കവിത
കെ.കെ.ശിവദാസ്
കെട്ടുപോയാനന്ദം
യൂണിവേഴ്സിറ്റിയിൽ ചേർന്നതിന്റെ പിറ്റേന്ന്.
കരിക്കു വിൽക്കുന്ന വൃദ്ധന്റെ കഥയിൽ
ജനറൽ ലൈബ്രറി
അയാളുടെ അമ്മായിപ്പന്റെ കൂരയായി, പിന്നെ
കരിക്കിൻ വെള്ളത്തിന് രുചിയേയില്ലാതായി
ലൈബ്രറിയിൽ പോകാതെയുമായി.
ടൗണിൽ നിന്ന് ഓട്ടോയ്ക്കു വന്നപ്പോൾ വണ്ടി ഓടിക്കുന്ന ഗബ്രിയേൽ മാലാഖ കർത്താവിനെ സ്തുതിക്കുന്ന പാട്ടിനൊപ്പമിങ്ങനെ മുരടനക്കി :
ഞങ്ങളുടെ പൈതൃക സ്വത്താണിത്.
കല്പന പേടിച്ച് നാടൊഴിഞ്ഞ കാലത്തിന്റെ വേദന അയാളുടെ വണ്ടിയിലെ പാട്ടിലും കലർന്നു.
വീട്ടുപണിക്കുവന്ന ചേച്ചി കൂലി വാങ്ങിപ്പോയപ്പോൾ മുഖത്ത് ചിരിയില്ല , തുള്ളിച്ചോരയില്ല.
ഉച്ചക്ക് കാട്ടിലെ വഴികളെക്കുറിച്ച് കുട്ടികളോട് ചിരിച്ചു കൊണ്ടു പറഞ്ഞവരാണ്.
നൂറു രൂപക്ക് ചട്ടി നിറയെ മീൻ തരുന്നയാൾ ദീർഘകാല സുഹൃത്തിനോടെന്നപോൽ സംസാരിച്ചപ്പഴേ
പന്തികേടു മണത്തു
പല തവണ എന്നെത്തിരഞ്ഞ് നാലുകാലിൽ വന്നപ്പോൾ
പേടിച്ചരണ്ട വീട്ടുകാരി ആളില്ലെന്ന് കള്ളം പറഞ്ഞു.
തൊട്ടടുത്ത ശനിയാഴ്ച പള്ളിക്കു മുന്നിലെ റോഡിൽ വെച്ചു കണ്ടപ്പോൾ ഒരപരിചിതനെപ്പോലടുത്തു വന്ന് മുഖം കുനിച്ച്
അയാൾ മൊഴിഞ്ഞു :
എന്റെ വീടിരുന്ന സ്ഥലത്താണ് നിങ്ങളുടെ ക്വാർട്ടേഴ്സ് ഞങ്ങൾ ഓടിക്കളിച്ച വഴിയിൽനിങ്ങളുടെ കുട്ടികളിപ്പോൾ
സൈക്കിൾ ചവിട്ടുന്നു.
യൂണിവേഴ്സിറ്റി ഒരു പാഠം മാത്രമല്ലെന്ന
തിരിച്ചറിവിൽപണ്ടേ മുറിഞ്ഞു പോയ ഉറക്കം എന്നേക്കുമായി എന്നെ വിട്ടകന്നു അതിൽപ്പിന്നെയാണ്
ഒരു പെസഹാ ദിനത്തിൽ അന്നത്തോടൊപ്പം ആരുടെയൊക്കയോ ചോര എന്റെ പാത്രത്തിൽ നിറഞ്ഞത്.
ഭ്രാന്താശുപത്രിയിലെ പത്താം നമ്പർ സെല്ലിൽ
ഞാനിങ്ങനെ നിൽക്കുന്നത്.