top of page

ഗുരുവായൂർ ക്ഷേത്രം ഗുരുവായൂരപ്പൻ ഉള്ളതുകൊണ്ടല്ല ചുമരുകളിൽ നല്ല ചിത്രങ്ങൾ ഉള്ളതുകൊണ്ട് വൈകുണ്ഠമായിരുന്നു  എന്നു പറഞ്ഞ കുട്ടികൃഷ്ണമാരാര്

പത്ത് ചോദ്യങ്ങൾ

- മാരാരുടെ ജീവിതത്തെ മുൻനിർത്തി ഡോ.വി എസ്സ് ശർമ്മയുമായി നടത്തിയ അഭിമുഖം

ഡോ.വി.എസ്സ്.ശർമ്മ/ ആര്യ സി.ജെ.


1900 ജൂൺ പതിനാലിന്  ജനിച്ച മാരാര് ജീവിച്ചത് കേരളചരിത്രത്തിലെ ഏറ്റവും സംഭവബഹുലമായ കാലത്തായിരുന്നു. ജാതിവ്യവസ്ഥയും മരുമക്കത്തായവും രാജവാഴ്ചയും തകർത്തെറിഞ്ഞ പ്രകമ്പനങ്ങളുടെ കാലം. കണ്ണാലെ കാണുന്ന തറവാടുകൾ തകർന്നാലും മനസ്സിലെ തറവാടുകൾ തകരാൻ വീണ്ടും സമയം എടുക്കും.കേരളീയമനസിലെ ഏറ്റവും വലിയ സാംസ്കാരികത്തറവാടുകളെ തകർത്തെറിഞ്ഞ വിമർശകൻ കുട്ടിക്കൃഷ്ണമാരാരായിരുന്നു. ഒഴുകുന്ന നദിയിൽ നിന്നും എടുത്ത ഒരു കഷണം കല്ലിനെ ദൈവമെന്ന് പറഞ്ഞ് ദൈവത്തെയും പ്രതിഷ്ഠകളെയും തകർത്ത നാരായണഗുരുവിനെപ്പോലെ മാരാര് ദൈവങ്ങളെ മനുഷ്യരാക്കി മാറ്റി. 'ആവോളം ദൂഷിതമായി പൊട്ടിത്തെറിക്കുന്ന ആസ്തികതയുടെ അന്തരീക്ഷത്തിലാണ് ഞാൻ ജനിച്ചത് ' (ഋഷിപ്രസാദം) എന്ന് അദ്ദേഹം പറയുന്നുണ്ട്. ഈശ്വരശ്രദ്ധ രക്താസ്ഥിമജ്ജകളിൽ കലർന്നിണങ്ങിയ ഒരു സാഹചര്യമാണ് അദ്ദേഹത്തിന്റെ പാരമ്പര്യമായി ലഭിച്ചത്. എന്നാൽ ആ പാരമ്പര്യത്തിന്റെ പല അംശങ്ങളെയും സഫലമായി ധിക്കരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. കുലത്തൊഴിലായ ചെണ്ടകൊട്ട് അഭ്യാസം ആദ്യം മുതലേ വെറുപ്പായിരുന്നു. ചിത്രമെഴുത്തിലും സംഗീതത്തിലും താല്പര്യമുണ്ടായിരുന്നു. ക്ഷേത്രങ്ങളിൽ ചെല്ലുമ്പോൾ വീണ്ടെടർന്ന ചുമരുകളിൽ അവശേഷിക്കുന്ന  ചിത്രങ്ങൾ കണ്ടു രസിച്ചു.'ഗുരുവായൂർ ക്ഷേത്രം ഗുരുവായൂരപ്പൻ ഉള്ളതുകൊണ്ടല്ല ചുമരുകളിൽ വളരെ നല്ല ചിത്രങ്ങൾ ഉള്ളതുകൊണ്ട് എന്റെ ഭാവനയിൽ ഒരു വൈകുണ്ഠം ആയിരുന്നു, അതെ വൈകുണ്ഠം തന്നെ 'എന്ന് അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്.( എൻ്റെ അടിവേരുകൾ, കല ജീവിതം തന്നെ ) തൊട്ടുകൂടായ്മയെ ധിക്കരിച്ചു. ഒന്നാമത്തെ നമ്പൂതിരി വിധവാവിവാഹത്തിൽ പങ്കെടുത്തു.  എം.പി. ഭട്ടതിരിപ്പാട് എം. ആർ.ബി. തുടങ്ങിയവരോടൊപ്പം പ്രവർത്തിച്ചു. വന്നേരി കെ. സാവിത്രി അന്തർജനം എന്ന പേരിൽ യാഥാസ്ഥിതികത്വത്തിന് എതിരായി കവിതകൾ എഴുതി. (ഇത് 'കറുകമാല' എന്ന പേരിൽ മംഗളോദയം പുസ്തകം ആക്കി.) വിമർശനലേഖനങ്ങളിലേയ്ക്കെത്തുമ്പോൾ ഇതിഹാസകഥാപാത്രവിമർശനങ്ങളിലൂടെ നമ്മുടെ സാംസ്കാരിക മനസ്സിൽ ആഴത്തിൽ പടർന്ന രാജകീയമൂല്യങ്ങളുടെ വേരിൽ വലിയ ആഘാതങ്ങൾ ഏല്പിച്ചു.കവിതയിലെ എഴുത്തച്ചൻന്മാരെയും സൗന്ദര്യ ശാസ്ത്രത്തിലെ ആനന്ദവർദ്ധനാദി ദൈവങ്ങളെയും അദ്ദേഹം വിമർശിച്ചു. പിതൃസ്നേഹം, സൗഹൃദം, ഗുരുശിഷ്യബന്ധം, സത്യസന്ധത, സ്ത്രീപുരുഷബന്ധം, ധർമ്മിഷ്ഠത ഇവയിലെല്ലാം ഉള്ള രാജകീയ മൂല്യപരിസരങ്ങളെ ഖണ്ഡിക്കാനാണ് പുരാണകഥാപാത്രവിശകലനത്തിലൂടെ മാരാര് ശ്രമിച്ചത്. " രാമൻ, യുധിഷ്ഠിരൻ മുതലായ ഇതിഹാസകഥാനായകന്മാർ യാതൊരോപ്പക്കേടും പറ്റാതെ ചില്ലലമാരയിൽ സൂചിപ്പിക്കുന്ന പ്രദർശന വസ്തുക്കളല്ലെന്നും ഇതിഹാസകാരന്മാർ ഈശ്വരകഥാനുഗായികളെന്നതിലധികം മനുഷ്യകഥാനുഗായികളാണെ"ന്നും മാരാര് പറയുന്നുണ്ട് ( ഭാരതപര്യടനം )  അക്കാലത്ത്, തിരുവനന്തപുരത്തും മറ്റുമുള്ള യാഥാസ്ഥിതിക സാഹിത്യ കൂട്ടായ്മകളെ സ്വയം മാറുന്നതിനൊപ്പം മാറ്റിത്തീർക്കാൻ അദ്ദേഹം ശ്രമിച്ചു.


മാരാരുടെ കാലം പങ്കിട്ട, ഇന്നു ജീവിച്ചിരിക്കുന്ന എണ്ണപ്പെട്ട വ്യക്തികളിൽ ഒരാളാണ് പരിഭാഷകനും വിമർശകനുമായ ഡോ.വി.എസ്സ്.ശർമ്മ.കുഞ്ചൻ നമ്പ്യാർ - ജീവിതവും കൃതികളും , അഭിനയ ദർപ്പണവും ഹസ്തലക്ഷണ ദീപികയും (പരിഭാഷ, പഠനം ), ഉപനിഷദർശനം, സാഹിത്യ സോപാനം, ഭാരതീയനൃത്തങ്ങൾ, ഭോജദേവൻ -ശൃംഗാരപ്രകാശം ,ശ്രീ ത്യാഗരാജ സ്വാമി കളുടെ നൗകാചരിത്രം, ആലോകനം, യുഗാചാര്യൻ തുടങ്ങിയ കൃതികൾ.മാരാരെക്കുറിച്ചുള്ള ഓർമ്മകൾ ഡോ.വി എസ്സ് ശർമ്മ പങ്കു വയ്ക്കുന്നു.


1.രാമഭക്തരെ പ്രകോപിപ്പിക്കുന്ന 'വാല്മീകിയുടെ രാമൻ' എന്ന ലേഖനത്തിൻ്റെ അലയൊലികൾ ഇപ്പോഴും അവസാനിച്ചിട്ടില്ലല്ലോ.... അതെഴുതാൻ ഇടയായ സാഹചര്യം ഓർമ്മയുണ്ടോ?


രാമായണവും ഭാരതവും മാരാരുടെ ഇഷ്ടപ്പെട്ട കൃതികളാണ്. അവയ്ക്ക് മാരാര് എഴുതിയ വ്യാഖ്യാനങ്ങൾ മലയാളത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട മുതൽക്കൂട്ടുകളാണ്. പക്ഷെ അതെഴുതിയ കാലഘട്ടത്തിൽ മാരാരുമായി എനിക്ക് പരിചയമില്ല. അദ്ദേഹം പഠിച്ചത് എൻ്റെ അച്ഛൻ്റെ അമ്മാവനായ പുന്നശ്ശേരി നീലകണ്ഠശർമ്മയുടെ സംസ്കൃത മഹാവിദ്യാലയത്തിലാണ്. ആ ഗുരുകുലസമ്പ്രദായത്തിൽ പഠിച്ച എനിക്കറിയാവുന്ന അപൂർവ്വം വ്യക്തികളിലൊരാളാണ് അദ്ദേഹം.കെ.പി.നാരായണ പിഷാരടി, എം പി.ശങ്കുണ്ണി നായർ, പി.കുഞ്ഞുരാമൻ നായർ, ശിരോമണി ഗോവിന്ദൻ ഇവരൊക്കെ ആ ഗുരുകുലത്തിൽ നിന്നും വന്നവരാണ്. അവിടന്ന് നേടിയ സംസ്കൃതവിദ്യത്വമാണ് മാരാരുടെ രചനകളുടെ പശ്ചാത്തലം. രാമായണാദികളും സംസ്കൃതശാസ്ത്ര പുസ്തകങ്ങളും വായിക്കാനും പഠിക്കാനും സാധിച്ചു. കാളിദാസകൃതികളെക്കുറിച്ചും സുചിന്തിതമായ അഭിപ്രായങ്ങളാണ് അദ്ദേഹത്തിനുള്ളത്. എന്നാൽ ചിലപ്പോൾ അഭിപ്രായങ്ങൾ മാറ്റാറുണ്ട്.


2.മാരാര് ഭാര്യ നാരായണിക്കുട്ടി മാരാസ്യാർക്ക് 1943-ൽ കോഴിക്കോട് നിന്നെഴുതിയ കത്തിൽ 'ഊണുകഴിക്കാൻ അരി കിട്ടുന്നുണ്ടോ - ചോദിക്കാൻ തന്നെ ഭയമാണ് ' എന്നും കടം വാങ്ങിയാലും മരുന്നു കഴിക്കണമെന്നും ഒരു ദിവസം അഞ്ചെട്ടു പ്രാവശ്യമെങ്കിലും കുട്ടികളെ ഓർക്കുമെന്നും പറയുന്നുണ്ട്...? മാരാരുടെ വീട്, കുടുംബം ..എന്തെങ്കിലും വിവരങ്ങൾ?


മാരാരുടെ ദേശം തൃപ്രങ്ങോട്ടാണ്. അവിടവുമായി എനിക്ക് ബന്ധമുണ്ട്. അമ്മയുടെ മൂത്ത സഹോദരി, പേരമ്മ വിവാഹിതയായത് തൃപ്പങ്ങോട്ട് തിരുമംഗലത്ത് ഇല്ലത്തേക്കാണ്. തൃപ്പങ്ങോട്ടത്തെ ബന്ധവും നീലകണ്ഠശർമ്മയുമായുള്ള ബന്ധവുമാണ് എനിക്ക് മാരാരുമായിട്ടുള്ള ബന്ധശൃംഖല ഉണ്ടാക്കിയത്.മാരാരുടെ മകൻ മുരളീധരനുമായും ബന്ധമുണ്ടായിരുന്നു.


മാരാരുടെ കുടുംബം സമ്പന്നമല്ലായിരുന്നു. പ്രൂഫ് റീഡർ ജോലിക്ക് വലിയ ശമ്പളവുമില്ല.പക്ഷെ ബഹുമാനം കിട്ടിയിരുന്നു.


3.തൻ്റെ പുസ്തകങ്ങൾ അച്ചടിക്കാൻ ബുദ്ധിമുട്ടുന്നതും വിമർശനം എന്ന ജ്ഞാനശാഖയ്ക്ക് തന്നെ പരിഗണനയില്ലാതായി വരുന്നതും മാരാര് പരാമർശിച്ചിട്ടുണ്ട്. മാരാരുടെ കാലം മാരാരോട് എങ്ങനെയാണ് പെരുമാറിയത്?


എല്ലാർക്കും മാരാരോട് ബഹുമാനം തന്നെയായിരുന്നു.



4.നാലപ്പാട് മരിച്ചു കഴിയുമ്പോൾ, നാലപ്പാട് തനിക്ക് അച്ഛനും അമ്മാമനും ഗുരുവും സുഹൃത്തുമായിരുന്നു, ഒടുക്കം മാത്രം കവിയും സാഹിത്യകാരനും എന്നു പ്രതികരിക്കുന്നുണ്ട്.നാലപ്പാടിനെക്കുറിച്ചുളള വിചാരം കണ്ണീരായിട്ടല്ലാതെ ലേഖനമായി വരില്ലെന്നും. ആ ബന്ധത്തെ എങ്ങനെ കാണുന്നു?


നാലപ്പാടിനോട് വലിയ ബഹുമാനമായിരുന്നു. ബാലാമണിയമ്മയുടെ പുസ്തകത്തിൽ ആ കടപ്പാടിൻ്റെ രേഖ കാണാം.. വള്ളത്തോളുമായും ബന്ധമുണ്ടായിരുന്നല്ലോ. വള്ളത്തോളിൻ്റെ പ്രേരണയിൽ കലാമണ്ഡലത്തിലെ അധ്യാപകനുമായിരുന്നു മാരാര്, എന്നു തോന്നുന്നു.


5.തിരുവനന്തപുരത്തെ സാഹിത്യ മണ്ഡലത്തെ ലക്ഷ്യം വച്ചാണ് ഉണ്ണുനീലി സന്ദേശം ഹാസ്യകൃതിയാണെന്ന ലേഖനം എഴുതിയതെന്ന് മാരാര് പറയുന്നുണ്ട്.  യാഥാസ്ഥിതിക മനോഭാവത്തെ ചിരി കൊണ്ടു നേരിടുന്നതു കാണാം. ഞങ്ങൾ കുറേ മാറിയെങ്കിലും തിരുവനന്തപുരത്തുള്ളവർ മാറാത്തതെന്ത് എന്നു അത്ഭുതപ്പെടുകയും ചെയ്യുന്നുണ്ട്.മാരാരുടെ ഹാസ്യബോധ അനുഭവങ്ങൾ?

തിരുവനന്തപുരവുമായി മാരാർക്കുണ്ടായിരുന്ന ബന്ധങ്ങൾ?


 മാരാരെ കാണുന്നത് ഞാൻ തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുമ്പോഴാണ്. അന്നദ്ദേഹം മാതൃഭൂമിയിലെ പ്രൂഫ് റീഡറാണ്.എൻ വി.കൃഷ്ണവാര്യരും മാരാരും എനിക്ക് ഗുരുതുല്യരാണ്.തിരുവനന്തപുരത്ത് കവിതാ സമിതി എന്ന സംഘടന ഉണ്ടായിരുന്നു.എൻ.കൃഷ്ണപിള്ള സാറ്, ഗുപ്തൻനായർ സാറ്, എം ജി സുധാകരൻ നായർ, അയ്യപ്പപ്പണിക്കർ, ജി.ശങ്കരപ്പിള്ള, കെ.എസ്സ്.നാരായണപിള്ള, ഞാൻ തുടങ്ങി എട്ടു പേർ ഉണ്ടായിരുന്നു. എല്ലാവർഷവും കാവ്യോത്സവവും സംഘടിപ്പിക്കുമായിരുന്നു. ആ വർഷത്തെ കാവ്യോത്സവത്തിൻ്റെ അധ്യക്ഷൻ മാരാരായിരുന്നു.കവിതാ സമിതിയുടെ ആഭിമുഖ്യത്തിൽ 'ഹാസ്യം മലയാളത്തിൽ' എന്ന വിഷയത്തിൽ ചർച്ചയുണ്ടായിരുന്നു.മാരാരുടെ ആ പ്രബന്ധം വളരെ കാലം സൂക്ഷിച്ചിരുന്നു. ഇപ്പോൾ നഷ്ടപ്പെട്ടുപോയി.മാരാര് സഞ്ജയൻ സ്മാരക ഗ്രന്ഥത്തിൻ്റെ എഡിറ്റർ ആയിരുന്നു. ഹാസ്യപ്രകാശം എന്ന ഒരു ഗ്രന്ഥമുണ്ട്. കവിതാ സമിതിയുടെ മീറ്റിംഗിന് വന്നപ്പോൾ യൂണിവേഴ്സിറ്റി കോളേജിലേയ്ക്ക് ഞങ്ങൾ മാരാരെ ക്ഷണിച്ചു. അന്നു ഇളംകുളം കുഞ്ഞൻപിള്ള സാറായിരുന്നു പ്രഫസർ.അന്നു ഉണ്ണുനീലിസന്ദേശത്തെക്കുറിച്ചുള്ള സംഭാഷണം ഉണ്ടായി. ഇളംകുളം കുഞ്ഞൻപിള്ള സാറും ശൂരനാട് സാറും തമ്മിലും ഇതിനെക്കുറിച്ചു സംവാദം നടന്നു. മുണ്ടക്കൽ സന്ദേശം ഒരു മുഴുത്ത ചിരിയാണെന്ന് മാരാര് പറഞ്ഞു. അത് എല്ലാരും അംഗീകരിക്കണമെന്നില്ല.മാരാരുടെ വീക്ഷണമാണത്. മാരാര് പറയുന്ന മാനദണ്ഡങ്ങൾ അനുസരിച്ച് അതു ശരിയാണ്. സാഹിത്യനിരൂപണത്തിന് അവരുടേതായ മാനദണ്ഡങ്ങളും പ്രമാണങ്ങളുമുണ്ടാവണം.



തിരുവനന്തപുരത്തെ അന്നത്തെ എഴുത്തുകാർ ഡോ.കെ.ഭാസ്കരൻനായർ,    ഗുപ്തൻനായർ തുടങ്ങിയവരായിരുന്നു.ഭാസ്കരൻനായർ നല്ല വ്യക്തിത്വമുള്ളയാളായിരുന്നു. കോളേജ് പ്രിൻസിപ്പാൾ ആയിരുന്നു. ഗുപ്തൻ നായർ ഒടുവിൽ മാരാരെ കാണാൻ പോയ കാര്യം എന്നോടു പറഞ്ഞിട്ടുണ്ട്. തീരെ കണ്ടിട്ട് മനസ്സിലായില്ല എന്ന്. ഒടുവിൽ ഓർമ്മയില്ലാതായല്ലോ. വി. കൃഷ്ണൻ തമ്പിയെ പോലുള്ള അന്നത്തെ തിരുവനന്തപുരം എഴുത്തുകാരുമായി വലിയ ബന്ധമൊന്നും മാരാർക്കില്ലായിരുന്നു. ഒന്നാമത് തിരുവനന്തപുരം കോഴിക്കോടുമായി വളരെ അകന്നാണ് നിലകൊണ്ടത്.


6.ഗുരുവായൂർ ക്ഷേത്രം ഗുരുവായൂരപ്പൻ ഉള്ളതുകൊണ്ടല്ല ചുമരുകളിൽ നല്ല ചിത്രങ്ങൾ ഉള്ളതുകൊണ്ട് വൈകുണ്ഠമായിരുന്നു എന്നു മാരാര് എഴുതിയിട്ടുണ്ട്? മാരാര് ചിത്രകാരൻ കൂടി ആയിരുന്നല്ലോ? അതിനെക്കുറിച്ച്?


ചിത്രരചനയിൽ താല്പര്യമുണ്ടായിരുന്നു, സംഗീതത്തിൽ താല്പര്യമുണ്ടായിരുന്നു.മാരാരുടെ സമുദായം തന്നെ സംഗീതവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഷഡ്കാല ഗോവിന്ദമാരാരുമൊക്കെ അതല്ലേ. വാദ്യകലയോടും താല്പര്യമുണ്ടായിരുന്നു.എന്നാൽ അത് ഈശ്വരനിഷേധമായി എടുക്കണ്ട. അതൊരഭിപ്രായം.


7.വൃത്തശില്പം പോലുള്ള കൃതികൾ നാടൻപാട്ടുകളുടെ ഈണത്തെ മുന്നോട്ടു കൊണ്ടുവരുന്നുണ്ടല്ലോ.സംസ്കൃത വൃത്തത്തിനുള്ള മധ്യത്തെ യതികൾ നാടൻപാട്ടുകളുടെ ഈണം കട്ടപിടിച്ചവയാണെന്നു പറയുന്നുണ്ട്... മാരാരുടെ വൃത്തചിന്തയെ കുറിച്ചുള്ള നിലപാട്?


സാഹിത്യചിന്തകളെ സൈദ്ധാന്തികമായും  ശാസ്ത്രീയമായും സാഹിത്യവിദ്യാർത്ഥികൾക്ക് ഉപകാരപ്പെടും വിധം കൈകാര്യം ചെയ്തത് ആദ്യം ഏ ആറും പിന്നീട് മാരാരുമാണ്. വൃത്തമഞ്ജരിക്ക് പൂരകമായും തുടർച്ചയായും ചെയ്തതാണ് വൃത്തശില്പം. നിഷേധിച്ചു എന്നു പറയുന്നില്ല.പണ്ടും അങ്ങനെ ഉണ്ടല്ലോ. നാട്യശാസ്ത്രത്തിന് തുടർച്ചയായി എത്രയോ കൃതികൾ.ഏ ആർ. ഒരു നാഴികക്കല്ലാണ്.സാഹിത്യ വിദ്യാർത്ഥികൾക്ക് ആദ്യമായി അദ്ദേഹം പുസ്തകം ഉണ്ടാക്കി. അവിടന്ന് മുന്നോട്ടു പോകാൻ മാരാര് ശ്രമിച്ചു.ഏ ആറിനെക്കാൾ കുറച്ചു കൂടി ഇൻ്റലക്ച്വൽ ആയി ശ്രമിച്ചിട്ടുണ്ട്.


8.ജീവിതനൈരാശ്യങ്ങൾ കാരണം സാഹിത്യത്തിൽ നിന്നും തന്നെ ശ്രദ്ധ പോയി വേറെ വഴിക്കായിരിക്കുന്നു എന്നും ചിലപ്പോഴൊക്കെ അതു ദൗർബല്യമാണെന്നു തോന്നാറുണ്ടെന്നും 1965 കാലഘട്ടത്തിൽ മാരാര് എഴുതുന്നുണ്ട്? എങ്ങനെയായിരുന്നു ആ കാലം?


വാല്മീകിയെയും വ്യാസനെയും പഠിച്ച മാരാര് തന്നെയാണ് ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇറങ്ങി വന്ന് സത്യസായി ബാവഭക്തനായത്. അതു കഴിഞ്ഞ് വിവേകാനന്ദനിലേയ്ക്ക് വന്നു.ഗാന്ധിജി രാഷ്ട്രപിതാവാണെങ്കിൽ വിവേകാനന്ദൻ രാഷ്ട്രപിതാമഹനാണെന്ന് മാരാര് പറഞ്ഞു.ഞാൻ മാരാരുമായി കൂടുതൽ അടുക്കുന്നത് ഈ സമയത്താണ്, അറുപത്തിയൊന്നിലാണ്. ഞാൻ സായി ഭക്തനല്ല വിവേകാനന്ദഭക്തനാണ്. ശ്രീരാമകൃഷ്ണഭക്തനാണ്. എന്നെ വിവേകാനന്ദസാഹിത്യസർവ്വസ്വം എഡിറ്റ് ചെയ്യാനായിട്ട് തൃശ്ശൂർ രാമകൃഷ്ണാശ്രമത്തിലെ ത്രൈലോക്യാനന്ദ സ്വാമി നിർബന്ധിച്ചു കൊണ്ടുവരുന്നതാണ്. (സിദ്ധി നാഥാനന്ദ സ്വാമിയും ത്രൈലോക്യാനന്ദ സ്വാമിയും മാരാരുമായി അടുത്ത ബന്ധത്തിലായിരുന്നു.) കോഴിക്കോട്ട് ആശ്രമത്തിൽ പോയി താമസിക്കാൻ പറഞ്ഞു. വിവേകാനന്ദസർവ്വസ്വം എഡിറ്റു ചെയ്യുന്ന ജോലി സമയത്താണ് മാരാരുമായി കൂടുതൽ അടുക്കുന്നത്. മാരാരുടെ ശിക്ഷണത്തിൽ ചിലതൊക്കെ ചെയ്യാനും സാധിച്ചു.മാരാരെ വലിയ പ്രകാശഗോപുരമായി കണ്ടു. മുണ്ടശ്ശേരിയെയും വലിയ ബഹുമാനമായിരുന്നു. മുണ്ടശ്ശേരി ഒരിക്കൽ പറഞ്ഞു: ഡോ താൻ കുഞ്ചൻ നമ്പ്യാരെക്കുറിച്ചു പഠിക്കാൻ ശ്രമിച്ചത് നന്നായി.  കിള്ളിക്കുറിശ്ശി മംഗലത്തു നിന്ന് നമ്പ്യാർ തിരുവനന്തപുരത്തേയ്ക്ക് താമസം മാറ്റിയപ്പോൾ കവിതയ്ക്ക് എന്തൊക്കെ പുരോഗതി ഉണ്ടായി, നേട്ടങ്ങൾ ഉണ്ടായി എന്നു പഠിക്കണം.

 മുണ്ടശ്ശേരിയും പുന്നശ്ശേരി നമ്പിയുടെ ആരാധകനായിരുന്നു.മാരാര് സായി ഭക്തനാകാൻ കുടുംബപരമായ എന്തെങ്കിലും വ്യഥകൾ ഉണ്ടാവാം.


9.താൻ ഉടനടിപ്രാസംഗികനല്ലെന്നും പ്രസംഗം വലിയ ഒരുക്കം വേണ്ടതും സ്വൈരക്കേടും ആണെന്നും മാരാര് പറഞ്ഞിട്ടുണ്ട്. മാരാരുടെ പ്രഭാഷണം കേട്ടിട്ടുണ്ടോ?


മാരാര് വി.ജെ.റ്റി. ഹാളിൽ പ്രസംഗിക്കുന്നതൊക്കെ കേട്ടിട്ടുണ്ട്. മാരാരുടെ ഫുൾസ്ലീവ് ഷർട്ടും മേൽ മുണ്ടും. വാചാലമായ പ്രസംഗം ഇല്ല. കാര്യമാത്രപ്രസക്തമായ സംസാരം മാത്രം. ചിലപ്പോൾ പെട്ടെന്ന് ക്ഷോഭിക്കും.ഹാസ്യത്തെക്കുറിച്ചുള്ള സംസാരത്തിൽത്തന്നെ കെ.എം.ഡാനിയൽ സാറിൻ്റെ ഒരഭിപ്രായത്തെ ഖണ്ഡിച്ച് ഡയസ്സിൽ സംസാരിക്കുന്നത് കേട്ടിട്ടുണ്ട്.


10.സംസ്കൃതകാവ്യചിന്തയിലെ ധ്വനി പാരമ്പര്യത്തോടുള്ള നിഷേധമല്ലേ സൗന്ദര്യശാസ്ത്രപരമായി മാരാരുടെ സംഭാവന? മഹിമഭട്ടനെ വ്യാഖ്യാനിച്ചുകൊണ്ടാണ് സംസ്കൃത പാഠശാലയിൽ അഡ്മിഷൻ നേടുന്നത് എന്നു കേട്ടിട്ടുണ്ട്.


നേരത്തെ പറഞ്ഞതുപോലെ ഭാഷാഭൂഷണത്തിന് മറുകുറിയും മറുപടിയുമായാണ് സാഹിത്യഭൂഷണം എഴുതുന്നത് ഏ.ആറിനുള്ള ഉപരിചിന്തനമായിരുന്നു അതൊക്കെ. പൂർണ്ണസരസ്വതിയെ പോലുള്ള വിമർശകരെ ഒക്കെ മാരാർക്ക് അറിയാൻ കഴിഞ്ഞു.ഗുരുകുലവാസം കൊണ്ടുണ്ടായ നേട്ടം കൂടിയാണത്. മാരാര് എഴുതിയ ഒരു വാക്കുപോലും മാറ്റിവയ്ക്കാൻ കഴിയില്ല. അത്ര പൂർണ്ണതയാണ് അവയ്ക്ക്.എം ടി.യുടെ വൈശാലിയുടെ കഥ മാരാർ ഭാരതപര്യടനത്തിൽ  ഒറ്റപ്പുറത്തിൽ എഴുതി വച്ചിട്ടുണ്ട്.അതുപോലെ ഏതു കാര്യമെഴുതിയാലും അതിന് ഒരു ആധികാരികത വരും. ക്ലാസ്സിക് കൃതികളോടുള്ള പഠനപരിചയമാവാം കാരണം.ഈ ഗുണങ്ങളുള്ള മറ്റൊരു നിരൂപകനും മലയാളത്തിൽ ഇല്ല എന്നാണ് തോന്നുന്നത്.


 

1 comment

Related Posts

bottom of page