top of page

പെൺപാമ്പ് ഭാഗം -1

കഥ
കരിങ്ങന്നൂർ ശ്രീകുമാർ

1.       മഴ

മഴ കരുത്താണ്.

ദ്രവിച്ചു പൊളിഞ്ഞ കടൽപ്പാലമായി ഗോകുൽ  ഇളകിയാടി. കണ്ണീരിന്റെ  ഉപ്പുകാറ്റിൽ ചതിയുടെ അലർച്ചകളിൽ  ഗോകുൽ നിലതെറ്റി. നൊന്തു നീറിയ നെഞ്ചമർത്തി പൂഴിയിലേക്ക് അവൻ കമിഴ്ന്നു. കടൽ ദാഹമായി.

പ്രണയം പൊള്ളി. തിരകളാർത്തു. ഗോകുൽ കരഞ്ഞു തുടങ്ങി.

മുറിവായ് മൂടിവയ്ക്കുക.

നടന്നു കയറുക വേഗം.

കാണുക  നിന്റെ  വിമലയെ- ഭാമിനിയെ-

ഓ.. ഇങ്ങനെയൊക്കെ തന്നെയാണോ പറയേണ്ടത്..

പെൺപട്ടിയുടെ കൂർത്ത മുഖവുമായി തീരെ കുനിഞ്ഞ് നിലംപറ്റി കിടന്ന് നിന്റെ പ്രാണൻ രുചിച്ചവളെ-

ഗോകുൽ... ഉണരുക.

ചിതറിയടിക്കുന്ന ഈ ഉപ്പുകാറ്റ് നിനക്ക് തുണ.

വെന്തു മലർന്ന ആകാശം നിനക്കു തുണ.

ഇനി ഉറക്കെ കരയൂ...

കടലിന്റെ നെഞ്ചു പൊട്ടട്ടെ.

കാമനകളടങ്ങട്ടെ.

മുഖം വക്രിച്ച് , ക്രുദ്ധനായി  തല മാന്തി നെറ്റി നിലത്തടിച്ച് ഗോകുൽ നിലതെറ്റി വിളിച്ചു കരയാൻതുടങ്ങി.

ഗോകുൽ ഇനിയുമിനിയും ക്രൗര്യം നുണഞ്ഞ് കരയും.

കടൽ ആർത്തിയോടെ എല്ലാം വിഴുങ്ങുമ്പോഴും അവൻ ഏങ്ങിയേങ്ങി പിന്നെയും കരുതിവച്ചേക്കും.ഓർമ്മകൾ തെളിച്ചുവച്ചേക്കും.

അവൾ എന്തായിരുന്നു?  പ്രകൃതിയും ആസക്തിയുമല്ല. നന്മയും അതിജീവനവുമൊന്നുമല്ല. ധ്വനി പ്രയോഗങ്ങളെല്ലാം ഉപേക്ഷിക്കേണ്ടിയിരിക്കുന്നു.

ഗോകുൽ ഇനി ഉണരൂ....

മണ്ണിൽ കാലുറപ്പിച്ച് മുഖം ഉയർത്തി വയ്‌ക്കൂ. വെയിലിന്റെ ഉപ്പുകാറ്റിൽ ഉന്മാദിയെപോലെ നീ കടലിനോട് ഇനിയുമിനിയും അപ്രിയം പറഞ്ഞ്  പരിഭവിക്കാതിരിക്കുക.

ഒന്നും പറയാതിരിക്കാം.

തനിയെ വെന്തു പോകരുത്.

ചോരവെയിൽ കൊള്ളരുത്.

നിഴൽമറകളിൽ പതിയിരിക്കരുത്.

പച്ചമൃഗമാകൂ. മാംസം കോർത്ത് വലിച്ച് രുചിക്കാൻ തുടങ്ങാം.

ഹൃദയമേ, ഈ മണ്ണിൽ കാൽ ചവിട്ടി നിൽക്കണമെങ്കിൽ ഇങ്ങനെയും ഇതിനപ്പുറവുമൊക്കെ തനിയെ കടുപ്പം പറഞ്ഞു പഠിപ്പിച്ചുകൊണ്ടേയിരിക്കണം.

ഇനി മഴ കൊള്ളാം.

മഴ കരുത്താണ്.

ജലസമൃദ്ധിയിൽ അമ്പരപ്പിക്കുന്ന മയക്കത്തിൽ നിന്നും പതിയെ ഉണർന്നു വരുക....

  മഴ അമ്മയായി പൊതിയട്ടെ....  അനാഥമായ കടൽപ്പാലത്തെ ഹൃദയപൂർവ്വം മഴ മൂടി.

കടൽ കയറി തിരിച്ചു നടക്കാം. ഓർമ്മകൾ സാക്ഷ്യപ്പെടുത്തുന്നത് പുഴയെയാണ്,  ദുർമരണങ്ങളെയും  വിപത്തുകളെയും കടന്ന് നാടിനെയും ഭംഗിയെയുമാണ്.....

വേദനയുടെ ശൽക്കങ്ങൾ കുടഞ്ഞു കൊഴിച്ച് പതിയെ നടന്നു നോക്കൂ.

അതാ വെറുതേ ഒരു നിലാവ്. അതാ നിനക്കായ് വെറുതേ ഒരു നക്ഷത്രം  വെളിച്ചം വയ്ക്കുന്നു...

വെന്തു മലർന്ന  ചോറിന്റെ  മണം. വിശപ്പ്. രാകി  മൂർച്ചയേറ്റിയ ആയുധമാണ് മനസ്സ്.

എന്റെ ശിരസ്സ്...

എന്റെ രക്തം,

പ്രാണൻ...

എന്റെ കാഴ്ച…

പ്രണയമേ... നീ കെട്ടടിയൂ...

  പാദങ്ങളിൽ വിഷം കടിക്കുന്ന കല്ലുകളിൽ ചവിട്ടിത്തന്നെ നടക്കട്ടേ.. . മഴ കൊണ്ട് നൊന്തു നടക്കട്ടെ.

അതുകൊണ്ട് ഇനി  കഥപറയാതിരിക്കാം.

ഒട്ടും മിണ്ടാതിരിക്കാം.


 

         2. മൂത്താച്ചിയുടെ മട

.....................................................

        ആയിരവില്ലി കുന്നിൽ നിലാവുദിച്ചു. അടിവാരങ്ങളിലേക്കു  നിലാവ് പ്രണയിച്ചു...

പ്രണയ സ്ഥൈര്യത്താൽ  അവർ കൈകൾ മുറുകെ പിടിച്ചിരുന്നു.

ഭയം ഗോകുലിന് മാത്രം. അവൾ എന്നും ധൈര്യവതിയായിരുന്നു. പാറകൾക്കിടയിലൂടെ,  മൊബൈലിന്റെ പതറിയ ടോർച്ചു വെളിച്ചം തെളിക്കാൻ   ഭയന്നു മടിച്ച്‌, പാമ്പുകളുടെ രൂക്ഷഗന്ധത്തിലൂടെ വളരെ ഒതുക്കത്തിൽ അവർ ചവിട്ടിക്കയറുകയായിരുന്നു. കുറ്റിക്കാടുകൾ നിറഞ്ഞ കുന്നാണ്. വലിയ മരങ്ങൾ നന്നേ കുറവ്. കാക്കണം പുല്ലുകളും വള്ളിപ്പടർപ്പുകളുമാണ് നിറയെ.  ടോർച്ചു തെളിച്ചാൽ വെട്ടം കുന്നുകയറുന്നത് താഴ്‌വാരത്തു  നിന്ന്  ശരിക്കും  കാണാൻ പറ്റും.കുറ്റിക്കാടാണ്. പന്നിക്കൂട്ടങ്ങളും ചെവിയൻമാരും ധാരാളം ഉണ്ടെന്നു പറഞ്ഞു കേട്ടിട്ടുണ്ട്...

അവൾ അവന്റെ ശരീരത്തിലേക്കു ചാഞ്ഞും ഇറുകിയും ചുമലിൽ ഉമ്മവച്ചും മുഖം ചേർത്തും അതിവിവശയായി. പാമ്പുകളുടെ രൂക്ഷമായ കാവൽ ഗന്ധത്തിൽ, രക്ഷയുടെ നേർത്ത വെളിച്ചത്തിലൂടെ മൂത്താച്ചിയുടെ ഇരുണ്ട മടയിലെ പൊട്ടുപോലുള്ള വെളിച്ചത്തിലേക്ക് അവൻ ലക്ഷ്യം വച്ചു. പാമ്പുകളുടെ താവളമാണിതെന്ന്  ഉയരത്തിലേക്ക് നോക്കിക്കൊണ്ട് അവൻ ഇടറി മന്ത്രിച്ചു.പകൽപോലും പേടിയാണെന്ന് അവൻ പിടച്ചു പറഞ്ഞുപോയി.അവൾ സാമാന്യം ഉച്ചത്തിൽ തന്നെ പൊട്ടിച്ചിരിച്ചു.

സ്നേഹം മുറുക്കുന്ന പ്രണയികളെ പാമ്പുകൾ സ്പർശിക്കേയില്ലെന്ന് അവൾ കവിത പറയാൻ തുടങ്ങി . ഇരുട്ടിനെയും  കാക്കണംപുല്ലുകളെയും വകഞ്ഞുമാറ്റി അവർ ആയ്ച്ചുകൊണ്ട് ഊടുവഴിയിലൂടെ കയറ്റം നടന്നുകയറുകയായിരുന്നു... ഇങ്ങനെ ഇവിടെ വച്ചു വിഷം തീണ്ടിമരിക്കണം എന്നവൾ രസിച്ചു പറഞ്ഞു. ഗോകുൽ വീണ്ടും പിടച്ചു.

        ഒറ്റക്കൽവിളക്കിന്റെ വെട്ടത്തിൽ മൂത്താച്ചി കഞ്ചാവിന്റെ കട്ടിപ്പുക വലയത്തിൽ കണ്ണടച്ചിരിക്കുകയായിരുന്നു. തിണ്ണയിൽ കയറിയപാടെ മൂത്താച്ചി ഉണർന്നു.കനത്ത പുകക്കണ്ണുകൾ... തൂങ്ങിയ കവിളുകളിലെ നിഷ്കളങ്കമായ ചിരി.. പുകഞ്ഞ കർപ്പൂരത്തിന്റെയും വിളക്കുകരിയുടെയും ഗന്ധം  അവൾ നന്നായി മണത്തെടുക്കുന്നുണ്ടായിരുന്നു.

   കാല് നീറുന്നുണ്ടല്ലോ.... പാമ്പ് കൊത്തിയോ എന്തോ...മോഹിച്ചുപോയ ദംശനം ഇത്ര ക്ഷണമോ.. അവൾ പുഞ്ചിരിച്ചു കൊണ്ട് ചെവിയിൽ പറഞ്ഞു.

   ഗോകുൽ വിറച്ചു ...  പരവേശത്തോടെ മൂത്താച്ചീ എന്നവൻ  വിളിച്ചു… ഇവളെ പാമ്പ് കടിച്ചെന്നു പറയുന്നു.. അയ്യോ... എന്തു ചെയ്യും...

പേടിക്കണ്ട.. നോക്കട്ടെ...സുധാകരാ -എന്നു വിറച്ചു വിളിച്ചു മൂത്താച്ചി.

മുരണ്ടുകൊണ്ട് മൂലയിൽ നിന്നും മുച്ചിറിയൻ സുധാകരൻ എഴുന്നേറ്റു വന്നു.

അവൻ കൊണ്ടിട്ട പലകയിൽ അവളെ പിടിച്ചിത്തിരുത്തി.

അവളുടെ കാല് രണ്ടും കഴുകി. സുധാകരൻ വിളക്കുവെട്ടത്തിൽ വളരെ പരിശോധിച്ചു.അവന്റെ കട്ടി ശ്വാസത്തിനൊത്ത് മുച്ചിറിച്ചുണ്ടുകൾ തുടിച്ചുവന്നു .

അവൾ വീണ്ടും വീണ്ടും വെറുതേ ചിരിച്ചു.

മൂത്താച്ചി വിളക്കെടുത്ത് കരുവാളിച്ച വിരലുകൾ കൊണ്ട് അവളുടെ കൺപോളകൾ മറിച്ചു.

മൂത്താച്ചി ആശ്വസിച്ചു പലകയിലിരുന്നു.

കുഞ്ഞേ- മൂത്താച്ചി അതിസ്നേഹത്തോടെ വിളിച്ചു .ആയ്പ്പോ ക്ഷീണമോ ഇല്ലാതെ അവൾ പടുകിഴവനെ സാകൂതം നോക്കിയിരുന്നു.മൂത്താച്ചി പറഞ്ഞു- കുഞ്ഞേ,  നമ്മൾ എല്ലാരും വെല്യ മനുഷ്യൻമാരാണ്. നമ്മളെല്ലാരെയും  മാനം ചതിക്കും...മഴ ചതിക്കും... പെറ്റമ്മച്ചി ചതിക്കും...കൂട്ടരെല്ലാരും ചതിക്കും. ചെല പെഴ നേരത്ത് ഒടേമ്പ്രാനും പറ്റെക്ക്  ചതിക്കും. നാഗത്താൻമാര്  തൊണ. അവൾ ആകെ പരിഭ്രമിച്ചുപോയി .

പേടിക്കണ്ട മകളേ,വെഷച്ചതി പറ്റീട്ടില്ല..

ഗോകുലിന്റെ പരവേശമടങ്ങി.

മൂത്താച്ചിയുടെ മട. ഗോകുലിന്റെ ചങ്ങാതി മൂത്താച്ചി... പുരാവസ്തു പോലെ പഴങ്കഥകളിലെ പടുകിഴവൻ.  കിളവൻ വാസനയുള്ള കുങ്കുമപ്പൊടി രണ്ടു വിരലിനു തോണ്ടിയെടുത്ത് അവൾക്ക് കൊടുത്തു.

വിടർന്ന കണ്ണുകളോടെ കൈനീട്ടി അന്ധാളിച്ച് അവളിരുന്നു. ഗോകുൽ അത് വിരൽ ഞെരടി അവളുടെ നെറ്റിയിലും സീമന്തത്തിലും അണിയിച്ചു.

കരുതിവെച്ചിരുന്ന ഒരു കുപ്പി മദ്യവും  നൂറ്റൊന്നുരൂപയും സഞ്ചിയിൽ നിന്നുമെടുത്ത് മൂത്താച്ചിക്ക് മുന്നിൽവച്ചു. മൂത്താച്ചിയുടെ കറുത്തുതേഞ്ഞ  പല്ലുകൾ തിളങ്ങി.  ഹ ..ഹാ..  പട്ടാളച്ചാരായം  എന്ന് ചിരിച്ചു പറഞ്ഞു കൈകൾ നീട്ടി പിറുപിറുത്ത് എന്റെ മക്കളേ – എന്നു ഉറക്കെ വിളിച്ചു  അനുഗ്രഹിച്ചു.

വൃദ്ധൻ ഒച്ചയെടുത്ത് സുധാകരനെവീണ്ടും വിളിച്ചു. ഇരുട്ടിൽനിന്നും മൂളിച്ചിരിച്ചുകൊണ്ട് തിരക്കിട്ട് അവൻ ഇറങ്ങി വന്നു. മൂത്താച്ചിയുടെ മട എന്ന്  ഗോകുൽ സ്വയം സ്നേഹിച്ചു  വിളിക്കുന്ന താവളം.

ഗോകുലിന്റെ  രഹസ്യസങ്കേതം.

         കുന്നിൻമുകളിലെ ഒരിക്കലും വറ്റാത്ത പാറക്കുഴിയിൽ നിറഞ്ഞു കിടക്കുന്ന ഉറവയിലെ ജലം സുധാകരൻ മുന്നേ തന്നെ കോരി  വലിയ മൺകലങ്ങളിൽ നിറച്ചു നിരത്തിവച്ചിരുന്നു. ജലത്തിന് പ്രാണനിൽ തൊടുന്ന തണുപ്പ്. ഗോകുൽ അത്യാവശ്യം പുറം കഴുകി വെടുപ്പാക്കി എന്നു വരുത്തി. അവൾ മുഖവും കഴുത്തും കാലും കഴുകി ഉന്മേഷം കൊണ്ടു. കുളിർത്തു കിടുങ്ങി. പുരാതനമായ പാത്രങ്ങളുടെ വിചിത്രാകൃതിയും കട്ടിയും അവളെ വിസ്മയപ്പെടുത്തിക്കൊണ്ടിരുന്നു.

സുധാകരൻ ഭക്ഷണം വിളമ്പി. കൂവക്കിഴങ്ങ് പുഴുങ്ങിയത് നാലഞ്ച് കഷണവും... മുളക് ചതച്ചത്,  കഞ്ഞി,  ഉണക്കമീൻ..

മൂത്താച്ചി അച്ഛനായി.

സുധാകരൻ അമ്മയായി.

ഗോകുൽ സുരക്ഷിതത്വത്തിൽ വിങ്ങി നിറഞ്ഞു.

നിന്റെ കാലു നീറുന്നുണ്ടോ... കുഴപ്പമൊന്നും തോന്നുന്നില്ലല്ലോ.

ഇല്ലന്നേ... അല്ലെങ്കിൽ തന്നെ മരണത്തെക്കാൾ വലിയൊരു പ്രണയസമസ്യ ഏതാണുള്ളത്...

പൂർണ്ണനിലാവ്... ഈ ഒറ്റ ദിവസം മതിയല്ലോ ജീവിതമായി. ഈ ഒറ്റ ദിവസം  മതിയല്ലോ പ്രേമം പതിച്ചുവയ്ക്കാൻ.

എന്തുമാത്രം പുരാതനമായ ദയയാണ് ഈ വിഷഹാരി വേലന്റെ  മുഖത്തെന്ന് ഗോകുൽ പലപ്പോഴുമെന്നപോലെ അപ്പോഴും അമ്പരന്നുപോയി. വലിയ ഒറ്റ മരോട്ടി മരത്തിനു കീഴെ കൂറ്റൻ പടർപ്പൻ പാറയുടെ വിതാനത്തിലേക്കു അവൾ ഇറങ്ങി നടന്നു.. പ്രണയം തിണർത്തു. താഴെ മൂത്താച്ചിയുടെ മടയിൽ  ഒറ്റക്കൽവിളക്ക് കത്തുന്നുണ്ട്.അവിടെ സുധാകരൻ ജാഗരൂകനായി ഇരിപ്പുണ്ട്,  മുച്ചിറിയിൽ വശത്തേക്ക് മാറ്റി വലിയൊരു ബീഡിയും കടിച്ചുപിടിച്ചു പുകച്ചുകൊണ്ട്. അവൻ തടിയൻ  ബീഡികൾ തെറുത്ത് വയ്ക്കുകയാണ്. ശബ്ദമില്ലാതെ  ആ 

  നെടിയ മനുഷ്യൻ കല്ലുകളുടെ രൂക്ഷമായ ഉന്നത്തിൽ വലിയ കവണയുമായി എപ്പോഴും  ജാഗരൂഗനാണ് എന്ന് ഗോകുലിനറിയാം.

പാറയുടെ വിതാനത്തിൽ നിലാവിന്റെ വിരിയിൽ അവൾ നിറഞ്ഞു. ചുണ്ടുകളുടെ കൗശലം. അയഞ്ഞു ഞാന്ന  സ്വർണ്ണ അരഞ്ഞാണം. പറ്റിയ തുടകൾ. കൊഴുത്ത രോമങ്ങളുടെ സമൃദ്ധി.. വില്ലുപോലെ കുത്തിവളഞ്ഞു   അവൾ ഗോകുലിനെ സമർത്ഥമായി  വിളിച്ചു. ഉറക്കെ രമിച്ച് ഉലഞ്ഞുതളർന്നു. മലർന്നു കിടന്ന് അവൾ വീണ്ടും  മുരണ്ടു. മീതെ  നിശ്ചലമായി ഉള്ളിലേക്ക് ഇറുകി അമർന്നു കിതച്ചു കിടന്നപ്പോൾ അപഥയുടെ ഉള്ള് വെട്ടിത്തുടിച്ചു കൊണ്ടിരിക്കുന്നുണ്ടല്ലോ എന്നൊരു വികടശ്ശാസ്ത്രം ജാഗ്രത്തിൽ മിന്നിപ്പിടഞ്ഞു പോകുന്നതെന്തെന്ന്  ഗോകുൽ ശങ്കിച്ചു. പെട്ടെന്നവൾ അസഹ്യമായ വേദനയിൽ ഞെളിപിരികൊണ്ടു. അവനെ തള്ളിമാറ്റി.

ഗോകുൽ ഭയന്ന് എഴുന്നേറ്റുമാറിയതും അവൾ വയർ പൊത്തിപ്പിടിച്ചുകൊണ്ട് എഴുന്നേറ്റു.

ഗോകുൽ..... എനിക്ക്.. എനിക്ക്..

നേർത്ത നിലാവിൽ അവളുടെ മുഖം ദയനീയമായി...

നിനക്ക് അത് ആയോ... ഗോകുൽ പരിഭ്രമിച്ചു.

അതല്ല. എനിക്ക് വയ്യ, വയറ്..  പോണം.

 അതോ...ആ സാരമില്ല, അവിടേക്ക് പോയിരുന്നുള്ളൂ...ശീലമില്ലാത്ത ഭക്ഷണം വയറിനെ മുടക്കിക്കളയുമെന്നു അമ്മ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഗോകുൽ കൈ പിടിച്ചു  പാറയ്ക്കു പിന്നിൽ നിഴൽമറയിലെ മണ്ണിലേക്ക് അവളെ  ഇറക്കിയിരുത്തി. ശക്തമായ വയറൊഴിച്ചിൽ ശബ്ദം. ഗോകുൽ വക്കുപൊട്ടിയ മൺകുടത്തിൽ തണുത്തവെള്ളം മുക്കിയെടുത്തു കൊണ്ടുവച്ചു.

ഗോകുൽ തന്നെ വൃത്തിയ്ക്ക്

കഴുകി തഴുകിക്കൊടുത്തു.

തണുപ്പ് കൊണ്ട് കുഞ്ഞിനെപ്പോലെ അവൾ ഇടക്കിടയ്ക്ക് നടുങ്ങിക്കൊണ്ടിരുന്നു. ആശ്വാസത്തിൽ അവളുടെ കണ്ണും മുഖവും നിലാവിൽ പ്രകാശിച്ചു.പല്ലുകൾ കൂട്ടിയിടിച്ചു വിറച്ചു.  മഞ്ഞ് പടർന്നു തുടങ്ങിയിരുന്നു. മൂത്താച്ചിയുടെ കുടിയിലേക്ക് തിരിച്ചെത്തി.  ഗോകുൽ പലകയിൽ ഇരുന്നു.  അവൾ ഗോകുലിനെ ചാരി നിലത്തും. മൂത്താച്ചി പുകവലയത്തിലിരുന്ന്  വീണ്ടുംവീണ്ടും ചിരിക്കുകയായിരുന്നു. വലിയ ബീഡിയുടെ അതിരൂക്ഷ ഗന്ധം. സുധാകരൻ ഒരു മൂലയിലേക്ക് പുതച്ച് ചുരുണ്ടുകൂടി കിടന്ന് പെട്ടെന്നുതന്നെ കൂർക്കം വലിയും തുടങ്ങി..

മക്കളേ, ഒറക്കെളെക്കണ്ടാന്ന് മൂത്താച്ചി വല്ലവിധേനെയും പറഞ്ഞൊപ്പിച്ചു. തീരെ കൊച്ചുമുറിയിൽ രണ്ട് തഴപ്പായ നീർത്തി വിരിച്ചിട്ടുണ്ട്. വാതിൽ ചാരിവെച്ച് അവർ കട്ടിപ്പായയിലേക്കു നിറഞ്ഞു... മുറിയുടെ അസഹ്യമായ ചൂരും  മണ്ണിന്റെ ഉന്മാദവും തണുപ്പും...

ഗോകുൽ കുഞ്ഞായി മുല കുടിച്ചു പറ്റിക്കിടന്നു.


 


213 views0 comments
bottom of page