top of page

ഇന്നീ പൂച്ചയെ പേടിച്ചാൽ നാളെ പുലി വന്നാൽ എന്തു ചെയ്യും- മുരളി മാഷുമായി നടത്തിയ അഭിമുഖം

പത്ത് ചോദ്യങ്ങൾ
പി.കെ.മുരളീധരൻ/ ആര്യ സി.ജെ.

ഇടുക്കി ജില്ലയിലെ ഇടമലക്കുടിയിലെ വിദ്യാഭ്യാസ പ്രവർത്തകനും സാമൂഹിക പ്രവർത്തകനുമാണ് പി.കെ.മുരളീധരൻ എന്ന മുരളി മാഷ്.ഇടമലക്കുടിയിലെ ട്രൈബൽ എൽ പി സ്കൂളിൽ ഇരുപത്തഞ്ച് വർഷത്തിലേറെയായി പ്രവർത്തിക്കുന്നു. ഇടമലക്കുടി ഊരും പൊരുളും, ഗോത്ര മാനസം തുടങ്ങിയ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.


1.കാട് കൗതുകവസ്തുവോ കാഴ്ചവസ്തുവോ ഒളിച്ചോടാനുള്ള സ്ഥലമോ അല്ലല്ലോ താങ്കൾക്ക് ഉപജീവന സ്ഥലമാണല്ലോ? ഈ വ്യത്യാസത്തെ എങ്ങനെയാണ് താങ്കൾ കാണുന്നത്?


കാടിന്റെ അകത്തളങ്ങൾ പുറത്തുനിന്നുവരുന്ന ഒരു വ്യക്തിക്ക് കൃത്യമായി മനസ്സിലാകണമെന്നില്ല.അവർക്ക് കാട് കാണാനുള്ള  കൗതുകവസ്തുവാണ്. കാട്ടുമൃഗങ്ങളെ കാണാനുള്ള ആകാംക്ഷയാണ് ... നേരെമറിച്ച് കാട്ടിനുള്ളിൽ അതിജീവിക്കുന്ന ഒരു ജനതയുണ്ട്. ആ ജനതയുടെ മാനസികാവസ്ഥ എന്താണെന്ന് പുറത്തുനിന്നു നോക്കുന്ന ഒരാൾക്ക് വ്യക്തമാകണമെന്നില്ല. അങ്ങനെയുള്ള ജനതയുടെ കൂടെ കുറച്ചുനാൾ ജീവിച്ചാൽ മനസ്സിലാകും എന്താണ് വനവും വനത്തിനുള്ള അതിജീവനവുമെന്ന് ...



2.കാടും പരിസ്ഥിതിയുമായി ബന്ധപ്പെട്ട് മൗലികവാദം നിലനിൽക്കുന്നുണ്ടല്ലോ. അന്ധവിശ്വാസങ്ങളോടെ നിലനിർത്തപ്പെടേണ്ട വിചിത്രവർഗ്ഗമായാണല്ലോ കീഴാള പഠനം നടത്തുന്ന പലരും കാട്ടിലുള്ളവരെ പരിഗണിക്കുന്നത്.


കാട്ടിൽ അധിവസിക്കുന്ന ജനതയെ  (ഗോത്രജനതയെ ) പ്രദർശനവസ്തുവായോ കൂടുതൽ പഠനവിധേയമാക്കേണ്ട  ജനവിഭാഗമായോ കാണേണ്ടതുണ്ട് എന്ന് എനിക്ക് അഭിപ്രായമില്ല . കാരണം അവർ  കാടുമായി ചേർന്നുള്ള സ്വാഭാവികമായ ജീവിതമാണ് നയിക്കുന്നത്. കേരളത്തിലെ മാത്രമല്ല ഇന്ത്യയിലെ തന്നെ ഗോത്രജനതയ്ക്ക് അവരുടേതായ പരമ്പരാഗതമായ ആചാരങ്ങളും വിശ്വാസങ്ങളുമൊക്കെ ഉണ്ട് . അതൊക്കെ പല മേഖലയിൽ നിന്നും മാറിപ്പോയിട്ടുമുണ്ട്. എന്നാൽ വനത്തിനുള്ളിൽ ജീവിക്കുന്നവരുടെ അത്തരം വിശ്വാസങ്ങളോ ആചാരങ്ങളോ ഒന്നും അധികം മാറിപ്പോയിട്ടില്ല. അതിന്റെ  പ്രധാനകാരണം പുറംലോകവുമായി അവർക്ക് ബന്ധങ്ങൾ ഇല്ല എന്നതാണ് . അത്തരം ബന്ധങ്ങൾ വളരെ കുറവായതുകൊണ്ട് മാത്രമാണ് ഇന്നും അവരുടെ ആചാരങ്ങളും വിശ്വാസങ്ങളും ഒക്കെ അതേപോലെ നിലനിൽക്കുന്നത്. മുതുവാൻ വർഗ്ഗക്കാർ മാത്രമല്ല എല്ലാ ഗോത്രജനങ്ങളും പണ്ടൊരു കാലത്ത് നാട്ടുജനതയായിരുന്നു. കാട്ടിൽ നിന്ന് ഉത്ഭവിച്ച് കാട്ടിൽ നിന്ന് വന്ന ജനവിഭാഗമല്ല അവർ. ഒരിക്കലുമങ്ങനെയല്ല. അവർ താമസിച്ചുകൊണ്ടിരുന്ന പ്രദേശത്തു നിന്നും അതിജീവനത്തിനായി അല്ലെങ്കിൽ ഉപജീവനത്തിനായി കാട്ടിലേക്ക് കടന്നുകയറി വന്നവരാണ്. അന്നത്തെ കാലത്തെ യുദ്ധമോ ആഭ്യന്തര കലാപമോ അല്ലെങ്കിൽ ചില രോഗങ്ങളോ അങ്ങനെ എന്തെങ്കിലും കാരണങ്ങളാകാം അതിനു പുറകിലുണ്ടാവുക.  ചില പ്രത്യേക സാഹചര്യങ്ങൾ കാരണം വനത്തിനുള്ളിലേക്ക്  അധിവസിച്ചവരാണ് ഗോത്രജനത.പിന്നീട് അവർ ഒറ്റപ്പെട്ടു പോവുകയും അങ്ങനെ ഇവിടെ അധിവസിക്കുകയും ചെയ്തിരിക്കണം. മുൻകാലത്ത് ഉണ്ടായിരുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇപ്പോഴും തനിമ നഷ്ടപ്പെടാതെ അവർ കാത്തുസൂക്ഷിക്കുന്നുണ്ട്.

 പരമ്പരാഗതമായ ജീവിതരീതി ഒഴിവാക്കി കളയേണ്ടതല്ല എന്നാണ് ഇപ്പോഴുള്ള ഗോത്രജനതയും  ചിന്തിക്കുന്നത് . എന്നാൽ ഇവരിൽ   ശാശ്വതമല്ലാത്ത ചില വിശ്വാസങ്ങളൊക്കെയുണ്ട്. തീർച്ചയായും അത് ഒഴിവാക്കപ്പെടേണ്ടതു തന്നെയാണ്.  അത്തരം കാര്യങ്ങൾ വിദ്യാഭ്യാസം കൊണ്ട് മാറ്റം വരുത്താവുന്നതുമാണ്. ആ തരത്തിൽ നമ്മൾ അതിനെ നോക്കിക്കണ്ടാൽ മതി എന്നാണ് എനിക്ക് തോന്നുന്നത്.


3.മാഷ് നേരിട്ട ഊരുവിലക്ക് എന്തിനായിരുന്നു?


 പുറത്തുനിന്നുള്ള ചൂഷണം ഏറ്റവും കൂടുതൽ അനുഭവിക്കുന്ന ഒരു വിഭാഗമാണ് ഗോത്രജനത. പ്രത്യേകിച്ചും ഇടമലക്കുടി പോലുള്ള പ്രദേശങ്ങളിൽ ... പുറംലോകവുമായി അധികം ബന്ധങ്ങൾ ഇല്ലാത്തതു കൊണ്ടുതന്നെ ഈ ജനത പലതരത്തിലുള്ള ചൂഷണങ്ങൾക്ക് വിധേയമാകാറുണ്ട്. ഇത്തരം ചൂഷണങ്ങൾക്കെതിരെ ഞാൻ പലപ്പോഴും പല സന്ദർഭങ്ങളിലും ശബ്ദമുയർത്തിയിട്ടുണ്ട്.അത് ഉദ്യോഗസ്ഥതലത്തിൽ ആയാലും കച്ചവടക്കാർക്ക് നേരെയാണെങ്കിലും . അവർക്കെതിരെ പ്രതികരിക്കേണ്ടി വന്നിട്ടുണ്ട്. അതുപോലെ ഗോത്രജനതയ്ക്കുവേണ്ടി ധാരാളം ഫണ്ടുകൾ അനുവദിക്കാറുണ്ട്. ഭവന നിർമ്മാണം   പോലെ പലതരത്തിലുള്ള ഫണ്ടുകൾ ... പക്ഷേ ഇതൊന്നും ശരിയായ രീതിയിൽ വിനിയോഗിക്കപ്പെടുന്നില്ല. നേരെമറിച്ച് അതിൽ പകുതിയും ചൂഷണം ചെയ്യുകയാണ് ചെയ്യുന്നത്.  ഇതിന് കാരണമാകുന്ന ഉദ്യോഗസ്ഥരുണ്ട് . ഇത്തരം ചൂഷണങ്ങൾക്കെതിരെ അവർക്ക് ഒപ്പം നിന്ന് ശബ്ദം ഉയർത്താൻ  മറ്റൊരാൾ ഉണ്ടാകാറില്ല. അതുകൊണ്ട് നമ്മൾ അതിനുവേണ്ടി മുൻകൈയെടുക്കുകയും ശബ്ദമുയർത്തുകയും ചെയ്യും. എന്നെ അവിടെ നിന്നും പുറത്താക്കുക എന്നത് അതുകൊണ്ടുതന്നെ അങ്ങനെയുള്ളവരുടെ ആവശ്യമായിത്തീർന്നു.  അതിന് ഒരു മാർഗം കണ്ടെത്തണം. ഒന്നുകിൽ എന്തെങ്കിലും പീഡനക്കേസിൽ എന്നെ ഉൾപ്പെടുത്തണം. അല്ലെങ്കിൽ  അഴിമതിയുമായി  ബന്ധപ്പെട്ട മറ്റൊരു കാരണത്തിൽ പെടുത്തണം. ഇതിലൊന്നും അവർക്ക് എന്നെ കുടുക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് അവർ ആ ജനതയെ എനിക്കെതിരെ തിരിക്കുക എന്ന തന്ത്രമാണ് സ്വീകരിച്ചത്. അതിനായി അവർ കണ്ടെത്തിയ മാർഗം എൻ്റെ പുസ്തകം തന്നെയായിരുന്നു. ഞാൻ പുസ്തകത്തിൽ  എഴുതിയിരുന്ന ചില അനുഭവങ്ങൾ, അറിവുകൾ ( ഒന്നോ രണ്ടോ കാര്യങ്ങൾ മാത്രമേയുള്ളൂ )അത് പഠനവിധേയമാക്കിക്കൊണ്ട്  ആ ജനതയെ എനിക്കെതിരെ  തിരിക്കുകയാണ് ചെയ്തത്. 2018 ലാണ് ഞാൻ ഊരുവിലക്ക് നേരിട്ടത്. തൊണ്ണൂറു ശതമാനം ജനതയ്ക്കും എന്നോടനുഭാവമുണ്ടായിരുന്നു  എങ്കിലും എൻ്റെ ഭാഗത്ത് തെറ്റില്ല എന്ന് അറിയാമായിരുന്നെങ്കിലും പ്രതികരിച്ചില്ല... അല്ലെങ്കിൽ അവർക്ക് പ്രതികരിക്കാൻ കഴിയുമായിരുന്നില്ല. കാരണം ഭയമായിരുന്നു... അവരേയും ഊരു വിലക്കിയാലോ? അവിടുത്തെ രീതി അനുസരിച്ച് മുതിർന്ന ആളുകളെ ഉദ്യോഗസ്ഥർ കൈയിലെടുക്കുകയാണ് ചെയ്തത്. മുതിർന്നവർ പറയുന്നതിൽ കൂടുതൽ   ഒന്നും മറ്റുള്ളവർക്ക് ചെയ്യാൻ കഴിയുമായിരുന്നില്ല.  പ്രതികരിക്കണമെന്ന് വിചാരിച്ചാൽ പോലും നടക്കില്ല. ഭയം കാരണം പലരും മൗനമായിട്ടിരിക്കുകയേയുള്ളൂ. അതുകൊണ്ടാണ് അവിടെനിന്ന് പോകേണ്ട അവസ്ഥ വന്നത് .ഇപ്പോൾ ആ പ്രദേശത്തിന് അടുത്തുള്ള മറ്റൊരു ഊരിലാണ് ഞാൻ ജോലി ചെയ്യുന്നത്. എന്നാൽ ഇപ്പോഴും അവിടുത്തെ ആളുകൾ എന്നെ വിളിക്കാറുണ്ട് .പല ആവശ്യങ്ങൾക്കും വേണ്ടി സമീപിക്കാറുണ്ട്. അതൊക്കെ ഞാൻ അവർക്കുവേണ്ടി ചെയ്തു കൊടുക്കാറുമുണ്ട്.


4.2000 ജൂണിൽ ആണല്ലോ നെൽമണൽ ഏകാധ്യാപക വിദ്യാലയത്തിൽ അധ്യാപകനാകുന്നത്. അതും അതിനെ തുടർന്നു മുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങൾ എന്തൊക്കെയായിരുന്നു?


ഇടമലക്കുടി 36,000 ഹെക്ടർ വനഭൂമിയാണ്. അതായത് 106 സ്ക്വയർ കിലോമീറ്റർ ആണ് ആ വനത്തിന്റെ ചുറ്റളവ്. ഇതിനുള്ളിൽ ഏറ്റവും ഉൾക്കാടിലാണ് നെൽമണൽ എന്ന ഊര് സ്ഥിതി ചെയ്യുന്നത്. ഒരു ആറിന്റെ തീരത്താണ് ഈ സ്ഥലം. ഞാൻ അവിടെ ചെല്ലുമ്പോൾ ഈറ്റ കൊണ്ടു നിർമ്മിച്ച കൊച്ചു വീടുകളായിരുന്നു കാണാൻ കഴിഞ്ഞത്.വളരെ കുറഞ്ഞ അകലത്തിലാണ് വീടുകൾ സ്ഥിതി ചെയ്തിരുന്നത്. നമ്മൾ ചെല്ലുമ്പോൾ അവിടെ  കുറേ കുട്ടികളുണ്ട്. ഏതാണ്ട് അഞ്ചിനും പതിനഞ്ചു വയസ്സിനും  ഇടയിലുള്ള ധാരാളം  കുട്ടികൾ അവിടെയുണ്ടായിരുന്നു. അൻപത്തെട്ടു കുട്ടികൾ ഒരു വിദ്യാഭ്യാസവും ഇല്ലാതെ ആ കാട്ടിൽ കഴിയുകയായിരുന്നു. കൃഷി ചെയ്യുക , വനവിഭവങ്ങൾ ശേഖരിക്കുക,പുഴയിൽ പോയി മീൻ പിടിക്കുക , ഞണ്ടു പിടിക്കുക ഇങ്ങനെയൊക്കെ ജീവിക്കുന്ന കുട്ടികളാണ്. താരതമേന്യ മുഷിഞ്ഞ വസ്ത്രധാരണരീതി ഒക്കെയാണ്. അവർ കാട്ടിൽ പോയി അങ്ങനെ പല ജോലിയിലും ഏർപ്പെട്ട് ജീവിക്കുന്നു. ഇവരെ ശരിക്കും  സ്കൂളിലേക്ക് കൊണ്ടുവരിക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.കാരണം പ്രധാനമായും   അവരുടെ ഭാഷ തന്നെയായിരുന്നു പ്രശ്‌നം. അവരുടെ ഗോത്ര ഭാഷ നമുക്കറിയില്ല. നമ്മുടെ മലയാളം അവർക്കും മനസ്സിലാകില്ല. മുതിർന്ന ആണുങ്ങൾക്ക് നമ്മുടെ ഭാഷ വശമുണ്ടെങ്കിൽ പോലും സ്ത്രീകൾക്കും കുട്ടികൾക്കും ഒന്നും ഒട്ടും തന്നെ വശമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ കുട്ടികളിലേക്ക് എത്തിപ്പെടാൻ കുറെ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. എങ്കിലും അവർ കൃഷിക്കായി അവിടെ കൊയ്യാനും മെതിക്കാനും ഒക്കെ ഉപയോഗിച്ചിരുന്ന ഒരു ചെറിയ ഷെഡാണ് ആദ്യമായി സ്കൂളായി മാറ്റിയെടുത്തത്.വേറെ ഒരു സംവിധാനവുമില്ല. മഴപെയ്യുമ്പോൾ മഴ നനയാതെ കയറി നിൽക്കാൻ ഒരു സൗകര്യം ...  അത്രമാത്രം. ആദ്യം ഒന്ന് രണ്ടു കുട്ടികൾ രക്ഷിതാക്കളുടെ നിർബന്ധം കാരണം വന്നെങ്കിലും അവർ പിന്നെ നമ്മളെ കാണുമ്പോൾ തന്നെ ഓടിപ്പോകുന്ന രീതിയായിരുന്നു.  ഓരോ വീടുകളിലായി കുട്ടികളെ അന്വേഷിച്ചു ചെല്ലുമ്പോൾ മിക്കവാറും വീടുകൾ അടഞ്ഞുകിടക്കുന്നതാണ് കാണാൻ കഴിഞ്ഞത്. എന്താണെന്ന് അന്വേഷിച്ചപ്പോഴാണ് അവർ മറ്റൊരു ഊരിലേക്ക് പോയി എന്നറിയാൻ കഴിഞ്ഞത്. അവിടെനിന്നും മൂന്ന് കിലോമീറ്റർ മാറി ഉൾക്കാട്ടിലുള്ള  വേറൊരു ഊരിലേക്കാണ് പോയിരിക്കുന്നത്. വാഴപ്പറ്റ്  എന്നാണ് ഊരിന്റെ പേര്. അവിടെക്കാണ് ആളുകൾ പോയിരുന്നത്. കാരണം ആ സീസണിലെ കൃഷിയും വനവിഭവശേഖരണവുമെല്ലാം അവിടെയാണ്. അതുകൊണ്ട് കുട്ടികളും രക്ഷിതാക്കളും അങ്ങോട്ട് മാറിക്കഴിഞ്ഞിരുന്നു . പിന്നീട് പിറ്റേ ദിവസം തന്നെ ആ ഊരിലേക്ക് പോയി. കുറച്ചു വീടുകൾ അവിടെയുമുണ്ട്. വന്നുചേർന്ന ആളുകളും കുട്ടികളുമൊക്കെ ഉണ്ട് . കുട്ടികളെയൊക്കെ കണ്ടെങ്കിലും അവർക്ക് നമ്മളോട് അടുക്കാനോ മിണ്ടാനോ ഒന്നും താല്പര്യം ഉണ്ടായിരുന്നില്ല. അവരെല്ലാവരും നമ്മെ കാണുമ്പോൾ തന്നെ ഒഴിഞ്ഞു മാറി പോകുന്ന രീതിയായിരുന്നു. കുട്ടികളോട് സ്കൂളിൽ പോകാൻ പറയുന്നുണ്ടെങ്കിലും (താല്പര്യത്തോടെ അല്ലെങ്കിൽപ്പോലും ) പഠിച്ചിട്ട് എന്തു നേടാനാണ് എന്നതായിരുന്നു മുതിർന്നവരുടെ ചിന്താഗതി.ഈ കാലഘട്ടത്തിനിടയിൽ ഞങ്ങൾ പഠിച്ചിട്ടില്ല, പിന്നെ എന്തിനാണ് കുട്ടികൾ പഠിക്കുന്നത് ! പഠിച്ചിട്ട് എന്താണ് ഗുണം ?! ഇങ്ങനെയൊക്കെയാണ് മിക്കവാറും ആൾക്കാർ ചിന്തിച്ചിരുന്നത്. പ്രത്യേകിച്ചും സ്ത്രീജനങ്ങൾക്കാണെങ്കിൽ അവർക്ക് പെൺകുട്ടികളെ ഒന്നും പഠിക്കാൻ വിടാൻ തീരെ മനസ്സുണ്ടായിരുന്നില്ല. ആൺകുട്ടികളെ പിന്നെയും പഠിക്കാൻ വിടാം എന്ന മട്ടുണ്ട് .പക്ഷേ പഠിപ്പിച്ചിട്ട് എന്ത് ചെയ്യാനാണ് എന്ന ചിന്താഗതിയാണ് അവർക്കുള്ളത്. അവിടെ സത്രം എന്ന് പറയുന്ന ഒരു സംവിധാനമുണ്ട്. രാത്രികാലങ്ങളിൽ പുറത്തു നിന്നുവരുന്ന ആളുകൾക്കും അവിവാഹിതരായ കുട്ടികൾക്കുമൊക്കെ വേണ്ടിയുള്ള ഇടമാണ്. ചാവടി എന്നും പറയും. വൈകുന്നേരം സത്രത്തിൽ  പോയിരുന്നു. എന്നെ കാണുമ്പോൾ കുട്ടികൾ വേറെ എവിടെയെങ്കിലും പോയിരിക്കും. പിന്നെ എങ്ങനെയാണ് ഇവരെ പഠിപ്പിക്കുക ....? പകൽസമയത്ത് ഇവരെ കൃഷി ചെയ്യുന്ന ഇടങ്ങളിൽ  രക്ഷിതാക്കൾക്കൊപ്പം ഒക്കെ കാണാറുണ്ടായിരുന്നു. വനവിഭവങ്ങൾ ശേഖരിക്കാൻ , മീൻ പിടിക്കാൻ , വ്യത്യസ്തമായ കൂണുകൾ ശേഖരിക്കാൻ ഇതൊക്കെ ചെയ്യാൻ ഇവർ പോകും.  രക്ഷിതാക്കളോട് അനുവാദം വാങ്ങിയിട്ട് ഞാനും കുട്ടികളുടെ ഒപ്പം ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ പോയി. അങ്ങനെ അവരുടെ കൂടെ തേനെടുക്കാനും കൂൺ ശേഖരിക്കാനും ഒക്കെ പോയി.അവരുമായി അങ്ങനെ ഒരു ബന്ധം സ്ഥാപിക്കാൻ പറ്റി. കാരണം അവരുടെ ഭാഷ അറിയില്ലെങ്കിൽപ്പോലും അവർക്കൊപ്പം പോയി അവരുമായി സമയം ചെലവഴിച്ചു. പേരൊക്കെ ചോദിച്ചു കൂടുതൽ നല്ല ബന്ധം സ്ഥാപിച്ചു. അങ്ങനെ പോകുന്ന വഴി ഒന്നു രണ്ടു പേരോട് പേരൊക്കെ ചോദിച്ചു .... കൂടുതൽ പരിചയപ്പെട്ടപ്പോൾ അവർ പേരൊക്കെ പറഞ്ഞു . അവരുടെ പേരൊക്കെ ഞാൻ മണലിലും മറ്റും എഴുതി കാണിക്കും. അപ്പോൾ അവർക്ക് ഇത് കണ്ടിട്ട്  സ്വന്തം പേര് എഴുതാൻ പഠിക്കണം എന്നൊക്കെ തോന്നൽ ഉണ്ടായി. പിന്നെ എന്തെങ്കിലും പഴം കിട്ടിക്കഴിഞ്ഞാൽ ഏത് പഴമാണ് എന്ന് ചോദിക്കും. അതിന്റെ പേര് ഞാൻ എഴുതി കാണിക്കും ... അങ്ങനെ അവർക്ക് പേരെഴുതുന്ന  വിദ്യ  പഠിക്കണമെന്നും അങ്ങനെ അക്ഷരപഠിക്കണം എന്നും തോന്നൽ ഉണ്ടായി.  അങ്ങനെ ചെറിയ രീതിയിൽ കുട്ടികളെ പഠിപ്പിച്ചു തുടങ്ങി. ഒന്നോ രണ്ടോ മൂന്നോ മണിക്കൂർ ഒക്കെ  മാത്രമേ കുട്ടികൾ ഇരിക്കൂ. അങ്ങനെ അവരെ സംസാരിക്കാനും അതുപോലെ എഴുതാനും ഒക്കെ പഠിപ്പിച്ചു. ആദ്യം എഴുതാൻ അല്ല പറഞ്ഞത്. പേപ്പറും കളർ പെൻസിലും ഒക്കെ കൊടുത്ത് പടം വരയ്ക്കാനാണ് ആവശ്യപ്പെട്ടത്. അങ്ങനെ അവർക്ക് താല്പര്യം ആയി പിന്നെ ചെറിയ പടങ്ങളൊക്കെ വരയ്ക്കും. ചിത്രങ്ങളിൽ ചായവും നൽകും. പിന്നെ അങ്ങനെ കുറച്ച് കുറച്ച് വളരെ സാവധാനം പഠിപ്പിക്കാൻ തുടങ്ങി .ആദ്യം അഞ്ചു മുതൽ പതിനഞ്ച് വയസ്സ് വരെയുള്ള കുട്ടികളെ ഒരുമിച്ചിരുത്തിയാണ് പഠനം ആരംഭിച്ചത് .ഇപ്പോൾ ക്ലാസുകളുടെ അടിസ്ഥാനത്തിലാണ് പഠിപ്പിക്കുന്നത്. പതിനഞ്ച് വയസ്സായ കുട്ടികൾ അത്യാവശ്യം വായിക്കാനും എഴുതാനുമൊക്കെ മാത്രമേ പഠിച്ചിട്ടുള്ളൂ. പിന്നെ അവർ ഏജ് ഓവർ ആയപ്പോൾ കൊഴിഞ്ഞുപോയി. അഞ്ചു മുതൽ ആറു വയസ്സുള്ള കുട്ടികളെയൊക്കെയാണ് കൂടുതൽ പഠിപ്പിക്കാനും പിന്നെ പുറത്തേക്ക് പഠിക്കാൻ  അയക്കാനുമൊക്കെ കഴിഞ്ഞത്.


5.പ്രധാനമന്ത്രി മൻകിബാത്തിൽ ഇടമലക്കുടിയിലെ അക്ഷരാ ലൈബ്രറിയെയും താങ്കളെയും പരാമർശിച്ചിരുന്നല്ലോ. ലൈബ്രറി പ്രവർത്തനങ്ങളെക്കുറിച്ച് പറയുമോ?


പഠനം തുടങ്ങിയ കുട്ടികൾ ഏയ്ജ് ഓവർ ആയി ഇടയിൽ വച്ച് കൊഴിഞ്ഞുപോയെന്ന് പറഞ്ഞല്ലോ. ഈ കുട്ടികൾ അക്ഷരം പഠിച്ച് അത്യാവശ്യം വായിക്കാനും എഴുതാനും ഒക്കെ പഠിച്ചിട്ടാണ് പുറത്തുപോകുന്നത്. അവരുടെ ഉപജീവനമാർഗ്ഗം തേടിയുള്ള യാത്രയാണ്.  പക്ഷേ അവർ സ്കൂളിൽ നിന്ന് പുറത്തു പോയതിനുശേഷം അവരുടെ പഠനവും വായനയും ഒന്നുമില്ലാത്ത അവസ്ഥയിലേക്ക് വന്നു. അവർക്ക് വായിക്കാനുള്ള അവസരങ്ങൾ ഇല്ല . അതിനുള്ള സ്രോതസ്സുകളും ഇല്ല . അങ്ങനെ വരുമ്പോൾ അവരിൽനിന്ന് അക്ഷരങ്ങൾ  നഷ്ടപ്പെടുന്ന ഒരു രീതിയുണ്ടായി. അപ്പോൾ അതിനെ എങ്ങനെയെങ്കിലും നിലനിർത്തണം , അതിനുള്ള മാർഗം വായന മാത്രമേ ഉള്ളൂ. അതിന് എന്താണ് ചെയ്യാൻ പറ്റുക .. ഒരു വായനശാല ഉണ്ടാകണമെന്ന ആഗ്രഹം  അങ്ങനെ മനസ്സിൽ കിടന്നു... പക്ഷേ ഇതിന് പുസ്തകങ്ങളാണ് നമുക്ക് ആവശ്യം. ആ പുസ്തകങ്ങൾ എവിടെ നിന്ന് കിട്ടും ? നമ്മൾ പഞ്ചായത്തുമായി ആലോചിച്ചപ്പോൾ പഞ്ചായത്ത് അംഗങ്ങൾക്ക് അതിനുള്ള ഒരു നല്ല മനസ്സില്ല . ആ സമയത്ത് 2010 ൽ ഇടമലക്കുടി ഗ്രാമപഞ്ചായത്തായി മാറിയിരുന്നു.അക്കാലത്ത് നമ്മുടെ മനസ്സിൽ ആശയം ഉണ്ടെങ്കിൽ പോലും നമ്മുടെ കയ്യിൽ അധികം പുസ്തകങ്ങൾ ഉണ്ടായിരുന്നില്ല. എങ്കിലും നമ്മൾ എവിടെയെങ്കിലും പോകുമ്പോൾ ചെറിയ പുസ്തകങ്ങളൊക്കെ വാങ്ങിക്കൊണ്ട് വരും. അത്തരം പുസ്തകങ്ങളൊക്കെ  കൈമാറി കൈമാറിയാണ് ഉപയോഗിച്ചിരുന്നത്. വ്യാപകമായ ഒരു വായനാശീലം ഉണ്ടാക്കിയെടുക്കാവുന്ന ശ്രമങ്ങൾ നടത്താൻ അന്ന് കഴിഞ്ഞിരുന്നില്ല. കാരണം നമ്മുടെ അവസ്ഥ അതായിരുന്നു. പിന്നീട് ഗ്രാമപഞ്ചായത്ത് ആയിക്കഴിഞ്ഞപ്പോൾ പഞ്ചായത്തുമായി ബന്ധപ്പെട്ടു കൊണ്ട് ഒരു ലൈബ്രറി നിർമ്മിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു . അവർക്ക് അതിനോട് ഒരു താല്പര്യം ഉണ്ടായിരുന്നില്ല.  പഞ്ചായത്തിൽ ഒരു  ലൈബ്രറി എങ്കിലും വേണം എന്ന് നിയമം നിലനിൽക്കേ തന്നെയാണ് ഈ സമീപനം. പഞ്ചായത്തിൻ്റെ ആദ്യത്തെ ഊരുകൂട്ടത്തിലാണ് ഉണ്ണിപ്രശാന്ത് എന്നൊരു സുഹൃത്ത് (മാധ്യമപ്രവർത്തകനാണ് ) അവിടെ വരുന്നത്. 14 ദിവസമായിരുന്നു ഊരുകൂട്ടം ഉണ്ടായിരുന്നത്. അവരുടെ ഭാഷ വശമില്ലാത്തതുകൊണ്ട്   അദ്ദേഹം എന്നേയും കൂട്ടി. ഓരോ വാർഡുകളും ഓരോ ഊരുകളാണ്. ആ  യാത്രയിൽ ഉണ്ണിപ്രശാന്തിന്റെ കൂടെ ഉണ്ടാവാനും ആ യാത്രയിൽ ഈ വ്യക്തിയെ കൂടുതൽ പരിചയപ്പെടാനും കഴിഞ്ഞു. ഓരോ കാര്യങ്ങൾ സംസാരിക്കുന്ന കൂട്ടത്തിൽ ലൈബ്രറി എന്ന ആശയവും പങ്കുവച്ചു.  അങ്ങനെ അദ്ദേഹവും നമുക്ക് ശ്രമിക്കാമെന്ന് പറഞ്ഞു. പിന്നീട് കുറച്ചു നാളുകൾക്കു ശേഷം അദ്ദേഹം എന്നെ വിളിച്ചിട്ട് കുറച്ചു പുസ്തകങ്ങൾ  സംഘടിപ്പിച്ചു തന്നു. അദേഹത്തിന്റെ സുഹൃത്തുക്കളിൽ നിന്നും ശേഖരിച്ച 160 ഓളം പുസ്തകങ്ങൾ കിട്ടി. കേരള കാമുദിയുടെ സബ് എഡിറ്റർ ആയിരുന്ന ബി.ആർ സുമേഷും ഒപ്പം ഉണ്ടായിരുന്നു.  പുസ്തകങ്ങൾ പുറത്തൊരു ഭാണ്ഡമായി കെട്ടി കാട്ടിലൂടെ ചുമന്നാണ് കൊണ്ടുവന്നത്.     ഈ പുസ്തകങ്ങൾ എവിടെ സൂക്ഷിക്കും എന്നൊരു ചിന്ത പിന്നീടുണ്ടായി. അങ്ങനെ ആലോചിച്ചപ്പോഴാണ് അവിടെ ചെറിയൊരു കടയുണ്ട്. അത്യാവശ്യം  വീട്ടാവശ്യത്തിന് വേണ്ട സാധനങ്ങൾ ഒക്കെ കിട്ടും.  ചായയും ഒക്കെ  കിട്ടുന്ന സ്ഥലം.  ആ കടക്കാരൻ എപ്പോഴും കടയിൽ ഉണ്ടാകും. അതുകൊണ്ട് ലൈബ്രറിയന്റെ ചുമതല കൂടി അദ്ദേഹം ഏറ്റെടുത്തു. അങ്ങനെയാണ് ലൈബ്രറി അവിടെ സ്ഥാപിക്കുന്നത്.  പിന്നീട് മാധ്യമങ്ങളുടെ ഇടപെടലുകൾ കാരണമാണ് ഇങ്ങനെ ഒരു ലൈബ്രറി ഉണ്ടെന്ന കാര്യം പുറംലോകം അറിയുന്നത്. മംഗളത്തിന്റെ മാധ്യമപ്രവർത്തകനായ ഐ.വി. ബാബു, കെ.ഷാജി തുടങ്ങിയവർ ഇടമലക്കുടി സന്ദർശിക്കാൻ വരുമ്പോഴാണ് ഈ കടയിലെ ചെറിയൊരു  ലൈബ്രറി എന്ന ബോർഡ് കാണുന്നതും അവിടെ ഇങ്ങനെയൊരു വായനശാല ഉണ്ടെന്ന് അറിയുന്നതും. 160 പുസ്തകങ്ങളിൽ നിന്ന് അപ്പോഴേക്കും അത് 450 ഓളം പുസ്തകങ്ങളായി മാറിയിരുന്നു. അങ്ങനെ ദി ഹിന്ദു , ഇന്ത്യൻ എക്സ്പ്രസ് തുടങ്ങിയവയിൽ ഒക്കെ വാർത്ത വന്നു. അങ്ങനെയാണ് ഈ കാര്യം പുറംലോകമറിഞ്ഞത്. മാധ്യമപ്രവർത്തകരുടെ സഹായം കൊണ്ട് ആയിരത്തിലധികം പുസ്തകങ്ങൾ നമുക്ക് പിന്നീട് കിട്ടി. അങ്ങനെ ലൈബ്രറി വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞു. അങ്ങനെ വായന കൂടുതൽ പേരിലേക്ക് എത്തിക്കാനും കഴിഞ്ഞു.  പല മാധ്യമങ്ങളും ഇതിനെപ്പറ്റി അന്വേഷിക്കുകയും പല ലേഖനങ്ങളും പലഭാഷയിൽ വരികയും ചെയ്തു. ഇത് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുകയുണ്ടായി. അങ്ങനെയാണ് മൻ കി ബാത്തിൽ ലൈബ്രറിയെപ്പറ്റി പരാമർശിച്ചത്.


6.ഒരു വശത്തൂടെ പ്രവർത്തനങ്ങൾ പ്രശംസിക്കപ്പെടുമ്പോഴും കൃഷിക്കും വിദ്യാഭ്യാസപ്രവർത്തനങ്ങൾക്കും വെല്ലുവിളിയായി വരുന്ന ഭരണകൂട പ്രവർത്തനങ്ങൾ എന്തെല്ലാമാണ്? മാഷ് നടത്തിയിട്ടുള്ള സമരങ്ങളുടെയും കർഷക സമരങ്ങളുടെയും പശ്ചാത്തലത്തിലാ ചോദിക്കുന്നെ ....


കാർഷികമേഖല കൂടുതലായും തകരുന്ന ഒരു അവസ്ഥയുണ്ട്. പണ്ടുകാലത്ത് തന്നെ പരമ്പരാഗതമായ കൃഷിരീതി അവലംബിച്ചു വന്ന ആളുകളാണ് ഗോത്രജനത .നെല്ല്, റാഗി, തിന, ചാമ ഇങ്ങനെയുള്ള ധാന്യങ്ങൾ ആയിരുന്നു അവരുടെ പ്രധാന കൃഷി. പ്രധാന ആഹാരം അരിയായിരുന്നില്ല മറിച്ച് റാഗിയായിരുന്നു. ധാന്യങ്ങൾ കൂടുതലും അവർ തന്നെ കൃഷി ചെയ്യുന്നതായിരുന്നു. ഈറ്റ ധാരാളമുള്ള കാട് കത്തിച്ചാണ് അവർ കൃഷിയിറക്കുന്നത്. ഫലഭൂഷ്ഠമായ നിലമായിരിക്കും അവിടെ ഉണ്ടാവുക. കൃഷി ചെയ്തു കഴിയുമ്പോൾ പാകമായത് മുറിച്ച് ഭക്ഷണമായി ഉപയോഗിക്കുന്നു.  ശരിക്കും കൃഷി ചെയ്ത് നാല്പത് ദിവസം മുതൽ ഭക്ഷ്യവസ്തുക്കൾ ലഭിച്ചു തുടങ്ങും. ചീര  മുറിച്ചു ഉപ്പിട്ട് വേവിച്ച് അങ്ങനെ തന്നെ കഴിക്കും (അരിഞ്ഞിട്ട് ഒന്നുമില്ല) ഉച്ചയ്ക്ക് അവരുടെ ഭക്ഷണമതാണ്. അതുപോലെ മത്തൻ മുറിച്ച് കഷ്ണങ്ങളാക്കി ഉപ്പിട്ട് വേവിച്ച് കഴിക്കും. വെള്ളരി പച്ചക്ക് കഴിക്കും. ചോളം പകുതി വേവിച്ചു കഴിക്കും. അങ്ങനെ അവരുടെ ആഹാരം അവർ തന്നെ കൃഷി ചെയ്താണ് സമ്പാദിച്ചിരുന്നത്.  എന്നാൽ ക്രമേണ  വനം വകുപ്പുകാർ  കാട് കത്തിക്കാനും അവിടെ കൃഷി ഇറക്കാനുള്ള അനുമതി നിഷേധിച്ചു. മുൻപ് എവിടെ വേണമെങ്കിലും കൃഷി ചെയ്തുകൊണ്ടിരുന്ന ആൾക്കാരാണ് .36000 ഹെക്ടർ ഏരിയയിൽ എവിടെ വേണമെങ്കിലും കൃഷി ചെയ്തിരുന്ന ജനതയാണ് . പിന്നീട്  വനം വകുപ്പുകാർ ഒരു ബൗണ്ടറി ഉണ്ടാക്കുകയും അതിനുള്ളിലേക്ക് കടക്കാൻ പറ്റാത്ത അവസ്ഥ വരികയും ചെയ്തു. അങ്ങനെ വന്നപ്പോൾ കരിങ്കാടുകൾ കിട്ടാതായി .ഈ വർഷം കൃഷി ചെയ്ത സ്ഥലത്ത് അഞ്ചു വർഷം കഴിയാതെ കൃഷി ചെയ്യാൻ പാടില്ല എന്ന നിബന്ധന വന്നു. ഇത് നെൽകൃഷിയും മറ്റും ഗണ്യമായ തോതിൽ കുറയാൻ കാരണമായി. അങ്ങനെ വന്നപ്പോൾ ധാന്യ കൃഷിയിൽ നിന്ന് പിന്മാറേണ്ട അവസ്ഥ വന്നു. അവർ  വളയപ്പെട്ടു. ഒതുങ്ങിപ്പോയി. അങ്ങനെയായപ്പോൾ ദാരിദ്ര്യം കടന്നുവന്നു. കൂടെ രോഗവും  വന്നു. പിന്നീട് പുറത്തുനിന്നുള്ള ഭക്ഷണമായി അവരുടെ ആശ്രയം.  റേഷൻ , പുറത്തു നിന്നുള്ള ആഹാരശീലം ഇതൊക്കെ പ്രശ്നമായി.  അതൊരു പ്രതിസന്ധിയായി മാറി. ശരിക്കും ആ  ജനതയെ അവരുടെ രീതിക്ക് വിട്ടിരുന്നെങ്കിൽ ദാരിദ്ര്യവും രോഗവും ഇല്ലാതെ ആരോഗ്യമുള്ള ഒരു ജനതയായി അവർ കഴിഞ്ഞിരുന്നേനെ ...  മരങ്ങൾ വെട്ടാൻ അവരെ വിടണം എന്നല്ല  ഞാൻ ഉദ്ദേശിച്ചത്. പരിസ്ഥിതിയുടെ സംരക്ഷണവും നാം ശ്രദ്ധിക്കണമല്ലോ .പക്ഷേ മരങ്ങൾ അധികം വെട്ടാൻ സമ്മതിച്ചില്ലെങ്കിലും അവർ മുൻപ് ഉപയോഗിച്ചിരുന്ന ഈറ്റക്കാടുകൾ യഥേഷ്ടം ഉപയോഗിക്കാനുള്ള സൗകര്യം ചെയ്തു കൊടുത്തിരുന്നുവെങ്കിൽ ഇന്ന് ആ ജനത അവരുടെ കൃഷിയിലൂടെ അത്തരത്തിൽ  ജീവിക്കുമായിരുന്നു. മറ്റൊരു കാര്യം പല ആനുകൂല്യങ്ങളും ഇവർക്ക് വേണ്ടി അനുവദിക്കപ്പെടാറുണ്ടെങ്കിലും ഒന്നും തന്നെ അവരിലേക്ക് എത്തുന്നില്ല എന്നതാണ്.


7.മുതുവാൻ ചരിത്രത്തിൽ പന്തളം കൊട്ടാരവുമായും കണ്ണകി ചരിത്രവുമായും തിരുവിതാംകൂർ രാജഭരണവുമായുള്ള ബന്ധങ്ങൾ എന്തൊക്കെയാണ്?


മുതുവാൻ വിഭാഗക്കാരുടെ , അവരുടെ വാമൊഴിയിൽ നിന്നും അറിയാൻ കഴിയുന്ന കാര്യം ഇവർ പണ്ട് പാണ്ഡ്യരാജാവിന്റെ ക്ഷേത്രത്തിലെ അമ്പലവാസികളായിരുന്നു എന്നാണ്. അക്കാലത്ത് എപ്പോഴോ ഒരു  ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടതിന്റെ ഫലമായി അവരുടെ വീടുകൾ ചുട്ടു ചാമ്പലാക്കപ്പെട്ടു. അവിടെ നിൽക്കാൻ സാധിക്കാത്ത അവസ്ഥ വന്നപ്പോൾ ഇവരുൾപ്പെട്ട  അഞ്ചോ അതിലധികമോ  കുടുംബങ്ങൾ അവിടെ നിന്ന് പലായനം ചെയ്തു. അങ്ങനെ അവർ പല പ്രദേശങ്ങളിൽ പല കാലഘട്ടങ്ങളിൽ കഴിയുകയും പിന്നെയും പിന്നെയും യാത്ര ചെയ്ത് വനമേഖലയിൽ എത്തി  അവിടെ വസിക്കുകയും ചെയ്തു. ഇതൊക്കെ  അവരിൽ നിന്നു തന്നെ അറിയാൻ കഴിയുന്ന കാര്യങ്ങളാണ്. അവർ വനത്തിൽ താമസിച്ചു കൊണ്ടിരുന്ന കാലഘട്ടത്തിലാണ് പൂഞ്ഞാർ രാജവംശത്തിലുള്ള രാജാവ് വന്ന് ഈ വനവാസികളെ കാണുകയും അങ്ങനെ വനവാസികൾക്ക് സംരക്ഷണം കൊടുക്കുന്നതിനായി പട്ടയം കൊടുത്തത് അവരെ തന്നെ സ്ഥലത്തിൻ്റെ അധികാരികളാക്കി  മാറ്റുകയും ചെയ്തത്. മുതുവാൻ വിഭാഗത്തിന്റെ ചരിത്രം പഠിക്കുമ്പോൾ മനസ്സിലാക്കാൻ കഴിയുന്ന മറ്റൊരു കാര്യം ഒരു കാലത്തിൽ മാത്രം വനത്തിനുള്ളിൽ വന്നുപെട്ട ജനസമൂഹം അല്ല അവർ എന്നതാണ്.  പല കാലങ്ങളിൽ പല സമയങ്ങളിൽ പല സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഒന്നുകിൽ ആഭ്യന്തരയുദ്ധം അല്ലെങ്കിൽ കലാപം ഇങ്ങനെയുള്ള കാരണങ്ങളാൽ കാട്ടിലേക്ക് കുടിയേറി പാർത്ത ജനസമൂഹമാണിവർ . മാത്രവുമല്ല  അങ്ങനെയുള്ള പല ജനവിഭാഗങ്ങളും ഒന്നുചേർന്നതാണ്  ഇന്നത്തെ മുതുവാൻ സമൂഹം . അതുകൊണ്ടുതന്നെ ഈ ജനതയ്ക്ക് കുറേ വംശങ്ങളും വംശങ്ങളിൽ തന്നെ ഉൾപ്പിരിവുകളും ഉണ്ട് . ഓരോ വംശവും അതിലെ ഓരോ വിഭാഗക്കാരും  പറയുന്ന കഥകളിലും ഓരോ  രാജാക്കന്മാരും അല്ലെങ്കിൽ രാജവംശങ്ങളുമായും അവരും തമ്മിലുള്ള ബന്ധങ്ങൾ കാണാൻ കഴിയും.  ഓരോ വിഭാഗത്തെയും നേരിൽ കണ്ട് അവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചാൽ ഇതുപോലുള്ള അനേകം കാര്യങ്ങൾ നമുക്ക് മനസ്സിലാക്കാൻ കഴിയും. മുതുവാന്മാരും പാണ്ഡ്യരാജാവും തമ്മിലുള്ള ബന്ധത്തെപ്പറ്റി എൻ്റെ പുസ്തകത്തിൽ പരാമർശിച്ചിട്ടുണ്ട്.  അമിതമായിട്ടല്ലെങ്കിലും കുറെ കാര്യങ്ങൾ അതിൽ എഴുതിയിട്ടുണ്ട്.  ഇങ്ങനെയുള്ള കാര്യങ്ങൾ എഴുതുന്നതിലും ചില പരിമിതികൾ ഉണ്ട് . അതുകൊണ്ടുതന്നെയാണ് കുറച്ചു കളഞ്ഞത്. പണ്ടുകാലത്ത് നായാട്ടിനും മറ്റുമായി രാജാക്കന്മാർ വനത്തിലേക്ക് വരുന്ന രീതിയുണ്ടായിരുന്നു. അങ്ങനെ അവിടെ വന്നപ്പോൾ ആ മേഖലയിൽ നല്ല ഒരു വീട് (മാടം) കാണുകയും ആ മാടത്തിൽ രാത്രി രാജാവ് അന്തിയുറങ്ങി എന്നുമാണ് പറയുന്നത്.  മുതുവാൻ വിഭാഗത്തിൽപ്പെട്ട ഒരാൾ പണിതതാണ് ആ മാടം . ഇതിൽ സന്തുഷ്ടനായ രാജാവ് ആ പ്രദേശം അവർക്ക് വിട്ടുകൊടുത്തു വെന്നും ആ പ്രദേശത്തിന് അങ്ങനെ പള്ളിമാടം എന്ന പേര് കിട്ടി എന്നുമാണ്  പറയുന്നത്. രാജവംശങ്ങളുമായുള്ള ബന്ധങ്ങളെപ്പറ്റി അന്വേഷിച്ചറിയുമ്പോൾ അവർക്കും നമുക്കും ഉൾക്കൊള്ളാൻ കഴിയുന്നതും കഴിയാത്തതുമായ ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിയും. ഒരുപക്ഷേ നന്മയും തിന്മയും  രാജവംശങ്ങളിൽ നിന്ന് അനുഭവിച്ചിട്ടുള്ളവരാണ്  ഇത്തരം ഗോത്രജനത . ചില രാജാക്കന്മാർ ഗുണം  ചെയ്തിട്ടുണ്ടെങ്കിൽ ചിലർ  അവർക്ക് ദോഷവും ചെയ്തിട്ടുണ്ട് എന്നും പറയപ്പെടുന്നു. കാരണം അവർക്കിടയിൽ വംശഹത്യ തന്നെ നടത്തിയ രാജാക്കന്മാർ പോലും ഉണ്ടെന്നാണ് വാമൊഴിയിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്.


8.താങ്കളുടെ 'ഗോത്രമാനസം' എന്ന പുസ്തകത്തിൽ മുതുവാൻ ഭാഷയിലെ 500ൽ പരം വാക്കുകൾ ഉദ്ധരിക്കുന്നുണ്ടല്ലോ? ഈ ഭാഷയുടെ സവിശേഷതകൾ ഒന്നു വിശദീകരിക്കാമോ?


അവരുടെ ഗോത്രഭാഷയെപ്പറ്റി പറയുമ്പോൾ ,ആദ്യം ചെല്ലുന്ന സമയത്തെ അവസ്ഥ ഞാൻ നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ. സ്കൂളിൽ ക്ലാസുകൾ ആരംഭിച്ച സമയത്ത് ഈ കുട്ടികൾ എല്ലാം ഒരുമിച്ചു കൂടിയിരുന്നു അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കുമായിരുന്നു. അന്ന് അവർ ഈ പറയുന്ന ഭാഷ ഒന്നും എനിക്ക് വശമുണ്ടായിരുന്നില്ല. സൂക്ഷ്മമായി ശ്രദ്ധിച്ചപ്പോൾ എനിക്ക്  കുട്ടികളുടെ സംസാരം കിളികൾ ചിലക്കുന്നതുപോലെയാണ് അനുഭവപ്പെട്ടത്. അവരുടെ ഭാഷ എനിക്ക് ഒട്ടും മനസ്സിലാകുന്നുണ്ടായിരുന്നില്ല. പക്ഷേ പിന്നീട് കാര്യങ്ങൾ സംസാരിക്കുമ്പോൾ അവരുടെ മുഖഭാവവും ശബ്ദവും ഒക്കെ കേട്ട് കാര്യങ്ങൾ മനസ്സിലാക്കാൻ ഞാൻ ശ്രമിക്കുമായിരുന്നു.  ആ കാലഘട്ടത്തെക്കുറിച്ച്  ആലോചിക്കുമ്പോൾ ഇപ്പോഴും അത്ഭുതമാണ്. പിന്നീട് പതുക്കെ പതുക്കെ അവരുടെ ആ ഭാഷയും എനിക്ക് മനസ്സിലായിത്തുടങ്ങി. ഓരോ പദങ്ങളുടെയും അർത്ഥം മനസ്സിലാക്കുക എന്നുവച്ചാൽ ആരും എനിക്കത് പറഞ്ഞു തരുന്നതല്ല, അവരുമായി നമ്മൾ സംസാരിക്കുമ്പോൾ അവരിൽ നിന്ന് വരുന്ന ഓരോ പദങ്ങളുടെയും അർത്ഥം ഞാൻ സ്വയം മനസ്സിലാക്കി എടുക്കുകയാണ് ചെയ്തത്. ഇതാണ് ഈ വാക്കിൻ്റെ മലയാള അർത്ഥം എന്ന് പറഞ്ഞു തരാൻ അവർക്ക് അറിയില്ലല്ലോ. അതൊക്കെ അവരിൽ നിന്നും ഞാൻ മനസ്സിലാക്കി എടുത്തതാണ് . ചിലതൊക്കെ മലയാള പദങ്ങൾ തന്നെയാണ് , നമ്മുടെ ഭാഷ തന്നെയാണ്. പക്ഷേ അത് പറയുമ്പോൾ ഉള്ള പ്രശ്നമാണ് നമുക്ക് മനസ്സിലാക്കാൻ കഴിയാതെ വരുന്നത്. പാലി ഭാഷയിൽ നിന്നുള്ള പദങ്ങൾ പോലും അതിൽ കടന്നു വരുന്നുണ്ട്.  കന്നട,തമിഴ് ഇങ്ങനെ നാനാ ഭാഷകളുടെ ഒരു കൂട്ടം ഇതാണ് ശരിക്കുപറഞ്ഞാൽ മുതുവാൻ ഭാഷ.  ഇതു കൂടാതെ അവർ സ്വയം സൃഷ്ടിച്ചെടുത്ത ചില പദങ്ങളുമുണ്ട് . മറ്റാർക്കും അറിവില്ലാത്ത ഈ പദങ്ങൾ പല ദേശത്തുനിന്നും പല കാലഘട്ടങ്ങളിലായി ഒരുമിച്ചുകൂടിയ ഗോത്രജനത സമൂഹമായി മാറിയപ്പോൾ അവരുടെ പല ഭാഷകളും ഒന്നിച്ച് ചേർന്ന്  പുതിയ ഭാഷയായി രൂപം കൊണ്ടതാണ് എന്നാണ് അനുമാനിക്കുന്നത്. ഇതാണ് ശരിക്കും ആ ഭാഷ ഇങ്ങനെയാകാനുള്ള പ്രധാന കാരണം.ഭാഷ പഠിപ്പിക്കുക എന്ന് പറഞ്ഞാൽ   ഇത്തരം മേഖലകളിൽ അവരുടെ ഭാഷ കൂടി മനസിലാക്കി കൊണ്ടും ഉൾക്കൊണ്ടും കൂടിയേ പഠിപ്പിക്കാൻ കഴിയൂ.   മലയാളികളായ നമുക്ക് മലയാളം മാതൃഭാഷയാണെങ്കിൽ ഗോത്രജനതയ്ക്ക്  ഗോത്ര ഭാഷ അവരുടെ മാതൃഭാഷയാണ്. തീർച്ചയായും ഒരു രണ്ടാം ക്ലാസ് വരെയെങ്കിലും ഇത്തരം  ഗോത്രഭാഷകൾ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള മലയാളമാണ് പാഠ്യപദ്ധതിയിൽ  ഉൾപ്പെടുത്തേണ്ടത്. മലയാളം ഒഴിവാക്കണമെന്നല്ല പറയുന്നത് ... ഗോത്രഭാഷയും അവരുടെ സംസ്കാരവും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു  പാഠ്യപദ്ധതി കൊണ്ടുവരികയാണെങ്കിൽ മാത്രമേ പൊതുസമൂഹത്തിലേക്ക് ഇത്തരം ജനതയെ എത്തിക്കാൻ കഴിയുകയുള്ളൂ എന്നാണ് മനസ്സിലാക്കുന്നത്. കാരണം സംസാരിക്കുമ്പോൾ പരിചിതമല്ലാത്ത ഒരു ഭാഷ ഒരു കുട്ടി പഠിക്കുമ്പോൾ ആ കുട്ടിക്ക് അത് ഉൾക്കൊള്ളാൻ ഏറെ കാലമെടുക്കും. ആദ്യം അവരെ അക്ഷരം പഠിപ്പിക്കുക , അക്ഷരത്തിലൂടെ പുതിയ വാക്കുകൾ പഠിപ്പിക്കുക ഇങ്ങനെയൊക്കെയാണെങ്കിലും നമ്മളുടെ പുതിയ പദങ്ങളിലൂടെ ഒരിക്കലും കുട്ടിയെ അക്ഷരങ്ങളിലേക്ക് എത്തിക്കാൻ കഴിയില്ല എന്നാണ് മനസിലാകുന്നത്. ഒന്നാം ക്ലാസിലെ പാഠപുസ്തകത്തിൽ 'ആമ' എന്നുണ്ടെങ്കിൽ ആമ എന്താണെന്ന് കുട്ടിക്ക് അറിയാമെങ്കിൽ മാത്രമേ ആ പദത്തിൻ്റെ അർത്ഥം കുട്ടിക്ക് ഗ്രഹിക്കാൻ പറ്റുകയുള്ളൂ . ആമ എന്ന് പറയുന്നത് ശരിയെന്ന തമിഴ് അർത്ഥമാണ് കുട്ടി മനസ്സിലാക്കുന്നത് എങ്കിൽ ആമ എന്ന പദത്തിന്റെ മലയാള അർത്ഥം കുട്ടിയുടെ മനസ്സിൽ വരണമെന്നില്ല. അതുപോലെ ഒരുപാട് പദങ്ങൾ ഉണ്ട് . അതുകൊണ്ടുതന്നെ ഞാൻ അവിടെയുള്ള കുട്ടികളുടെ മുമ്പിൽ ഇന്നാണെങ്കിൽ പോലും അവരുടെ പദങ്ങൾ കൂടി ഉൾപ്പെടുത്തി കൊണ്ടുള്ള പഠന രീതിയാണ് ക്ലാസുകളിൽ അവലംബിക്കുന്നത്.  പാഠപുസ്തകത്തിലെ ഒരു പദം എടുത്താൽ ഇതിൽ ഏതൊക്കെ പദമാണ്  കുട്ടിക്ക് മനസിലാകുന്നത് ,  ഏതൊക്കെ പദങ്ങളാണ് പുതിയത് എന്നും തിരിച്ചറിഞ്ഞ് ആ തരത്തിലാണ് ക്ലാസുകൾ കൊടുക്കുന്നത്. അടിസ്ഥാനാശയങ്ങൾ  കുട്ടിയ്ക്ക് നൽകിയതിനു ശേഷമാണ് പുതിയ പദങ്ങളും മറ്റും പരിചയപ്പെടുത്തുന്നത്.  പാഠപുസ്തകത്തിനുള്ളിൽ ഉള്ള കാര്യങ്ങൾ കൂടി കുട്ടികളുടെ ശ്രദ്ധയിൽ കൊണ്ടു വരുന്നതിനായി അർത്ഥം മനസ്സിലാകുന്ന തരത്തിൽ പാഠപുസ്തകത്തിലെ പദങ്ങൾകൂടി പറഞ്ഞു കൊടുക്കും. അങ്ങനെ വരുമ്പോൾ കുട്ടികൾക്ക് കാര്യം മനസ്സിലാകും. ഉദാഹരണമായി വീട്ടുപകരണങ്ങളെക്കുറിച്ച് നമ്മൾ പാഠം എടുക്കുകയാണെന്ന് കരുതുക . ആധുനിക സമൂഹത്തിൽ വളരുന്ന കുട്ടികളോട് ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ തുടങ്ങിയ സർവ്വത്ര ആധുനിക ഉപകരണ ഉപകരണങ്ങളുടെ പേരുകൾ പറഞ്ഞാൽ അവർക്ക് മനസ്സിലാക്കാൻ എളുപ്പമായിരിക്കും. നേരെമറിച്ച് ഇതൊന്നും കണ്ടിട്ടില്ലാത്ത ഇതുമായി യാതൊരു ബന്ധവുമില്ലാത്ത ഇടമലക്കുടിയിലെ കുട്ടിയോട് ഇതിനെപ്പറ്റിയുള്ള ചിത്രങ്ങൾ നൽകിയാൽ അവർക്ക് എന്തെങ്കിലും മനസ്സിലാകുമോ ?ഉരലും ഉലക്കയും വട്ടിയും കുട്ടയും ഒക്കെ അവർക്കറിയൂ. പുതിയ ഉപകരണങ്ങളെപ്പറ്റി ഒന്നും ഇവർക്ക് അറിയില്ല .കേട്ടുകേൾവിപോലും ഉണ്ടാവില്ല. അപ്പോൾ അത്തരം കാര്യങ്ങൾ അവർക്ക് പറഞ്ഞു കൊടുക്കണമെങ്കിൽ അതിനനുസരിച്ചുള്ള ക്ലാസുകൾ നൽകേണ്ടതുണ്ട്. ഇവിടത്തെ കുട്ടികൾക്ക് അറിയുന്ന കാര്യങ്ങൾ പറഞ്ഞു കൊടുത്തതിനുശേഷമാണ് പരിചിതമല്ലാത്ത കാര്യങ്ങളും പദങ്ങളും പറഞ്ഞുകൊടുക്കേണ്ടത്. അങ്ങനെ ആ രീതിയിൽ പാഠ്യപദ്ധതി പരിഷ്കരിക്കേണ്ടതുണ്ട്  എന്ന് എനിക്ക് തോന്നുന്നു.


9.കാടും കാട്ടുമൃഗങ്ങളും മനുഷ്യനും തമ്മിലുള്ള സംഘർഷം ഇപ്പോൾ വയനാട് പോലുള്ള സ്ഥലങ്ങളിൽ തുടർക്കഥയായി മാറിയിരിക്കുകയാണല്ലോ?ഇത്തരം അനുഭവങ്ങൾ ഒരുപാട് നേരിട്ടിട്ടുള്ള ആളെന്ന നിലയിൽ ഇതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?


എന്റെ അനുഭവത്തിൽ കാട്ടുമൃഗങ്ങൾ മനുഷ്യർക്ക്  എപ്പോഴും ആക്രമണകാരികളാകണമെന്നില്ല. ഉദാഹരണമായി ആനയെ എടുക്കാം. ആന ഒരു പ്രദേശത്ത് മാത്രം കാണപ്പെടുന്ന മൃഗമല്ല. ഇടമലക്കുടി മാത്രം ഉള്ള മൃഗമായി  അതിനെ കരുതാനാവില്ല. തമിഴ്നാട്ടിൽ നിന്ന് വരുന്ന ആനയുണ്ട്. കേരളത്തിലെ വിവിധ വനമേഖലകളിൽ നിന്നും വരുന്ന ആനയുണ്ട്. ഈ ആനയ്ക്ക് ഓരോ പ്രദേശത്ത് വരുമ്പോഴും അതിൻ്റെ സ്വഭാവത്തിന് വ്യത്യാസം വരുന്നതായി കാണാൻ കഴിയും. കാരണം കൂടുതലായി നാടൻ പ്രദേശങ്ങളിലുള്ള ആനയെ ഭയപ്പെടുത്തി ഓടിക്കുന്ന രീതിയുണ്ട്. നേരെമറിച്ച് ഗോത്രജനത ഒരിക്കലും ആനയെ ഭയപ്പെടുത്തി ഓടിക്കാൻ ശ്രമിക്കാറില്ല. അവർ കൃഷി ചെയ്യുന്ന സ്ഥലത്തേക്ക് ആന വന്നാൽ അവർ അതിനെ അവരുടേതായ രീതിയിൽ മടക്കി അയക്കുകയാണ് ചെയ്യുന്നത്. അതിനെ ശല്യപ്പെടുത്തിക്കൊണ്ടല്ല, ഭയപ്പെടുത്തിക്കൊണ്ടുമല്ല .... അവരതിനെ അവരുടേതായ രീതിയിൽ വഴി മാറ്റി വിടും. നേരെമറിച്ച് നാടൻ മേഖലയിൽ ആന വരുമ്പോൾ ആനയെ പടക്കം പൊട്ടിച്ചും മറ്റും ഓടിക്കാറുണ്ട്. ചിലപ്പോൾ ഉപദ്രവിക്കാറുമുണ്ട്. ചെറിയ രീതിയിൽ വെടിവെച്ച് ആയാലും കല്ലെറിഞ്ഞ് ആയാലും ഇങ്ങനെ പലരീതിയിൽ അതിനെ ആക്രമിക്കാറുണ്ട്. ഇങ്ങനെ ആക്രമിക്കുമ്പോൾ ആണ് പലപ്പോഴും ആന ഉപദ്രവകാരി ആകുന്നത്. ഇങ്ങനെ വരുമ്പോൾ അതിന് മനസ്സിലാകും അവിടെയുള്ള ജനങ്ങളുടെ സ്വഭാവം എന്താണെന്ന് ! മിക്കവാറും മൃഗങ്ങൾ തിരിച്ചു ആക്രമിക്കുന്നത് ഭയം കൊണ്ടാണ് എന്ന അഭിപ്രായക്കാരനാണ് ഞാൻ . അല്ലാതെ ചില സമയങ്ങളിൽ (മദപ്പാടുള്ള സമയങ്ങളിൽ )ചിലപ്പോൾ ഉപദ്രവകാരി ആയേക്കാം. നേരെമറിച്ച് എല്ലാ ആനകളും ഏത് സമയത്തും മനുഷ്യനെ ആക്രമിക്കും എന്ന അഭിപ്രായം എനിക്കില്ല. കാരണം ഞാൻ ആനക്കൂട്ടത്തിനിടയിലൂടെ പലപ്പോഴും ഒറ്റയ്ക്ക് നടന്നിട്ടുള്ള ഒരു വ്യക്തിയാണ്. ഇപ്പോഴും അങ്ങനെ നടക്കാറുണ്ട്. ഇരുപത്തഞ്ച് വർഷത്തോളമായി ഇത്തരത്തിലുള്ള പല അനുഭവങ്ങളും ഞാൻ നേരിട്ടിട്ടുണ്ട്. ചിലപ്പോൾ നമ്മൾ അറിയാതെ അതിന്റെ ഇടയിൽ പോയി പെട്ടാൽ ചിലപ്പോൾ അത് ചീറ്റിയേക്കും ...ഭയന്നു നമ്മൾ ഓടുകയും നമുക്ക് അപകടങ്ങൾ വന്നുപെടാനുള്ള സാധ്യതയുമുണ്ട്. കൂടുതലും ആന ഓടിച്ചുള്ള അപകടങ്ങൾ കുറവാണ്. ആനയെ കാണുമ്പോൾ തന്നെ നമ്മൾ പേടിച്ച് ഓടി നമ്മൾ തന്നെ വരുത്തി വയ്ക്കുന്ന അപകടങ്ങളാണ് അധികവും. പക്ഷേ പറയുമ്പോൾ ആന ഓടിച്ചു എന്നാകും വരിക.ഗോത്രജനത വസിക്കുന്ന സ്ഥലങ്ങളിൽ ചിലപ്പോൾ ആന വരാറുണ്ട്. ചിലപ്പോൾ അത് തീറ്റ എടുക്കുന്ന സമയമായിരിക്കും. അത് തീറ്റി കഴിഞ്ഞ് സ്വസ്ഥമായി  മടങ്ങിപ്പോകും. ചിലപ്പോൾ അവരുടെ കൃഷിയിടങ്ങളിലും മറ്റോ കടന്നു വന്നാൽ മാത്രമേ അവർ എന്തെങ്കിലും ചെയ്യുകയുള്ളൂ. അതായത് അവരുടെ ചെറിയ രീതിയിലുള്ള സംസാരം കേൾക്കുമ്പോൾ തന്നെ അത് വഴിമാറി പൊയ്ക്കോളും . ചിലപ്പോൾ പന്തം കത്തിച്ചു മറ്റേതെങ്കിലും വഴി തിരിച്ചുവിടും. അല്ലാതെ ഈ മൃഗത്തിന് പരിഭ്രാന്തി ഉണ്ടാക്കാറില്ല. ആന മാത്രമല്ല മറ്റു ചില മൃഗങ്ങളുമുണ്ട്. ഏറ്റവുമുപദ്രവകാരികൾ കാട്ടുപന്നിയും കാട്ടുപോത്തും ഒക്കെയാണ്.  കാട്ടുപോത്ത് കൂട്ടത്തോട് ചേർന്ന് തൊട്ടു തൊട്ടില്ല എന്ന രീതിയിൽ ഞാൻ കടന്നു പോയിട്ടുണ്ട്. നമ്മൾ സ്വയം പരിഭ്രാന്തരാവുകയും അതിനെ പരിഭ്രാന്തി പിടിപ്പിക്കുകയും ചെയ്യുമ്പോഴാണ് അപകടം വരുന്നത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.


10.'ഇന്നീ പൂച്ചയെ പേടിച്ചാൽ നാളെ പുലി വന്നാൽ എന്തു ചെയ്യും' ഇതാണല്ലോ മാഷ് വാട്സപ്പിലൊക്കെ ഇട്ടിരിക്കുന്ന ടാഗ് ലൈൻ.വിശദീകരിക്കാമോ?


എന്റെ പ്രവർത്തനമേഖല അധ്യാപനമാണ്. സാധാരണ ഗതിയിൽ അധ്യാപകർക്ക് തീരെ ശത്രുക്കൾ ഉണ്ടാകാറില്ല. എല്ലാവരും ചിന്തിക്കുന്നത്  ശത്രുക്കൾ ഇല്ലാത്ത ഒരു വിഭാഗമാണ് അധ്യാപകർ എന്നാണ്. കാരണം അവർ കുട്ടികളെ പഠിപ്പിക്കുന്നു. അവർക്ക് ധാരാളം ശിഷ്യഗണങ്ങൾ ഉണ്ടാകുന്നു. നേരെമറിച്ച് എന്നെ സംബന്ധിച്ച് സ്നേഹമുള്ള കുട്ടികൾക്കൊപ്പം സ്നേഹമുള്ള ജനതയ്ക്കൊപ്പം ശത്രുക്കളും ഏറെയുണ്ട്. അന്നും ഇന്നും സുഹൃത്തുക്കളോടൊപ്പം ശത്രുക്കളും ഉണ്ടായിട്ടുണ്ട്. കാരണം എന്റെ പ്രവർത്തനമേഖല അങ്ങനെയായിപ്പോയി. അതുകൊണ്ടുതന്നെ പല ഭീഷണികളും ഉണ്ടായിട്ടുണ്ട്. വധഭീഷണി പോലും നേരിടേണ്ടി വന്നിട്ടുള്ള ഒരു വ്യക്തിയാണ് ഞാൻ . ആ ഭീഷണിക്ക് നമ്മൾ വഴങ്ങി  പുറകിലോട്ട് പോയിക്കഴിഞ്ഞാൽ  എന്താണ് സംഭവിക്കുക ?  അതുകൊണ്ട് ഒന്നിനെയും നമ്മൾ ഭയപ്പെടരുത്. സൂക്ഷ്മതയോടെ മുന്നോട്ടുപോകണം . ഇന്നു വരുന്നത് പൂച്ചയാണെന്ന് കണക്കാക്കണം. നാളെ ചിലപ്പോൾ സിംഹം വരും, പുലി വരും .... ഇന്ന് ഒരു പൂച്ചയെ കണ്ട് നമ്മൾ ഭയന്ന് ഓടി ഒളിച്ചാൽ പുലി വന്നാൽ എന്തു ചെയ്യും ? അതുകൊണ്ട് മുമ്പോട്ട് വച്ച കാൽ സത്യസന്ധമാണെങ്കിൽ പുറകോട്ട് വയ്ക്കാൻ പാടില്ല. നേരെമറിച്ച് തെറ്റായ വഴിക്കാണ് പോകുന്നതെങ്കിൽ പൂച്ചയെന്നല്ല എലിയാണെങ്കിൽ പോലും ഭയപ്പെടേണ്ടി വരും. ന്യായമായിട്ടുള്ള കാര്യത്തിനാണെങ്കിൽ മുമ്പോട്ട് തന്നെ പോകണം എന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ . ഈ വിശ്വാസം ഉള്ളതുകൊണ്ടാണ് ഇങ്ങനെ ഒരു ടാഗ് ലൈൻ വാട്സ് ആപ്പിലൊക്കെ ഇട്ടിരിക്കുന്നത്.


 


88 views2 comments
bottom of page