top of page

തെരഞ്ഞെടുപ്പും ജനാധിപത്യവും

എഡിറ്റോറിയല്‍

തെരഞ്ഞെടുപ്പ് ജനാധിപത്യം എന്ന രാഷ്ട്രഘടനയുടെ സങ്കല്പമാണ്.

ജനാധിപത്യം വളരെ പ്രാചീനമായ ഒരു ഭരണ സംവിധാനമാണെങ്കിലും ഇനിയും പൂർത്തിയാകാത്ത ഒരു രാഷ്ട്രീയ പദ്ധതിയാണത്.

ജനങ്ങളുടെ ആധിപത്യവും സമത്വവും ജനാധിപത്യത്തിലെ അടിസ്ഥാന ഘടകമാണെങ്കിലും “ജനം” ആര് എന്ന നിർവ്വചനവുമായി അതു ബന്ധപ്പെട്ടിരിക്കുന്നു. ഗ്രീസിലെ ജനാധിപത്യത്തിൽ അടിമകൾക്കും സ്ത്രീകൾക്കും വോട്ടവകാശമില്ലായിരുന്നു. കാരണം ‘ജന’ത്തിൽ അടിമകളും സ്ത്രീകളും ഉൾപ്പെടില്ലായിരുന്നു.

ജനാധിപത്യത്തിലേയ്ക്കുള്ള യാത്രയിലെ പ്രധാന നാഴികക്കല്ലുകളിൽ ഒന്ന് 1215-ലെ മാഗ്നാകാർട്ട ആയിരുന്നു, അത് പ്രതിനിധി ഗവൺമെൻ്റിന് അടിത്തറയിട്ടു, ജോൺ രാജാവിൻ്റെ അധികാരം പരിമിതപ്പെടുത്തുകയും രാജാക്കന്മാർ പോലും നിയമത്തിന് വിധേയരാണെന്ന തത്വം സ്ഥാപിക്കുകയും ചെയ്തു.

ആധുനിക കാലത്താണ് സമൂഹത്തിൻ്റെ വിശാലമായ വിഭാഗങ്ങളിലേക്ക് വോട്ടവകാശം വ്യാപിച്ചത്. അമേരിക്കൻ വിപ്ലവം (1776), ഫ്രഞ്ച് വിപ്ലവം (1789) എന്നിവ പ്രാതിനിധ്യ ജനാധിപത്യത്തിന് അടിത്തറയിട്ട പ്രധാന സന്ദർഭങ്ങളാണ്.

സാർവത്രിക വോട്ടവകാശം നേടിയെടുക്കാൻ വീണ്ടും ഒരുപാടു സമരങ്ങൾ വേണ്ടിവന്നു. 19-ഉം 20-ഉം നൂറ്റാണ്ടുകൾ പല രാജ്യങ്ങളിലും സ്ത്രീകൾ, ന്യൂനപക്ഷങ്ങൾ, മറ്റ് പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾ എന്നിവർക്ക് വോട്ടവകാശം ക്രമാനുഗതമായി ലഭിച്ചു.സ്ത്രീകൾക്ക് വോട്ടവകാശം നൽകിയ ആദ്യത്തെ രാജ്യമാണ് ന്യൂസിലാൻഡ്.(1893) യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക (1776), സ്വിറ്റ്സർലൻഡ് (1848),ഫ്രാൻസ് (1870),ഓസ്ട്രേലിയ (1901),ഫിൻലാൻഡ് (1917), അയർലൻഡ് (1922),ഇന്ത്യ (1947), ഇസ്രായേൽ (1948), ജപ്പാൻ (1947), ജർമ്മനി (1949) തുടങ്ങി പല ജനാധിപത്യ രാജ്യങ്ങൾ ഉണ്ടായി.ഫസ്റ്റ്-പാസ്റ്റ്-ദി-പോസ്റ്റ് (First-Past-the-Post),ആനുപാതിക പ്രാതിനിധ്യം (Proportional Representation), മിക്സഡ് സമ്പ്രദായങ്ങൾ എന്നിവ ഉൾപ്പെടെ വിവിധ രാജ്യങ്ങൾ വിവിധ തിരഞ്ഞെടുപ്പ് സമ്പ്രദായങ്ങൾ സ്വീകരിച്ചു.

ഇന്ത്യയിലെ ജാതിക്കെതിരായ, ബ്രിട്ടീഷുകാർക്കെതിരായ നവോത്ഥാന സമരങ്ങളാണ് ജനാധിപത്യം എന്ന ആശയത്തെ രൂപപ്പെടുത്തിയത്. എന്നാൽ,

സ്വാതന്ത്ര്യാനന്തരം ഇന്ത്യ ദരിദ്രജാതി മത വിഭാഗങ്ങളായി ചിതറിപ്പോകുമെന്നു കരുതിയവർ ഉണ്ടായിരുന്നു.എന്നാൽ അംബേദ്ക്കറിൻ്റെ ഭരണഘടനയും നെഹ്റുവിയൻ നേതൃത്വവും മതേതരത്വം, സമത്വം തുടങ്ങിയ ആശയങ്ങൾ വിഭാവനം ചെയ്തത് ജനാധിപത്യ രാജ്യമാക്കി ഇന്ത്യയെ നിലനിർത്തി. എങ്കിലും ദാരിദ്ര്യവും ജാതിമത വിഭജനങ്ങളുടെയും മതത്തെ രാഷ്ട്രീയത്തിൽ ഉപയോഗിച്ച സ്വാതന്ത്ര്യ സമരങ്ങളുടെയും പാരമ്പര്യം ഇന്ത്യൻ ജനാധിപത്യത്തിൻ്റെ തീരാത്ത വെല്ലുവിളികളായി തുടർന്നു.അതു സർവ്വ ശക്തനായ ഏകാധിപതി എന്ന ബിംബത്തെയും കുടുംബവാഴ്ചയായി മാറുന്ന കുടുംബ സ്നേഹത്തെയും സിനിമയിലും രാഷ്ട്രീയത്തിലും നിത്യ സാനിധ്യമാക്കി.

മുതലാളിത്തം ‘’ജനം’’ എന്ന സങ്കല്പത്തെ മറ്റൊരു രീതിയിൽ അട്ടിമറിച്ചു. ജനതയെ വെറും ഉപഭോക്താവായി നിർവ്വചിച്ചു. ആൾക്കൂട്ടമായി നിർവ്വചിച്ചു. ജാതിമതവിഭാഗങ്ങളുടെ പുനരുദ്ധാരണം ഉണ്ടായി.ജനങ്ങളുടെ ഇച്ഛയിലല്ല കേവല പങ്കാളിത്തത്തിലാണ് ജനാധിപത്യത്തെ നിർവ്വചിച്ചത് (Participatory Democracy) വിദ്യാഭ്യാസം, പുതിയ ഭരണകൂട സങ്കല്പങ്ങൾ ഒക്കെ പങ്കാളിത്ത ജനാധിപത്യനിലപാടുകളുടെ വിളമ്പരമായിത്തീർന്നു. അതിൻ്റെ സംസ്ഥാപനത്തിനായി ഫണ്ടുകൾ ഒഴുകിയെത്തി. അധ്യാപകരും രാഷ്ട്രീയ കർതൃത്വവും ഫെസിലിറ്റേറ്റർ എന്നു നിർവ്വചിക്കപ്പെട്ടു.പഴയ രാജവാഴ്ചക്കാലത്തേത് പോലെ ഒരു മൂപ്പനും കുഞ്ഞാടുകളും, ഒരു പിതാവും കുട്ടികളും തമ്മിലുള്ള ബന്ധം ഭരണകൂടവും ജനവും തമ്മിലുള്ള ബന്ധമായി മാറി. അതു രാജവാഴ്ചയുടെ വൈകാരിക ബന്ധനങ്ങളുടെ ആവർത്തനമായിരുന്നു.

വാർദ്ധക്യത്തിൻ്റേയും ശൈശവത്തിൻ്റേയും പ്രത്യയശാസ്ത്രമല്ല ജനാധിപത്യത്തിൻ്റേത്. നിരന്തരമായ നിഷേധങ്ങൾ നിർമ്മിക്കുന്ന യൗവ്വനത്തിൻ്റെ രാഷ്ട്രീയ പദ്ധതിയാണ് ജനാധിപത്യം. യൗവ്വനം അസാധുവാകുന്നതിൻ്റെ സൂചകങ്ങളാണ് നോവൽ - സിനിമാ - രാഷ്ട്രീയ ആഖ്യാനങ്ങളിലെ സ്ത്രീയുടെ അഭാവങ്ങൾ. വായന എന്നത് ചരമ ശുശ്രൂഷകളായി മാറിയിരിക്കുന്നു. വിമർശന ബോധമുള്ള രാഷ്ട്രീയസ്ത്രീ വ്യക്തിത്വങ്ങൾക്ക് പകരം സ്ത്രീ എന്നത് എട്ടും പൊട്ടും തിരിയാത്ത കുഞ്ഞു ശരീരങ്ങളായി നിർവ്വചിക്കപ്പെട്ടു. പുരുഷാധിപത്യ കൂട്ടായ്മകളോട് എതിരിടുന്നവർക്ക് സിനിമയിലും രാഷ്ട്രീയത്തിലും അവസരങ്ങൾ കുറഞ്ഞു.

എഴുത്തുകാരന് തൊണ്ണൂറാകുമ്പോഴും പുസ്തകങ്ങൾക്ക് അമ്പതാകുമ്പോഴും സംഭവിക്കുന്ന ഒന്നായി മാറിയിരിക്കുന്നു വായനകൾ. വിമർശനം എന്ന ജ്ഞാനശാഖയെ വ്യാവസായിക മാധ്യമങ്ങൾ മറക്കാൻ ശ്രമിച്ചു. വിമർശനം എന്ന വാക്കിനെത്തന്നെ ഭയക്കുന്ന സമൂഹമായി മാറിയിരിക്കുന്നു. എഴുത്തുകാരും അധ്യാപകരും സമ്പൂർണ്ണ അടിമകളായി മാറി.സ്വന്തമായ ആസൂത്രണങ്ങൾ ഇല്ലാത്ത ,നിർമ്മിതികൾ ഇല്ലാത്ത പഠനകോഴ്സുകളും, ആശയങ്ങളും, പദ്ധതികളും സൂപ്പർ മാർക്കറ്റിൽ നിന്നും പെറുക്കിയെടുക്കുന്ന പെറുക്കികളായി ജനങ്ങൾ മാറുന്ന ഒരു രാജ്യത്ത് ജനാധിപത്യം ഉറയൂരിയിട്ട് കടന്നു പോയി എന്നു വരാം.


അതായത്,ജനാധിപത്യം വളരെ പ്രാചീനമായ ഒരു ഭരണ സംവിധാനമാണെങ്കിലും ഇനിയും പൂർത്തിയാകാത്ത ഒരു രാഷ്ട്രീയ പദ്ധതിയാണത്.

 



131 views0 comments
bottom of page