top of page

നിരന്തരം പീഡിപ്പിക്കപ്പെടുന്ന ഒരുവളുടെ ജന്മ ദേശം

കവിത
ഡോ. ലീന കെ .എസ് , കൊല്ലം.

ഇന്നലത്തെ മഴ..

ഇതളുകൾ ചിതറിച്ചു .

ഇന്നിന്റെ ആവേഗം..

ഇരുളിൽ പൊട്ടിവീണൊരു

നീണ്ട നീല വര..

രക്തംപടർന്ന അരികുകൾ.

ഇടറിപെയ്ത ഇടവപ്പാതി

ഇടനെഞ്ചിലൂടെ കുത്തിയൊലിച്ചിറങ്ങി

എങ്ങോ പോയി.


പോക്കാച്ചിയും ചീവീടും ഇടയില്ലാത്ത കാറി കരയുന്നുണ്ട്.


ഇനിയും വരും എന്നൊരു കടലിരമ്പം.

നിന്റെ വാതിലിനു മുന്നിൽ

മുട്ടുകാലിൽ നിന്നു പ്രാർഥിക്കുന്നുണ്ട്


പ്രേമിക്കപ്പെട്ടവളുടെയും പ്രണയത്തിൽ അണമുറിഞ്ഞൊഴുകി പോയവളുടെയും കണ്ണീരിൽ വീണുരുണ്ടുരുണ്ട്.


സൂര്യനെല്ലിയും തങ്കമണിയും ഡൽഹിയും ഏതൊക്കെയോ കതകുകൾക്കപ്പുറത്ത് തേങ്ങലമർന്നു മരവിച്ചിരിപ്പുണ്ട്.

ചിതൽ തിന്നു മണ്ണ് പുതച്ചുറങ്ങുന്നുണ്ട് ..


തെറ്റും ശരിയും ഇല്ലാതെ

ഒരു പൊതികെട്ട് താഴേയ്ക്ക്.


നിവർത്തികേട്...

തണുത്ത മുറികളിൽ

ചുവരുകളിൽ

തെറിച്ചു വീണുണങ്ങി കറുത്ത

ചോര കിളികൾ..


നിരന്തരം പീഡിപ്പിക്കപ്പെടുന്നവരുടെ അലമുറ

തുരുമ്പടർന്നു വീണ പഴയ വാതിലുകളിൽ തട്ടി തിരികെ പോകുന്നുണ്ട്.

ഇപ്പോഴും.


 


0 comments
bottom of page