top of page

ഒഴിച്ചിട്ടിരിക്കുന്ന കസേരകളും തുറന്നിട്ടിരിക്കുന്ന ജനാലകളും

കവിത
ഡോ.മായാ മാധവൻ

ജനാലയ്ക്കലെ ഒഴിഞ്ഞ കസേര …

സ്വപ്നങ്ങളെ ചേർത്ത് പിടിച്ച് 

ശബ്ദങ്ങൾ നഷ്ടപ്പെട്ട 

നിർമമനായ ഒരു കാവൽക്കാരനെ പോലെ

നിറം മങ്ങിയ വരാന്തയിലേക്ക് 

രഹസ്യങ്ങൾ പ്രഖ്യാപിച്ചു കൊണ്ടിരിക്കുന്നു.

 

തണുത്തതും നഗ്നവുമായ 

അതിന്റെ കൈകൾ; 

ഉപഭോഗത്താൽ മിനുസമേറിയ 

സങ്കീർണവും ഗംഭീരവുമായ 

അതിന്റെ വളവുകൾ;

അവശേഷിക്കുന്ന ഏകാന്തതയ്ക്ക് തൊങ്ങലിടുന്നു

 

ജീവിതവും സ്നേഹവും 

ഇതുവഴി കടന്ന് പോയിരുന്നു 

എന്ന ഓർമപ്പെടുത്തലോടെ ……

പുലർകാല സൂര്യന്റെ ആലിംഗനത്തിൽ

തിളങ്ങുന്ന ശില്പഭംഗികൾ

ഊഷ്മളമായ ഭൂതകാലത്തിന്റെ കെട്ടുകാഴ്ചകൾ

അവസാനിക്കാത്ത പ്രതീക്ഷയുടെ ചിത്രത്തുന്നലുകൾ

 

അല്ലെങ്കിലും,

ചിത്രങ്ങൾക്കുള്ളിലെ കസേരകൾ 

നമ്മളോട് പറഞ്ഞത്രയും 

ഇന്നേ വരെ ഒരു കവിതയും പറഞ്ഞിട്ടില്ല.


 

0 comments
bottom of page