top of page

'അധ്യാപകർ മതചിഹ്നങ്ങൾ ഉപേക്ഷിക്കണം'പ്രൊഫ.ടി.ജെ.ജോസഫുമായി നടത്തിയ അഭിമുഖം

അഭിമുഖം പ്രൊഫ.ടി.ജെ. ജോസഫ് / ആര്യ. സി. ജെ

സർഗ്ഗാത്മകമായ ഒരു അധ്യാപക ജീവിതം നയിച്ചതിന് സമാനതകളില്ലാത്ത ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്ന അധ്യാപകനാണ് പ്രൊഫ.ടി.ജെ.ജോസഫ്. നമ്മുടെ മത സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഭരണകൂടങ്ങൾ, പോലീസ് സംവിധാനങ്ങൾ എന്നിവയാലെല്ലാം പിൻതുടർന്നു വേട്ടയാടപ്പെട്ട അദ്ദേഹം നമ്മുടെ കപട നീതിക്ക് നേരെയുള്ള വലിയ ചോദ്യചിഹ്നമായിരുന്നു." ഞാൻ ഒരു ചോദ്യമാണ്;സാംസ്കാരിക കേരളമാണ് അതിന് ഉത്തരം പറയേണ്ടത് " എന്നു അദ്ദേഹം പറഞ്ഞു. ശരീരത്തിലും മനസ്സിലും കൊടിയ മുറിവുകൾ ഏറ്റ അദ്ദേഹത്തിൻ്റെ ഹൃദയസ്പർശിയായ ആത്മകഥയാണ് 'അറ്റുപോകാത്ത ഓർമ്മകൾ '. നീതിയെ പ്രശ്നവത്കരിക്കുന്ന ഏറ്റവും മഹത്തായ കേരളീയ ആഖ്യാനമായി അതു മാറുന്നു.നല്ലപാഠങ്ങൾ, ഭ്രാന്തന് സ്തുതി തുടങ്ങിയവ മറ്റ് കൃതികൾ

പ്രൊഫ.ടി.ജെ.ജോസഫുമായിആര്യസി.ജി.യുമായിനടത്തിയഅഭിമുഖം


Q ഇന്ത്യയുടെ വിദ്യാഭ്യാസസങ്കൽപ്പങ്ങൾ രൂപപ്പെട്ട സമയത്ത് മതപാഠങ്ങൾ എങ്ങനെ പഠിപ്പിക്കണമെന്ന ചർച്ച വന്നപ്പോൾ മതേതരമായി പഠിപ്പിക്കണമെന്ന നിർദ്ദേശം അബുൽ കലാം ആസാദിന്റെതായിരുന്നു എന്ന് വായിച്ചിട്ടുണ്ട്. എന്നാൽ ഇന്ന് ഇന്ത്യയിൽ സർക്കാർ ശമ്പളം നൽകുന്ന ക്ലാസ്മുറികളിലും അല്ലാത്തവയിലും മതചിഹ്നങ്ങൾ അതുപോലെ നിലകൊള്ളുന്നുവല്ലോ? പാഠ്യപദ്ധതികളിലെ മതവത്കരണം, മതചിഹ്നങ്ങളിഞ്ഞ അധ്യാപകർ, പ്രാർത്ഥനകൾ.......

A നമ്മുടെ രാഷ്ട്രം, ഭാരതം ഒരു മതേതരരാജ്യമാണ്. മതേതരരാജ്യം എന്നാൽ മതമില്ലാത്ത രാജ്യം എന്നാണർത്ഥം. പക്ഷേ നമ്മുടെ ആളുകൾ അതിനെ വ്യാഖ്യാനിക്കുന്നത് എല്ലാമതങ്ങൾക്കും തുല്യപ്രാധാന്യമുള്ള/സ്ഥാനമുള്ള ഒരു രാജ്യമായിട്ടാണ്; അങ്ങനെ അവർ ദുർവ്യാഖ്യാനം ചെയ്യുകയാണ്. മതമില്ലാത്ത രാജ്യത്ത് മതേതരമായ വിദ്യാഭ്യാസപദ്ധതി തന്നെയാണ് നടപ്പിലാക്കേണ്ടത്. പൊതുവിദ്യാലയങ്ങളിൽ(സർക്കാരിന്റെ ശമ്പളം കൈപ്പറ്റി അധ്യാപകർ ജോലി ചെയ്യുന്നിടങ്ങളിൽ )മതം പ്രവേശിക്കാൻ പാടുള്ളതല്ല. ഇത്തരം സ്ഥലങ്ങളിൽ മതദൈവങ്ങളുടെ രൂപങ്ങളോ ചിഹ്നങ്ങളോ മതത്തിന്റെ പ്രാർത്ഥനകളോ പൊതുവായി കുട്ടികളെക്കൊണ്ട് ചൊല്ലിക്കാൻ പാടുള്ളതല്ല.. അതുപോലെ സർക്കാർ ശമ്പളം കൈപ്പറ്റി ജോലി ചെയ്യുന്നവർ മതവേഷത്തിൽ, മതചിഹ്നങ്ങൾ അണിഞ്ഞ് വരാനും പാടില്ല. അങ്ങനെയൊക്കെയാണ് മതേതരരാജ്യമായ ഇന്ത്യയിൽ വിദ്യാഭ്യാസസമ്പ്രദായം തുടരേണ്ടത്. ഇതിൽ ഭാഗമാകുന്ന അധ്യാപകരും മതേതരമായ കാഴ്ചപ്പാടുളളവരായിരിക്കണം. മാത്രമല്ല നമ്മൾ ഉയർന്നു ചിന്തിക്കുകയും വീടിന് പുറത്ത് മതപഠനം പോലുള്ളവ ഒഴിവാക്കുകയും ചെയ്യണം. എങ്കിൽ മാത്രമേ നമ്മുടെ ഭരണഘടന അനുശാസിക്കുന്നതുപോലെ മതേതരരാഷ്ട്രമാണ് ഭാരതം എന്ന് ആത്മാർത്ഥമായി പറയാൻ സാധിക്കുകയുള്ളൂ. ഇന്ത്യ മതേതരരാഷ്ട്രമാണ്, ഭരണഘടനയിൽ അങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ടെന്നു പറയുമ്പോഴും നമ്മൾ ആ ചിന്തയിൽ നിന്ന് വളരെ അകലത്തിലാണെന്ന് തിരിച്ചറിയണം. മതേതരത്വം എന്ന സങ്കല്പത്തിലേക്ക് കടക്കണമെങ്കിൽ നമ്മൾ വളരെ കർക്കശമായ പല മാർഗങ്ങളിലൂടെ ഇനിയും സഞ്ചരിക്കേണ്ടിയിരിക്കുന്നു.


Q ഭരണഘടന എത്രനന്നായാലും പണത്തിനും അധികാരത്തിനും വേണ്ടിമതസംഘടനകളെ പ്രീതിപ്പെടുത്തുന്ന, രാഷ്ട്രീയകക്ഷികൾനി യന്ത്രിക്കുന്നനീതിന്യായം ദുരന്തമായിത്തന്നെ മാറുന്നു എന്നതി ന്ദൃഷ്ടാന്തമല്ലേമാഷിന്റെജീവിതം? ആൾക്കൂട്ടത്തിന്റെഅഭിപ്രായത്തിനൊത്തല്ലേമാഷിനോട്കാട്ടിയനീതികേടുംനീതിയുംസഞ്ചരിച്ചത്?


A മതത്തിന് വളരെ പ്രാധാന്യമുള്ള രാജ്യമാണ് നമ്മുടേത്. നമ്മുടെ ഭരണഘടനയിൽ മതേതരത്വം എന്നൊക്കെ പറഞ്ഞു വച്ചിട്ടുണ്ടെങ്കിലും അങ്ങോട്ടേക്ക് ഇനിയും നടന്നെത്തിയിട്ടില്ല. നമ്മുടെ ജനാധിപത്യരീതി ആധുനികയുഗത്തിന് ചേർന്നതായി ഇനിയും പരിണമിച്ചിട്ടില്ല. ഇപ്പോഴും രാജാവും പ്രജയും എന്ന സങ്കല്പത്തിൽ നിന്നും വിടുതൽ നേടിയിട്ടില്ല. മതത്തിന് രാജഭരണത്തിലുള്ളതുപോലുള്ള പ്രാധാന്യം ഇന്നും നിലനിൽക്കുന്നുണ്ട്. ജനാധിപത്യരീതിയിലുള്ള ഭരണം എന്ന് പറയുമ്പോൾ വോട്ട് ചെയ്യാനുള്ള അവകാശമായത് ചുരുങ്ങിയാണ് നമുക്ക് അനുഭവപ്പെടുന്നത്. തെരഞ്ഞെടുപ്പിലൂടെയാണ് ഓരോ രാഷ്ട്രീയപാർട്ടിയുംഅധികാരത്തിൽ വരുന്നത് എന്ന സംഗതി മാത്രമേ ജനാധിപത്യരീതിയിലൂടെ സംഭവിക്കുന്നുള്ളൂ. നമ്മുടെ ഭരണത്തിന്റെ എല്ലാ മേഖലകളിലും ഇപ്പോഴും അരങ്ങേറിക്കൊണ്ടിരിക്കുന്നത് പഴയ രാജാധികാരത്തിന്റേതായ അവശിഷ്ടങ്ങളാണ്. ഭരണം കിട്ടാൻ ജനങ്ങളുടെ വോട്ട് വേണമെന്നുള്ളതുകൊണ്ടും ജനങ്ങൾ പലപ്പോഴും മതത്തിന്റെ ചങ്ങലകളിൽ തുടരുന്നതുകൊണ്ടുംഅവരെ പ്രീതിപ്പെടുത്താനായി ഭരണത്തിലെത്താൻ ശ്രമിക്കുന്ന രാഷ്ട്രീയക്കാർ മത്സരത്തിലാണ്.

ടി.ജെ . ജോസഫ്‌ കടപ്പാട് : ഗൂഗിള്‍ ഇമേജ്

അവർ എപ്പോഴും ഈ ജനക്കൂട്ടത്തെ തൃപ്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്. "ഒരു ജനക്കൂട്ടത്തെ തൃപ്തിപ്പെടുത്താൻ ഒരു നീതിമാനെ കൊലയ്ക്ക് കൊടുത്താലും കുഴപ്പമില്ല" എന്ന പ്രാകൃതരീതി, പണ്ട് കയ്യാഫാസ് യേശുവിന്റെ കാലത്ത് പറഞ്ഞ കാട്ടുനീതി, അധികാരത്തിന്റേതായ അനീതി തന്നെയാണ് ഭാരതത്തിലെ ഭരണകൂടവും രാഷ്ട്രീയപാർട്ടികളും ഇപ്പോഴും തുടരുന്നതും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും. ജനാധിപത്യം വികസിച്ചു വരുമ്പോൾ തീർച്ചയായും അതുപോകും. നീതിയുടേയും ന്യായത്തിന്റേയും പക്ഷത്ത് ഭരണകർത്താക്കൾ നിലകൊള്ളുന്ന സ്ഥിതി വരും. എന്നാൽ ഭരണഘടനയോട് കൂറുപുലർത്തേണ്ടതിനു പകരം ജനക്കൂട്ടത്തെ തൃപ്തിപ്പെടുത്തി എങ്ങനെയെങ്കിലും അധികാരം കൈയ്യാളുക എന്നുള്ള പഴയനിയമം തന്നെ ഇന്നത്തെ ജനാധിപത്യ ഭരണക്രമത്തിലും തുടരുന്നു എന്നതിന് ദൃഷ്ടാന്തമാണ് എന്റെ കാര്യത്തിലും സംഭവിച്ചത് എന്നുതന്നെയാണ് ഞാൻ കരുതുന്നത്.


Q തീവ്രവാദികളിൽ നിന്നും നേരിടേണ്ടി വന്ന ആക്രമണത്തേക്കാൾ ഭീകരമായിരുന്നല്ലോ മാഷ് ജോലി ചെയ്ത ഏയ്ഡഡ് മാനേജ്മെന്റിൽ നിന്നും ഉണ്ടായത്?


A മുസ്ലിം മതതീവ്രവാദികളിൽ നിന്നാണ് എനിക്ക് ശാരീരികമായ ആക്രമണം ഉണ്ടായത്. അവർ അവരുടേതായ വിശ്വാസപ്രമാണങ്ങളാൽ ബന്ധിതരായിട്ട് ചെയ്ത കൃത്യമാണത്. പ്രാകൃതമായ വിശ്വാസസംഹിതകളിൽ ബന്ധനസ്ഥരായതുകൊണ്ടും അതിൽ നിന്ന് മോചിതരല്ലാത്തതുകൊണ്ടും എനിക്ക് നേരെ ഉണ്ടായ ആക്രമണമാണത്. അതിനെ ഞാൻ ആ രീതിയിലെ കാണുന്നുള്ളൂ. കാരണം അവർ എനിക്ക് അപരിചിതരാണ്. അപരിചിതരായ ആളുകളിൽ നിന്ന് അകാരണമായി ഉണ്ടായ ആക്രമണം, ജീവിതത്തിൽ ഉണ്ടായ മുറിപ്പാടാണത്.

പക്ഷേ എന്നെ കോളേജിൽ നിന്ന് പിരിച്ചുവിടുന്ന മാനേജ്മെന്റും ആ മാനേജ്മെന്റിനെ നയിക്കുന്ന കത്തോലിക്കാസഭയുമൊക്കെ ഞാനും കൂടി ഉൾപ്പെട്ടിരുന്ന ഒരു സമൂഹമാണ്. 'എല്ലാത്തിന്റെയും അടിസ്ഥാനം സ്നേഹമാണ്; നിന്നെപ്പോലെ അയൽക്കാരനെയും സ്നേഹിക്കണം' എന്ന് പറയുന്ന ക്രിസ്തുവിന്റെ ശിഷ്യന്മാരായിട്ട് കരുതുന്നവരാണ് ആക്രമണകാരികളാൽ മൃതപ്രാണനായി കിടന്ന എന്നെ ജോലിയിൽ നിന്നും പിരിച്ചു വിടുന്നത്. അവർ ആക്രമണകാരികളെപ്പോലെ അപരിചിതരായിരുന്നില്ല. പരിചിതരായിരുന്നുവെന്ന് മാത്രമല്ല വളരെ കാലമായി സൗഹാർദ്ദത്തിൽ കഴിഞ്ഞവരുമാണ്. ഒരുമിച്ച് ഭക്ഷണം കഴിച്ചും ഒരുമിച്ച് സല്ലപിച്ചും ഒരുമിച്ച് ജോലി ചെയ്തും ഒരുമിച്ചു ജീവിച്ചുവന്ന സഹപ്രവർത്തകരിൽ നിന്നാണ് (ചിലർ അധികാരികളാണെങ്കിലും) ദുരിതസമയത്ത് ജോലിയിൽ നിന്നും പിരിച്ചുവിടൽ നടപടി ഉണ്ടായത്. അത് എന്റെ ജീവിതത്തെ വളരെയേറെ ബാധിച്ചു .എന്റെ കുടുംബത്തിന്റെ ജീവനോപാധി നഷ്ടപ്പെട്ടു. മാത്രമല്ല ആ ഒരു സമീപനം, വേണ്ടപ്പെട്ടവരിൽ നിന്നുണ്ടായ ഒരു ദുഃഖം, അനീതി അതാണ് എന്നെ ഏറ്റവും കൂടുതൽ സങ്കടപ്പെടുത്തിയത്. എന്നെ ശാരീരികമായി ആക്രമിച്ചവരേക്കാൾ, അതുമൂലമുണ്ടായ വിഷമങ്ങളെക്കാൾ എന്നെ മാനസികമായി കൂടുതൽ തളർത്തിയതും തകർത്തതും ഇപ്പോഴും വേദനിപ്പിച്ചു കൊണ്ടിരിക്കുന്നതുമായ കാര്യം മാനേജ്മെൻറ് എന്നെ അകാരണമായിട്ട് ജീവനമാർഗ്ഗമായ ജോലിയിൽ നിന്ന് പിരിച്ചുവിട്ട നടപടിയാണ്.


Q മതസംഘടനകളും മതതീവ്രവാദി സംഘടനകളും തമ്മിലുള്ള വ്യത്യാസം എന്താണ്?

മതങ്ങൾ മുന്നോട്ടുവയ്ക്കുന്ന സന്മാർഗ പാഠങ്ങളിലൂടെയാണ് മനുഷ്യർ നീതിബോധമുള്ളവരും ധർമ്മനിഷ്ഠയുള്ളവരുമായി പരിവർത്തനം ചെയ്യപ്പെടുന്നത് എന്ന് ചിലർ കരുതുന്നുണ്ടല്ലോ?


A മതത്തിന്റെ പേരിലുള്ള വിഭാഗീയതയെ അടിസ്ഥാനമാക്കിയാണ് എല്ലാ മതസംഘടനകളും പ്രവർത്തിച്ചുവരുന്നത്. തന്റെ മതമാണ് ഏറ്റവും ഉത്കൃഷ്ടം എന്ന് ഒരു വിഭാഗം പറയുമ്പോൾ അത് മറ്റു മതങ്ങളെ നിന്ദിക്കലാണ്. ആശയപരമായ വിഭാഗീയത സൃഷ്ടിക്കുകയാണ് പല മതസംഘടനകളും ചെയ്യുന്നത്. പക്ഷേ ചില മതസംഘടനകൾ തങ്ങളോടൊപ്പമല്ലാത്തവരെ, തങ്ങളുടെ ആശയപദ്ധതിക്കും കർമ്മപദ്ധതിയ്ക്കും ഉൾപ്പെട്ട് പ്രവർത്തിക്കാത്തവരെ ആക്രമിക്കാനോ കൊല ചെയ്യാനോ വരെ തയ്യാറാകുന്നു. അത്തരത്തിൽ ആക്രമകാരികളാകുന്ന തരത്തിൽ ചിന്തകളും പ്രവർത്തനങ്ങളും തീവ്രമാകുമ്പോഴാണ് അവരെ മതതീവ്രവാദികൾ എന്ന് വിളിക്കാൻ മുതിരുന്നത്.

ടി.ജെ . ജോസഫ്‌ കടപ്പാട് : ഗൂഗിള്‍ ഇമേജ്

മതപഠനം ഇല്ലെങ്കിൽ പിന്നെങ്ങനെയാണ് മനുഷ്യർ നല്ല മനുഷ്യനായി മാറുന്നത് എന്നതാണല്ലോ മറ്റൊരു ചോദ്യം. മതപ0നമില്ലെങ്കിൽ അവരിലുള്ള കിരാതമായ വാസനങ്ങളൊക്കെ പുറത്തുവരികയും ജനങ്ങളെ കൊല്ലുകയും കൊള്ളയടിക്കുകയുമൊക്കെ ചെയ്യില്ലേ എന്നാണ് ….അതിൽ നിന്നൊക്കെ അവരെ പിന്തിരിപ്പിക്കുന്നത് മതങ്ങൾ മുന്നോട്ടുവയ്ക്കുന്ന സന്മാർഗപാഠങ്ങൾ എന്നാണ് നമ്മളൊക്കെ കരുതിയിരിക്കുന്നത്.മതങ്ങളിലൊക്കെ അങ്ങനെയുള്ള സന്മാർഗ പാഠങ്ങൾ ഉണ്ടെന്നുള്ളത് ശരിയാണ് .മനുഷ്യനെ സ്നേഹിക്കണമെന്ന് പറയുമ്പോൾ മതങ്ങളുടെ സ്ഥാനത്ത് മാനവികത തന്നെയാണ് പ്രതിഷ്ഠിക്കേണ്ടത്.ഈ ലോകത്തിലെ മനുഷ്യർ മുഴുവൻ നമ്മുടെ സഹോദരങ്ങളാണ് , നമ്മെപ്പോലെ ജീവിക്കാൻ തത്രപ്പെടുന്നവരാണ്… അവരെ സഹായിക്കണം എന്നുള്ള മാനവികപാഠങ്ങൾ കുട്ടികൾക്ക് പൊതുവിദ്യാഭ്യാസത്തിൽ തന്നെ നമ്മൾ പകർന്നു കൊടുക്കണം. മതബോധത്തിന് പകരം മനുഷ്യബോധമാണ് കൊടുക്കേണ്ടത്.ഈ ഭൂമുഖത്ത് ജീവിക്കുന്നതിൽ മനുഷ്യനാണ് ചിന്താശേഷിയുള്ളതും മഹത്തരവുമായ ജീവിവർഗ്ഗം ആ രീതിയിൽ പറഞ്ഞു കൊടുത്താൽ മതി.മറ്റുള്ളവർ നമ്മെ ഉപദ്രവിക്കുന്നത്, മോഷ്ടിക്കുന്നത്, ഭർത്സിക്കുന്നത് ഇതൊന്നും നമുക്ക് ഇഷ്ടമല്ലല്ലോ .അപ്പോൾ നമുക്ക് ഇഷ്ടമല്ലാത്ത കാര്യങ്ങൾ നമ്മൾ മനപ്പൂർവം അങ്ങോട്ടും ചെയ്യാതിരിക്കുക.മറ്റുള്ളവർ നമ്മളോട് എന്തുചെയ്യണമെന്ന് ആഗ്രഹിക്കുന്നുവോ അതെല്ലാം അങ്ങോട്ടും ചെയ്തു കൊടുക്കുക.അങ്ങനെ സഹവർത്തിത്വത്തിലൂടെ സ്നേഹത്തിലൂടെ നമ്മൾ ജീവിക്കുകയാണെങ്കിൽ ഈ ഭൂമിയിലെ മനുഷ്യജീവിതം വളരെ സുഗമമാകും.മാനവികതയിൽ അധിഷ്ഠിതമായിട്ടുള്ള ഒരു പൗരബോധം നമുക്ക് ഉണ്ടാകണം. അങ്ങനെ ഉണ്ടായാൽ മാത്രമേ നമുക്ക് ആനന്ദഭരിതരായി ജീവിക്കാൻ പറ്റൂ.ഇപ്പോൾ ലഭ്യമാകുന്ന കണക്കുകളനുസരിച്ച് ഏറ്റവും ആനന്ദഭരിതരായി ജനങ്ങൾ ജീവിക്കുന്ന കാൻഡിനേവിയൻ രാജ്യങ്ങളുണ്ട് .ഡെന്മാർക്ക് , സ്വീഡൻ മുതലായ രാജ്യങ്ങൾ .അവിടെയൊക്കെ 18 വയസ്സിനു മുൻപ് മതം പഠിപ്പിച്ചാൽ അവരെ ശിക്ഷിക്കും .അവർക്കെതിരെ കേസ് എടുക്കും. മതപഠനം ഇല്ലാത്ത രാജ്യങ്ങളിൽ ജയിലുകൾ കുറഞ്ഞു വരികയാണ്. കാരണം അവിടുത്തെ മനുഷ്യർ ആധുനിക മനുഷ്യരായി മാറി. ജയിലിൽ പോകാനുള്ള കുറ്റവാളികൾ ഇല്ലാതായി.ശാസ്ത്രാവബോധം ഉൾക്കൊണ്ട് മാനവികതയിൽ പുലരുന്ന നല്ല മനുഷ്യരായിട്ട് ആധുനികകാലത്ത് ജീവിക്കാൻ പ്രാപ്തരായി തീർന്നതുകൊണ്ടാണ് അവിടെ കുറ്റകൃത്യങ്ങൾ ഇല്ലാതാകുന്നത് .അത്തരം രാജ്യങ്ങളിൽ മതപഠനമോ അതിരു കവിഞ്ഞ മതവിശ്വാസമോ ഒന്നും തന്നെയില്ല. അവർ വളരെ സന്തോഷചിത്തരായിട്ട് ആരേയും ദ്രോഹിക്കാതെ പരസ്പരം സ്നേഹിച്ചും സഹവർത്തിത്വത്തോടെയും ജീവിക്കുന്നു.അങ്ങനെയുള്ള ആധുനിക പൗരന്മാരാണ് നമ്മൾ മാറേണ്ടത് .അങ്ങനെ മാറാനാണ് നമ്മൾ കുട്ടികളെ പഠിപ്പിക്കേണ്ടത് . മതത്തിന്റെതായ വിഭാഗീയതയിലൂടെ സനാതന മൂല്യങ്ങൾ പകർന്നു കൊടുത്തിട്ട് കാര്യമില്ല. ആധുനിക മനുഷ്യർക്ക് പൗരബോധം ഉണ്ടാവണം. നല്ല മനുഷ്യരായിട്ട് അവർ മാറണം. മതരഹിതമായ ലോകം സ്വപ്നം കാണുന്നതോടൊപ്പം ആധുനിക പൗരന്മാരായിട്ട് മാറുന്ന ജനമാണ് ലോകത്തുണ്ടാകേണ്ടത് .എന്നാൽ മാത്രമേ ഈ ലോകജീവിതം സുന്ദരസുരഭിലമാവുകയുള്ളൂ.


Q കൂടെയുണ്ടാവും എന്ന് കരുതിയ സുഹൃത്തുക്കളുമല്ല ഭരണകൂടദാസന്മാരായ സാംസ്കാരികപ്രവർത്തകരുമല്ല മാഷിനൊപ്പം പ്രശ്നസന്ദർഭങ്ങളിൽ ഉണ്ടായിരുന്നത്. "വിടവാങ്ങൽ ചടങ്ങ് പ്രിൻസിപ്പലിന്റെ ഓഫീസിൽ വച്ചായിരുന്നു. അന്ന് മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയില്ല. വിരമിക്കുന്ന മറ്റ് അധ്യാപകരോടൊപ്പം തന്നെ ഞാനും എല്ലാവരോടും യാത്ര പറഞ്ഞു .അപ്പോൾ അനധ്യാപകവിഭാഗത്തിലെ ഒരു സ്ത്രീ വന്ന് എന്റെ വലതു കൈപ്പത്തിയിൽ ചുംബിച്ചു. അവരുടെ ധൈര്യം ഓർത്തു ഞാൻ അത്ഭുതപ്പെട്ടു "ഇങ്ങനെ എഴുതിയിട്ടുണ്ടല്ലോ? സ്നേഹിക്കാൻ വലിയ ധൈര്യം ഉണ്ടാകണമെന്ന പാഠമാണോ മാഷ് ജീവിതത്തിൽ എന്നും പഠിച്ചത് ?


A ആളുകളെല്ലാം പാസീവ് ആയി ചിന്തിക്കുന്നവരും പ്രവർത്തിക്കുന്നവരുമാണ്. സമൂഹത്തിൽ ഒറ്റപ്പെട്ടു നിൽക്കുന്നവരുടെ ഭാഗത്ത് ന്യായവും സത്യവും ഉണ്ടെങ്കിൽപ്പോലും അവരെ സഹായിക്കാനോ അവരുടെ പക്ഷം ചേരാനോ അവർക്ക് വേണ്ടി എന്തെങ്കിലും സംസാരിക്കാനോ പലരും കൂട്ടാക്കുന്നില്ല എന്നതാണ് വാസ്തവം. അതായത് സത്യത്തെയും നീതിയെയും സ്നേഹിക്കാൻ അസാമാന്യധൈര്യം തന്നെ വേണം. എന്ത് പ്രതിസന്ധികൾ വന്നാലും എന്ത് പരാഭവങ്ങൾ വന്നാലും എന്തു നഷ്ടങ്ങൾ വന്നാലും സത്യത്തോടൊപ്പം നിൽക്കും, നീതിയോടൊപ്പം നിന്ന് പ്രവർത്തിക്കും എന്ന് ചിന്തിക്കാൻ അസാമാന്യധൈര്യം തന്നെ വേണം; നിസ്വാർത്ഥത വേണം. നമ്മുടെ ആളുകൾക്കും സാംസ്കാരികനേതാക്കന്മാർക്കും ഇതൊക്കെ പലപ്പോഴും ഇല്ലാതെ പോകുന്നു എന്നതാണ് ഇന്നത്തെ കാലഘട്ടത്തിന്റെ ഒരു വിപര്യയം. പുളിമാന പരമേശ്വരൻ പിള്ളയുടെ 'സമത്വവാദി' നാടകത്തിൽ സമത്വവാദി എന്ന കഥാപാത്രം പറയുന്ന വാചകമുണ്ട്, "സ്നേഹിക്കാൻ പറഞ്ഞതുകൊണ്ട് അവർക്ക് ക്രിസ്തുവിനെ ഭയമായിരുന്നു". അതായത് സ്നേഹിക്കാൻ പറയുന്നവരെപ്പോലും ഭയക്കുന്ന ഒരു ലോകമാണ് പണ്ടുമുതലേ ഉണ്ടായിരുന്നത്.

ടി.ജെ . ജോസഫ്‌ കടപ്പാട് : ഗൂഗിള്‍ ഇമേജ്

എന്റെ സഹപ്രവർത്തകരെല്ലാം മാനേജ്മെന്റിന്റെ നടപടികളോട് ചേർന്നുനിന്നപ്പോഴും കോളേജിലേക്ക് പുന:പ്രവേശനം നൽകിയിട്ട് എന്നെ കൂട്ടാതിരിക്കാൻ സുഹൃത്തുക്കളെ മാറ്റി നിർത്തിയ ഘട്ടത്തിലുമാണ്,മാനേജ്മെന്റിന്റെ അപ്രീതിക്ക് പാത്രമാകാൻ സാധ്യതയുള്ള ആ സന്ദർഭത്തിൽ കോളേജിലെ ഒരു അനധ്യാപിക സ്ത്രീ വന്ന് എന്റെ അറ്റുപോയ കൈകളിൽ പിന്നീട് തുന്നിചേർത്ത കൈയിൽ ചുംബിച്ചത്. പ്രിൻസിപ്പലും അതുപോലെയുള്ള മാനേജ്മെൻറ് പ്രതിനിധികളും ഒക്കെ അവിടെ നിൽക്കുന്ന സമയത്ത് എന്നോട് ഇങ്ങനെ പരസ്യമായി അനുഭാവം കാണിക്കാൻ ആ സ്ത്രീ കാണിച്ച ധൈര്യം ഓർക്കുമ്പോൾ .... അതിന് അസാമാന്യധൈര്യം വേണ്ടതുതന്നെയാണ്. അങ്ങനെയുള്ളവരും ലോകത്തുണ്ട് എന്ന് ഓർത്താണ് ഞാൻ അത്ഭുതപ്പെട്ടുപോയത്.


Q ദുരിതജീവിതത്തെ നേരിടാൻ മാഷിനെ സഹായിച്ചത് കാര്യങ്ങളെ വ്യക്തിപരമായല്ലാതെ കാണാൻ സഹായിക്കുന്ന നർമ്മബോധം ആണെന്ന് തോന്നുന്നു. അതുതന്നെയായിരുന്നു അപകടമായതെന്നും തോന്നുന്നുണ്ടോ?


A എന്നെ സംബന്ധിച്ച് ചോദ്യപേപ്പർ വിവാദമാകാൻ കാരണം നർമ്മബോധമാണ്. ഞാൻ വായിച്ചെറിഞ്ഞ കൃതിയിലെ നർമ്മം, കറുത്തഹാസ്യം, ഉദാത്തഹാസ്യം എന്ന് വിളിക്കാവുന്ന ഒരു ഫലിതം മനസ്സിൽ കൊണ്ടുനടക്കുകയും അത് ഇടയ്ക്കിടയ്ക്ക് ഉരുവിടുകയും അത് ചിഹ്നനങ്ങൾ ചേർക്കുന്ന ചോദ്യത്തിന്റെ ഉദാഹരണമായി ചേർത്തു എന്നതുമാണ് ചോദ്യപേപ്പർ വിവാദമാകാൻ കാരണമായത്. വാസ്തവത്തിൽ നർമ്മം ആളുകൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് വളരെ അപകടം ചെയ്യുമെന്ന് പലരും പറഞ്ഞിട്ടുണ്ട്. അങ്ങനെ ഉണ്ടായ അപകടമായാണ് ചോദ്യപേപ്പർ മുഖാന്തരം 2010ൽ ഉണ്ടായ ജീവിതപ്രതിസന്ധികളെ കാണുന്നത്. പക്ഷേ നർമ്മബോധം ഉള്ളതുകൊണ്ടാണ് പലപ്പോഴും അതിനെ അതിജീവിക്കാൻ സാധിച്ചിട്ടുള്ളത്. ജീവിതപ്രതിസന്ധികൾ കടന്നുവരുമ്പോൾ, ജീവിതം വഴിമുട്ടി നിൽക്കുമ്പോൾ മനസ്സിന് ലാഘവത്വം വരുന്നത് നർമ്മബോധം ഉള്ളതുകൊണ്ടുകൂടിയാണ്.നർമ്മത്തിന്റെ ശക്തിയെക്കുറിച്ച് 'അറ്റുപോകാത്തഓർമ്മകൾ ' പുസ്തകത്തിൽ 'നർമ്മപർവ്വം' എന്ന ഭാഗത്ത് എഴുതിയിട്ടുണ്ട്.


Q മാഷിന്റെ ആത്മകഥയിൽ ഉദാഹരണകഥകളും ജീവിതചിന്തകളും പ്രതീകകൽപ്പനകളും ധാരാളം കാണാമല്ലോ? ഉദാഹരണം "ഈ ദാമ്പത്യം എന്നത് ഒരുതരം യുദ്ധമാണ്. അവസാനം വരെ നീണ്ടുനിൽക്കുന്ന അസാധാരണ യുദ്ധം. സാധാരണ യുദ്ധത്തിൽ എതിരാളിയെ തോൽപ്പിക്കുന്നവൻ വിജയിക്കും. ദാമ്പത്യത്തിൽ ആകട്ടെ എതിരാളിയെ തോൽപ്പിച്ചാൽ തോൽപ്പിക്കുന്നവനും തോൽക്കും. അതിനാൽ എതിരാളിയെ തോൽപ്പിക്കാതെ ജയിക്കേണ്ടുന്ന ഒരു വിചിത്രയുദ്ധമാണ് ദാമ്പത്യം". മാഷ് കഥകളും നോവലും ഒക്കെ എഴുതിയിട്ടുണ്ടോ ?


A ഞാൻ ചെറുപ്പകാലത്ത്കഥകൾ എഴുതണമെന്നാഗ്രഹിക്കുകയും ചെറിയ തോതിൽ എഴുതുകയും ചെയ്തിരുന്നയാളാണ്. ആ കാലഘട്ടത്ത് സാഹിത്യത്തോടുള്ള ഇഷ്ടവും സാഹിത്യകാരനാകണം എന്ന് ആഗ്രഹവും കൊണ്ടാണ് ഡിഗ്രിക്ക് മലയാളസാഹിത്യം ഐച്ഛികമായെടുത്തു പഠിക്കാൻ പോയത്. ബി.എ, എം.എമുതലായ ഡിഗ്രികളുംജോലിക്ക് വേണ്ടി ബി.എഡ് ഡിഗ്രിയും സ്വന്തമാക്കി. അതിനുശേഷം ജോലി കിട്ടി…കുട്ടികളെ സാഹിത്യം പഠിപ്പിച്ച് അങ്ങനെജീവിച്ചു പോകുകയാണ് ചെയ്തത്. പിന്നീട് എഴുതാൻ ഒന്നും അധികം മെനക്കെട്ടില്ലായെങ്കിലും എഴുത്തുകാരൻ ആകണമെന്ന ആഗ്രഹം മനസ്സിൽ ഉണ്ടായിരുന്നു. അതിനുവേണ്ടി ശ്രമിച്ചില്ല എന്നേയുള്ളൂ. ആത്മകഥ എഴുതേണ്ടി വന്നപ്പോൾ അതിന് നിരന്തര പ്രോത്സാഹനം നൽകി ഡി സി ബുക്സിലെ പ്രസാധകർ നിർബന്ധിച്ചതുകൊണ്ടും ആത്മകഥ എഴുതേണ്ടത് എന്റെ ഒരു ബാധ്യതയാണെന്ന് തോന്നലുണ്ടായതുകൊണ്ടുമാണ്ഞാൻ അത് എഴുതി തീർത്തത്. എഴുത്തിൽ ഞാൻ അനുഭവിച്ച പ്രശ്നങ്ങൾ മാത്രമല്ല ആ സമയത്തെ വികാരങ്ങളും അതിനോട് ചേർന്നുവരുന്ന ചിന്തകളും നർമ്മഭാവനകളുമൊക്കെഉൾപ്പെട്ടിരുന്നു. അങ്ങനെ എഴുതാൻ കാരണം എനിക്കുള്ള സാഹിത്യാവബോധമാണ്.

ടി.ജെ . ജോസഫ്‌ കടപ്പാട് : ഗൂഗിള്‍ ഇമേജ്

വളരെക്കാലം സാഹിത്യ അധ്യാപകനായിരുന്നതിന്റെ ഗുണമാണത്. വളരെ രസിച്ചും ആസ്വദിച്ചും സാഹിത്യം പഠിപ്പിച്ചതുകൊണ്ടാണ് എന്റെ എഴുത്ത് അങ്ങനെയായത്. ഇപ്പോൾ ഇനിയും എഴുതണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. കഥയും നോവലുമൊക്കെ എഴുതണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.


Q അടുത്തകാലത്ത് ഇറങ്ങിയ പുസ്തകങ്ങളിൽ ഏറെ വിറ്റഴിഞ്ഞതും ചർച്ച ചെയ്യപ്പെട്ടതുമായ ആത്മകഥയാണല്ലോ അറ്റുപോകാത്ത ഓർമ്മകൾ ? വളരെ ചെറിയ കാര്യങ്ങൾക്കുപോലും ഉത്കണ്ഠാകുലരാകുന്ന പുതിയ തലമുറയ്ക്ക് പ്രചോദനമാകുന്നതും കരുത്ത് പകരുന്നതുമാണ് മാഷിന്റെ എഴുത്തിലെ വിചാരങ്ങളും വസ്തുതകളുമൊക്കെ. ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളെ മാഷ് എങ്ങനെയാണ് അതിജീവിച്ചത് എന്നത് വായനക്കാരെ അമ്പരപ്പിക്കുന്ന കാര്യമാണ്.


A ' അറ്റുപോകാത്തഓർമ്മകൾ 'എന്ന പുസ്തകത്തിന്റെ ഒന്നാം ഭാഗത്തിൽ പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നതാണ് വിശദമാക്കുന്നത്. പുസ്തകത്തിന്റെ രണ്ടാം ഭാഗത്തിൽ അതിന് എന്നെ പ്രാപ്തമാക്കിയ ഘടകങ്ങളെ ( പശ്ചാത്തലം)കുറിച്ച് വളരെ സംക്ഷിപ്തമായി എഴുതിയിട്ടുണ്ട്.. ജീവിതമെന്നത് ഒരു യുദ്ധം തന്നെയാണ്. മുമ്പിലുള്ള ജീവിതത്തെ ജീവിക്കുക തന്നെ വേണം. നമ്മുടെ ജീവിതത്തിൽ നമ്മൾ എങ്ങനെയാണ് പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടത് എന്ന് ചിന്തിക്കുന്നത് ഉചിതമാണ്. പല പ്രശ്നങ്ങൾ വന്നാലും അതിനെല്ലാം അതിജീവിക്കാനുള്ള മനോഭാവം നമുക്ക് ഉണ്ടാകണം. ശത്രുവിനെ നമ്മളെപ്പോലെ തന്നെ കാണുന്ന മനോഭാവം എനിക്കുണ്ടായിരുന്നു. കാരണം അവരുടെ പക്ഷത്തും ഒരു ന്യായം കാണും. ആ ന്യായമെന്തെന്ന് പരതുമായിരുന്നു. അതിൽ കാര്യമുണ്ടോ എന്ന് ചിന്തിച്ചിരുന്നു. പക്ഷേ എന്റെ ഭാഗം ശരിയാണെങ്കിൽ അത് വിട്ടുകൊടുക്കുന്ന മനോഭാവവും എനിക്ക് ഉണ്ടായിരുന്നില്ല.

കടപ്പാട് : ഗൂഗിള്‍ ഇമേജ്

ചെറുപ്പത്തിലേ വളരെ ജോലികൾ ചെയ്ത അനുഭവങ്ങൾ… അതിലൂടെയാണ് ഞാൻ കടന്നു പോയിട്ടുള്ളത്. അതുകൊണ്ടൊക്കെ കൂടിയാകാം ഇപ്പോൾ ഇങ്ങനെ ചിന്തിക്കാൻ കഴിയുന്നത്. പുതിയ തലമുറയിലെ കുട്ടികൾക്ക് ജീവിതാനുഭവങ്ങൾ കുറവാണെങ്കിലും വായനയിലൂടെ ധാരാളം ആൾക്കാരുടെ ജീവിതങ്ങൾ അറിയാൻ സാധിക്കും. സാധാരണ ഒരാൾ അവരുടെ ജീവിതമാണ് ജീവിക്കുന്നത്. പക്ഷേ ഒരു വായനക്കാരനെ സംബന്ധിച്ച് വായിക്കുന്ന പുസ്തകത്തിലെ അനുഭവങ്ങൾ കൂടി അടുത്തറിയാനും ആഴത്തിൽ മനസ്സിലാക്കാനും കഴിയും. അങ്ങനെ കൂടുതൽ വ്യക്തികളുടെ ജീവിതം മനസ്സിലാക്കി ജീവിക്കാനുള്ള കരുത്ത് കൂടുതൽ നേടുകയാണ് ചെയ്യുന്നത്. എന്നെ സംബന്ധിച്ച് വായനയിലൂടെ നേടിയ കരുത്തുമുണ്ട്. 'പാവങ്ങൾ' ഒക്കെ വായിക്കുമ്പോൾ അതിലെ ഊർജ്ജവും മാനവികതയും ഒക്കെ എത്ര വലുതാണെന്ന് മനസ്സിലാകും. സാധാരണ ആൾക്കാർ അവരുടെ മാത്രം ജീവിതം ജീവിക്കുമ്പോൾ നമ്മൾ അനേകം ആളുകളുടെ അതായത് വ്യത്യസ്ത രാജ്യങ്ങളിൽ വ്യത്യസ്ത കാലഘട്ടങ്ങളിൽ ജീവിച്ചിരുന്നവരുടെ ജീവിതം മനസിലാക്കി നമ്മുടേതാക്കി കരുത്ത് നേടുകയാണ് ചെയ്യുന്നത്. വായനക്കാരനെ സംബന്ധിച്ചിടത്തോളം ജീവിതം എന്നത് അനേകം ജീവിതങ്ങളിലൂടെയുള്ള അനുഭവം തന്നെയാണ്. പുതിയ തലമുറയെ സംബന്ധിച്ച് വായന പല പ്രതിസന്ധികളെയും തരണം ചെയ്യാൻ കരുത്ത് പകർന്നെന്നിരിക്കും. വായന നഷ്ടപ്പെടുന്നതിന്റെ കുഴപ്പം കൂടി പുതിയ തലമുറയ്ക്ക് ഉണ്ടെന്നു തോന്നുന്നു. അതാകാം ചിലരെങ്കിലും പെട്ടെന്ന് തളർന്നു പോകുന്നതും ജീവിതത്തിൽ നിന്ന് വഴിമാറി നടക്കാൻ ശ്രമിക്കുന്നതും.


Q മാഷിന്റെ ഭാവിപ്രവർത്തനങ്ങൾ എന്തൊക്കെയാണ് ?


A 2016 ഓടെ സാമ്പത്തിക പ്രതിസന്ധികളെല്ലാം തീർന്നു. 2018ൽ കുട്ടികളുടെ വിവാഹം കഴിഞ്ഞു. അതോടെ ഞാൻ സ്വസ്ഥനായി. പിന്നീട് ഒരു ജോലിയായി അവശേഷിച്ചത് ആത്മകഥ എഴുതി പ്രസിദ്ധീകരിക്കുകയാണ്. 2019 അവസാനമായപ്പോഴാണ് ' അറ്റുപോകാത്ത ഓർമ്മകൾ' എഴുതിത്തീർക്കുന്നത്. അതോടെ ജീവിതലക്ഷ്യം പൂർത്തിയായി എന്നാണ് കരുതിയിരുന്നത്. പക്ഷേ ഇപ്പോൾ ഞാൻ അങ്ങനെ വിശ്വസിക്കുന്നില്ല. ഈ ലോകത്തോട് ഇനിയും ബാധ്യതയുണ്ട് എന്ന തോന്നലുണ്ട് .എന്റെ ആത്മകഥയിൽ ഭാര്യ പറയുന്ന ഒരു വാചകമുണ്ട്,"മതമില്ലാത്ത ഒരു ലോകമുണ്ടെങ്കിൽ എത്ര നന്നായിരുന്നു" എന്ന്. മതത്തിന്റെ പേരിൽ അത്രമാത്രം ആധിപിടിച്ചിരുന്ന സമയത്ത് മാധ്യമങ്ങൾക്ക് മുൻപിൽ പറഞ്ഞതാണ്. ഒരുപക്ഷേ നമ്മുടെ കാലത്തു അതൊന്നും സാധ്യമല്ലായിരിക്കും. എന്നാലും അങ്ങനെയുള്ള ഒരു ലോകം ഞാൻ സ്വപ്നം കാണുന്നുണ്ട്. മതമില്ലാത്ത ഒരു ലോകം സ്വപ്നം കണ്ടുകൊണ്ട് അതിനുവേണ്ടി സംസാരിക്കുക, അതിനായി പ്രവർത്തിക്കുക എന്നതാണ് ആഗ്രഹം. ഇന്നത്തെ ലോകം ശാസ്ത്രീയമായി വളരെ പുരോഗതി പ്രാപിച്ചിട്ടുണ്ടെങ്കിലും മാനസികമായി നമ്മുടെ സമൂഹം ഇപ്പോഴും അധികം വളർച്ച പ്രാപിച്ചിട്ടില്ല. ആയിരത്തിയഞ്ഞൂറോ രണ്ടായിരമോ വർഷങ്ങൾക്ക് മുൻപുള്ള മാനസികജീവിതം തന്നെയാണ് നമ്മളിൽ ഭൂരിഭാഗം പേരും ജീവിക്കുന്നത്. ശാസ്ത്രം പഠിക്കുന്നവർക്കുപോലും ശാസ്ത്രാവബോധം ഉണ്ടാകുന്നില്ല എന്നതാണ് വാസ്തവം. പലപ്പോഴും അന്ധമായിട്ടുള്ള വിശ്വാസങ്ങളിൽ അകപ്പെടുകയും അതിൽ നിന്നും മോചനം കിട്ടാതിരിക്കുകയും ചെയ്യുന്നു. ഇതിന് കാരണം ശാസ്ത്രം പഠിക്കുന്നതിനും നമ്മുടെ തലച്ചോറ് പരുവപ്പെട്ട് വികസിച്ചു വരുന്നതിനും വളരെ മുമ്പുതന്നെ നമ്മുടെ മനസ്സിൽ രൂപപ്പെടുന്ന മതബോധമാണ്. കുഞ്ഞു പ്രായത്തിൽ തന്നെ മതബോധം അടിച്ചേൽപ്പിക്കുന്നതു കാരണം നമ്മുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടു പോവുകയാണ് ചെയ്യുന്നത്. മനുഷ്യന് അവന്റെ കഴിവുകളിൽ വിശ്വാസം നഷ്ടപ്പെടുകയും മറ്റൊരു ശക്തിയെ പ്രാർത്ഥിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഇന്നുമുള്ളത്. നമ്മുടെ ആത്മവിശ്വാസത്തെ കെടുത്തുന്നത് മതബോധമാണ്, ചെറുപ്പത്തിലേയുള്ള മതപഠനമാണ്. അതു കൊണ്ടാണ് അത് വേണ്ടെന്ന് വയ്ക്കണം നിയമം കൊണ്ട് നിരോധിക്കണം എന്നൊക്കെ ആവശ്യപ്പെടുന്നത്. ശിഷ്ടജീവിതത്തിൽ മതമില്ലാത്ത ലോകത്തിനുവേണ്ടി പ്രവർത്തിക്കുക എന്നതാണ് എൻ്റെ ആഗ്രഹം.


Q പുതിയ തലമുറയ്ക്കായി മാഷിൻ്റെ സന്ദേശം എന്താണ്?


A പുതിയ തലമുറയ്ക്കായി മാത്രമല്ല ചിന്തിക്കാൻ ശേഷിയുള്ള എല്ലാ മനുഷ്യരോടുമായി എൻ്റെ ഒരു അഭ്യർത്ഥനയാണ് …. ശാസ്ത്രാവബോധം ഉൾക്കൊണ്ടാണ് നമ്മൾ ജീവിക്കേണ്ടത്.നമ്മുടെ പ്രാകൃതമായിട്ടുള്ള ചിന്തകളുടേയും വിശ്വാസങ്ങളുടേയും ചങ്ങലക്കെട്ടുകളിൽ നിന്നെല്ലാം മോചിതരായി മാനവികമായ അടിത്തറയിൽ ജീവിക്കുക.നമ്മൾ മനുഷ്യരെ സ്നേഹിക്കാനും സഹായിക്കാനും ശീലിക്കുക.അവരെ ഉപദ്രവിക്കാതെ പരമാവധി സന്തോഷത്തോടെ ജീവിക്കാൻ ശ്രമിക്കുക. അങ്ങനെ മതരഹിതമായിട്ടുള്ള എന്നാൽ മാനവികതയിൽ പുലരുന്ന നല്ല മനുഷ്യരുടെ ഒരു ലോകം, ആധുനിക മനുഷ്യരുടെ ലോകം ഉണ്ടായി വരണമെന്നാണ് എൻറെ ആഗ്രഹം.മനുഷ്യകുലം ഒന്നായി ഈ ഭൂമിയിൽ ആഹ്ലാദഭരിതരായി ജീവിക്കാനുള്ള അവസ്ഥ സംജാതമാകാൻ വേണ്ടി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക എന്നതാണ് നമ്മൾ ചെയ്യേണ്ടത്.ഏതെങ്കിലും ഒരു കാലത്ത് അതിനുള്ള ഫലം തീർച്ചയായും ലഭിക്കുമെന്നുള്ള ശുഭപ്രതീക്ഷയാണ് എനിക്കുള്ളത്.

 

ആര്യ. സി ജെ.

ഗവേഷക

സര്‍ക്കാര്‍ വനിതാ കോളേജ്

തിരുവനന്തപുരം



224 views3 comments
bottom of page