top of page

ഗോവ ഫെസ്റ്റുവൽ ഒക്കെ ആഡംബരമാണ്

പത്ത് ചോദ്യങ്ങൾ
തൻസീർ/ ആര്യ സി.ജെ.
 

എസ്. തൻസീർ

 

തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം സ്വദേശി. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ഉപജീവനത്തിനായി 'സിഡി വേൾഡ്' എന്ന സ്ഥാപനത്തിൽ ജോലി കിട്ടിയതോടെ കുടുംബസമേതം ബീമാപള്ളിയിലേക്ക് താമസം മാറി. ഓരോ ഐ എഫ് എഫ് കെ കാലത്തും മേളയിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങളുടെ സിഡി തേടി ഡെലിഗേറ്റുകൾ കടയിൽ എത്തിയിരുന്നു. അങ്ങനെയാണ് തൻസീർ ഫെസ്റ്റിവൽ സിനിമകളുടെ ലോകത്ത് എത്തുന്നത്. ചെന്നൈയിൽ നിന്ന് സിനിമകൾ എത്തിക്കേണ്ട ചുമതല ഏൽക്കേണ്ടി വന്നതോടെ മികച്ച സിനിമകളെ ആഴത്തിൽ അറിയാൻ അദ്ദേഹത്തിനു കഴിഞ്ഞു.ഐ എഫ് എഫ്കെ യുടെ സമയത്ത് കാണേണ്ട സിനിമകളുടെ പട്ടിക കൊടുക്കാൻ ആളുകൾ തൻസീറിനോട് ആവശ്യപ്പെടുമായിരുന്നു. അദ്ദേഹം പറഞ്ഞു കൊടുക്കുന്ന സിനിമകളെല്ലാം വളരെ മികച്ചതായിരുന്നു. തൻസീറിനെ കുറിച്ച് അറിഞ്ഞ അന്നത്തെ മന്ത്രി കെ.ബി ഗണേഷ് കുമാർ ചലച്ചിത്ര അക്കാദമിയിൽ ചെറിയൊരു പണി ശരിയാക്കി കൊടുത്തു. ചലച്ചിത്രമേളയിൽ ജൂറി അംഗങ്ങൾക്ക് സിനിമ ഇട്ടു കൊടുക്കലായിരുന്നു അദ്ദേഹത്തിൻറെ പ്രധാന ചുമതല.ലോകത്തെ പ്രമുഖ ചലച്ചിത്രകാരന്മാരുമായി ഇടപഴകാനും അവർക്ക് ഒപ്പമിരുന്ന് സിനിമ കാണാനും അദ്ദേഹത്തിന് അവസരം കിട്ടി. സിനിമകളെ കുറിച്ചുള്ള തൻസീറിന്റെ അഭിപ്രായങ്ങളും അവർ മുഖവിലയ്ക്കെടുത്തു. ഐ എഫ് എഫ് കെ ക്ക് മുന്നോടിയായി ലോകത്തെ വിവിധ മേളകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളുടെ വിവരങ്ങൾ തയ്യാറാക്കി അക്കാദമിക്ക് നൽകുന്നത് ഈ മുപ്പത്തിനാലുകാരനാണ്. തൻസീറിന്റെ പട്ടിക ഔദ്യോഗിക സമിതി വിലയിരുത്തിയതിനുശേഷമാണ് സിനിമകൾ തിരഞ്ഞെടുക്കുന്നത്. തൻസീർ സെലക്ട് ചെയ്ത ഓരോ സിനിമയും കൈയ്യടികളോടെയും കണ്ണീരോടെയും ആവേശത്തോടെയുമാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ഇത്തവണ ഒഫീഷ്യൽ ഫെസ്റ്റിവൽ ബുക്കിൽ ഫിലിംകൺസൾട്ടന്റ് എന്ന സ്ഥാനമാണ് അക്കാഡമി തൻസീറിന് നൽകിയത്. അദ്ദേഹം GCW വൈജ്ഞാനികമലയാളം മാഗസിനു നൽകിയ അഭിമുഖമാണിത്.

 

1.ഞങ്ങളൊക്കെ ഹിച്ച്കോക്കിൻ്റെയും കിം കി ഡുക്കിൻ്റെയും സിനിമകൾ വാങ്ങാൻ ഒരുപാടു CD കടകൾ കടന്ന് ബീമാപള്ളിയിൽ തൻസീറിൻ്റെ കടയിൽ വന്നതോർക്കുന്നുണ്ട്. ആ കാലത്തെക്കുറിച്ചു പറയാമോ?

     ഞാൻ സി.ഡി. ഷോപ്പിൽ നിൽക്കുന്ന ആ കാലഘട്ടം എന്റെ ജീവിതത്തിലെ സുവർണ്ണകാലമായിരുന്നു. ഒരുപാട് സിനിമകളുടെ ലോകത്ത് ഞാൻ ജീവിക്കുകയായിരുന്നു. ബീമാപള്ളിയിൽ നിരവധി ഷോപ്പുകൾ ഉണ്ടെങ്കിലും ഞാൻ നിൽക്കുന്ന കടയിൽ മാത്രമാണ് അനേകം ഫോറിൻ സിനിമകൾ ഉണ്ടായിരുന്നത്. കടയിൽ ഒരുപാട് സെക്ഷൻസ് ഉണ്ടെങ്കിലും ഞാൻ ഫോറിൻ സിനിമകൾ കാണുകയും അത് കളക്ട് ചെയ്ത് വയ്ക്കുകയും ഓരോ കാറ്റഗറിയായി തിരിച്ച് വയ്ക്കുകയും ചെയ്തിരുന്നു. ഗൊദാർദ്, ഫെല്ലിനി, കിം കി ഡുക്ക്, ഹിച്ച് കോക്ക് അങ്ങനെയൊക്കെ  ഇവരുടെ സിനിമകൾ പ്രത്യേകം തരംതിരിച്ച് വയ്ക്കും. ഫോറിൻ സിനിമകൾ അന്വേഷിച്ചുവരുന്ന കസ്റ്റമേഴ്സിന് ഇതൊക്കെ പുതിയ അനുഭവമായിരുന്നു. സാധാരണഗതിയിൽ കടയിൽ സിനിമ അന്വേഷിച്ചു വരുന്ന കസ്റ്റമേഴ്സിന് ഏതെങ്കിലും സിനിമകളുടെ കൂട്ടത്തിലാണ് വിദേശസിനിമകൾ കിട്ടുന്നത്. പക്ഷേ ഞാൻ ഇത്തരം സിനിമകളൊക്കെ വളരെ ഇഷ്ടപ്പെടുകയും തരംതിരിച്ച് വയ്ക്കുകയും ചെയ്തിരുന്നു. അന്ന് ഫോറിൻ സിനിമകൾ അന്വേഷിച്ച് വരുന്നവർക്ക് ഏത് സംവിധായകന്റെ സിനിമ ചോദിച്ചാലും എടുത്തുകൊടുക്കാൻ കഴിഞ്ഞിരുന്നു. ആ കാലഘട്ടം…അത്രമേൽ സിനിമ കണ്ട് ആസ്വദിക്കുകയും സിനിമ ഇഷ്ടപ്പെടുന്ന ആളുകളുമായിട്ട് വളരെ ബന്ധപ്പെട്ട് നിൽക്കുകയും ചെയ്യുന്ന  സമയമായിരുന്നു. ഹിച്ച്കോക്ക്, ഫെല്ലിനി, കുറോസോവ  തുടങ്ങിയവരുടെ  സിനിമകൾ അന്വേഷിച്ച് വരുന്നവരെ എനിക്കും വളരെ ഇഷ്ടമായിരുന്നു. കാരണം അത്തരം സിനിമകൾ ഞാനും ആസ്വദിക്കുമായിരുന്നു. കിം കി ഡുക്കിന്റെ 'സ്പ്രിംഗ് സമ്മർ… ' എന്ന ചിത്രമാണ് ഞാൻ ആദ്യം കാണുന്നത്. അദ്ദേഹത്തിന്റെ സിനിമകളുടെ സവിശേഷത, ഭാഷ മനസ്സിലായില്ലെങ്കിലും സബ്ടൈറ്റിൽ ഇല്ലാതെതന്നെ കണ്ട് ആസ്വദിക്കാൻ പറ്റും എന്നതായിരുന്നു. ആ കാലത്ത് വിദ്യാഭ്യാസം പൂർത്തിയാക്കിയിരുന്നില്ല. വിദേശസിനിമകൾ ഒക്കെ തന്നെ പതിയെ പിന്തുടർന്ന് വരുന്ന സമയമായിരുന്നു. കിം കി ഡുക്കിന്റെ സിനിമ കാണുമ്പോൾ സബ്ടൈറ്റിൽ ഒന്നുമില്ലാതെ തന്നെ വെറുതെ കണ്ടാലും നമുക്ക് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു. ഒരുപാട് അർത്ഥതലങ്ങൾ ഒക്കെ ഉള്ള ചിത്രങ്ങളും അക്കൂട്ടത്തിലുണ്ടായിരുന്നു. ആ കാലഘട്ടത്ത് കിം കി ഡുക്കിന്റെ സിനിമകൾ വളരെ റെയർ ആയിട്ടാണ് കിട്ടിയിരുന്നത്. എന്റെ ഓർമ്മ ശരിയാണെങ്കിൽ ഒരു ഐ.എഫ്.എഫ്.കെ.യിലാണ് കിം കി ഡുക്കിന്റെ സിനിമകളുടെ പാക്കേജ് വാങ്ങുന്നത്. അത് അന്ന് വലിയ ഹിറ്റാവുകയും തിരുവനന്തപുരത്ത് ഫിലിം ഫെസ്റ്റിവലിന് എത്തിയ ആളുകൾ ബീമാപള്ളിയിൽ വന്ന് സിനിമകൾ ശേഖരിക്കുകയും ചെയ്തിരുന്നു. കി കി ഡുക്ക് എന്ന സംവിധായകന്റെ പേര് മറന്നുപോകാതിരിക്കാൻ ബുക്കിൽ കുറച്ചു വച്ച ഓർമ്മയുണ്ട്. കിം കി ഡുക്കിന്റെ ദി ബോയും സ്പ്രിങ് സമ്മറും ആണ് ആദ്യം കൈയിൽ വരുന്നത്. ഇത്തരം  സിനിമകളെക്കുറിച്ച് ആളുകൾ വാചാലമാകുമ്പോൾ ഉണ്ടായ കൗതുകത്തിൽ നിന്നാണ് ഈ സിനിമകൾ ഒക്കെയും കാണുന്നത്. പിന്നെ നമ്മളും അദ്ദേഹത്തിന്റെ സിനിമകളുടെ കടുത്ത ആരാധകനാകും. ഇത്തരം സിനിമകൾ ഇഷ്ടപ്പെട്ടു തേടിവരുന്നവരോട് സിനിമകളെക്കുറിച്ച് സംസാരിക്കുന്നത് എനിക്കും വളരെ ഇഷ്ടമുള്ള കാര്യമായിരുന്നു.  ആ കാലഘട്ടത്തിൽ ആളുകൾ ഫോറിൻ സിനിമകൾ തേടിവരുന്നത് എന്നെ സന്തോഷിപ്പിച്ചിരുന്നു.

 

2. സ്വന്തം സിനിമാക്കാഴ്ചയിൽ ഉണ്ടായ വളർച്ചയെ വിവരിക്കാമോ?

     ഞാൻ സി.ഡി. ഷോപ്പിലേയ്ക്ക് പത്താം ക്ലാസ്സ്‌ ഫെയിലായിട്ടാണ് വരുന്നത്. ആ സമയത്ത്, ആ കാലഘട്ടത്തിൽ ഞാൻ ശരിക്കും ഇത്തരം സിനിമകൾ ഒന്നും കണ്ടിട്ടില്ല. എന്തെങ്കിലും ആക്ഷൻ സിനിമകളോ ജാക്കി ചാന്റെ സിനിമകളോ അഡ്വഞ്ചർ സിനിമകളോ കണ്ടിരുന്ന കാലം…ആ കാലഘട്ടത്തിലാണ് ഞാൻ പത്താം ക്ലാസ്സ്‌ തോറ്റിട്ട്  ബീമാപള്ളിയിൽ എത്തുകയും സി.ഡി. ഷോപ്പിൽ ജോലി ചെയ്യുകയും ചെയ്യുന്നത്.അവിടെ ഫോറിൻ സിനിമ ഉണ്ടെങ്കിൽത്തന്നെ നമ്മൾ മൈൻഡ് ചെയ്യാറില്ലായിരുന്നു. പിന്നെ ആൾക്കാർക്ക് സിനിമ എടുത്തുകൊടുക്കുന്ന സമയത്ത് ഒരുപാട് ഫോറിൻ സിനിമകൾ അന്വേഷിച്ച് കസ്റ്റമേഴ്സ് വരും. അവരെപ്പോഴും ചിൽഡ്രൺ ഒഫ് ഹെവനോ  ടേസ്റ്റ് ഓഫ് ചെറിയോ എടുത്ത് വച്ച്  അതിനെപ്പറ്റി പരസ്പരം സംസാരിക്കും. എപ്പോഴും ഇതുതന്നെ കേട്ടുകൊണ്ടിരിക്കുകയാണ്. അപ്പോൾ എനിക്കൊരു കൗതുകം തോന്നി. എന്താണ് ഇതിന്റെ പരിപാടി… എന്താണ് ഇത്തരത്തിലുള്ള സിനിമകൾ… അപ്പോഴാണ് ഞാൻ ആദ്യമായി ഇത്തരത്തിലുള്ള സിനിമകളുടെ പോസ്റ്റേഴ്സ് ശ്രദ്ധിക്കുന്നത്. ഞാൻ അത്തരം സിനിമകൾ കാണാറില്ലായിരുന്നു.  യൂണിവേഴ്സിറ്റി കോളേജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപകനായ ക്രിബുന വിശ്വാസ് ഷോപ്പിൽ പൊതുവേ വരാറുണ്ടായിരുന്നു. ഞാൻ അദ്ദേഹത്തോടാണ് ആദ്യമായി ഈ സിനിമകളെപ്പറ്റി ചോദിക്കുന്നതും എന്തുകൊണ്ടാണ് ആളുകൾ ഇത്തരം സിനിമകളെപ്പറ്റി അധികം സംസാരിക്കുന്നതെന്ന് അന്വേഷിക്കുന്നതും. അദ്ദേഹമാണ്  ഈ പറയുന്ന കാര്യങ്ങൾ മനസ്സിലാകണമെങ്കിൽ നീ Cinema Paradiso  കണ്ടാൽ മതിയെന്ന് പറഞ്ഞത്. Cinema Paradiso ശരിക്കും എനിക്ക് പുതിയൊരു അനുഭവമായിരുന്നു. ഈ ലോകത്ത് ഇങ്ങനെയും സിനിമകൾ ഉണ്ടാകുന്നുണ്ട്; ഇത്തരം സിനിമകൾ വേറെ ഒരു ലൈഫ് നമുക്ക് നൽകുന്നുണ്ട്; നമ്മൾ കാണുന്ന അഡ്വഞ്ചർ, ആക്ഷൻ സിനിമകൾക്ക് അപ്പുറം ഇത്തരം സിനിമകൾ നമ്മളെ ഇൻസ്പയർ ചെയ്യുന്നുണ്ട്… വേറൊരുതരം കാഴ്ച തരുന്നുണ്ട്. അത് എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. പിന്നെ ഞാൻ അത്തരം സിനിമകളൊക്കെ കാണാൻ തുടങ്ങി. ആദ്യം Cinema Paradiso ആണ് കണ്ടത്. രണ്ടാമത് കണ്ടത് കാസ്റ്റ് എവെ ആണെന്ന് തോന്നുന്നു. പിന്നെ വളരെ സിമ്പിൾ ആയ സിനിമകളൊക്കെ കാണാൻ തുടങ്ങി Giuseppe Tornatore യുടെ Malèna അതുപോലെ Scent of a Woman അങ്ങനെ പതിയെ പതിയെ കളർ സിനിമകൾ കണ്ടു കണ്ടു ഇമ്പ്രൂവായപ്പോൾ  ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകൾ കാണാൻ തുടങ്ങി ഫെല്ലിനി, Emir Kusturica, Yasujirō Ozu  തുടങ്ങിയവരുടെ സിനിമകളൊക്കെ കാണുകയും പഠിക്കുകയും ചെയ്യാൻ തുടങ്ങി. പല രാജ്യങ്ങളിലെ അവരുടെ സബ്ജറ്റ്, അവർ അനുഭവിക്കുന്ന പ്രശ്നങ്ങൾ, അവരുടെ കൾച്ചറുമായി ബന്ധപ്പെട്ട സിനിമകൾ  അങ്ങനെ നിരവധി സംവിധായകരെക്കുറിച്ച് പഠിക്കുകയും ചെയ്തു. അവരുടെ രാജ്യങ്ങളെക്കുറിച്ചും അവരുടെ കൾച്ചറിനെക്കുറിച്ചുമുള്ള സിനിമകൾ കണ്ടപ്പോൾ അത് നമ്മുടെ ജീവിതവുമായി വളരെ അടുത്തു നിൽക്കുന്നതായി തോന്നിയിട്ടുണ്ട്. അപ്പോൾ ശരിക്കും ഒരു റിയൽ സിനിമ പാരഡൈസൊ എന്റെ തലയുടെ മുകളിൽ കറങ്ങുകയായിരുന്നു.

 

3. മുൻ സിനിമാമന്ത്രി കെ.ബി.ഗണേഷ് കുമാറുമായി എങ്ങനെയാണ് ബന്ധപ്പെടുന്നത്?


     ഞാൻ സി.ഡി. ഷോപ്പിൽ പരുവപ്പെട്ട് വരുന്ന സമയത്താണ് ബീമാപള്ളിയിൽ കലാപം നടക്കുന്നത്. ആ കലാപത്തിനു ശേഷം ബീമാപള്ളിയിൽ സി.ഡി. ഷോപ്പുകൾ അടയ്ക്കുകയും ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ വേറെ എന്തു വഴിയാണെന്ന ആശങ്കയിൽ നിൽക്കുകയുമായിരുന്നു. എനിക്ക് സിനിമയല്ലാതെ വേറൊന്നും അറിയുകയുമില്ല. സി.ഡി. കച്ചവടക്കാരൻ എന്നതിലുപരി ഞാൻ ഇത്തരം സിനിമകൾ കാണുകയും അതിനെക്കുറിച്ച് നന്നായി സംസാരിക്കുകയും ചെയ്യുന്നതുകൊണ്ട് ഇത്തരം സിനിമകൾ വാങ്ങുന്ന ക്ലയൻസിന് എന്നോട് വലിയ സ്നേഹമായിരുന്നു. പലരും എന്നെ സഹായിക്കാൻ ഒരുപാട് ശ്രമിച്ചിട്ടുണ്ട്. അങ്ങനെയാണ് എന്നെക്കുറിച്ച് ആദ്യമായി മാധ്യമത്തിൽ ഒരു ആർട്ടിക്കിൾ വരുന്നത്. അത് കണ്ടിട്ടാണ്, ഡോക്യുമെന്ററിയൊക്കെ ചെയ്യുന്ന ഷൈനി ജേക്കബ് ബെഞ്ചമിൻ മാഡം എന്നെക്കുറിച്ച് ഗണേഷ് കുമാർ സാറിനോട് പറയുന്നത്. അദ്ദേഹം ആ ആർട്ടിക്കിൾ വായിക്കുകയും എന്നെ നേരിട്ട് വിളിക്കുകയും ചെയ്തു. അപ്പോൾ ആ സമയത്ത് ഞാൻ ഗൾഫിൽ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. എനിക്ക് ഗൾഫിലേക്ക് പോകാൻ തീരെ താല്പര്യമില്ലായിരുന്നു. പ്രാരാബ്ധം കൊണ്ട് ജീവിതം മുന്നോട്ടു പൊയ്ക്കൊണ്ടിരുന്ന കാലമായിരുന്നു അത്. രണ്ട് അനുജത്തിമാരുണ്ട്. ബാപ്പയില്ലാതെ വളരുകയാണ് ഞങ്ങളെല്ലാരും ബുദ്ധിമുട്ടിലാണ്… സിനിമയല്ലാതെ വേറൊന്നും ചിന്തിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് ഗണേഷ്കുമാർ സർ എന്നെ വിളിക്കുന്നതും അദ്ദേഹത്തിന്റെ ഓഫീസിലേക്ക് എത്താൻ പറയുന്നതും. അദ്ദേഹത്തെ പോയി കണ്ടു. അന്ന് സിനിമാ വകുപ്പുമന്ത്രി ആയിരുന്നു അദ്ദേഹം. “ഞാൻ നിനക്കൊരു ജോലി തരികയാണ്. നീയാണ് അതിനുപറ്റിയ ആൾ എന്നെനിക്ക് തോന്നുന്നു.  ആർക്കൈവ് ലൈബ്രറി നോക്കുക. നല്ല രീതിയിൽ മുന്നോട്ടുപോകുക. എല്ലാ ആഴ്ചയിലും ഇവിടെ റിപ്പോർട്ട് ചെയ്യുക.” അത് എന്നെ സംബന്ധിച്ചിടത്തോളം സ്വർഗ്ഗം കിട്ടിയതുപോലെ ആയിരുന്നു. ഒരു താൽക്കാലിക ജോലിക്കാരനായി എന്നെ ചലച്ചിത്ര അക്കാദമിയിൽ നിയമിച്ചു. പിന്നെ കാര്യങ്ങൾ എങ്ങനെ മുന്നോട്ടു പോകുന്നുവെന്നറിയാൻ ആഴ്ചതോറും സർ എന്നെ വിളിക്കുമായിരുന്നു. ഞാൻ എല്ലാ വ്യാഴാഴ്ചകളിലും അദ്ദേഹത്തിന്റെ ഓഫീസിൽ പോയി അപ്ഡേറ്റ് ചെയ്യുമായിരുന്നു. ശരിക്കും സിനിമ ഇഷ്ടപ്പെടുന്നവരും എന്നെ ഇഷ്ടപ്പെടുന്നവരും ആണ് മന്ത്രിയുടെ അടുത്ത് എന്നെ എത്തിക്കാനുള്ള സാഹചര്യം ഒരുക്കിയത്.

 

 

4.iffk യുടെ ഫിലിം കൺസൾട്ടൻ്റ് ആണല്ലോ ഇപ്പോൾ? ഇതിലേയ്ക്ക് എത്തിച്ചേർന്നത് എങ്ങനെ?

 

     ഐ.എഫ്.എഫ്.കെ.യുടെ ഒഫീഷ്യൽ കൺസൾട്ടന്റ് ആയി നിയമിക്കാനുള്ള കാരണം, ഞാൻ ചലച്ചിത്ര അക്കാദമിയിൽ ജോലി ചെയ്തിരുന്ന കാലത്തുതന്നെ എനിക്ക് നൽകിയിരുന്ന ചുമതല ആർക്കൈവ്സ് അസിസ്റ്റ് ചെയ്യുക എന്നതായിരുന്നു. കൂടാതെ ഐ.എഫ്.എഫ്.കെ.യ്ക്ക് വരുമ്പോൾ ഞാൻ സിനിമകൾ ഇഷ്ടപ്പെടുന്നതുകൊണ്ടും സിനിമയെക്കുറിച്ച് ധാരണ ഉള്ളതുകൊണ്ടും ഫെസ്റ്റിവൽ വരുമ്പോൾ തന്നെ മുമ്പുണ്ടായിരുന്ന വലിയ ഉദ്യോഗസ്ഥർ എന്നോട് എന്തെങ്കിലും സിനിമ സജസ്റ്റ് ചെയ്യണമെന്നുണ്ടെങ്കിൽ ചെയ്യാൻ പറയും. എനിക്കിഷ്ടപ്പെട്ട സിനിമ, ഇഷ്ടപ്പെട്ട സംവിധായകൻ ഇവരെപ്പറ്റി ഞാൻ എഴുതിവയ്ക്കുമായിരുന്നു. അവരുടെ പുതിയ സിനിമകളൊക്കെ ഡൗൺലോഡ് ചെയ്ത് കാണും . അങ്ങനെ അവർ അവസരം നൽകിയപ്പോൾ ആ കാലഘട്ടത്തിലെ എനിക്കിഷ്ടപ്പെട്ട രണ്ടോ മൂന്നോ സിനിമകൾ ഫെസ്റ്റിവലിന് പറഞ്ഞു കൊടുക്കുമായിരുന്നു. അതൊക്കെ അവർ  കണ്ട് ഇഷ്ടപ്പെട്ടതിനുശേഷം ചലച്ചിത്രമേളയിൽ ഉൾപ്പെടുത്തുകയും ചെയ്യുമായിരുന്നു. തിയേറ്ററിൽ പ്രേക്ഷകർ കയ്യടിയോടെ സിനിമകൾ കാണുന്നതിൽ എനിക്ക് വലിയ സന്തോഷമായിരുന്നു. ഞാൻ തിരഞ്ഞെടുക്കുന്ന സിനിമകൾക്ക് മികച്ച പ്രതികരണങ്ങൾ  ലഭിച്ചപ്പോൾ ഞാൻ വളരെയേറെ സന്തോഷിച്ചു.  ഞാൻ തിരഞ്ഞെടുത്ത സിനിമകൾക്ക് മികച്ച പ്രതികരണങ്ങൾ ലഭിച്ചപ്പോൾ അതും എനിക്ക് ആവേശമായി. പിന്നെ ക്രമേണ ഫെസ്റ്റിവലുകൾ വരുമ്പോൾ ഞാൻ തിരഞ്ഞെടുത്തു നൽകുന്ന സിനിമകളുടെ എണ്ണവും കൂടിക്കൂടി വന്നു. അങ്ങനെ അക്കാദമിയിൽ ഉള്ളവർക്കും തൻസീർ സിനിമകൾ പറഞ്ഞുകൊടുക്കുന്നു എന്ന് ധാരണ ഉണ്ടായി. പിന്നെ ഞാൻ അക്കാദമി വിട്ടിട്ട് സിനിമയിൽ അസിസ്റ്റ് ചെയ്യാൻ പോയിരുന്നു. അക്കാഡമിയിലെ ശമ്പളം കൊണ്ട് മുന്നോട്ടു പോകാൻ കഴിയുമായിരുന്നില്ല. എനിക്ക് സിനിമ ഇഷ്ടമായതുകൊണ്ട് അസിസ്റ്റ് ചെയ്യാൻ  ആഗ്രഹമുണ്ടായി. സംവിധായകൻ കമൽ സാറിന്റെ അസിസ്റ്റൻറ് ആയി ജോലി ചെയ്തു. എങ്കിലും ഫെസ്റ്റിവൽ വരുമ്പോൾ അക്കാഡമിയിൽ നിന്ന് വിളിക്കും. നല്ല സിനിമകളെ പറ്റി സംസാരിക്കും. ഇത്തവണ അക്കാദമിക്ക് എന്നെക്കൊണ്ട് എന്തെങ്കിലും ചെയ്യിക്കണമെന്ന് നല്ല ആഗ്രഹമുണ്ടായിരുന്നു. ഇത്തവണ അധികമാരും സഹായത്തിന് ഇല്ലായിരുന്നു. എന്നെ അക്കാദമിയിൽ എല്ലാവർക്കും അറിയുന്നതുകൊണ്ട് സിനിമകൾ തിരഞ്ഞെടുക്കാൻ സഹായം വേണമെന്ന് പറഞ്ഞു. ചെയർമാനും സെക്രട്ടറിയും പിന്തുണ നൽകിയതോടെ  കുറച്ചുകൂടി സ്വാതന്ത്ര്യം കിട്ടി. ഫെസ്റ്റിവൽ കൺസൾട്ടന്റ് എന്ന പേരൊക്കെ പിന്നെയാണ് ഞാൻ അറിയുന്നത്. ഞാൻ അതിനു മുമ്പ് വരെ എന്തു ജോലിയാണ് ചെയ്തത് അത് തന്നെയാണ് ഇത്തവണയും ചെയ്തുകൊണ്ടിരുന്നത്. ഇത്തവണ കുറേക്കൂടി സ്വാതന്ത്ര്യം കിട്ടിയതുകൊണ്ട് ഒരുപാട് സിനിമകൾ എന്റെ സാന്നിധ്യം വഴി അക്കാദമിയിൽ എത്തിക്കാൻ കഴിഞ്ഞു. ഈ സിനിമകളൊക്കെ അക്കാദമി ഉദ്യോഗസ്ഥന്മാർ കണ്ടു വിലയിരുത്തി ആ സിനിമകളൊക്കെ എടുക്കുകയും അത് മേലുദ്യോഗസ്ഥരോട് പറഞ്ഞുകൊടുക്കുകയും അങ്ങനെയാണ് ഈ സിനിമകളൊക്കെയും സെറ്റ് ചെയ്തത്. പിന്നീട് ഫിലിം ഫെസ്റ്റിവലിന്റെ സമയത്ത് ബുക്ക് പ്രിൻറ് ചെയ്തു വരുമ്പോഴാണ് എന്റെ പേര് ഫിലിം കൺസൾട്ടന്റായി വച്ചിരിക്കുന്നത് കാണുന്നത്. സാധാരണയായി ആൾക്കൂട്ടത്തിന്റെ ഇടയിൽ കുറെ പേരുകൾക്കിടയിലാണ് എന്റെ പേര് കിടക്കുന്നത്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി നേരിട്ട് എന്റെ പേര് ഇങ്ങനെ ഒരു ലേബലിൽ വന്നതിൽ സന്തോഷമുണ്ട്. അതേസമയം തിരഞ്ഞെടുത്ത സിനിമകളൊക്കെ പ്രേക്ഷകർ എങ്ങനെ സ്വീകരിക്കുമെന്നോർത്ത് കുറച്ച് ടെൻഷനും ഉണ്ടായിരുന്നു. പക്ഷേ ഇത്തവണ അക്കാദമി എന്നിൽ ഏൽപ്പിച്ച ജോലി വളരെ ഉത്തരവാദിത്വത്തോടെയാണ് ഞാൻ ചെയ്ത്. മൂന്നുമാസമാണ് സിനിമ തെരഞ്ഞെടുക്കുന്നതിന് ലഭിച്ചത്. ദിവസം നാലോ അഞ്ചോ സിനിമകൾ വരെ കാണുമായിരുന്നു. പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന തരത്തിൽ നല്ല സിനിമകൾ തിരഞ്ഞെടുക്കുക എന്നത് ശ്രമകരമായ ജോലി  തന്നെയായിരുന്നു. എങ്കിലും ഞാൻ തിരഞ്ഞെടുത്ത സിനിമകളെപ്പറ്റി മികച്ച പ്രതികരണങ്ങൾ കേൾക്കുമ്പോൾ സന്തോഷം ഉണ്ട്. നമ്മളെ വിശ്വസിച്ച് അക്കാദമി ഒരു ജോലി ഏൽപ്പിച്ചിട്ട് അതിൽ നിരാശപ്പെടേണ്ടി വന്നില്ല എന്ന് അറിയുമ്പോൾ സന്തോഷമുണ്ട്. ജീവിതത്തിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്നായി ഇതിനെ കരുതുന്നു.  ഫിലിം കൺസൾട്ടന്റ് എന്നതിനേക്കാളും നല്ല സിനിമകൾ കൊണ്ടുവരാൻ കഴിഞ്ഞതിലും അത് ആളുകൾക്ക് ഇഷ്ടപ്പെട്ടു  എന്നറിഞ്ഞതിലുമാണ് എന്റെ സന്തോഷം.

 

5. Iffkസിനിമകളെക്കുറിച്ച് ഇപ്രാവശ്യം നല്ല അഭിപ്രായമാണല്ലോ? എങ്ങനെയാണ് സിനിമകൾ തെരഞ്ഞെടുത്തത്?

 

     ലോകത്തിലെ തന്നെ വലിയ ഫിലിം ഫെസ്റ്റിവൽ ആയ ക്യാൻ, ബെർലിൻ, വെനീസ് അത്തരം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകൾ തന്നെയാണ് ഇന്ത്യയിലും പല ഫെസ്റ്റിവലുകളിലും വരുന്നത്. എന്നാൽ ചെറിയ മറ്റു ചില രാജ്യങ്ങളിലും ഫിലിം ഫെസ്റ്റിവലുകൾ നടക്കാറുണ്ട്. അവരുടെ സിനിമകൾ കണ്ടെത്തി കൊണ്ടുവരുന്നത് എനിക്ക് ഇഷ്ടമാണ്. അവിടുന്ന് വരുന്ന ചില ചിത്രങ്ങൾ വളരെ വ്യത്യസ്തമായവ ആയിരിക്കും. ക്യാൻ, ബെർലിൻ  തുടങ്ങിയവയിലെ ചിത്രങ്ങൾ മോശമാണ് എന്നല്ല പറയുന്നത്. കുറെക്കൂടി വ്യത്യസ്തമായ സിനിമകൾ മറ്റു ചില രാജ്യങ്ങൾ നടത്തുന്ന ഫെസ്റ്റിവലിൽ നിന്നും കിട്ടാറുണ്ട്. ഉദാഹരണമായി A Cup of Coffee and New Shoes On എന്നൊരു അൽബേനിയൻ സിനിമ. എനിക്ക് ഈ സിനിമയുടെ സംവിധായകനെ വളരെ ഇഷ്ടമായിരുന്നു. മൂന്നുനാലു കൊല്ലം മുൻപ് ആ സംവിധായകന്റെ ഡേ ബ്രേക്ക് എന്നൊരു സിനിമ കണ്ടിട്ടുണ്ട്. ആ സിനിമ ഇഷ്ടപ്പെട്ടത് കൊണ്ട് ആ സംവിധായകനെ ശ്രദ്ധിച്ചിരുന്നു.   അദ്ദേഹം പുതിയ സിനിമകൾ ചെയ്തിട്ടുണ്ടോ എന്ന് എപ്പോഴും അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കും. പക്ഷേ  ആ സംവിധായകന്റെ സിനിമകൾ അധികം ഫെസ്റ്റിവൽ ഒന്നും കണ്ടിട്ടില്ല. ഇങ്ങനെ വരുന്ന വ്യത്യസ്തമായ സിനിമകൾ ശ്രദ്ധിക്കുമായിരുന്നു. അത് അക്കാദമിക്ക് സജസ്റ്റ് ചെയ്യും. മൂന്നുമാസത്തെ സമയമാണ് സിനിമാസെലക്ഷനായി കിട്ടിയത്.  ഈ സമയത്തിനുള്ളിൽ ഉള്ളിൽ കുറേ ചിത്രങ്ങൾ കണ്ടു വിലയിരുത്തി സെലക്ട് ചെയ്ത് എടുക്കുക. പ്രധാനപ്പെട്ട നല്ല സിനിമകൾ അക്കാദമിയുടെ ശ്രദ്ധയിൽ കൊണ്ടുവരിക എന്നുള്ളതാണ് ഉദ്യമം. പിന്നെ ഇവിടുത്തെ ആളുകളുടെ ടേസ്റ്റ് നമുക്കറിയാം. ചെറിയ രാജ്യങ്ങളിലെ സിനിമകളിൽ നമുക്ക് ഇഷ്ടപ്പെട്ട ഏതെങ്കിലും സംവിധായകരുടെ സിനിമകൾ ഒക്കെ ഉണ്ടെങ്കിൽ അതെല്ലാം ശേഖരിക്കുമായിരുന്നു. അവ ഏതെങ്കിലും പ്രദർശനത്തിനു പോയിട്ടുണ്ടെങ്കിൽ അവയുടെ ലിങ്കും ശേഖരിക്കുമായിരുന്നു. സിനിമകളുടെ പേരും ലിങ്കും അക്കാദമിക്ക് കൊടുക്കും. അക്കാദമി അതിന്റെ സോഴ്സ് നോക്കിയിട്ട് എനിക്ക് ലിങ്ക് അയച്ചു തരും. ഞാനിതൊക്ക അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കും. ഇങ്ങനെ തിരഞ്ഞെടുക്കുന്ന ഒരുപാട് സിനിമകൾ  കണ്ടിട്ടാണ് ചലച്ചിത്രമേളയ്ക്ക് ആവശ്യമായിട്ടുള്ള സിനിമകൾ തിരഞ്ഞെടുക്കുന്നത്. വളരെ ശ്രമകരമായ ജോലിയായിരുന്നു എങ്കിലും വളരെ ഇഷ്ടപ്പെട്ടു ചെയ്യുന്നതുകൊണ്ട് സന്തോഷമുണ്ട്.

 

6. ഗോവയിലെയും മറ്റു സ്ഥലങ്ങളിലേയും ഫെസ്റ്റിവെല്ലുകളിൽ നിന്നും തിരുവനന്തപുരത്തെ ഫെസ്റ്റിവെല്ലിനുള്ള സവിശേഷതകൾ എന്തൊക്കെയാണ്?

 

     ഗോവ ഫെസ്റ്റിവൽ ഒരു ആഡംബരഫെസ്റ്റിവൽ ആണ്. അവർ സിനിമയെക്കാളും കൂടുതൽ പ്രൊമോട്ട് ചെയ്യുന്നത് വേറെ ചില (ഫിലിം ബസാർ പോലെയുള്ള) താല്പര്യങ്ങൾ ആണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. എന്റെ കാഴ്ചപ്പാടാണത്. ഓപ്പണിങ് സിനിമ ആയാലും ലോക സിനിമയാണെങ്കിലും  വളരെ കച്ചവടമൂല്യമുള്ള സിനിമകൾ ആയിരിക്കും അവർ കൊണ്ടുവരുന്നത്. വളരെ അപൂർവ്വമായി മാത്രമാണ് ഫെസ്റ്റിവൽ ടൈപ്പ് വിദേശസിനിമകൾ ഒക്കെ കാണിക്കുന്നത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. പിന്നെ ഉള്ളത് കൊൽക്കത്ത ഫെസ്റ്റിവലാണ്. കൊൽക്കത്ത കുറച്ചു പടങ്ങളെ കാണിക്കൂ എങ്കിലും കുഴപ്പമില്ലാത്ത ഒരു ഫെസ്റ്റിവൽ ആണ്. അവർ ഫെസ്റ്റിവൽ നടത്താൻ വേണ്ടി  വളരെ പൈസ മുടക്കാറുണ്ട്.  കേരളത്തിന്റെ ഒരു പ്രത്യേകതയായി എനിക്ക് തോന്നിയിട്ടുള്ളത്  ഇന്ത്യയിൽത്തന്നെ ഏറ്റവും കൂടുതൽ സിനിമാപ്രേമികൾ ഉള്ളത് കേരളത്തിലാണ്. കേരളത്തിൽ നിന്ന് മാത്രമല്ല ഐ.എഫ്.എഫ്.കെ.നടക്കുമ്പോൾ തമിഴ്നാട്ടിൽ നിന്നും ബോംബെയിൽ നിന്നും എല്ലാം ആൾക്കാർ വരും. എന്റെ ഒരു കാഴ്ചപ്പാടിലും അനുഭവത്തിലും iffk ആണ്  ലോകത്തിലെ തന്നെ ഏറ്റവും മികച്ച സിനിമകൾ  പ്രദർശിപ്പിക്കുന്നത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇപ്പോൾ ഫെസ്റ്റിവലിൽ  ഏറ്റവും മികച്ച ചിത്രങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു എന്ന പ്രതികരണങ്ങൾ ലഭിച്ചത്. ഇവിടെ ആഡംബരമല്ല നോക്കുന്നത് മറിച്ച് ഏറ്റവും നല്ല സിനിമകൾ കാണിക്കുക എന്ന ഉദ്ദേശമാണ് ഗവൺമെന്റിനും ചലച്ചിത്ര അക്കാദമിക്കും ഉള്ളത്. ഇതുവരെയും ആ വിശ്വാസം നിലനിർത്താൻ സാധിച്ചിട്ടുമുണ്ട്. പിന്നെ ഇത്തരം സിനിമകൾ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കാൻ വേണ്ടി അക്കാദമിയിൽ ഉള്ളവരും കഠിനാധ്വാനം ചെയ്യുന്നുണ്ട്.  നമ്മുടെ പ്രേഷകരെ തൃപ്തിപ്പെടുത്താൻ വേണ്ടി  അക്കാദമിയും ഉദ്യോഗസ്ഥരും വളരെ സ്ട്രെയിൻ ചെയ്താണ് വിവിധ രാജ്യങ്ങളിലെ സിനിമകൾ തിരഞ്ഞെടുക്കുന്നത്.  സിനിമകൾ കാണുകയും അവ വിലയിരുത്തുകയും തിരഞ്ഞെടുക്കുകയും ചെയ്യുന്നത് വളരെ ശ്രമകരമായ ജോലി തന്നെയാണ്.  ഓരോ iffk യിലും ആൾക്കാരുടെ എണ്ണം കൂടുന്നതിനുള്ള കാരണവും നല്ല സിനിമകൾ പ്രദർശിപ്പിക്കുന്നതു കൊണ്ടാണ്. ഇത്തവണയും പതിനായിരത്തിലധികം മുകളിൽ ഡെലിഗേറ്റ്സ് iffk യിൽ പങ്കെടുത്തു. രണ്ടായിരത്തോളം സ്റ്റുഡൻസും ഇത്തവണ സിനിമ കാണാൻ എത്തിയിരുന്നു.  ഇപ്രാവശ്യവും ഏറ്റവും മികച്ച ചലച്ചിത്രങ്ങളാണ് പ്രദർശനത്തിനായി തിരഞ്ഞെടുത്തിരുന്നത്. ഓരോ വർഷവും കഴിയുംതോറും ഫെസ്റ്റിവൽ ഏറ്റവും നന്നായി പോകുന്നു എന്നതിന് വലിയ ഉദാഹരണമാണിത്.

 

7. ഇവിടത്തെ മേളയിലെ ആസ്വാദകരുടെ പ്രത്യേകതകൾ എന്തൊക്കെ?

 

      ഇവിടത്തെ ഐ.എഫ്. എഫ്.കെ. യിലെ ആൾക്കാരുടെ ആസ്വാദനം അല്ലെങ്കിൽ ടേസ്റ്റ് വളരെ വ്യത്യസ്തമാണ്. ഓരോ വർഷം കഴിയുംതോറും ആൾക്കാർ അല്ലെങ്കിൽ ആ തലമുറകൾ മാറിവരികയാണ്. അവരുടെ ചിന്തകൾ മാറുകയാണ്. ഐ.എഫ്.എഫ്. കെ. കുറേക്കൂടി അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. പിന്നെ നമ്മുടെ പ്രേക്ഷകർ ഒക്കെ വെബ്സീരീസും മറ്റു ഫെസ്റ്റിവൽ സിനിമകളും ഒക്കെ കാണുന്നവരാണ്. അങ്ങനെയുള്ള പ്രേക്ഷകരെ തൃപ്തിപ്പെടുത്തുക വളരെ ശ്രമകരമായ ജോലിയാണ്. ഇപ്പോൾ സിനിമ ഇഷ്ടപ്പെട്ടില്ലെങ്കിൽ കേരളത്തിലെ പ്രേക്ഷകരെ സംബന്ധിച്ച്  അവർ  ഫെസ്റ്റിവൽ നടക്കുന്ന സമയത്ത് തന്നെ മോശം അഭിപ്രായം പറയുകയും ഫേസ്ബുക്കിലും മറ്റും കമന്റ് ഇടുകയും ചെയ്യും. എന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായി കുറേ വർഷം സി.ഡി. കടയിൽ നിന്നതുകൊണ്ട്, ഇത്തരം സിനിമകൾ ആസ്വദിക്കുന്നവരെ അടുത്ത് അറിയാവുന്നതുകൊണ്ട് അവരുടെ ടേസ്റ്റ് എന്താണെന്ന് കൃത്യമായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ അതിനനുസരിച്ചാണ് പലപ്പോഴും സിനിമകൾ തിരഞ്ഞെടുക്കുന്നതും. മേളയിൽ എത്തുന്നവരിൽ  പലരും പല പ്രായത്തിലുള്ള ആൾക്കാർ ആയിരിക്കും. അവരെ തൃപ്തിപ്പെടുത്താൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്. അത്തരം സിനിമകൾ തന്നെയാണ് നമ്മൾ തിരഞ്ഞെടുത്തു കൊണ്ടുവരുന്നത്. ഇതിന് ഉദാഹരണമാണ് ഇപ്രാവശ്യത്തെ  ഐ.എഫ്.എഫ്.കെ.യിൽ എല്ലാവരെയും തൃപ്തിപ്പെടുത്താൻ പറ്റിയെന്നുള്ളത്.  സോഷ്യൽ മീഡിയയിൽ നോക്കിയാൽ പോലും വളരെ നല്ല അഭിപ്രായമാണ് മേളയെപ്പറ്റി ഉള്ളത്. നല്ല സിനിമയാണെങ്കിൽ നമ്മുടെ പ്രേക്ഷകർ ഉറപ്പായിട്ടും കൈയടിക്കും. അവരുടെ ടേസ്റ്റ് എടുത്ത് പറയണമെങ്കിൽ ചെറിയ നെഗറ്റീവ് ആണെങ്കിൽ പോലും നോ പറയുന്ന ആൾക്കാരാണ്. എന്നാൽപ്പോലും അങ്ങനെയുള്ള പ്രശ്നങ്ങൾ വലുതായി ഉണ്ടായിട്ടില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്.

 

 

8. Iffkയുടെ ഉദ്ഘാടന ചിത്രമായ 'ഗുഡ്ബൈ ജൂലിയ ' എന്ന ചിത്രത്തിൻ്റെ സവിശേഷതകൾ?

 

     ഒരു ഫിലിം ഫെസ്റ്റിവലിലെ ഓപ്പണിങ് സിനിമ തിരഞ്ഞെടുക്കുക എന്നത് ശ്രമകരമായ ജോലിയാണ്. ഓപ്പണിങ് സിനിമ നല്ലതായി കഴിഞ്ഞാൽ ഫെസ്റ്റിവൽ ഗംഭീര വിജയമാകും എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. കുറെ റിസർച്ച് ചെയ്തിട്ടാണ് 'ഗുഡ് ബൈ ജൂലിയ' കാണുന്നതും തിരഞ്ഞെടുക്കുന്നതും. ഗുഡ്ബൈ ജൂലിയ രണ്ട് സ്ത്രീകളുടെ കഥയാണ് പറയുന്നത്. ഒരു ക്രിസ്ത്യൻ സ്ത്രീയുടെയും ഒരു മുസ്ലിം സ്ത്രീയുടെയും ഇടയിൽ ഉണ്ടാകുന്ന വ്യക്തിപ്രശ്നം. ആ വ്യക്തിപ്രശ്നം എങ്ങനെ പൊളിറ്റിക്കലി കൊണ്ടുപോകുന്നു, അതിനെ  മതങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നു, ഇതെല്ലാം സംവിധായകൻ വളരെ വ്യക്തമായ രീതിയിൽ പൊളിറ്റിക്കൽ കറക്ട്നസ് 'ഇല്ലാതെ വളരെ ഡയറക്ടറായി കാണിച്ചു തരുന്നുണ്ട്. നമുക്ക് എല്ലാവർക്കും  കണക്ട് ചെയ്യാൻ പറ്റുന്ന സംഭവമാണത്. പിന്നെ ഇപ്പോഴത്തെ കാലഘട്ടത്തിൽ അതിന്റെ രാഷ്ട്രീയവും നമുക്ക് മനസിലാക്കാനാവും. അതുതന്നെയാണ് സിനിമയുടെ പ്രത്യേകത. വളരെ വൈകാരികമായ അനുഭവമാണ് സിനിമ സമ്മാനിക്കുന്നത്. സിനിമയിൽ കുറേ നല്ല മൊമന്റ്സ് ഉണ്ട്. എല്ലാവർക്കും ഇഷ്ടപ്പെടും. മറ്റൊരു പ്രത്യേകത എന്താണെന്നു വെച്ചാൽ സുഡാൻ എന്ന രാജ്യത്തിൽ നിന്ന് ഔദ്യോഗികമായി ഓസ്കാർ എൻട്രിക്ക് പോയ ചിത്രം കൂടിയായിരുന്നു ഇത്.

 

9. മേളയിലെ ഏറ്റവും മികച്ച അഞ്ചു ചിത്രങ്ങൾ തെരഞ്ഞെടുക്കാൻ നിർദ്ദേശിച്ചാൽ ഏതൊക്കെ സ്വീകരിക്കും? അതിൻ്റെ സവിശേഷതകൾ?

 

     മേളയിലെ മികച്ച അഞ്ചു സിനിമകൾ തിരഞ്ഞെടുക്കാൻ പറഞ്ഞാൽ ബുദ്ധിമുട്ടാണ്. എന്നെ സംബന്ധിച്ച് ഐ.എഫ്.എഫ്.കെ.യിലെ 36ഓളം സിനിമകൾ വളരെ മികച്ചതാണ്. അതിനെപ്പറ്റി ബെസ്റ്റ് ഓഫ് ഐ.എഫ്.എഫ്.കെ. എന്ന പേരിൽ സിനിമ പാരഡൈസ് തൻസീർ എന്ന് സോഷ്യൽ മീഡിയയിൽ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും പോസ്റ്റ് ഇടുന്നുണ്ട്. എങ്കിലും ചില സിനിമകളെപ്പറ്റി പറയാം.

 

1.Terrestrial verses

 

ഇറാനിയൻ സിനിമയാണിത്. ഈ സിനിമ പറയുന്നത് ഇറാനിൽ നടക്കുന്ന അരാജകത്വമാണ്.അവിടുത്തെ രാഷ്ട്രീയം, അവിടുത്തെ ജനങ്ങൾ അനുഭവിക്കുന്ന ദുരന്തം ഇതൊക്കെ പറയുന്ന സിനിമയാണ്. അവിടുത്തെ സർക്കാർ എങ്ങനെ പറയുന്നുവോ അതിനനുസരിച്ചാണ് ജനങ്ങൾ ജീവിക്കുക. അതിനെക്കുറിച്ചാണ് ഇതിന്റെ സംവിധായകൻ പറയുന്നത്. അതായത് നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു പേര് ഇടണമെങ്കിൽ പോലും നിങ്ങൾക്ക് തീരുമാനിക്കാൻ കഴിയില്ല. അവിടുത്തെ ഗവൺമെൻറ് തീരുമാനിക്കും, നിങ്ങൾ എന്തു പേരിടണം, എങ്ങനെ ജീവിക്കണമെന്ന്! ഇതിനെ പൊളിച്ചടുക്കുന്നതാണ് ടെറസ്ട്രിയൽ വേഴ്സസ് എന്ന സിനിമ.

 

2. Degrade

 

ഇതൊരു പാലസ്തീൻ സിനിമയാണ്. ഇപ്പോൾ നടക്കുന്ന അധിനിവേശത്തെക്കുറിച്ചും അവിടുത്തെ മനുഷ്യർ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും ഇസ്രായേൽ ഗവൺമെന്റ് പലസ്തീൻ ജനതയോട് കാണിക്കുന്ന ക്രൂരതകളെയും കുറിച്ച് പറയുന്നതാണ് ഈ സിനിമ .

 

3.Sunday

 

ഇതൊരു ഉസ്ബക്കിസ്ഥാൻ സിനിമയാണ്. ഈ സിനിമ പറയുന്നത് ഇപ്പോഴത്തെ തലമുറയും പഴയ തലമുറയും തമ്മിലുള്ള വ്യത്യാസമാണ്. പുതിയ കാലത്ത് പഴയ തലമുറയിൽപ്പെട്ടവരുടെ ജീവിതം എങ്ങനെയാണ് എന്ന വിഷയമാണ് സിനിമ ചർച്ച ചെയ്യുന്നത്. ഉദാഹരണത്തിന് അവർ പഴയ മൊബൈൽ (കീ പാഡ് മൊബെൽ) ആണ് ഉപയോഗിക്കുന്നത്. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ മക്കൾ അവർക്ക് സ്മാർട്ട്ഫോൺ വാങ്ങിക്കൊടുക്കുന്നു. പക്ഷേ അത് അവർക്ക് ഉപയോഗിക്കാൻ പറ്റുന്നില്ല. അത് അവരെ എങ്ങനെ അപകടത്തിൽ കൊണ്ടുവിടുന്നു എന്നും അതുപോലെ എ.ടി.എം. കാർഡ് അവർക്ക് എങ്ങനെ  ഉപയോഗിക്കണമെന്നറിയില്ല.  ഇത്തരത്തിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ  പഴയ തലമുറയിലെ ആൾക്കാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ സംവിധായകൻ അദ്ദേഹത്തിന്റെ രീതിയിൽ ഗംഭീരമായി കാണിച്ചുതരുന്ന സിനിമയാണിത്.

 

4.Thunders

 

 റൊമാനിയ രാജ്യത്തിലെ സിനിമയാണ്. അതായത് വർഷങ്ങൾക്കു മുൻപ് നടന്ന യുദ്ധത്തിനുശേഷം ഇപ്പോഴത്തെ  മനുഷ്യർ അനുഭവിക്കുന്ന പ്രശ്നങ്ങളെ കുറിച്ചാണ് സിനിമ പറയുന്നത്. ഉദാഹരണത്തിന് ആ യുദ്ധത്തിൽ മൈനുകൾ ഇപ്പോഴും നശിക്കാതെ കിടപ്പുണ്ട്. അതിൽപ്പെട്ടുപോകുന്ന രണ്ടു കുട്ടികളും ഒരു പശുവും അതിൽ നിന്ന് എങ്ങനെ രക്ഷപ്പെടുന്നു എന്നാണ് സിനിമ പറയുന്നത്.

 

5.Anatomy of a fall

 

ഇതൊരു ഫ്രഞ്ച് സിനിമയാണ്. ഇത്തവണ ക്യാൻ ഗോൾഡൻ പാം കിട്ടിയ സിനിമയും കൂടിയാണിത്. സംവിധായികയും എഴുത്തുകാരിയും ഒരാൾ തന്നെയാണ്. ഈ സിനിമ പറയുന്നത് ഒരു എഴുത്തുകാരുടെ വീട്ടിൽ അവരുടെ ഭർത്താവ് കൊല്ലപ്പെടുന്നു. അയാളുടെ ഭാര്യ, മകൻ, വളർത്തുനായ എന്നിവരുടെ അവസ്ഥയാണ് ഇതിൽ അവതരിപ്പിക്കുന്നത്.  കോർട്ട് ഡ്രാമയാണ് ഈ ചിത്രം. ഈ കേസ് കൊലപാതകം എന്ന നിലയിൽ ഫയൽ ചെയ്യപ്പെടുകയും കോടതിയിൽ ഈ സ്ത്രീ അതായത് ഭാര്യയല്ല കൊന്നത് എന്ന് തെളിയിക്കുന്ന തരത്തിലുള്ള കോർട്ട് ഡ്രാമയാണ് ഈ സിനിമ.

 

10. എന്താണ് ഭാവി പരിപാടികൾ?

സിനിമാമോഹങ്ങൾ, പ്രവർത്തനങ്ങൾ എന്തൊക്കെയാണ്?

 

     എന്റെ ആഗ്രഹം സിനിമ സംവിധാനം ചെയ്യണമെന്നതാണ്. നിലവിൽ സിനിമയിൽ അസിസ്റ്റ് ചെയ്യുന്നുണ്ട്. നല്ല സിനിമ ചെയ്യണമെന്നാണ് ആഗ്രഹം. ഒരു സിനിമാ പാരഡൈസ് പോലെ എന്റെ ജീവിതത്തിൽ എന്നെങ്കിലും ഇത് നടക്കും എന്നാണ് വിശ്വസിക്കുന്നത്.


 

97 views0 comments

Related Posts

bottom of page