പത്തു ചോദ്യങ്ങൾ
സുനന്ദ ബി./ ആര്യ സി.ജെ.
വ്യക്തിയെ കേന്ദ്രീകരിക്കുന്ന ആത്മീയ മനശ്ശാസ്ത്ര വ്യാഖ്യാനവും വ്യക്തി മനശ്ശാസ്ത്രത്തെ സാമൂഹിക മനശ്ശാസ്ത്രമായി പരിവർത്തിപ്പിക്കാനുള്ള ശ്രമവും നാരായണ ഗുരുവിൻ്റെ പാഠശാലയിൽ കാണാം. നവോത്ഥാനാനന്തരം അതിൻ്റെ ഒരു സംശ്ലേഷണവും പുനരുദ്ധാരണവും മറ്റൊരു രീതിയിൽ നടക്കുന്നുണ്ട്. നിത്യ ചൈതന്യയതിയിലും അതു കാണാം. തത്വചിന്തയിലും സാഹിത്യത്തിലും മനശ്ശാസ്ത്രത്തിലും മറ്റുമായി വ്യാപിച്ചുകിടക്കുന്നതാണ് യതിയുടെ മാനസിക സഞ്ചാരം.
നളിനി എന്ന കാവ്യശില്പം ,സീത നൂറ്റാണ്ടുകളിലൂടെ തുടങ്ങിയവ സാഹിത്യ നിരൂപണത്തിൻ്റെ പരിധിയിൽ വരുന്നതാണ്…മായാസീതാസങ്കല്പം മറ്റുള്ളവരുമായി ഇടപെടുന്ന സ്ത്രീയുടെ നിരാസമായിരുന്നു എന്നും ഇത് ഒരു കാലഘട്ടത്തിലെ സെക്ഷ്വൽ ഡിപ്രഷൻ്റെ അടയാളമായിരുന്നു എന്നും നിത്യചൈതന്യയതി അധ്യാത്മരാമായണത്തെ മുൻനിർത്തി സൂചിപ്പിച്ചിട്ടുണ്ട്.
യതിയുമായി വലിയ അടുപ്പമുണ്ടായിരുന്ന കഥാകൃത്ത് സുനന്ദ ബി.യുമായി യതിയെ മുൻനിർത്തി നടത്തിയ അഭിമുഖമാണിത്.
1.നിത്യചൈതന്യ യതിയെ എങ്ങനെയാണ് പരിചയപ്പെടുന്നത്?
കൊല്ലം ശ്രീനാരായണ കോളേജിൽ ഞാൻ എം.എ. (മലയാളം ) പഠിക്കുമ്പോൾ സഹപാഠിയും വർക്കല ഗുരുകുലത്തിലെ അന്തേവാസിയുമായിരുന്ന ചന്ദ്രശേഖരൻ എന്ന സുഹൃത്താണ് ആദ്യമായി എന്നെ സ്വാമിക്ക് പരിചയപ്പെടുത്തിയത്. അന്ന് കോളേജിൽ പ്രസംഗി ക്കാനാണ് അദ്ദേഹം വന്നത്. വർക്കല ഗുരുകുലത്തിൽ വരാൻ സ്വാമി ക്ഷണിച്ചു.
കുറച്ച് ദിവസങ്ങൾക്കുശേഷം വർക്കല ഗുരുകുലത്തിൽ പോയി. ചന്ദ്രേട്ടനും ഒപ്പം ഉണ്ടായിരുന്നു. ചന്ദ്രശേഖരൻ എന്ന സുഹൃത്തിനെ എല്ലാവരും 'ചന്ദ്രേട്ടാ 'എന്നാണ് വിളിച്ചിരുന്നത്. അന്ധനായിരുന്നു ചന്ദ്രേട്ടൻ. എപ്പോഴും ആരെങ്കിലും കൈ പിടിച്ച് നടക്കാൻ സഹായിക്കും. സ്വാമിയോട് ചന്ദ്രേട്ടൻ പറഞ്ഞു." ഇത് എന്റെ ഒപ്പം പഠിക്കുന്ന സുഹൃത്താണ് . മലയാളനാട്ടിലും കുങ്കുമത്തിലും കഥകൾ എഴുതാറുണ്ട് .സുനന്ദ എന്നാണ് പേര്." സ്വാമിക്ക് സന്തോഷമായി.
പിന്നീട് പലപ്പോഴും ഗുരുകുലത്തിൽ പോകുമായിരുന്നു. സ്വാമിയുടെ പ്രസംഗം വളരെ പതിഞ്ഞ സ്വരത്തിലായിരുന്നു. എല്ലാവരും ശ്രദ്ധയോടെ ഓരോ വാക്കും കേട്ടിരിക്കുമായിരുന്നു. അദ്ദേഹത്തിൻ്റെ പ്രസംഗങ്ങൾ ഹൃദ്യമായിരുന്നു.
2.ശിവഗിരിയിലെ ഗുരുകുലത്തിൽ വച്ചല്ലാതെ ഗുരുവുമായി ബന്ധപ്പെട്ടിരുന്നില്ലേ?
അവധിക്കാലങ്ങളിൽ
സ്വാമിയോടൊപ്പം പല സ്ഥലങ്ങളും സന്ദർശിച്ചിട്ടുണ്ട്. പാശ്ചാത്യരായ സ്ത്രീപുരുഷന്മാരും വിദ്യാർത്ഥികളും എപ്പോഴും അദ്ദേഹത്തോടൊപ്പം കാണും. തമിഴ്നാട്ടിലെ ഫേൺഹില്ലിൽ ഗുരുകുലത്തിൽ സ്വാമിയോടൊപ്പം പോയിട്ടുണ്ട്. ചെറിയ ഒരു മുറിയായിരുന്നു സ്വാമിയുടേത്. എല്ലാവരും പുൽത്തകിടിയിൽ വച്ച കൂരകളിലായിരുന്നു രാത്രി കഴിച്ചുകൂട്ടിയത്. അവിടെയുള്ള ഗുരുകുലത്തിൽ ആൾക്കാർ വന്നുനിറയും. സ്വാമിയുടെ പ്രസംഗം കേൾക്കാൻ കാതോർത്തിരിക്കും. കഴിഞ്ഞുപോയ ആ നല്ല ദിവസങ്ങളെക്കുറിച്ച് ഓർത്തിരിക്കാൻ എനിക്കിഷ്ടമാണ്. വാർദ്ധക്യകാലത്തെ പ്രസാദമയമാക്കുന്നത് ഇത്തരം ഓർമ്മകളാണല്ലോ.
3.ഗവേഷണം യതിയുടെ പ്രേരണയിൽ നിന്നാണെന്ന് കേട്ടിട്ടുണ്ടല്ലോ?
എം.എ കഴിഞ്ഞ് എന്തുചെയ്യണമെന്നറിയാതെ മനസ്സ് കലങ്ങി.അപ്പോഴാണ് ഗവേഷണം ചെയ്യാൻ സ്വാമി നിർദ്ദേശിച്ചത്. നമുക്ക് ഒരു വിഷയം കണ്ടുപിടിക്കാം. ഏറ്റവും ഇഷ്ടമുള്ള ഒരു നോവലിസ്റ്റിനെ തിരഞ്ഞെടുക്കാൻ അദ്ദേഹം നിർദ്ദേശിച്ചു.എം. ടി വാസുദേവൻ നായർ എന്നാണ് പെട്ടെന്ന് ഉത്തരം പറഞ്ഞത്. തലക്കെട്ട് നിർദ്ദേശിച്ചു. ഇങ്ങനെ തലക്കെട്ട് എഴുതിയാൽ ഗസ്റ്റാൾട്ട് സൈക്കോളജിയെ അടിസ്ഥാനമാക്കിക്കൊണ്ട് എഴുതാം എന്നു പറഞ്ഞു. ഗസ്റ്റാൾട്ട് സൈക്കോളജി -ഞാൻ കേട്ടിട്ടുപോലുമില്ലാത്ത ഒരു വിഷയം. ആകുലതയോടെ നിൽക്കുമ്പോൾ സ്വാമി വീണ്ടും പറഞ്ഞു .എന്നാൽ വേണ്ട .മനശാസ്ത്രപരമായ നോവലിടങ്ങൾ കണ്ടുപിടിക്കാം. എങ്ങനെ ചെയ്യണമെന്നൊക്കെ ഞാൻ പറഞ്ഞു തരാം. എനിക്ക് സമാധാനമായി. അങ്ങനെയാണ് എറണാകുളം മഹാരാജാസ് കോളേജിൽ ലീലാവതി ടീച്ചറുടെ മേൽനോട്ടത്തിൽ ഗവേഷണം തുടങ്ങിയത്.
4.യതി വ്യക്തിപരമായ പല സഹായങ്ങളും ചെയ്തിരുന്നല്ലോ?
ഗവേഷണവുമായി ബന്ധപ്പെട്ട് എറണാകുളത്ത് എസ്എൽസി സദനത്തിൽ താമസമായി . നാലു പേരുള്ള ഒരു മുറിയിൽ തികച്ചും അപരിചിതമായ ഒരു സ്ഥലം. സ്വാമിക്ക് കത്തെഴുതി. എനിക്ക് ഇവിടം പൊരുത്തപ്പെടാനാവുന്നില്ല. ഒറ്റയ്ക്കിരിക്കാൻ ഇവിടെ ഒരിടമില്ല.എന്നാൽ അവിടം വേണ്ട. സഹോദരനയ്യപ്പന്റെ ഭാര്യ പാർവതിയമ്മ ആലുവയിൽ ഒരു സ്ഥാപനം നടത്തുന്നുണ്ട്. അവിടം സുനന്ദയ്ക്ക് ഇഷ്ടമാകും. ഞാൻ അതുവഴി പോകുന്നുണ്ട്. അപ്പോൾ അറിയിക്കാം. കുറച്ചു ദിവസങ്ങൾക്കുശേഷം സ്വാമിയുടെ കത്ത് വന്നു. ആലുവയിലേക്ക് പോകുന്ന ദിവസം അറിയിച്ചു.ആദ്യമായിട്ടാണ് വീട്ടിൽ നിന്നും മാറി നിൽക്കുന്നത്. എറണാകുളത്ത് പാർവതിയമ്മയുടെ വീട്ടിൽ ചെന്നു കണ്ടപ്പോൾ അതിശയിച്ചുപോയി. മുട്ടിനൊപ്പമുള്ള നരച്ച മുടി കുളി കഴിഞ്ഞ് അഴിച്ചിട്ടിരിക്കുന്നു. തൂവെള്ള വസ്ത്രം വേഷം. പാർവതിയമ്മയോട് വിവരങ്ങളൊക്കെ പറഞ്ഞു. സഹോദരനയ്യപ്പന്റെ ഭാര്യയാണ് പാർവതിയമ്മ. പിന്നീട് ആലുവയിലുള്ള ശ്രീനാരായണഗിരിയിലേക്കാണ് പോയത്. സ്വാമി യാത്ര പറയുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു . വിഷമിക്കേണ്ട ഞാൻ ഗുരുകുലത്തിൽ ചെന്നിട്ട് കത്തയക്കാം. ആ സാന്ത്വന വാക്കുകൾ എനിക്ക് ധൈര്യം നൽകി. അതിനടുത്ത വാല്മീകി കുന്നിന്റെ മുകളിലിരുന്നാണ് ശ്രീനാരായണഗുരു ധ്യാനനിരതനാകുന്നത് . വാല്മീകി കുന്നിന്റെ മുകളിൽ പോകുന്നത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു. കുന്നിന്റെ മുകളിൽ നിന്ന് നോക്കിയാൽ ചുറ്റും പച്ചനിറമുള്ള പുതപ്പ് മൂടിയിരിക്കുന്നതായി തോന്നും. ഭൂമിയിലുള്ള കാഴ്ചകൾ എത്രമാത്രം മനോഹരമാണെന്ന് തോന്നി. ആ കുന്നിറങ്ങി ചെന്നാൽ പോസ്റ്റ് ഓഫീസ്. അമ്മയുടെ ,അച്ഛൻ്റെ , സ്വാമിയുടെ കത്തുകൾ ... അത് എത്രമാത്രം ധൈര്യവും സാന്ത്വനവും നൽകിയിരുന്നെന്ന് ഞാനറിഞ്ഞു.
5.യതിയുമായുള്ള കത്തിടപാടുകൾ ?
നൂറു കണക്ക് കത്തുകൾ എഴുതിയിരുന്നു. സൂക്ഷിച്ചു വച്ചിരുന്നു.പക്ഷെ അഞ്ചുതെങ്ങിലെ വെള്ളപ്പൊക്കത്തിൽ എല്ലാം പോയി.
6. കത്തുകളുടെ സ്വഭാവം എങ്ങനെയായിരിരുന്നു..?
യതിയുടെ പുസ്തകം പോലെ കാവ്യാത്മകവും സർഗ്ഗാത്മകവുമായിരുന്നു., ചിലപ്പോഴൊക്കെ വിചിത്രവും.. ഒരിക്കൽ നീഷേയുടെ ചിത്രവുമായാണ് കത്ത് വന്നത്.’’ നിങ്ങളുടെ പ്രിയപ്പെട്ട നീഷേ”” എന്നു ചിത്രത്തിൽ എഴുതിയിരുന്നു.
അതിങ്ങനെയാണ് തുടങ്ങുന്നത്:” സുനന്ദേ, ഞാനാണ് നീഷേ. ഭവതി നിത്യനയച്ച കത്ത് ഞാൻ കണ്ടു. എനിക്കു നിത്യനെ ഇഷ്ടമാണ്. നടരാജഗുരു നിത്യൻ എന്ന് പറയുമ്പോൾ നീഷെ എന്ന് പറയുന്നതുപോലെ തോന്നുമായിരുന്നു. അപ്പോൾ എന്നെ വിളിക്കുന്ന തെന്ന് വിചാരിച്ചു ഞാൻ തിരിഞ്ഞു നിൽക്കും “”
നീഷെ എഴുതുമ്പോലെ സങ്കല്പിച്ചാണ് ആ കത്ത്.
“” എൻറെ സ്നേഹിതൻ സരതുഷ്ട്രയെ അറിയുമല്ലോ ഞങ്ങളുടെ പേരുകൾ എങ്ങനെ ഉച്ചരിക്കണം എന്ന് പ്രൊഫസർ കൃഷ്ണൻ നായർ പറഞ്ഞു തന്നിട്ടില്ല”” എന്നു പറഞ്ഞു കൊണ്ടു ജർമ്മൻ ഉച്ചാരണ സവിശേഷതകളെക്കുറിച്ച് എഴുതുന്നു.
“ നിങ്ങൾ എഴുത്തുകാരിയാണ് അല്ലേ സരതുഷ്ട്ര ഒരു ദിവ്യനെ കണ്ടതായി ഞാൻ എഴുതിയിരുന്നല്ലോ. ആ ദിവ്യൻ എൻ്റെ സ്നേഹിതനോട് ഒരിക്കൽ ഇങ്ങനെ പറയുകയുണ്ടായി: “ മനുഷ്യനെ സ്നേഹിക്കരുത്, അവനൊന്നും കൊടുക്കരുത്, അവൻ്റെ ഭാരം അല്പം ഒന്ന് ഇറക്കി കൊടുക്കൂ. അപ്പോൾ അവന് ചുമക്കുവാൻ കഴിയും. അത്രയും ചെയ്താൽ മതി. അതും നിങ്ങൾക്കത് കൊള്ളാമെന്ന് തോന്നിയാൽ മാത്രം ചെയ്യുക. പിന്നെയും വല്ലതും കൊടുക്കണമെന്ന് തോന്നിയാൽ ,അവൻ കെഞ്ചുന്നു എങ്കിൽ ഭിക്ഷ കൊടുക്കുക.””
എന്നിട്ടും സരതുഷ്ട്ര മനുഷ്യനെ സ്നേഹിച്ചു .അവൻ എഴുത്തുകാരോട് പറഞ്ഞു :
“”എപ്പോഴെങ്കിലും മനുഷ്യൻ അവൻ്റെ രക്തം കൊണ്ട് എഴുതിയത് മാത്രമേ ഞാൻ ഇഷ്ടപ്പെടുന്നുള്ളൂ.. രക്തം കൊണ്ട് എഴുതൂ.. രക്തമാണ് ആത്മാവ് എന്ന് അപ്പോൾ മാത്രമേ അറിയൂ.. രക്തം കൊണ്ട് എഴുതുന്നവൻ, സൂക്തങ്ങൾ എഴുതുന്നവൻ അതൊരിക്കലും വായിക്കണമെന്ന് ആഗ്രഹിക്കുന്നില്ല,ഹൃദിസ്ഥമാക്കട്ടെ എന്നു നിശ്ചയിക്കുന്നു.പർവ്വതങ്ങളിലെ ഏറ്റവും ചുരുങ്ങിയ മാർഗം ശൃംഗങ്ങളിൽ നിന്നും ശൃംഗങ്ങളിലേയ്ക്ക് പോകുന്നതാണ്”
ഈ കത്തിൻ്റെ ചില ഭാഗങ്ങൾ കയ്യിൽ ഉണ്ട്.
7. തത്ത്വചിന്താപരവും സൈദ്ധാന്തികവുമായ വിചാരങ്ങൾ കത്തുകളിൽ ഉണ്ടായിരുന്നോ?
തീർച്ചയായും…ഗസ്റ്റാൾട്ട്സൈക്കോളജിയെക്കുറിച്ചൊക്കെ ദീർഘമായ കത്തുകൾ ഉണ്ടായിരുന്നു. പുസ്തകത്തിൻ്റെ പേരും പബ്ലിഷിംഗ് വർഷവും ഒക്കെ വച്ചുള്ള കത്തുകളാണ്.Friedrich Salomon Perls (July 8, 1893 – March 14, 1970), ഈ എഴുത്തുകാരൻ്റെ കൃതിയിൽ നിന്നും ഉദ്ധരണിയൊക്കെ ഒരു കത്തിൽ ഉണ്ട്. ഇതായിരുന്നു ഉദ്ധരണി:
Many of the individual's needs contend with those of society. Competitiveness, need for control, demands for perfection, and immaturity are characteristic of our current culture. Out of this background emerge both the curse and the cause of our neurotic social behaviour. In such a context no psychotherapy can be successful, no unsatisfactory marriage can be improved. But, more importantly, the individual is unable to dissolve his own inner conflicts and to achieve integrity.
8. സാഹിത്യം വിഷമായിരുന്നോ?
മേൽ പറഞ്ഞ കത്തു തന്നെ എം ടി.യുടെ നാലുകെട്ട് എന്ന നോവലിൻ്റെ മനശാസ്ത്രവായനയാണ്. അതിൽ ഇങ്ങനെ കാണാം.ആധുനിക സമൂഹത്തിന്റെ മനോരോഗ കാരണ ങ്ങൾ മറ്റൊരു രീതിയിൽ ജന്മികാലത്തും നിലനിന്നിരുന്നു എന്നു പേളിനെ ഉദ്ധരിച്ചുകൊണ്ട് വിശദീകരിക്കുന്നു.
“പേൾ പറയുന്ന ആധുനിക സംസ്കാരമല്ല നാലുകെട്ടിൽ ഉണ്ടായിരുന്നത്. എന്നാൽ അത് ‘’ന്യൂറോട്ടിക് സോഷ്യൽ ബിഹേവിയറി’ൻ്റെ ശാപവും കാരണവുമായി ഇരിക്കുന്നു എന്ന് പറഞ്ഞത് നാല്കെട്ടിനെ സംബന്ധിച്ചിടത്തോളം കൂടുതൽ സത്യമാണ്. നാലുകെട്ടിൽ ജീവിച്ചിരുന്നവരുടെ ആവശ്യങ്ങൾ ന്യായമായ മാർഗ്ഗങ്ങളിൽ കൂടി നിവർത്തിക്കപ്പെടുന്നവയായിരുന്നില്ല. അവരുടെ ആത്മാവിൽ എപ്പോഴും ആസ്വാതന്ത്ര്യത്തിന്റെയും നിസ്സഹായതയുടെയും തേങ്ങലുകൾ ഉണ്ടായിരുന്നു. നൈതികമായി നോക്കുമ്പോൾ കിരാതന്മാരിൽ കിരാതന്മാരെ കൂടി ലജ്ജിപ്പിക്കുന്ന “”നമ്പൂതിരി സംബന്ധം “ എന്ന് പറയുന്ന ഒട്ടും സമ്യക്കല്ലാത്ത ബന്ധം കൊണ്ട് ഉൾകൃഷ്ടതയും അപകഷ്ടതയും ആത്മാവിൻറെ ആഴത്തിലുള്ള വിള്ളൽ ഉണ്ടാക്കുന്ന ദയനീയമായ ദുരാചാരം വളർത്തി എടുക്കാൻ നായർ മാടമ്പി മാരുടെ നാലുകെട്ടിലെ വെളിച്ചം കയറാത്ത മുറികൾ ഉപയോഗിച്ചു പോന്നു. കൊല്ലും കൊലയും നടത്തിയിരുന്ന കാരണവരുടെ ഉട പിറന്നവൾ ആയിരുന്നു അമ്മ, അല്ലെങ്കിൽ മരുമകളായിരുന്നു അമ്മ. എന്നൊക്കെ ഓർക്കുമ്പോൾ അഭിമാനം കൊണ്ട് വീർപ്പ് മൂടും. സർപ്പക്കാവും കുളവും കാര്യാലയവും നാലുകെട്ടും ഇടക്കെട്ടും നെൽവയലും പത്തായപുരയും തെക്കിനിയും വടക്കിനിയും പരിയമ്പുറത്തു പണിയെടുക്കുന്ന ചെറുമക്കളും എല്ലാം ചേർത്തുവച്ച് നോക്കുമ്പോൾ കിട്ടുന്ന ആഢ്യതയാണ് ഈ അഭിമാന ഗർവ്വം ഉണ്ടാക്കുന്നത്.അച്ഛൻ എന്ന് വിളിക്കേണ്ടിവരുന്ന ആളിനും അമ്മയ്ക്കും തമ്മിലുള്ള ബന്ധം എന്താണെന്ന് ആലോചിക്കുമ്പോൾ ജാരസന്തതികൾക്ക് പോലും കിട്ടുന്ന അംഗീകാരം സ്വന്തം പിതാവിൽ നിന്നും ലഭിക്കുകയില്ലെന്നറിയാം .പിതൃഗൃഹത്തെ അപകൃഷ്ട താ ബോധം കൂടാതെ സ്മരിക്കാനാവില്ല. പിതാവിനെ തൊട്ടുകൂട അയാളുടെ മടിയിൽ കയറി കളിക്കാനാവില്ല കൂടിയിരുന്നു ഉണ്ടു കൂടാ.ഉപഭോഗത്തിനായി മാത്രം അംഗീകരിക്കപ്പെടുന്ന അമ്മയെയും സഹോദരിയെയും ഓർത്ത് ലജ്ജിക്കുന്നു. അന്തരാത്മാവിൽ നിന്നും ഉയരുന്ന പകപോക്കൽ സ്വന്തം അടിമകളുടെ നേർക്ക് തിരിച്ചുവിട്ടു ക്രൂരമായ ആശ്വാസം കണ്ടെത്താനാണ് നാലുകെട്ടിൽ വളർന്നുവന്നക്കാർക്ക് എന്നും വിധിച്ചിട്ടുണ്ടായിരുന്നത്. എം ടി വാസുദേവൻ നായർക്ക് അപരിചിതമല്ല നാലുകെട്ടും അതിൻറെ അന്തരീക്ഷവും… “ ഇങ്ങനെ ഗഹനമായി നീളുന്നതാണ് ആ കത്ത്… അതും നശിക്കാതെ അവശേഷിക്കുന്ന കത്താണ്.
9. പുസ്തകങ്ങൾ പകർത്തിയെഴുതിയിരുന്നല്ലോ?
വിദേശയാത്രകൾ വിവരിക്കുന്ന സാമാന്യം ദീർഘമായ പുസ്തകം ഞാൻ കേട്ടെഴുതിയതാണ്.. അതു കയ്യിലുണ്ട്… അതിൽ ചില ഭാഗം ‘’യാത്ര’’ എന്ന പുസ്തകം ആയിട്ടുണ്ട്
10. പ്രസിദ്ധീകരിക്കാത്ത ഭാഗങ്ങൾ ഉണ്ടോ?
ഉണ്ടാവാം… അതു മറ്റൊരു സന്ദർഭത്തിൽ പരിശോധിക്കാം… നന്ദി