കവിത
വിഷ്ണു പി എ
കാറ്റു വിതയ്ക്കുക,
കൊടുങ്കാറ്റിന്റെ കൈകളിൽ
ഉലയിൽ നിന്നൂതിപ്പഴുപ്പിച്ച
പൊന്നരിവാളു നൽകുക.
പൊന്നരിവാളിനാൽ
കൊയ്തെടുക്കുക
കിനാവുകളൊക്കെയും.
ഉയരത്തിലേക്കുയരത്തി-
ലേക്കുയരുക നീ,
ജീവനത്തിന്റെ ഉദരങ്ങളൊക്കെയും
നിന്റെ കിനാവിനാൽ സംഭരിക്കുക.
അകലങ്ങളിലായിരിക്കും പടക്കുതിരയെ
നീ മെരുക്കിയെടുക്കുക.
ഉയരങ്ങളെ
കൈയെത്തിപ്പിടിക്കുക,
ഉയരങ്ങളൊക്കെയും
താണ്ടി നീ നിൽക്കുമ്പോൾ
വേരുകൾ നിന്റെ മണ്ണിലുറപ്പിച്ചു
നിർത്തുക
മണ്ണിൽ നിന്റെ വിത്തുകൾ
വിതയ്ക്കുക,
അവ പൊട്ടിമുളയ്ക്കുമ്പോൾ
കൊയ്തെടുക്കുവാൻ
കാലത്തോട് കല്പിക്കുക.
ഒടുവിൽ....
മോക്ഷപ്രാപ്തിയുടെ
ദിനമടുക്കുമ്പോൾ
മോഹങ്ങളൊക്കെയും നീ
തൂക്കിലേറ്റുക!
വിഷ്ണു പി എ
ഗവേഷകൻ,
മലയാളവിഭാഗം,
ഗവൺമെന്റ് കോളേജ് കട്ടപ്പന.