേരിട്ടത് തന്നെ മഴയെപ്പോലും വിൽപ്പനച്ചരക്കാക്കിയേക്കാവുന്ന ഒരു ലോകത്തിലേക്കാണോ നമ്മൾ പൊയ്ക്കൊണ്ടിരിക്കുന്നത് എന്ന ആശങ്ക പങ്കുവയ്ക്കുവാൻ കൂടിയിട്ടാണ്. വെളുത്തവരുടെ വംശീയമായ മേൽക്കോയ്മയെയും ചിത്രം വിമർശനവിധേയമാക്കുന്നുണ്ട്. ബൊളീവിയയിലെ ജനങ്ങളെക്കാൾ വംശശുദ്ധി തങ്ങൾക്കാണെന്ന മിഥ്യാബോധം പേറിനടക്കുന്നവരാണ് സെബാസ്റ്റ്യന്റെയും കോസ്റ്റയുടെയും സിനിമാസംഘത്തിലെ പലരും. അതുപോലെ കൊച്ചബാംബയിലെ മേയറും ഇതേ ബോധം തന്നെയാണ് പേറുന്നത്. കൊളോണിയലിസത്തിനെതിരായുള്ള സിനിമയിൽ അഭിനയിക്കുന്ന ആളുകൾ പക്ഷേ വംശശുദ്ധി തങ്ങൾക്കാണ് കൂടുതലെന്നാണ് കരുതുന്നത്. ആധുനികകാലത്തും തുടരുന്ന കൊളോണിയൽ ബോധത്തിന്റെ തുടർച്ചയാണ് ഇത്.
ഈവൻ ദ് റെയ്ൻ എന്ന ഈ ചിത്രത്തിന്റെ സംവിധായികയായ ഇസിയാർ ബോലെയ്ൻ നടിയായി സിനിമയിൽ എത്തുകയും പിന്നീട് സംവിധായികയായി മാറുകയും ചെയ്തയാളാണ്. വളരെ ശ്രദ്ധേയമായ ഒട്ടേറെ ചിത്രങ്ങൾ ഈ സ്പാനിഷ് ചലച്ചിത്രകാരി സംവിധാനം ചെയ്തിട്ടുണ്ട്. അവരുടെ ദി ഒലിവ് ട്രീ എന്ന ചിത്രവും പാരിസ്ഥിതികമായ ആശങ്കകൾ പങ്കുവയ്ക്കുന്ന ഒരു
മനോഹരചിത്രമാണ്. സുപ്രസിദ്ധ സംവിധായകനായ കെൻ ലോച്ചിന്റെ ലാൻഡ് ആൻഡ് ഫ്രീഡം എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചിരുന്ന ഇസിയാർ ബൊലെയ്ൻ കെൻ ലോച്ചിനെക്കുറിച്ച് കെൻ ലോച്ച്: ഉൻ ഒബ്സർവതോ സുവീദാരിയോ എന്ന പുസ്തകവും രചിച്ചിട്ടുണ്ട്. ഈവൻ ദ് റെയിൻ എന്ന ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങൾ ആയി അഭിനയിച്ചിരിക്കുന്നത് പ്രമുഖ സ്പാനിഷ് നടനായ ലൂയി തസാർ, മെക്സിക്കൻ നടനായ ഗെയിൽ ഗാർഷ്യ ഗർണറ്റ്, യുവാൻ കാർലോസ് അഥൂരി, നടിമാരായ കെസാന്ദ്രിയ സിയോൺ ഗറ്റേരി, മിലേന സൊലിസ് എന്നിവരാണ്. പ്രമുഖ ചിന്തകനും എഴുത്തുകാരനും അമേരിക്കൻ ഐക്യനാടുകളുടെ ജനകീയ ചരിത്രം ഉൾപ്പെടെയുള്ള നിരവധി പുസ്തകങ്ങളുടെ കർത്താവും ആയ ഹൊവാഡ് സിന്നിന് സമർപ്പിച്ചു കൊണ്ടാണ് ഈ ചിത്രം ആരംഭിക്കുന്നത്. ഈ ചിത്രത്തിന്റെ തിരക്കഥ എഴുതിയ പോൾ ലെവേറ്റിയുടെ അടുത്ത സുഹൃത്തായിരുന്നു സിൻ. ചിത്രത്തിന്റെ ഗവേഷണവുമായി ബന്ധപ്പെട്ട ധാരാളം കാര്യങ്ങൾ ഹൊവാഡ് സിന്നിൽ നിന്നാണ് ലെവേറ്റിക്ക് ലഭിച്ചിരുന്നത്. പക്ഷേ, ദൗർഭാഗ്യവശാൽ സിനിമ പൂർത്തിയാകുന്നതിനു മുൻപായി സിൻ അന്തരിച്ചു. തുടർന്നാണ് ഈ ചിത്രം ഹൊവാർഡ് സിന്നിന് സമർപ്പിച്ചുകൊണ്ട് തുടങ്ങുവാൻ തീരുമാനിച്ചത്. “ആവശ്യപ്പെട്ടുകൊണ്ടേയിരിക്കാത്തിടത്തോളം അധികാരം ഒന്നിനും വഴങ്ങിക്കൊടുക്കാറില്ല, ഒരിക്കലും വഴങ്ങിക്കൊടുത്തിട്ടുമില്ല, ഇനിയങ്ങോട്ട് വഴങ്ങിക്കൊടുക്കാൻ പോകുന്നുമില്ല. അടിച്ചമർത്തപ്പെട്ടവരുടെ ഓർമ്മകളെ നമുക്ക് ഒരിക്കലും പറിച്ചുമാറ്റാൻ ആവില്ല. അങ്ങനെയുള്ളവരെ സംബന്ധിച്ച് വിപ്ലവം അവരുടെ തൊലിക്കടിയിൽ തന്നെയുണ്ട്.” എന്ന ഹൊവാർഡ് സിന്നിന്റെ ഉദ്ധരണി ഈ ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലറിനൊപ്പം ഉപയോഗിച്ചിരിക്കുന്നത് ഈ ചിത്രം പങ്കുവെക്കുന്ന രാഷ്ട്രീയമായ പ്രമേയപരിസരത്തെക്കൂടി പരിഗണിച്ചുകൊണ്ടാണ്. അടിസ്ഥാന വർഗ്ഗത്തിന്റെ പ്രശ്നങ്ങളെ അവരുടെ തലത്തിൽ നിന്നുകൊണ്ടുതന്നെ ചർച്ചാവിധേയമാക്കുക എന്ന ലക്ഷ്യമാണ് ഈ സിനിമ മുന്നോട്ടുവയ്ക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഒരു ശക്തമായ സിനിമയായി ഈവൻ ദ് റെയിൻ ഇന്നും നിലനിൽക്കുന്നത്.