സാമൂഹിക പ്രവർത്തകൻ, വന്യജീവി സംരക്ഷകൻ,പ്രചാരകൻ എന്നീ നിലകളിൽ സജീവമായ എൻ. ബാദുഷയുമായി ആര്യ സി. ജി. നടത്തിയ അഭിമുഖം.
1.കേരളം അടുത്തകാലത്ത് കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നാണല്ലോ മുണ്ടക്കൈയിൽ നടന്നത്. 2015 ന് ശേഷം കേരളം പല പാരിസ്ഥിതിക ആഘാതങ്ങളും നേരിട്ടുണ്ട്. പരിസ്ഥിതി പ്രവർത്തകൻ എന്ന നിലയിൽ ഇത്തരം സംഭവങ്ങളെ അങ്ങ് എങ്ങനെയാണ് വിലയിരുത്തുന്നത് ?
മുണ്ടെക്കൈയിൽ നടന്നത് ഒരു യാദൃശ്ചിക സംഭവമല്ല. പശ്ചിമഘട്ട മലനിരകളിലുടനീളം ഒരുപാട് പാരിസ്ഥിതികദുരന്തങ്ങൾ സംഭവിക്കാറുണ്ട്. വെറും ഉരുൾപൊട്ടൽ മാത്രമല്ല; കേരളം 2018 ൽ അനുഭവിച്ച വലിയ പ്രളയം .... അതു സംഭവിച്ചതിന്റെ അടിസ്ഥാനകാരണം പരിസ്ഥിതിനാശം തന്നെയാണ്. ഉരുൾപൊട്ടലുകളുടെ കാര്യം പറയുകയാണെങ്കിൽ സമീപകാലത്താണ് ഉരുൾപൊട്ടലുകൾ വൻതോതിൽ ഉണ്ടായിട്ടുള്ളത്. വളരെ ചെറിയ ഉരുൾപൊട്ടലൊക്കെ പണ്ടും കാട്ടിനുള്ളിൽ ഉണ്ടായിരുന്നിരിക്കണം. നമ്മുടെ ഭൂമി ആവിർഭവിച്ച് പശ്ചിമഘട്ടം ഉണ്ടായതിനു ശേഷം കാലാവസ്ഥയും കാലവർഷവും ഒക്കെ രൂപാന്തരപ്പെട്ടതിനുശേഷം പശ്ചിമഘട്ടത്തിൽ മലനിരപ്പുകളിൽ പലപ്പോഴും അതിതീവ്രമായ മഴ ഉണ്ടാകാറുണ്ട്.പക്ഷേ അതിനെ താങ്ങി നിർത്താനും അത് ഏറ്റുവാങ്ങി മണ്ണിനും മലനിരകൾക്കും യാതൊരു ക്ഷതവും സംഭവിക്കാതെ മണ്ണിലേക്ക് ആഴ്ത്തി ഉറവകളായി നമുക്ക് തരാനുള്ള പ്രാപ്തി പശ്ചിമഘട്ടമലനിരകൾക്കുണ്ടായിരുന്നു.
ചെറിയ ഉരുൾപൊട്ടൽ ഉണ്ടായാൽ കാട്ടിലാണെങ്കിൽ ചെറിയരീതിയിൽ അത് അവസാനിക്കും. പക്ഷേ അടുത്തകാലത്തായി നമ്മൾ മനുഷ്യർ പശ്ചിമഘട്ടത്തിലുടനീളം കാണിച്ചിട്ടുള്ള അതിക്രമത്തിന്റെ ഭാഗമായി ഇപ്പോൾ സംഭവിക്കുന്ന ഉരുൾപൊട്ടലുകൾ വലിയ രീതിയിലുള്ള നാശം ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. അതാണ് നമ്മൾ പെട്ടിമുടിയിലും മുണ്ടക്കൈയിലുമൊക്കെ കണ്ടത്. വയനാട്ടിൽതന്നെ അനവധി ഉരുൾപൊട്ടലുകൾ ഉണ്ടായിട്ടുണ്ട്. അറിയപ്പെടുന്നതിൽ ആദ്യത്തെ ഉരുൾപൊട്ടൽ ഉണ്ടായത് ഈ മുണ്ടക്കൈയിലാണ്. അന്നത് 1984 ഓഗസ്റ്റിലാണ് സംഭവിച്ചത്. അതിനുശേഷം കാപ്പിക്കണം ബാണാസുരസാഗറിന്റെ വൃഷ്ടി പ്രദേശത്തുള്ള മലനിരകളിലുള്ള കാപ്പിക്കണം എന്ന സ്ഥലത്തും ഉരുൾപൊട്ടലുണ്ടായി. അവിടെയും പത്തിൽ താഴെ ജീവനാശമുണ്ടായി; അതിലേറെ സ്വത്തുനാശവുമുണ്ടായി. തുടർന്ന് ചെറിയ ചെറിയ ഉരുൾപൊട്ടലുകൾ ചെമ്പ്ര മലനിരകളിലും അവിടവിടായി ഉണ്ടായിട്ടുണ്ട്.
എന്നാൽ നമ്മെയൊക്കെ നടുക്കുന്ന വലിയ ഉരുൾപൊട്ടൽ ഉണ്ടായത് 2018 ലാണ്. അതാണ് പുത്തുമലയിൽ ഉണ്ടായ ദുരന്തം. അതാകട്ടെ ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈയ്ക്ക് തൊട്ടടുത്താണ്. ഒരേ മലയുടെ രണ്ടുവശങ്ങളാണെന്നു മാത്രം. കിഴക്കൻ മലഞ്ചെരിവിൽതന്നെയാണ് രണ്ടും. അവിടെയും ഒരുപാട് സ്വത്തുനാശവും ജീവനാശവുമുണ്ടായി. കുറെ മനുഷ്യരുടെ ജഡശരീരങ്ങളും വീണ്ടെടുക്കാൻ സാധിച്ചിട്ടില്ല. ആ വർഷം തന്നെ 2018 ഓഗസ്റ്റ് മാസം എട്ടാം തീയതിയാണ് ആ ഉരുൾപൊട്ടൽ ഉണ്ടാകുന്നത്. അന്നുതന്നെ ഇതേ മലയുടെ പടിഞ്ഞാറൻചെരുവിൽ അതായത് നാലോ അഞ്ചോ കിലോമീറ്റർ ഏരിയയിൽ ദൂരത്തുള്ള നിലമ്പൂർ മലയിലെ പടിഞ്ഞാറൻ ചരിവിൽ കവളപ്പാറ,പാതാർ ഈ സ്ഥലങ്ങളിൽ വൻതോതിലുള്ള, പുത്തുമലയേക്കാൾ ഭീകരമായ ഉരുൾപൊട്ടലാണ് ഉണ്ടായത്. അവിടെ
2. പശ്ചിമഘട്ടത്തിലെ ഏറ്റവും ദുർബലവും അതിലോലവും സങ്കീർണവുമായ ഭൂപ്രദേശങ്ങളുടെ മർമ്മകേന്ദ്രമാണല്ലോ വെള്ളരി ചെമ്പ്ര മലനിരകളും പരിസരപ്രദേശങ്ങളും. ധനലാഭത്തിനു വേണ്ടിയുള്ള മാഫിയപ്രവർത്തനങ്ങളും പരിസ്ഥിതിവിരുദ്ധ വികസനനയങ്ങളും വയനാട്ടിലെ ജനങ്ങളെ എത്തരത്തിലാണ് ബാധിക്കുന്നത് ? വിശദമാക്കാമോ?
മേൽപ്പറഞ്ഞ കാര്യങ്ങളെല്ലാം വയനാട്ടിലെ സാധാരണജനങ്ങളുടെ ജീവിതത്തെ ദുരന്തപൂർണമാക്കുന്നുണ്ട്. സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവർ, വേറെ മാറിതാമസിക്കാൻ സ്ഥലമില്ലാത്തവർ ഇവരെയൊക്കെയാണ് ദുരന്തം ഏറ്റവുംകൂടുതൽ ബാധിക്കുന്നത്. വെള്ളപ്പൊക്കം തുടങ്ങിയ പ്രശ്നങ്ങൾ ആദിവാസികളെ ബാധിക്കുന്നു. വേനൽക്കാലത്ത് മിക്കവാറും വരൾച്ച ആയിരിക്കും, മഴക്കാലമായാൽ അതിവൃഷ്ടി. കാലാവസ്ഥാവ്യതിയാനം കാരണം മഴയുടെ പാറ്റേൺതന്നെ മാറിയിട്ടുണ്ട്. വളരെക്കുറഞ്ഞ സമയംകൊണ്ട് വലിയരീതിയിൽ മഴപെയ്യുന്ന അവസ്ഥയാണ് ഇന്നുള്ളത്. മുണ്ടക്കൈയിൽ ജില്ലാഭരണകൂടവും
പ്രാദേശികഭരണകൂടവും കൂടി വലിയ മഴപെയ്തപ്പോൾ ജനങ്ങളെ മാറ്റി പാർപ്പിക്കാനുള്ള ശ്രമം നടത്തി.കുറെ ആൾക്കാർ മാറിപ്പോവുകയും ചെയ്തു. പക്ഷേ താരതമ്യേന സുരക്ഷിതമാണെന്ന് തോന്നിയ വീടിനടുത്ത് കുറച്ചു ഉയരങ്ങളിലുള്ള സ്ഥലങ്ങളിലാണ് ഇവർ മാറി താമസിച്ചത്. ഉരുൾപൊട്ടലുണ്ടായാലും അത്രയും സ്ഥലങ്ങളെ ബാധിക്കുമെന്നവർ പ്രതീക്ഷിച്ചില്ല. രണ്ട് ഉരുൾപൊട്ടലുകൾ അടുപ്പിച്ചടുപ്പിച്ച് ഉണ്ടായതുകൊണ്ടാണ് ജനങ്ങൾക്ക് അതിൽനിന്ന് രക്ഷപ്പെടാൻ കഴിയാതിരുന്നത്.
3.കഴിഞ്ഞ ദശാബ്ദത്തിനുള്ളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടതാണല്ലോ ഗാഡ്ഗിൽ റിപ്പോർട്ട്. റിപ്പോർട്ട് പുറത്തുവന്ന സമയത്ത് വയനാട്ടിലെ ജനങ്ങളുടെ പ്രതികരണമെന്തായിരുന്നു? ചില പ്രത്യേക താൽപര്യങ്ങൾ മുന്നിൽക്കണ്ട് രാഷ്ടീയപ്രവർത്തകരും മാധ്യമങ്ങളും മറ്റു വിഭാഗക്കാരും ജനങ്ങളെ കബളിപ്പിക്കുകയാണല്ലോ ചെയ്തത്. അതിനെപ്പറ്റി എന്താണ് അഭിപ്രായം?
ഗാഡ്ഗിൽ റിപ്പോർട്ട് വാസ്തവത്തിൽ കർഷകരുടെ മാഗ്നാകാർട്ട ആകേണ്ട റിപ്പോർട്ട് ആയിരുന്നു. കാരണം പശ്ചിമഘട്ടത്തിലുടനീളമായി രണ്ടരക്കോടിയോളം ജനങ്ങൾ (തെക്കേ ഇന്ത്യ) ജീവിക്കുന്നുണ്ട്. പശ്ചിമഘട്ട മലനിരകൾ കേരളത്തിന്റെ മാത്രമല്ല തെക്കേ ഇന്ത്യയുടെതന്നെ ജലസ്ത്രോതസ്സാണ്. "വാട്ടർ ടവർ" അല്ലെങ്കിൽ ജലഗോപുരം എന്നൊക്കെ പറയാം. അതിൽനിന്നാണ് കാവേരി പോലുള്ള പല നദികളും ഉത്ഭവിക്കുന്നത്. കേരളത്തിലെ മുഴുവൻ നദികളും ഇവിടെ നിന്നാണ് ഉത്ഭവിക്കുന്നത്. നമ്മുടെ കൃഷിയുടെയും ജീവിതത്തിൻ്റെയും അടിസ്ഥാനം പശ്ചിമഘട്ടമാണ്. അതിനെ പരിപാലിക്കാനും അവിടെ കർഷകർക്ക് ശാശ്വതമായി നിലനിൽക്കാനുമുള്ള ഒരു റിപ്പോർട്ട് ആയിരുന്നു വാസ്തവത്തിൽ ഗാഡ്ഗിൽ റിപ്പോർട്ട്. അത് ഗാഡ്ഗിൽ തന്നെപറഞ്ഞിട്ടുമുണ്ട്. റിപ്പോർട്ട് മനസിലാക്കിയതിനുശേഷം
ഗ്രാമസഭകളിൽ ചർച്ചചെയ്തു ഓരോ സ്ഥലത്തും പ്രാവർത്തികമാക്കേണ്ടത് എന്താണോ അത് വേണം പ്രാവർത്തികമാക്കേണ്ടതെന്ന്. ഒരിക്കലും കർഷകദ്രോഹമായിരുന്നില്ല അത്. കർഷകർക്കെതിരായിരുന്നുമില്ല. എന്നാൽ ചില തൽപ്പരകക്ഷികൾ പ്രത്യേകിച്ച് മൈനിങ് ലോബികൾ, ടൂറിസ്റ്റ് ലോബികൾ, വൻതോതിൽ ഭൂമി കൈവശം വച്ചുകൊണ്ടിരിക്കുന്ന ആൾക്കാർ,ചർച്ച് തുടങ്ങിയവർ രാഷ്ട്രീയക്കാരേയും മാധ്യമങ്ങളേയും ജനങ്ങളേയും സ്വാധീനിച്ചു. തുടർന്നുനടന്ന കോലാഹലത്തിൽ ഇതെല്ലാം മുങ്ങിപ്പോയി. ജനങ്ങൾ അതിനെതിരായപ്പോൾ രാഷ്ട്രീയ പാർട്ടികളും ഭരണപക്ഷവും പ്രതിപക്ഷവും ഗാഡ്ഗിലിനെ തള്ളിപ്പറഞ്ഞ് ഭൂമിയുടെ വിശാലമായ താല്പര്യത്തിനെതിരായി അതിനെ ഗളച്ഛേദം ചെയ്തു. അതുപോലെ തന്നെ ടൂറിസ്റ്റുലോബികളും മറ്റും ജനങ്ങളെയും മാധ്യമങ്ങളെയും സ്വാധീനിച്ച് നടത്തിയിട്ടുള്ള പ്രചണ്ഢമായ കോലാഹലത്തിൽ ഇതെല്ലാം മുങ്ങിപ്പോയി. അതിനുശേഷം കസ്തൂരിരംഗൻ റിപ്പോർട്ട് വന്നു. ഉമ്മൻ.പി. ഉമ്മൻ റിപ്പോർട്ട് വന്നു. ഒന്നും ഫലം കണ്ടില്ല. ഒരുപക്ഷേ ഗാഡ്ഗിൽറിപ്പോർട്ട് തള്ളിക്കളഞ്ഞതിന്റെയും അത് നടപ്പിലാക്കാതെ പോയതിനെയും ഒക്കെ പ്രശ്നങ്ങൾ കേരളം ഇപ്പോൾ അനുഭവിക്കുന്നുണ്ട്. ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കിയാലും ചിലപ്പോൾ ഇത്തരം ഉരുൾപൊട്ടലൊക്കെ ഉണ്ടായേക്കാം .... പക്ഷേ ഇത്രയും രൂക്ഷമായ, വിപുലമായ രീതിയിൽ ഒരിക്കലും സംഭവിക്കില്ലായിരുന്നു. നമുക്ക് ഒരു പരിധിവരെ ഇതൊക്കെ പ്രതിരോധിക്കാൻ സാധിക്കുമായിരുന്നു.
4.പരിസ്ഥിതിപ്രവർത്തനരംഗത്തേക്ക് അങ്ങ് കടന്നുവരാനിടയായ സാഹചര്യമെന്താണ്? വിശദമാക്കാമോ?
1970 കളുടെ അവസാനം, അന്ന് ഞാൻ ഒരു വിദ്യാർത്ഥിയായിരുന്നു. ഹൈസ്കൂളിനുശേഷം കോളേജിൽ കുറഞ്ഞകൊല്ലം മാത്രമേ പോയിട്ടുള്ളൂ. ആ കാലത്താണ് സൈലൻറ് വാലി മൂവ്മെൻറ് ഉണ്ടാവുന്നത്. 1970 -76 കാലഘട്ടമാണ്. അതിനെപ്പറ്റിയൊക്കെ ഞാൻ പത്രത്തിൽ വായിക്കാറുണ്ടായിരുന്നു. അതിനെപ്പറ്റിയുള്ള വിവരങ്ങളൊക്കെ അറിയുന്നുണ്ടായിരുന്നു. ആ സമയത്താണ് വയനാട്ടിൽ നൂൽപ്പുഴയിൽ സർക്കാർ വൻതോതിലുള്ള മരം അടക്കിവെട്ട് ആരംഭിച്ചത്. അതിനെതിരായി നൂൽപ്പുഴ പ്രദേശത്ത് 1979 ൽ ഒരു വലിയ ജനകീയ മൂവ്മെന്റ് ഉണ്ടാക്കാൻ എനിക്ക് സാധിച്ചു. ഞാനൊരു ഇടതുപക്ഷരാഷ്ട്രീയ പ്രവർത്തകൻ കൂടിയായിരുന്നു അന്ന്. അതിനു മുൻപ്തന്നെ ഇവിടെ വൻതോതിൽ ജനങ്ങൾ താമസിക്കുന്ന പ്രദേശത്ത് നൂൽപ്പുഴ (അത് കർണാടകത്തിന്റെയും തമിഴ്നാടിന്റെയും ഒരു ട്രൈ ജംഗ്ഷനാണ് ) കേന്ദ്രീകരിച്ച് വൻതോതിലുള്ള ആന വേട്ടയും ചന്ദനകള്ളക്കടത്തും ഉണ്ടായിട്ടുണ്ട്. ഇരുപത്തഞ്ചോളം ആദിവാസികൾ അതിനിടയിൽപ്പെട്ട് മരിച്ചുപോയിട്ടുമുണ്ട്. ഇതിനെതിരായും ഞാനൊരു മൂവ്മെൻറ് ചെറുപ്പക്കാരുടെ സഹായത്തോടുകൂടി ചെയ്തു. ഞാൻ തന്നെയായിരുന്നു അവിടെയും നേതൃനിരയിൽ നിന്നു പ്രവർത്തിച്ചത്. ഒരുപാട് ആൾക്കാർ പിന്തുണ നൽകിയിട്ടുമുണ്ട്. ഇങ്ങനെ ആ ഈ രണ്ടു മൂവ്‌മെന്റ് ഉണ്ടായതോടുകൂടി കേരളത്തിൻ്റെ മറ്റു പ്രദേശങ്ങളിലെ പരിസ്ഥിതിപ്രവർത്തകർ ഞങ്ങളുമായി ബന്ധപ്പെടുകയും അത് ഏതാണ്ട് വിജയം കാണുകയും ചെയ്തു. അങ്ങനെ പരിസ്ഥിതി പ്രവർത്തകരുമായി നിരന്തരബന്ധം ഉണ്ടായി. പ്രശസ്ത പരിസ്ഥിതിപ്രവർത്തകൻ സുന്ദരൻലാൽ ബഹുഗുണാ അദ്ദേഹം ഞങ്ങളെപ്പറ്റി കേട്ടറിഞ്ഞ് ഇവിടെ വന്നു. ഞങ്ങൾക്ക്
പിന്തുണ തന്നു. അങ്ങനെയൊക്കെ ഞാനൊരു പരിസ്ഥിതി പ്രവർത്തകനായി മാറി. സൈലന്റ് വാലി മൂവ്മെന്റില് ഞാൻ പങ്കെടുത്തിട്ടില്ല. പക്ഷേ അതിനോട് ആഭിമുഖ്യമുണ്ടായിരുന്നു. അന്ന് ഞാൻ പത്തിലോ മറ്റോ പഠിക്കുകയായിരുന്നു. അങ്ങനെയാണ് ഞാൻ പരിസ്ഥിതി പ്രവർത്തന രംഗത്തേക്ക് വരുന്നത്. വയനാടിന്റെ പരിസ്ഥിതിയും പ്രകൃതിയും വയനാടിന്റെ മണ്ണിന്റെയും മനുഷ്യരുടെയും നിലനിൽപ്പിന് ആവശ്യമാണ് മറ്റേതിനെക്കാളുമെന്ന് മനസിലാക്കിയാണ് ഞാൻ പരിസ്ഥിതിപ്രവർത്തകനായത്.
5.വയനാടിലെ ജനങ്ങളുടെ സംരക്ഷണവും പുനരധിവാസവും ഉറപ്പാക്കേണ്ടതല്ലേ? ഇനിയൊരു ദുരന്തം ഉണ്ടാവാതിരിക്കാൻ നമുക്ക് എന്തൊക്കെ മുൻകരുതലുകൾ സ്വീകരിക്കാൻ കഴിയും? കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് ഗവൺമെന്റിന്റെയും കൂടി ഉത്തരവാദിത്വമല്ലേ?
വയനാടിന്റെ ജനങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തേണ്ടത് ഗവൺമെന്റിന്റെയും ഉത്തരവാദിത്വമാണ്. ജനങ്ങൾ അതിനായി ആവശ്യപ്പെടണം. ജനങ്ങൾ അതിനോട് സഹകരിക്കുകയും വേണം. ഇതിനു വേണ്ടി വയനാട്ടിൽ നടന്നുകൊണ്ടിരിക്കുന്ന പരിസ്ഥിതി സംബന്ധമായ അതിക്രമങ്ങൾ അവസാനിപ്പിക്കണം. വയനാടിന്റെ കിഴക്കൻചെരുവുകളിൽ ഏകദേശം നാലായിരത്തോളം ആൾക്കാർ അധിവസിക്കുന്നുണ്ട്. അവരെ അവിടെ നിന്നും പുനരധിവസിപ്പിക്കണം. പിന്നെ കിഴക്കൻ ചരിവുകളിൽ പതിനഞ്ച് ഡിഗ്രിയിൽ കൂടുതൽ ചരിവുള്ള പ്രദേശങ്ങളിലെ കൃഷിയിൽ റെഗുലേഷനുകൾ, നിയന്ത്രണം വേണം. അവിടെ എല്ലാകൊല്ലവും മണ്ണിളക്കി കൊണ്ടുള്ള കൃഷികൾ ചെയ്യാൻപാടില്ല. അതുപോലെ പശ്ചിമഘട്ടമലനിരകളിൽ വയനാട്ടിൽ പെറ്റുപെരുകിയിട്ടുള്ള ടൂറിസത്തിന് കർശനമായ നിയന്ത്രണം കൊണ്ടുവരണം. ചരിഞ്ഞ പ്രദേശങ്ങളിലുള്ള അധികൃതവും അനധികൃതവുമായ എല്ലാ റിസോർട്ടുകളും പൊളിച്ചു മാറ്റണം. അതിനുപുറമേ വയനാട്ടിലെ നദികളിലെ പ്രഭവകേന്ദ്രങ്ങളിൽവച്ച് നദികളുടെ ഒഴുക്കുകൾ മുഴുവൻ തടഞ്ഞിട്ടുണ്ട്. അത് കബനിയിലേക്കുള്ള ഒഴുക്കുകളാണ്. കബനി വയനാടിന്റേയും തെക്കേഇന്ത്യയുടെയും ജീവനാഡിയാണ്. അത് പുനരുജ്ജീവിപ്പിക്കണം. അതുപോലെ സർക്കാർ വച്ചുപിടിപ്പിച്ചിട്ടുള്ള വയനാടിന്റെ കാടുകളിലെ (വയനാടിന്റെ കാടുകളുടെ വിസ്തൃതി 900 സ്ക്വയർ കിലോമീറ്ററാണ്) മൂന്നിലൊന്ന് വരുന്ന ഏകവിളത്തോട്ടങ്ങളെ ക്രമേണ മാറ്റി നാച്ചുറൽ ഫോറസ്റ്റാക്കി മാറ്റണം. നമ്മുടെ പശ്ചിമഘട്ടമലനിരങ്ങളെ കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിക്കണം. ഇങ്ങനെയൊക്കെ ചെയ്യുകയാണെങ്കിൽ വരുന്ന പത്തോ പതിനഞ്ചോ കൊല്ലം കൊണ്ട് വയനാടിനെ വീണ്ടെടുക്കാൻ സാധിക്കും.
6.പരിസ്ഥിതിവിരുദ്ധമായ വികസന നടപടികൾക്കും അനധികൃതമായ പാറപൊട്ടിക്കൽ, മണൽവാരൽ, ഭൂനിലങ്ങളിൽ റിസോർട്ട് മാഫികളുടെ അനധികൃതമായ കൈയേറ്റങ്ങൾ, പ്രകൃതിവിരുദ്ധ നിർമ്മാണപ്രവർത്തനങ്ങൾ .... ഇതിനെല്ലാം ബലികൊടുക്കുന്നത് സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവരുടെ ജീവിതങ്ങളാണല്ലോ! ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവർ, വീട് നഷ്ടപ്പെട്ടവർ അങ്ങനെ നിരവധിയാണ് പ്രശ്നങ്ങൾ. ഈ ജനതയെ സംബന്ധിച്ചിടത്തോളം അവരുടെ അതിജീവിതത്തെ മാഷ് എങ്ങനെയാണ് നോക്കിക്കാണുന്നത് ?
അവരുടെ അതിജീവനം വളരെ പ്രധാനമാണ്, പ്രയാസവുമാണ്. യുദ്ധത്തിനും പരിസ്ഥിതിദുരന്തങ്ങൾക്കും ആദ്യം ഇരകളാകുന്നത് സ്ത്രീകളും കുട്ടികളുമാണ്. നമ്മൾ സൂക്ഷ്മമായി നിരീക്ഷിച്ചാൽ അത് മനസ്സിലാക്കാൻ കഴിയും. അതുപോലെതന്നെ വയനാട്ടിലെ ആദിവാസികളേയും ഇത്തരം പ്രശ്നങ്ങൾ ബാധിക്കുന്നു. വയനാട്ടിലെ പ്രദേശങ്ങളിലെ ഏറ്റവും ദുർബലരായ ആൾക്കാരെയാണ് ഇത്തരം ദുരിതങ്ങൾ ഏറെയും ബാധിക്കുന്നത്. വയനാട്ടിലെ തോട്ടം തൊഴിലാളികളെ , കർഷകരെയൊക്കെ സാരമായി
ബാധിക്കും. അവരുടെ തൊഴിൽ നഷ്ടപ്പെടും. കുടിൽ നഷ്ടപ്പെടും. കൃഷി നഷ്ടപ്പെടും. അപ്പോൾ ഇതൊക്കെക്കൂടി സമൂഹത്തിൽ ഉണ്ടാക്കുന്ന ദുരിതങ്ങൾ വളരെ വലുതായിരിക്കും. അത് കണ്ടറിഞ്ഞ് ദുരന്തങ്ങൾ ഒഴിവാക്കാനുള്ള ശ്രമമാണ് ഭരണകൂടവും ജനങ്ങളും കൂടി നിർവഹിക്കേണ്ടത്.
കേരളത്തിൽ പ്രത്യേകിച്ച് വയനാട്ടിൽ പുനരധിവാസം എന്നത് വളരെ ദുഷ്കരമാണ് . മുണ്ടക്കെയ്ക്കടുത്തുള്ള പുത്തുമലയിൽ അഞ്ചു കൊല്ലം മുമ്പാണ് ആദ്യത്തെ ഉരുൾപൊട്ടൽ ഉണ്ടായത്. മൂന്നു കൊല്ലം മുമ്പാണ് അവരെ പുനരധിവസിപ്പിച്ചത്. അന്ന് വച്ചുകൊടുത്ത വീടുകൾ മുഴുവൻ ഇപ്പോൾ ചോരുകയാണ്. നമ്മൾ വാഗ്ദത്തം ചെയ്തതൊന്നും അവർക്ക് കൊടുത്തിട്ടില്ല. അതുപോലെതന്നെ മുണ്ടക്കൈയിൽ ആദ്യത്തെ ദുരന്തം നടന്നപ്പോൾ ഒന്നും ചെയ്തു കൊടുത്തിട്ടില്ല. വയനാട്ടിലെ ആദിവാസികളെ പുനരധിവസിപ്പിക്കാനുള്ള നിരവധി പ്രോജക്റ്റുകൾ ഉണ്ടായി. ഒന്നും തന്നെ നടപ്പാക്കാൻ സാധിച്ചിട്ടില്ല. ഇത്തരം കാര്യങ്ങളിൽ വലിയ ശ്രദ്ധ നൽകേണ്ടതുണ്ട്. വയനാട്ടിലെ ജനങ്ങളുടേയും ആദിവാസികളുടേയും സംരക്ഷണം ഉറപ്പുവരുത്തേണ്ടതുണ്ട്. മുണ്ടക്കൈ ദുരന്തത്തിൽപ്പെട്ടവരുടെ പുനരധിവാസത്തിനുള്ള പാക്കേജ് നടപ്പാക്കുകയും ആ മിഷൻ സാറ്റ്യൂട്ടറി അധികാരമുള്ള അതോറിറ്റിക്ക് നൽകയും വേണം. സുതാര്യമായി അഴിമതിയില്ലാതെ അവരുടെയെല്ലാം ഹിതം മാനിച്ചുകൊണ്ടുള്ള പുനരധിവാസപാക്കേജ് നടപ്പിലാക്കണം.
7.മുണ്ടക്കൈയിൽ ഉരുൾപൊട്ടൽ ഉണ്ടായ സമയത്ത് രക്ഷാപ്രവർത്തനങ്ങൾ ഏതുവിധത്തിലായിരുന്നു? എന്തൊക്കെ ബുദ്ധിമുട്ടുകളാണ് നേരിട്ടത്?
ദുരന്തമുഖത്തേക്ക് ആ സമയത്ത് പോയിട്ടില്ല. രാവിലെ നാലു മണി ആയപ്പോഴേ ഉരുൾപ്പൊട്ടിയ വാർത്ത ഞാൻ അറിഞ്ഞിരുന്നു. പക്ഷേ ഞാൻ താമസിക്കുന്ന പ്രദേശത്തുനിന്നും വളരെ ദൂരെയാണ് മുണ്ടക്കൈ ദേശം. അതുകൊണ്ട് ആ സമയം എത്തിപ്പെടാൻ പറ്റിയില്ല. പക്ഷേ നമ്മളുമായി ബന്ധപ്പെട്ട ധാരാളം ചെറുപ്പക്കാർ എല്ലാം രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ആ പ്രദേശത്ത് രക്ഷാധികാരികൾ ഏർപ്പെടുത്തിയിട്ടുള്ള
നിയന്ത്രണമുണ്ടായിരുന്നു. പട്ടാളത്തിനും അതേപോലുള്ള വോളണ്ടിയർമാർക്കും ബുദ്ധിമുട്ടാവുന്ന തരത്തിൽ വാഹനങ്ങളൊക്കെയായി പോകാൻ പാടില്ല എന്ന നിർദ്ദേശം കിട്ടിയിരുന്നു. ഇത്തരം നിർദ്ദേശങ്ങളോട് യോജിച്ചിട്ടാണ് ഞങ്ങളും പ്രവർത്തിച്ചത്. രക്ഷാദൗത്യത്തിന് ജനങ്ങളുടെതായ കാര്യമായ പങ്ക് ഉണ്ടായിരുന്നു. പട്ടാളവും പോലീസുകാരും മറ്റും വളരെ ശ്രമകരമായ രീതിയിൽ തന്നെ രക്ഷാപ്രവർത്തനങ്ങൾ നടത്തി. അതായത് ദുരന്തം ഉണ്ടായ ശേഷമുള്ള കാര്യങ്ങൾ അത് അത്ര വിമർശിക്കാനില്ല. പക്ഷേ ഇങ്ങനെ ഒരു ദുരന്തമുണ്ടായി എന്നതാണ് ദു:ഖകരമായ വസ്തുത.
8.കേരളത്തിലെ ടൂറിസം മേഖലകളിൽ ഏറ്റവും ശ്രദ്ധേയമായ ഒരിടമാണ് വയനാട്. റിസോർട്ട് മാഫിയകളുടെ കടന്നുകയറ്റവും അനധികൃതമായ റിസോർട്ട് നിർമ്മാണവും അശാസ്ത്രീയമായ രീതിയിൽ കുന്നിടിച്ചുള്ള കെട്ടിടനിർമ്മാണവുമെല്ലാം പരിസ്ഥിതിയെ സാരമായി ബാന്ധിച്ചിട്ടുണ്ടെന്നത് വ്യക്തമാണ്. പ്രകൃതിയും മനുഷ്യനുമെല്ലാം വില്പനച്ചരക്കാകുന്ന കാലത്തെ ടൂറിസ്റ്റ് നയങ്ങളെ എങ്ങനെയാണ് മാഷ് വിലയിരുത്തുന്നത്? പ്രകൃതിയ്ക്ക് ദോഷം വരാത്ത രീതിയിലുള്ള ടൂറിസം വയനാടിന് സാധ്യമല്ലേ? ടൂറിസവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ആശങ്കകൾ നിലനിൽക്കുന്നുണ്ടോ?
ടൂറിസവുമായി ബന്ധപ്പെട്ട ആശങ്കകളുണ്ട്. പരിസ്ഥിതിയും ടൂറിസവും രണ്ടും ഒരു കുടക്കീഴിൽ നിർത്താവുന്ന ഒന്നല്ല . അത് രണ്ടും വ്യത്യസ്തമായ താൽപര്യങ്ങളുള്ളതാണ്. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് ടൂറിസം നടത്തിക്കളയാം എന്ന് ആരും വ്യാമോഹിക്കേണ്ട. എന്നാൽ പോലും ടൂറിസത്തിൽ നിന്നും വയനാട് പോലൊരു സ്ഥലത്തെ മാറ്റി നിർത്തണമെന്ന് പറഞ്ഞാൽ അത് നടക്കില്ല. പക്ഷേ വയനാട്ടിൽ ഒന്നുരണ്ടുകാര്യങ്ങൾ ശ്രദ്ധിച്ചേ മതിയാകൂ. ഒന്നാമത്തേത് ടൂറിസത്തിന് പുറമേ പറഞ്ഞുകേൾക്കുന്നത് പോലെ സാധാരണക്കാരുടെയോ കർഷകരുടേയോ തൊഴിലാളികളുടേയോ വലിയ ഇൻവോൾമെൻറ് ഒന്നും തന്നെയില്ല. പുറത്തുനിന്ന് വന്നിട്ടുള്ള പണക്കാരുടെ പണത്തിന്റെ സ്വാധീനം .... അതാണ് ഇവിടെ ഉള്ളത്. വയനാട്ടിലെ അനിയന്ത്രിതമായി പെരുകിക്കൊണ്ടിരിക്കുന്ന ടൂറിസത്തിൽ ചില കാര്യങ്ങളിൽ കാര്യമായ നിയന്ത്രണം വരുത്തേണ്ടത് അത്യാവശ്യമാണ്. ഒന്നാമതായി ആദിവാസി അധിവാസ മേഖലകളിലേക്ക് ടൂറിസം പോകാൻ പാടില്ല.രണ്ടാമത് വന്യജീവികൾ അധിവസിക്കുന്ന പ്രദേശങ്ങളിലെ ടൂറിസം ഒഴിവാക്കണം. ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് നടത്തിക്കൊണ്ടിരിക്കുന്ന എക്കോ ടൂറിസം
കാട്ടിനുള്ളിലാണ്. അത് പുറത്തുകൊണ്ടുവരണം. ആനക്കാട്ടിലും മറ്റും ഉണ്ടാക്കിയിട്ടുള്ള ടൂറിസം റിസോർട്ടുകൾ അത്തരത്തിലുള്ളവ നിരോധിക്കണം. മലമുകളിൽ ഒക്കെയുള്ള 5000ത്തോളം വരുന്ന ടൂറിസം സംരംഭങ്ങളിൽ 3000 എണ്ണവും പശ്ചിമഘട്ടമലനിരകളുടെ വയനാടൻ പ്രദേശങ്ങളിലാണ്. അതാണ് വലിയ ദുരന്തത്തിന് കാരണമായിട്ടുള്ളത്. അത് നിയന്ത്രിക്കുകയും അനധികൃതമായ കൈയേറ്റങ്ങൾ നിരോധിക്കുകയും വേണം. കൃഷിയാണ് വയനാട്ടിലെ പ്രധാനപ്പെട്ട വരുമാനമാർഗവും ജീവിതത്തിൻ്റെ അടിത്തറയുമെന്ന് മനസ്സിലാക്കി കൃഷിചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുന്ന "റെസ്പോൺസിബിൾ ടൂറിസം" എന്ന് പറയുന്ന ടൂറിസം നിയന്ത്രിതമായ അളവിൽ വരുന്നതിന് നമ്മൾ എതിരല്ല. അങ്ങനെ വന്നാലേ ടൂറിസം ശാശ്വതമായി നിൽക്കുകയുള്ളൂ. അതല്ലെങ്കിൽ വയനാട്ടിലെ ടൂറിസം കാരണം മുണ്ടക്കൈയിലെ പോലെ കാര്യങ്ങൾ ഇനിയും ആവർത്തിക്കും. വയനാടിന്റെ ടൂറിസം വയനാടിന്റെ തന്നെയും നാശമായിരിക്കും.
9.മുണ്ടക്കൈ ഉരുൾപൊട്ടലിനു കാരണം കാലാവസ്ഥാവ്യതിയാനത്തെ തുടർന്നുണ്ടായ അതിശക്തമായ മഴയും മേഘസ്ഫോടനവുമാണെന്ന് വാദമുണ്ട്. ക്ലൗഡ് സീഡിംഗ് റൈൻ കാരണം ഇത്തരം പ്രകൃതിദുരന്തങ്ങൾ ആവർത്തിക്കാം എന്നും കേട്ടിട്ടുണ്ട്. ഇത്തരം നിലപാടുകളോട് എന്താണ് പറയാനുള്ളത് ?
വയനാട്ടിൽ മാത്രമല്ല പശ്ചിമഘട്ടത്തിൽ മാത്രമല്ല ലോകത്ത് എല്ലായിടത്തും കാലാവസ്ഥാവ്യതിയാനം ഉണ്ടായിട്ടുണ്ട്. ആഗോളതാപനം കാരണമുണ്ടായ കാലാവസ്ഥാ വ്യതിയാനവും പ്രതിസന്ധി യുമാണത്. വയനാട്ടിലും കേരളത്തിലെ പോലെ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത് ഒന്നുകിൽ ചൂട് കൂടുന്നത്, അല്ലെങ്കിൽ അതിവൃഷ്ടി അങ്ങനെയാണ്. വളരെ തീവ്രമായ മഴ,വളരെ പെട്ടെന്ന് മേഘവിസ്ഫോടനത്തോടുകൂടി ശക്തിയായി പെയ്യുന്ന മഴ ഇതൊക്കെ ഉണ്ടാകുന്നുണ്ട്. പക്ഷേ ഈ മഴയൊക്കെ താങ്ങാനുള്ള ശക്തി പശ്ചിമഘട്ടത്തിന് മുമ്പ് ഉണ്ടായിരുന്നു. ഇപ്പോൾ അതില്ല. അതുകൊണ്ടുതന്നെ മഴ ഒരു കാരണമാണ്. അതിനപ്പുറം മഴ മാത്രമാണ് കാരണം എന്ന് പറഞ്ഞാൽ വസ്തുതകൾക്ക് നിരക്കാത്തതായിരിക്കും എന്നാണ് എന്റെ അഭിപ്രായം. അതോടൊപ്പം പശ്ചിമഘട്ടത്തോട് മനുഷ്യൻ കാട്ടിയിട്ടുള്ള ഒരുപാട് പ്രവർത്തനങ്ങൾ .... നിരവധിയായ ടൂറിസം റിസോർട്ടുകൾ ,റോഡുകൾ,തുരങ്ക നിർമ്മാണം, കൃഷിയിലുണ്ടായ മാറ്റങ്ങൾ അങ്ങനെ നിരവധി നിരവധി കാരണങ്ങളുണ്ട്. അതെല്ലാം കൊണ്ടാണ് ഉരുൾപൊട്ടൽ ഉണ്ടായിട്ടുള്ളത് എന്നാണ് ഞാൻ മനസിലാക്കുന്നത്.
10.പൊതുപ്രവർത്തനം, രാഷ്ട്രീയജീവിതം, പാരിസ്ഥിതിക പ്രവർത്തനം... കടന്നുപോയ ജീവിതം നൽകിയ പാഠങ്ങൾ എന്താണ്? ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് തുടർപ്രവർത്തനങ്ങൾ എന്തൊക്കെയാണ്? വയനാടിനെപ്പറ്റി എന്തെങ്കിലും സ്വപ്നങ്ങളുണ്ടോ?
വയനാടിനെപ്പറ്റി നിലവിൽ സ്വപ്നങ്ങൾ ഒന്നും തന്നെയില്ല. നാൽപ്പത് കൊല്ലത്തെ പ്രവർത്തനം കൊണ്ട് മനസ്സിലാക്കാൻ കഴിഞ്ഞത് ഓരോ ദിവസവും വയനാട് നാശത്തിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത് എന്നാണ്. വയനാട് ഒരു 'ലോസ്റ്റ് ലാൻഡ് ' അഥവാ നഷ്ടപ്പെട്ട ഭൂമിയാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. വയനാടിനെ പുനരുജ്ജീവിപ്പിക്കാൻ സാധ്യമാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. വയനാടിന്റെ മക്കളായ ആദിവാസികൾ എന്നോ അഗണ്യകോടിയിൽ തള്ളപ്പെട്ടു. വയനാട്ടിലെ വന്യജീവികൾ ആധുനിക
മനുഷ്യന്റെ കൈയേറ്റങ്ങൾക്കും കടന്നാക്രമണങ്ങൾക്കും വിധേയമായിക്കൊണ്ടിരിക്കുന്നു . വയനാടിന്റെ തനതായ പ്രകൃതി, സ്വച്ഛന്ദമായ പ്രകൃതി എല്ലാം നശിച്ചുകൊണ്ടിരിക്കുന്നു. ടൂറിസത്തിന്റെ പേരിൽ വയനാട് നേരിടുന്ന അതിക്രമം നാൾക്കു നാൾ വർദ്ധിച്ചുവരുന്നു. ആ ഘട്ടത്തിൽ എനിക്ക് സംതൃപ്തി തരുന്നതായിരുന്നില്ല പരിസ്ഥിതി പ്രവർത്തനം. ഇപ്പോൾ എന്നെ വേദനിപ്പിക്കുകയാണ് ചെയ്യുന്നത്. ആദ്യഘട്ടത്തിൽ പരിസ്ഥിതി പ്രവർത്തനത്തിന് വലിയ സ്വീകാര്യത വയനാട്ടിൽ ഉണ്ടായിരുന്നു. ഇപ്പോൾ അവർ ചെയ്തു കൊണ്ടിരിക്കുന്ന അനീതികളെ നമ്മൾ എതിർക്കുന്നതുകൊണ്ട് , നിങ്ങൾ ചെയ്യുന്നത് തെറ്റാണ് എന്ന സത്യം വിളിച്ചു പറയുന്നതുകൊണ്ട് അവർക്ക് നമ്മോട് പഴയതുപോലെ ആഭിമുഖ്യമില്ല. ജനങ്ങൾക്ക് ഭൂരിപക്ഷത്തിനുമില്ല. എന്നാലും ഇന്ത്യയിലും കേരളത്തിലും ഏറ്റവും കൂടുതൽ പരിസ്ഥിതി അവബോധമുള്ള ആൾക്കാരും ജനങ്ങളും ഉള്ളത് വയനാട്ടിലാണ്. പക്ഷേ അവരുടെ പ്രവർത്തനം ഒന്നും ഫലവത്താകുന്നില്ല. അത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. അതുകൊണ്ട് ഭാവിയെക്കുറിച്ച് ഞാൻ ഒരു പ്രവചനത്തിനും മുതിരുന്നില്ല. ഞാൻ വയനാടിന്റെയും കേരളത്തിന്റെ തന്നെയും ഭൂമിയിൽ ശുഭാപ്തി വിശ്വാസിയല്ല. കാലഘട്ടം അത്രയും മാറിയിരിക്കുന്നു. മനുഷ്യന്റെ മാതാവായ പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. നമ്മുടെ നിലനിൽപ്പിന് അത് അത്യാവശ്യമാണ്. നമ്മുടെ പ്രകൃതിയെ അമ്മയെ എന്നപോലെ സംരക്ഷിക്കുക.അവസാനശ്വാസം വരെയും പരിസ്ഥിതിയേയും പ്രകൃതിയേയും സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ ചെയ്യാനുള്ള ആഗ്രഹമുണ്ട്. ഇനിയും ഇത്തരം കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കും.