top of page

സ്ത്രീപക്ഷനാടകവേദി ആർക്കുവേണ്ടി? -സ്ത്രീനാടകത്തിന്റെ ലഘുചരിത്രം

സംസ്കാരപഠനം
സുമ സി. സുബ്രമണ്യൻ

ലോകനാടകവേദിയുടെ ചരിത്രം പരിശോധിച്ചാൽ നമുക്ക് മനസിലാക്കാൻ സാധിക്കും മറ്റു കലാസാംസ്കാരികശാസ്ത്ര മേഖലകളിലെന്നപോലെ ഇവിടെയും സ്ത്രീ പ്രാതിനിധ്യം  കുറവാണെന്ന്. അതുകൊണ്ട് തന്നെ സ്ത്രീ പ്രാതിനിധ്യം വർദ്ധിപ്പിക്കാനും അവരുടെ ആശയങ്ങൾ, പ്രശ്നങ്ങൾ അവർക്ക് തന്നെ  അവരിലൂടെ പറയാനുമായി സ്ത്രീപക്ഷനാടകവേദികൾ (Feminist Theatre) പലകാലങ്ങളിൽ പല സമൂഹങ്ങളിലായി രൂപം കൊണ്ടിട്ടുണ്ട്.  അന്ധമായ മതാചാരങ്ങളും സാംസ്കാരികാപചയവും  നിമിത്തം സ്ത്രീകഥാപാത്രങ്ങൾ അരങ്ങിൽ പുരുഷന്മാർ തന്നെ അവതരിപ്പിച്ചുപോന്നിരുന്ന കാലത്തിൽ നിന്നും സ്ത്രീകളുടെ പ്രശ്നങ്ങൾ അവർതന്നെ നേരിട്ട് സംവദിക്കണമെന്ന ആശയവുമായി സ്ത്രീപക്ഷ നാടകവേദികൾ മുന്നോട്ട് വരുന്ന കാലം വരെ സ്ത്രീകൾ നടന്നുതീർത്ത ദൂരം ഏറെയാണ്. നവലോകക്രമത്തിൽ ട്രാൻസ് ജെൻഡർസിനെ ഉൾക്കൊള്ളുകയും അവരുടെ പ്രശ്നങ്ങളും പ്രതിസന്ധികളും തിയേറ്ററിന്റെ സാധ്യതകളിലൂടെ ചർച്ചചെയ്യുന്നതും ഏറെ ആശാവഹമാണ്. സമൂഹത്തിലെ സാംസ്കാരിക വികാസവളർച്ചയുടെ ഭാഗമായി   ജൻഡർ ന്യൂട്രൽ ചിന്തകളാണ്  പൊതുബോധത്തിൽ വരേണ്ടതെന്ന കാഴ്ചപ്പാടുകളും ഏറെ പ്രതീക്ഷ നൽകുന്നവയാണ്. ഈ സാഹചര്യത്തിലും സമകാലീന ലോകത്തെ സ്ത്രീപക്ഷ തിയേറ്ററുകൾ എന്താണ് ചെയ്യുന്നതെന്നും അതിന്റെ കാഴ്ചക്കാർ ആരാണെന്നും ഇത്തരം ചിന്തകളിലേക്കും അതിന്റെ പ്രവർത്തനങ്ങളിലേക്കും എത്തിച്ചേർന്ന ധാരകളെക്കുറിച്ചുമുള്ള അന്വേഷണമാണ് ‘സ്ത്രീപക്ഷനാടകവേദി ആർക്കുവേണ്ടി’?

സ്ത്രീപക്ഷനാടകവേദി ആർക്കുവേണ്ടി? എന്ന തലക്കെട്ടിന് പലവിധ സങ്കീർണതകളുണ്ട്. ലിംഗസമത്വ കാഴ്ചപ്പാടുകളെ വിശാലമായി ഉൾക്കൊള്ളുന്നതിലെ പരാജയവും   ക്യൂർ  വ്യക്തിത്വങ്ങളെ  അരികുവത്ക്കരിക്കുന്നതിലും ലിംഗനീതി വാക്കുകളിൽ മാത്രം ഒതുങ്ങിനിൽക്കുന്നതുമായ വർത്തമാന കാലത്തിലാണ് സ്ത്രീപക്ഷനാടക വേദിയുടെ സമകാലിക അവസ്ഥ ഇവിടെ പരിശോധനാവിധേയമാക്കുന്നത്. പുരുഷമേധാവിത്വത്തിന്റെ ലോകത്തുനിന്നും സ്ത്രീപുരുഷ സമത്വത്തിന്റെ ലോകത്തിലേക്കുള്ള മാറ്റമാണ് സ്ത്രീനാടകവേദിയുടെ നീണ്ട നാൾവഴികൾ വ്യക്തമാക്കുന്നത്. നാടകരംഗത്ത് സ്ത്രീയുടെ സാന്നിധ്യത്തേക്കാൾ അസാന്നിധ്യത്തിന്റെ ദീർഘകാലമായിരുന്നു കൂടുതലും. പാശ്ചാത്യ നാടകവേദിയിൽ പതിനാറാം നൂറ്റാണ്ടിലാണ് സ്ത്രീകൾ അഭിനയരംഗത്ത് നിലയുറപ്പിക്കുന്നത്.  അപ്പോഴും നാടകരചന, അവതരണം, സംവിധാനം, രംഗനിയന്ത്രണം ഇവ പുരുഷന്റെ അധീനതയിലായിരുന്നതിനാൽ സ്ത്രീകൾക്ക് കഥാപാത്രാവിഷ്കരണത്തിൽ പോലും സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല. എന്നാൽ ഫെമിനിസ്റ്റ് ആശയത്തിന്റെ കടന്നുവരവോടെ പുരുഷരചനകളിലെ സ്ത്രീവിരുദ്ധ ആശയങ്ങളെക്കുറിച്ച് അവബോധം ഉണ്ടാക്കുവാനും സ്ത്രീ അനുഭവങ്ങളെ അവരുടെ കാഴ്ചപ്പാടുകളിലൂടെ നാടകവത്കരിക്കാനും പാശ്ചാത്യ ദേശത്തെ സ്ത്രീനാടകകൃത്തുക്കൾക്ക് സാധിച്ചിരുന്നു. തുടർന്ന്  പുതിയൊരു രംഗഭാഷയ്ക്കും ശരീരഭാഷയ്ക്കും  രൂപം നൽകാൻ സ്ത്രീപക്ഷനാടകവേദിക്ക് കഴിഞ്ഞു. 1960 കളിൽ പാശ്ചാത്യലോകത്തുണ്ടായ  സ്ത്രീവിമോചന പ്രസ്ഥാനത്തിന്റെ ഭാഗമായിട്ടാണ് ഫെമിനിസ്റ്റ് തിയേറ്റർ അഥവാ സ്ത്രീപക്ഷനാടകവേദി എന്ന സങ്കൽപം ഉടലെടുത്തത്. പുരുഷന്റെ ഇച്ഛകളുടെ പ്രതിനിധാന സ്വഭാവം നിഷേധിച്ച് തീർത്തും സ്വതന്ത്രമായ ഒരു കർത്തൃപദവിയുള്ള സ്ത്രീ ശരീരങ്ങൾ  ഈ കാലയളവിൽ അരങ്ങിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. പാശ്ചാത്യ സ്ത്രീപക്ഷ നാടകനിരൂപകയായ ജാനറ്റ് ബ്രൗൺ, ഫെമിനിസ്റ്റ് ഡ്രാമാ ഡെഫനിഷൻ ആന്റ് ക്രിട്ടിക്കൽ അനാലിസിസ് (1979) എന്ന ഗ്രന്ഥത്തിൽ  സ്ത്രീത്വത്തിന്റെ ആന്തരിക പ്രേരണ അവതരിപ്പിക്കുന്ന ഏതൊരു തിയേറ്ററിനെയും ഫെമിനിസ്റ്റ് തിയേറ്റർ എന്നു വിളിക്കാമെന്ന് അഭിപ്രായപ്പെടുന്നുണ്ട്. കൂടാതെ പുരുഷ പ്രാതിനിധ്യ സ്വാഭാവമുള്ള നാടകങ്ങളെ മറികടക്കാൻ നാലു പ്രായോഗിക വസ്തുതകൾകൂടി  ബ്രൗൺ അവതരിപ്പിക്കുന്നുണ്ട്.

            1. ലിംഗപദവികളുടെ കൈമാറ്റം

            2. ചരിത്ര കഥാപാത്രങ്ങളെ  മാതൃകപരമായി അവതരിപ്പിക്കുക

            3. പരമ്പരാഗത ലിംഗപദവികളുടെ ആക്ഷേപഹാസ്യങ്ങൾ സൃഷ്ടിക്കുക

            4. അടിച്ചമർത്തപ്പെടുന്ന സാഹചര്യങ്ങളിലുള്ള സ്ത്രീകളുടെ നേരിട്ടുള്ള ചിത്രീകരണം 1

 

ശക്തമായൊരു രാഷ്ട്രീയ പ്രയോഗമായി സ്ത്രീ ഉടലുകളെ അരങ്ങിലും വിന്യസിക്കാമെന്ന് തെളിയിച്ച പാശ്ചാത്യനാടകങ്ങളാണ്  കരോലി ഷ്നീമാന്റെ  ‘ഇന്റീരിയർ സ്ക്രോളും’ (1975) ഈവ് എൻസ്ലറിന്റെ ‘ദി വജൈന മൊണൊ ലോഗ്സും ‘ (1996). 1975-ൽ ഈസ്റ്റ് ഹാംപ്ടണിൽ             വച്ച് ‘വുമൺ ഹിയർ ആന്റ് നൗ’ എന്ന പേരിൽ നടന്ന  ഒരു എക്സിബിഷനിലാണ് ആദ്യമായി ‘ഇന്റീരിയർ സ്ക്രോൾ’ അവതരിപ്പിച്ചത്. പൂർണ്ണ നഗ്നയായി അരങ്ങിലെത്തിയ  കരോലി ഏകദേശം 48 ഇഞ്ച് നീളമുള്ള പേപ്പർ ചുരുൾ യോനിയിൽ നിന്നും നിവർത്തിയെടുത്ത് അതിൽ കുറിച്ചു വച്ചിരുന്ന വരികൾ വായിക്കുകയായിരുന്നു. ഇതിലൂടെ സ്ത്രീനഗ്നതയെ സ്വയവും മറ്റുള്ളവരുടെ സാർവത്രികമായ മൂർത്തീഭാവത്തെ ഉയർത്തിക്കാട്ടുന്നതുമായ ഒരു ഉപകരണമാക്കി മാറ്റുകയായിരുന്നു അവർ. ചരിത്രപരമായി പറഞ്ഞാൽ സ്ത്രീ നഗ്നത പുരുഷന്മാരാണ് പലപ്പോഴും മാതൃകയാക്കിയിട്ടുള്ളത്. മൈക്കലാഞ്ചലയുടെ ചിത്രം ‘ദി ഫാൾ ഓഫ് മാൻ’ അതിന് ഉദാഹരണമാണ്. അതായത് നഗ്നത പ്രദർശിപ്പിക്കലാണ് ഫെമിനിസ്റ്റ് നാടകത്തിന്റെ ധർമ്മം എന്നല്ല ഈ പറയുന്നതിന്റെ ആന്തരാർത്ഥം. മറിച്ച് സ്ത്രീയുടെ വിമോചനത്തിന് സ്ത്രീശരീരം സ്വതന്ത്രമാകേണ്ടതുണ്ട് എന്ന ചിന്തയാണ്. സ്ത്രീ ശരീരത്തെ തങ്ങളുടെ കാഴ്ചയുടെ ആനന്ദത്തെ പൂർത്തീകരിക്കുന്നതിനുള്ള ഉപഭോഗ വസ്തുവായി സ്വീകരിക്കുന്ന ശീലങ്ങളെയാണ് കരോലി വിമർശിക്കുന്നത്. ലൈംഗികത, വ്യക്തി ബന്ധങ്ങൾ,  സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ എന്നിവയെക്കുറിച്ചുള്ള വീക്ഷണങ്ങളെക്കുറിച്ച് ഇരുന്നൂറില്പരം സ്ത്രീകളുമായി നടത്തിയ അഭിമുഖത്തെത്തുടർന്നാണ് ‘ദി വജൈന മൊണൊലോഗ്സിന്റെ’ ആരംഭം. സ്ത്രീശക്തി ആരെങ്കിലും തുറന്നു കാണിക്കുകയും അതിന്റെ രാഷ്ട്രീയവും സദാചാരപരവുമായ സാമ്പ്രദായിക രീതികളെ വിചാരണക്കെടുക്കുകയുമായിരുന്നു  ‘ദി വജൈന മൊണൊ ലോഗ്സ്’. ഇത്തരം സ്ത്രീപക്ഷ നിർമ്മിതികളിലൂടെ നാടകത്തിന്റെ പരമ്പരാഗത രൂപഘടനയെ (form) സ്ത്രീപക്ഷനാടകവേദി ഇല്ലാതാക്കുന്നുണ്ടെങ്കിലും ഇന്ത്യയിലേയും മലയാളത്തിലേയും സ്ത്രീ പക്ഷനാടകങ്ങളെ പരിശോധിച്ചാൽ പാശ്ചാത്യ സ്ത്രീനാടകവേദിയുടെയാത്രയും വളർച്ച കാണാൻ സാധിക്കില്ല. അറുപതുകളിൽ ഇന്ത്യൻ രാഷ്ടീയത്തിലുണ്ടായ മൂല്യത്തകർച്ച വിഭിന്ന ഇടങ്ങളിൽ സ്വതന്ത്രരായിരുന്ന സ്ത്രീസമൂഹങ്ങളെ ഒന്നിപ്പിച്ചു. മദ്ധ്യവർഗ്ഗ സ്ത്രീകളുടെതായ എഴുത്തിടങ്ങളും നൂതന ആശയങ്ങളും തുടന്ന്  ഉണ്ടാവുകയും  അരികുവത്ക്കരിക്കപ്പെട്ടവരും വിവേചനത്തിനും ചൂഷണത്തിനും വിധേയരാക്കപ്പെട്ടവരും അജിറ്റ്പ്രോപ്പ് 2 (Agitprop) നാടക സംവിധാനത്തിലൂടെ പ്രതിഷേധിക്കുകയും ചെയ്തു. തെരുവുനാടകം ശക്തമായ കാലാരൂപമായി. സഫ്ദർ ഹാഷ്മിയും രാകേഷ് സക്സേനയും ചേർന്നെഴുതി  ജനനാട്യമഞ്ച് അവതരിപ്പിച്ച  ഔരത്താണ്  (1979) ആധുനിക  ഇന്ത്യയിലെ സ്ത്രീപക്ഷ നാടകത്തിന്റെ ആദ്യചുവടുവെപ്പെന്ന് പറയാം. ഉത്തരേന്ത്യയിലെ  വർക്കിംഗ് വിമൻസ് കോൺഫറൻസിലാണ് ആദ്യമായി ഔരത്ത് അവതരിപ്പിക്കപ്പെട്ടത്. രണ്ടായിരത്തിയഞ്ഞൂറിലധികം സ്റ്റേജുകൾ പിന്നിട്ട പ്രസ്തുത നാടകം സ്ത്രീധനത്തിന്റെ പേരിലുള്ള  പ്രശ്നങ്ങളെക്കുറിച്ചും പുരുഷ മേധാവിത്വത്തെ പ്രതിനിധീകരിക്കുന്ന ഭാഷാപ്രയോഗങ്ങളെയും ചോദ്യം ചെയ്യുന്നുണ്ട്. അതേ വർഷം തന്നെ സ്ത്രീ സംഘർഷ് എന്ന പേരിൽ ഡൽഹിയിൽ അനുരാധ കപൂറിന്റെ നേതൃത്വത്തിൽ ആരംഭിച്ച തീയറ്ററാണ് ഇന്ത്യയിലെ ആദ്യത്തെ സ്ത്രീപക്ഷ നാടകസംഘം. ലക്ഷ്മി ചന്ദ്ര, ചമ അഹുജ, ഇപ്ഷിത ചന്ദ്ര, ഉഷ ഗാംഗുലി, നീലം മാൻസിങ് ചൗധരി, റാണി ബൾബീർ കൗർ , ഷില ബാട്ടിയ, ബി. ജയശ്രീ, എസ്. മാലതി, സൗമ്യ വർമ്മ, ഗൗരി ദത്ത്, നാദിര ബാബർ, അരുദ്ധതി രാജീ, കീർത്തി ജെയിൻ, മാങ്കെ , മായാറാവു, ജെ.ശൈലജ, അമൽ അല്ലാന എന്നിവർ ഈ മേഖലയിൽ പ്രാതിനിധ്യം രേഖപ്പെടുത്തിയവരാണ്.

             കേരളീയ പരിസരത്തിൽ സ്ത്രീപക്ഷ നാടകങ്ങളുടെ അന്വേഷണം ആരംഭിക്കേണ്ടത് 1890-ൽ ലാണ്. എന്നാൽ ഇത്തരം നാടകങ്ങളുടെ രംഗപാഠ നിർമ്മിതി ചരിത്രം യോഗക്ഷേമ നാടകങ്ങൾ മുതലേ ലഭ്യമായിട്ടുള്ളൂ. മലയാളത്തിൽ സ്ത്രീവിരചിതമായ ആദ്യ കാല നാടകങ്ങൾ കുട്ടികുഞ്ഞുതങ്കച്ചിയുടെ അജ്ഞാതവാസം (1890), തോട്ടക്കാട്ട് ഇക്കാവമ്മയുടെ സുഭദ്രാർജ്ജുനം (1891), തിരുവത്ത് അമ്മാളു അമ്മയുടെ കൃഷ്ണഭക്തി ചന്ദ്രിക എന്നിവയാണ്. എന്നാൽ ഈ നാടകങ്ങൾ  പുരാണ വിഷയങ്ങളെ പ്രമേയമാക്കി എഴുതപ്പെട്ട നാടകങ്ങളാണ്.  ഈ നാടകങ്ങൾക്ക് ശേഷം ചരിത്രകഥകളുടെയോ ചരിത്രപുരുഷന്മാരുടെയോ വീരപദാനങ്ങളായിരുന്നു അവലംബം. മുതുകുളം പാർവതിയമ്മ രചിച്ച ഭുവനദീപിക (1941), എൻ. ജി. തങ്കമ്മ രചിച്ച ശിവാജി അഥവാ മഹാരാഷ്ട്ര സിംഹം (1950) എന്നിങ്ങനെയായിരുന്നു അവ. സൈദ്ധാന്തികമായ അടിത്തറയില്ലാതെ തന്നെ മലയാളത്തിലെ സ്ത്രീപക്ഷ നാടകവേദിയുടെ ആദ്യ ചുവടുവെപ്പുകളായി   വി.ടി. ഭട്ടതിരിപ്പാടിന്റെ അടുക്കളയിൽ നിന്നും അരങ്ങത്തേയ്ക്ക്,   എം. ആർ. ബി. യുടെ മറക്കുടയ്ക്കുള്ളിലെ മഹാനരകം, പ്രേംജിയുടെ ഋതുമതി എന്നീ നാടകങ്ങളെ പരിഗണിക്കാവുന്നതാണ്.  അപ്പോഴും യോഗക്ഷേമ നാടകങ്ങളുടെ ഒപ്പം കൂട്ടാതെ ചരിത്രം മറന്നുപോയ രണ്ട് യോഗക്ഷേമ നാടകങ്ങൾ പരാമർശിക്കാതെ സ്ത്രീ നാടക ചരിത്രം പൂർത്തിയാകില്ല. 1993 ലാണ്  അധ്യാപികയും നാടകനിരൂപകയുമായ ആർ . ബി. രാജലക്ഷ്മി ലളിതാംബിക അന്തർജ്ജനത്തിന്റെ സാവിത്രി അഥവാ വിധവ വിവാഹം (1935) എന്ന നാടകത്തെ കണ്ടെടുക്കുന്നത്. 1948 ൽ അന്തർജന സമാജം അവതരിപ്പിച്ച തൊഴിൽ കേന്ദ്രത്തിലേക്ക് എന്ന നാടകവും  ഈ വിഭാഗത്തിൽ പെടുത്താവുന്ന നാടകമാണ്. ചരിത്രകാരന്മാർ ഈ നാടകത്തെ, അതിലെ സ്ത്രീ പങ്കാളിത്തത്തെ മുൻനിർത്തിക്കൊണ്ട് ആദ്യകാല സ്ത്രീപക്ഷ നാടകമെന്ന് വിലയിരുത്തുമ്പോഴും ഒരു സമുദായത്തിന്റെ പ്രശ്നം എന്ന നിലയിലും സ്ത്രീകൾ സാമ്പത്തിക സുരക്ഷിതത്വം കൈവരിക്കേണ്ടതിന്റെ ആവശ്യകതയ്ക്കുമാണ് നാടകം ഊന്നൽ നൽകുന്നത്. 1980കളിൽ മലയാള നാടകവേദിയിൽ സ്ത്രീ വിമോചന പ്രവർത്തകരായി കടന്നുവന്ന സ്ത്രീകളും നാടക കളരി പ്രസ്ഥാനത്തിന്റെ ഭാഗമായി നാടക കളരികളിലൂടെയും സ്കൂൾ  ഓഫ് ഡ്രാമയിലൂടെയും നാടകത്തെ ബോധപൂർവം തിരഞ്ഞെടുത്ത സ്ത്രീകളും ചേർന്ന് 1990 കളിൽ മലയാള നാടകവേദിയിൽ കാര്യക്ഷമമായ ഇടപെടലുകൾ നടത്തുവാൻ ആരംഭിച്ചു. 1986ൽ പട്ടാമ്പി ശ്രീ നീലകണ്ഠ ഗവൺമെന്റ് സംസ്കൃത കോളേജിലെ മാനുഷി എന്ന സ്ത്രീവിമോചന സംഘടനയ്ക്ക് വേണ്ടി സാറ ജോസഫ് എഴുതിയ സ്ത്രീ എന്ന നാടകം സ്ത്രീധനത്തിന്റെ ദൂഷ്യവശങ്ങൾ സമൂഹത്തിന് കാണിച്ചുകൊടുത്തു. ഒരു രാഷ്ട്രീയ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം രൂപീകരിക്കപ്പെട്ട  'സമത' സമകാലിക സ്ത്രീ പ്രശ്നങ്ങൾ പ്രമേയമാക്കിയ നാടകങ്ങളാണ് കൂടുതലും അവതരിപ്പിച്ചത്. തുടന്ന് അഭിനേത്രി (1994), മേധ തിയറ്റേഴ്സ് (1998), ജനനേത്രി, നിരീക്ഷ (1999), ദളിത് വുമൺ സൊസൈറ്റി, അഭിനയ നാടകകാലാസമിതി (2006) തുടങ്ങി സ്ത്രീപക്ഷനാടക സംഘങ്ങളും അവരുടെ അവതരണങ്ങളും കേരളത്തിൽ ഉണ്ടായി. കൂടാതെ ശ്രീലത, സജിതാ മഠത്തിൽ , ശ്രീജ ആറങ്ങോട്ടുകര, ദിവ്യ,    ഐ. ജി. മിനി, സി.എസ്. ചന്ദ്രിക തുടങ്ങി  ധാരാളം സ്ത്രീപക്ഷ നാടക പ്രവർത്തകരുടെ സാന്നിധ്യവുമുണ്ടായിട്ടുണ്ട്. എന്നാൽ കേരളത്തിൽ ഇന്ന്  സജീവമായി നിലനിൽക്കുന്ന  സ്ത്രീപക്ഷ നാടകവേദിയായ നിരീക്ഷ സ്ത്രീനാടക വേദിയ്ക്ക് ഏറെ പ്രത്യേകതകളുണ്ട്. ഗണിതശാസ്ത്ര അധ്യാപികയായിരുന്ന രാജരാജേശ്വരിയും തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയുടെ സംഭാവനയായ       കെ. വി . സുധിയുമാണ് നിരീക്ഷയുടെ  സ്ഥാപക അംഗങ്ങൾ.   ഏതെങ്കിലും ഒരു സമയത്ത് അനുകൂല സാഹചര്യത്തിൽ മാത്രം നാടകം ചെയ്യുകയും അതിലൂടെ സ്ത്രീയെ അടയാളപ്പെടുത്തുകയും ചെയ്യുന്നതല്ല ഒരു സ്ത്രീപക്ഷ നാടകവേദിയുടെ ധർമ്മം . അത് നിരന്തമായ പുനർനിർമ്മാണ പ്രക്രിയയാണ്. സമകാലിക വിഷയങ്ങളെ മുൻനിർത്തി പരീക്ഷണ സ്വഭാവം ഉൾക്കൊള്ളുന്ന നാടകങ്ങൾ നിരീക്ഷയുടെ സംഭാവനകളാണ്. കുടിയൊഴിക്കൽ, പ്രവാചക, കനൽപോട്, ആണുങ്ങൾ ഇല്ലാത്ത പെണ്ണുങ്ങൾ, ദി ട്രോൾ,  സീത, ഇങ്ങനെ, അച്ചരലോകം, പുനർജ്ജനി, അവതാർ, അന്ധിക, ബിയോണ്ട് ദി ഷാഡോസ് എന്നീ നാടകങ്ങൾക്ക് പുറമേ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള നാടക ശില്പശാലകൾ, മാറ്റുകലാരൂപങ്ങളിൽ സ്ത്രീകളുടെ ഇടപെടലുകളിലെ പ്രത്സാഹനം, കലാരൂപങ്ങളിലെ സ്ത്രീകളുടെ ചിത്രീകരണത്തെപ്പറ്റി സംവദിക്കുന്ന സെമിനാറുകൾ എന്നിങ്ങനെ ഉൾക്കൊള്ളുന്ന സമഗ്ര പ്രവർത്തന പദ്ധതിയാണ് നിരീക്ഷയ്ക്കുള്ളത്. കൂടാതെ കഴിഞ്ഞ രണ്ട് വർഷമായി നിരീക്ഷയുടെ നേതൃത്വത്തിൽ ദേശീയ സ്ത്രീ നാടകോത്സവവും സംഘടിപ്പിച്ചു വരുന്നു. 'അക്ക' - 2001 ൽ  മൈസൂരിൽ നടന്ന സ്ത്രീനാടകോത്സവം  - പൂർവ്വ ഏഷ്യൻ സ്ത്രീനാടകോത്സവം, യവനിക തിയേറ്റർ ഗ്രൂപ്പിന്റെ ദേശീയസ്ത്രീ നാടകോത്സവം (ഹൈദരാബാദ്), എം . എസ് സ്വാമിനാഥൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ജൻഡേർഡ്‌ തിയേറ്റർ ഫെസ്റ്റിവലിലെ കുലവൈ  എന്നീ നാടകോത്സവങ്ങളും കലാക്ഷേത്ര (മണിപ്പൂർ), പൃഥ്വി തിയേറ്റർ (മുംബൈ) , അല്ലാരിപ്പ് (ഡൽഹി) രംഗകർമ്മി (കൽക്കത്ത), രംഗയാന (മൈസൂർ) കുത്തുപട്ടരെ (ചൈന്നൈ) എന്നീ സംഘടനകളുമൊക്കെ ദേശീയതലത്തിൽ സ്ത്രീകേന്ദ്രികൃത പ്രശ്നങ്ങളെ നാടകവല്ക്കരിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. ഇത്തരം ദേശീയ നാടകോത്സവങ്ങളിൽ അവഗണിക്കാനാവാത്ത സാന്നിദ്ധ്യമായി അരങ്ങിലെ സ്ത്രീ മാറുകയായിരുന്നു. കലാമൂല്യങ്ങളെക്കാൾ ആശയ പ്രചരണത്തിനാണ് സ്ത്രീപക്ഷ നാടകങ്ങൾ പ്രാധാന്യം നൽകിയത്.  ഇന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകളിൽ ഭൂരിഭാഗം പേരും നാടക പഠനത്തിൽ ഉന്നത വിദ്യാഭ്യാസം നേടിയവരുമാണ്.  കൂടാതെ കുടുംബശ്രീ മിഷൻ ' രംഗശ്രീ '  എന്ന പേരിൽ ആരംഭിച്ച തിയേറ്റർ വിദ്യാഭ്യാസ പദ്ധതിയും ആശാവഹമാണ്. അന്തർദേശീയ നാടകോത്സവത്തിന്റെ  ഭാഗമായി "സ്ത്രീകളും തീയറ്ററും' എന്ന വിഷയത്തില്‍   കില (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ) യില്‍  വനിതാ നാടകപ്രവര്‍ത്തകര്‍ക്കായി നാടക ശില്‍പ്പശാലയും സംഘടിപ്പിച്ചു വരുന്നുണ്ട്. പ്രശസ്ത നാടക പ്രവര്‍ത്തകരായ അനുരാധ കപൂര്‍, സഞ്ചിത മുഖര്‍ജി, നീലം മാന്‍സിങ്, എം.കെ. റൈന, സജിത മഠത്തില്‍ എന്നിവരായിരുന്നു ശില്‍പ്പശാലയ്ക്ക്   നേതൃത്വം നൽകിയത്. കുടുംബശ്രീ, കില എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന ശിൽപ്പശാലയില്‍ സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നും കുടുംബശ്രീ പ്രതിനിധികള്‍ പങ്കെടുക്കുന്നു.  സാധാരണക്കാരിലേയ്ക്ക്  നാടകത്തെ എത്തിക്കാനുള്ള ഇത്തരം ശ്രമങ്ങൾ പ്രതീക്ഷയുളവാക്കുന്നുണ്ട്. പുത്തൻ സാങ്കേതിക കാലഘട്ടത്തിൽ തത്സമയ കല (Live Art) ആയ നാടകത്തിന്റെ  ഭാവി ചർച്ച ചെയ്യുമ്പോഴും ഗൗരവപ്പെട്ട നാടകാവതരണങ്ങൾ നിറഞ്ഞ സദസ്സുകൾക്കു മുമ്പിൽ തന്നെയാണ് അവതരിപ്പിക്കുന്നത്.

 

2017-ൽ ഇറ്റ്ഫോകിൽ (ഇന്റർനാഷണൽ തിയേറ്റർ ഫെസിറ്റിവൽ ഓഫ് കേരള) ഏറെ ശ്രദ്ധിക്കപ്പെട്ട നാടകമാണ് ലോകധർമ്മി തിയേറ്ററിന്റെ നേതൃത്വത്തിൽ  സജിത മഠത്തിലിന്റെ രചനയിൽ പ്രൊഫസർ ചന്ദ്രദാസന്റെ സംവിധാനത്തിൽ അരങ്ങിലെത്തിയ കാളിനാടകം. സജിത പറയുന്നു. "കുട്ടിക്കാലം മുതൽ തിറയും തെയ്യവും മുടിയേറ്റവും കാണുന്നുണ്ട്. അതിലെല്ലാം നിറഞ്ഞുനിൽക്കുന്ന കാളിയേയും അതിലെ ശക്തിസ്വരൂപങ്ങളെയും മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ട്. ഈ അവതരണങ്ങളെല്ലാം എന്നെ ഒരു ആശങ്കയിലേയ്ക്കാണ് നയിച്ചത്. ഈ സ്വരൂപത്തെ കെട്ടിയാടുന്നത് പുരുഷന്മാരാണ് എന്നുള്ളതാണ്.  കാളി സ്ത്രീയുടെ ഏറ്റവും ശക്തമായ പ്രതിരൂപമാണ്. ആ സങ്കല്പം സ്ത്രീ കെട്ടിയാടേണ്ടതാണെന്ന അനിവാര്യമായ തോന്നലിൽ നിന്ന് രൂപപ്പെട്ടതാണ് കാളിനാടകം.

 

"സ്ഥാനം നിശ്ചയിക്കുന്നത് അവരെത്ര.

ഇരിക്കണമോ എന്ന് നിശ്ചയിക്കുന്നത് നമ്മളാണ്. "

 

കാളിനാടകത്തിലെ ഈ സംഭാഷണം ഏറെ കുറിക്കുകൊള്ളുന്നതാണ്. ഭദ്രകാളിയുടെ ഐതിഹ്യവും സമകാലിക സംഭവങ്ങളും (ജിഷ കൊലക്കേസ്) സമന്വയിപ്പിച്ച് അരങ്ങിൽ എത്തിച്ച ഈ നാടകത്തിൽ കാളിയും ദാരികനും നന്മയുടെയും തിന്മയുടെയും രണ്ട് പ്രതീകങ്ങളാണ്. സ്ത്രീ എന്തൊക്കെ കാര്യങ്ങൾ എങ്ങനെയൊക്കെ ചെയ്യണമെന്ന് സമൂഹം തീർപ്പ് കൽപ്പിച്ചിട്ടുണ്ട്. അതിർവരമ്പുകൾ അതിലംഘിക്കാത്തപ്പോൾ  അവൾ എല്ലാവർക്കും പ്രിയപ്പെട്ടവളാകുന്നു. അതിനപ്പുറം പോകാൻ അവൾക്ക് അനുവാദമില്ല. ഭക്ഷണം, വിദ്യാഭ്യാസം, പാർപ്പിടം എല്ലാം നൽകും. പക്ഷേ, അതിന്റെയൊക്കെ അപ്പുറം കടക്കാൻ പാടില്ലെന്നുള്ളതാണ് നിബന്ധന. കലിയടങ്ങാത്ത കാളിയായി വ്യക്തി ബോധമുള്ള സ്ത്രീ ഉണരുന്നതു സജിത കാളി സങ്കല്പത്തിലൂടെ നാടകവൽക്കരിക്കുകയാണിവിടെ.

 

2021-ൽ കേരള സംഗീത നാടക അക്കാദമിയുടെ സഹകരണത്തോടെ കൊല്ലം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രകാശ് കലാകേന്ദ്രത്തിന്റെ നേതൃത്വത്തിൽ അവതരിപ്പിക്കപ്പെട്ട നാടകമാണ്  തീണ്ടാരിപ്പച്ച. എമിൽ മാധവിയുടെ ഡ്രമാറ്റർജിയിൽ  ശ്രീജിത്ത് രമണന്റെ സംവിധാനത്തിൽ ഒരുങ്ങിയ നാടകം ഇതിനോടകം നിരവധി അരങ്ങുകൾ പിന്നിട്ട്  കേരളത്തിന്റെ പുറത്തും പ്രദർശനം തുടരുകയാണ്. ആർത്തവപ്പേടിയുടെയും ചെറുപ്പം മുതൽ അനുഭവിക്കുന്ന ലൈംഗിക ചൂഷണങ്ങളുടെയും ഉൽക്കണ്ഠകളുടെയും സ്ത്രീയനുഭവങ്ങളുടെ പങ്കിടലാണ് നാടകത്തിന്റെ പ്രമേയം. പെണ്ണുടലുകളെ ഭോഗ വസ്തുവായും വില്പനചരക്കുകളായും കാണുന്ന ആണധികാര തന്ത്രങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ തീണ്ടാരിപ്പച്ച ഒരോർമ്മപ്പെടുത്തലാണ്. ജാതീയമായ അടയാളങ്ങളും മത ചിഹ്നങ്ങളും വിലക്കുകളും കൂടുതൽ കരുത്തോടെ ആഞ്ഞടിക്കുമ്പോൾ സ്വാനുഭവങ്ങൾ ചർച്ചകളിലൂടെയും സംഭാഷണങ്ങളിലൂടെയും പ്രതികരണങ്ങളിലൂടെയും പുതിയ രംഗപാഠ നിർമ്മിതിയായി മാറുന്നു. അരീന (വൃത്താകൃതിയിലുള്ള അരങ്ങ്) തിയേറ്റർ മാതൃകയിലാണ്  നാടകത്തിന്റെ ആവിഷ്ക്കാരം. വൃത്താകൃതിയിലുള്ള കളം .  അവയിൽ സിലിണ്ടർ ആകൃതിയിലുള്ള പൈപ്പുകളിൽ നിന്നും താഴോട്ട് തൂങ്ങിനിൽക്കുന്ന ചുവന്ന നൂലുകൾ. ഇത്രയുമാണ് രംഗവേദി.  കഥാപാത്രങ്ങളായി പതിമൂന്ന് സ്ത്രീകൾ എത്തുന്നത്തോടെ നാടകത്തിന് പല വിധമാനങ്ങൾ കൈവരുന്നു. ജൈവികമായ ഒരു പ്രക്രിയയെ അശുദ്ധി എന്ന മുദ്രകുത്തി എല്ലാത്തിൽ നിന്നും അകറ്റിനിർത്തുന്ന അനീതിയെ അവർ ഒരുമിച്ച് ചോദ്യം ചെയ്യുന്നു. ഓർമ്മകളിലൂടെയും അനുഭവങ്ങളുടെ നേർസാക്ഷ്യത്തിലൂടെയും പ്രേക്ഷകരിലേക്ക് അവരുടെ നിസ്സഹായാവസ്ഥയെ എത്തിക്കുന്നു. വ്യക്തിപരവും സാമൂഹികവും ധാർമികതയിലൂന്നിയ  പൗരബോധവും അതിനെ പ്രസരിപ്പിക്കുന്ന ശാരീരിക മെയ്യ് വഴക്കവും അതിശയിപ്പിക്കുന്നതാണ്.

 

                          പുതിയ കാലഘട്ടത്തിൽ  ദേശീയ അന്തർദേശീയ നാടകാനുഭവങ്ങളുടെ പ്രായോഗിക തലം പരിചിതമായ നാടകലോകം, നൂതന രംഗാവിഷ്കാരങ്ങൾ സൃഷ്ടിക്കുമ്പോൾ അതിനെ പരീക്ഷണമെന്നു പറഞ്ഞു  നിരാകരിക്കാൻ പ്രേക്ഷകർക്കാവില്ല. ഇവയ്‌ക്കെല്ലാം  അതിന്റെതായ കാഴ്ചക്കാർ നിലവിലുണ്ട്. ഇത്രയേറെ പ്രവർത്തനങ്ങൾ ഇന്ത്യൻ പരിസരത്തിൽ സജീവമാകുമ്പോഴും സ്ത്രീപക്ഷനാടകങ്ങുടെ കാഴ്ചാ പങ്കാളിത്തത്തിൽ സ്ത്രീ പ്രേക്ഷകരുടെ ശതമാനം എത്രയാണ്? അതുമല്ലെങ്കിൽ സാധാരണ ജനപങ്കാളിത്തം എത്രയാണ്?  നിങ്ങളിൽ എത്ര പേർ കേരളത്തിൽ അവതരിപ്പിക്കുന്ന നാടകങ്ങൾ കാണാൻ തയ്യാറാകാറുണ്ട്? ഇങ്ങനെ  നിരവധി ചോദ്യങ്ങൾ ഉന്നയിക്കേണ്ടിവരും. സ്ത്രീനാടകത്തിന്റെ  ലഘുചരിത്രം മാത്രമാണ് ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അഭിനയം തൊഴിലാക്കി മൺമറഞ്ഞു പോയ സ്ത്രീകളും ധാരാളമുണ്ട്.  ഇവരിൽ ആഴത്തിൽ ചിന്തിക്കുകയോ ഇടപെടുകയോ ചെയ്തിരുന്നവർ വിരളമായിരുന്നു.   നിരാലംബരും  ചൂഷിതരുമായ സ്ത്രീകഥാപാത്രങ്ങളെ തന്നെ അവർ ആവർത്തിച്ച് അരങ്ങിലെത്തിക്കുകയായിരുന്നു. പലപ്പോഴും അഭിനയം ഒരു തൊഴിലോ അതിലുപരി ഉപജീവനമാർഗമോ ആകുമ്പോൾ, അധികം തിരഞ്ഞെടുപ്പ് ഇവർക്ക് സാധ്യമാകുന്നില്ല. ഇങ്ങനെ മറഞ്ഞിരിക്കുന്ന ലോകത്ത്  സ്ത്രീപക്ഷ ആശയങ്ങളുടെ കടന്നുവരവോടെ  സ്ത്രീ സ്വത്വാനുഭവങ്ങളിലൂടെ സ്ത്രൈണതയുടെ തെറ്റായ  വ്യാഖ്യാനങ്ങളെ എങ്ങനെയാണ് ഖണ്ഡിക്കേണ്ടതെന്ന് തിരിച്ചറിഞ്ഞു.  തുടർന്ന്  നാടകവേദിയെ അപനിർമ്മിച്ചും അതിന്റെ സമ്പ്രദായിക സൗന്ദര്യശാസ്ത്രത്തെ നിരസിച്ചും  നാടകവേദിയുടെ കർത്തൃസ്ഥാനം തനിക്കും യോജിച്ചതാണെന്ന് തെളിയിച്ചു.  ലേഖനാരംഭത്തിൽ ഉന്നയിച്ച ചോദ്യം സമൂഹത്തിനു വേണ്ടി എന്ന്  സമാന്യവത്കരിച്ചു പറയേണ്ടിവരും. പരമ്പരാഗത സൗന്ദര്യവിചാരങ്ങളുടെയും സ്ത്രൈണ സങ്കല്പങ്ങുടെയും വാർപ്പ് മാതൃകകളാൽ നിയന്ത്രിക്കപ്പെട്ട അരങ്ങിലെ സ്ത്രീശരീരവും മനസ്സും തിരിച്ചറിയേണ്ടത് പൊതുസമൂഹം തന്നെയാണ്. ഈ സമൂഹത്തിന്റെ കാഴ്ചാനുഭവത്തിലേക്ക് സ്ത്രീപക്ഷ രംഗപാഠ നിർമ്മിതികൾ എത്തിയാൽ മാത്രമേ പ്രകടമായ മാറ്റം സാധ്യമാകൂ. അതിന് പുരുഷ കർത്തൃത്വത്തിനുളിലുള്ള നാടക രചനയും സംവിധാനവും രംഗസങ്കൽപ്പവുമൊക്കെ സ്ത്രീപക്ഷ വിചിന്തനത്തിന് തയ്യാറെടുക്കണമെന്നു മാത്രം. കൂടാതെ അത്യാധുനികമായ സാങ്കേതികവിദ്യയും   നാടകത്തിന്റെ അന്തർദേശീയ രംഗാവതരണ രീതികളെക്കുറിച്ചുമുള്ള അവബോധവും പരിശീലനവും സ്ത്രീ നാടകപ്രവർത്തകർക്ക് ലഭ്യമാകണം.

 

 1.         a)The sex-role reversal device;

b)The presentation of historical figures as role models;

c) Satire of traditional sex roles;

d) The direct portrayal of women in oppressive situations.

Brown Janet , Feminist Drama Defenision & Critical Analysis , The Scarecrow Press, INC , Metuchen , N. J., & London ,1979 , Page 88.)

2.         1920-കളിൽ യൂറോപ്പിൽ ഉത്ഭവിച്ച് അമേരിക്കയിലേക്ക്  വ്യാപിച്ച വളരെ

രാഷ്ട്രീയവൽക്കരിക്കപ്പെട്ട ഒരു തിയേറ്റർധാരയാണ് അജിറ്റ്പ്രോപ്പ് തിയേറ്റർ. ബെർട്ടോൾട്ട്  ബ്രെഹ്റ്റിന്റെ  നാടകങ്ങൾ ഈ തിയേറ്ററിന്  ഉദാഹരണമാണ്.


 

സുമ സി. സുബ്രമണ്യൻ

8138077073


208 views0 comments
bottom of page