top of page

അതിർത്തികൾ നടന്നുമായ്ക്കുന്നവർ

കവിത
ഐറിസ്

കരയരുത്

മേല് വിലാസമില്ലാത്തവർക്ക്

മുകളിൽ തണലറ്റ വിണ്ണും

താഴെ വിണ്ടുണങ്ങിയ മണ്ണുമെന്ന്

ഒച്ചവെച്ച് കരയരുത്


നമ്മളവരെ അറിയില്ല

അവർ വെടിപ്പാക്കിയ വീടുകൾ

തേച്ചുമിനുക്കിയ പാത്രങ്ങൾ

ചുമന്ന ഭാരങ്ങൾ

ഉടച്ച പാറക്കൂട്ടങ്ങൾ

കോരിനീക്കിയ ഈച്ചയാർക്കും

കൂമ്പാരങ്ങൾ

ഒന്നുമവരെ അറിഞ്ഞില്ല


പകരം

അയിത്തം ചൊല്ലി

ജാതി നാറുന്നു എന്ന്

നാണയമെറിഞ്ഞ്

തലേന്നത്തെ റോട്ടിയെറിഞ്ഞ്

പാഴിടങ്ങളിൽ തള്ളിയകറ്റി

വാതിലുകൾ കൊട്ടിയടച്ചു


അവർക്ക് മടങ്ങിയേ മതിയാവൂ

നാണയങ്ങൾ മാടിവിളിക്കാത്ത

മേലാളർ ചവിട്ടിയകറ്റാത്ത

ചതുപ്പുകളിലാഴ്ത്താത്ത

പട്ടിണിയും രോഗവുമൊഴിയാത്ത

യിസ്രായേല്യരുടെ അടിമത്തം വിട്ട്

വീണ്ടുമൊരു പുറപ്പാട്


അവരുടെ തേഞ്ഞ

ചവിട്ടടികളിൽ

മണ്ണിൻപശിമയുണ്ട്

അവരുടെ കഫം കെട്ടിയ നെഞ്ചിൽ

തളിരിടും കാടുണ്ട്

ചുളിഞ്ഞുണങ്ങുമുടലിൽ

വറ്റാത്ത കടലുണ്ട്


അവർ വാടിവീഴില്ല

ഇടമില്ലാത്തവരുടെ

കനൽ വറ്റും കനവിൽ

വലിയൊരാകാശവും

അതിരുകാക്കാത്ത

ഭൂമിയും ബാക്കിയുണ്ട്

തേനും പാലുമൊഴുകും നാട്


അവിടെ

വെണ്ണീറിൽ നിന്ന്

നട്ടുനനച്ച് വളർത്തും

തണലുകൾ

അവരുടെ കുഞ്ഞുങ്ങളുടെ പൊള്ളലിൽ കാറ്റുവീശിത്തണുപ്പിക്കും

പയ്യാരമോതിച്ചിരിപ്പിക്കും


അവർ നനവ് തേവും മണ്ണ്

പുല് നാമ്പിലെ

മഴവില്ലഴക് കാട്ടിയുണർത്തും

നക്ഷത്രക്കഥകൾ

പാടിയുറക്കും


കരയരുത്

മടക്കി വിളിക്കരുത്

അവർ പൊയ്ക്കോട്ടെ


 


0 comments
bottom of page