കവിത
രതീഷ് കൃഷ്ണ
ഒന്ന്
ഒരു പെൺകുട്ടി മരബഞ്ചിലിരുന്ന്
കരയുന്നു
കാറ്റവളുടെ മടിയിൽ
ചുഴഞ്ഞുനിന്നു
കരിയിലകൾ മുടിയിൽത്തൊട്ടു
പൂവ് കാൽക്കൽ വീണു
അവളുടെ കയ്യിൽനിന്ന്
ഒരു പൂച്ചക്കുഞ്ഞ് ഇറങ്ങിവന്നു.
കാട് കയറിയ എന്റെ സഹോദരൻ പൂച്ചയെപ്പോലെയൊന്ന്.
കാടും പെണ്ണും തമ്മിലെന്ത്!
പൂച്ച കാട്ടിൽനിന്നിറങ്ങിവന്നു.
ഞങ്ങൾക്കിടയിലെ ഒരു പാറ്റയെ
കടിച്ച് കുടഞ്ഞു.
നോക്കൂ -
മഞ്ഞ് തൂവിയ
ജനാലക്കരുകിൽ
ഒരു കുതിര.
രണ്ട്
പാറ്റയെ കാലമായി
പ്രതീകവത്കരിക്കുന്നത്
എന്റെ ദുശീലമാണ്.
വെളുത്ത ചോരയുള്ള ഭൂതകാലം
ആരെയെങ്കിലും കൊല്ലാൻ കൊതിച്ചുപോകുന്ന തണുപ്പ്
കാറ്റ് ജനാലവഴി പുറത്തേക്ക്
കരിയിലകൾ കാശിയിലേക്ക്
പൂവ് അതിന്റെ വല്ലിയിലേക്ക്
ഒരു ചരിഞ്ഞ പ്രതലത്തിൽ
പുതിയ കാലത്തെ വിളക്കിച്ചേർക്കുന്നു.
ഹിംസയെ ഞാൻ അനുവദിക്കില്ല
എന്റെ സഹോദരനോട് ചോദിക്കൂ
കാറ്റെവിടെ
കരിയിലയെവിടെ
കുതിരയും പൂവുമെവിടെ?
മൂന്ന്
വളരെ വർഷങ്ങൾക്ക് ശേഷം
വരാനിരിക്കുന്ന ഒരു ചാറ്റൽ മഴയത്ത്
നീ അക്കാദമിയിലെ ഒരു ബഞ്ചിലിരുന്ന് കരയുന്നതെന്തിനാവും !
നിനക്കൊരു ആത്മാവില്ലെന്ന് നീ വിതുമ്പുന്നു.
ആ നടുക്കത്തിൽ മ്യൂസിയത്തിൽവെച്ച്
ഞാൻ നിനക്ക് നൽകിയ ചുംബനം നിന്റെ പൂച്ച ഛർദ്ദിക്കുന്നു.
ഏണിയും പാമ്പും കളിക്കാൻ
ഞാൻ നിന്നെ ക്ഷണിക്കുന്നു.
നഷ്ടപ്പെട്ടുവെന്ന് പറയൂ
എനിക്കത് മനസിലാവും.
നോക്കൂ, ഉറുമ്പിന് ഉറുമ്പിന്റെ ആത്മാവ്
ദിനോസറുകൾക്ക് അതിനോളം വലിപ്പമുള്ള ആത്മാവ്...
നീ ആ ബഞ്ചിൽത്തന്നെയിരിക്കുന്നു.
നിന്റെ ഇല്ലായ്മയെ നിശബ്ദം അറിയിച്ചുകൊണ്ട്.
നാല്
ഗ്രീസിൽ സ്ത്രീകൾക്കും
അടിമകൾക്കും ആത്മാവുണ്ടായിരുന്നില്ല.
ഇന്ത്യയിൽ തൊഴിലാളികൾക്കും
കറുത്തവർക്കും
ആത്മാവുണ്ടായിരുന്നില്ല
നിന്റെയും പൂച്ചയുടെയും
മാസ്ക്കുകൾ അഴിച്ചുമാറ്റണമെന്ന്
ഞാൻ അപേക്ഷിക്കുന്നു.
പുസ്തകങ്ങൾക്ക് തീക്കൊടുത്ത്
ഞാൻ അതിലേക്കിറങ്ങുന്നു.
അഗ്നി -
പ്രകാശംമാത്രമാകുന്നു.
ദേശം നുണ പറയുന്നു
കവിത നുണ പറയുന്നു
നീ കരയുന്നു
ഞാൻ പൂച്ചനടത്തം പരിശീലിക്കുന്നു
അഞ്ച്
എന്റെ സഹോദരന്റെ ആത്മാവ് വനസ്ഥലിയാണ്; എന്റേത് നഗരങ്ങളുടെ മ്യൂസിയം.