തനിമ സുഭാഷ്
എച്ച്എസ്എസ്ടി മലയാളം
GHSS പുറത്തൂർ
മലപ്പുറം
എന്റെ കിളികുലങ്ങളെ
കാണാമറയത്തെ
വിസ്മയമാക്കി
നാടു കടത്തി...
ആകാശത്തിന്റെ
ചുംബനപ്പാടുള്ള കവിൾത്തടങ്ങളിലെ രാഗശോണിമയെ
വില്പനയ്ക്ക് വച്ചു...
തീരം തകർത്ത
കവിഞ്ഞൊഴുകലുകളെ
അണകെട്ടി ഒതുക്കി....
എങ്കിലും,
നിഷേധത്തിന്റെ പുതുമുളയായും മലവെള്ളത്തിന്റെ
മുടിയാട്ടമായും
ഞാനെന്നെ പകർത്തും.
നിഴലിനോട് യുദ്ധം ചെയ്തും
ഇരുട്ടിൽ തപ്പിയും
കെട്ട കാലം താണ്ടുന്ന നീ
എപ്പോഴെങ്കിലും
തിരിച്ചറിയുമോ,
ഞാനുണ്ടെങ്കിലേ
നീയുള്ളൂവെന്ന്