ചലച്ചിത്രപഠനവിവർത്തന പരമ്പര - 2
വിവ:ഡോ.ഡി.വി.അനിൽകുമാർ
സിനിമാലോകത്തെ ആദ്യത്തെ പ്രമുഖനായ സൈദ്ധാന്തികൻ എന്ന് ചലച്ചിത്ര ചരിത്രകാരന്മാരിൽ ഏറെയും പ്രശംസിക്കുന്ന മുൺസ്റ്റർബർഗിന്റെ "The photoplay: A psychologicalstudy"എന്ന ഗ്രന്ഥം സിനിമാസിദ്ധാന്തമേഖലയിലെയും ആദ്യത്തെ ശ്രദ്ധേയമായ പഠനമാണ് .1916ൽ പ്രസിദ്ധീകരിച്ച ശേഷം 1970ൽ മാത്രമാണ് അതിനൊരു പുന:പ്രസിദ്ധീകരണം സാധ്യമായത്.തത്വചിന്തയെയും മന:ശാസ്ത്രത്തെയും ഒരുപോലെ അദ്ദേഹം തൻറെ പഠനത്തിന് ഉപയോഗിക്കുന്നു.ചലച്ചിത്രപഠനമേഖല തന്നെ നിലവിലില്ലാതിരുന്ന കാലത്ത് അതൊരു അത്ഭുതം തന്നെയായിരുന്നു.
ജർമ്മനിയിൽ ജനിച്ച അദ്ദേഹം 1897ൽ അമേരിക്കയിലെ ഹാർവാർഡിൽ പ്രൊഫസറായി.മന:ശാസ്ത്രമേഖലയിൽ ഏറെ അറിയപ്പെട്ടിരുന്ന അദ്ദേഹത്തെ അപ്ലൈഡ് സൈക്കോളജിയുടെ പിതാവായും പരിഗണിക്കുന്നു.1915ലാണ് അദ്ദേഹം ഒരു സിനിമ കാണുന്നത് (Neptunedaughter).ഒരു വർഷത്തിനുശേഷം പഠന ഗ്രന്ഥം പ്രസിദ്ധീകരിച്ചു. അതിൽ സിനിമയെ "truly the art of the future"എന്ന് കണ്ടെത്തുകയും ചെയ്തു.
(അദ്ദേഹത്തിൻറെ 1916ൽ പ്രസിദ്ധീകൃതമായ "The photoplay: A psychological study" എന്ന ഗ്രന്ഥത്തിൽ നിന്നെടുത്ത ലേഖനത്തിന്റെ സമ്പൂർണ്ണ പരിഭാഷയാണ് ഇത്)
മന:ശാസ്ത്രപരവും സൗന്ദര്യാത്മകവുമായ നൂലുകളെയെല്ലാം കൂട്ടിക്കെട്ടാൻ കഴിയുന്ന ഒരു ബിന്ദുവിലാണ് ഇപ്പോൾ നാം എത്തിയിരിക്കുന്നത്.ഈ പുസ്തകത്തിൻറെ പൂർണമായ സിദ്ധാന്തത്തിൽ എത്തിയെന്ന് പറയാം.സ്വയം നീതീകരിക്കുന്ന നമ്മുടെ ജീവിതത്തിൽനിന്ന് വേർപെടുത്തി എടുത്ത ഒരു അനുഭവത്തിന്റെ സാക്ഷാത്കാരമാണ് കലയിൽ കാണുന്നതെന്ന് നമുക്ക് ചർച്ചയിൽ നിന്ന് മനസ്സിലാകുന്നു.നമ്മുടെ ഇച്ഛക്കനുസരിച്ച് നമ്മിൽ രൂപമെടുക്കുന്ന വികാര പ്രവേഗങ്ങളെ സ്വയം നീതീകരിക്കുന്ന സന്തുലിതമായ കലാപ്രവേഗങ്ങളോട് സന്ധി ചെയ്യുന്നതിലൂടെയാണ് നമുക്ക് സൗന്ദര്യാനുഭൂതി ഉണ്ടാവുന്നത്. ഓരോ വാക്കിന്റെയും അർത്ഥത്തിനോടും നിറത്തോടും രൂപത്തോടും താളത്തോടും ഈണത്തോടും ഈ സന്ധി ചെയ്യൽ നടക്കുന്നു.ഈ ആന്തരിക ചലനത്തോടൊപ്പം എല്ലാ ഭാഗങ്ങളുടെയും പരസ്പര സഹകരണവും സാധ്യമാകുമ്പോഴാണ് യഥാർത്ഥ ആനന്ദം ഉളവാകുന്നത്.ഈ ലക്ഷ്യത്തിലേക്കുള്ള മാർഗ്ഗമാണ് വിവിധ കലകൾ.അവയുടെ മാധ്യമം വ്യത്യസ്തമായിരിക്കും.ഒരേ മാധ്യമം തന്നെ വിഭിന്ന മാർഗങ്ങളിലൂടെ ആയിരിക്കും അപ്രധാനമായതിന്റെ ഉച്ചാടനവും ഊന്നൽ നൽകേണ്ടതിന്റെ അരക്കിട്ടുറപ്പിക്കലും സാധ്യമാക്കുന്നത്.ചലനചിത്രങ്ങൾ (Photoplay)എങ്ങനെയാണ് അതിൻറെ പ്രത്യേകതകൾ കൊണ്ട് യാഥാർത്ഥ്യത്തെ അതിശയിക്കുകയും,സാധാരണ ജീവിതത്തിൽ നിന്നും വേർപെടുത്തിയെടുത്ത നാടകീയ സന്ദർഭത്തെ ഭാഗങ്ങളുടെ സന്തുലനത്തോടെ അവതരിപ്പിക്കുകയും ചെയ്യുന്നത്?നാം നേരത്തെ നടത്തിയ മന:ശാസ്ത്ര വിശകലനത്തിലേക്ക് കടന്നു പോകേണ്ട സന്ദർഭമാണിത്.
ഇക്കാര്യത്തിൽ ചലനചിത്രങ്ങളെ നാടകങ്ങളുമായി ഒരിക്കലും താരതമ്യം ചെയ്യാൻ കഴിയില്ല.നാടകം നാടകീയ മുഹൂർത്തങ്ങളെ സൃഷ്ടിക്കുന്നത് അനുവാചകന്റെ മനസ്സിന്റെ ചലനങ്ങൾക്ക് അനുസരിച്ചാണ്.ഒന്നു തീർച്ചയാണ് ചലന ചിത്രങ്ങളിൽ എല്ലാ സംഭവങ്ങളും അതിൻറെ ആഴത്തിൽ തന്നെ സ്ഥലത്തിൽ തന്നെ സംഭവിക്കുന്നതാണ്. എന്നാൽ കാഴ്ചക്കാരന് അത് യഥാർത്ഥ ലോകത്തിൻറെ ത്രിമാനത്തിൽ സംഭവിക്കുന്നതായി തോന്നുന്നില്ല.ആ പരന്ന ചിത്രങ്ങളെ മനസ്സാണ് രൂപപ്പെടുത്തുന്നതെന്ന് അവർ കരുതുന്നു. നിരന്തര ചലനത്തിലാണ് സംഭവങ്ങൾ അനുഭവവേദ്യമാകുന്നത്. ഒന്നിനു പിറകെ ഒന്നായി വരുന്ന വ്യത്യസ്തമായ ചിത്രഖണ്ഡങ്ങളുടെ ചലനം ഇതിന് കാരണമാണ്.വസ്തുനിഷ്ഠ യാഥാർത്ഥ്യം അല്ല ഇവിടെ ദൃശ്യമാകുന്നത്.നമ്മുടെ മനസ്സാണ് ചിത്രങ്ങളെ ഒന്നിപ്പിക്കുന്നത്.നാടകവുമായുള്ള വലിയ വ്യത്യാസങ്ങൾ പ്രകടമാകുന്നത് ശ്രദ്ധ,ഓർമ്മ ,ഭാവന,ധന്യാത്മകത,വികാരതാല്പര്യങ്ങളുടെ വിഭജനം എന്നീ മേഖലകളിലേക്ക് കടക്കുമ്പോഴാണ്.ബാഹ്യലോകയാഥാർത്ഥ്യങ്ങളിൽ വ്യാപരിക്കുകയും മറ്റെല്ലാത്തിനെയും അവഗണിക്കുകയും ചെയ്യുന്നു.ചലന ചിത്രങ്ങളിൽ ഇത് സ്പഷ്ടമാകുന്നത് ക്ലോസപ്പിന്റെ കാര്യത്തിലാണ്.ഒരു പ്രത്യേകത മാത്രം വലുതാകുമ്പോൾ മറ്റുള്ളവർ അദൃശ്യമാകുന്നു.ഭൂതകാലത്തെ ചിത്രങ്ങൾ ഓർമ്മയിലേക്ക് വർത്തമാനത്തെ എത്തിക്കുന്നു: ഭൂതകാല സംഭവങ്ങളെയും വർത്തമാനകാല സംഭവങ്ങളെയും വെട്ടിച്ചേർക്കുന്നതിലൂടെ ചലന ചിത്രങ്ങൾ ഇക്കാര്യം സാധിക്കുന്നു.മനസ്സിൻറെ ഭാവന ഭാവിയെ മുൻകൂട്ടി കാണുകയും അങ്ങനെ യാഥാർത്ഥ്യത്തെ കൽപ്പനയാലും സ്വപ്നത്താലും മറികടക്കുകയും ചെയ്യുന്നു:ചലനചിത്രമാകട്ടെ ഇതിനേക്കാൾ മെച്ചമായി ഭാവനയെ ഇക്കാര്യത്തിൽ കവച്ചുവയ്ക്കുന്നു.താല്പര്യത്തിന്റെ വിഭജനം മൂലം നമ്മുടെ മനസ്സ് അവിടെയും ഇവിടെയും ഉഴറുന്നു.വിവിധ സ്ഥലങ്ങളിൽ ഒരേസമയം നടക്കുന്ന കാര്യങ്ങളിൽ മനസ്സ് വ്യാപരിക്കുന്നു .മനസ്സിൻറെ ഈ വ്യാപാരങ്ങളെ മുഴുവൻ ഇടകലർത്തി കാണിക്കാൻ കഴിയുന്നു.ലോകത്തിലെ അഞ്ച് മേഖലകളിൽ നടക്കുന്ന കാര്യങ്ങളെ പോലും ഇങ്ങനെ കോർത്തിണക്കി ഒരു സങ്കീർണ സന്ദർഭമായി കാണിക്കാനാവും.അവസാനമായി കാഴ്ചക്കാരന്റെ ഓരോ വൈകാരിക ഘടകങ്ങളും ചലന ചിത്രത്തിലെ ഓരോ സന്ദർഭങ്ങളെയും രൂപപ്പെടുത്തുന്ന ഘടകമാവുകയും കാഴ്ചക്കാരന്റെ വികാരത്തിൻറെ രൂപമായി അത് പരിണമിക്കുകയും ചെയ്യുന്നു.നാടകശാലയിൽ നാടകം ഒന്ന് ശ്രമിക്കുക പോലും ചെയ്യാത്ത ഇത്തരം കാര്യങ്ങൾ നടപ്പാക്കുന്നതിൽ ചലന ചിത്രം വിജയിക്കുന്നു.
സൗന്ദര്യത്മക വിശകലനത്തിന്റെ ഫലം ഇതാണെങ്കിൽ മന:ശാസ്ത്ര വിശകലനത്തിന്റെ അവസ്ഥ എന്താണ്?രണ്ടിന്റെയും സംയോജനമാണ് ഒരു പൊതു തത്വത്തിൽ എത്തിച്ചേരാൻ എളുപ്പം. സ്ഥലം,സമയം,കാരണത്വം തുടങ്ങിയ ബാഹ്യലോകരൂപങ്ങളെ മറികടന്നും ആന്തരികലോകത്തിൻറെ രൂപങ്ങളായ ശ്രദ്ധ,ഓർമ്മ,ഭാവന,വികാരം എന്നിവയ്ക്ക് അനുസരിച്ച് സംഭവങ്ങളെ ആവിഷ്കരിച്ചും ചലനചിത്രം മനുഷ്യ കഥ പറയുന്നു.ശരിക്കുള്ള ദിശാബോധം ലഭിക്കുന്നതിനായി ചലന ചിത്രത്തെ നാടകശാലയിലെ പ്രകടനവുമായി താരതമ്യം ചെയ്യണം.നാം സാധാരണ നാടകത്തിൻറെ സ്വഭാവസവിശേഷതകളിലേക്ക് ചർച്ചയെ വ്യാപിപ്പിക്കുന്നില്ല.അത് എല്ലാവർക്കും അറിയാവുന്നതാണ്.ഗ്രീക്കുകാർ നിർമ്മിക്കുകയും ഏഷ്യയിലും യൂറോപ്പിലും അമേരിക്കയിലും എല്ലാം വ്യാപിക്കുകയും ചെയ്ത ആ ശ്രേഷ്ഠമായ കലാരൂപത്തെ ഏവർക്കും അറിയാം.പ്രാചീനകാലത്ത് ഉള്ള ദുരന്ത നാടകം, ശുഭാന്തനാടകം മുതൽ റൊസ്റ്റാൻഡ്(Rostand),ഹോപ്റ്റ്മാൻ(Hoptman),ഷാ വരെയുള്ള നാടകക്കാരൻമാരുടെ കൃതികളിൽ എല്ലാം പൊതുവായി കാണുന്ന ലക്ഷ്യത്തെയും രൂപത്തെയും കുറിച്ച് കൂടുതൽ വാചാലമാകേണ്ട കാര്യമില്ല.ചലനചിത്രത്തിൽ നിന്ന് തീയേറ്റർഎങ്ങനെയാണ് വ്യത്യസ്തമാകുന്നത്?നമ്മുടെ പൊതു താൽപര്യങ്ങളിൽ നിന്ന് ഏതെങ്കിലും തരത്തിൽ വ്യതിരിക്തമാണ് ഓരോ കലാരൂപവും എന്ന് ശഠിക്കണം.തിയറ്ററും ഇതിനൊരു അപവാദമല്ല.തീയറ്ററിന്റെ ഘടന,അതിന്റെ ബാഹ്യരൂപം,സ്റ്റേജിലെയും കാണികൾ ഇരിക്കുന്ന ഇടത്തെയും പ്രകാശ വ്യതിയാനം,സ്റ്റേജിലെ വസ്തുക്കളുടെ സംവിധാനം,വസ്ത്രാലങ്കാരം എന്നിവയെല്ലാം സ്റ്റേജിൽ നടക്കുന്നത് യാഥാർത്ഥ്യമെന്ന് പരിഗണിക്കുന്നതിന് കാണികൾക്കുള്ള തടസ്സങ്ങളാണ്.സ്റ്റേജ് മാനേജർമാർ പലപ്പോഴും ഈ തടസ്സങ്ങൾ കുറച്ചു കൊണ്ടുവരാൻ പരമാവധി ശ്രമിക്കാറുണ്ട്.കാണികളെ തിളക്കമുള്ള പ്രകാശത്തിൽ ഇരുത്തിയും നാടകീയതയുടെ അളവ് കുറച്ചു കൊണ്ടുവന്നും യാഥാർത്ഥ്യത്തിൽ നിന്നുള്ള അകലം കുറയ്ക്കാനാണ് ശ്രമം.ഇക്കാര്യത്തിൽ ചലനചിത്രവും തിയേറ്ററും സാമ്യം വഹിക്കുന്നു.ആദ്യകാലത്ത് ചലനചിത്രവും അയഥാർത്ഥങ്ങളുടെ സമാഹാരമായിരുന്നു.
തുടർന്നുള്ള തലങ്ങളിലേക്ക് പരിശോധന വ്യാപിപ്പിക്കുമ്പോൾ തീയറ്ററും ഫിലിമും തമ്മിലുള്ള വ്യത്യാസം പ്രകടമാവും.ഭൗതികമായ യാഥാർത്ഥ്യത്തിൽ നിന്നും ഓരോ പ്രകാരത്തിലും നാടകത്തേക്കാളും സിനിമ വളരെ അകലെയാണ്.ഈ യാഥാർത്ഥ്യത്തിൽ നിന്നുമുള്ള അകലം അതിനെ മാനസിക ലോകത്തോട് അടുപ്പിക്കുന്നു.ജീവനുള്ളമനുഷ്യരെ സ്റ്റേജ് അവതരിപ്പിക്കുന്നു.അത് യഥാർത്ഥ റോമിയോയും ജൂലിയറ്റും അല്ലെങ്കിലും അവർക്ക് ശബ്ദം നൽകുന്നത് യഥാർത്ഥ നടി നടന്മാരാണ്.അവർ ശ്വസിക്കുന്നതും ജീവിക്കുന്നതും റോമിയോയും ജൂലിയറ്റുമായാണ്. സിനിമയിൽ എങ്ങനെയാണ്? സിനിമയിൽ ശബ്ദം മരവിച്ചിരിക്കുന്നു.സിനിമ ഒരു മൂക പ്രകടനമാണ്.ഇപ്രകാരം നോക്കിയാലും സിനിമ യാഥാർത്ഥ്യത്തിൽ നിന്നും ഒരു പടി അകലെയാണ്.തിയറ്ററിന്റെ ചരിത്രം അറിയാവുന്നവർക്ക് മാനവ ലോകത്തിൻറെ വികാസത്തിൽ മൂകനാടകം(Pantomime)വഹിച്ച മഹത്തായ പങ്ക് വിസ്മരിക്കാനാവില്ല.ആദ്യകാലത്തെ പകുതി മതപരമായ മൂകനാടകം,ധന്യാത്മക നൃത്തം, പൂർണ്ണമായി മതപരമായ മൂകനാടകം,മധ്യകാലത്ത് ഉണ്ടായവ,ആധുനിക നാടകങ്ങളിലെ നിശബ്ദമായ നാടകീയ മുഹൂർത്തങ്ങൾ എന്നിവ ഓർമിക്കുമ്പോൾ എല്ലാ നാടകീയ രൂപങ്ങളുടെയും അടിസ്ഥാനഘടകം മൂകനാടകം ആണെന്നവ്യക്തമാവും.അവ ഗ്രീക്കുകാർക്കിടയിൽ എത്രമാത്രം പ്രചാരം നേടിയിരുന്നെന്നും റോമൻ സാമ്രാജ്യകാലത്ത് എത്രമാത്രം മുൻപന്തിയിൽ ആയിരുന്നു എന്നും നമുക്കറിയാം. പഴയ റോം തമാശക്കാരായ കോമാളികളെ ഇഷ്ടപ്പെട്ടു;ഇപ്പോഴും ദുരന്തമൂകനാടകങ്ങളെക്കാളും"അവരുടെ തലയിളക്കങ്ങൾ,അവരുടെ കയ്യനക്കങ്ങൾക്കും വിരലനക്കങ്ങൾക്കും സംസാരത്തിന്റെ ശബ്ദമുണ്ട്".റോമാസാമ്രാജ്യത്തിന്റെ പതനത്തിനുശേഷം പള്ളി മൂകനാടകത്തെ വിശുദ്ധ ചരിത്രങ്ങൾ പറയാൻ ഉപയോഗിച്ചു.തുടർന്നുള്ള നൂറ്റാണ്ടുകളിൽ ഉണ്ടായ ബാലേകളിലെ മൂകനാടകങ്ങളിൽ അവിശുദ്ധ ചരിത്രങ്ങൾ ധാരാളം കടന്നുവന്നു.സങ്കീർണമായ കലാപരമായ ദുരന്ത നാടകങ്ങൾ വാക്കുകളുടെ ഉപയോഗമില്ലാതെതന്നെ ഇക്കാലത്തു പോലും തിയറ്ററിൽ വിജയിച്ചു വരുന്നു. പാരീസിൽ നിന്നു വന്ന "L EnfantProdigue",ബെർലിനിൽ നിന്നു വന്ന"Sumurun",പെട്രോഗ്രാഡിൽ നിന്നു വന്ന "Petroushka"എന്നിവയെല്ലാം അമേരിക്കൻ തീയറ്ററിനെ കീഴടക്കി.സംസാരത്തിന്റെ ഇല്ലായ്മ യാഥാർത്ഥ്യത്തിൽ നിന്നുമുള്ള അകൽച്ച കൂട്ടി പലവിധേനയും നടീനടന്മാരുടെ ശാരീരികമായ ആസ്തിത്വത്തിന്റെ നിരന്തര ബോധത്തെ തന്നെ ഇല്ലായ്മ ചെയ്യുന്നു.
പുതിയ മൂകനാടകങ്ങളെ കുറിച്ച് പഠിക്കുന്ന വിദ്യാർത്ഥി മൂക നാടകത്തിലെ കഥാപാത്രങ്ങളുടെയും സിനിമയിലെ കഥാപാത്രങ്ങളുടെയും പ്രകടനത്തിലെ വ്യത്യാസം ശ്രദ്ധിക്കുന്നില്ല.ആന്തരികഭാവങ്ങളുടെ ആവിഷ്കരണം,ആംദഗ്യഭാഷയുടെ ഉപയോഗം എന്നിവയിലെല്ലാം വ്യത്യസ്തമാണത്.ഇവിടെ സിനിമ മൂകനാടകത്തേക്കാൾ യഥാർത്ഥ ജീവിതത്തോട് സാമ്യം വഹിക്കുന്നു എന്ന് പറയാമെന്ന് തോന്നുന്നു.തീർച്ചയായും സിനിമാനടൻ സ്വാഭാവിക പെരുമാറ്റത്തെ അല്പം അതിശയീകരിക്കുന്നുണ്ട്.ആംഗ്യങ്ങളുടെ താളാത്മകതയിലും സാന്ദ്രതയിലും അയാളുടെ ചലനങ്ങൾ അസ്വാഭാവികവും സംഭാഷണത്തിനോടൊപ്പം പ്രത്യക്ഷപ്പെടുന്ന സാധാരണ ജീവിത സന്ദർഭത്തേക്കാൾ ചിന്തയിലും വികാരത്തിലും ഉള്ളടക്കത്തിലും പിറകിലും ആയിരിക്കും.സിനിമാനടൻ മാനസികമായ ചലനങ്ങൾ സൃഷ്ടിക്കുന്നതിനായി വൈകാരികമായി അഭിനയിക്കുന്നു.എന്നാൽ മൂകനാടകത്തിലെ നടൻ ഇതുകൊണ്ടും തൃപ്തനാകുന്നില്ല.അസ്വാഭാവികമായ ചിലത് കൂടി കൂട്ടിച്ചേർത്ത് കൃത്രിമമായ ഒരു വൈകാരിക പ്രകടനം അയാൾ നടത്തുന്നു .അയാൾ സ്വാഭാവികമായും കോപം വന്ന ഒരാളായി പെരുമാറുന്നില്ല.തീർച്ചയായും ബോധപൂർവ്വം കോപിഷ്ഠനായി മാറാൻ താല്പര്യപ്പെട്ട ഒരാളായി മറ്റുള്ളവർക്കും മുന്നിൽ അയാൾ ദേഷ്യം പ്രകടിപ്പിക്കുകയാണ്.അയാൾ കാണികൾക്ക് വേണ്ടിയാണ് അത് ചെയ്യുന്നത്.നാടകീയമായി തന്നോടൊപ്പം നിൽക്കുന്നവർക്ക് കൂടി വേണ്ടിയാണ് അയാളുടെ പ്രകടനം.അയാൾ അങ്ങനെ ചെയ്തില്ലെങ്കിൽ വലിയൊരു കഥയും അതിനകത്തെ മാനുഷിക വികാരങ്ങളുടെ സംഘർഷങ്ങളും എത്രയോ ചെറുതായി പോകും.സിനിമയിൽ ആകട്ടെ വേഗത്തിൽ മാറിമറിയുന്ന സീനുകളിലൂടെ അയാളുടെ വിവക്ഷകളെ അവതരിപ്പിക്കാൻ മാർഗങ്ങളുണ്ട് അല്ലാതെ വന്നാൽ അയാൾ മൂക നാടകത്തിലെ പോലെ സ്ക്രീനിൽ പെരുമാറിയാൽ സിനിമയുടെ കലാപരമായ ഗുണം നഷ്ടമാകും