top of page

ഒന്നുംതന്നെയില്ല - റോബർട്ട് വാൾസർ

ലോകസാഹിത്യവിവർത്തനങ്ങൾ
വിവർത്തനം: വി.രവികുമാർ

ഒരല്പം ചഞ്ചലമനസ്കയായിരുന്ന ഒരു സ്ത്രീ തനിയ്ക്കും ഭർത്താവിനും അത്താഴത്തിനെന്തെങ്കിലും വാങ്ങുന്നതിനായി ടൗണിൽ പോയി. പല സ്ത്രീകളും ഇതേപോലെ കടയിൽ പോയിട്ടുണ്ട്, അതിനിടയിൽ ഒരന്യമസ്കതപോലെ കാണിച്ചിട്ടുമുണ്ട്. അതിനാൽ ഈ കഥയിൽ പുതുമയായിട്ടെന്തെങ്കിലും ഉണ്ടെന്നു പറയാനില്ല; എന്നാല്ക്കൂടി ഞാനിതു പറയാതെ പോകുന്നില്ല; തനിക്കും ഭർത്താവിനും അത്താഴത്തിനെന്തെങ്കിലും വേണമെന്നാഗ്രഹിക്കുകയും അക്കാരണം കൊണ്ട് ടൗണിൽ പോവുകയും എന്നാൽ താൻ ഇറങ്ങിത്തിരിച്ച കാര്യത്തിൽ മനസ്സു നില്ക്കാതെപോവുകയും ചെയ്ത സ്ത്രീയുടെ കഥ രേഖപ്പെടുത്തുന്നതു ഞാൻ തുടരുകയാണ്‌. തനിയ്ക്കും തന്റെ ഭർത്താവിനും വേണ്ടി എന്തൊക്ക മധുരങ്ങളും പലഹാരങ്ങളുമാണു വാങ്ങേണ്ടതെന്ന് അവർ പിന്നെയും പിന്നെയും ആലോചിക്കുകയായിരുന്നു; എന്നാൽ, ഞാൻ മുമ്പു സൂചിപ്പിച്ചപോലെ, അവരുടെ മനസ്സ് അക്കാര്യത്തിൽ ഉറച്ചുനില്ക്കുകയായിരുന്നില്ലെന്നതിനാൽ, പിന്നെ ഒരല്പം അന്യമനസ്കയുമായിരുന്നു അവരെന്നതിനാലും, അവർക്കൊരു തീരുമാനത്തിലെത്താനായില്ല; തനിക്കെന്താണു വേണ്ടതെന്ന് കൃത്യമായി അവർക്കറിയില്ലെന്നും തോന്നിപ്പോയി. “പെട്ടെന്നുണ്ടാക്കാവുന്നതെങ്കിലുമാണ്‌ എനിക്കു വേണ്ടത്; നേരം വളരെയായി; എനിക്കധികസമയവുമില്ല,” അവർ മനസ്സിൽ പറഞ്ഞു. ദൈവമേ! അവരുടെ മനസ്സിന്‌, ഞാൻ പറഞ്ഞപോലെ, ഒരു ചാഞ്ചാട്ടമുണ്ടായിരുന്നുവെന്നേയുള്ളു; മുന്നിലുള്ള വിഷയത്തിലായിരുന്നില്ല അതെന്നു മാത്രം. നിഷ്പക്ഷതയും വസ്തുനിഷ്ഠതയുമൊക്കെ നല്ല കാര്യങ്ങൾ തന്നെ. എന്നാൽ നമ്മുടെ ഈ സ്ത്രീയെ വസ്തുനിഷ്ഠമായി ചിന്തിക്കുന്നവൾ എന്നു പ്രത്യേകിച്ചങ്ങു പറയാനില്ല; ഒരല്പം അന്യമനസ്കയായിരുന്നു അവർ, മനസ്സിനൊരു ചാഞ്ചാട്ടവുമുണ്ടായിരുന്നു. പിന്നെയും പിന്നെയും അവർ ആലോചിച്ചുനോക്കി; എന്നാൽ, നേരത്തേ പറഞ്ഞപോലെ, അവർക്കൊരു തീരുമാനത്തിലെത്താനായില്ല. ഒരു തീരുമാനമെടുക്കാനുള്ള കഴിവെന്നു പറയുന്നത് നല്ല കാര്യമൊക്കെത്തന്നെ. പക്ഷേ ഈ സ്ത്രീയ്ക്ക് അങ്ങനെയൊരു കഴിവൊന്നും ഉണ്ടായിരുന്നില്ല. തനിയ്ക്കും ഭർത്താവിനുമായി ശരിക്കും നല്ലതും രുചികരവുമായ എന്തെങ്കിലും വാങ്ങണമെന്നായിരുന്നു അവരുടെ ആഗ്രഹം. അങ്ങനെയൊരു നല്ല കാരണത്തിനാണ്‌ അവർ ടൗണിൽ പോയതും; പക്ഷേ അക്കാര്യത്തിൽ അവർ അമ്പേ പരാജയപ്പെട്ടുപോയി, അമ്പേ പരാജയപ്പെട്ടുപോയി. പിന്നെയും പിന്നെയും അവർ അതുതന്നെ ചിന്തിച്ചുനോക്കി. അവരുടെ സൗമനസ്യത്തെ നമുക്കു കുറച്ചുകാണാൻ പറ്റില്ല, അവരുടെ സദുദ്ദേശ്യത്തെ തീർച്ചയായും കുറച്ചുകാണാൻ പറ്റില്ല; അവരുടെ മനസ്സൊന്ന് ഉറച്ചുനില്ക്കുന്നതായിരുന്നില്ല എന്നുമാത്രം, മുന്നിലുള്ള വിഷയത്തിൽ ശ്രദ്ധ തങ്ങിനിന്നില്ല എന്നുമാത്രം, അതിനാലവർ പരാജയപ്പെട്ടുപോയി എന്നുമാത്രം. മനസ്സുറപ്പിക്കാൻ കഴിയാതെ വരുന്നത് നല്ല കാര്യമല്ല; ചുരുക്കിപ്പറഞ്ഞാൽ അവർ ആകെ മടുത്ത് ഒന്നും വാങ്ങാതെ വീട്ടിലേക്കു മടങ്ങി.


“നല്ലതും രുചികരവും വിശിഷ്ടവും വിവേകപൂർണ്ണവും ബുദ്ധിപൂർവ്വവുമായ എന്തൊക്കെ ഭക്ഷണസാധനങ്ങളാണ്‌ അത്താഴത്തിനു നീ വാങ്ങിയിരിക്കുന്നത്?” തന്റെ സുന്ദരിയും നല്ലവളുമായ ഭാര്യ വരുന്നതു കണ്ട് ഭർത്താവു ചോദിച്ചു.


അവർ പറഞ്ഞു: “ഞാൻ ഒന്നും വാങ്ങിയില്ല.”


“അതെന്തു പറ്റി?”


അവർ പറഞ്ഞു: “എത്രയൊക്കെ ആലോചിച്ചിട്ടും ഒരു തീരുമാനത്തിലെത്താൻ എനിക്കു കഴിഞ്ഞില്ല; കാരണം, എന്തെടുക്കണമെന്നത് അത്ര വിഷമമായിരുന്നു. അതിന്റെ കൂടെ നേരവും വൈകി; എനിക്കു പിന്നെ സമയവുമുണ്ടായില്ല. എനിക്കു സൗമനസ്യമോ സദുദ്ദേശ്യമോ ഉണ്ടായിരുന്നില്ലെന്നല്ല, എന്റെ മനസ്സ് അതിലായിരുന്നില്ലെന്നു മാത്രം. എന്റെ പ്രിയഭർത്താവേ, ഞാൻ പറയുന്നതു വിശ്വസിക്കണേ, ഒരു കാര്യത്തിൽ മനസ്സുറപ്പിക്കാൻ പറ്റിയില്ലെങ്കിൽ ശരിക്കും വിഷമിച്ചുപോകും. എന്റെ മനസ്സിനു ചെറുതായൊരു ചാഞ്ചാട്ടമുണ്ടായിരുന്നുവെന്നു തോന്നുന്നു; അതുകാരണമാവാം ഞാൻ തോറ്റുപോയത്. ഞാൻ ടൗണിൽ പോയത് ശരിക്കും രുചികരവും നല്ലതുമായതെന്തെങ്കിലും അങ്ങയ്ക്കും എനിക്കും വാങ്ങാൻ വേണ്ടിയാണ്‌; എനിക്കു സൗമനസ്യത്തിന്റെ കുറവുണ്ടായിരുന്നില്ല, പിന്നെയും പിന്നെയും ഞാൻ ആലോചിച്ചുനോക്കിയതുമാണ്‌. എന്നാൽ എന്തു വേണമെന്നു നിശ്ചയിക്കുക ദുഷ്കരമായിരുന്നു, എന്റെ മനസ്സ് അതിലുമായിരുന്നില്ല; അങ്ങനെ എനിക്കൊന്നും ചെയ്യാൻ പറ്റിയില്ല, ഒന്നും വാങ്ങാതെ ഞാൻ മടങ്ങുകയും ചെയ്തു. ഇന്നൊരു തവണ ഒന്നുമില്ലാതെ നമുക്കു തൃപ്തിപ്പെടേണ്ടിവരും. ഒന്നുമില്ലാത്തത് നമുക്കെത്രയും പെട്ടെന്ന് പാചകം ചെയ്യുകയും ചെയ്യാം; അതെന്തായാലും ദഹനക്കേടു വരുത്തുകയുമില്ലല്ലോ. ഇതിന്റെ പേരിൽ എന്നോടു കോപം തോന്നുമോ? എനിക്കതു വിശ്വസിക്കാൻ പറ്റില്ല.“


അങ്ങനെ അന്നൊരുതവണ, അല്ലെങ്കിൽ ഒരു മാറ്റത്തിനുമായി, അന്നു രാത്രിയിൽ അവർ ഒന്നും കഴിച്ചില്ല; നല്ലവനും മര്യാദക്കാരനുമായ ഭർത്താവിന്‌ ഒരു കോപവും തോന്നിയതുമില്ല; അങ്ങനെ തോന്നാതിരിക്കാനും മാത്രം ധീരോദാത്തനും മര്യാദക്കാരനും സൽസ്വഭാവിയുമായിരുന്നല്ലോ അയാൾ. ഒരനിഷ്ടഭാവം മുഖത്തു കാണിക്കാൻ അയാൾക്കു തോന്നുകതന്നെയുണ്ടാവില്ല; അത്രയും സംസ്കാരസമ്പന്നനായിരുന്നു അയാൾ. ഒരു നല്ല ഭർത്താവ് അങ്ങനെയെന്തെങ്കിലും ചെയ്യുകയുമില്ല. അങ്ങനെ അന്നവർ കഴിച്ചത് ഒന്നുമേയല്ല; ഇരുവർക്കുമത് വളരെ രുചികരമായി തോന്നുകയും ചെയ്തു. ഒരു മാറ്റത്തിനു വേണ്ടി ഒന്നും കഴിക്കാതിരിക്കുക എന്ന ഭാര്യയുടെ ആശയം ആ നല്ല ഭർത്താവിന്‌ ഹൃദയാവർജ്ജകമായി തോന്നി; അതീവഹൃദ്യമായ ഒരു പ്രചോദനമാണ്‌ തന്റെ ഭാര്യക്കുണ്ടായതെന്നു പറയുമ്പോൾത്തന്നെ ആ അത്യാഹ്ലാദം അയാൾ ഭാവിക്കുകയുമായിരുന്നു. എന്നു പറഞ്ഞാൽ, രുചികരവും ശരിക്കുള്ളതുമായ ഒരത്താഴം, ഉദാഹരണത്തിന്‌, ഹൃദയംഗമവും ധീരവുമായ ഒരാപ്പിൾ മാഷ്, എത്രമാത്രം സ്വാഗതാർഹമായിരുന്നേനേ എന്ന കാര്യം അയാൾ അയാൾ മറച്ചുവയ്ക്കുകയായിരുന്നു.


ഒന്നുമില്ലാത്തതിനെക്കാൾ എത്രയോ രുചികരമായിത്തോന്നിയേനേ മറ്റു പലതുമയാൾക്ക്.

(1917)

 

റോബർട്ട് വാൾസർ Robert Walser(1878-1956)- സ്വിറ്റ്സർലണ്ടുകാരനായ ജർമ്മൻ എഴുത്തുകാരൻ.

ഒമ്പതു നോവലുകളും ആയിരത്തോളം കഥകളുമെഴുതി. 1933ൽ

മാനസികാസ്വാസ്ഥ്യത്തെത്തുടർന്ന് എഴുത്തു നിർത്തി, “ഞാൻ ഇവിടെ വന്നത്

എഴുതാനല്ല, ഭ്രാന്തനാവാനാണ്‌” എന്ന പ്രഖ്യാപനത്തോടെ. 1970 മുതലാണ്‌

അദ്ദേഹത്തിന്റെ കൃതികൾ പരക്കെ വായിക്കപ്പെടുന്നതെങ്കിലും, ക്രിസ്റ്റ്യൻ

മോർഗൻസ്റ്റേൺ, കാഫ്ക, വാൾടർ ബന്യാമിൻ, ഹെസ്സേ ഇവരൊക്കെ അദ്ദേഹത്തിന്റെ

ആരാധകരായിരുന്നു.


 


24 views0 comments
bottom of page