top of page

തീരാപ്പെയ്ത്ത്

ഇഷാനി കെ എസ് 

II ബി എ മലയാളം 

സർക്കാർ വനിതാകോളേജ് തിരുവനന്തപുരം

“മോൾടെ പേരെന്താ?”

“അവ്നി” മഴയില് മറ്റാരും തയ്യാറാകാതിരുന്നപ്പോൾ തൻ്റെ അവസ്ഥ കണ്ടിട്ടാകണം, സഹായിക്കാനെത്തിയ ഡ്രൈവറോടവൾ പറഞ്ഞു.

 

“അവിടെയെത്താനിനിയുമൊത്തിരി ദൂരമൊണ്ട്, ഈ പെരുത്ത മഴയില് ഒരു മൂന്ന് മണിക്കൂറെങ്കിലുമെടുക്കും. മോള് വേണേൽ ഒന്ന് മയങ്ങിക്കോളൂ…”  ആ മനുഷ്യൻ പറഞ്ഞു.

 

ഉറങ്ങാൻ, ഇനിയുറങ്ങാൻ പറ്റ്വോ? എന്നേലും? അവനെവിടെയാന്നറിയാതെ? ഭൂമിയിലുണ്ടോന്ന് തന്നെയറിയാതെ? അവൾ കണ്ണീര് തുടച്ചു, കാറിനു പുറത്തേക്ക് നോക്കിയിരുന്നു. വാചാലമായിരുന്ന നാക്കുകളുരിയാടാൻ മറന്നപോലെ. എന്താണവിടെയുണ്ടാവുകയെന്ന ഭയം കാർന്നുതിന്നുവാണ്.

 

മനസ്സിലെ പേമാരിക്കു ശമനമുണ്ടാകുമെന്ന് കരുതിയാകണം അവൾ പുറത്തേക്ക് നോക്കിയത്. അവിടെയും, പക്ഷേ മഴയല്ലേ? കോരിച്ചൊരിയുന്ന കലിതീർത്താടുന്ന പേമാരി. തൻ്റെയുളളിൽ വന്ന വാക്കുകളവളെത്തന്നെ അതിശയിപ്പിച്ചു. മഴയെത്താനെന്നും ഇഷ്‌ടപ്പെട്ടിട്ടേയുള്ളൂ. ഓരോ മഴയിലും ഉള്ളുതുറന്ന്ആഹ്ലാദിച്ചിരുന്നു, മഴയെന്നും തന്നോട് എന്തോ പിറുപിറുത്തിരുന്നു. അങ്ങേയറ്റം ശ്രദ്ധയോടെ അവളത് കേൾക്കുകയും ചെയ്‌തിരുന്നു. അത് കളിവാക്കുകളായിരുന്നു, കൂടെ വന്നുനനയാനുള്ള സ്വാഗതങ്ങളായിരുന്നു, ഒത്തിരിയാകുമ്പോൾ ഞാൻ പോകുന്നെന്നുള്ള യാത്രാമൊഴികളായിരുന്നു.

 

മഴ അവനും ഇഷ്ടമായിരുന്നു. ഒരു ദിവസം മുഴുവൻ മഴയത്ത് കൈകോർത്തു നടക്കണമെന്നവൻ പറഞ്ഞിരുന്നു. വൈകിട്ട് ഗ്രൗണ്ടിൽനിന്നു കയറിയപ്പോൾ ഒരിക്കൽ പ്രതീക്ഷിക്കാതെ പിന്നിൽ വന്നിട്ട് അവൻ, "അവ്‌നീ, I love you" എന്നു പയ്യെ ചെവിയിൽ പറഞ്ഞു. അപ്പോഴും മഴ പെയ്യുന്നുണ്ടായിരുന്നു. ഞങ്ങളെല്ലാവരും നനഞ്ഞിരുന്നു. ആ തണുപ്പിൽ ചെവിയിൽ തൊട്ട അവൻ്റെ ശ്വാസത്തിൻ്റെ ചൂട് ഇന്നും കണ്ണടച്ചാൽ തനിക്കറിയാം, അവനിവിടുള്ളതുപോലെ.

 

ഫ്ലാറ്റിലെ ബാൽക്കണിയിൽ മിന്നിയേയും കെട്ടിപ്പിടിച്ച് മഴ കാണാൻ, പെയ്തിറങ്ങുന്ന ഓരോ തുള്ളിയെയും ആസ്വദിച്ച് ഉറക്കെപ്പാടാൻ അവനൊത്തിരി ഇഷ്ടമായിരുന്നു. അവന്റെ പാട്ടുകളിലെന്നും മഴയും താനുമാണുണ്ടായിരുന്നത്.

 

 ഒരു പുതിയ തുടക്കം കുറിക്കുമ്പോൾ, എന്റെ കഴുത്തിൽ മിന്ന് കെട്ടുമ്പോൾ, കുടുംബമെന്നുപറയാൻ ഒരാളെങ്കിലും വേണമെന്ന് പറഞ്ഞാണവൻ പോയത്, പതിനൊന്ന് കൊല്ലം മുൻപ് പിണങ്ങിയ കസിനെക്കാണാൻ. വേണ്ടായെന്ന് പറഞ്ഞതാണ് ഞാൻ. മഴ ഒതുങ്ങിയിട്ട് പോയാൽ മതിയെന്ന് പറഞ്ഞതാണ് ഞാൻ. പോരത്രേ... “ എത്രേം വേഗം നിന്നെക്കെട്ടീട്ട് വേണം, നിനക്കൊരുമ്മ തരാൻ, Bye, love you” എന്നെക്കെട്ടിപ്പിടിച്ച് പറഞ്ഞതാണ്. ഇങ്ങെത്തീട്ടും പറഞ്ഞതാണവൻ, ഇന്നുറപ്പായും തിരിച്ചുവരുമെന്ന്. മിനിഞ്ഞാന്ന്, രാത്രിയെന്നെ വിളിച്ചിട്ട് നീ ഹണിമൂണിന് സ്ഥലം തീരുമാനിച്ചോയെന്ന് ചോദിച്ചതാണ്. പിറ്റേന്ന് വാർത്തയിൽ ഉരുള് പൊട്ടീന്ന് കണ്ടപ്പോളും  ഞാൻ വിളിച്ചു, എടുത്തില്ല. ഇന്നലെ, ഫോൺ വീട്ടിനുള്ളിലുണ്ടായിരുന്നെന്നും അവിടെനിന്നും ബോഡി ഒന്നും കിട്ടിയില്ലെന്നും ഫോണെടുത്ത ആരോ പറഞ്ഞു.

 

 ‘ബോഡി’ കിട്ടീല്ലാത്രേ… എന്റെ അഭി ഒരിക്കലും ബോഡി ആവില്ല… ഒത്തിരിയൊത്തിരി വാക്ക് തന്നിട്ടുണ്ടെനിക്ക്. അതൊക്കെയും നടത്താതെയവൻ പോവില്ലാന്നെനിക്കറിയാം. അങ്ങനെ പോയാല് ഞാൻ ഒരിക്കലും ക്ഷമിക്കില്ലാന്നവനറിയാം. ഏതോ ക്യാംപിലുണ്ടാവുമവൻ. അല്ലെങ്കിൽ വേറാരുടെയെങ്കിലും വീട്ടില്... ആ വീട്ടിലെ ബാക്കിയെല്ലാരേയും കിട്ടിയത്രേ. അവനെന്തേലും പറ്റീരുന്നേല് അവനുമവരുടെകൂടെക്കാണില്ലേ? അവനെയൊന്ന് കാണട്ടെ, എന്നിട്ട് വേണം രണ്ട് തല്ല് കൊടുക്കാൻ. ആരുടെയെങ്കിലും ഫോണീന്ന് ഒന്നെന്നെ വിളിച്ചൂടെ. അറിയില്ലേ? ഞാൻ കാത്തിരിക്കുവാന്ന്, ഞാനേ കാത്തിരിക്കുള്ളൂവെന്ന്.

 

“മോളേ, എത്തി ” ഡ്രൈവർ പറഞ്ഞു. ഓർമകളുടെ കുത്തൊഴുക്കീന്ന് എഴുന്നേറ്റ് പുറത്തിറങ്ങി അവൾ കയ്യിൽ വന്ന പൈസ നീട്ടിയപ്പോൾ അയാൾ പറഞ്ഞു “മോള് പോയി നോക്കൂ, മോള്‌ നോക്കിവന്നയാള് ജീവനോടന്നെ ഉണ്ടാവും. പൊയ്ക്കോളൂ…”

 

അയാളോട് നന്ദി പറഞ്ഞു തിരിയുമ്പോൾ ഒരു കോൾ വന്നു. കൺട്രോൾ സെല്ലിൻ്റെയാണ്. ക്യാംപുകളിലൊന്നും അഭി ഇല്ല. മരണപ്പെട്ടവരിലും ഇല്ല, ആശുപത്രിയിൽ ചികിത്സയിലാകും എന്നവർ പറഞ്ഞു. അവരോട് നന്ദി പറഞ്ഞിട്ട് അവൾ ഒരാൾക്കൂട്ടം നിന്നിടത്തേക്ക് നടന്നു. ആശുപത്രിയെവിടെയെന്ന് ചോദിക്കാൻ.

 

അവളങ്ങോട്ടെത്തിയപ്പോൾ അവിടേയ്‌ക്ക് ഒരു ശരീരം കൊണ്ടുവരികയായിരുന്നു. സ്ട്രെച്ചർ പിടിച്ചിരുന്ന ഒരാൾക്ക് ഉയർന്നു നിന്ന കോൺക്രീറ്റ് കഷണത്തിൽ ചവുട്ടി കാൽ ഇടറി. വെള്ളത്തുണി നീങ്ങി. അറ്റുപോകാറായ ഒരു കൈ കണ്ടു. അറ്റകൈയുടെ ഭീതരതയിൽ ഭയന്ന് തിരിഞ്ഞ അവൾ, നിന്നു, ഒന്നുകൂടി നോക്കി, ഓടി വന്ന് ആ കൈപിടിച്ച് നോക്കി. അഭി. അന്നടികൂടിയപ്പോൾ അവൻ പച്ച കുത്തിയ തൻ്റെ പേര് വിറങ്ങലിച്ച കൈയിൽ തെളിഞ്ഞ് നിന്നു. അതെങ്ങനെയാ അഭി ആവുക. അതേ, മുഖവും അവന്റേതുതന്നെ. പക്ഷേ, അഭി തന്നെയൊറ്റയ്ക്കാക്കിയെങ്ങും പോവില്ല. അവള് കരഞ്ഞു, അവനെ ചീത്തപറഞ്ഞു. മഴ അത്രയിഷ്ടമായിരുന്നേൽ തന്നെയും കൂടിക്കൊണ്ടുപൊയ്ക്കൂടായിരുന്നോന്ന് ചോദിച്ചു. തന്നെ മിന്ന് കെട്ടാന്ന് പറഞ്ഞതല്ലേന്ന് ചോദിച്ചു.  തനിക്കുള്ള ഉമ്മയെവിടേന്ന് ചോദിച്ചു. മരവിച്ച അവന് ഉത്തരമില്ലായിരുന്നു. ഇത്രയും മുറിഞ്ഞപ്പോൾ വേദനിച്ചോന്ന്, മഴവെള്ളത്തിലും പാട്ട്പാടിയോന്ന്, എന്താതന്നെ ഒരിക്കലേലും വിളിക്കാത്തേന്ന്, ഒറ്റയ്ക്ക് പേടിയായില്ലേന്ന്,വീണ്ടും വീണ്ടും അവൾ ചോദിച്ചുകൊണ്ടേയിരുന്നു . തനിക്ക് പേടിയാവ്‌ന്നൂന്ന് പറഞ്ഞു. അവൾ വീണ്ടും വാചാലയാവുകയായിരുന്നു. ഒരു ജന്മം മുഴുവൻ പറയാൻ ബാക്കിയുണ്ടെന്ന് ഇനിയവൻ പറയില്ലാന്നവൾക്കറിയാം. ചുറ്റും കൂടിനിന്നവരവനെത്തന്നീന്ന് ഒടുവിലായി പറിച്ചെടുത്തപ്പോൾ ഒന്നുകൂടി അവളറിഞ്ഞു.

 

ഒരു ജീവിതകാലമത്രയും മഴ തന്ന സന്തോഷമെല്ലാം, ഒറ്റയ്ക്കായിരുന്ന കാലത്തെ സാന്ത്വനവാക്കുകളെല്ലാം ജീവനേക്കാൾ വിലപ്പെട്ട തൻ്റെ സ്വത്തിനെക്കൊണ്ടുപോകാനായിരുന്നെന്ന്. അവൻ്റെ കീറിവീണ ഷർട്ടിൻ്റെയറ്റം കെട്ടിപ്പിടിച്ചുകരയാനേയവൾക്കു കഴിയുമായിരുന്നുള്ളൂ. തൻറെ ജീവനും ജീവിതവുമായിരുന്ന, ഒരു രാത്രിയിലെ മഴയിൽ വിറങ്ങലിച്ചുപോയ അവനെയിനിക്കാണാൻ ത്രാണിയില്ലാതെയവൾ നടന്നു. എങ്ങോട്ടാണെന്നറിയാതെ, ഈ കാർന്നുതിന്നുന്ന വേദനയെത്തീർക്കാൻ, ഒരിക്കൽക്കൂടിയവനെയൊന്നുമ്മ വയ്ക്കാൻ, ആ ശബ്ദം കേൾക്കാൻ അതിനുമാത്രം അവൾ നടന്നു. പിഞ്ഞിയ ആ ഷർട്ടിൻ്റെയറ്റം മാത്രമേ അവളുടെ കയ്യിലുള്ളൂ. അല്ലെങ്കിലും, അവനല്ലാതാരുമിനിയവളെയും തേടില്ലല്ലോ...

239 views6 comments
bottom of page