സഹന സമര വിമോചന പോരാളിയായ മഹാത്മാഗാന്ധിയും ബ്രിട്ടീഷ് സേവകനും സ്വാതന്ത്ര്യ വാദ വിരുദ്ധനായ കുമാരനാശാനും ഭാഗം-2
- GCW MALAYALAM
- Jun 1, 2024
- 5 min read
ചരിത്ര പഠനം
എസ്.സുധീഷ്

ഭാഗം -2
1919 ൽ ഖിലാഫത്തു കമ്മിറ്റി ആഹ്വാനം ചെയ്തനിസ്സഹകരണ തന്ത്രസമരം ഊർജ്ജവത്താകുന്നതോടെ, കോൺഗ്രസിനെ ഖിലാഫത്തിൽ കൊണ്ടെത്തിച്ച മഹാത്മജിയുടെ നേതൃത്വപരമായ സ്ഥാനം ഉറപ്പാവുന്നു. , 1920 -ൽ അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു
മഹാത്മജിയുടെ വാക്കുകൾ വിശ്വസിക്കാമെങ്കിൽ 1918 -ൽ അദ്ദേഹം ചെംസ്ഫോർഡിന്റെ ആഹ്വാനത്താൽ ഉത്തേജിതനായി ബ്രിട്ടീഷ് സേനയിൽ ആളെ ചേർക്കുന്ന പ്രവർത്തനത്തിൽ സ്വന്തം ആരോഗ്യം പോലും ബലികഴിച്ചുകൊണ്ടു വ്യാപൃതനായ ബ്രിട്ടീഷ് ബന്ധു ആയിരുന്നു . 1919 -ൽ യുദ്ധകാലത്തു പൗരാവകാശങ്ങൾ ചങ്ങലക്കിട്ടു കൊണ്ടുണ്ടാക്കിയ നിയമങ്ങളെ സ്ഥിരീകരിക്കുന്ന റൗളത് ആക്ടിന്റെ കാലത്തും 1919 -ലെ ഖിലാഫത് കമ്മിറ്റിയുടെ കാലത്തും അദ്ദേഹം ബ്രിട്ടീഷ് അനുഭാവിയായ കോൺഗ്രെസ്സുകാരൻ എന്ന നിലയിൽ ആദരിക്കപ്പെട്ടിരുന്നു . മഹാത്മജിയെ ക്കുറിച്ചു അദ്ദേഹം ജനപക്ഷത്തു നിൽക്കുമ്പോൾ തന്നെ ബ്രിട്ടീഷ് ഉന്നതോദ്യഗസ്ഥന്മാർ അവർക്കിടയിൽ അദ്ദേഹത്തെ .'' ഔർ മാൻ '' എന്നു വിശേഷിപ്പിക്കുമായിരുന്നു എന്ന് ജോർജ് ഓർവെൽ എഴുതുന്നുണ്ട് . ബ്രിട്ടീഷ് ബന്ധു എന്നത് മഹാത്മജി ഒളിവിൽ കൊണ്ട് നടന്ന കാര്യമല്ലായിരുന്നു .അദ്ദേഹം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് നൽകിയ സേവന പരമ്പരയെ ഒരു രാഷ്ട്രീയ അവകാശവാദം എന്ന നിലയിലാണ് , ''1922 -ലെ മഹത്തായ വിചാരണ''യിൽ അദ്ദേഹം വെളിപ്പെടുത്തുന്നത് ; 1918 -ൽ ബ്രിട്ടിഷ് ബന്ധു എന്ന സ്ഥാനം സ്ഥിരീകരിക്കുന്നതിനു കഠിനാദ്ധ്വാനം ചെയ്ത മഹാത്മജി രണ്ടു വർഷം കഴിയുമ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ് സ്ഥാനത്തു എത്തുന്നത് ഒരു മായക്കാഴ്ചയായിരുന്നു ! റൗളത് ആക്റ്റും, ജാലിയൻ വാലാ ബാഗും കൊണ്ട് കലുഷമായ 1919 നു തൊട്ടു മുൻപുള്ള മാസങ്ങൾ വരെയും ബ്രിട്ടീഷ് ബന്ധു എന്ന നിലയിൽ പ്രവർത്തിച്ചിരുന്ന മഹാത്മജി 1920 - ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ തലപ്പത്തെത്തുന്നതിനു ,ഖിലാഫത്ത് നയതന്ത്രം അദ്ദേഹത്തിന് തുണയായി . മഹാത്മജിക്കൊപ്പം ഖിലാഫത്തിൽ പങ്കെടുക്കാൻ ഇന്ത്യൻ നാഷണൽകോൺഗ്രെസ്സു മാത്രമല്ല മുസ്ലിം ലീഗും അപ്പാടെ തയ്യാറായിരുന്നില്ല ;തിലകന്റെയും , ബിപിൻചന്ദ്ര പാലിന്റെയും ജിന്നയുടെയും ,ആനി ബൈസന്റിനെയും, ഖിലാഫത് വിരുദ്ധ നിലപാടുകളെ മറികടന്നു ,മഹാത്മജിക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധികാര സ്ഥാനത്തെത്താൻ കഴിഞ്ഞതോടെ മതത്തെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളിയെ നേരിടുന്നതിനുള്ള അവസരം അളന്നു മനസ്സിലാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു ; മരണം വരെയും അദ്ദേഹം മതത്തിന്മേലുള്ള പിടി വിട്ടില്ല. ബ്രിട്ടീഷ് പ്രതിബദ്ധതയും മതപ്രതിബദ്ധയും രസകരമായി സമന്വയിക്കുന്നതിലൂടെ 1922 ആവുമ്പോഴേക്കും അദ്ദേഹം ഒരു വ്യക്തി എന്നതിനെ ക്കാളേറെ മതാത്മക പരിവേഷമുള്ള മിത്ത് ആയി ഇന്ത്യൻ ചരിത്രത്തിൽ വളർന്നു കയറി!അദ്ദേഹത്തിന്റെ സൃഷ്ടിപരമായ അടവുകളും തന്ത്രങ്ങളുമെന്നപോലെ ഋണാത്മകമായ അടവുകളും തന്ത്രങ്ങളും അദ്ദേഹത്തിന്റെ രാഷ്ട്രീയവും മതാത്മകവുമായ മിത്തിക്കൽ പരിവേഷത്തെ ജ്വലിപ്പിച്ചു ; ഖിലാഫത്തു പ്രസ്ഥാനം അക്രമത്തിലേക്ക് തിരിഞ്ഞപ്പോൾ മഹാത്മജി ഖിലാഫത്തിൽ നിന്ന് അദ്ദേഹത്തിന്റേത് എന്ന് പറയാവുന്ന നിസ്സഹകരണ ഭാഗം പിൻവലിക്കുകയുണ്ടായി; പരാജിതനായ മഹാത്മജിയെ ബ്രിട്ടീഷ് ഗവേൺമെന്റ് അറസ്റ്റു ചെയ്യുന്നതോടെ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിൽ പൊടുന്നനെ ഒരു മിത്തിക്കൽ പരിവേഷം ഉണ്ടായി വരുന്നതായി നാം കാണുന്നു ; തന്റെ ബ്രിട്ടീഷ് സേവാനിഷ്ഠയെ വികാരഭരിതമായി ഉപന്യസിക്കുന്ന '' മഹത്തായ വിചാരണ - 1922 '' മോഹൻദാസ് ഗാന്ധിയിൽ നിന്ന് ''മഹാത്മാവ് ' എന്ന മിത്ത് രൂപപ്പെടുത്തുന്ന വേദ പ്രമാണമാണെന്നു ഉറപ്പിച്ചു പറയാവുന്നതാണ് !. 1918 -ൽ ഒറ്റയാനായി ബ്രിട്ടീഷ് യുദ്ധ സേവനം നടത്തിയ മോഹൻ ദാസ് ഗാന്ധി എന്ന വ്യക്തിയിൽ നിന്ന് മഹാത്മാ മിത്തിലേക്കു വളർന്നു പുഷ്ടിപ്രാപിച്ച ശേഷവും ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രക്ഷോഭത്തെ അവിരാമം ജ്വലിപ്പിച്ചുകൊണ്ടിരുന്ന മഹാത്മജിക്ക് ബ്രിട്ടീഷ് അധികാരത്തെ സമ്പൂർണ്ണമായി പുറന്തള്ളുന്ന പൂർണ്ണ സ്വരാജ്യം എന്ന ആശയത്തെ 1929 -ൽ പ്പോലും ഉൾക്കൊള്ളാൻ കഴിയുമായിരുന്നില്ല .അദ്ദേഹത്തിന്റെ താല്പര്യത്തിന് വിപരീതമായി ലാഹോർ സമ്മേളനത്തിൽ വച്ച് പൂർണ്ണ സ്വരാജ്യ പ്രമേയം കോൺഗ്രസ് അംഗീകരിക്കുമ്പോൾ 1930 -മുതൽ രണ്ടു വർഷത്തിനുള്ളിൽ ഇന്ത്യയ്ക്ക് ഡൊമിനിയൻ പദവി നല്കണമെന്ന ബദൽ പ്രമേയമാണ് അദ്ദേഹം മുന്നോട്ടു വച്ചതു.അതായതു ബ്രിട്ടന്റെ പരമാധികാരത്തെ നിലനിർത്തിക്കൊണ്ടുള്ള പ്രവിശ്യാഭരണ സ്വാതന്ത്ര്യം
ഇവിടെയൊക്കെ മഹാത്മജി കോൺഗ്രസിലെ ഉൾപ്പാർട്ടി ജനാധിപത്യത്തെ മറികടക്കാനുള്ള തന്ത്രങ്ങൾ കൈക്കൊണ്ടു .സുഭാഷ് ചന്ദ്രബോസ് അദ്ദേഹത്തിന്റെ താല്പര്യത്തിനു വിരുദ്ധമായി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തെക്കു തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ബോസിനെ ഒന്നുമല്ലാതാക്കാൻ മഹാത്മജി പയറ്റിയ തന്ത്രത്തിനെതിരെ ആരുടേയും നാവുപൊങ്ങാത്തതു അദ്ദേഹം വ്യക്തിയല്ല മിത്ത് ആയിരുന്നു എന്നത് കൊണ്ടാണ് . അറസ്റ്റും ജയിൽ വാസവും പ്രാത്ഥനായോഗവും ആശ്രമജീവിതവും അദ്ദേഹത്തിന്റെ മിത്തിക്കൽ പരിവേഷത്തിനു ഉദാര ശോഭ നൽകി .
1918 -ൽ ബ്രിട്ടീഷ് പട്ടാളത്തിന് ആളെ ചേർക്കാൻ ഒറ്റതിരിഞ്ഞു നടത്തിയ ത്യാഗനിർഭരമായ പ്രവർത്തനത്തിന് നേർ വിപരീതമായ പ്രഖ്യാപനമായിരുന്നു------- 1942 -ൽ ---- യുദ്ധത്തിൽ സഹകരിച്ചാൽ യുദ്ധാനന്തരം സ്വരാജ്യം തരുമോ എന്നുചോദിച്ചു കൊണ്ടിരുന്ന കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചു കൊണ്ട്-------- ,ഒരു കോൺഗ്രസ് അനുചരന്റെയും ശ്രദ്ധയിൽപ്പെടാതെ മഹാത്മജി നടത്തിയ നടത്തിയ ക്വിറ്റ് ഇന്ത്യാ പ്രഖ്യാപനം. ;ആയുധ ശക്തികൊണ്ട് കീഴ്പ്പെടുത്താനാവാത്ത ബ്രിട്ടനെതിരെ മത്സരിച്ചു തോൽക്കുന്നതിനു പകരം അനുനയന സഹനമാർഗ്ഗങ്ങളിലൂടെ ബ്രിട്ടനിൽ നിന്ന് സാധ്യമാവുന്നതെല്ലാം നേടിയെടുക്കുക എന്നതായിരുന്നു , ഈശ്വര തുല്യം ആരാധിക്കപ്പെട്ടിരുന്ന മഹാത്മജിയുടെ രാഷ്ട്രീയ തന്ത്രം .ബലവാനെ അനുനയിപ്പിക്കു ന്ന അഭിനയതന്ത്രമായിരുന്നു അദ്ദേഹത്തിന് സമരം ....പക്ഷെ 1942 ൽ രംഗമാകെ മാറുകയായിരുന്നു ;ബലവാനെ മറികടന്നു അതിബലവാനായ ഫാസിസിസ്റ് ജപ്പാൻ മലയ്ഷ്യയിലും സിംഗപ്പൂരിലുമൊക്കെ ചുവടു വയ്ക്കുമ്പോൾ ഗാന്ധി ഭക്തന്മാരായ വിദേശ ഇന്ത്യാക്കാർ, ബോസിന്റെ ഐ എൻ എ യിൽ ചേർന്ന് സ്വാതന്ത്ര്യ സമര പോരാളികളായി മാറുകയായിരുന്നു ;ഒരു പക്ഷെ ബ്രിട്ടനെ തൂത്തെറിഞ്ഞു കൊണ്ട് ,ഇന്ത്യ ജപ്പാന്റെ ഒരു കോളനി ആയി മാറുകയാണെങ്കിൽ ,കോൺഗ്രസിന്റെ ബ്രിട്ടിഷ് അനുനയന നിലപാട് ആപത്തിനു കാരണമാവാം . മറിച്ചു ഇപ്പോൾ ബ്രിട്ടനെതിരെ ഒരു പൂർണ്ണ സ്വാതന്ത്ര്യ വാദ പ്രക്ഷോഭമുണ്ടായി എന്നതിന്റെ പേരിൽ ബ്രിട്ടീഷു കാർ ജയിച്ചു വന്നാലും വിശേഷവിധിയായി ഒന്നും സംഭവിക്കുകയില്ല ; ഹോം റൂൾ ലീഗ് ഒന്നാം ലോക യുദ്ധം ഒരു അവസരമെന്നനിലയിൽ കണ്ടു കൊണ്ടാണ് ബ്രിട്ടനെതിരെ പോരാട്ടത്തിനിറങ്ങിയത് . രണ്ടാം ലോക മഹായുദ്ധം ഒന്നാം ലോകമഹായുദ്ധ സമാനമായ അവസരമെന്നു ഹോം റൂൾ ലീഗിനെപ്പോലെ ചിന്തിച്ചതുകൊണ്ടാണോ , ബ്രിട്ടനെ വീഴ്ത്തിക്കൊണ്ടു ജപ്പാൻ കടന്നു വന്നാൽ ബോസിനോടൊപ്പം ബ്രിട്ടനെ തള്ളിപ്പറയുക എന്നതാണ് അവസരോചിതമായ ബുദ്ധി അതാണ് ഇന്ത്യൻ ജനതയ്ക്കു ഗുണം ചെയ്യുക എന്ന് നിനച്ചത് കൊണ്ടാണോ ,-----മഹാത്മജി ബ്രിട്ടനുമായി അങ്കം കുറിച്ചതിന്റെ കാര്യ കാരണങ്ങൾ ആരുമായും പങ്കു വച്ചില്ല . ! ഒരു സ്വപ്ന ദർശനത്തിൽ നിന്നെന്നപോലെ ''ബ്രിട്ടീഷുകാർ ഇന്ത്യവിടുക'' എന്ന മുദ്രാവാക്യം പൊട്ടിപ്പുറപ്പെട്ടു ! ''ബ്രിട്ടിഷുകാർ ഇന്ത്യ വിടുക '' എന്നത് കൊണ്ട് ഇന്ത്യയ്ക്ക് പൂർണ്ണ സ്വരാജ്യമോ ഡൊമിനിയൻ പദവിയോ നില നിർത്താനായി എന്നുവരില്ല ;ബ്രിട്ടൻ ഇന്ത്യവിട്ടാൽ യുദ്ധകാലത്തു ഉടനെ ഒരു സ്വയംഭരണ ഗവേണ്മെന്റുണ്ടാവുമെന്നതിനു ഒരു ഉറപ്പുമില്ലായിരുന്നു ; ബ്രിട്ടനെ തോൽപ്പിച്ച് കയറുന്ന ജപ്പാന്റെ നിലപാട് എന്തായിരിക്കുമെന്ന് ബോസിന് പോലും .പറയുവാൻ കഴിയുമായിരുന്നില്ല ;ഇപ്പോൾ ബ്രിട്ടനെ പുറത്താക്കാനുള്ള സമരം ബോസിന്റേയും മഹാത്മജിയുടെയും ജപ്പാന്റെയും പൊതുവായ മുദ്രാവാക്യമായിരുന്നു . ക്വിറ്റ് ഇന്ത്യ -കാലത്തു ജപ്പാന്റെ വക്താവായിക്കഴിഞ്ഞ ബോസിനോട് മുൻപെങ്ങുമില്ലാത്ത ആദരാധിക്യം മഹാത്മജിക്ക് ഉണ്ടായിരുന്നുവെന്ന് മൗലാനാ ആസാദ് തന്നെ എഴുതിക്കാണുന്നുണ്ട് ! പൂർണ്ണ സ്വരാജ്യവാദികൾ ഇതിനകം തന്നെ ബ്രിട്ടൻ ഇന്ത്യ വിടണമെന്ന മുദ്രാവാക്യത്തെ ഇന്ത്യയിലുടനീളംഉയർത്തിക്കൊണ്ടു വന്നിട്ടുണ്ട് ;അതിനു പ്രയോഗതലത്തിൽ തീ പിടിപ്പിക്കുന്ന ഒരു പ്രയോഗം മാത്രമായിരുന്നു ക്വിറ്റ് ഇന്ത്യ ആഹ്വാനം . അതി ബലവാനായ ജപ്പാൻ ബലവാനായ ബ്രിട്ടനെ കീഴടക്കിയാൽ സ്ഥിതിവഷളാവും ;അപ്പോൾ ബോസിനേക്കാളും ഉച്ചത്തിൽ ക്വിറ്റ് ഇന്ത്യ മുദ്രാവാക്യവുമായി ഞാൻ നിൽക്കുന്നു എന്ന് പറയുകയാണ് ഇന്ത്യയ്ക്ക് ആകെ ഗുണം ചെയ്യുന്ന സുരക്ഷിതമായ നിലപാട് എന്നത് സാമാന്യ യുക്തിയാണ് ; ; യുദ്ധത്തിൽ ജപ്പാൻ തോറ്റു ; ബ്രിട്ടനെതിരെ അക്രമാസക്തമായ ഒച്ച വച്ചു എന്നതിന്റെ പേരിൽ ഗാന്ധിജിക്കു മുൻകാലങ്ങളിൽ എന്ന പോലെ സർവ വിധ ബഹുമതികളോടെയുമുള്ള ജയിൽ വാസം എന്നതിൽക്കവിഞ്ഞു ഒന്നും സംഭവിച്ചതുമില്ല ;യുദ്ധാനന്തരം ബ്രിട്ടീഷ് കോളനികൾക്കു സ്വാതന്ത്ര്യം നൽകാൻ ബ്രിട്ടൻ തീരുമാനിക്കുമ്പോൾ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നൽകാൻ വിധിയുണ്ടാവുകയും ചെയ്തു .മഹായുദ്ധത്തിൽ ജയിച്ച ബ്രിട്ടന് അതിന്റെ ആഗോള സാമ്രാജ്യത്വ ശാല ചുരുട്ടിക്കെട്ടേണ്ടിവന്നു എന്നത് ചരിത്ര നീതിയായിരുന്നു .
ഇന്ത്യൻ രാഷ്ട്രീയ സ്വാതന്ത്ര്യ സമരത്തിൽ വിഭിന്ന ധാരകളുണ്ടായിരുന്നു ;അതിൽ തീവ്രവാദികളൊഴികെ മറ്റുള്ളവരെല്ലാം കാലാ കാലങ്ങളിൽ ബ്രിട്ടീഷ് ഭരണകൂടവുമായി അനുരഞ്ജന പ്പെട്ടിരുന്നു . അതിനവരെ പ്രേരിപ്പിച്ചത് ഗുണ- ചേതാധിഷ്ഠിത കണക്കുകൂട്ടലുകളായിരുന്നു ;അനുരഞ്ജനമാണോ ഏറ്റുമുട്ടലാണോ ഇപ്പോൾ ഗുണം ചെയ്യുക എന്നുള്ളതി ന്റെ കണക്കു കൂട്ടലുകളായിരുന്നു ; ; പക്ഷെ ഗാന്ധിജി അതിൽ നിന്ന് ഭിന്നനായിരുന്നു . മഹത്തായ വിചാരണയിൽ അദ്ദേഹം വെളിപ്പെടുത്തിയ പോലെ'' ഔർ മാൻ '' എന്ന് വിളിച്ചുകൊണ്ടു ബ്രിട്ടീഷുകാർ അവരുടെ നെഞ്ചോട് ചേർത്ത് നിർത്താൻ പോന്ന തരത്തിലുള്ള സേവനങ്ങൾ അദ്ദേഹം ബ്രിട്ടീഷുകാർക്ക് നൽകിയിരുന്നു ; അതിനർത്ഥം അദ്ദേഹത്തിന് ബ്രിട്ടീഷുകാരാട് അചഞ്ച ലമായ കൂറ് ഉണ്ടായിരുന്നു എന്നല്ല .പോർബന്ദരി ലെ ദിവാൻറെ പാരമ്പര്യം അദ്ദേഹത്തിനുണ്ടായിരുന്നു .ദിവാൻ എന്നും ബലവാനോടൊപ്പം നില കൊണ്ടു ജനങ്ങൾക്കും ബലവാനും മധ്യസ്ഥമായി വർത്തിച്ചു . ബോവർ യുദ്ധം മുതൽ, 1942 -ൽ അതിബലവാനായ ജപ്പാന്റെ കുളമ്പടികൾ നെഞ്ചിൽ പതിയും വരെയും അദ്ദേഹം ബ്രിട്ടീഷ് ബന്ധു എന്ന നിലപാട് ഉപേക്ഷിച്ചില്ല ;; ഹൃദയം ഒരു മന്ത്രിയുടെ ബലതന്ത്ര ശാലയായിരിക്കുമ്പോൾ ഭരണകൂട രക്ഷകനായ പുരോഹിതന്റെ വേദ പരിവേഷവും അദ്ദേഹം ജീവിതത്തിലേക്ക് പ്രവേശിപ്പിച്ചു ; ആധുനിക ഇന്ത്യ കണ്ട ഏറ്റവും ഗംഭീരമായ മിത്ത് ആയി സ്വയം മാറി .ഒടുവിൽ രക്തസാക്ഷിത്വം ഏതു മിത്തിനും നൽകുന്ന തീവ്രവും ഗഹനവുമായ ആദരവോടെ, അദ്ദേഹം ആകാശത്തിന്റെ അതിരുകൾക്കും അപ്പുറത്തേക്ക് ഉയർത്തപ്പെട്ടു
1918 -ലും അതിനു മുൻപും മഹാത്മജി എന്തായിരുന്നു വെന്നു മഹത്തായ വിചാരണ വേളയിൽ മഹാത്മജി വിശദീകരിക്കുമ്പോൾ ബ്രിട്ടീഷ് കാരുടെ അധീനതയിലുള്ള തെക്കേ ആഫ്രിക്കയിലുള്ള ഇന്ത്യാക്കാർക്കുവേണ്ടി അദ്ദേഹം നടത്തിയ നടത്തിയ സഹന സമരങ്ങളും അറസ്റ്റും ജയിൽ വാസ പീഡനങ്ങളുമൊന്നും ഉയർത്തിക്കാട്ടുന്നില്ല .ഇന്ത്യാക്കാരനു ബ്രിട്ടീഷ് അധീനതയിലുള്ള തെക്കേ ആഫ്രിക്കയിൽ മനുഷ്യന്റെ പരിഗണന ലഭിച്ചില്ല എന്നതിന്റെ പേരിൽ ത്യാഗ നിർഭരമായ സഹന സമരങ്ങളിലേർപ്പെടുമ്പോഴും ഉള്ളിലൊതുക്കിയ ദുഃഖം അമർത്തി വച്ച് കൊണ്ടാണ് ബോവർ യുദ്ധത്തിലും സുലു കലാപത്തിലും ജർമൻ യുദ്ധത്തിലും പര പ്രേരണയില്ലാതെ അദ്ദേഹം ബ്രിഷ് യുദ്ധ കർമ്മ സഹായി ആയി പ്രവർത്തിച്ചത് . എന്നാൽ 1916 -ൽ ഇന്ത്യയിൽ മടങ്ങിവന്ന മഹാത്മജി സ്വയം പ്രേരണയാൽ ബ്രിട്ടിഷ് യുദ്ധ കർമ്മ സഹായി ആയി രംഗപ്രവേശം ചെയ്തില്ല .ഇന്ത്യയിൽ സ്ഥിതിവിശേഷം വ്യത്യസ്തമായിരുന്നു .മഹായുദ്ധകാലത്തു ഹോംറൂൾ സ്വയം ഭരണവാദികൾ ബ്രിട്ടനെതിരെ കച്ച മുറുക്കുമ്പോൾ പര പ്രേരണയില്ലാതെ ചെംസ് ഫോർഡിന്റെ ആഹ്വാന പരിസരംപോലുമില്ലാതെ മഹാത്മജിക്ക് ബ്രിട്ടീഷ് യുദ്ധ കാര്യ പരിചരണത്തിലേർ പ്പെടാൻ കഴിയുമായിരുന്നില്ല ; ഖിലാഫത് നിസ്സഹകരണ അക്രമത്തിന്റെ പേരിൽ കുറ്റവിചാരണ ചെയ്യപ്പെടുമ്പോൾ താൻ തെക്കേ ആഫ്രിക്കയിലെ ജനങ്ങൾക്ക് വേണ്ടി നടത്തിയ സമര പീഡനങ്ങളും ജയിൽ ശിക്ഷയുമല്ല, ബ്രിട്ടീഷ് യുദ്ധസേവനത്തിനു ലഭിച്ച സ്വർണ്ണപ്പതക്കമാണ് വ്യവഹാരത്തിൽ പ്രയോജനം ചെയ്യുക എന്ന് അഭിഭാഷകനായ അദ്ദേഹത്തിന് അറിയാമായിരുന്നു ; .നിഷേധിക്കപ്പെട്ട അവകാശങ്ങൾക്കുവേണ്ടി സഹന പീഡന സമരങ്ങളിലേർപ്പെടുമ്പോഴും ബ്രിട്ടീഷ് സിംഹാസനത്തോട് അവിരാമം കൂറ് പുലർത്തിയിരുന്നു എന്നാണ് മഹാത്മജി മഹത്തായ വിചാരണ വേളയിൽ അവകാശപ്പെടുന്നത്
സത്യ പ്രസ്താവനയുടെ തുടക്കത്തിൽ മഹാത്മജി ,ഇന്ത്യക്കാരനായിപ്പോയി എന്നതിനാൽ അദ്ദേഹത്തിന് ബ്രിട്ടീഷ് പ്രജയുടെ മാന്യത ലഭിച്ചില്ല എന്ന് മാത്രമല്ല മനുഷ്യൻ എന്ന സ്റ്റാറ്റസ് പോലും നിഷേധിക്കപ്പെട്ടു , മനുഷ്യന്റെ ജീവശാസ്ത്രപരവും സ്വാഭാവികവും സാമൂഹ്യവുമായ അവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ടു എന്ന് പറയുന്നുണ്ട് , എന്താണ് സ്വാതന്ത്ര്യത്തിന്റെ സാമൂഹ്യവും രാഷ്ട്രീയവുമായ ഉള്ളടക്കം എന്നതിന് മനുഷ്യാവകാശങ്ങളുടെ സ്വാഭാവിക നീതി എന്ന് തന്നെയാണ് ഉത്തരം. ഭരിക്കുന്നത് ഇന്ത്യൻ ചക്രവർത്തിയായാലും വിദേശ ചക്രവർത്തിയായാലും ഒരു മനുഷ്യ ജീവി അർഹിക്കുന്ന സ്വാഭാവിക നീതി എന്നതാണ് സ്വാതന്ത്ര്യത്തിന്റെ രാഷ്ട്രീയമായ ഉത്തരം. പാരതന്ത്ര്യത്തിനു വിദേശാധിപത്യ വിരുദ്ധത എന്ന പോലെ സ്വദേശ ചൂഷണാധിപത്യ വിരുദ്ധത എന്ന് കൂടി അർത്ഥമുണ്ട്
ഇന്ത്യയിൽ നിന്ന് വിദ്യാഭ്യാസത്തിനു തൊഴിൽ പ്രവർത്തനങ്ങളും തെക്കേ ആഫ്രിക്കയിലേക്ക് പോകാനും മടങ്ങിവരാനും കഴിയുമായിരുന്ന മഹാത്മജിക്കു തെക്കേ ആഫ്രിക്കയിലോ ഇംഗ്ലണ്ടിലോ വച്ചുണ്ടായ വർണ്ണ വിവേചനാനുഭവങ്ങൾ താൽക്കാലികമായിരുന്നു . പക്ഷെ അദ്ദേഹം ബ്രിട്ടീഷ് ഭരണത്തിൻകീഴിലുള്ള ഇന്ത്യയിൽ , ജന്മം കൊണ്ട് ,ഏതു ബ്രിട്ടീഷ് പ്രജയെ ക്കാളും ശ്രേഷ്ഠനായ മനുഷ്യ ജാതിയായിരുന്നു ;കിരീടം നഷ്ടപ്പെട്ടുപോയെങ്കിലും ആഭിജാത്യത്തിനു ഉടവുതട്ടാത്ത മഹിമ അദ്ദേഹത്തിന്റെ ഇന്ത്യൻ ജീവിത പശ്ചാത്തലത്തിലുണ്ടായിരുന്നു .തെക്കേ ആ ഫ്രിക്കയിൽ വെള്ളക്കാർനടത്തുന്ന മനുഷ്യാവകാശ പീഡനങ്ങളെക്കുറിച്ചു വ്യക്തതയുണ്ടായിരുന്ന മഹാത്മജി ഇന്ത്യയിലെ ആഭ്യന്തര സാമൂഹ്യ ഘടനയിലുണ്ടായിരുന്ന മനുഷ്യാവകാശ ലംഘനങ്ങൾ, സ്വാതന്ത്ര്യം എന്ന സങ്കൽപനത്തെ തന്നെ പിളർക്കുന്ന അപരാധത്തിന്റെ ബൃഹദാഖ്യായിക ആണെന്ന വസ്തുത അംഗീകരിക്കുവാൻ തയ്യാറായിരുന്നില്ല .വിദേശാധിപതിയെ എതിർത്തുനിൽക്കുന്ന സ്വദേശാധിപതിക്കു സ്വന്തം ജനതയ്ക്കു മേൽ എന്തുമാവാം എന്നൊരു ന്യായ ബോധത്തിലടക്കം ചെയ്ത ശരീര മാണ് നമ്മുടെ രാഷ്ട്രീയ സ്വാതന്ത്ര്യ നിർവചനം ജാതിയിൽ പറ്റിപ്പിടിച്ചിരിക്കുന്നഅയിത്തം തുടങ്ങിയ അബദ്ധങ്ങൾ കഴുകിക്കളഞ്ഞാൽ ജാതി ശുഭ്ര സുന്ദരമായ ഒരു ജീവിത സംസ്കരണ പ്രയോഗം എന്ന നിലയിൽ ഭാരതീയ മഹിമയുടെ അടയാളമായിരിക്കുമെന്നു അദ്ദേഹം വിശ്വസിച്ചു .(തുടരും..)
Comments