കവിത
ഡോ.സേതുലക്ഷ്മി
(1 )
വിഷം നിറച്ച പാത്രങ്ങളിൽ
ദുരാഗ്രഹത്തിന്റെ വിത്തുകൾ
ആരോ നട്ടു പിടിപ്പിക്കുന്നു.
നീതിമാനായ സൂര്യനോട്
അവയെ രക്ഷിക്കാൻ
അർത്ഥിക്കുന്നു.
(2 )
പകൽവെളിച്ചം തലയിൽ
കൂടുവെയ്ക്കുമ്പോൾ
ലോകം ഒരുവട്ടം
പൂർത്തിയാകുന്നു.
പായാരം പറയുന്ന
പെൺകൂട്ടങ്ങൾ
ചായക്കോപ്പകളിൽ
സ്വപ്നം നുണയുന്നു.
സായന്തനസൂര്യൻ
ജാലവിദ്യയിലൊളിക്കുമ്പോൾ
കടൽജലം വിഷമയമെന്ന്
മസ്തിഷ്കം മന്ത്രിക്കുന്നു.
(3 )
പ്രാണവായു
വലിച്ചെടുത്ത്
കൈകാലുകൾ ബന്ധിച്ച്
എൻ്റെ വൈരാഗ്യപുത്രനെ
ഈ വിഷപ്പാത്രത്തിൽ
ആഴ്ത്തുമ്പോൾ
എന്നിലെ മനുഷസ്വത്വം
ചോരഛർദ്ദിച്ച്
മണലിലാഴുന്നു.
ഭ്രമണപഥത്തിലേയ്ക്ക്
സൂര്യൻ വീണ്ടും
ഉദയം ചെയ്യുന്നു.