ജൂലി ഡി എം
ഭാവനയില്‍, ഭാഷയില്‍, അവതരണത്തില്‍ ഇതെല്ലാം ചേരുന്ന അതിന്റെ സമഗ്രതയില്‍ പുതുമയുണര്‍ത്തുന്നതോ പൊളിച്ചെഴുത്ത് നടത്തുന്നതോ ആയിരിക്കണമല്ലോ കവിത.പുതുതലമുറ എഴുത്തുകാര്‍ എഴുതുന്ന കവിതയില്‍ എന്തു പുതുമയാണുള്ളത് എന്ന പരിശോധന അടിയന്തരമാണെന്ന് വിളിച്ചു പറയുകയാണ് ദേശാഭിമാനിയില്‍ ഡി അനില്‍കുമാര്‍ എഴുതിയ പെണ്ണുങ്ങള്‍ എന്ന കവിത.പ്രസ്തുത കവിതയിലെ പുതുമയും കവിതയും പരിശോധിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.
പെണ്ണുങ്ങള്‍ ഉടല്‍ മാത്രമായിരുന്ന ഒരു കാലത്തിന് തടയിട്ടത് ചിന്താവിഷ്ടയായ സീതയായിരുന്നു.'പെണ്ണിന് എന്ത് ചിന്ത?' എന്ന് ചോദിച്ചവരുടെ മേല്‍ സീതയുടെ പൊള്ളുന്ന ചിന്തകള്‍ കുടഞ്ഞിട്ട് കുമാരനാശാന്‍ എന്ന കവി
അക്ഷരാര്‍ത്ഥത്തില്‍ തീ
കൊളുത്തുകയായിരുന്നു. അങ്ങനെ അടിമുടി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞപ്പോഴാണ് പെണ്ണുങ്ങള്‍ക്കും ചിന്തയും ബുദ്ധിയും പ്രതികരണശേഷിയുമൊക്കെ ഉണ്ടാവാം എന്ന ചിന്ത മലയാള സഹൃദയ ലോകത്തിനുണ്ടായത്. കാലങ്ങള്‍ എത്ര കഴിഞ്ഞു! മാറിയ ജെന്‍ഡര്‍ ബോധ്യങ്ങളുടെ കാലത്ത് കവിതയെഴുതുന്ന പുതുതലമുറ പുരോഗമന കവിയുടെ പെണ്ണുങ്ങളെ കുറിച്ചുള്ള അതേ പേരില്‍ തന്നെയുള്ള കവിതയില്‍ തീരദേശ പെണ്‍ ജീവിതത്തിന്റെ ഉപരിപ്ലവ കാഴ്ചകളേ ഉള്ളൂ.തീരദേശ ജീവിതം കവിതയിലാക്കുന്നു എന്ന മേല്‍വിലാസമാണ് പ്രസ്തുത കവിക്കുള്ളത്.തീരദേശത്തെ സ്ത്രീ ജീവിതത്തെക്കുറിച്ച് കവിത എഴുതാന്‍ പറഞ്ഞാല്‍ കവിതയെക്കുറിച്ച് സാമാന്യധാരണയെങ്കിലും ഉള്ള ഒരു
സ്‌കൂള്‍ കുട്ടി പോലും
സര്‍വ്വസാധാരണമായ ആ സ്ത്രീ ജീവിതത്തിന്റെ ആന്തര കാഴ്ചകളെ കുറിച്ച്, അനുഭവങ്ങളെ
കുറിച്ച് ഒരു വരിയെങ്കിലും എഴുതും.ഫാന്‍സ് അസോസിയേഷനുകളുടെ കയ്യടി വാങ്ങുന്ന 'പെണ്ണുങ്ങള്‍' ടെ കവിക്ക് അങ്ങനെ ഒന്ന് തോന്നിയില്ല.അതുകൊണ്ട് കവി ഇങ്ങനെ പാടുന്നു
''പെണ്ണുങ്ങളെന്നാല്‍ പെണ്ണുങ്ങളാണേ ഞങ്ങടെ നാട്ടിലെ പെണ്ണുങ്ങളാണേ
കെട്ടിയോന്‍ മരിച്ചാലും മണ്ണടിഞ്ഞാലും പുലരുന്നോരാണേ പുലര്‍ത്തുന്നോരാണേ''
അവരുടെ ഉടലെങ്ങനെ, ഉടലിന്‍ മണമെങ്ങനെ, നടപ്പെങ്ങനെ, ഇരിപ്പെങ്ങനെ, അവരുടെ കഷ്ടപ്പാടെങ്ങനെ എന്നുള്ള ദൃക്‌സാക്ഷി വിവരണമാണ് പിന്നെ.
കഷ്ടപ്പെട്ട് നരകിച്ച് ജീവിച്ച പെണ്ണുങ്ങളെ കൊണ്ടുണ്ടായതാണത്രേ തുറ ,തിര, തീരങ്ങള്‍, ആഴി, അല ,അലമാലകള്‍.
ഇങ്ങനെ പെണ്ണുങ്ങളെക്കൊണ്ടുണ്ടായ തുറയിലിരുന്ന് ഒരു പെണ്ണായി
പിറക്കാത്തത് കൊണ്ട് മാത്രമാണ് താന്‍ രക്ഷപ്പെട്ടതെന്ന കവിയുടെ സമാശ്വാസത്തിലാണ് കവിത അവസാനിക്കുന്നത് !
''ആണുങ്ങളെന്നാല്‍ പെണ്ണുങ്ങളാണേ ഞങ്ങളുടെ നാട്ടിലെ പെണ്ണുങ്ങളാണേ'' എന്ന് പാടുമ്പോഴും പെണ്ണായി പിറക്കാത്തതുകൊണ്ട് മാത്രം കിട്ടുന്ന ആനുകൂല്യങ്ങള്‍ നല്‍കുന്ന ആശ്വാസം ചെറുതല്ലെന്നര്‍ത്ഥം.
തുറയും തിരയും തീരങ്ങളും ഉണ്ടാക്കിയ പെണ്ണുങ്ങളുടെ ദൃക്‌സാക്ഷി വിവരണം തയ്യാറാക്കാന്‍ കവിയാവണ്ട. അത് ഈ കവിയെക്കാള്‍ മനോഹരമായി തുറയിലെ ഏത് മനുഷ്യര്‍ക്കും സാധിക്കും.പക്ഷേ
ഡി അനില്‍കുമാര്‍ എന്ന കവിയുടെ പ്രിവിലേജുകള്‍ ആ മനുഷ്യര്‍ക്ക് ഇല്ലാത്തതുകൊണ്ട് അതൊന്നും കവിതയായി എണ്ണപ്പെടുകയോ ആഴ്ച്ചപ്പതിപ്പില്‍ അച്ചടിച്ച് വരികയോ ചെയ്യില്ല. ജീവിതത്തിന്റെ പുറമ്പോക്കില്‍ കഴിയാന്‍ വിധിക്കപ്പെട്ട മനുഷ്യരുടെ ആന്തരികാനുഭവങ്ങളും ചിന്തയും വികാരങ്ങളും പ്രകാശിപ്പിക്കാന്‍ വെറും കവിയായാല്‍ പോരാ. നല്ല കവിയാവണം. പെണ്ണായി പിറക്കാത്തതുകൊണ്ട് മാത്രം അനുഭവിക്കാന്‍ കഴിയുന്ന
അധികാരത്തിന്റേയും ആനുകൂല്യങ്ങളുടെയും മുകളിലിരുന്ന് പെണ്ണുങ്ങളെക്കുറിച്ച് കവിതയെഴുതുമ്പോള്‍ സംഭവിക്കുന്ന ദുരന്തമാണിത്.ഇങ്ങനെ ഒരു കവിതാ ദുരന്തത്തിന് ഇടം കൊടുത്ത ദേശാഭിമാനി അടിയന്തരമായി ദുരന്തനിവാരണ നടപടികള്‍ സ്വീകരിക്കേണ്ടതാണ്. കാശു മുടക്കി ആഴ്ചപ്പതിപ്പ് വാങ്ങി വായിച്ചവര്‍ ദുരിതത്തിലാണെന്ന ചിന്ത ആഴ്ചപ്പതിപ്പിന് വേണം.