കെ.സേതുരാമൻ ഐ.പി.എസ്സുമായുള്ള അഭിമുഖം
1) മൂന്നാറിലെ ലയങ്ങളിലെ പരിമിതസാഹചര്യങ്ങളിൽ നിന്നും പഠിച്ച് എത്തിയ വ്യക്തി എന്ന നിലയിൽ ആ ജീവിതത്തെ എങ്ങനെയാണ് ഇപ്പോൾ കാണുന്നത്?
മൂന്നാറിലെ ലയങ്ങളിലെ ജീവിതം എനിക്ക് ഒരിക്കലും മറക്കാനാകാത്ത അനുഭവമാണ്. ഏറ്റവും സന്തുഷ്ടമായ, മനോഹരമായ കാലഘട്ടമായിരുന്നു അത്. എന്റെ ബാല്യകാലം ഒരിക്കലുമെനിക്ക് മറക്കാൻ സാധിക്കില്ല. അത്ര നല്ല സുഹൃത്ബന്ധങ്ങൾ എല്ലാം ഉണ്ടായിരുന്നു. എല്ലാം പാവപ്പെട്ടവരാണ്, ലയങ്ങളിൽ താമസിക്കുന്നവർ മാത്രമേ അവിടെയുള്ളൂ…എങ്കിലും ഇല്ലായ്മയിലും തുല്യതയുണ്ട്. ആ തുല്യതയാണ് യഥാർത്ഥ സൗന്ദര്യമെന്ന് ഞാൻ മനസ്സിലാക്കുന്നു. അവിടെ ആർക്കും വിവേചനം കാണിക്കാൻ സാധിക്കുകയില്ല. ഉച്ചനീചത്വങ്ങൾ ഇല്ല. ജാതിമതവ്യത്യാസമില്ല. അവിടെ നിന്ന് ഇറങ്ങിയശേഷമാണ് ഞാൻ ഇതെല്ലാം മനസ്സിലാക്കുന്നത്. മൂന്നാറിലെ ജീവിതം എപ്പോഴും എന്റെ മനസ്സിലുണ്ട്. എന്റെ ശരീരം ഇവിടെയുണ്ടെങ്കിലും ആത്മാവ് അവിടെയാണ്.
2) അവിടെ സ്ഥലങ്ങളും ജനങ്ങളും ടാറ്റായുടെ അധീനതയിലാണെന്ന് കേട്ടിട്ടുണ്ട്. ചികിത്സ കിട്ടാതെ മരിച്ചവരെക്കുറിച്ചും കേട്ടിട്ടുണ്ട്. ഇതൊക്കെ ശരിയാണോ? ജനാധിപത്യ ഇന്ത്യയിൽ ഇതൊക്കെ സാധ്യമാണോ?
മൂന്നാറിൽ ഇടയ്ക്ക് പോകാറുണ്ട്. അവിടെ സ്ഥലമെല്ലാം ടാറ്റായുടെ അധീനതയിലാണ്. തദ്ദേശീയയായ ജനങ്ങൾക്ക് അവിടെ ഭൂമിയിൽ അവകാശമില്ല. അവിടെ ഭൂപരിഷ്കരണനിയമം നടപ്പാക്കിയിട്ടില്ല. 'കേരളം ഒരു ഭ്രാന്താലയം' എന്ന സ്ഥിതിയിൽ നിന്നും മാറി 'ദൈവത്തിന്റെ സ്വന്തം നാടാ'കാൻ കാരണം ഭൂപരിഷ്കരണനിയമം നടപ്പിലാക്കിയതുകൊണ്ടാണ്. പണ്ട് ഭൂമിയുടെ അധികാരം ജന്മികളുടെ നിയന്ത്രണത്തിലായിരുന്നു. ഭൂപരിഷ്കരണനിയമം നടപ്പിലാക്കി അധ്വാനിക്കുന്ന ജനങ്ങൾക്ക് ഭൂമി ലഭിച്ചതിനുശേഷമാണ് കേരളമുണ്ടായത്. കേരളത്തിൽ ഒരു വ്യക്തിക്ക് അഞ്ച് ഏക്കറിൽ കൂടുതൽ ഭൂമി കൈവശം വയ്ക്കാൻ സാധിക്കില്ല. വലിയ കമ്പനികൾക്കായാലും പതിനഞ്ച് ഏക്കറിൽ കൂടുതൽ സ്ഥലം കൈവശം വയ്ക്കാൻ കഴിയില്ല. കേരളത്തിൽ അതേസമയത്ത് പ്ലാന്റേഷൻ കമ്പനികൾക്ക് തേയില, കാപ്പി, റബ്ബർ തുടങ്ങിയ വിഭവങ്ങൾ കൃഷി ചെയ്യാനായി എത്ര ഏക്കർ സ്ഥലമായാലും കൈവശം വയ്ക്കാൻ അധികാരമുണ്ട്. ടാറ്റായുടെ അധീനതയിൽ ഏകദേശം ഒരു ലക്ഷത്തിപ്പതിമൂവായിരം ഏക്കർ സ്ഥലമുണ്ട്. ഇത് തിരുവനന്തപുരത്തിന്റെ രണ്ടു താലൂക്കോളം വരും. ഇടുക്കി ജില്ലയിലെ യഥാർത്ഥ അവകാശികൾ കണ്ണൻദേവൻ മലനിരകളിൽ അധിവസിക്കുന്നവരാണ്. അവരായിരുന്നു ഇടുക്കി ജില്ലയിലെ ആദ്യത്തെ കുടിയേറ്റക്കാർ . 1870കളിൽ തന്നെ അവിടെയെത്തി ഭൂമി ഉണ്ടാക്കിയത് മൂന്നാർനിവാസികളായ തോട്ടംതൊഴിലാളികളാണ്. അതിനുശേഷം 1960-70 കളിൽ മധ്യതിരുവിതാംകൂറിൽ നിന്ന് ജനങ്ങൾ കുടിയേറിപ്പാർക്കുകയുണ്ടായി. എന്നാൽ ഇവർക്കൊന്നും സ്വാതന്ത്ര്യലബ്ധിശേഷം ഭൂമിയുടെ അവകാശം ലഭിച്ചില്ല. ഭൂപരിഷ്കരണനിയമപ്രകാരം 81 ഒന്ന്, ഇ വകുപ്പു പ്രകാരം ഇളവ് നൽകി. അതുകൊണ്ട് സാധാരണക്കാരുടെ കൈവശം ഭൂമിയില്ല. പകരം കമ്പനിയുടെ സ്വത്തായി അതു മാറി. കേരളത്തിലുടനീളം അഞ്ച് ലക്ഷം ഏക്കറിലധികം സ്ഥലം ഇത്തരം കമ്പനികളുടെ കൈവശമുണ്ട്.
ജനാധിപത്യ ഇന്ത്യയിൽ ഭരണഘടനാ ഭേദഗതി 31 എ,ബി പ്രകാരം ഭൂപരിഷ്കരണനിയമം നടപ്പിലാക്കുകയായിരുന്നു. അതിനുവേണ്ടിയാണ് രാഷ്ട്രീയനേതാക്കളും ദേശീയനേതാക്കളും ശ്രമിച്ചത്. നിർഭാഗ്യവശാൽ ഇവിടെയെല്ലാം സ്വകാര്യകമ്പനികളുടെ കീഴിലാണ്. കമ്പനികളുടെ സ്വത്തായതുകൊണ്ട് അവിടെ ആർക്കും സർക്കാരിന്റെ സേവനം ലഭിക്കില്ല. ഏകദേശം 606 സ്ക്വയർ കിലോമീറ്റർ ഏരിയയിൽ അധിവസിക്കുന്ന ജനങ്ങൾക്ക് സർക്കാരിന്റെ സേവനം ലഭ്യമല്ല. അവിടെ റോഡ്, സ്കൂൾ, ആശുപത്രി എല്ലാം സ്വകാര്യകമ്പനികളുടെ കീഴിലാണ്. തദ്ദേശവാസികൾ ഇതൊന്നും ശ്രദ്ധിക്കാറില്ല. റിസോർട്ട് മാഫിയായുടേയും ഭൂമാഫിയയുടേയും സ്വത്തായതുകൊണ്ട് സാധാരണക്കാർക്ക് അവിടെ ജീവിക്കാൻ പറ്റില്ല. അതുകൊണ്ട് ആൾക്കാർ മരണപ്പെട്ടുകൊണ്ടിരിക്കുന്നു. 1984 ൽ തന്നെ ആസ്ബെസ്റ്റോസ് ഷീറ്റ് നിരോധിച്ചതാന്നെങ്കിലും ഇപ്പോഴും ആസ്ബെസ്റ്റോസ് ഷീറ്റിന്റെ കീഴിൽ ഒറ്റമുറി ലയങ്ങളിലാണ് ആളുകൾ താമസിക്കുന്നത്. അവർക്ക് ഈ നിയമമൊന്നും ബാധകമല്ല. അതുകൊണ്ട് ധാരാളം ആൾക്കാർ മരണപ്പെടുന്നു; ക്യാൻസർ രോഗികൾ ആകുന്നു…ഇതൊന്നും ചോദ്യംചെയ്യാൻ ആർക്കും സാധിക്കില്ല. കാരണം അതൊരു സ്വകാര്യസ്വത്താണ് .
കേരളത്തിൽത്തന്നെ ഏറ്റവും തുച്ഛമായ വേതനം ലഭിക്കുന്ന വിഭാഗം തേയിലത്തോട്ടം തൊഴിലാളികളാണ്. അവർക്ക് വീട് വയ്ക്കാൻ അധികാരമില്ല. ഭൂമിയിൽ അവകാശമില്ല. ഒരു അവകാശവുമില്ലാതെ ജീവിക്കുന്ന ആൾക്കാരാണ്. അതുകൊണ്ട് ഈ പറയുന്ന നിയമങ്ങളൊന്നും അവർക്ക് ബാധകമല്ല. ഇപ്പോഴും ബ്രിട്ടീഷ് കൊളോണിയൽ ഭരണവ്യവസ്ഥപോലെ അവർ ജീവിക്കുകയാണ്. അവിടെ സ്കൂളുകൾ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. കേരളത്തിലെത്തന്നെ ഏറ്റവും കുറവ് വിജയശതമാനമുള്ളത് അവിടെയാണ്. നിലവിലെ സാഹചര്യത്തിൽ സ്കൂളുകൾ അടച്ചുപൂട്ടിക്കൊണ്ടിരിക്കുകയാണ്. മൊത്തം 70 സ്കൂളുകൾ ഉണ്ടായിരുന്നതിൽ 35 സ്കൂളുകൾ മാത്രമേ ഇന്നുള്ളൂ. മറ്റെല്ലാ സ്കൂളുകളും അടച്ചുപൂട്ടി. കുട്ടികൾ ഒന്നും സ്കൂളുകളില്ല. കുട്ടികൾ തമിഴ്നാട്ടിലെ സ്കൂളുകളിൽ ചേക്കേറുന്ന അവസ്ഥയുമുണ്ട്. ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ ഗ്രാമമായിരുന്നു മൂന്നാറും പരിസരപ്രദേശങ്ങളും. അറുപതിനായിരം പേർ താമസിച്ചിരുന്നിടത്ത് ഇരുപതിനായിരം പേരായി ചുരുങ്ങി. സാധാരണജനങ്ങൾ ഭവനരഹിതരാണ്. കോളനികളിൽ താമസിക്കുന്നവരുടെ അവസ്ഥ വളരെ ദയനീയവുമാണ്.
3)കുട്ടികൾക്കിടയിലും മറ്റും മയക്കുമരുന്ന് ഉപയോഗം ഇന്ന് സുലഭമാണല്ലോ? സിഗരറ്റ് പോലുള്ള പരമ്പരാഗതലഹരികൾ നിയന്ത്രിക്കുകയും എന്നാൽ മയക്കുമരുന്ന് വിപണനം അനുവദിക്കുകയും ചെയ്യുന്ന ഒരു നിലപാട് ഇല്ലേ? ഉറവിടതലത്തിൽ നിയന്ത്രിക്കപ്പെടേണ്ടതല്ലേ ഇത്? ഒരു പോലീസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ ഈ പ്രശ്നത്തെ എങ്ങനെ കാണുന്നു?
ഞങ്ങൾ പോലീസ് ഉദ്യോഗസ്ഥർ വലിയ ഗൗരവത്തോടെ എടുക്കുന്ന ഒരു വിഷയമാണ് മയക്കുമരുന്ന്. ഇത് തടയാൻവേണ്ടി രണ്ട് വിധത്തിലാണ് പ്രധാനമായും പോലീസ് ഇടപെടുന്നത്. ഒന്നാമതായി മയക്കുമരുന്നിന്റെ ഉത്പാദനവിതരണം തടയുക. രണ്ടാമതായി ഉപഭോക്താക്കൾക്ക് ബോധവൽക്കരണം നടത്തി അവരെ പിന്തിരിപ്പിക്കുക.
മയക്കുമരുന്ന് ഉൽപാദനവിതരണം നടത്തുന്നവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരികയും കാരണക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്ന പ്രവർത്തനങ്ങളിലൂടെയാണ് പോലീസ് മുന്നോട്ടുപോകുന്നത്. മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ മയക്കുമരുന്ന് ഉപഭോഗം കുറവാണ്. ഇന്ത്യയിൽ ആകെ 2.4% ആൾക്കാരാണ് മയക്കുമരുന്ന് ഉപയോഗിക്കുന്നത്. എന്നാൽ കേരളത്തിൽ 1.2% ആൾക്കാർ മാത്രമേ മയക്കുമരുന്ന് ഉപയോഗിക്കുന്നുള്ളൂ. അതേസമയം പഞ്ചാബ്, മണിപ്പൂർ, നാഗാലാൻഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ 10% കൂടുതൽ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട്; അതും വളരെ ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കുന്നവയാണ്. കേരളത്തിലെ സാഹചര്യത്തിൽ കൂടുതൽ ഉപയോഗിച്ചു വരുന്നത് കഞ്ചാവാണ്. ഇത് നിയന്ത്രിക്കാവുന്ന കേസുകളെ ഉള്ളൂ. പോലീസ് വളരെ ഗൗരവമായി തന്നെയാണ് ഇത്തരം വിഷയങ്ങളെ സമീപിക്കുന്നത്. പണ്ട് പുകയില കേരളസമൂഹം വ്യാപകമായി ഉപയോഗിച്ചിരുന്നു. കള്ളും കറുപ്പും വളരെ വ്യാപകമായിരുന്നു. കഴിഞ്ഞ തലമുറ നോക്കിയാൽ മുറുക്കാനും വെറ്റിലയും പുകയിലയുമൊക്കെ വളരെ സുലഭമായിരുന്നു. കല്യാണങ്ങൾക്കും മരണാനന്തരചടങ്ങുകൾക്കും മറ്റുമൊക്കെ പണ്ട് ഇവ ലഭ്യമായിരുന്നു. ഇപ്പോൾ അവ ഇല്ലാതായി. ഇന്ന് ആ സാഹചര്യമില്ല. പഴയ തലമുറ മാറി പുതിയ തലമുറ വന്നപ്പോൾ ഇതൊന്നും വലിയ രീതിയിൽ ഉപയോഗിക്കുന്നില്ല. ഇതിനുകാരണം ഇവ നിർത്തലാക്കുന്നതിന് പിന്നിൽ വലിയ ഒരു ക്യാമ്പയിൻ ഉണ്ടായതാണ്. പുകയില, മുറുക്കാൻ ഇവ ആരോഗ്യത്തിന് ഹാനികരമാണ് എന്ന രീതിയിൽ പരസ്യങ്ങൾ നൽകി. ഇത്തരം ലഹരികൾ ഉപയോഗിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി. അതുകാരണം വലിയ മാറ്റമുണ്ടായി. അതുപോലെ സ്കൂൾതലത്തിൽ തന്നെ നല്ല രീതിയിൽ ബോധവൽക്കരണം നടത്തിയാൽ പുതിയ കുട്ടികൾ മയക്കുമരുന്നിനും മറ്റും അടിമപ്പെടുന്നത് തടയാൻ കഴിയും എന്നാണ് വിശ്വസിക്കുന്നത്. സ്കൂൾതലത്തിൽ സ്കൂൾ സുരക്ഷാസമിതി സജീവമാക്കി ക്യാമ്പയിനുകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. വിദ്യാർത്ഥികളിലെ മയക്കുമരുന്നിന്റെ വിപണനവും ഉപയോഗവും തടയാനായി സ്കൂൾതലത്തിൽത്തന്നെ 'യോദ്ധാവ്' എന്ന പദ്ധതിയും പ്രവർത്തിച്ചുവരുന്നുണ്ട്. പൂർണ്ണമായ രീതിയിൽ നടപ്പിലാക്കിയിട്ടില്ലായെങ്കിലും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ഫലപ്രദമായി ചെയ്യാൻ കഴിയുമെന്നാണ് കരുതുന്നത്. തീർച്ചയായും ഞങ്ങൾ വിജയിക്കുമെന്ന ഉത്തമബോധ്യം പോലീസിനുണ്ട്.
4)വീട്ടിൽ തമിഴ് സംസാരിക്കുന്ന താങ്കൾ മലയാളഭാഷാപഠനത്തിലേക്ക് എത്തപ്പെട്ടത് എങ്ങനെയാണ്?
ഞാൻ മൂന്നാർ സ്വദേശിയാണ്. കേരളത്തിലാണ് ജനിച്ചത്. തീർച്ചയായും ജനങ്ങളുടെ ഭാഷ, മാതൃഭാഷ എന്ന നിലയിൽ മലയാളം പഠിക്കണം. അങ്ങനെ കലാലയവിദ്യാഭ്യാസസമയത്ത് മലയാളം പഠിച്ചതാണ്. ആധികാരികമായി പഠിച്ചിട്ടില്ല. ഞങ്ങളുടെ സ്കൂൾ വിദ്യാഭ്യാസകാലത്ത് പരിമിതികൾ ഉണ്ടായിരുന്നു. തമിഴ്നാട്ടിൽ പോയാണ് കുട്ടികൾ മിതമായ ഫീസ് കൊടുത്തു പഠിച്ചിരുന്നത്. കൂടുതൽ തമിഴ്‌വംശജരാണ് മൂന്നാർ മേഖലയിലുള്ളത്. പിന്നീട് കോളേജ് വിദ്യാഭ്യാസസമയത്ത് മലയാളം പഠിക്കാൻ അവസരം ലഭിച്ചു. തിരുവനന്തപുരത്താണ് കലാലയവിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഐ.പി.എസ്. ആയി ജോലി കിട്ടി കേരളകേഡറിൽ ആയതിനുശേഷം കൂടുതൽ നന്നായി മലയാളം പഠിക്കാൻ അവസരം കിട്ടി. സർക്കാർ ഉദ്യോഗസ്ഥനായി ജനസേവനമാണ് നടത്തുന്നത്. മാതൃഭാഷ മലയാളമായതുകൊണ്ടും കൂടുതൽ പഠിക്കാൻ ശ്രമിച്ചു. അങ്ങനെയാണ് മലയാളഭാഷാപഠനത്തിലേക്ക് എത്തിച്ചേർന്നത്.
5)മലയാളത്തിന്റെ ഭാവി എന്താണ് എന്ന് ചോദിച്ചാൽ അങ്ങ് എന്തു പറയും?
മലയാളത്തിന്റെ ഭാവി യഥാർത്ഥത്തിൽ സാംസ്കാരികരംഗത്തും മാധ്യമരംഗത്തും സജീവമായി തുടരുമെന്ന് നിസ്സംശയം പറയാം. അതേസമയം ഉന്നതവിദ്യാഭ്യാസരംഗത്തും ഗവേഷണരംഗത്തും മലയാളത്തിന്റെ പ്രസക്തി കുറവായിരിക്കും; അല്ലെങ്കിൽ കുറഞ്ഞുവരുന്ന കാലഘട്ടമായിരിക്കും വരുന്നത്. പുതിയ വിദ്യാഭ്യാസനയം, എൻ.ഇ.പി. 2020 അനുസരിച്ച് ഉന്നതവിദ്യാഭ്യാസരംഗത്ത് ഇന്ത്യൻ ഭാഷകൾ മാധ്യമമായി സ്വീകരിക്കാൻ നയമുണ്ടായി. 1835നു ശേഷം ആദ്യമായിട്ടാണ് ഇന്ത്യൻ ഭാഷകൾ ഉന്നതവിദ്യാഭ്യാസരംഗത്ത് ഉപയോഗിക്കാമെന്ന സ്ഥിതി സംജാതമാവുന്നത്. മലയാളത്തിന്റെ സ്ഥിതി നോക്കിക്കഴിഞ്ഞാൽ ഭാഷ കൂടുതൽ കരുത്താർജ്ജിക്കുന്നത് ഭാഷയുടെ അറിവു വിതരണശേഷി കണക്കിലെടുത്തായിരിക്കും. എത്രത്തോളം ഉദാരമായാണ് അറിവുകളെ ശേഖരിക്കുന്നത് എന്നത് അനുസരിച്ചായിരിക്കും. ആധുനികകാലത്ത് അറിവുകളുടെ വിതരണം കൂടുതൽ സൃഷ്ടിക്കുന്നത് ഇംഗ്ലീഷിലാണ്. ഒരുകാലത്ത് നമ്മൾ സംസ്കൃതവാക്കുകൾ സ്വീകരിച്ചു പോന്നിരുന്നു. അതുപോലെ ഇംഗ്ലീഷ് വാക്കുകളും സ്വീകരിക്കാൻ നമ്മൾ തയ്യാറാകണം. വാക്കുകളെ, പദങ്ങളെ അതായത് ശാസ്ത്രീയമോ സാങ്കേതികമോ ആയ രീതിയിൽ കൃത്യതയോടെ സ്വീകരിക്കുന്നതിൽ തെറ്റില്ല. നമ്മുടെ അക്കങ്ങൾ നോക്കിക്കഴിഞ്ഞാൽ എല്ലാം സാർവത്രികമാണ്. ഹിന്ദി, ഇംഗ്ലീഷ്, ഫ്രഞ്ച് ഏത് ഭാഷയിലായാലും അക്കങ്ങളെല്ലാം ഒരുപോലെയാണ്. കൂടുതൽ മികവോടെ ഭാഷ ഉപയോഗിക്കുന്നതിന് കാലഘട്ടത്തിനനുയോജ്യമായി സാർവത്രികമായി ഭാഷ പ്രയോഗിക്കേണ്ടിയിരിക്കുന്നു.
6) പോലീസ് ഉദ്യോഗസ്ഥർ ഒരാളെ തിരിച്ചറിയാൻ വിരലടയാളവും ഡി.എൻ.എ.യും ആശ്രയിക്കാറുണ്ടല്ലോ? മലയാളിയെ പഠിക്കാൻ ജനിതകവഴികൾ തേടാൻ ഇടയായ സാഹചര്യം എന്താണ്? ഇത്തരം ഒരു രീതിശാസ്ത്രത്തിൽ എത്തിയത് എങ്ങനെയാണ് ?
മലയാളത്തിന്റെ ഭാവി എന്ന പുസ്തകം ഇറങ്ങിയതിനുശേഷം പല പ്രതികരണങ്ങളും ലഭിച്ചു. ചിലർ മലയാളത്തിന്റെ പഴമയെക്കുറിച്ച് വിശകലനം ചെയ്യാമോ അതിനെപ്പറ്റി സംസാരിക്കാമോ എന്നൊക്കെ അന്വേഷിക്കുകയുണ്ടായി. കേരളചരിത്രത്തെക്കുറിച്ച് പലരും പല അഭിപ്രായങ്ങളും രേഖപ്പെടുത്തിയിട്ടുള്ളതാണ്. എന്റെ സിവിൽ സർവീസ് പഠനകാലത്ത് കേരളചരിത്രവുമായി ബന്ധപ്പെട്ട് പല
നിരീക്ഷണങ്ങളും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ചും വംശീയ കുടിയേറ്റചരിത്രമാണ് കേരളത്തിൽ നിലനിന്നിരുന്നത് എന്നാണ് അഭിപ്രായപ്പെടുന്നത്. പക്ഷേ എനിക്ക് അതിനോട് യോജിപ്പില്ല. അതുകൊണ്ട് കൂടുതൽ ശാസ്ത്രീയമായ രീതിയിൽ ഇത്തരം വസ്തുതകളെ അപഗ്രഥിക്കാമെന്ന് ഞാൻ കരുതി. അങ്ങനെ സത്യം കണ്ടെത്താനാണ് ജനിതകപഠനങ്ങൾ ആധാരമാക്കിയത്. 2010 നു ശേഷം നിരവധി ജനിതകപഠനങ്ങൾ വന്നിട്ടുണ്ട്. ജനിതകപഠനങ്ങളുടെ വിശദാംശങ്ങൾ വളരെ കൃത്യമാണ്. കൂടുതൽ വിശ്വാസയോഗ്യവുമാണ്. പോലീസ് ഡിപ്പാർട്ട്മെൻറ് ആധികാരിക തെളിവുശേഖരണത്തിനായി ഡി.എൻ.എ. പഠനങ്ങൾ ഉപയോഗിക്കുന്നുണ്ട്. പല കേസുകളിലും ഇവ നിർണായക വഴിത്തിരിവുകൾ ഉണ്ടാക്കിയിട്ടുമുണ്ട്. രക്തസാമ്പിളുകളോ ഉമിനീരോ കിട്ടിക്കഴിഞ്ഞാൽ കൃത്യമായി പ്രതിയെ പിടികൂടാൻ സാധിക്കുന്നുമുണ്ട്. ഈ സാധ്യത, ചരിത്രപഠനത്തിലും ഉപയോഗിക്കുകയാണ് ഞാൻ ചെയ്തത്.
7) പരമ്പരാഗത കേരളചരിത്രരചനയിലെ ഏതെല്ലാം കാര്യങ്ങളോടാണ് പ്രധാന വിയോജിപ്പുള്ളത്?
പരമ്പരാഗതകേരളചരിത്രരചനയിലുള്ള പ്രധാനവിയോജിപ്പ് സമൂഹരൂപീകരണത്തെക്കുറിച്ചുള്ള ചരിത്രാഖ്യാനത്തെപ്പറ്റിയാണ്. നിലവിലെ ചരിത്രാഖ്യാനപ്രകാരം കേരളത്തിൽ കാണപ്പെടുന്ന ജാതിസമുദായങ്ങൾ മുഴുവൻ ഓരോ വ്യത്യസ്തവംശങ്ങളിൽപ്പെട്ട ആൾക്കാരാണെന്നാണ് പരാമർശിക്കപ്പെടുന്നത്. ഓരോ വിഭാഗത്തിൽപ്പെട്ടവരും ഓരോ കാലഘട്ടങ്ങളിൽ കുടിയേറി എന്നാണ് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നത്. ഉദാഹരണത്തിന് കേരളത്തിലെ ആദിവാസികൾ കൂടുതലും നീഗ്രിറ്റോ വംശജരാണെന്നും പട്ടികജാതിയിൽ ഉൾപ്പെട്ടവർ പ്രോട്ടോ
ആസ്ട്രലോയ്ഡ് വിഭാഗത്തിൽപ്പെട്ടവരാണെന്നും നമ്പൂതിരിമാർ വടക്കേ ഇന്ത്യയിൽ നിന്ന് കുടിയേറിപ്പാർത്ത സംസ്കൃതം സംസാരിക്കുന്ന ആര്യന്മാരാണെന്നും ഈഴവർ ശ്രീലങ്കയിൽ നിന്നും കുടിയേറിയെന്നും വിശ്വകർമ്മ പോലുള്ള പിന്നോക്കസമുദായക്കാർ തമിഴ്നാട്ടിൽ നിന്നും കുടിയേറിപാർത്തവരുമാണ് എന്നിങ്ങനെയൊക്കെയുള്ള വ്യാഖ്യാനങ്ങൾ കാണാം. പുരാണങ്ങളിലെ മിത്തുകൾ കൂടി പരിശോധിച്ചാൽ കേരളത്തിലെ സമൂഹങ്ങൾ തമ്മിൽ ബന്ധമില്ല എന്നാണ് കാണുന്നത്. ഇത്തരം നിലപാടുകളോട് പൂർണമായും വിയോജിപ്പുണ്ട്. മലയാളിസമൂഹം രൂപപ്പെടാനായി ഭാഷയും സ്ഥലനാമങ്ങളും സംസ്കാരവുമെല്ലാം പങ്കുവഹിച്ചിട്ടുണ്ട്. ഏകസമൂഹത്തിൽ നിന്ന് രൂപപ്പെട്ടവരാണ് മലയാളിസമൂഹമെന്ന് എനിക്ക് തോന്നി. അതിനെ ശരിവയ്ക്കുന്നതാണ് ഡി.എൻ.എ. പഠനങ്ങൾ. എന്റെ പ്രധാന വിയോജിപ്പ് ഈ കാര്യങ്ങളിലാണ്.
8) എം.ജി.എസ്. നാരായണനെ പോലുള്ളവരുടെയൊക്കെ പല നിലപാടുകളും വിമർശിക്കുന്നുണ്ടല്ലോ? കേരളത്തിൽ ബൗദ്ധർക്ക് കാര്യമായ സ്വാധീനമില്ലായിരുന്നു എന്ന വാദം ഖണ്ഡിക്കുന്നുണ്ടല്ലോ? അതിന്റെ അടിസ്ഥാനം എന്താണ്?
എം.ജി.എസ്. നാരായണൻ മഹാനായ ചരിത്രകാരനാണ്. ആ നിലയിലേക്കൊന്നും ഞാൻ എത്തിയിട്ടില്ല. അങ്ങനെയൊന്നും താരതമ്യപ്പെടുത്താൻ പാടില്ല. യഥാർത്ഥത്തിൽ അദ്ദേഹത്തിന്റെ നിരവധി പഠനങ്ങൾ ഞാൻ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കാലഘട്ടങ്ങളിൽ ജനിതകപഠനത്തിന്റെ അഭാവമുണ്ടായിരുന്നു. ജനിതകപഠനങ്ങൾ ഇന്ന് ലഭ്യമാണ്. അതാണ് എന്റെ വ്യത്യസ്തമായ കാഴ്ചപ്പാടിന് കാരണം. ജനിതകപഠനങ്ങൾ ഉണ്ടാകുന്നത് കഴിഞ്ഞ പത്ത് വർഷത്തിനിടയ്ക്കാണ്. മുൻപ് ഇത്തരം പഠനങ്ങളുടെ വ്യാപനം ഇല്ലായിരുന്നു.
കേരളത്തിൽ ബൗദ്ധർക്ക് കാര്യമായ സ്വാധീനമില്ലായിരുന്നു എന്ന വാദത്തോട് യോജിക്കാനാവില്ല. സാധാരണവിഷയങ്ങളിൽ പോലും ബൗദ്ധന്മാരുടെ സ്വാധീനമുണ്ട്. സ്ഥലനാമങ്ങളിൽ കാണുന്ന 'പള്ളി', അതുപോലെ നമ്മുടെ വിളിപ്പേരുകൾ അമ്മ, അച്ഛൻ, അനിയത്തി, ചേട്ടൻ സകലതും ബൗദ്ധവാക്കുകളാണ്. അമ്മ സംസ്കൃതമല്ല. ഇതെല്ലാം ബൗദ്ധന്മാരുടെ ഭാഷയാണ്. ആ ഭാഷയാണ് സംസ്കൃതത്തിലും പാലിയിലും അമ്മയെന്നും അച്ഛനെന്നും ഒക്കെ പറയുന്നത്. ആയുർവേദത്തിലും ബൗദ്ധരുടെ സ്വാധീനമുണ്ട്. ബുദ്ധനെ നമസ്കരിച്ചിട്ടാണ് പല മരുന്നുകളും പരാമർശിക്കുന്നത്. ബൗദ്ധരുടെ സ്വാധീനം പ്രകടമാകാത്തതിനു കാരണം അതൊരു വ്യത്യസ്ത മതമായിട്ട് ഇവിടെ നിലനിന്നിരുന്നില്ല എന്നതാണ്. അതായത് ബുദ്ധമതത്തിന്റെ സ്വഭാവം പരിശോധിച്ചാലറിയാം തദ്ദേശീയ മതങ്ങളെ ഇല്ലാതാക്കിക്കൊണ്ട് ബുദ്ധമതം ഒരിക്കലും വളർന്നിട്ടില്ല. ചൈനയിൽ പോയിക്കഴിഞ്ഞാൽ അവിടത്തെ ദൈവങ്ങളിലും ആരാധനാരീതികളിലുമെല്ലാം ബൗദ്ധരുടെ സ്വാധീനം കാണാൻ കഴിയും. ഇവിടെ പാശ്ചാത്യലോകത്തുനിന്നും വന്ന മതങ്ങളാണ് പ്രത്യേക മതം എന്ന രീതിയിൽ വേരുറപ്പിച്ചിട്ടുള്ളത്.
9) ജന്മിവ്യവസ്ഥയെ ദുർബലപ്പെടുത്താനും ജാതിവ്യവസ്ഥയ്ക്ക് അയവുവരുത്താനും മലയാളിസ്വത്വം രൂപപ്പെടുത്താനും അധ:സ്ഥിതരുടെ ശാക്തീകരണത്തിനും ഇസ്ലാം പങ്കുവഹിച്ചു എന്ന് പറയുന്നുണ്ടല്ലോ? അതൊന്നുകൂടി വിശദീകരിക്കുമോ?
കേരളത്തിലെ ജാതിവ്യവസ്ഥയുടെ ഫലമായി നമ്മുടെ കേരളസമൂഹം വ്യത്യസ്തമായ രണ്ട് ജീവിതസാഹചര്യങ്ങളിലൂടെയാണ് കടന്നുപോയത്. സവർണ്ണരെന്നും അവർണ്ണരെന്നും പ്രധാനമായി രണ്ടു തട്ടുകളായി സമൂഹം വിഭജിച്ചിരുന്നു. സവർണർ ക്ഷേത്രാരാധനാരീതിയെ അനുകൂലിച്ചിരുന്നു. തദ്ദേശീയരായ അബ്രാഹ്മണർ അല്ലെങ്കിൽ മറ്റു സമുദായത്തിൽപ്പെട്ടവർ(പുറംജാതിയിൽപ്പെട്ടവർ)ക്ക് ഇതൊന്നും ഇല്ലായിരുന്നു. ഈ കാലഘട്ടത്തിൽ സവർണ്ണർ പുതിയ നിയമങ്ങൾ കൊണ്ടുവന്നു. മനുസ്മൃതി, ശാങ്കരസ്മൃതി തുടങ്ങിയ ഗ്രന്ഥങ്ങൾ ഉപജീവിച്ച് പല നിയമങ്ങളും ഇവിടെ നടപ്പിലാക്കി. അതനുസരിച്ച് ഉപരിവർഗ്ഗത്തിൽപ്പെട്ടവർക്ക് തന്നെ സ്മാർത്തവിചാരം, മരുമക്കത്തായം തുടങ്ങിയ വ്യവസ്ഥകളെല്ലാം നിലനിന്നിരുന്നു. പിന്നോക്കസമുദായക്കാർ കടുത്ത സാമൂഹ്യ അസമത്വവും ഉച്ചനീചത്വങ്ങളുമെല്ലാം അനുഭവിച്ചിരുന്നു. ഇത്തരം സാമൂഹികപശ്ചാത്തലത്തിലാണ് കേരളത്തിൽ മതംമാറ്റം നടക്കുന്നത്. ആ
കാലഘട്ടത്തിൽ ഇസ്ലാം ജാതിവ്യവസ്ഥയ്ക്ക് വിരുദ്ധമായിരുന്നു. കാരണം നമസ്കാരം പറയുന്ന സമയത്ത് നമ്പൂതിരിവർഗ്ഗത്തിന് അധ:സ്ഥിതരെ കണ്ടുകൂടാ. അവർ അദൃശ്യരായി വഴിമാറിനടക്കണമായിരുന്നു. പക്ഷേ പിന്നോക്കസമുദായക്കാർ മതം മാറിക്കഴിഞ്ഞാൽ അവർക്ക് സലാം പറഞ്ഞ് ആലിംഗനം ചെയ്യുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്. അതുപോലെ പിന്നോക്കസമുദായത്തിലെ സ്ത്രീകൾക്ക് മാറുമറയ്ക്കാമെന്ന അവസ്ഥ കൈവന്നു. കടൽ കടന്ന് കച്ചവടം ചെയ്യാനുള്ള അധികാരം ലഭിച്ചു. അധ:സ്ഥിതർക്കും മറ്റും കടൽ കടക്കാൻ പാടില്ലായിരുന്നു. പുഴ കടക്കാനും പാടില്ല. പുഴ കടന്നു കഴിഞ്ഞാൽ ജാതി ഭ്രഷ്ടായി. അതേസമയം കടൽകടന്ന് കച്ചവടം ചെയ്യാനുള്ള സാഹചര്യമുണ്ടാക്കിയത് ഇസ്ലാമാണ്. അതുകൊണ്ടാണ് ജന്മിവ്യവസ്ഥയെ ദുർബലപ്പെടുത്താനും ജാതിവ്യവസ്ഥയ്ക്ക് അയവുവരുത്താനും അധ:സ്ഥിതരുടെ ശാക്തീകരണത്തിനും ഇസ്ലാം പങ്കുവഹിച്ചു എന്ന് ഞാൻ അഭിപ്രായപ്പെട്ടത്.
10) ഭാഷയ്ക്ക് സാംസ്കാരികവും ചരിത്രപരവുമായ തലങ്ങളില്ലേ? ജനിതകപഠനം കൊണ്ട് മലയാളിയെയും മലയാളഭാഷയെയും അറിയാൻ സാധിക്കുമോ ? ജനിതകപഠനത്തിൽ ചരിത്രപരമായ വൈരുദ്ധ്യങ്ങൾ ഇല്ലാതാകില്ലേ? എല്ലാവരും ഒന്നാണ് എന്ന വ്യാജവാദം ജനിതകപഠനം സൃഷ്ടിക്കില്ലേ?
ജനിതകപഠനങ്ങൾ ഒരിക്കലും കള്ളം പറയില്ല. കാരണം ഡി.എൻ.എ. തെളിവുകൾ ശാസ്ത്രീയമാണ്. അത് ആധികാരികമാണ്. അതിൽ വസ്തുനിഷ്ഠതയുണ്ട്. ഒരു കുട്ടിയുടെ അച്ഛനും അമ്മയും ആരാണെന്ന് അറിയാൻ ഡി.എൻ.എ. പരിശോധിച്ചാൽ മതി. അതുപോലെ കേരളത്തിന്റെ പൂർവികർ ആരാണെന്നറിയാൻ ജനിതകപഠനങ്ങൾ പരിശോധിച്ചാൽ മതിയാകും. ഇവരെല്ലാം ഒന്നായിരുന്നു എന്നാണ് ജനിതകപഠനങ്ങൾ വെളിപ്പെടുത്തുന്നത്. ചരിത്രരചന പരിശോധിച്ചാലും അതാണ് മനസ്സിലാക്കാൻ കഴിയുന്നത്. നിലവിലെ ചരിത്രമനുസരിച്ച് അന്നുണ്ടായിരുന്ന ഭരണവർഗവും മറ്റും പലതും അടിച്ചേൽപ്പിച്ചിരുന്നു എന്നു കരുതുന്നതിനേക്കാളും ഒരു ജൈവികപരിണാമമായിരുന്നു അത് എന്ന് മനസ്സിലാക്കുന്നതാണ് കൂടുതൽ ഉചിതം. കാരണം നമ്മുടെ സമൂഹം എപ്പോഴും പരിണമിക്കുന്ന സമൂഹമാണ്. കേരളത്തിന് ഒരിക്കലും വലിയൊരു കേന്ദ്രീകൃതഭരണസംവിധാനം ഇല്ലായിരുന്നു. ഒരു വികേന്ദ്രീകൃത സാമൂഹികചുറ്റുപാടായിരുന്നു കേരളത്തിൽ നിലനിന്നിരുന്നത്. അതായത് നമ്മുടെ കേരളചരിത്രം പരിശോധിച്ചാൽ പലതും സമൂഹനിന്ദയായിട്ടാണ് അനുഭവപ്പെടുന്നത്. സമൂഹത്തിലെ ജാതീയത, പരസ്പരം ബന്ധമില്ലായ്മ, പരസ്പരം ശത്രുത ഇവയൊക്കെ ചിലപ്പോൾ അനുഭവപ്പെട്ടേക്കാം. പക്ഷേ യഥാർത്ഥത്തിൽ ജനിതകപഠനങ്ങളുടെ പശ്ചാത്തലത്തിൽ സമൂഹരൂപീകരണം പരിശോധിച്ചുകഴിഞ്ഞാൽ കേരളത്തിലെ ചരിത്രം എന്ന് പറയുന്നത് വളരെ മനോഹരമായ ഒന്നാണ്. ഇവിടെ ഒരിക്കലും വംശഹത്യ ഉണ്ടായിട്ടില്ല; വ്യക്തിസ്വാതന്ത്ര്യം ഉണ്ടായിരുന്നു. അങ്ങനെ നിരവധി നല്ല കാര്യങ്ങൾ ഉണ്ട്. അതേസമയം വളരെ ആത്മാഭിമാനത്തോടുകൂടിയാണ് ജനങ്ങൾ ജീവിച്ചിരുന്നത്. നമ്മുടെ സംസ്കാരത്തിൽ ഒരിക്കലും അവർക്ക് അപകർഷബോധം ഉണ്ടായിരുന്നില്ല. ഒരു നൂറു വർഷങ്ങൾക്ക് മുൻപ് ഇവിടെ സാധാരണജനങ്ങൾ മാറുമറച്ചിരുന്നില്ല. മാത്രമല്ല ആണുങ്ങളും പെണ്ണുങ്ങളും ഒറ്റമുണ്ട് മാത്രമേ ധരിച്ചിരുന്നുള്ളൂ. പക്ഷേ അതൊന്നും കാരണം അവർക്ക് അപകർഷത തോന്നിയിരുന്നില്ല. ബ്രിട്ടീഷുകാരും പോർച്ചുഗീസുകാരും ഡച്ചുകാരുമൊക്കെ ഇവിടെ വന്നിട്ടുണ്ട്. അപ്പോഴും ജനങ്ങൾ തങ്ങളുടെ സംസ്കാരത്തിലൂന്നി ജീവിച്ചുവെന്നാണ് നമുക്ക് മനസിലാക്കാൻ സാധിക്കുന്നത്.
കെ.സേതുരാമൻ ഐ.പി.എസ്