top of page

തിരച്ചിൽ

കവിത
സ്റ്റാലിന

അന്ന് പുലർച്ചയ്ക്ക്

ഗൂഗിളിൻ്റെ വെളിച്ചത്തിൽ

ആ വീട്ടിലേക്കുള്ള വഴി

പൊടുന്നനേ തെളിഞ്ഞു

കൃത്രിമക്കണ്ണുകൾ കൂർത്ത്ചിമ്മി

അവിടേയ്ക്കുള്ള പൊടിമൺപാതയുടെ

വളവുകൾ തിരഞ്ഞു

പലയിടങ്ങളിൽ നിന്നും

തേടുന്ന വിരലുകളിൽ

അവ അടയാളങ്ങളായി

കിടപ്പിലായിരുന്ന വീട്

ഉണർന്നു വരുമ്പൊഴേക്കും

മോന്തായത്തിലടിച്ച

വെളിച്ചങ്ങളിലതിന് കണ്ണ് ചുളിച്ചു

മരണത്താൽ മാത്രം തുന്നിച്ചേർക്കപ്പെട്ട

മനുഷ്യർ തമ്മിൽനോക്കാതെ

തങ്ങളിൽത്തന്നെ മുഖം പൂഴ്ത്തിയിരുന്നു

മുഖത്തെ മാറാല മാത്രമൊന്നു തുടച്ച്

മിണ്ടാതിരുന്ന വീടിനപ്പോൾ

വല്ലാത്ത കുറച്ചിൽ തോന്നി

ഇനിയാരും വരാനുമില്ലൊരു

നിലവിളി പോയിട്ടൊരു

കരച്ചിൽ പോലുമില്ലാതെ

പോകുന്നല്ലോയെന്നോർത്തതിന്

നെഞ്ചുവിങ്ങി

കാര്യങ്ങൾ

തുടങ്ങിവെച്ചത്

ഇനി കൈകളൊന്നുമില്ലെന്ന്

നിലവിളിച്ച മാവാണ്

തൊട്ടുപിറകേ

നമുക്കിനിയാര്

വെള്ളം കോരുമെന്ന്

വല്ലപ്പോഴും കിട്ടിയിരുന്ന

മീന്തല പോയല്ലോയെന്ന്

പഴഞ്ചോറ് തീർന്നല്ലോയെന്ന്

പലേടത്തു നിന്നും

വിതുമ്പൽ

മുറുകൽ

മോങ്ങൽ

പിന്നെപ്പലതും മാറിയിട്ടുമിതുവരെ

പുകച്ചിലടക്കാത്തൊരടുപ്പിലെ

കനലിൻ്റെയൊടുക്കത്തെയൊരു

പൊട്ടിച്ചിതറൽ

ഒക്കെ കഴിഞ്ഞിട്ടും

ഓരത്തെ തണുപ്പിൽ നിന്ന്

പഴയ പാത്രങ്ങൾക്കരികിൽ

നീണ്ടുനിവരാൻ

നാട്ടുവിശേഷം പറയാൻ

ഇനിയൊരിടവുമില്ലെന്നൊരു

നെടുവീർപ്പും കൂടിയിഴഞ്ഞു

പോയപ്പോഴാണ്

വീടിന്

ഇനിയെന്താണുണ്ടാവുകെന്ന്

തിരിഞ്ഞത്

ഉടനെ തന്നെ

അത്

അലമുറയിട്ടു വിളിക്കാൻ

തുടങ്ങി

ചെറുസ്മൈലിയോടെ

ഗൂഗിളത്

ഓ എൽ എക്സിൽ

ഒപ്പിയെടുത്ത്

തെറ്റായിത്തന്നെ

പരിഭാഷപ്പെടുത്തി.

..........................................


 

0 comments

Related Posts

bottom of page