top of page

കടലെടുക്കുമോ കേരളത്തെ ?

ഡോ. പി. കെ. സുമോദൻ

(മുൻ സുവോളജി അസോഷിയേറ്റ് പ്രൊഫസർ, ഗവ: കോളേജ്, മടപ്പള്ളി)


പരശുരാമൻ മഴുവെറിഞ്ഞ് കടലിൽ നിന്ന് നേടിയെടുത്ത കരഭൂമിയെന്ന് ഐതീഹ്യമുള്ള കേരളത്തെ ആ കടൽ തന്നെ തിരിച്ചെടുക്കുമോ? ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന കടൽനിരപ്പുയർച്ചയുമായി (Sea Level Rise) ബന്ധപ്പട്ട പല റിപ്പോർട്ടുകളും അത്തരമൊരു ആശങ്കയിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. 2024 ജൂലൈയിൽ ബംഗളൂരുവിലെ സെന്റർ ഫോർ സ്റ്റഡി ഓഫ് സയൻസ്, ടെക്ക്നോളജി ആന്റ് പോളിസി (Centre for Study of Science, Technology and Policy (CSTEP)) പ്രസിദ്ധീകരിച്ചതാണ് ഇതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ പഠനം. കടൽനിരപ്പുയർച്ച (Sea Level Rise) കാരണം കടൽ കയറാൻ  സാധ്യതയുള്ള ഇന്ത്യയിലെ തീരദേശ നഗരങ്ങളെക്കുറിച്ചായിരുന്നു പഠനം. രണ്ട് മഹാനഗരങ്ങൾ (മുംബൈ, ചെന്നൈ), ആറ് ഇടത്തരം നഗരങ്ങൾ (കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, മംഗലാപുരം, ഹാൾദിയ, വിശാഖപട്ടണം), ഏഴ് ചെറുനഗരങ്ങൾ (കന്യാകുമാരി, പനാജി, തൂത്തുക്കുടി, പാരദ്വീപ്, പുരി, ഉഡുപ്പി, യാനം) എന്നിവയാണ് പഠനവിധേയമാക്കിയത്. പഠനത്തിലുൾപ്പെടുത്തിയ  കോഴിക്കോടും കൊച്ചിയും തിരുവനന്തപുരവും യഥാക്രമം ഉത്തര, മധ്യ, ദക്ഷിണ കേരളഭാഗങ്ങളെ  പ്രതിനിധാനം ചെയ്യുന്നവയാണല്ലോ. അതുകൊണ്ടുതന്നെ ഇത് മൊത്തം കേരളത്തെക്കുറിച്ചുള്ള പഠനമായി പരിഗണിക്കുന്നതിൽ തെറ്റില്ല.   

പഠനരീതി

കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ മുന്നേറ്റങ്ങൾ ലക്ഷ്യമാക്കി പ്രവർത്തിക്കുന്നതും അന്താരാഷ്ട്ര സംഘടനയ്ക്ക് കീഴിലുള്ളതുമായ, ലോകരാജ്യങ്ങളുടെ പരസ്പരസഹകരണത്തോടെ പ്രവർത്തിക്കുന്ന ഒരു സംവിധാനമാണ് ഐ. പി. സി. സി. (Intergovernmental Panel on Climate Change-IPCC). കാലാവസ്ഥാ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ, കാലാവസ്ഥാ വ്യതിയാനങ്ങളുടെ കാരണങ്ങൾ, അതുണ്ടാക്കുന്ന ആഘാതങ്ങൾ, അതിനെതിരെ സാധ്യമായ നടപടികൾ തുടങ്ങിയവയുടെ ആഴത്തിലുള്ള വിശകലനങ്ങൾ നടത്തി റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്നത് ഐ. പി. സി. സി. യുടെ പ്രധാന പ്രവർത്തനങ്ങളിലൊന്നാണ്. അതിന്റെ ആറാമത്തെ റിപ്പോർട്ടിൽ (IPCC Sixth Assessment Report-AR6) കടൽനിരപ്പുയർച്ച വിശദമായി പ്രതിപാദിക്കുന്നുണ്ട്. പ്രസ്തുത റിപ്പോർട്ടിന്റെ ചുവടുപിടിച്ചാണ് ഇന്ത്യൻ തീരങ്ങളിലെ കടൽനിരപ്പുയർച്ച വിശകലനം ചെയ്തിട്ടുള്ളത്. അതിന് പുറമേ 1987 മുതൽ 2021 വരെ  കടൽനിരപ്പുയർച്ച നേരിട്ട് രേഖപ്പെടുത്തുന്ന ആറ് ടൈഡ് ഗേജ് സ്റ്റേഷനുകളിൽ (tide gauge stations) നിന്ന് ശേഖരിച്ച ഡാറ്റകളും ഉപയോഗിച്ചു. കേരളത്തിൽ കൊച്ചിയിലാണ് ഇത്തരമൊരു കേന്ദ്രമുള്ളത്. ഇതേ ഡാറ്റകൾ തന്നെ ഉപയോഗിച്ച് 2100 വരെയുള്ള കടൽനിരപ്പുയർച്ചാ സാധ്യതകൾ പ്രവചിക്കുകയും ചെയ്തു. അതിനുശേഷം ഉപഗ്രഹ ഡാറ്റകളുടെ സഹായത്തോടെ എത്രത്തോളം കരപ്രദേശങ്ങൾ വെള്ളത്തിനടിയിലാകും എന്ന് കണക്കാക്കുകയും ചെയ്തു (സാങ്കേതികമായ കൂടുതൽ കാര്യങ്ങളറിയാൻ താൽപ്പര്യമുള്ളവർ ലേഖനത്തിന്റെ ഒടുവിൽ സൂചിപ്പിച്ച പ്രസിദ്ധീകരണം വായിക്കുക).  ശാസ്ത്രരീതിയുടെ കാർക്കശ്യത്തോടെ നടത്തിയ അത്തരം വിശകലനം വഴി എത്തിച്ചേർന്ന നിഗമനങ്ങൾ എന്തൊക്കെയാണെന്ന്  പരിശോധിക്കാം. കേരളത്തിലെ നഗരങ്ങളുമായി ബന്ധപ്പെട്ട നിഗമനങ്ങൾ മാത്രമാണ് ഇവിടെ ചർച്ചചെയ്യാൻ ഉദ്ദേശിക്കുന്നത്.

കടൽനിരപ്പുയർച്ച കേരള നഗരങ്ങളിൽ

ടൈഡ് ഗേജ് സ്റ്റേഷനുകളിൽ 1987 മുതൽ 2021 വരെ രേഖപ്പെടുത്തിയ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ കടൽനിരപ്പുയർച്ചയുണ്ടായത് മുംബൈയിലാണ്: 4.4 സെന്റീമീറ്റർ. നാലാം സ്ഥാനത്തുള്ള കൊച്ചിയിൽ ഇത് 2.213 സെന്റീമീറ്റർ ആയിരുന്നു. ഒരു വർഷത്തെ ശരാശരി കടൽനിരപ്പുയർച്ചയും മുംബൈയിൽ തന്നെയായിരുന്നു ഏറ്റവും കൂടുതൽ: ഓരോ വർഷവും 0.315 സെന്റീമീറ്റർ. മൂന്നാം സ്ഥാനത്ത് നിൽക്കുന്ന കൊച്ചിയിൽ അത് 0.158 സെന്റീമീറ്ററും.

കേരളത്തിലെ മൂന്ന് നഗരങ്ങളിൽ ഭാവിയിലുണ്ടായേക്കാവുന്ന കടൽനിരപ്പുയർച്ച (സെന്റീമീറ്ററിൽ) പ്രവചിച്ചത് താഴെ പറയും വിധമാണ്:

നഗരം

2040

2060

2080

2100

കോഴിക്കോട്

18.3-19.7

34.5-41.2

53.8-68.4

75.1-99.9

കൊച്ചി

18.3-19.7

34.5-41.2

53.7-68.9

74.9-100

തിരുവനന്തപുരം

18.2-19.6

34.4-41

53.5-68.1

74.7-99.4

മൂന്ന് നഗരങ്ങളിലും കടൽനിരപ്പുയർച്ച ഏകദേശം ഒരുപോലെയാണെന്ന് കാണാം. ഇനി കടൽനിരപ്പുയർച്ച ഓരോ നഗരത്തിലേയും എത്രത്തോളം പ്രദേശത്തെ വെള്ളത്തിനടിയിലാക്കുമെന്ന് നോക്കാം (ചതുരശ്ര കിലോമീറ്ററിൽ).

 നഗരം

2040

2060

2080

2100

കോഴിക്കോട്

1.32

1.74-2.35

2.33-3.27

8.75-13.89

കൊച്ചി

4.95-5.08

6.8-7.04 

9.12-12.55 

11.55-15.61 

തിരുവനന്തപുരം

0.68

1.35-2

2.53-3.44 

3.97-5.95

 2080 വരെ കടൽനിരപ്പുയർച്ച ഏറ്റവും കൂടുതൽ ബാധിക്കുന്നത് കൊച്ചിയേയും ഏറ്റവും കുറവ് തിരുവനന്തപുരത്തേയുമാണെന്ന് കാണാം. എന്നാൽ 2100 ൽ കോഴിക്കോട് നഗരപ്രദേശങ്ങളായിരിക്കും കൂടുതലായും വെള്ളത്തിനടിയിലാകാൻ സാധ്യതയുള്ളത്.  2040 ൽ കൊച്ചി നഗരത്തിന്റെ 1.15 ശതമാനവും 2060 ൽ 1.60 ശതമാനവും 2080 ൽ 2.85 ശതമാനവും 2100 ൽ 3.55 ശതമാനവും വെള്ളത്തിനടിയിലായേക്കാം. കോഴിക്കോടിന്റെ കാര്യത്തിൽ അത് യഥാക്രമം 0.74%, 1.31%, 1.83%, 7.76% എന്നിങ്ങനെയും. തിരുവനന്തപുരത്തെ സ്ഥിതി കുറച്ചുകൂടി മെച്ചമായിരിക്കും (ശതമാനക്കണക്ക് ലഭ്യമല്ല).        

      

മുങ്ങാവുന്ന പ്രദേശങ്ങൾ

ഈ പഠനത്തിൽ സൂചിപ്പിച്ചപോലെ കടൽനിരപ്പുയരുകയാണെങ്കിൽ  താഴെ പറഞ്ഞ സ്ഥലങ്ങൾ വെള്ളത്തിനടിയിലാകുമെന്നാണ് പ്രവചനം.

  • കോഴിക്കോട്: മാറാട് ബീച്ച്, കാമ്പുറം ബീച്ച്, തീരം ബ്ലിസ് പാർക്ക്, പുതിയാപ്പ ഹാർബർ, ജെട്ടി പാർക്ക്.

  • കൊച്ചി: വിമാനത്താവളം, എറണാകുളം വാർഫ്, ഫോർട്ട് കൊച്ചി ബീച്ച്, സുഭാഷ് ബോസ് പാർക്ക്.

  • തിരുവനന്തപുരം: വിമാനത്താവളം, പൊഴിക്കര ബീച്ച്, വലിയതുറ ബീച്ച്, ശംഖുമുഖം ബീച്ച്, പെരുമാതുറ ബീച്ച്, ആക്കുളം കായൽ.     

     

നാസയുടെ  പ്രവചനം

അമേരിക്കൻ ബഹിരാകാശ സംഘടനയായ നാസ (NASA) 2021 ൽ സമാനമായ മറ്റൊരു പ്രവചനം നടത്തിയിരുന്നു. അവരുടെ പ്രവചനപ്രകാരം കടൽനിരപ്പുയരുന്ന നിരക്ക് ഇന്നത്തെ അളവിൽ തുടരുകയാണെങ്കിൽ കൊച്ചി തീരത്തെ കടൽനിരപ്പുയർച്ച 2030 ൽ 0.11 മീറ്ററും 2050 ൽ  0.23 മീറ്ററും 2060 ൽ  0.30 മീറ്ററും 2130 ൽ ഒരു മീറ്ററുമായിരിക്കുമത്രേ. കടൽനിരപ്പ് ഒരു മീറ്റർ ഉയരുകയാണെങ്കിൽ മധ്യകേരളത്തിലെ നാല് ജില്ലകളിലെ (തൃശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ) ഏകദേശം 374 ചതുരശ്ര കിലോമീറ്റർ പ്രദേശങ്ങൾ കടലിനടിയിലാകുമെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നല്കുന്നത്!    .

 

കടൽനിരപ്പുയരുന്നതെന്തുകൊണ്ട്?

ആഗോളതാപനത്തിന്റെ (Global warming) പ്രത്യക്ഷാഘാതങ്ങളിൽ സുപ്രധാനമായ ഒന്നാണ് കടൽനിരപ്പുയർച്ച. രണ്ട് രീതിയിലാണ് ആഗോളതാപനം കടൽനിരപ്പിനെ സ്വാധീനിക്കുന്നത്. 

1.     സമുദ്ര താപവികാസം (Ocean thermal expansion): അന്തരീക്ഷ താപത്തിന്റെ 90 ശതമാനവും വലിച്ചെടുക്കുന്നത് സമുദ്രങ്ങളാണ്. ചൂട് കൂടുന്തോറും സമുദ്രജലം വികസിച്ചുകൊണ്ടിരിക്കും. ഇത് കടൽനിരപ്പുയരുന്നതിന് കാരണമാകും.

2.     മഞ്ഞുരുകൽ (Ice melting): ചൂട് കൂടുമ്പോൾ ധ്രുവപ്രദേശങ്ങളിലേയും പർവ്വതങ്ങളിലേയും മഞ്ഞുരുകി കടലിലെത്തുകയും അത് കടൽനിരപ്പുയരുന്നതിന് കാരണമാവുകയും ചെയ്യും.

ഐ. പി. സി. സി. യുടെ കണക്ക് പ്രകാരം 1901 നും 2018 നുമിടയ്ക്ക് ആഗോളതലത്തിൽ ശരാശരി 15 സെന്റീമീറ്റർ മുതൽ 25 സെന്റീമീറ്റർ വരെ  കടൽനിരപ്പുയർന്നിട്ടുണ്ട്. ഭാവിയിൽ അത് വർഷം തോറും 15 മില്ലീമീറ്റർ വരെ ഉയരാൻ സാധ്യതയുമുണ്ട്. 1993 മായി താരതമ്യം ചെയ്യുമ്പോൾ കടൽനിരപ്പ് ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയത് 2022 ലാണ്; 1993 ലേതിനേക്കാൾ 101.2 മില്ലീമീറ്റർ കൂടുതൽ. അമേരിക്കയിലെ കാലാവസ്ഥാ പ്രവചന സംവിധാനമായ എൻ. ഓ. ഏ. ഏ (The National Oceanic and Atmospheric Administration-NOAA) യുടെ പ്രവചന പ്രകാരം 2100 ആകുമ്പോഴേക്കും കടൽനിരപ്പ് ഇന്നത്തേക്കാൾ രണ്ട്  മീറ്ററിൽ കൂടുതൽ ഉയരുമത്രേ.    

രക്ഷാമാർഗ്ഗങ്ങൾ

കടൽനിരപ്പുയർച്ച തടയാൻ കഴിയുമോ? ആഗോളതാപനം കുറയ്ക്കാൻ കഴിയുമെങ്കിൽ കടൽനിരപ്പുയർച്ചയും കുറയ്ക്കാൻ കഴിയും. ആഗോളതാപനത്തിന്റെ പ്രധാന കാരണം ഹരിതഗൃഹ പ്രഭാവമാണ് (Green House Effect). അത് കുറയ്ക്കണമെങ്കിൽ ഹരിതഗൃഹ വാതകങ്ങളുടെ (Green House Gases) നിർഗ്ഗമനം കുറയ്ക്കണം. പാരീസ് ഉടമ്പടി പോലെയുള്ള അന്താരാഷ്ട്ര ഉടമ്പടികളുടെ ലക്ഷ്യം അത് തന്നെയാണ്. സ്ഥലപരിമിതി കാരണം അത്തരം കാര്യങ്ങളിലേക്ക് ഇപ്പോൾ കടക്കുന്നില്ല.

 

അവലംബം  

CSTEP (2024). Sea level rise scenarios and inundation maps for selected Indian coastal cities. (CSTEP-RR-2024-04), July 2024.

NOAA (2022). Climate Change: Global Sea Level. 7 pp

 

 

84 views1 comment
bottom of page