വാക്കിന്റെ അനാറ്റമി
- GCW MALAYALAM
- Jul 1, 2024
- 1 min read
Updated: Jul 1, 2024
കവിത / ദൃശ്യാവതരണം
ഡോണ മയൂര

ഉച്ചിയിൽ
ഉറഞ്ഞ് പോയൊരു വാക്ക്
മുടിയിഴകളിൽ
കരിമ്പുലിയായൊരു വാക്ക്
ഓരോ കണ്ണിനുമൊരു വാക്ക്
മുറിഞ്ഞുപോയ
ചെവികൾക്ക് രണ്ടിനും
ഒരേ വാക്ക്
നാക്കിന്
ഭാരമാർന്നൊരു വാക്ക്
പല്ലുകൾക്കോരോന്നിനും
മുമൂന്ന് വാക്ക്
ചുണ്ടുകൾ പിളരുമ്പോൾ
മുറിഞ്ഞുതിരും വാക്ക്
ചുണ്ടുകളടയുമ്പോൾ
ഉടഞ്ഞു പോയൊരു വാക്ക്
തൊണ്ടയിൽ
തീയായൊരു വാക്ക്
നെഞ്ചിൽ
ലാവയുറഞ്ഞൊരു വാക്ക്
കൈകളിൽ
കയറുകളാകും വാക്ക്
വാരിയെല്ലുകളിൽ
ഓരോന്നിലും
പ്രൈസ് ടാഗിൽ
തൂങ്ങിയ വാക്ക്
നട്ടെല്ലിൽ
ചുഴലിക്കാറ്റായൊരു വാക്ക്
കരളിൽ
കഠിനമായൊരു വാക്ക്
ശ്വാസകോശത്തിൽ
കോമരം തുള്ളും വാക്ക്
വയറ്റിൽ
വെയിൽത്തണ്ട്
തുഴയും വാക്ക്
നാഭിയിൽ
വിഷപ്പലുകൾ
തറഞ്ഞ വാക്ക്
അടിവയറ്റിൽ
പാദം പതിഞ്ഞ വാക്ക്
യോനിയിൽ
ചോര പൊടിഞ്ഞ വാക്ക്
തുടകളിൽ
കുടംപോലെ
പൊള്ളിയുയർന്ന വാക്ക്
മുട്ടുകളിൽ
മൂവന്തി നീളത്തിൽ വാക്ക്
പാദങ്ങളിൽ
നടന്ന് കുഴഞ്ഞൊരു വാക്ക്
വിരലുകളിലോരോന്നിലും
ഫണം വിടർത്തും വാക്ക്
നോക്കിനില്ലൊരു
വാക്കും
കേൾക്കും
വാക്കിനുള്ളിൽ മൂളും
മൂർച്ചയുടെ നേര്.
Comments