top of page

കാമ്പസ് നാടകവേദിയെക്കുറിച്ച് അലിയാർ സംസാരിക്കുന്നു

പത്ത് ചോദ്യങ്ങൾ
അലിയാർ / ആര്യ സി.ജെ.

ആദ്ധ്യാപകന്‍,എഴുത്തുകാരന്‍,പ്രഭാഷകന്‍,നാടക -സിനിമ നടന്‍, ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് തുടങ്ങിയ നിലകളിൽ ശ്രദ്ധേയനായ അലിയാർ കുഞ്ഞ് ആധുനിക നാടക വേദിയുടെ രൂപീകരണത്തിനും വളർച്ചയ്ക്കും ഒപ്പം സഞ്ചരിച്ച ആളാണ്. അദ്ദേഹം നാടകാനുഭവങ്ങൾ പങ്കു വയ്ക്കുന്നു.



1.1978ൽ കോളേജ് അധ്യാപകർക്ക് വേണ്ടി സ്കൂൾ ഓഫ് ഡ്രാമ കാമ്പസ് തീയറ്റർ രൂപീകരിക്കാൻ ശില്പശാലകൾ സംഘടിപ്പിച്ചിരുന്നില്ലേ.. അതിനെക്കുറിച്ച് പറയാമോ?


എന്തുകൊണ്ട് കാമ്പസ് തീയറ്ററുകൾ ഉയർന്നുവരണം എന്ന ആശയം അവതരിപ്പിക്കുന്നത് ജി.ശങ്കരപിള്ള സാർ ആണ്.ഇവിടെ സ്കൂളുകളിലും കോളേജുകളിലും നാടകം  നടത്തുന്നത് പരിശീലനം ലഭിച്ചവർ പ്രത്യേക സമയങ്ങളിൽ പുറമേനിന്ന് വന്ന് നാടകം നടത്തി മടങ്ങിപ്പോകുന്ന രീതിയിലാണ്. അതല്ലാതെ കോളേജുകളിലും സ്കൂളുകളിലും നാടകസംബന്ധിയായ തുടർപ്രവർത്തനങ്ങൾ ആവശ്യമുണ്ട് എന്ന സങ്കല്പത്തിലാണ് ഈ നിർദ്ദേശം വരുന്നത്. വിദേശരാജ്യങ്ങളിൽ നാടകത്തിൽ പുതുതായി എന്തു സംഭവിക്കുന്നു എന്നറിയാൻ വേണ്ടി വലിയ നാടകകൃത്തുക്കൾ പോകുന്നത് കാമ്പസിലേക്കാണ്. പുതിയ ആശയങ്ങൾ,പുതിയ അവതരണ സമ്പ്രദായങ്ങൾ ഇതൊക്കെ കാണാൻ വേണ്ടി അവർ പോകുന്നത് കാമ്പസിലേക്കാണ്. ഇവിടെയും അങ്ങനെ ആകണം എന്ന സങ്കല്പത്തിലാണ് ഇങ്ങനെ തുടങ്ങാൻ തീരുമാനിച്ചത്.നാടക പ്രവർത്തനം സാമൂഹിക പ്രവർത്തനമാണ്. നാടകത്തിൽ ചെറിയ വേഷം ചെയ്യുന്നവരും അല്ലാത്തവരും എല്ലാപേരും ചേരുന്ന കൂട്ടായ്മ, ഹൃദയ അടുപ്പം എന്നത് അഭിനയിച്ചിട്ടുള്ളവർക്കേ അറിയാവൂ. അധ്യാപകരുടെ കൂട്ടത്തിൽ തല്പരരായിട്ടുള്ളവരെ എടുത്തിട്ട് അവർക്ക് ട്രെയിനിംഗ് കൊടുത്താൽ അവർ അവരവരുടെ കോളേജുകളിൽ പോയി താല്പര്യമുള്ള കുട്ടികളെ കൊണ്ട് നാടകം ചെയ്യിക്കാം എന്ന ആശയമാണ് ഇതിന് പിന്നിലുള്ളത്.സ്കൂൾ ഓഫ് ഡ്രാമ തുടങ്ങിയവർഷം തന്നെ യു ജി സി യുമായി ബന്ധപ്പെട്ട് കാമ്പസ് തീയറ്ററിൻ്റെ വർക്ക്ഷോപ്പ്, നാഷണൽ തീയറ്റർ വർക്ക്ഷോപ്പ് സംഘടിപ്പിക്കാൻ തീരുമാനിച്ചു.വിവിധ സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെയുള്ള 30 അധ്യാപകർക്ക് പങ്കെടുക്കാം.ഞാൻ തിരുവനന്തപുരംആർട്ട്സ് കോളേജിൽ ആയിരുന്ന സമയത്താണ് നാടകക്യാമ്പ് തുടങ്ങുന്നു എന്ന കത്ത് വന്നത്.1978 അവസാനം .തൃശ്ശൂർ വച്ചാണ് ക്യാമ്പ്.അങ്ങനെയാണ് എല്ലാ പേരും അവിടെ എത്തുന്നത്. സ്കൂൾ ഓഫ് ഡ്രാമ യുടെ നേതൃത്വത്തിൽ ജി.ശങ്കരപ്പിള്ളയുടെ പരിശ്രമത്തിലാണ് അതു നടക്കുന്നത്.


2.ശങ്കരപിള്ള സാറുമായി സാറിനുള്ള അനുഭവങ്ങൾ എന്തൊക്കെ?

1974 മുതലാണ് ഞാനും ശങ്കരപിള്ള സാറുമായുള്ള ബന്ധം തുടങ്ങുന്നത്.കാസർകോഡ് കോളേജിൽ വച്ച് ഞാൻ അൻ്റോണിൻ അർത്താഡിനെക്കുറിച്ച് ലേഖനമെഴുതുന്നു. അന്ന് എന്നോടൊപ്പം ഉണ്ടായിരുന്ന കെ.വി.തിരുമലേഷ് ഹൈദ്രാബാദിൽ പോയി വന്നപ്പോൾ അർത്താഡിൻ്റെ  ‘തിയറ്റർ ആൻ്റ് ഇറ്റ്സ് ഡബിൾ’ എന്ന പുസ്തകം കൊണ്ടുവന്നു. എന്താണ് അദ്ദേഹത്തിൻ്റെ നാടക സങ്കല്പമെന്ന് മറ്റുള്ളവർക്കറിയാൻ ഒരു ലേഖനമെഴുതുന്നു. മുമ്പ് അർത്താഡിനെക്കുറിച്ച് ശങ്കരപിള്ള സാർ പറഞ്ഞ് അറിഞ്ഞിട്ടുണ്ട്. 'കുങ്കുമ'ത്തിൽ അത് അലിയാർ വെളിയം എന്ന പേരിൽ അച്ചടിച്ചുവന്നു.പത്തു ദിവസം കഴിഞ്ഞപ്പോൾ എനിക്ക് ഒരു പോസ്റ്റ് കാർഡ് വന്നു.ശങ്കരപ്പിള്ള സാറിൻ്റെ കത്താണ്. നാടകവുമായി ബന്ധപ്പെട്ട് ആരെങ്കിലും ഉണ്ടെങ്കിൽ സാറ് അവരെ പിടികൂടുമായിരുന്നു.അയ്യപ്പപ്പണിക്കർ സാർ ആണ് പറഞ്ഞു കൊടുത്തത് കാസർഗോഡ് കോളേജിലെ മലയാളം സാറാണ് ഞാൻ എന്ന്. നാട്ടിൽ വരുമ്പോൾ തമ്മിൽ കാണണമെന്നാണ് കത്തിലെ ഉള്ളടക്കം.

അങ്ങനെ വന്ന അവസരത്തിൽ ഫാത്തിമ കോളേജിൽ ' സാകേതം' എന്ന നാടകം ശങ്കരപിള്ള സാർ ചെയ്യുന്നതായി അറിഞ്ഞു ടി.ആർ.സുകുമാരൻ നായർ,ഭരത് ഗോപി ചേട്ടൻ, സി.ആർ.ആനന്ദവല്ലി, ലീലാ പണിക്കർ ഒക്കെയാണ് അഭിനയിക്കുന്നത്. വൈകിയാൽ വെളിയത്തിലേക്ക് ബസില്ല, അതു കൊണ്ട് നേരത്തെ പോകും എന്നു പറഞ്ഞപ്പോൾ അതിനൊക്കെ വഴി ഉണ്ടാക്കാം നാടകം കണ്ടിട്ട് പോയാൽ മതി എന്നു പറഞ്ഞു.



3.അയ്യപ്പണിക്കരെ എങ്ങനെയാണ് പരിചയപ്പെടുന്നത്?

ഞാൻ കാസർഗോഡ് കോളേജിൽ പഠിപ്പിക്കുമ്പോൾ അവിടെ കെ. വി. തിരുമലേഷ് എന്ന കന്നട കവി ഉണ്ട്. അവിടത്തെ ആധുനിക കവിതയുടെ വക്താവ് ആണ്. ചെറുപ്പത്തിലേ സാഹിത്യ അക്കാദമി അവാർഡ് ഒക്കെ ലഭിച്ച ആളാണ്.മുഖവാടഗളു,മുഖം മൂടികൾ എന്നാണ് കവിതാ സമാഹാരത്തിൻ്റെ പേര്. അവിടെ ചെന്ന് അദ്ദേഹത്തെ പരിചയപ്പെട്ടു. അദ്ദേഹം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിലാണ് പഠിച്ചത്.പണിക്കർ സാറിൻ്റെ സ്റ്റുഡൻ്റാണ്.നരേന്ദ്രപ്രസാദ് ക്ലാസ് മേറ്റാണ്.അങ്ങനെ ഇരിക്കുമ്പോൾ അയ്യപ്പപ്പണിക്കർ സാർ കാസർഗോഡ് വന്നു. അതിന് മുമ്പ് കണ്ടിട്ടില്ല. കേരള കവിതയുടെ ചില ലക്കങ്ങൾ കണ്ടിട്ടുണ്ട്.പണിക്കർ സാർ വന്നിട്ട് തിരുമലേഷിനെ കാണുന്നു. ആധുനിക കന്നട കവിതാപ്പതിപ്പ് കേരള കവിത ഒരു ലക്കം ഇറക്കണം അതാണ് പണിക്കർ സാറിൻ്റെ ലക്ഷ്യം. കന്നടയിൽ നിന്നും ഇങ്ങോട്ടും ഇവിടന്ന് അങ്ങോട്ടും വിവർത്തനം ചെയ്യണം. തിരുമലേഷ് പറഞ്ഞാണ് ഇതിലൊക്കെ താല്പര്യമുള്ള ഒരാൾ എന്ന നിലയിൽ പണിക്കർ സാർ എന്നെ കാണാൻ വരുന്നത്. ആധുനിക കന്നട കവിത എന്ന പേരിൽ ഒരു മുഖലേഖനം എഴുതണം എന്ന് പണിക്കർ സാർ എന്നോട് പറയുന്നു. എനിക്ക് അതിനെ കുറിച്ച് ഒരു വിവരവുമില്ല എന്നു പറഞ്ഞപ്പോൾ വേണ്ട മെറ്റീരിയൽ തരാം എന്നു പറഞ്ഞു. അങ്ങനെയാണ് പണിക്കർ സാറുമായി പരിചയം.



4.നരേന്ദ്രപ്രസാദ്, വി.പി.ശിവകുമാർ ഇവരുമായുള്ള അനുഭവങ്ങൾ?

ഞാൻ 1975ആഗസ്റ്റ് എട്ടിന് ആർട്ട്സ് കോളേജിൽ ജോയിൻ ചെയ്യുന്നു. അങ്ങനെയാണ് ആർട്ട്സ് കോളേജിൽ ഉണ്ടായിരുന്ന നരേന്ദ്രപ്രസാദുമായി ഞാൻ ബന്ധപ്പെടുന്നത് .പ്രസാദ് അക്കാലത്ത് ശ്രദ്ധിക്കപ്പെടുന്ന നിരൂപകനാണ്.’ അലഞ്ഞ വർ അന്വേഷിച്ചവർ ‘ സീരിയ ലൈസ് ചെയ്ത് കഴിഞ്ഞതേ ഉള്ളു.കണ്ടു പരിചയപ്പെട്ട ശേഷം ദീർഘകാല ബന്ധം ഉണ്ടായിരുന്ന പോലെയാണ് നമ്മൾ പെരുമാറിയത്.പ്രസാദ് എന്നെക്കുറിച്ച് ശിവകുമാറിനയക്കുന്ന കത്തിൽ പരാമർശിക്കുമായിരുന്നു. അപ്പോൾ ശിവകുമാർ പട്ടാമ്പിയിലാണ്.ഒരിക്കൽ നമ്മളെ കാണാൻ വന്ന ഓർമ്മയുണ്ട്. കോളേജിൽ നിന്നുമിറങ്ങി പാളയത്ത് നിന്നും ഈസ്റ്റ് ഫോർട്ട് വരെ നടന്നു. വഴിയിൽ കണ്ട കടകളിൽ നിന്നും മുറുക്കി നാരങ്ങ വെള്ളം കുടിച്ച് അങ്ങനെ. ആയുർവേദ കോളേജ് ജംഗ്ഷനിലെ ബുക്ക് സ്റ്റോളിൽ കയറി ശിവകുമാർ ബോർഹസിൻ്റെ കഥകൾ വാങ്ങി .50 രൂപ. ഇത് അന്നത്തെ വലിയ വിലയാണ്.ശിവകുമാർ എന്നോടൊപ്പം താമസിച്ചപ്പോൾ ഒരിക്കൽ ഞാൻ ഒരു യക്ഷിക്കഥ പറഞ്ഞു.രാവിലെ എഴുന്നേറ്റ് വന്നപ്പോൾ അതു എഴുതി വച്ചിരിക്കുന്നു.


5.ആധുനിക നാടക വേദിയുമായി നരേന്ദ്രപ്രസാദ് എങ്ങനെയാണ് ബന്ധപ്പെടുന്നത്?


   തിരുവനന്തപുരത്ത് 'അവനവൻ കടമ്പ' എന്ന നാടകത്തിന്റെ റിഹേഴ്സൽ നടക്കുകയാണ്. വൈകിട്ട് പോകാമെന്ന് പ്രസാദിനോട് പറഞ്ഞു... ഈസ്റ്റ് ഫോർട്ടിനടുത്ത് ഒരു കോമ്പൗണ്ടിലാണ് ഇത് നടക്കുന്നത്.   അപ്പോൾ , അദ്ദേഹത്തിന് ഒട്ടും താൽപര്യമുണ്ടായിരുന്നില്ല.  ഞാൻ പറഞ്ഞു നാടകമെന്നാൽ, നിങ്ങളീ സാഹിത്യനിരൂപണം നടത്തുന്നതുപോലെയല്ല...  നാടകം ഉണ്ടായിവരുന്നത് കാണേണ്ടതാണ്. അത് കാഴ്ചയുടെ മറ്റൊരനുഭവമാണ്. അത് വേറൊരുതരം ക്രിയാത്മകമായ പ്രക്രിയയാണ്. അത്  കണ്ടാലേ മനസ്സിലാകൂ. വായിച്ചാൽ കിട്ടുന്ന സംഗതി അല്ല. വരുന്നില്ലെങ്കിൽ വരണ്ട. അങ്ങനെ ഞാൻ പോയി. രണ്ടാമത്തെ ദിവസവും ഞാൻ റിഹേഴ്സൽ കാണാൻ പോകുന്നുണ്ടായിരുന്നു. വരുന്നുണ്ടെങ്കിൽ വരാം എന്ന് പ്രസാദിനോടു പറഞ്ഞു. മനസ്സില്ലാ മനസ്സോടെ വന്നു. അന്ന് കാവാലം നാരായണപ്പണിക്കർ സാറുണ്ട്. ഗോപിച്ചേട്ടൻ, നെടുമുടി വേണു, ജഗന്നാഥൻ, കൃഷ്ണൻകുട്ടി നായർ... ആട്ടപ്പണ്ടാരങ്ങളും പാട്ടുപരിഷകളും എല്ലാ ടീം ആൾക്കാരുമുണ്ട്. അരവിന്ദന്റെ സംവിധാനമാണ്. അദ്ദേഹം എന്തോ നിർദ്ദേശങ്ങൾ ഒക്കെ പറയുന്നു. ചിലതൊന്നും ആർക്കും കേൾക്കാൻ പറ്റുന്നില്ല. ഇവർ ഇടയ്ക്ക് ഒരു സീക്വൻസ് ചെയ്തു നോക്കുന്നു. പിന്നെ എല്ലാവരും കൂടി തീരുമാനിച്ചു വേറൊരു രീതിയിൽ ചെയ്യുന്നു. ഇതൊക്കെ കണ്ടിട്ട് പുള്ളിക്ക് ഈ സംഗതി കൊള്ളാമല്ലോ എന്ന് തോന്നി. ഇത് ഓരോരുത്തരുടേയും ക്രിയേറ്റിവിറ്റി വളർത്തിയെടുക്കുന്ന,  എല്ലാപേരുടേയും താൽപര്യം നോക്കിയിട്ട് ചെയ്യുന്ന ഒന്നാണെന്ന് പ്രസാദിന്   മനസ്സിലായി. മൂന്നാമത്തെ ദിവസം പ്രസാദ് എന്നോട്, നാടകറിഹേഴ്സൽ കാണാൻ പോകണ്ടേ എന്ന് ഇങ്ങോട്ട്  ചോദിച്ചു. ഈ പരിപാടി കൊള്ളാമെന്നൊക്കെ അന്ന്  അഭിപ്രായപ്പെട്ടു.

 

 നാടകത്തിന്റെ പ്രൊഡക്ഷന്റെ അന്ന് വളരെ നേരത്തെ ഞങ്ങൾ പോയി സീറ്റ് പിടിച്ചു. അട്ടക്കുളങ്ങര സ്കൂളിന്റെ അടുത്തായിരുന്നു പ്രദർശനം. ടാർപ്പാളം ഒക്കെ വിരിച്ച് തറയിലിരുന്നു. അയ്യപ്പപ്പണിക്കർ സാറിന്റെ ആശിർവാദവും സഹകരണവും ഇതിന് ഉണ്ടായിരുന്നു. അന്നത്തെ രീതിക്ക് നാടകം  വലിയൊരു സംഭവമായിരുന്നു. കാരണം തനത് നാടകമൊക്കെ വരുന്ന കാലമാണ്. പക്ഷേ അതിന്റെ നല്ല പ്രദർശനം ഒന്നും വന്നിട്ടുണ്ടായിരുന്നില്ല. 'കലി' വന്നിട്ടുണ്ടായിരുന്നു. ഇതിന്റെ പ്രൊഡക്ഷൻ    ആളുകൾക്ക് വളരെ ഇഷ്ടപ്പെട്ടു. മാത്രമല്ല തിരുവനന്തപുരത്ത് അന്ന് നിലനിന്നിരുന്ന നാടകരീതികളിൽ നിന്ന് വളരെ വ്യത്യസ്തമായ അനുഭവമായിരുന്നു അത്. അഭിനയസമ്പ്രദായങ്ങളിലും വളരെ വ്യത്യസ്തത ഉണ്ടായിരുന്നു. തുറസ്സായ സ്ഥലത്ത് എൻവിയോൺമെൻറൽ ആക്ടിങിന് വളരെയധികം പ്രാധാന്യം കൊടുത്തിരുന്ന രീതിയിലായിരുന്നു സംവിധാനം. ഇങ്ങനെ പ്രസാദിന് നാടകത്തോട് താൽപര്യമൊക്കെ തോന്നിത്തുടങ്ങി.

 

6.ഇത്തരം നാടകപ്രവർത്തനങ്ങൾ നടക്കുന്ന സമയത്തല്ലേ സ്കൂൾ ഓഫ് ഡ്രാമ കോളേജ് അധ്യാപകർക്ക് വേണ്ടി ക്യാമ്പ് നടത്തുന്നത് …ആ അനുഭവങ്ങൾ?

 

അതെ ആ സമയത്താണ് ശങ്കരപ്പിള്ള സാറിന്റെ നാടകക്യാമ്പിൽ ആപ്ലിക്കേഷൻ ക്ഷണിക്കുന്നത്. നമുക്ക് രണ്ടാൾക്കും കൂടി അപേക്ഷിച്ചാലോ എന്ന് പ്രസാദ് അന്വേഷിച്ചു.  അങ്ങനെ ഞാനും പുള്ളിയും അപേക്ഷിച്ചു. പുള്ളിയുടെ ആപ്ലിക്കേഷൻ കണ്ടയുടനെ ശങ്കരപ്പിള്ള സാർ പ്രസാദിനെ എടുക്കാൻ പറ്റില്ല എന്നു പറഞ്ഞു. ഒരു ഗവ.കോളേജിൽ നിന്ന് ഒന്നിൽ കൂടുതൽ പേർക്ക് പങ്കെടുക്കാൻ സാധിക്കില്ല. സാഹിത്യവിമർശനവുമായി നടക്കുന്നവരെ ഇതിനോട് ബന്ധിപ്പിക്കുന്നതെങ്ങനെയെന്നുള്ള  ആശങ്കയും അദ്ദേഹത്തിനുണ്ടായിരുന്നു. ഇതു വേറെ ഒരു ഡിസിപ്ലിൻ ആണ്. നല്ല അച്ചടക്കം വേണം. പക്ഷേ കടമ്മനിട്ട രാമകൃഷ്ണൻ, ശങ്കരപ്പിള്ള സാറിനെ വിളിച്ചു. പ്രസാദിന് വരാൻ നല്ല താല്പര്യമുണ്ടെന്ന് പറഞ്ഞു. അങ്ങനെ അദ്ദേഹത്തിന്റെ നിർബന്ധത്തിനു വഴങ്ങി ഞങ്ങൾക്ക് രണ്ടുപേർക്കും സെലക്ഷൻ കിട്ടി. അപ്പോൾ 29 ദിവസത്തെ ക്യാമ്പാണ്. ദൂരെയുള്ള യാത്രകൾക്കെല്ലാം പോകുമ്പോൾ മാവേലിക്കരയുള്ള  പ്രസാദിന്റെ വീട്ടിൽ ഒരു ദിവസം തങ്ങി പിറ്റേ ദിവസം യാത്ര തിരിക്കുകയാണ് ചെയ്യുന്നത്. തിരിച്ചു വരുമ്പോഴും അങ്ങനെ തന്നെ. പക്ഷേ ക്യാമ്പിൽ പങ്കെടുക്കേണ്ടതിന്റെ തലേദിവസം ആയപ്പോൾ പ്രസാദിന് വരാൻ മനസ്സില്ല എന്ന് പറഞ്ഞു. അർഹതപ്പെട്ട മറ്റൊരാളുടെ അവസരം നഷ്ടപ്പെടുത്തിയിട്ടാണ് ഈയൊരു സീറ്റ് സംഘടിപ്പിച്ചത്. അതുകൊണ്ട് എന്തായാലും വന്നേ പറ്റൂ എന്ന് നിർബന്ധിച്ചു. അങ്ങനെ വന്നു. എനിക്ക് താമസിക്കാൻ ശങ്കരപ്പിള്ള സാറ്  എത്രയോ വർഷമായി  താമസിക്കുന്ന പ്രീമിയർ ലോഡ്ജ് ശരിയാക്കിത്തന്നു. ഞാനും കാസർഗോഡ് നിന്നുള്ള വേണുഗോപാലും കൂടി ഒരു മുറി ഷെയർ ചെയ്തു. അങ്ങനെ ക്യാമ്പ് തുടങ്ങി. ആദ്യത്തെ ദിവസം എന്താണ് നാടകം എന്നതിനെക്കുറിച്ചുള്ള ഇൻട്രൊഡക്ഷൻ ഒക്കെ തന്നു. ക്ലാസ്സിന്റെ ടൈംടേബിൾ രാവിലെ ഏഴു മണി മുതൽ രാത്രി എട്ടു മണി വരെ ചിലപ്പോൾ എട്ടര വരെ നീണ്ടുപോകുന്ന ഒന്നായിരുന്നു. വോയിസ് കൾച്ചർ ആൻഡ് ഫിസിക്കൽ ട്രെയിനിങ് ഒക്കെ ഉണ്ടായിരുന്നു. ഇത് എന്തിനാണെന്ന് ചോദിച്ചാൽ ശരീരം നന്നാക്കാൻ അല്ല; നടന്റെ മീഡിയം എന്നത് ശരീരവും ശബ്ദവും ആണ്. ഇത് രണ്ടും നടൻ മനസ്സിൽ കാണുന്ന ഭാവത്തിൽ ആവിഷ്കരിക്കുന്ന രീതിയിൽ പാകപ്പെടുത്തി എടുക്കുക എന്നുള്ളതിനാണ്.  ഉദാഹരണത്തിന് ഇങ്ങനെ തിരിയാൻ പറഞ്ഞാൽ ചിലപ്പോൾ തിരിയുന്നത് നേരെ ചെവ്വേ ആയിരിക്കില്ല. തിരിയുന്നതിന് സ്മൂത്ത്നെസ്സ് കാണണമെന്നില്ല. അങ്ങനെ തിരിയാനും ചരിയാനും ശബ്ദത്തെ ഏതു സ്ഥായിയിലും ഉപയോഗിക്കത്തരീതിയിൽ മാറ്റിയെടുക്കുന്നതിനുമൊക്കെയുള്ള പരിശീലനമാണത്. രാവിലെ ഒരു മണിക്കൂറിൽ അധികം  നീണ്ടുനിൽക്കുന്ന എക്സർസൈസ് ഉണ്ട്. ഇത് വളരെ പ്രയാസമുള്ള ഏർപ്പാടാണ്. സാധാരണ ഇതൊന്നും ശീലമില്ലാത്ത ആളുകളെ സംബന്ധിച്ചിടത്തോളം ഇവയൊക്കെ വലിയ ദുഷ്കരമായ കാര്യങ്ങളാണ്. എങ്കിലും ചെയ്യാതിരിക്കാൻ നിർവ്വാഹമില്ല. നാടകതല്‌പരരായ അനേകം ആളുകളും പങ്കെടുത്തിരുന്നു. ഗംഗാധരൻ, ഇ.എ. മജീദ്, ബിയാട്രിക്സ് അലക്സിസ്, ഓമല്ലൂർ ഗോപാലകൃഷ്ണൻ, വിജയൻ നായർ  തുടങ്ങി അഭിനയതാത്പര്യമുളളവരായ ആളുകൾ ക്യാമ്പിൽ ഉണ്ടായിരുന്നു. എക്സർസൈസിനു ശേഷം രാവിലെ  കുളിച്ച് റെഡിയായി വരുമ്പോൾ 9 മണിയോടു കൂടി തിയറി ക്ലാസ് ആരംഭിക്കും. ലോകനാടകവേദിയെ കുറിച്ചുള്ള ക്ലാസ്, നമ്മുടെ പൗരസ്ത്യ അഭിനയസമ്പ്രദായത്തെക്കുറിച്ചുള്ള ക്ലാസ് എല്ലാം ഉണ്ടായിരുന്നു. ക്ലാസുകൾ കൈകാര്യം ചെയ്തിരുന്നത് കൃഷ്ണൻ നമ്പ്യാർ, ശങ്കരപ്രസാദ്, വേണുജി തുടങ്ങിയ പ്രഗത്ഭരായ അധ്യാപകരായിരുന്നു.  ഇങ്ങനെ ഉച്ചവരെ രണ്ട് സെഷനുകളിലായി ക്ലാസുകൾ നടത്തിയിരുന്നു. ഉച്ചകഴിഞ്ഞാൽ ഇമ്പ്രവൈസേഷൻസ് എന്ന് പറയുന്ന സംഗതിയാണ്. അത് വളരെ ശാസ്ത്രീയമായി ചെയ്യുന്ന ഒരു പഠനസമ്പ്രദായമാണ്. ഓരോരുത്തരെ വിളിച്ച് എന്തെങ്കിലും ഒരു സംഗതി ചെയ്യാൻ ആവശ്യപ്പെടും. ഉദാഹരണത്തിന്,  ഒരു നല്ല പുകവലിക്കാരനായി അഭിനയിക്കാനാകും പറയുക.  പുകവലിക്കാരനായി  അഭിനയിച്ചു കാണിക്കാൻ  സ്റ്റേജിലേക്ക് കയറി വന്ന് ഒരു സിഗരറ്റ് എടുത്ത് കത്തിക്കുമ്പോൾ എത്ര വലിയ പുകവലിക്കാരൻ ആയാലും സ്റ്റേജിൽ നിന്ന് ചെയ്യുമ്പോൾ ഇതിന്റെ രീതിയങ്ങ് മാറും. ചിലപ്പോൾ കൈ വിറയ്ക്കും, ചിലപ്പോൾ വേറെ എന്തെങ്കിലും പ്രശ്നമാകും. അപ്പോൾ ഒറ്റയ്ക്കുള്ള ചെറിയ ചെറിയ ഇമ്പ്രവൈസേഷൻസ് ആവശ്യമാണ്. പൊതുടാപ്പിൽ നിന്ന് വെള്ളമെടുത്ത് മടങ്ങുന്ന രംഗമാണ് അഭിനയിക്കേണ്ടതെന്ന് ഇരിക്കട്ടെ. നടൻ ചെയ്യുന്നത് എന്താണെന്ന് വിലയിരുത്താനും കൃത്യമായി മനസിലാക്കാനും കാഴ്ചക്കാർക്ക് കഴിയണം. ഉദാഹരണത്തിന് നടൻ ബക്കറ്റുമായി പ്രവേശിക്കുന്നു. അവിടെ ഒരു പൊതുടാപ്പ് ഉണ്ട്. അതിൽ നിന്ന് വെള്ളം എടുത്ത് തിരിച്ചുപോകുന്നു. നടന് നൽകുന്ന  ഇൻസ്ട്രക്ഷൻ വേറെ ആർക്കും കേൾക്കാൻ കഴിയില്ല. നടൻ എന്താണ് ചെയ്തത്, അതിലെ പ്രശ്നങ്ങൾ എന്താണെന്ന് മറ്റുള്ളവരോട് നോക്കി മനസ്സിലാക്കാനും പറയാനും ആവശ്യപ്പെടുന്നു. കാഴ്ചക്കാരിൽ ചിലർക്ക് മനസ്സിലായിക്കൊളളമെന്നില്ല. ചിലപ്പോൾ  പെർഫോർമൻസ് മോശമായിട്ടായിരിക്കും. പിന്നെ അതിന്റെ സൂക്ഷ്മമായ അംശങ്ങൾ എങ്ങനെ ചെയ്തു, അതിലെ പ്രശ്നങ്ങൾ എന്തൊക്കെയാണ് എന്നൊക്കെ വിലയിരുത്തും. ചിലപ്പോൾ അത് അഭിനയിച്ചയാൾ ശ്രദ്ധിച്ചു കാണില്ല. ടാപ്പിൽ നിന്ന് വെള്ളം എടുത്തു തിരിച്ചു പോകുമ്പോൾ ബക്കറ്റ് ആട്ടിയാട്ടി ആയിരിക്കും പോകുന്നത്.  വെള്ളമെടുത്ത് കഴിഞ്ഞാൽ  ബക്കറ്റിൽ ഭാരമുണ്ട് എന്ന കാര്യം നടൻ വിസ്മരിച്ചു പോയേക്കാം. അതിനനുസരിച്ചുള്ള സൂക്ഷ്മമായിട്ടുള്ള അഭിനയമാണ്  അവിടെ അപ്പോൾ നൽകേണ്ടിയിരുന്നത്. ഇങ്ങനെയൊക്കെയുള്ള കുറെ കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട് എന്നൊക്കെയുള്ള പാഠം ഈ ഇംപ്രവൈസേഷൻ  ക്ലാസുകളിൽ നൽകുന്നു. ഒറ്റയ്ക്ക് ഒറ്റയ്ക്കുള്ള ഇംപ്രവൈസേഷൻസ് കഴിഞ്ഞാൽ അത് പിന്നെ മാറി രണ്ടുപേർ, പിന്നീട് ഗ്രൂപ്പായി, ചിലപ്പോൾ അഞ്ചോ പത്തോ പേരുള്ള വലിയ ഗ്രൂപ്പായി  ചെയ്യുന്നു. പിന്നെ  വലിയ തീം കൊടുത്തു അത് അഭിനയിച്ചു കാണിക്കാൻ പറയും. ചിലപ്പോൾ ഇതൊന്നും ആയിരിക്കില്ല ഒരു ഡയലോഗ് ആയിരിക്കും കൊടുക്കുന്നത്. ഒരു സംഭാഷണശകലം. ഈ സംഭാഷണശകലത്തിൽ നാടകം തീരണം. അല്ലെങ്കിൽ നിങ്ങളുടെ ഒരു പ്രൊഡക്ഷൻ  അവതരിപ്പിക്കണം. അഞ്ചോ പത്തോ മിനിറ്റ് സമയം കൊടുക്കും. ചിലപ്പോൾ  ലാസ്റ്റ് ഡയലോഗ്  കൊടുത്ത് അത് അവതരിപ്പിക്കാൻ പറയും. പിന്നെ ഇതിന്റെ വികസിതമായ ഒരു രൂപമുണ്ട്. നമ്മളിൽ അഞ്ചോ ആറോ പേരെ വിളിക്കുന്നു. എന്നിട്ട് പറയുന്നു, "ഇവിടെ ഒരു മരണം നടന്നിട്ട് 10 മണിക്കൂർ കഴിഞ്ഞിരിക്കുകയാണ്, സംസ്കാരവും കഴിഞ്ഞു. അപ്പോൾ അങ്ങനെയുള്ള വീടാണ്…തുടങ്ങിക്കൊള്ളുക." യാതൊരു മുന്നൊരുക്കവുമില്ല, ഒന്നുമില്ല. നമ്മുടെ ഭാവനയും കാര്യങ്ങളും വളർത്തിയെടുക്കുന്നതിനായാണ് ഇങ്ങനെയുള്ള ടാസ്കുകൾ. അതൊക്കെ വളരെ ഗംഭീരമായിട്ട്  കൈകാര്യം ചെയ്തിരുന്ന  ആളുകളുണ്ട്.

     ഞാൻ തന്നെ ആയുർവേദകോളേജിൽ 1982 ൽ ഒരു ക്യാമ്പ് നടത്തിയിട്ടുണ്ട്. അന്നവിടെ ഉണ്ടായിരുന്ന ദിലീപിൻ്റെ മുൻ കൈയിൽ ആണ് അത് നടന്നത്.അവിടെയും ഇതുപോലെയുള്ള ടാസ്ക് കൊടുക്കും. അന്ന് ഗോപിച്ചേട്ടൻ ആണ് ചെയ്യിച്ചത്.  പത്തുപതിനഞ്ച് മിനിറ്റ് രസകരമായിട്ട് പോയി. സംസ്കാരം കഴിഞ്ഞു വന്നിരിക്കുകയാണ്. ചിലർക്ക് എത്രയും പെട്ടെന്ന് തിരിച്ചു ജോലിക്ക് പോകണം. ബന്ധുക്കൾക്ക് വേറെ ചില കാര്യങ്ങൾ അറിയണം. ചിലർക്ക് വീട്ടുകാര്യങ്ങൾ, വീടുഭാഗം വയ്ക്കലിനെക്കുറിച്ച് അറിയണം. മറ്റു ചിലർ സഞ്ചയനത്തിനുള്ള ഒരുക്കങ്ങളെ പറ്റിയാകും സംസാരിക്കുന്നത്. ഇതൊക്കെ സ്പോട്ടിൽ തന്നെ ഗോപിച്ചേട്ടൻ ചെയ്യിച്ചു.

 

സ്കൂൾ ഓഫ് ഡ്രാമയിൽ നടന്ന വർക്ക്ഷോപ്പിൽ മൂന്നു നാല് ദിവസം കഴിയുമ്പോൾ ഒരു ദിവസം ശങ്കരപിള്ള സർ പറഞ്ഞു.വേണുക്കുട്ടൻ സാർ, രാമാനുജൻ സാർ മുതലായവർ കൂടെയുണ്ട്. “ക്യാമ്പ് നമ്മൾ ഉദ്ദേശിക്കുന്നത് പോലെ എല്ലാവരും സഹകരിക്കുന്നില്ല. കുറച്ചുപേർക്ക് സർട്ടിഫിക്കറ്റ് ആണ് ആവശ്യം. യു.ജി.സി.യുടേതു പോലെ അംഗീകൃതമായ സർട്ടിഫിക്കറ്റ് ആകുമല്ലോ? പക്ഷേ നമ്മുടെ ആവശ്യം അതല്ലല്ലോ? ഇത്രയും പേരുള്ളതിൽ കടുത്ത പണിയാണെന്ന് കരുതുന്നവരും ഒന്നിനും പങ്കെടുക്കാൻ താല്പര്യമില്ലാത്തവരും  കൂട്ടത്തിലുണ്ട്. താല്പര്യമുള്ള  ഏഴോ എട്ടോ പേരുമുണ്ട്. അത് മനസ്സിലാകും. അപ്പോൾ നമുക്ക് എന്ത് ചെയ്യാൻ പറ്റും?” ക്യാമ്പ് ഒന്നുകൂടി  ഉഷാറാക്കാനായി എല്ലാവരും  ചേർന്ന് തീരുമാനത്തിലെത്തി. എന്തായാലും ഈ ക്യാമ്പിന്റെ സമാപനത്തിൽ ഒരു പ്ലേപ്രൊഡക്ഷൻ ഉണ്ടാകും. സമാന്തരമായി അതിന്റെ റിഹേഴ്സലും തുടങ്ങാം. എല്ലാവരെയും ഉൾപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഇങ്ങനെ ഒരു പരിപാടിക്ക് തുടക്കമിട്ടത്. സന്ധ്യകഴിഞ്ഞു പ്രാക്ടീസ് നടത്താനും തീരുമാനമായി.

 

     ശങ്കരപിള്ള സാറിന്റെ ആദ്യ നാടകമായ 'സ്നേഹദൂതൻ' ആണ് അവതരണത്തിനായി തിരഞ്ഞെടുത്തത്. 1956 ൽ രചിച്ച നാടകമാണ്. പിന്നെ അത് കുറച്ച് മാറ്റി എഴുതി. പിന്നീടത് അച്ചടിച്ച് വന്നിട്ടുണ്ട്. ഈ കൃതിക്ക് ഞാനാണ് അവതാരിക  എഴുതിയത്. അങ്ങനെ നാടകം കളിക്കാൻ തീരുമാനിച്ചു. സിദ്ധാർത്ഥരാജകുമാരനായി നരേന്ദ്രപ്രസാദിനെയും ബിയാട്രിക്സിനെ യശോദരയായും കാസ്റ്റ് ചെയ്തു. പിന്നെ ഒരു പ്രധാന കഥാപാത്രം ഛന്ദൻ (രാജകുമാരന്റെ തോഴനാണ്)അത് സദാനന്ദൻ എന്ന് പറയുന്ന സുഹൃത്താണ് ഏറ്റെടുത്തത്. സൂത്രധാരനായി ഞാനും.   അതൊരു വലിയ സംഭവത്തിലേക്ക് പോയി. എല്ലാവർക്കും വലിയ ആവേശമായി. കുറെ നാടകങ്ങളുടെ റീഡിങ്സും വച്ചു. ഗംഗാധരനെ ഈഡിപ്പസ് ആയിട്ടും മജീദിനെ തെറേസിയാസ് പ്രവാചകനായിട്ടുമെല്ലാം അവതരിപ്പിച്ചു. ക്യാമ്പ് കുറച്ചുകൂടി ആക്ടീവായി. എല്ലാവരും വളരെ താൽപര്യം കാണിച്ചു തുടങ്ങി. പ്രസാദിന് ഇതെല്ലാം കണ്ടിട്ട് വളരെ ആവേശമായി. റൂമിൽ വന്നിട്ട് ഈ ഡയലോഗ് ഇങ്ങനെയാണോ പറയുക, ഇത് ഇങ്ങനെ പറഞ്ഞാൽ മതിയോ അങ്ങനെയൊക്കെ ചോദിച്ച് ഭയങ്കരമായിട്ടുള്ള ഇൻവോൾമെൻറ് ഒക്കെ ഇതിനിടയിൽ ഉണ്ടായി. ക്യാമ്പ് നന്നായിട്ട് തന്നെ നടന്നു. പ്ലേ പ്രൊഡക്ഷനും ഗംഭീരമായി. ലൈറ്റിംഗും മ്യൂസിക്കും ഒക്കെ ഉണ്ടായിരുന്നു. സിദ്ധാർത്ഥ രാജകുമാരൻ ഭാര്യയെയും മകനേയും ഉപേക്ഷിച്ചു പോകുന്ന രംഗമുണ്ട്. മ്യൂസിക് ഒന്നും കൊടുക്കാതെ ചീവീടിന്റെ ശബ്ദവും നേരിയ ലൈറ്റിങും കൊടുത്ത്  വളരെ ഗംഭീരമായിരുന്നു. അങ്ങനെ നാടകം ഒരു നല്ല പ്രൊഡക്ഷൻ ആയി. അന്നത്തെ ആ നാടകം വലിയ വിജയമായി. അങ്ങനെ ക്യാമ്പ് നല്ല രീതിയിൽ അവസാനിച്ചു.  

 

7.മറ്റ് നാടകഓർമ്മകൾ എന്തൊക്കെയാണ്?

       1978 ൽ നവംബറിൽ ഞാനും പ്രസാദും കൂടി എവിടെയോ എന്തോ മീറ്റിംഗ് കഴിഞ്ഞ് മാവേലിക്കര ഇറങ്ങി ബസ്സിൽ യാത്ര ചെയ്യുകയായിരുന്നു. കരുനാഗപ്പള്ളി കഴിഞ്ഞപ്പോൾ പ്രസാദ് എന്നോട് പറഞ്ഞു. ഒരു നാടകം എഴുതിയാൽ കൊള്ളാമെന്നുണ്ട്. നമ്മുടെ മോഹനനാണ് പ്രധാന കഥാപാത്രം. ഞാൻ ചോദിച്ചു; ഏത് മോഹനൻ?!  ഞങ്ങളുടെ കൂടെ മിക്കവാറും ഉണ്ടാകുന്ന ഒരു സുഹൃത്തുണ്ട്. ഞങ്ങളുടെ ആശ്രിതനാണ്. അയാൾ അഭ്യസ്തവിദ്യനാണ് എങ്കിലും ജോലി ഒന്നും ആയിട്ടില്ല. തൊഴിൽരഹിതനായ മോഹനന്റെ കഥയാണ്  നാടകമാക്കാൻ ഉദ്ദേശിച്ചത്.     

     അങ്ങനെ ഒരു ദിവസം വൈകുന്നേരം പോസ്റ്റൽ അക്കൗണ്ട്സിലെ  ജീവനക്കാർ മൂന്നാലു പേർ എന്നെ കാണാൻ വന്നു. ചിത്രരഞ്ജൻ എന്നയാളെ ഞാൻ ഇപ്പോഴും ഓർക്കുന്നു. പണ്ട് പോസ്റ്റൽ അക്കൗണ്ട്സിൽ നല്ല സാഹിത്യബോധമുള്ളവരും നാടകസംഘത്തിലുള്ള ആൾക്കാരുമൊക്കെ ഉൾപ്പെട്ടിരുന്നു. അദ്ദേഹം പറഞ്ഞത് പി കെ വിക്രമൻ നായർ ട്രോഫിക്ക് ഒരു നല്ല നാടകം നൽകാൻ ഉദ്ദേശിക്കുന്നു. സാറിന്റെ കൈയിൽ നാടകം വല്ലതുമുണ്ടെങ്കിൽ കിട്ടിയാൽ കൊള്ളാം. ഞാൻ പറഞ്ഞു നാടകം എഴുതാറില്ല. ട്രാൻസ്ലേഷനോ അഡാപ്റ്റേഷനോ ആയാലും മതി.   ഞാൻ നോക്കാമെന്നു പറഞ്ഞു. അപ്പോൾ പ്രസാദ് നാടകം എഴുതാൻ താല്പര്യമുണ്ടെന്ന് പറഞ്ഞത് എന്റെ മനസ്സിലുണ്ട്. പ്രസാദിനോട് ഞാൻ പറഞ്ഞു, നിങ്ങൾ ഒരു  നാടകം എഴുതുന്നതിനെ കുറിച്ച് അന്ന് പറഞ്ഞല്ലോ? അതുകൊണ്ടാവശ്യമുണ്ട്. എഴുതിത്തന്നാൽ പി.കെ.വിക്രമൻ നായർ ട്രോഫിക്ക് കൊടുക്കാമെന്നും പോസ്റ്റൽ അക്കൗണ്ട്സിൽ നിന്ന് നാടകം ആവശ്യപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞു. പ്രസാദ് സമ്മതിച്ചു. അന്ന് എന്റെയും പ്രസാദിന്റെയും സഹപ്രവർത്തകർ പുളിമൂട്ടിൽ ഒരു വീട്ടിൽ താമസിക്കുകയാണ്. കാഷ്വൽ ലീവെടുത്ത് രണ്ടുമൂന്നുദിവസം കൊണ്ട് നാടകം എഴുതി തീർത്തു. ഞാൻ പിന്നെ മുഴുവൻ വായിച്ചുനോക്കുകയും പോസ്റ്റൽ അക്കൗണ്ട്സിൽ കൊണ്ടുപോയി കൊടുക്കുകയും ചെയ്തു. അവരും ഒരു ദിവസം വൈകുന്നേരം ഒരുമിച്ചിരുന്ന് നാടകം വായിച്ചു കേട്ടു. അക്കാലത്ത് ഏറ്റവും ഗംഭീരമായി നടക്കുന്ന നാടകമത്സരമാണ് പി.കെ.വിക്രമൻ നായർ ട്രോഫി അമെച്വർ നാടകമത്സരം. സ്ക്രിപ്റ്റ് കൊടുത്തു. സെലക്ഷൻ കിട്ടുന്നില്ല. എന്തെന്ന് വെച്ചാൽ ഒരു ഫുൾ ലെങ്ത് പ്ലേയുടെ സ്ക്രിപ്റ്റ് ഇല്ല അതിന് എന്നാണ് പറഞ്ഞത്. അരമണിക്കൂറോ മറ്റോ കളിക്കാനുള്ള നാടകമേ ഉള്ളൂ എന്നതുകൊണ്ടാണ് സ്ക്രിപ്റ്റ് മാറ്റിവച്ചത്. എന്നാലും നമുക്ക് റിഹേഴ്സൽ നടത്താം. നാടകം കളിക്കാം എന്ന് തീരുമാനിച്ചു. പിന്നെ റിഹേഴ്സൽ തുടങ്ങി. പ്രസാദ് ആദ്യത്തെ ഒന്ന് രണ്ട് ദിവസം പ്രാക്ടീസിന് വന്നില്ല. മുൻപ് പ്രസാദ്  മറ്റൊരു നാടകം ഡയറക്റ്റ് ചെയ്തിട്ടുണ്ട്. കെ.എസ്.നമ്പൂതിരിയുടെ 'സമാവർത്തനം' എന്ന നാടകം മാവേലിക്കര കളിക്കുമ്പോൾ പ്രസാദാണ് സംവിധാനം ചെയ്തത്. റിഹേഴ്സൽ തുടങ്ങി. ടെറസിലാണ് റിഹേഴ്സൽ. റിഹേഴ്സൽ  കാണാൻ പലപ്പോഴും വൈകുന്നേരങ്ങളിൽ ഒരുപാട് പേരു വരും. ഉദാഹരണത്തിന് ടി കെ കൊച്ചു നാരായണൻ, കെ കെ കൃഷ്ണകുമാർ, ഡോ.കെ.എൻ ശ്രീനിവാസൻ,ശ്രീകുമാർ, നെടുമുടി വേണു, നെടുമങ്ങാടുള്ള വേണുജി… അങ്ങനെ റിഹേഴ്സൽ പുരോഗമിക്കുന്നു. ഇതിനിടയ്ക്ക് വച്ച് സെലക്ഷൻ കിട്ടിയ  നാടകം അവതരിപ്പിക്കാൻ വരുന്നില്ല എന്നറിഞ്ഞു. അങ്ങനെ പ്രസാദിന്റെ നാടകം എടുക്കാം എന്നു തീരുമാനിച്ചു. അങ്ങനെ ആ നാടകത്തിനു സെലക്ഷൻ കിട്ടി. നാടകം അവതരിപ്പിക്കുന്നതിന് അഞ്ചാറു ദിവസം ബാക്കിയുള്ളപ്പോൾ ഇതിലെ സൂത്രധാരനായി അഭിനയിക്കാൻ വന്ന, പാട്ടൊക്കെ പാടാൻ അറിയാവുന്ന ഗോപകുമാറിനു ഡെപ്യൂട്ടി തഹാസിൽദാർ ആയി ജോലി കിട്ടി. അപ്പോൾ അദ്ദേഹത്തിന് പകരമായി അഭിനയിക്കാൻ ആര് എന്ന ചോദ്യം വന്നു. പ്രസാദ് എന്നോട്  അഭിനയിക്കാൻ പറഞ്ഞു. ഇനി പുതുതായി ഒരാളെ പഠിപ്പിച്ചെടുക്കാൻ വളരെ പാടാണ് എന്നുപറഞ്ഞതുകൊണ്ട് ഞാൻ പകരക്കാരനായി. അതായത് സൂത്രധാരനായി. അവസാനത്തെ ദിവസത്തിലാണ് നമ്മുടെ നാടകം. എൻ.കൃഷ്ണപിള്ള സർ, ടി.ആർ.സുകുമാരൻ നായർ സർ, പി.കെ. വേണുക്കുട്ടൻ നായർ സർ എന്നിവരായിരുന്നു വിധികർത്താക്കൾ. റിസൾട്ട് വന്നപ്പോൾ ഈ നാടകത്തിന് നല്ല രചനയ്ക്കുള്ള സമ്മാനവും നല്ല നടനുള്ള സമ്മാനം പകരക്കാരനായി കയറിയ എനിക്കും ലഭിച്ചു. അപ്പോൾ വളരെ ആവേശവും സന്തോഷവുമായി. പിറ്റേന്നാണ് അവാർഡ് ദാനം. പിറ്റേന്ന് അവാർഡ് ദാനത്തിന് കൃഷ്ണപിള്ള സർ പറഞ്ഞ വാചകം ,ഇതായിരുന്നു: “ഈ നാടകത്തിൽ അന്തർഹിതമായിരിക്കുന്ന അവതരണപരമായ സാധ്യതകൾ പൂർണമായി വിനിയോഗിച്ചിട്ടില്ല എന്നാണ് തോന്നുന്നത്. തീർച്ചയായും ഭാവിയിലെ  നല്ലൊരു നാടകകൃത്തിനെ ഇതിൽ കാണുന്നുണ്ട്.”

നാടകം കഴിഞ്ഞ് അവാർഡ് വാങ്ങിച്ചു ഞാൻ പുറത്തിറങ്ങിയപ്പോൾ കൃഷ്ണപിള്ള സർ എന്നെ വിളിച്ചു.

 

അദ്ദേഹം, നിങ്ങൾ എന്തു ചെയ്യുന്നു എന്നു ചോദിച്ചു. അപ്പോൾ ഞാൻ പറഞ്ഞു. ഒരു അധ്യാപകനാണ്.

 

എവിടെയാണ്?.. ആർട്സ് കോളേജിൽ.

 

ഏതാ വിഷയം?   മലയാളം

 

ങേ...എത്ര നാളായി ഇവിടെ വന്ന് ചേർന്നിട്ട്? ഞാൻ അറിഞ്ഞില്ലല്ലോ?

 

എവിടെയാ പഠിച്ചത്? കൊല്ലം എസ് എൻ കോളേജിൽ…

 

നിങ്ങൾ ഒരു കാര്യം ചെയ്യൂ നാളെ എന്നെ ഒന്ന് വന്നു കാണൂ

 

 തുടർന്ന് ഞങ്ങൾ വലിയ സൗഹൃദത്തിലായി.

 

 പിന്നെ കൂത്താട്ടുകുളം സി. ജെ. തോമസ് സ്മാരക ദിനാചരണത്തിൻ്റെ ഭാഗമായി 'മൂന്നു പ്രഭുക്കന്മാർ ' എന്ന നരേന്ദ്രപ്രസാദിൻ്റെ ഈ ആദ്യ നാടകം അവതരിപ്പിക്കാൻ അവസരം ലഭിച്ചു. മനോരമ ബുക്സ് ഇറക്കിയ 'നാട്യഗൃഹം' എന്ന പുസ്തകത്തിൽ ഈ കാര്യങ്ങളൊക്കെ ഞാൻ പറയുന്നുണ്ട്. നാടകസംഘത്തിന്റെ മുഴുവൻ ചരിത്രവും.

 

     അടുത്തവർഷവും പി.കെ.വിക്രമൻ നായർ ട്രോഫിക്ക് ‘ഇര’ എന്ന നാടകം കളിച്ചു. അതിന് ഒന്നാം സമ്മാനം ലഭിച്ചു. കേരളകൗമുദിയിലൊക്കെ വലിയ വാർത്തയായി വന്നു. അതോടുകൂടി പ്രസാദ് അറിയപ്പെടുന്ന ഒരു നാടക സംവിധായകനായി മാറി. അടുത്ത നാടകമാണ് ‘സൗപർണിക’, മൂന്നാമത്തെ നാടകം. ഈ നാടകത്തിനും ഒരു ചരിത്രമുണ്ട്. ഈ നാടകം എഴുതിക്കഴിഞ്ഞപ്പോൾ ഞാൻ തന്നെ പോയി എല്ലാം വായിച്ചുനോക്കി. ട്രിവാൻഡ്രം ക്ലബ്ബിന് നേരെ എതിർവശത്തുള്ള വാടകവീട്ടിലാണ് ഞാൻ അപ്പോൾ താമസിച്ചിരുന്നത്. നമുക്ക് കളിക്കണം കുറച്ചൊക്കെ മാറ്റം വരുത്തണം എന്നൊക്കെയുള്ള ചർച്ചകൾ വന്നു. കേരളകൗമുദി ഓണപ്പതിപ്പിന് വേണ്ടി സൗപർണിക നാടകം കൊടുക്കാം എന്നു പ്രസാദ് സമ്മതിച്ചിച്ചുണ്ട്. ഞാൻ പറഞ്ഞു, കൊടുക്കേണ്ട.. സംഗീത നാടകഅക്കാദമി അമച്ച്വർ നാടകറിസർച്ച്ഇൻസ്റ്റിറ്റ്യൂട്ട് നാടകങ്ങൾ ക്ഷണിച്ചിട്ടുണ്ടായിരുന്നു.  പ്രസിദ്ധീകരിക്കാത്ത നാടകങ്ങളേ അയക്കാൻ പറ്റൂ എന്നുള്ള ഒരു നിബന്ധന ഉണ്ടായിരുന്നു. ഈ നാടകം കൊടുത്തുകഴിഞ്ഞാൽ നമുക്ക് മത്സരത്തിന് അയക്കാൻ പറ്റുകയില്ല. ഞാൻ ഉണ്ടായിരുന്നപ്പോൾത്തന്നെ നാടകം വാങ്ങാൻ ആളു വന്നു. അവസാനത്തെ രംഗം പൂർത്തിയാക്കിയിട്ടില്ല എന്ന് പറഞ്ഞ് അയാളെ മടക്കിയയച്ചു. അങ്ങനെ അത് മത്സരത്തിന് അയക്കുന്നു, സെലക്ഷൻ കിട്ടുന്നു… മേഖലാമത്സരം നടക്കുന്നു. 1981 ഡിസംബർ 24 ആം തീയതിയാണ് കൊല്ലത്ത് വച്ച് ഇതിന്റെ മേഖലാമത്സരം നടക്കുന്നത്. മൂന്നു മേഖലകളിൽനിന്ന് 6 നാടകങ്ങൾ സെലക്ട് ചെയ്യുന്നു. അങ്ങനെ ഈ നാടകത്തിന്റെ റിഹേഴ്സൽ തുടങ്ങുന്നതിന് മുമ്പ് പല പ്രാവശ്യം ഞങ്ങൾ ഇത് വായിച്ചു നോക്കിയപ്പോൾ അതുവരെ നമ്മൾ ചെയ്തത് പോലെയല്ല വലിയ ക്യാൻവാസും ജോലിയും ആവശ്യപ്പെടുന്ന ഒരു നാടകമായിരുന്നു ഇത് എന്നു മനസ്സിലായി. നാലു പേരടങ്ങുന്ന ഒരു ഗായകസംഘം ഉണ്ട്. അതു ലീഡ് ചെയ്യുന്നത് ഞാനാണ്. മുരളിയെ അതിൽ കാസ്റ്റ്  ചെയ്യുന്നു. മുരളി, അതിനുമുമ്പുതന്നെ നമ്മുടെ നാടകത്തിൽ വന്നിരുന്നു. അത് തുഗ്ലക് കളിക്കാൻ വിചാരിച്ച സന്ദർഭത്തിൽ ആയിരുന്നു. അതിൽ ഒരു മുസ്ലിം പുരോഹിതന്റെ വേഷം മുരളിക്ക് കൊടുക്കാം എന്ന് തീരുമാനമെടുത്തു. കുറച്ചു ദിവസം റിഹേഴ്സൽ നടത്തി. അതിൽ കടമ്മനിട്ട രാമകൃഷ്ണൻ ഒരു ചരിത്രകാരൻ്റെ വേഷത്തിൽ ആയിരുന്നു ഉദ്ദേശിച്ചത്. പക്ഷേ ആ നാടകം നടന്നില്ല, മാറ്റിവെച്ചു. ഈ ഗായകസംഘത്തിൽ നാലുപേരാണ്. ഞാൻ, മുരളി, ഐ.എസ്.ആർ.ഒ.യിലെ രാജേന്ദ്രൻ, ഐ.എസ്.ആർ.ഒ.യിലെ തന്നെ മാധവൻകുട്ടി.ഗോപാലകൃഷ്ണനാണ് വെൺമണിയായി വേഷമിട്ടത്. ലീലാപ്പണിക്കർ സൗപർണിക എന്ന യക്ഷി, പിന്നെ എം.വി.ഗോപകുമാർ, എം.ആർ.ഗോപകുമാർ, പി.എ. എം. റഷീദ് എന്നിവരായിരുന്നു അഭിനേതാക്കൾ. റിഹേഴ്സൽ  തുടങ്ങി. മ്യൂസിക് കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ്. കൊറിയോഗ്രാഫി എണ്ണക്കാട് നാരായണൻകുട്ടി എന്ന മാവേലിക്കരക്കാരനാണ് ചെയ്തത്. അയാൾ ഏതാനും ദിവസങ്ങളിൽ വന്നിട്ട് പോയി. പിന്നെ നട്ടുവൻ പരമശിവം മാസ്റ്ററാണ് കൊറിയോഗ്രാഫറായി വന്നത്. എല്ലാ ദിവസവും വൈകിട്ട് ആറരമണിക്ക് റിഹേഴ്സൽ തുടങ്ങും. തുടർച്ചയായി തടസങ്ങളില്ലാത്ത രീതിയിലുള്ള റിഹേഴ്സൽ ആയിരുന്നു. ചുരുക്കത്തിൽ എല്ലാ ദിവസവും നാടകം കളിയാണ്. അങ്ങനെ കുറേ ദിവസം പ്രസാദിന്റെ വീട്ടിൽ തന്നെയായിയിരുന്നു. അങ്ങനെ പെർഫക്ട് ആക്കി വച്ചിട്ടാണ് മേഖലാമത്സരത്തിന് പങ്കെടുത്തത്. ഇത് കളിച്ചു കഴിഞ്ഞപ്പോൾ നല്ല പ്രേക്ഷക പ്രീതിയാണ് ലഭിച്ചത് .

 

എന്നിട്ട് ഫെബ്രുവരിയിലാണ് അക്കാദമിയുടെ മത്സരം. തൃശ്ശൂരിൽ നടക്കുന്ന ഫൈനൽ മത്സരം. റിസൾട്ട് അനൗൺസ് ചെയ്യുമ്പോൾ ഞാനും ഗംഗാധരനും ശിവകുമാറും ഓഡിയൻസിന്റെ ഇടയിൽ ഉണ്ട്. മികച്ച നടനു മാത്രം രണ്ടാം സമ്മാനം ബാക്കിയെല്ലാം ഒന്നാം സമ്മാനം. അവതരണം, രചന, നല്ല നടി, സംവിധാനം… ഞങ്ങൾക്ക് വലിയ സന്തോഷമായി.         

 

8.സ്കൂൾ ഓഫ് ഡ്രാമയുടെ പ്രവർത്തനത്തിന് മുൻപ് തന്നെ പട്ടാമ്പി ഗവ.കോളേജിലും മറ്റും നാടകപ്രവർത്തനങ്ങൾ ഉണ്ടായിരുന്നില്ലേ?

 ഞാൻ തൃശ്ശൂർ നാടക ക്യാമ്പിൽ പങ്കെടുക്കുന്നതിന് മുൻപ് തന്നെ ആർട്ട്സ് കോളേജിൽ കുട്ടികളെക്കൊണ്ടു നാടകം നടത്തിയിരുന്നു. നാടകതല്പരരായ വിദ്യാർത്ഥികൾക്കു വേണ്ടി വൈകുന്നേരം ക്ലാസ്സുകൾ എടുത്തിരുന്നു. ശകരളപ്പിള്ള സാറിൻ്റെ 'അഭയാർത്ഥികൾ' എന്ന നാടകം കുട്ടികളെക്കൊണ്ട് അവതരിപ്പിച്ചതോർക്കുന്നു.അതു പോലെ പട്ടാമ്പി കോളേജിൽ പി. ഗംഗാധരൻ്റെയും അദ്ദേഹത്തിൻ്റെ ഭാര്യ ഗീതയുടെയും നേതൃത്വത്തിൽ കുട്ടികളുടെ നാടകവേദി കാര്യമായി പ്രവർത്തിച്ചിരുന്നു.'കർണ്ണഭാരം' എന്ന നാടകം യൂണിവേഴ്സിറ്റി തലത്തിൽ അവതരിപ്പിച്ച് സമ്മാനം നേടിയിട്ടുണ്ട്.കാലിക്കട്ട് യൂണിവേഴ്സിറ്റിൽ പല പ്രാവശ്യം പട്ടാമ്പിയിൽ നിന്നുമുള്ള നാടകങ്ങൾ ഉണ്ടായിരുന്നു .ഇപ്പോൾ അറിയപ്പെടുന്ന ചലച്ചിത്ര നടൻ മണികണ്ഠൻ പട്ടാമ്പി ഈ നാടകങ്ങളിലൊക്കെ അഭിനയിച്ചിരുന്ന ഒരാളാണ്. മറ്റൊന്നു തിരുവനന്തപുരത്തെ സംസ്കൃതകോളേജിൽ ഞാൻ പ്രവൃത്തിയെടുക്കുമ്പോൾ നാടകതല്പരരായ കുട്ടികളെ ലഭിച്ചു.സന്തോഷ് സൗപർണ്ണിക അതിലൊരാളാണ്.ഇന്ന് അറിയപ്പെടുന്ന ചലച്ചിത്രകാരനാണ്.അദ്ദേഹവും കുട്ടികളും ചേർന്ന് ജോൺ എബ്രഹാമിൻ്റെ 'കോട്ടയത്ത് എത്ര മത്തായിമാരുണ്ട്? ' എന്ന കഥ നാടകമാക്കി യൂണിവേഴ്സിറ്റി കലോത്സവത്തിൽ അവതരിപ്പിച്ചു.സന്തോഷ് സൗപർണ്ണിക മികച്ച നടനായി,അത് മികച്ച നാടകമായി തെരഞ്ഞെടുക്കപ്പെട്ടു. മലപ്പുറത്ത് പ്രവൃത്തി എടുക്കുന്ന സമയത്ത് സന്തോഷ് സൗപർണ്ണികയെ മലപ്പുറത്ത് ഗവ.കോളേജിൽ കൊണ്ടുവന്ന് 'കർണ്ണഭാരം' എന്ന നാടകം ചെയ്ത് കാലിക്കട്ട് യൂണിവേഴ്സിറ്റിയിൽ ഒന്നാം സമ്മാനം നേടി.മികച്ച നടനുള്ള സമ്മാനവും ലഭിച്ചു.മലപ്പുറം ഗവ.കോളേജിലും നാടക തല്പരരായ കുട്ടികൾക്ക് ക്ലാസ്സുകൾ എടുത്തിട്ടുണ്ട്.യൂണിവേഴ്സിറ്റി കോളേജിൽ കവി വിനയചന്ദ്രൻ്റെ നേതൃത്വത്തിൽ നാടക പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. കവി  അൻവർ അലി പ്രൊഫ.ജനാർദ്ദനൻ ( അറിയപ്പെടുന്ന സീരിയൽ സിനിമാ സംവിധായകൻ) ഇവരൊക്കെ കൂടി 'കളിക്കൂട്ടം' എന്ന പേരിൽ നാടക പ്രവർത്തനങ്ങൾ നടത്തിയിരുന്നു.

 

9. തിരുവനന്തപുരം സർക്കാർ വനിതാ കോളേജിലെ മലയാള വിഭാഗം കാമ്പസ് നാടക മത്സരവും നാടകാവതരണവും നടത്താറുണ്ട്. പട്ടാമ്പി ഗവ.കോളേജിലെ മലയാള വിഭാഗം നടത്തുന്ന കവിതാകാർണിവല്ലുമായി ബന്ധപ്പെട്ട് കെമിസ്ട്രി അധ്യാപകനായ കെ.ബി.റോയിയുടെ നേതൃത്വത്തിൽ നാടകം നടത്താറുണ്ട്… ഇന്നത്തെ കാമ്പസ് നാടകവേദിയുടെ അവസ്ഥ എന്താണ്?

 

    ജി. ശങ്കരപ്പിള്ള സർ പറയുന്നത്, "കാമ്പസ് തിയേറ്റർ എന്നാൽ ഏതെങ്കിലും ഒരു കലോത്സവത്തിന് നാടകം സംഘടിപ്പിക്കുന്നതല്ല... തുടർച്ചയായ ഒരു അനുശീലനമാണ് അത് ലക്ഷ്യമിടുന്നത്." പക്ഷേ അങ്ങനെ  ഒരു  അനുശീലനമാണ് ക്യാമ്പസ് തിയേറ്റർ സ്കൂൾ ഓഫ് ഡ്രാമ കൊണ്ടുവരുന്നത് എന്ന് തോന്നുന്നില്ല. കാരണം  പലപ്പോഴും കലോത്സവങ്ങളുമായി ബന്ധപ്പെട്ടാണ് ക്യാമ്പസുകളിൽ ഇത് സംഘടിപ്പിക്കുന്നത്. കലോത്സവവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണ് ഇത്. അല്ലാതെ ഇത്തരം കാര്യങ്ങൾ എന്തുകൊണ്ട് ചെയ്തുകൂടാ?

ഒരു തവണ അവതരിപ്പിക്കുന്ന നാടകം പിന്നെ ചെയ്യുന്നില്ലെങ്കിൽ ഒരു വർഷത്തെ കൂട്ടായ്മ പരിശ്രമം പാഴായി പോവുകയല്ലേ ചെയ്യുന്നത്. മാത്രമല്ല ഞാൻ സംസ്കൃതകോളേജിൽ ആയിരുന്നപ്പോൾ കുട്ടികളെക്കൊണ്ട് പല ഡിപ്പാർട്ടുമെന്റിന്റേയും സഹകരണത്തോടെ ഇടയ്ക്കിടയ്ക്ക് നാടകം കളിക്കാൻ അവസരമൊരുക്കിയിട്ടുണ്ട്. കലോത്സവങ്ങളിൽ മാത്രമായി  ഒതുക്കിയില്ല. ഉദാഹരണമായി പോസ്റ്റൽ ഡിപ്പാർട്ട്മെന്റുമായി ചേർന്ന് ഉച്ചയ്ക്ക് ശേഷം മുക്കാൽ മണിക്കൂർ നാടകം കളിക്കാൻ അവസരമൊരുക്കി. ഇത്തരത്തിൽ പല പരിപാടികളിലും കുട്ടികളെ പങ്കെടുപ്പിച്ചു.  എന്തിന് നമ്മൾ ഒരു വർഷം ഒരെണ്ണമാക്കി നിർത്തണം? മൂന്നോ നാലോ മാസം കൂടുമ്പോൾ ഒന്ന് രണ്ടു ചെറിയ നാടകം  അവരെക്കൊണ്ട് കളിപ്പിക്കാമല്ലോ? വൈകുന്നേരം കുറച്ചു സമയം പ്രാക്ടീസ് ചെയ്താൽ മതിയല്ലോ? പക്ഷേ ഉത്തരവാദിത്വം എടുക്കാൻ ഒരാള് വേണം, അല്ലെങ്കിൽ കഴിയില്ല.  ക്യാമ്പസ് തീയറ്റർ കുറച്ചുകൂടി പൊളിറ്റിക്കൽ ആകണമെന്നാണ് എന്റെ പക്ഷം. കുട്ടികൾ കൂട്ടായി നിൽക്കുകയും  അവർ  നിലവിലിരിക്കുന്ന സാമൂഹിക സാഹചര്യങ്ങൾക്കെതിരെ സംസാരിക്കുന്ന ഒരു സ്പേസ് അവിടെ ഉണ്ടാക്കുകയും ചെയ്യണം. വാസ്തവത്തിൽ ക്യാമ്പസ് തന്നെ പൊളിറ്റിക്കൽ ആക്കാനുള്ള ഒരു സംരംഭമാണ്  ഇത്തരം തിയേറ്ററുകൾ. ഇന്ന് കാമ്പസ് തിയറ്ററുകൾ അത്ര സജീവമാണെന്ന് തോന്നുന്നില്ല. ഇന്ന് അതിന്റെ പ്രസക്തി വളരെയേറെ നഷ്ടപ്പെട്ടു പോയിട്ടുണ്ട്.

 

10. ‘വേണം നാട്യം കുറഞ്ഞ നാടകങ്ങൾ’ എന്നു ആധുനിക നാടകവേദിയെ വിമർശിച്ച് ലേഖനം എഴുതിയ ആളാണ് വി.പി.ശിവകുമാർ.ആധുനിക കലയെ നിർമ്മിച്ച മാർക്സിസം, എക്സിസ്റ്റൻഷ്യലിസം ഇവയിലൊന്നും അമൂർത്തതയില്ലെന്നു ഇവിടത്തെ ആധുനിക കലാവേദിയെ മുൻനിർത്തി പറയുന്നുണ്ട്. തനത് നാടകങ്ങളിൽ കാലികതയും ജീവിതവുമില്ല എന്നാണ് വിമർശനം. ഒരു തുള്ളി പായസവും ഇല്ലാത്ത പെരുംവാർപ്പായി നമ്മുടെ നാടകവേദി മാറരുത് എന്നും ഇതൊക്കെ പൊക്കണത്തിൽ ഉച്ചക്കഞ്ഞിപ്പാത്രവുമായി നിൽക്കുന്ന കുട്ടികൾ പൊക്കിയെറിഞ്ഞുടയ്ക്കും എന്നും വി.പി.ശിവകുമാർ എഴുതിയിട്ടുണ്ട്. ജീവിതമില്ലായ്മയല്ലേ തനത് നാടക വേദിയുടെ തകർച്ചയ്ക്ക് കാരണം?

 

എന്തുകൊണ്ടാണ് വി.പി.ശിവകുമാർ ഇങ്ങനെ പറഞ്ഞതെന്നറിയില്ല. നാടകങ്ങൾ കുറച്ചുകൂടി പൊളിറ്റിക്കൽ ആകണമെന്നു തന്നെയാണ് എന്റെ പക്ഷം.



 


73 views2 comments
bottom of page