top of page

കാലാവസ്ഥാവ്യതിയാനവും സാഹിത്യഭാവുകത്വവും

ഡോ.എം.എ.സിദ്ദീഖ്

പ്രൊഫസ്സർ,മലയാളവിഭാഗം,കേരള സർവ്വകലാശാല

സൈദ്ധാന്തിക വിമർശനപരമ്പര  ഭാഗം 1

കാലാവസ്ഥാവ്യതിയാനത്തിൻ്റെ രാഷ്ട്രീയത്തെ പ്രതിരോധിക്കുന്ന ഒരു സാഹിത്യദർശനം രൂപപ്പെട്ടുവരേണ്ടതുണ്ട്. തികച്ചും സ്വതന്ത്രമായും ഭാവനാത്മകവുമായി വികസിച്ചുവരേണ്ട ഒന്നാണത്. ആഗോളതാപനവും അതിൻ്റെ സന്തതിയായ കാലാവസ്ഥാവ്യതിയാനവും സൃഷ്ടിക്കുന്ന ദീർഘകാല പ്രത്യാഘാതങ്ങൾ ഇതിനോടകം സൂക്ഷമമായും വസ്‌തുതാപരമായും തിരിച്ചറിയപ്പെട്ടിട്ടുണ്ട്. വെള്ളപ്പൊക്കം, ദ്വീപുകൾ വെള്ളത്തിന ടിയിലാവൽ, കാലം തെറ്റിയ മഴകൾ, വന്യജീവിസമ്പത്തുകൾ ക്ഷയിക്കൽ, വംശനാശങ്ങൾ, ആവാസവ്യവസ്ഥകൾ താറുമാറകൽ, സാംക്രമികരോഗങ്ങളുടെ വർദ്ധനവ്, അന്തരീക്ഷ മലിനീകരണം, മഹാരോഗങ്ങളുടെ പെരുപ്പം ഒക്കെ മനുഷ്യാനുഭവങ്ങളെ പുതിയരൂപത്തിൽ നിർവ്വചിക്കുന്ന ദുരന്തങ്ങളാണ്.അവയെ നോക്കിക്കാണുന്നതിന് സാഹിത്യം ഉപയോഗിക്കുന്ന പുതിയ ദൃഷ്ടിയുടെ പേരാണ് കാലാവസ്ഥാഭാവുകത്വം(climate sensibility) .കാർബൺ വിസർജ്ജനം എന്ന അപാരമായ പാരിസ്ഥിതിക ഭീഷണിയെ കാർബൺ ന്യൂട്രൽ ഭാവനകൊണ്ട് അത് വായിച്ചെടുക്കുകയും ഭാവനയെത്തന്നെ പുനർനിർമ്മിക്കുകയും ചെയ്യുന്നു.

സാമ്രാജ്യത്വ ജീവിതരീതി

കുറച്ചു മുൻപുവരെ പ്രബലമായിരുന്നതും ഒരു പരിധിവരെ ഇപ്പോഴും നമ്മുടെ സാമൂഹിക ജീവിതങ്ങളെ നിയന്ത്രിക്കുന്നതുമായ ഉത്തരാധുനികലോകത്തിൻറെ ആധിപത്യം ഉപഭോഗ മാനസികാവസ്ഥയ്ക്കും അതിൻറെ ശരീരമായ സാമ്രാജ്യത്വജീവിതരീതിക്കും നൽകിയ പ്രാമുഖ്യം, പാരിസ്ഥിതികമായി നോക്കിയാൽ മനുഷ്യ ജീവിതത്തിന്റെ ഭാവിയെ പ്രതിസന്ധിയിൽ ആഴ്ത്തുന്നതാണ്. ഈ പ്രതിസന്ധിയെ അതിജീവിക്കുന്നതിന് ഉത്തരാധുനികതയുടെ ഭാവുകത്വം നമ്മെ സഹായിക്കുകയില്ല.ഉത്തരാധുനികതയെ വിമർശിക്കുന്നതും സാമ്രാജ്യത്വജീവിത രീതികളിൽ നിന്ന് രക്ഷപ്പെടുന്നതിനു സഹായകവുമായ ഒരു ഭാവുകത്വത്തിനു മാത്രമേ മനുഷ്യസമൂഹത്തെ ഇനി സഹായിക്കാൻ കഴിയൂ.അതാണ് കാലാവസ്ഥാഭാവുകത്വത്തിന്റെ രാഷ്ട്രീയം.അതിന് നാളിതുവരെയുള്ള എല്ലാ

പാരിസ്ഥിതിക സങ്കല്പങ്ങളുമായും ബന്ധമുണ്ടെങ്കിലും , പാരിസ്ഥിതികഭാവനയുടെ പഴയ എല്ലാ കൈവഴികളെയും അതുപോലെ സ്വീകരിക്കുന്ന ഒന്നല്ല അത്. മുതലാളിത്ത പാരിസ്ഥിതികസൗന്ദര്യശാസ്ത്രത്തിന്റെ സാംസ്‌കാരികതന്ത്രത്തെ(cultural logic) സംശയത്തോടുകൂടിത്തന്നെയാണ് അത് നോക്കിക്കാണുന്നത്.

“സാമ്രാജ്യത്വ ജീവിതരീതി മുതലാളിത്ത സമൂഹങ്ങളുടെ പുനരുൽപ്പാദനത്തിലെ ഒരു പ്രധാനകാലമാണ്. എല്ലാ വ്യവഹാരങ്ങളിലും, ഏതു ലോകവീക്ഷണത്തിലും അതുകയറി ഇരിപ്പുറപ്പിക്കുന്നു. സമ്പ്രദായങ്ങളിലും സ്ഥാപനങ്ങളിലും സ്വയം ഉറപ്പിക്കുന്നു. സിവിൽ സൊസൈറ്റിയിലും ഭരണകൂടങ്ങളിലും ഉണ്ടാകുന്ന സാമൂഹിക സംഘർഷങ്ങളുടെ ഫലമാണത്. അസമത്വത്തിലും, അധികാരവ്യവസ്ഥയ്ക്കു മേലുള്ള കലർപ്പില്ലാത്ത ആധിപത്യത്തിലും അടിസ്ഥാനമാക്കിയുള്ളതാണ് സാമ്രാജ്യത്വജീവിതരീതി. അതു ചിലപ്പോൾ നിലനിൽക്കാൻ ശ്രമിക്കുന്നത് അക്രമത്തെ ആശ്രയിച്ചാണ്.അതേസമയം തന്നെ അത് ഈ പറഞ്ഞ ശക്തികളെ (അസമത്വം, അധികാരം, ആധിപത്യം) സ്വയം നിർമ്മിക്കുകയും ചെയ്യുന്നു. ഇത് എല്ലാ വിഭാഗം മനുഷ്യരെയും പരമാവധി ഉപയോഗമൂല്യമുള്ളവരായി, മറ്റുള്ളവർക്ക് മേലെയാണ് തങ്ങളെന്ന തോന്നൽ ഉള്ളവരാക്കി മാറുന്നു. അതോടെ അവർ മറ്റൊന്നു കൂടി വിചാരിക്കുന്നു; തങ്ങൾ മാത്രമാണ് നല്ല ജീവിതത്തിന്റെ പ്രത്യേക രൂപങ്ങൾക്കായി പരിശ്രമിക്കുന്ന വ്യക്തികളെന്ന്."1

സാർവ്വജനീന സാമൂഹികപരിപ്രേക്ഷ്യത്തിൽ നോക്കിയാൽ, സാമ്രാജ്യത്വ ജീവിതരീതി എത്രകണ്ട് അപകടം പിടിച്ചതാണെന്ന് ഈ നിർവചനത്തിലൂടെ അറിയാൻ കഴിയും. ഈ ജീവിത രീതിയാണ് സ്വീകാര്യവും ഉദാത്തവുമായ ജീവിതരീതിയെന്ന് സമ്പന്നരാഷ്ട്രങ്ങൾ (Global North) അങ്ങനെയല്ലാത്ത രാഷ്ട്രങ്ങളെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇത് കൈമാറ്റം ചെയ്യപ്പെടുന്നതാകട്ടെ മുതലാളിത്തത്തിൻ്റെ കൈമാറ്റരീതികളിലൂടെ (production, distribution, consumption)മാത്രമാണ്. അതുകൊണ്ടാണ്, ഒരിക്കലും ഉപഭോഗവൽക്കരിക്കപ്പെടില്ല എന്നു വിചാരിച്ചിരുന്ന വിദ്യാഭ്യാസം, സേവനം, വിശ്വാസം മുതലായവപോലും എളുപ്പത്തിൽ വിപണനം ചെയ്യപ്പെടാവുന്ന വ്യാപാര വസ്‌തുക്കളായി മാറിയത്. സാമ്രാജ്യത്വ ജീവിതരീതികാരണമാണ് തൻ്റെ ജീവിതം മെച്ചപ്പെട്ടതെന്നു വിശ്വസിക്കുന്ന തദ്ദേശീയരായ ജനതയുടെ നിലവാരം സമ്പന്നലോകത്തെ മനുഷ്യരുമായി താരതമ്യപ്പെടുത്തുമ്പോൾ പരിതാപകരമാണെന്നു കാണാൻകഴിയും.

ഈ ജീവിതരീതി, ഏതു മനുഷ്യനെയും അബോധമായി നിർവ്വീര്യമാക്കുന്നു. ഒട്ടും സുസ്ഥിരമല്ലാത്ത ഒരു ജീവിത പ്രകൃതിയിലേയ്ക്ക് നയിക്കുന്നു. സാമ്രാജ്യത്വ ജീവിതരീതിയിൽ നിന്ന് ലഭിക്കുന്ന നിർവൃതിയും സുസ്ഥിരമായ നിർവൃതിയല്ല. പ്രകൃതിയുടെ ഒരു തരത്തിലുള്ള ഭാവവും ആ നിർവൃതിയിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നില്ല. ഈ നിർവ്യതി പാരിസ്ഥിതികമല്ലാതാവുന്നത് അതിനാലാണ്.

കാർബൺ ലിറ്ററേച്ചർ, ഓക്സിജൻ ലിറ്ററേച്ചർ

ഉപഭോഗമാനസികാവസ്ഥയ്‌ക്കോ അതിന്റെ ശരീരമായ സാമ്രാജ്യത്വജീവിതരീതിക്കോ പഴയതുപോലെ ഇനിയും ഇങ്ങനെ തന്നെ ലോകത്തെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ല. ഇതിന്റെ കാരണങ്ങളെപ്പറ്റി ഡേവിഡ് ഹാർവി2 എഴുതിയിട്ടുണ്ട്. മൂലധനചരിത്രത്തിൽ ഊന്നിക്കൊണ്ടാണ് ഹാർവി അതു പറയുന്നത്.മൂലധനവികാസങ്ങളുടെ ഭാഗമായി ജീവിതത്തിലും സാഹിത്യത്തിലും പ്രബലമായിത്തീർന്ന കാർബൺ രാഷ്ട്രീയത്തെ വിമർശിച്ചുകൊണ്ട് സാഹിത്യത്തിന്റെ താരതമ്യവിശകലനത്തിന്, തികച്ചും പുതിയ ഒരു വർഗ്ഗീകരണം നമുക്കു വികസിപ്പിച്ചെടുക്കാനാവും. കാർബൺഡൈ ഓക്സൈഡ് ലിറ്ററേച്ചർ, ഓക്സിജൻ ലിറ്ററേച്ചർ എന്നിങ്ങനെ ഒരു വിഭജനം.ഈ പേരുകൾ കൊണ്ടുതന്നെ അവയുടെ

പാരിസ്ഥിതികസ്വഭാവം പിടികിട്ടും. ഒന്ന്, കാർബൺ വിസർജ്ജനത്തിൻ്റെ സാഹിത്യവും മറ്റൊന്ന്ശ്വാസവായുവിന്റെ സാഹിത്യവുമാണ്.വരും കാലത്തെ സാഹിത്യസിദ്ധാന്തങ്ങൾക്ക് ശുദ്ധവായുവിന്റെ ഭൂമിയിലെ അളവും വിതരണവും മറന്നുകൊണ്ട് ഒരു വ്യവഹാരവും സാധ്യമല്ല തന്നെ!

കാർബണായാലും ഓക്‌സിജനായാലും ജീവൻ്റെ നിലനിൽപ്പിന് രണ്ടും അനുപേക്ഷണീയങ്ങളാണ്. അതിനാണവയെ സമതുലിതമായി നിലനിർത്തുന്ന ഒരു ജൈവചംക്രമണവ്യവസ്ഥ പ്രകൃതി നിലനിറുത്തിയിരിക്കുന്നത്. പ്രകൃതിയിൽത്തന്നെ ഇവ തെറ്റിപ്പോകുന്ന സാഹചര്യങ്ങളുണ്ട്; ഭൂവിസ്ഫോടനങ്ങൾ ഉണ്ടാകുമ്പോഴും മറ്റും. എന്നാൽ അത്തരം ഭൗമികപ്രവർത്തനങ്ങളല്ല, മനുഷ്യർ തന്നെയാണ് ആഗോളമായ പുതിയ അന്തരീക്ഷ തകരാറുകൾക്ക് കാരണക്കാർ.അറീനിയസ് മുതൽ സ്യുക്കൂറോ മനാബെ വരെയുള്ള ശാസ്ത്രജ്ഞരുടെ നിരീക്ഷണങ്ങൾ മനുഷ്യരുടെ സമീപനങ്ങൾ എങ്ങനെയാണ്‌ ഭൂമിയുടെ അന്തരീക്ഷത്തെ തകരാറിലാക്കിയതെന്നതിന്റെ തെളിവുകൾ തരുന്നു. കാർബൺ ഡൈ ഓക്സൈഡു മാത്രമല്ല അക്കൂട്ടത്തിൽ പിന്നെയുമുണ്ട് ഹരിതഗൃഹവാതകങ്ങളെങ്കിലും മുലവാതകം അതെന്നനിലയിലാവണം അന്തരീക്ഷമലിനീ കരണത്തെക്കുറിച്ചു പറയുമ്പോൾ കാർബൺ ഡൈ ഓക്സൈഡിനു പഴി കൂടുതൽ കിട്ടുന്നത്.

അന്തരീക്ഷത്തിലേക്കു വലിച്ചെറിഞ്ഞ ഈ കരിമ്പുകളെ കുടിച്ചുവറ്റിക്കാൻ കഴിഞ്ഞാൽ പ്രശ്‌നം തീരുമോ എന്ന് പരീക്ഷണങ്ങൾ നടന്നിട്ടുണ്ട്. മുതലാളിത്ത സമ്പദ് ഘടന തന്നെയാണ് അത്തരമൊരു പരീക്ഷണവും നടത്തിയിട്ടുള്ളത്. ബിൽഗേറ്റ്സ്, തൻ്റെ കാലാവസ്ഥാവ്യതിയാനപഠനത്തിൽ3 ആ സംവിധാനത്തെ എടുത്തു പറയുന്നു്. DAC (Direct Air Capture ) എന്ന സാങ്കേതിക വിദ്യയാണത്. വായുവിലേക്കു പുറന്തള്ളപ്പെടുന്ന ഫോസിൽവാതകങ്ങളെ വിഴുങ്ങുകയും തങ്ങളുടെ ഉദരത്തിൽ സംഭരിക്കുകയും ചെയ്യുന്ന അവ വാങ്ങുന്നതിനും പ്രവർത്തിപ്പിക്കുന്നതിലും വലിയചിലവു വേണ്ടിവരും. അന്തരീക്ഷത്തിലെ ഹരിതഗൃഹവാതകങ്ങളുടെ തൊണ്ണൂറുശതമാനവും കുടിച്ചുവറ്റിക്കുന്ന അവ സ്ഥാപിക്കുന്നതു കൊണ്ട് ഊർജ്ജോൽപ്പാദക കമ്പനികൾക്ക് (power companies) ഒരു ലാഭവുമില്ലെന്ന കാര്യം ബിൽഗേറ്റ്സ് ചൂണ്ടിക്കാണിക്കുന്നുണ്ട്. അങ്ങനെയിരിക്കെ, നിലവിലെ സാഹചര്യത്തിൽ അവയ്ക്കുവേണ്ടി പണം ചിലവാക്കണമെങ്കിൽ സർക്കാരുകൾ പൊതുപണമെടുത്ത് ചിലവഴിച്ചെങ്കിൽ മാത്രമേ കഴിയൂ.

ഗേറ്റ്സ് ചൂണ്ടിക്കാണിക്കുന്ന ഈ സാമ്പത്തിക വിടവ് പരമപ്രധാനമാണ്. പരിഹാരമാർഗ്ഗങ്ങൾ തങ്ങളുടെ ചിലവിൽ നടപ്പിൽ വരുത്തുന്നത്ന്നത് തങ്ങളുടെ ലാഭവിഹിതത്തെ കുറയ്ക്കുമെന്ന് മുതലാളിത്തം കരുതുന്നു. എന്നാൽ,കാർബൺ വിസർജ്ജനങ്ങൾക്ക് മൂലകാരണമായ തങ്ങളുടെ ഉൽപ്പാദനത്തെ കുറയ്ക്കാൻ അവർ ആഗ്രഹിക്കുന്നുമില്ല.പരിഹാരമാർഗ്ഗങ്ങളുടെ സാങ്കേതികച്ചിലവ് പൊതുമുതലിൽ നിന്നുതന്നെ വിടുതൽ ചെയ്യണമെന്ന്, ലാഭത്തിൻ്റെ വാക്താക്കൾ ആഗ്രഹിക്കുകയും ചെയ്യുന്നു. അന്തരീക്ഷ എഫ്‌ സിയെ കുറയ്ക്കുന്നതിനുള്ള ഉയർന്ന സാങ്കേതികവിദ്യയെ കുറഞ്ഞചിലവിൽ ദരിദ്ര്യ രാജ്യങ്ങൾക്കു വിതരണം ചെയ്യാൻ മടിച്ചിരുന്ന കുത്തക രാഷ്ട്രങ്ങളെപ്പറ്റി കൃഷ്‌ണവാരിയർ എൺപതുകളികളിൽത്തന്നെ എഴുതിയിട്ടുണ്ട്.

അന്തരീക്ഷ കാർബണിനെ, ഭൂമിയിലേക്കു തിരിച്ചു കൊണ്ടുവരുന്ന ഒരു കൃത്രിമമരം അമേരിക്കയിലെ കൊളംബിയ യൂണിവേഴ്‌സിറ്റി ആശയതലത്തിൽ വികസിപ്പിച്ചിട്ടുള്ള കാര്യം ആനന്ദും എഴുതുന്നുണ്ട്. ആ ഒരു മരം "പതിനയ്യായിരം കാറുകൾ ഉണ്ടാക്കുന്നതിനു തുല്യമായ എമിഷനെ ഭൂമിയിലേക്ക് മടക്കിക്കൊണ്ടുവരാൻ പര്യാപ്ത‌മായിരിക്കുമെന്ന് പറയുന്നു.(ആ കൃത്രിമ മരത്തിന്റെ) ടെക്നോളജി,മൂന്നര ബില്യൻ കൊല്ലം മുമ്പ് പ്രകൃതിയിൽ ആദിമസസ്യജാലങ്ങൾ വികസിപ്പിച്ച ഫോട്ടോസിൻതെസിസിൻ്റേതു തന്നെയാണെന്ന് അവർ പറയുന്നു. ഇത് കാര്യക്ഷമമായി വികസിപ്പിക്കുവാൻ സാധിച്ചാൽ ഫോസ്സിൽ സേവനങ്ങൾക്ക് ബിസിനസ്സിൽ തുടരുവാനുള്ള ന്യായീകരണം ഉണ്ടാവും".4

കാലാവസ്ഥാവ്യതിയാനത്തിനു കാരണമായ ഊർജ്ജ ഉപഭോഗം അവസാനിപ്പിച്ച്, ഹരിത ഊർജ്ജസ്രോതസ്സുകളിലേക്ക് ലോകത്തെ നയിക്കുന്നതിനുള്ള നയമാണ് ബിൽഗേറ്റ്സ് തന്റെ കൃതിയിൽ പറഞ്ഞുവയ്ക്കുന്നത്. പലനിലകളിൽ പ്രസക്തമാണ് അദ്ദേഹത്തിൻ്റെ ഊർജ്ജനയം എങ്കിലും, അതിന്റെ രാഷ്ട്രീയം മുതലാളിത്ത വികസനനയത്തെ, പാരിസ്ഥിതിക സാമ്രാജ്യത്വ (Eco-imperialism) മായി പരിവർത്തിപ്പിക്കുന്ന നയം തന്നെയാണ്. ഫോസിൽ ഇന്ധനങ്ങളിൽ നിന്നു വിമോചനം നേടുന്ന ലോകം, പിന്നെയും ഫോസിൽ ഇന്ധന ങ്ങളുടെ ഊർജ്ജസംസ്‌കാരത്തിലേക്കു തന്നെ പോവുന്നതിനേ ആ നയം സഹായിക്കുകയുള്ളു. മുതലാളിത്തത്തിൻ്റെ

തകർച്ചയെക്കുറിച്ചും, അതിൽ നിന്നു രക്ഷപ്രാപിക്കുന്നതിന് മുതലാളിത്തം ഇനി പിന്തുടരേണ്ടത് അന്തർവ്യാപനശക്തിയുള്ള ഒരു മാറ്റത്തിനാണെന്നും (a systemic change) എഴുതിയ അതേ മാനസികാവസ്ഥയിലിരുന്നു തന്നെയാണ് ഇതും അദ്ദേഹം എഴുതുന്നത്. ക്രിയേറ്റീവ് ക്യാപ്പിറ്റലിസം എന്നാണ് ആ അന്തർവ്യാപനശക്തിയുള്ള മാറ്റത്തിന് അദ്ദേഹം പേര് നൽകിയിരുന്നത്.മുതലാളിത്തത്തെ അതിന്റെ എല്ലാവിധമായ കൊള്ളരുതായ്‌മകളോടെയും ലോകം സംരക്ഷിക്കുക തന്നെ വേണമെന്ന് വാദിക്കുന്ന ഇത്തരം പാരിസ്ഥിതിക വാദങ്ങളെ തിരിച്ചറിയാതെ കാലാവസ്ഥാ സാഹിത്യ ഭാവുകത്വത്തിനും മുന്നോട്ടുപോകാനാകില്ല.

കുറിപ്പുകൾ

1.The Imperial Mode of Living: Everyday Life and the Ecological Crisis of Capitalism, Ulrich Brand and Markus Wissen, trans. Zachary King. London, UK: Verso, 2021:42

2.The Erosion of Consumer Choices: Anti-Capitalist Cronicles,David Harvey,Pluto Press,2020:111

3. How to Avoid a Climate Disaster: The Solutions We Have and the Breakthroughs We Need,Bill Gates,Penguin,2021

4. പ്രകൃതി പരിസ്ഥിതി ദാരിദ്ര്യം ജലം ഊർജ്ജം ,ആനന്ദ് ,ഡി സി ബുക്ക്സ് ,2007 :71 -72

 

0 comments
bottom of page