പത്രപ്രവർത്തകനായ രാജൻ ചെറുകാടുമായുള്ള അഭിമുഖം
പത്തുചോദ്യങ്ങൾ
പ്രൊഡക്ഷൻകോസ്റ്റിനേക്കാൾ വിലകുറച്ച് ലോകത്ത് വിൽക്കുന്ന ഏക ഉൽപ്പന്നം പത്രങ്ങളാണ്. ആ നഷ്ടം നികത്തുന്നത് പരസ്യവരുമാനത്തിലൂടെയാണ്.
1)പത്രപ്രവർത്തനരംഗത്തേക്ക് താങ്കൾ എങ്ങനെയാണ് കടന്നുവന്നത്?
പത്രപ്രവർത്തനം എനിക്ക് ഇഷ്ടമായിരുന്നു. ഏതാണ്ട്
എസ്എസ്എൽസി കഴിഞ്ഞതുമുതലൊക്കെ മനസ്സിന്റെ ഉള്ളിൽ പത്രപ്രവർത്തകനാകാനുള്ള ഒരു മോഹം തുടങ്ങി.കാലിക്കറ്റ് സർവകലാശാലാ കാമ്പസ്സിൽ എം.എക്ക് പഠിക്കുമ്പോഴാണ് മോഹം കലശലായത്. അവിടെ എം .സി .ജെ യ്ക്ക് (മാസ്റ്റർ ഓഫ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസം) പഠിക്കുന്ന കൂട്ടുകാർ ഉണ്ടായിരുന്നു. പത്രപ്രവർത്തനത്തിന്റെ ബിരുദാനന്തര ബിരുദ കോഴ്‌സാണ് എം.സി.ജെ. എന്ന് അറിയാമല്ലോ? ഞാൻ എം. എ. മലയാളമാണ് പഠിച്ചത്. എങ്കിലും എങ്ങനെയെങ്കിലും പത്രപ്രവർത്തകനാവണം എന്ന് മനസ്സിൽ കണക്കുകൂട്ടിക്കൊണ്ടിരിക്കുമ്പോഴാണ് 'മാതൃഭൂമി' ജേർണലിസ്റ്റ് ട്രെയിനികളെ തിരഞ്ഞെടുക്കുന്നു എന്ന വിവരം അറിഞ്ഞത്.
ആ ബാച്ചിന് എം. സി. ജെ നിർബന്ധമാക്കിയിട്ടുണ്ടായിരുന്നില്ല.
ബിരുദാനന്തരബിരുദത്തിന് അൻപത്തഞ്ച് ശതമാനത്തിൽ കുറയാത്ത മാർക്ക് ഉണ്ടായാൽ മതിയായിരുന്നു. എഴുത്തു പരീക്ഷയും ഇന്റർവ്യൂവും ഉണ്ടായിരുന്നു. അവ ജയിച്ച് 1992 ൽ തിരുവനന്തപുരത്താണ് ജോയിൻ ചെയ്തത്.അന്ന് മാതൃഭൂമിയുടെ ഓഫീസ് ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന് അടുത്തായിരുന്നു.
2) പത്രപ്രവർത്തനത്തിൽ പ്രത്യേകം സ്‌പെഷ്യലൈസ് ചെയ്ത വിഷയങ്ങൾ, കൈകാര്യം ചെയ്ത മറ്റ് വിഷയങ്ങൾ, അംഗീകാരങ്ങൾ ……?
വിദ്യാഭ്യാസ വിഷയങ്ങളാണ് ഞാൻ കൂടുതൽ എഴുതിയത്.1996 ൽ 'ശൈശവം കവരുന്ന വിദ്യാഭ്യാസം' എന്ന ഒരു ലേഖന പരമ്പര മാതൃഭൂമിയിൽ എഴുതി. കുട്ടികൾ കളിച്ചു രസിച്ച് നടക്കേണ്ട എൽകെജി, യുകെജി പ്രായത്തിൽ സീരിയസ് ആയി പഠിപ്പിക്കുന്നതിനെ വിമർശിച്ചു കൊണ്ടുള്ള രചനയായിരുന്നു അത്. അതിന് എനിക്ക് യൂണിസെഫിന്റെ അവാർഡ് കിട്ടിയിരുന്നു.
അതിനുശേഷം ഡിപിഇപി തുടങ്ങിയപ്പോൾ 'ഇനി ഡിപി ഇപി പരീക്ഷണം' എന്ന പരമ്പര ആറു ദിവസങ്ങളിലായി മാതൃഭൂമി പ്രസിദ്ധീകരിച്ചു. വലിയ വിവാദങ്ങളും ഒച്ചപ്പാടും ഉണ്ടാക്കിയ പരമ്പരയായിരുന്നു അത്.അതിനുശേഷം 'പ്രശ്‌നങ്ങൾ തീരാത്ത പ്ലസ് ടു', 'ഓപ്പൺ സ്‌കൂളും ഒടുങ്ങാത്ത വിവാദവും' ,'എസ്എസ്എൽസി ആശങ്കകൾ അവസാനിക്കുന്നില്ല','പൊതുവിദ്യാഭ്യാസം പിൻ ബെഞ്ചിലേക്ക്' തുടങ്ങിയ പരമ്പരകളും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടു മാതൃഭൂമിയിൽ എഴുതി.
വിദ്യാഭ്യാസമല്ലാത്ത മറ്റു വിഷയങ്ങളും ചെയ്തിട്ടുണ്ട്.ചികിത്സയിൽ ഡോക്ടർമാരും നേഴ്‌സുമാരും വരുത്തുന്ന കുഴപ്പങ്ങളെക്കുറിച്ച് ഒരു പരമ്പര 'ആശ്വാസം തേടി ദുരിതം നേടിയവർ' എന്ന പേരിൽ 1999ൽ പ്രസിദ്ധീകരിച്ചു. ഇടതുകാലിൽ ചെയ്യേണ്ട ശസ്ത്രക്രിയ വലതുകാലിൽ ചെയ്യുക, ഓപ്പറേഷൻ തിയേറ്ററിൽ കത്രിക വയറ്റിനുള്ളിൽ വച്ച് തുന്നി കെട്ടുക തുടങ്ങിയ നൂറുകണക്കിന് സംഭവങ്ങളാണ് അതിൽ പറയുന്നത്. അത്തരം പ്രശ്‌നങ്ങൾ ഇപ്പോഴും തുടരുന്നുണ്ട് എന്നാണല്ലോ നാം വാർത്തകളിൽ നിന്ന് അറിയുന്നത്.
അതിനുശേഷം എറണാകുളം മൂലമ്പള്ളിയിലെ വല്ലാർപ്പാടം കുടിയിറക്കുമായി ബന്ധപ്പെട്ട 'വികസനപാത ദുരിതയാത്ര' എന്ന പരമ്പര എഴുതി.കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിയുടെ വെളിച്ചത്തിൽ 'കേരളം കടക്കെണിയിലേക്ക്' എന്ന പേരിലും ഒരു പരമ്പര എഴുതിയിട്ടുണ്ടായിരുന്നു.
റേഷൻ പ്രതിസന്ധിയെ കുറിച്ച് 'നിയമ കുരുക്കിൽ റേഷൻ',വീട് നിർമ്മാണ മേഖലയെ കുറിച്ച് 'ഭവനവിപ്ലവം കേരളത്തിൽ' തുടങ്ങിയ പരമ്പരകളും എഴുതിയിട്ടുണ്ട്.
'ആശ്വാസം തേടി ദുരിതം നേടിയവർ' എന്ന പരമ്പരയ്ക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബിൻറെ എം ശിവറാം അവാർഡ്,ഫാദർ കൊളംബിയർ അവാർഡ്, മെഡിക്കൽ ട്രസ്റ്റ് സിൽവർ ജൂബിലി അവാർഡ് എന്നിവ ലഭിച്ചു. അഞ്ചുവർഷത്തിനുള്ളിൽ കേരളത്തിൽ പ്രസിദ്ധീകരിച്ച ഏറ്റവും മികച്ച മെഡിക്കൽ റിപ്പോർട്ട് എന്ന നിലയിലാണ് മെഡിക്കൽ ട്രസ്റ്റിന്റെ അവാർഡ് കിട്ടിയത്.
'പൊതു വിദ്യാഭ്യാസം പിൻബഞ്ചിലേക്ക് ' എന്ന പരമ്പരയ്ക്ക് സത്യദീപം ഏർപ്പെടുത്തിയ കർദിനാൾ ആന്റണി പടിയറ അവാർഡ് കോഴിക്കോട് പ്രസ് ക്ലബ്ബിന്റെ കെ.സി. മാധവകുറുപ്പ് അവാർഡ് എന്നിവയും ലഭിച്ചു.
'നിയമക്കുരുക്കിൽ റേഷൻ ' എന്ന പരമ്പരയ്ക്ക് കാസർഗോഡ് പ്രസ് ക്ലബ്ബിന്റെ സി.കൃഷ്ണൻ നായർ സ്മാരക അവാർഡ് ലഭിച്ചു.
3.വേൾഡ് ബാങ്കിനെ കുറിച്ച് ധാരാളം എഴുതിയിട്ടുണ്ടല്ലോ? അതിന്റെ ഉത്ഭവത്തെയും പ്രവർത്തനങ്ങളെയും കുറിച്ച് വിശദമാക്കാമോ?
നല്ല ലക്ഷ്യങ്ങളോടെ തുടങ്ങിയ സ്ഥാപനങ്ങളാണ് വേൾഡ് ബാങ്കും ഐ എം എഫും.1930കളിലെ സാമ്പത്തിക പ്രതിസന്ധിയിലും
രണ്ടാം ലോകമഹായുദ്ധത്തിലും തകർന്നു പോയ രാജ്യങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ പ്രസിദ്ധ ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്രജ്ഞൻ ജോൺ മെയ്നാഡ് കെയിൻസിന്റെ നേതൃത്വത്തിലാണ് ഈ സ്ഥാപനങ്ങൾ തുടങ്ങിയത്.ലോകത്തെ ദാരിദ്ര്യം ഇല്ലാതാക്കുക എന്നതാണ് വേൾഡ് ബാങ്കിന്റെ പ്രഖ്യാപിതലക്ഷ്യം.
എന്നാൽ പിന്നീട് അമേരിക്കയുടെ താൽപര്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു സ്ഥാപനമായി അത് മാറിയിരിക്കുന്നു.
അമേരിക്കയ്ക്ക് താല്പര്യമില്ലാത്ത ഒരാൾക്ക് വേൾഡ് ബാങ്കിന്റെ പ്രസിഡന്റ് ആവാൻ കഴിയില്ല. 1960 കളിൽ ലോകബാങ്കിന്റെ പ്രസിഡന്റ് ആയിരുന്ന റോബർട്ട് മഗ്‌നാമറ പറഞ്ഞ ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട് .'യൂണിഫോം ധരിച്ച അമേരിക്കൻ ഭടന്മാർ അന്യനാടുകളിൽ യുദ്ധം ചെയ്യാൻ പോകേണ്ടതില്ലെന്ന് ഉറപ്പാക്കാൻ ഞങ്ങളുടെ കയ്യിലുള്ള ഏറ്റവും നല്ല ആയുധം വിദേശസഹായമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.
അതായത് വായ്പ കൊടുത്ത് രാജ്യങ്ങളെ തങ്ങളുടെ വരുതിയിലാക്കുക എന്ന തന്ത്രമാണ് അവർ സ്വീകരിക്കുന്നത്.
വായ്പ കൊടുക്കുമ്പോൾ കൃത്യമായ വ്യവസ്ഥകളും ലോക ബാങ്ക് മുന്നോട്ട് വയ്ക്കും. വ്യവസ്ഥകൾ ഇല്ലാതെ ഒരു വായ്പയും കൊടുക്കാറില്ല എന്ന് ലോക ബാങ്കിൻറെ സീനിയർ വൈസ് പ്രസിഡണ്ട് ആയിരുന്ന ജോസഫ് ഇ സ്റ്റിഗ്ലിറ്റ്‌സ് എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ലോകപ്രസിദ്ധമായ "ഗ്ലോബലൈസേഷൻ ആൻഡ് ഇറ്റ്സ് ഡിസ്‌കണ്ടന്റ്" എന്ന പുസ്തകത്തിലാണ് ഇക്കാര്യം പറയുന്നത്.
അത് അമേരിക്കൻ ബാങ്ക് ആണ് ലോകബാങ്ക് അല്ല എന്ന് ജോൺ പെർക്കിൻസ് (കൺഫഷൻസ് ഓഫ് ആൻ ഇക്കണോമിക് ഹിറ്റ്മാൻ) എഴുതുന്നുണ്ട്. ലോകബാങ്കിന് വേണ്ടി വിവിധ രാജ്യങ്ങളിലെ തലവന്മാരെ സന്ദർശിച്ച് വായ്പയെടുപ്പിച്ച് ഒരിക്കലും തിരിച്ചടയ്ക്കാൻ കഴിയാത്ത വ്യവസ്ഥകൾ വെച്ച് അമേരിക്കയുടെ കീഴിലാക്കിയ ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു ജോൺ പെർക്കിൻസ്. ചെയ്തുപോയ തെറ്റിനെക്കുറിച്ച് പിന്നീട് അദ്ദേഹം നടത്തിയ കുമ്പസാരമാണ് ആ പുസ്തകത്തിന്റെ ഉള്ളടക്കം.
വിദ്യാഭ്യാസത്തെക്കുറിച്ച് 'സാമ്രാജ്യത്വം ഇന്ത്യൻ വിദ്യാഭ്യാസത്തിൽ ഡിപിഇപി മുതൽ റൂസ വരെ' എന്ന പുസ്തകമുണ്ട്. വിവാദമായ ഐഎസ്ആർഒ ചാരക്കേസിനെ കുറിച്ച് 'അട്ടിമറിക്കപ്പെട്ട ചാരക്കേസ്' എന്ന പുസ്തകമുണ്ട്.മലയാളവ്യാകരണത്തെക്കുറിച്ച് 'കേരളപാണിനിയത്തിലൂടെ' എന്ന ഒരു പുസ്തകവും രചിച്ചിട്ടുണ്ട്.
4.ലോകബാങ്ക് വിദ്യാഭ്യാസത്തിൽ ഇടപെടുന്നത് എങ്ങനെയാണ്?
വായ്പ തരുമ്പോൾ തന്നെ കണ്ടീഷനുകളും ലോകബാങ്ക് മുന്നോട്ടുവയ്ക്കും.ഇന്ത്യയിൽ
വിദ്യാഭ്യാസത്തിന്റെ പരിഷ്‌കരണത്തിനു വേണ്ടി ഫണ്ട് തന്നപ്പോൾ തന്നെ കരിക്കുലത്തിൽ ഇടപെടാൻ വേണ്ടി എഡ്‌സിൽ (എജുക്കേഷണൽ കൺസൾട്ടൻസ് ഇന്ത്യ ലിമിറ്റഡ് ) എന്ന സ്ഥാപനത്തെയും കൂടി ലോകബാങ്ക് ഏർപ്പാടാക്കി. ലോകബാങ്കിനുവേണ്ടി വിവിധ രാജ്യങ്ങളിൽ കൺസൾട്ടൻസി ഏറ്റെടുത്ത് നടത്തുന്ന സ്ഥാപനമാണ് എഡ്‌സിൽ.
സ്‌കൂൾ ക്ലാസുകളിൽ കുട്ടികൾ എഴുതുമ്പോൾ അക്ഷരങ്ങൾ തെറ്റിയാൽ അത് തിരുത്തേണ്ടതില്ല എന്ന് അധ്യാപകർക്ക് നിർദ്ദേശം നൽകുന്നു.ഗുണനപ്പട്ടിക കാണാപാഠം പഠിക്കേണ്ടതില്ല,കവിതകൾ മനപ്പാഠമാക്കേണ്ടതില്ല, ഓർമ്മശക്തി പരീക്ഷിക്കുന്ന എഴുത്തുപരീക്ഷ വേണ്ട പകരം നിരന്തരമൂല്യനിർണയമാണ് നടപ്പാക്കേണ്ടത് തുടങ്ങിയ നിർദ്ദേശങ്ങൾ അവർ കൊണ്ടുവന്നു.
5.വിദേശവായ്പകളോട് എല്ലാ മാധ്യമ സ്ഥാപനങ്ങൾക്കും അനുകൂലനിലപാട് ആണല്ലോ. പണ്ട് 'പാഠം' മാസിക മാത്രമാണല്ലോ പ്രതികൂല നിലപാട് സ്വീകരിച്ചിട്ടുള്ളത്?
പ്രൊഫസർമാരായ എം. എൻ വിജയന്റെയും എസ്. സുധീഷിന്റെയും നേതൃത്വത്തിൽ ഇറങ്ങിയ 'പാഠം' മാസിക സുപ്രധാനമായ ഒട്ടേറെ വിവരങ്ങൾ കേരള സമൂഹത്തെ അറിയിച്ചത് ഞാനും വായിച്ചിട്ടുണ്ട്. അതുവലിയ കാര്യം തന്നെയാണ്.അതോടൊപ്പം തന്നെ ലോകബാങ്ക് വായ്പയെ തുടർന്ന് വിദ്യാഭ്യാസ രംഗത്ത് നടപ്പാക്കിയ പരിഷ്‌കാരങ്ങളുടെ പൊള്ളത്തരം മാതൃഭൂമി പത്രത്തിൽ പല പരമ്പരകൾ ആയി ഞാൻ തന്നെ എഴുതിയിട്ടുണ്ട്.
ഞങ്ങളുടെ മാനേജിംഗ് ഡയറക്ടർ ആയിരുന്ന പരേതനായ ശ്രീ എം .പി വിരേന്ദ്രകുമാറും അദ്ദേഹത്തിൻറെ ' ഗാട്ടും കാണാച്ചരടും' മുതലായ പുസ്തകങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും വിദേശവായ്പകളെ തുറന്നെതിർത്തിട്ടുണ്ട്.
6.ഐഎസ്ആർഒ ചാരക്കേസ് മാധ്യമങ്ങളുടെ വ്യാജവാർത്താ നിർമ്മിതിക്ക് ഉദാഹരണമായാണ് ഇന്ന് ഉദ്ധരിക്കപ്പെടുന്നത്.പക്ഷേ താങ്കൾക്ക് വ്യത്യസ്ത നിലപാട് ആണല്ലോ? വിശദമാക്കാമോ?
ഐഎസ്ആർഒ ചാരക്കേസ് അതിന്റെ തുടക്കം മുതൽ സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്ന ഒരു വ്യക്തി എന്ന നിലയ്ക്ക് അത് യഥാർത്ഥ ചാരക്കേസ് ആയിരുന്നു എന്നുതന്നെയാണ് എന്റെ വിശ്വാസം. ആ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് 'അട്ടിമറിക്കപ്പെട്ട ചാരക്കേസ് ' എന്ന പുസ്തകം ഞാൻ എഴുതിയത് . ഡോക്ടർ ഡി.ബാബു പോളാണ് അതിന് അവതാരിക എഴുതിയത്.
7.മാധ്യമപ്രവർത്തനത്തിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന വിദ്യാർഥികളോട് എന്താണ് പറയാനുള്ളത്? മാധ്യമപ്രവർത്തനം ഒരു ഉപജീവനമാർഗ്ഗമായി ഉപദേശിക്കാൻ കഴിയുമോ?
മാധ്യമപ്രവർത്തകരെ 'മാ.പ്രകൾ' എന്ന് വിളിച്ച് ചിലർ അപഹസിക്കുന്ന കാലഘട്ടമാണല്ലോ ഇത്. അതൊന്നും കാര്യമാക്കേണ്ടതില്ല. മാധ്യമപ്രവർത്തനത്തിന് അതിന്റേതായ ഒരു ഗ്ലാമർ ഉണ്ട്. എന്നാൽ മാധ്യമനിലപാടുകളിൽ മാനേജുമെന്റുകളുടെ താത്പര്യങ്ങൾ മുമ്പത്തേക്കാൾ കൂടിയിട്ടുണ്ട് എന്നത് ഒരു വസ്തുതയാണ്. അതുകൊണ്ട് തന്നെ തികച്ചും സ്വതന്ത്രമായ ഒരു മാധ്യമ പ്രവർത്തനം പ്രതീക്ഷിച്ച് ആരും ഈ മേഖലയിലേക്ക് വരേണ്ടതില്ല എന്നതാണ് എനിക്ക് പറയാനുള്ളത്.
ഉപജീവനമാർഗ്ഗമാക്കാമോ എന്നത് വ്യക്തികളെ ആശ്രയിച്ചിരിക്കും. മെച്ചപ്പെട്ട മാധ്യമസ്ഥാപനങ്ങളിൽ എത്തിയാൽ മാന്യമായ ശമ്പളം ലഭിക്കും . ഒരു പരിധിവരെ തൊഴിൽ സംതൃപ്തിയും ഉണ്ടാകും.എന്നാൽ എല്ലായിടത്തും അത് ലഭിക്കണമെന്നില്ല. മാസങ്ങളോളം ശമ്പളം ലഭിക്കാതെ ഈ മേഖലയിൽ പ്രവർത്തിക്കുന്ന അനേകം പേരുണ്ട്. തൊഴിൽ സുരക്ഷകുറവാണ്. കരാർ നിയമനങ്ങളാണ് വ്യാപകമാകുന്നത്. എല്ലാവശങ്ങളും ആലോചിച്ചുവേണം തീരുമാനമെടുക്കാൻ.
8.നവോത്ഥാന മാധ്യമ പ്രവർത്തനവും ഇന്നത്തെ മാധ്യമ പ്രവർത്തനവും ഏതെങ്കിലും രീതിയിൽ താരതമ്യം അർഹിക്കുന്നുണ്ടോ? അന്ന് രാജവാഴ്ചയ്ക്ക് എതിരെ പ്രതികരിച്ച മാധ്യമങ്ങൾ ഇന്നു കോർപ്പറേറ്റുകളുടെ അടിമകളായി മാറിയല്ലോ?
ഇന്ന് മാധ്യമപ്രവർത്തനം വലിയ ബിസിനസ്സായി മാറിയിരിക്കുന്നു. ലാഭമുണ്ടാക്കുക എന്നത് മുഖ്യലക്ഷ്യമാകുമ്പോൾ ഒരുപാട് കോമ്പ്രമൈസുകൾ ചെയ്യേണ്ടിവരും. മാധ്യമങ്ങളുടെ മുഖ്യവരുമാനം പരസ്യത്തിൽ നിന്നാണ്. അതുകൊണ്ട് പരസ്യക്കാരുടെ താത്പര്യങ്ങൾ സംരക്ഷിക്കേണ്ടിവരും. പത്രങ്ങളുടെ കാര്യമെടുത്താൻ 10രൂപയ്ക്ക് വിൽക്കുന്ന ഒരു പത്രത്തിന്റെ ഉൽപ്പാദനച്ചെലവ് മുപ്പതോ നാൽപ്പതോ രൂപയായിരിക്കും. പ്രൊഡക്ഷൻകോസ്റ്റിനേക്കാൾ വിലകുറച്ച് ലോകത്ത് വിൽക്കുന്ന ഏക ഉൽപ്പന്നം പത്രങ്ങളാണ്. ആ നഷ്ടം നികത്തുന്നത് പരസ്യവരുമാനത്തിലൂടെയാണ്.
9)ഇന്ന് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി താങ്കൾ കരുതുന്നത് എന്താണ്? ഫാസിസം ഒരു വെല്ലുവിളിയായി കാണുന്നുണ്ടോ?
ഫാസിസം ഒരു വലിയ വെല്ലുവിളിതന്നെയാണ്. പക്ഷെ ജനങ്ങൾ അത്ര വിഡ്ഢികളല്ല എന്നാണ് ഇക്കഴിഞ്ഞ ലോകസഭാതിരഞ്ഞെടുപ്പും തെളിയിച്ചത്.ഭരണഘടന സംരക്ഷിക്കപ്പെടേണ്ടതുണ്ട് എന്ന് ജനത്തിനറിയാം. ഇല്ലെങ്കിൽ വലിയ അപകടമാകും. കോർപ്പറേറ്റുകൾക്ക് അവരുടെ ലാഭം പെരുപ്പിക്കാൻ ഭരണാധികാരികൾ കൂട്ടുനിൽക്കുന്നതാണ് നാം കാണുന്നത്. നരേന്ദ്രമോദി അധികാരത്തിൽ വന്നതിനുശേഷം അദാനിയുടെ സമ്പത്തിലുണ്ടായ കുതിച്ചുചാട്ടം തന്നെ ഉദാഹരണമാണ്.
പണക്കാർ കൂടുതൽ പണക്കാരും പാവങ്ങൾ കൂടുതൽ പാവങ്ങളുമാകുന്ന സ്ഥിതിയാണ്. എല്ലാരംഗത്തും അഴിമതി കൊടികുത്തിവാഴുന്നു. രാഷ്ട്രീയക്കാരുടെ പൊള്ളയായ വാഗ്ദാനങ്ങൾ ജനം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു.
10)സാങ്കേതിക വിദ്യയിൽ ഉണ്ടായ വലിയ മാറ്റങ്ങൾ മാധ്യമരംഗത്തെ എങ്ങനെയെല്ലാം സ്വാധീനിച്ചിട്ടുണ്ട്? വിശദമാക്കാമോ?
കല്ലച്ചിൽ തുടങ്ങിയ പത്രങ്ങൾ കമ്പ്യൂട്ടറിലേക്ക് മാറിയ കാലത്താണ് 30വർഷം മുമ്പ് ഞാനൊക്കെ മാധ്യമപ്രവർത്തനം തുടങ്ങുന്നത്. എന്നാൽ ഇന്ന് ക്രിപേ്റ്റാ കറൻസിയുടെയും നിർമ്മിതബുദ്ധിയുടെയും ( ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) കാലമാണ്. പത്രങ്ങൾ കടലാസ് ഉപേക്ഷിച്ച് ഡിജിറ്റലായിക്കൊണ്ടിരിക്കുന്നു.
നിർമ്മിതബുദ്ധി മാധ്യമപ്രവർത്തനത്തെ വളരെയേറെ സ്വാധീനിക്കുന്നുണ്ട്.
മനുഷ്യന്റെ ബുദ്ധിയും പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ശേഷിയും അനുകരിക്കാൻ കമ്പ്യൂട്ടറുകളെ പ്രാപ്തമാക്കുന്ന സാങ്കേതിക വിദ്യയാണെല്ലോ എഐ. ജേർണലിസത്തിൽ മാത്രമല്ല വൈദ്യശാസ്ത്രം, സ്‌പേസ്, ധനകാര്യം, തുടങ്ങി എല്ലാമേഖലകളിലും എഐ ഉപയോഗിക്കുന്നുണ്ട്.
പത്രനിർമ്മാണത്തിന്റെ അനന്തസാധ്യതകൾ ന്യൂസ് റൂമുകളിൽ എഐ സൃഷ്ടിക്കുന്നുണ്ട്. പരിഭാഷ അനായാസമാക്കും. ഒരേസമയം ഒന്നിലേറെപ്പേർ പറയുന്ന സംസാരം വേർതിരിച്ച് പലഭാഷകളിലേക്ക് പരിഭാഷപ്പെടുത്താൻ കഴിയുന്നു. ചിത്രങ്ങൾ ഏതുരീതിയിലും എഡിറ്റുചെയ്യാം,കളറുമാറ്റാം.
ഓപ്പൺ എഐയുടെ ചാറ്റ് ജി.പി. ടി മാത്രമല്ല; ഗൂഗിളിന്റെ ജെമിനി, മെറ്റയുടെ ലാമ, ഫ്രഞ്ച് കമ്പനിയായ മിസ്ട്രാൾ തുടങ്ങി കമ്പനികൾ ഈ രംഗത്തും മത്സരിക്കുകയാണ്. ലേ- ഔട്ടിലും ഡിസൈനിലും വലിയ വിപ്ലവങ്ങൾ സൃഷ്ടിക്കാൻ കഴിയും. എന്തുവിവരവും എളുപ്പത്തിൽ ലഭ്യമാകും. പക്ഷെ സൂക്ഷിച്ചില്ലെങ്കിൽ അപകടത്തിൽപ്പെടാനും സാധ്യതയേറെയാണ്. വില്ലിൽനിന്ന് തൊടുത്ത അമ്പ് തിരിച്ചുപിടിക്കാൻ കഴിയാത്തതുപോലെ എഐ യെ വിശ്വസിച്ച് ഒരു തെറ്റായ വിവരം പത്രത്തിൽ അടിച്ചുവിട്ടാൽ അത് തെറ്റായി തന്നെ കിടക്കും. മനുഷ്യവംശത്തിന്റെ ഭാവിക്ക് എഐ വലിയ അപകടമാണ് എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഗൂഗിളിന്റെ എ.ഐ മേധാവി ജഫ്രി ഹിന്റൺ അടുത്തകാലത്താണ് രാജിവെച്ചത്. നിർമ്മിതബുദ്ധിയുടെ ഗോഡ്ഫാദർ എന്നറിയപ്പെട്ട അദ്ദേഹം പറഞ്ഞത് തന്റെ ശിഷ്ടജീവിതം നിർമ്മിതബുദ്ധിക്കെതിരെ പ്രവർത്തിക്കാൻ നീക്കിവെക്കും എന്നാണ്.
രാജൻചെറുക്കാട്
അസിസ്റ്റന്റ് എഡിറ്റർ
മാതൃഭൂമി,കോഴിക്കോട്.