top of page

സ്നേഹം കൊണ്ടൊരു പാലം

ട്രോൾ
ജൂലി ഡി.എം.

നിവൃത്തികേടുകളും നിസ്സഹായതകളും ചുട്ടുനീറ്റുന്ന ജീവിതത്തെ സ്നേഹം

തളിർപ്പിക്കും.പൊള്ളലുകളെ തലോടി ഉണക്കുകയും കണ്ണുനീരിൽ പുഞ്ചിരിയുടെ മഴവില്ല് തീർക്കുകയും ചെയ്യും.ആ സ്നേഹം വറ്റിപ്പോകാതെ നോക്കാനുള്ള ബാധ്യതയാണ് മനുഷ്യനുള്ളത്.

ഏതുതരം സ്നേഹമെന്ന് വ്യവച്ഛേദിച്ചറിയാൻ പറ്റാത്ത  ഒരാൺ പെൺ ബന്ധത്തിൽ സ്നേഹം കൊണ്ടൊരു പാലം തീർക്കുകയാണ് പാലം എന്ന കഥയിലൂടെ കെ എസ് രതീഷ്. ഭാഷ, അവതരണം , കഥാപാത്ര സൃഷ്ടി എന്നിവയിലെല്ലാം പുതുമ പുലർത്തുന്ന   ഈ കഥ മലയാള ചെറുകഥയിലെ പുതുതലമുറ എഴുത്തുകാരുടെ മുൻ നിരയിൽ കെ എസ് രതീഷ് എന്ന കഥാകൃത്തിന് സ്ഥാനമുറപ്പിക്കുന്നു. ഗ്രന്ഥാലോകം 2023 ജൂലൈ ലക്കത്തിലാണ് കഥയുള്ളത്.


തീർത്താൽ തീരാത്ത പ്രാരാബ്ധങ്ങളുടെ നടുവിൽ  കമ്പനി വക സാധനങ്ങൾ വീട് വീടാന്തരം കയറിയിറങ്ങി വിറ്റിരുന്ന സ്മിതേച്ചിയിലും

മണിയിലുമാണ് കഥ പടരുന്നത്.ഒരുമിച്ച് കമ്പനി വക സാധനങ്ങൾ വിൽക്കാൻ നടന്നാണ് അവർ തമ്മിലുള്ള അടുപ്പം വളരുന്നത്.എത്ര വിറ്റാലും തീരാത്ത പ്രാരാബ്ധപ്പെരുക്കത്തിൽ ഒരു പ്രവാസി സ്മിതതേച്ചിയുടെ ശരീരത്തിന് വില പറഞ്ഞു കേൾക്കുമ്പോൾ അത് അവൾക്കും സമ്മതമാകുന്നു. ഇടപാടുകാർക്കും സ്മിതേച്ചിക്കുമിടയിലെ പാലമായി മണി മാറുന്നത് അങ്ങനെയാണ്.അങ്ങനെ പാലം മണി ജനിക്കുന്നു.കമ്പനി സാധനങ്ങൾ വിൽക്കുന്നതിനേക്കാൾ നന്നായി സ്മിതേച്ചിയെ മാർക്കറ്റ് ചെയ്യാനും കാശ് പിരിക്കാനും കണക്കുകൾ ഡയറിയിൽ എഴുതി വയ്ക്കാനും കാശ് തരാൻ മടിക്കുന്നവരോട് നഗരത്തിലെ ഗുണ്ടയുടെ പേര് പറഞ്ഞ് പണം പിരിക്കാനും അയാൾ വളർന്നു. അവളുടെ പിറന്നാളിന് സർപ്പ രൂപമുള്ള മിഞ്ചിയും കറുത്ത കല്ലുള്ള മൂക്കുത്തിയും പതിവ് മുല്ലപ്പൂവിനൊപ്പം വാങ്ങി നൽകിയതിന്റെ അന്നാണ് അവൾ ആദ്യമായി മണിയെ കെട്ടിപ്പിടിച്ച് ചുംബിച്ചത്. തന്നോട് ഇഷ്ടമുള്ള കസ്റ്റമറായ  ചിത്രകാരന്റെ അടുക്കൽ അവളെ കൊണ്ട് ചെന്നാക്കുന്നുമുണ്ട് അയാൾ.ഒരിക്കൽ അവളെ വീട്ടിൽ കൊണ്ട് ചെന്നാക്കിയപ്പോൾ ക്ഷയ രോഗിയായ ഭർത്താവ് "വിറ്റുതിന്നോ, മേലാൽ ഞങ്ങളുടെ നിഴൽ വെട്ടത്ത് വന്നേക്കരുത് ."എന്നാട്ടി.ചിത്രകാരന്റെ വീട്ടിൽ വച്ച് ഇടപാടുകാരില്‍ നിന്ന് മണി കാശു പിരിക്കാൻ പറഞ്ഞ അതേ ഗുണ്ടയുടെ തല്ലുകൊണ്ട് ജീവച്ഛവമായി കിടന്ന മണിയെ തെരുവ് നായ്ക്കൾ കടിച്ചു കീറാതെ കാത്തത് പകുതി ജീവൻ മാത്രം ബാക്കി കിട്ടിയ സ്മിതേച്ചിയാണ്. അതിനുശേഷം താലൂക്ക് ആശുപത്രിയിൽ വച്ച് പിരിഞ്ഞതാണവർ. ഇനി ഒരിക്കലും കാണരുതേ എന്ന് ആഗ്രഹിച്ച മണിയുടെ മുന്നിൽ കാലങ്ങൾക്ക് ശേഷം കാൻസർ രോഗിയായി സ്മിതേച്ചി പ്രത്യക്ഷപ്പെടുന്നു. രോഗത്തിനും ദുരിതങ്ങൾക്കുമിടയിൽ അവൾക്ക് വീണു കിട്ടിയ ഏക സന്തോഷമായിരുന്നു അയാൾ. " മണിയേ" എന്ന് വിളിച്ച് അയാൾക്കരികിലെത്തി കെട്ടിപ്പിടിച്ച് ചുംബനം കൊണ്ട്

മൂടുന്നുണ്ടവൾ.ഇനി ഒരു മടങ്ങി വരവില്ലെന്ന് പറയുന്ന അവൾക്ക് റെസ്റ്റെടുക്കാൻ ഹോട്ടലിൽ മുറിയെടുത്ത്, ഭക്ഷണവും വസ്ത്രവും വാങ്ങി നൽകി, കടൽത്തീരത്ത് കൊണ്ടുപോയി ഒടുവിൽ തീവണ്ടിയിൽ കയറ്റി യാത്രയാക്കി, തന്നിലെ പാലം മണിയെ ട്രാക്കിൽ തള്ളിയിട്ട് കൊന്ന് , പോലീസുകാരൻ ആ ശരീരം വെള്ളത്തുണി കൊണ്ട് മൂടുന്നത് കണ്ട്, സ്മിതേച്ചിക്ക് അജ്ഞാതനായ അധ്യാപകനായി സ്വന്തം ജീവിതത്തിലേക്ക് മടങ്ങുന്ന കഥാനായകനിലാണ് 'പാലം' അവസാനിക്കുന്നത്.



നിവൃത്തികേടുകൊണ്ട് ശരീരം വിറ്റ് ജീവിക്കേണ്ടിവരുന്ന സ്ത്രീയും ഇടനിലക്കാരനായ പുരുഷനും പിടിച്ചുനിൽക്കാനാവാത്ത പ്രതിസന്ധിഘട്ടത്തിലെ വേർപിരിയലും ശരീരം വിറ്റ് ജീവിച്ച സ്ത്രീയുടെ ജീവിത ദുരന്തവും ഭൂത കാലത്തെ അതിജീവിക്കുന്ന പുരുഷനുമെല്ലാം ഇതിനുമുമ്പും ആവിഷ്കരിക്കപ്പെട്ടിട്ടുള്ള പ്രമേയമാണ്.അതിൽനിന്നും 'പാലം'

വേറിട്ട് നിൽക്കുന്നത് കഥാനായകനായ പാലം മണിയുടെ സൃഷ്ടിയിലാണ്. ഗതികേടുകൊണ്ട് ലൈംഗിക വിപണിയിലെ ഇടനിലക്കാരനാകേണ്ടി വന്നുവെങ്കിലും പഠനം തുടർന്ന് ജീവിക്കാനുള്ള മാന്യമായ ഒരു തൊഴിൽ കണ്ടെത്തിയ, നിലവിൽ ഒരു കാമുകിയുള്ള പഴയ പാലം മണിയാണ് ഒരു രക്തദാന ക്യാമ്പിൽ കുട്ടികളെയും കൊണ്ടുവരവേ കാൻസർ രോഗിയായ സ്മിത ചേച്ചിയെ കാണുന്നത്. മുടിയും തുടിപ്പുകളും കാൻസർ തിന്ന, ഒരു പൂവിൻറെ ഭാരം മാത്രമുള്ള അവളുടെ പരിസരം മറന്നുള്ള പെരുമാറ്റം ,ഏങ്ങിയുള്ള കരച്ചിൽ ഇതെല്ലാം സഹപ്രവർത്തക കൂടിയായ കാമുകി കൂടി  നോക്കി നിൽക്കുന്നുണ്ട്.

തട്ടിമാറ്റി പോകാവുന്നതേയുള്ളൂ.അപരിചിതത്വം നടിക്കാവുന്നതേയുള്ളൂ. ആളു മാറിയതാണെന്ന് പറയാവുന്നതേയുള്ളൂ. പക്ഷേ അയാൾ അവൾ പുതച്ചിരുന്ന സാരി മാറ്റി കീമോ തരിശാക്കിയ തലയിൽ ഉമ്മ വയ്ക്കുകയാണ്. ചുറ്റിനും ഉള്ള നോട്ടങ്ങളെ തള്ളി ജീവിതത്തിൻറെ വെളിച്ചമണയാറായ ഒരാൾക്കൊപ്പം നിന്നാൽ സംഭവിച്ചേക്കാവുന്ന നഷ്ടങ്ങളെക്കുറിച്ച് അയാൾ ചിന്തിക്കുന്നതേയില്ല.അയാളുമൊത്ത് ചിലവിട്ട നിമിഷങ്ങൾ കടന്ന് തിരികെ പോകുമ്പോൾ ജീവിതം കടക്കാനുള്ള എളുപ്പവഴി നീന്തലാണെന്നും പാലമല്ലെന്നുമുള്ള തിരിച്ചറിവിൽ അവൾ എത്തിയിരുന്നു. ബാഗിന്റെ ഭാരം പേറാൻ നീട്ടിയ കൈകൾ തട്ടിമാറ്റി അവൾ ഒറ്റയ്ക്ക് ട്രെയിൻ കയറുന്നു. കരച്ചിലോടെ

അവളുടെ  പേര് വിളിച്ച്, നീങ്ങിത്തുങ്ങിയ തീവണ്ടിക്ക് പിന്നാലെ അയാൾ ഓടുന്നു. തിരികെ വന്ന് സിമൻറ് ബെഞ്ചിൽ ഇരിക്കുമ്പോൾ അയാളിലെ രണ്ടുപേർ നേർക്ക് നേർ നിന്ന് പരസ്പരം വിചാരണ ചെയ്യുന്നു. അവളുടെ നമ്പറോ വിലാസം പോലുമോ വാങ്ങിയില്ലല്ലോ എന്നൊരാൾ  തലകുനിക്കുമ്പോൾ അതിന് "വാങ്ങാൻ ഒന്നും ആഗ്രഹിച്ചിരുന്നില്ലല്ലോ" എന്ന് പാലം മണി അയാളെ കുത്തി നോവിക്കുന്നു. അയാളുടെ മുറിവുകളിൽ തൊട്ടു വേദനിപ്പിച്ചുകൊണ്ട് പാലം മണി പറയുന്ന വാക്കുകളാണ് കഥയുടെ ആകെത്തുക. "ഒരാൾ നമ്മളെ സ്നേഹിക്കുന്നത് ഏതോ മഹത്വം കണ്ടിട്ടാണെന്ന് കരുതിയാൽ തെറ്റാണ്.  അവർക്ക് സ്നേഹിക്കാനറിയാം. അതാണ് ശരി.കൈവിട്ടു പോകാതിരിക്കാനുള്ള ബാധ്യതയാണ് നമുക്കുള്ളത് "പാലം മണിയുടെ പ്രസംഗം സഹിക്കാനാവാതെ പാഞ്ഞുവരുന്ന തീവണ്ടിക്ക് മുന്നിലേക്ക് അയാളെ  തള്ളിയിട്ട് തലയും കൈകളും അറ്റുപോയ ശരീരത്തെ പോലീസുകാർ

വെള്ളത്തുണി കൊണ്ട് മൂടിയിടുന്നത് കണ്ട്, ഫോണിലേക്ക് വന്ന കാമുകിയുടെ   "നിന്നെ ചുംബിച്ച സ്ത്രീ ആരാണ് ?" എന്ന ചോദ്യത്തിന് "അറിയില്ല .ആ സ്ത്രീയ്ക്ക് ആളു മാറിപ്പോയതാകും. അവർക്ക് കാൻസറാണ്." എന്ന് സന്ദേശമയച്ച്

 സ്വന്തം ജീവിതത്തിലേക്ക് തന്നെ മടങ്ങുന്ന   നായകൻ മലയാള ചെറുകഥയിൽ

ഒരപൂർവ്വതയാണ്.സ്നേഹത്തിൽ ലാഭനഷ്ടങ്ങൾ നോക്കാത്ത ഒരു നായകനും തൻറെ സ്നേഹം അയാളുടെ ജീവിത ബന്ധങ്ങളിൽ വിള്ളൽ ഉണ്ടാക്കരുതെന്നാഗ്രഹിക്കുന്ന ഒരു നായികയുമാണ് പാലം എന്ന കഥയെ വേറിട്ടതാക്കുന്നത്. ജീവിതത്തിൽ സ്നേഹം നിറയ്ക്കുന്ന ഇത്തരം കഥകളെ വായന കൊണ്ട് നിലനിർത്തേണ്ട ഉത്തരവാദിത്തമാണ് വായനക്കാർക്കുള്ളത്.


282 views1 comment
bottom of page