top of page

കവിത - 7( സ്വാതന്ത്ര്യസമരകാല കവിത )

സാഹിത്യ പ്രതിചരിത്രപരമ്പര - 12
ഷൂബ കെ.എസ്സ്.

ജി. ശങ്കരക്കുറുപ്പ് (1901-1978)

 

“ആമുഗ്ദ്ധ മുല്ലപ്പൂക്കൾ മുകരുന്നേരം ഞാ-

നാമുഖമനോഹരസൗരഭം സ്മരിക്കുന്നു

ചോലയിൽ സതൃഷ്ണനായ് ചുണ്ടടിപ്പിക്കെ 

ലോലമാകപോലത്തിൻ തണുപ്പ് ഞാനോർമ്മിപ്പൂ”

(ജി., ‘അന്വേഷണം’)

 

“ഉദ്രസം ഫണോല്ലോല കല്ലോലജാലം പൊക്കി

രൗദ്രഭംഗിയിലാടി നിന്നിടും ഭുജംഗമേ,

വാനം ഹാ! വിശാലമാം ശ്യമവക്ഷസ്സിൽക്കൊത്തേ-

റ്റാനന്ദ മൂർച്ഛാധീനമങ്ങനെ നിലകൊൾവൂ !

 

“തത്തുകെൻ ഹൃദന്തത്തിൽ !

കൊത്തുകെന്നാത്മാവിങ്കൽ !

ഉത്തുംഗഫണാഗ്രത്തിലെന്നെയും വഹിച്ചാലും!”

 (സാഗരഗീതം)

 

“ശക്തിരൂപ പ്രകൃതിയെ,

ശക്തിമാനാം മനുഷ്യനെ

പുളകം പൂണ്ടു പൂജിച്ചു

ഭക്രാനംഗലിൽ നിന്നു ഞാൻ”

(സത്‌ലജ്)

 

“ഗാനമാണു ഞാൻ, ഓടത്തണ്ടല്ലാ, ജ്വലിക്കുന്ന

നാളമാണു ഞാൻ, പഴന്തുണി തൻ തിരിയല്ലാ,

വേഗമാണു ഞാൻ, ശൂന്യതലത്തിൻ ചിറകല്ല,

ഞാനനശ്വരലയം, വെളിച്ചം, വിശ്വസ്പന്ദം”

(‘ജീവനസംഗീത’ത്തിൻ്റെ ആമുഖം)

 

   പ്രപഞ്ചത്തേക്കാൾ എത്രയോ പ്രായംകുറഞ്ഞ മനുഷ്യൻ പ്രകൃതിയ്ക്കു മുന്നിൽ ശൈശവസാധാരണമായ അത്ഭുതാദരവോടെ നിൽക്കുന്നുവെന്നും ആത്മസാനുവിലെവിടെയോ ഇനിയും വറ്റാത്ത ഈ ആദരവാണ് കവിതയുടെ ഊർജ്ജമെന്നും ജി. അഭിപ്രായപ്പെട്ടിട്ടുണ്ട് (എന്റെ കവിത).

 

  പ്രപഞ്ചത്തിനു മുന്നിലെ മനുഷ്യന്റെ നിസ്സാരത, ജീവിതത്തിന്റെ ക്ഷണികതയെക്കുറിച്ചു പാടാനും ശൈശവസാധാരണമായ ദുർബലതയെയും മരണത്തെയും പ്രകൃതിയെയും മഹത്വവത്കരിക്കാനും പ്രേരിപ്പിച്ചു. ഒരു പക്ഷിക്കൂട്ടിൽ നിന്നും വളരാൻ മുതിരാത്ത മനുഷ്യത്വത്തെ മഹത്വവത്കരിക്കുന്നത് 'ചന്ദനക്കട്ടി'ലിൽ കാണാം. സൂര്യനെ സ്‌നേഹിച്ച് വിഷാദിക്കേണ്ടിവരുന്ന സൂര്യകാന്തി 'സ്‌നേഹത്തിൻ ഫലം സ്‌നേഹം' എന്നുപറഞ്ഞു സ്വയം ആദർശവത്കരിക്കുന്നു (സൂര്യകാന്തി). കാലത്തെ വേട്ടക്കാരനായും ഗോളങ്ങളെചുറ്റുന്ന സർപ്പമായും കൽപ്പിച്ച് മനുഷ്യനെ സങ്കോചപ്പെടുത്തുന്നു. മനുഷ്യനെ പ്രപഞ്ചത്തിന്റെ പക്ഷിക്കൂട്ടിലേക്ക് ക്ഷണിച്ച് പ്രകൃതിയുടെ അനശ്വരതയുടെ പങ്കാളിയാക്കുന്നു.

 

At the immortal touch of thy hands my little heart loses its limits in joy and gives birth to utterance ineffable (ഗീതാജ്ഞലി) എന്ന ടാഗോറിന്റെ  അനുഭവത്തെ സ്പർശിക്കാൻ ശ്രമിക്കുന്നു. പ്രകൃതിയുടെ മുല്ലപ്പൂക്കളിൽ, നീർച്ചോലകളിൽ ആ അനശ്വരകാമുകിയുടെ മുഖംനുകർന്ന് ദാഹം തീർക്കുന്നു (അന്വേഷണം). പ്രപഞ്ചത്തിൽ അലിഞ്ഞിറങ്ങുന്നത്, മരിക്കുന്നത് ഒരു വേളീമുഹൂർത്തമാകുന്നു (എൻ്റെ വേളി). തിരമാലകളുടെ കൊത്തേറ്റ് ആനന്ദമൂർച്ഛയടയുന്നു (സാഗരഗീതം).

 

''ഈ നിനവൊരു വിഷം പോലെ കേറുന്നൂഹൃത്തിൽ

ഞാനിതാ മരവിച്ചു മോഹത്തിൽ മുങ്ങീടുന്നു.''

('സന്ധ്യ' - നാടകം)

ശാസ്ത്രവും കാലവും പശ്ചാത്തലമാകുമ്പോഴും ജി.യിൽ അനുഭവപരമായ ഒരു പിൻമടക്കമാണ് കാണുന്നത്. ഈ പിൻമടക്കം പെരുന്തച്ചന്മാരായ ജന്മിത്തപിതാക്കന്മാർ പുതിയ തലമുറയെ മഴുവെറിഞ്ഞു കൊല്ലുന്നതിന് തുല്യമാണ്. ഇത്തരം ഉണർച്ച ചിലപ്പോഴൊക്കെ ജി.യുടെ കവിതയെ പിടിച്ചുകുലുക്കുന്നുണ്ട്.

വാർദ്ധക്യ അവശതകൾക്കിടയിൽ ജി.യുടെ പെരുന്തച്ചൻ മകനെ കൊന്നതിനെക്കുറിച്ചു ആലോചിക്കുന്നു:

 

“ഭീമമാമപമൃതി പിണയാതിരുന്നെങ്കിൽ!

പിണയ്ക്കാതിരുന്നെങ്കിലെന്നു ഹാ തിരുത്തുന്നു-

ണ്ടുണരുന്നൊരെന്നന്തക്കരണം കൂടെക്കൂടെ”

(പെരുന്തച്ചൻ)

 

പിൻമടക്കത്തിനു വിരുദ്ധമായി പ്രകൃതിയുടെ ശക്തി, അണക്കെട്ടിൽ കാണുന്ന വൈരുധ്യം (സത്‌ലജ്) ഇത്തരത്തിൽ ഉണ്ടാകുന്നതാണ്.

 

 

പി.കുഞ്ഞിരാമൻ നായർ (1905-1978)

 

വാക്കുകളിൽ വസന്തധ്വനിയായി

പൂത്തുയർന്ന

ഒരു പാതാളവൃക്ഷമായി, പി:

വാക്കുകളുടെ മഹാബലി”

(കെ.ജി.ശങ്കരപിള്ള, ‘കൊച്ചിയിലെ വൃക്ഷങ്ങൾ’)

 

“ലോല പീതാംബരച്ചാർത്തുകൾക്കപ്പുറം

പീലി മുടി വനമാലകൾക്കപ്പുറം

പ്രീതിപ്പൊലിമതൻ പൊൻതിടമ്പാം മഹാ-

ജ്യോതിസ്വരൂപനെ കാണുന്നതില്ലയോ?

കഷ്ടമിങ്ങെത്തിനു ശങ്കിപ്പു? കാരുണ്യ -

ഭിക്ഷ തരുവാനുഴറുന്നു സൽഗ്ഗുരു

ഊരി വലിച്ചെറിഞ്ഞേക്കുക, ഭോഷനി-

ന്നാത്മ സർപ്പണവിഘ്നമിക്കഞ്ചുകം”

(കളിയച്ഛൻ)

 

“ഊഴി കന്യക ചേർന്നൂ രാമനു സഹധർമ്മിണിയായി,

ഊഴി കന്യക കാട്ടിൽ മേട്ടിൽ തേനരുവിക്കാറ്റായ്

പത്തു തലകൾ, ഇരുപതു കൈകൾ, അധികാരക്കൊടികൾ,

മകുടം ചൂടിയ ലോഭ രാവണഭരണം കൊടികുത്തീ”

 (പുതിയ രാമായണം)

 

“ കെട്ടുകെട്ടാം വേഗം, വെളിപ്പെട്ടു നിൻ കൺകെട്ടു, പുറ-

പ്പെട്ടു നിൻ നേർക്കർക്കൻ കേറും പൊന്മണി രഥം!

വന്നുദിച്ചു പൊങ്ങിക്കാണായ് വന്ന രണ്ടു സൂര്യന്മാരി -

ലൊന്നു സാക്ഷാൽ സൂര്യൻ മറ്റേതിന്ത്യതൻ സൂര്യൻ

 

വാനിൻ കര പൂകാൻ പുറപ്പെട്ടു വിങ്ങലപ്പെരുമാൾ,

വാരാശി തൻ കരപുകാൻ ഗാന്ധി ദേവനും

ഒരാവൃത്തി കൂടിക്കണ്ണു കൊണ്ടു കണ്ടാൾ ഭൂമി സത്യ-

കിരീടം ചാർത്തിയരുളും രാമചന്ദ്രനെ !

ദിക്കോരാനായിട്ടെട്ടു; ചുഴ റ്റോടെയെത്തി നോക്കി

നിൽക്കുന്നിതാ, കലിയിലെ ത്രേതായുഗത്തെ!” (സ്വതന്ത്രഭാരതം)

 

         ചതിയനായ ഒരു ദൈവം പാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തുമ്പോഴും നിഷേധിക്കാനാവാതെ, സ്വയം ബലിയായി തുടർന്നുകൊണ്ട്, പാതാളത്തിൽ നിന്നും പൂത്തുയരുന്ന ഒരു മഹാവൃക്ഷത്തിന്റെ വ്യക്തിത്വം പി.യുടെ കവിതകൾക്കുണ്ട്. 'ആർത്തിരമ്പിക്കുതിക്കുന്ന ആകാശഗംഗ' (ലീലാവതി) പോലുള്ള ഒരു ഭാവനകൊണ്ട് ധൂർത്തമായ ഒരു ജീവിതത്തെ അടയാളപ്പെടുത്തുകയായിരുന്നു അദ്ദേഹം. മതപരമായ മൂല്യബോധത്താൽ സ്വയം പീഡിതനും സ്വയം ശിക്ഷിതനുമായി മാറിയ ഒരു മനസ്സിന്റെ പിടച്ചിലും ആ പിടച്ചിലിനെ മതപരമായ ബലികർമ്മമാക്കുന്ന നിസ്സഹായതും ഈ കവിതകളിലുണ്ട്. സ്വർഗ്ഗസ്ഥനായ ആദിപിതാവിനെ ധിക്കരിച്ചുകൊണ്ട് അറിവിന്റെ സ്വാതന്ത്ര്യത്തിലേയ്ക്ക് നീങ്ങുന്നത് മനുഷ്യനീതിയാണ്. എന്നാൽ പാരിസ്ഥിതിക നിർമ്മാണപരമായ ആ സ്വാതന്ത്ര്യം ധിക്കാരമാകുന്ന മതപരമായ നിലപാടാണ് 'കളിയച്ഛ’നെ നിയന്ത്രിക്കുന്ന ദുരന്തഘടകം. ഫ്യൂഡലിസത്തിന്റെ സൗഭാഗ്യങ്ങളിലേക്ക് പോകുന്ന ഗൃഹാതുരമാകുന്ന മനസ്സ് ഇവിടെ കാണാം.

 

    ''നാടുവാഴിയായ മഹാന്റെ മകനായി പിറന്ന് നാടുതോറും അലഞ്ഞ് വീടറിയാത്ത ബന്ധങ്ങളിൽ  കുടുങ്ങി നാടും വീടും പറയിച്ച തെമ്മാടി'' ('കവിയുടെ കാൽപ്പാടുകൾ') വ്യക്തിത്വമാണ് കവിതയിലെ ആഖ്യാതാവിനെ നിയന്ത്രിക്കുന്നത്. നാടുവാഴിത്തത്തെ മഹത്തരമായി കാണുന്ന മതമൂല്യസങ്കൽപ്പം വ്യക്തിയെ എങ്ങനെ നിരാധാരമാക്കുന്നു എന്നു ഇവിടെ വ്യക്തമാകുന്നു. “പ്രപഞ്ചത്തിൽ നേടേണ്ടത് നേടാതെ തിരിച്ചുപോകുന്ന മനുഷ്യാത്മാവിന്റെ നെടുവീർപ്പായി” 'കളിയച്ഛ'നെ കവി സ്വയം വിശേഷിപ്പിക്കുന്നു. ഗാന്ധിയൻ ആദർശത്തിലേയ്ക്കും രാമരാജ്യത്തിലേയ്ക്കും ആത്മീയപാരമ്പര്യത്തിലേയ്ക്കും ഗൃഹാതുരമാകുന്ന ഈ മതവ്യക്തിത്വം ‘മതമൗലികവാദ’ത്തിന്റെ ഹിംസാത്മകരാഷ്ട്രീയമാണ് ഉത്പാദിപ്പിക്കുന്നതെന്ന് വി.രാജകൃഷ്ണൻ സൂചിപ്പിക്കുന്നു (ആളൊഴിഞ്ഞ അരങ്ങ്).

 

സ്വാതന്ത്ര്യത്തെ നിർവ്വചിക്കുമ്പോൾ രാമമൂല്യത്തെ പ്രതിസ്ഥാനത്തു നിർത്തുന്ന, ബ്രാഹ്മണമതത്തെ ചോദ്യം ചെയ്യുന്ന ആശാനും മറ്റും പ്രതിനിധാനം ചെയ്ത കവിതയുടെ നവോത്ഥാനസ്ഥലമല്ല ഇവിടെ കാണുന്നത്. രാവണനാകുന്ന ബ്രിട്ടീഷുകാരെയും ഒരു പരിധിവരെ ജന്മിത്തത്തെയും എതിർക്കുമ്പോൾ അതു രാമമൂല്യത്തിൻ്റെ ന്യായീകരണവും ത്രേതായുഗഗൃഹാതുരത്വവുമായി മാറുന്നു. സ്വാതന്ത്ര്യസമരത്തിലെ ഉപരിവർഗ്ഗ പാരമ്പര്യത്തെ പി.യിൽ കാണാം.

 

 

ഇടശ്ശേരി ഗോവിന്ദൻ നായർ (1906-1974)

 

“മലർനിരകളും മധു കരങ്ങളും

മലയജച്ചാറും മധുരഹാസവും

നറുംനിലാവുളി പരന്ന രാത്രിയും

മറക്കുവിൻ,മാന്യയുവാക്കളെ നിങ്ങൾ

സുരസദനത്തെ പകർത്തിക്കാണിക്കും

സുഖസമൃദ്ധമല്ലിനി വരുംകാലം

 പരസ്പരം മുട്ടിച്ചിതറിച്ചിന്നേണ്ടും

തിരതല്ലിന്നുള്ളോരൊരുക്കമാണെങ്ങും”

 (‘ഭാരതപ്പുഴ’, ഇടശ്ശേരി; സ്വാതന്ത്ര്യ സമരാവേശത്താൽ എഴുതിയത് എന്ന ആമുഖത്തോടെ, 1936)

 

“കുഴിവെട്ടി മൂടുക വേദനകൾ

കുതികൊൾക ശക്തിയിലേയ്ക്കു നമ്മൾ”

(പണിമുടക്കം)

 

“അധികാരം കൊയ്യണമാദ്യം നാം

അതിനു മേലാകട്ടെ പൊന്നാര്യൻ”

 (പുത്തൻകലവും അരിവാളും)

 

“മടുപ്പനത്രേ കൊട്ടാരം

അയത്നസുലഭ സുഖാഗരം:

ഇടയ്ക്കു കണ്ണീരുപ്പു പുരട്ടാ-

തെന്തിനു ജീവിതപലഹാരം!

…….

 

“എനിക്കു രസമീനിമ്നോന്നതമാം

വഴിയ്ക്കു തേരുരുൾ പായിക്കൽ

ഇതേതിരുൾക്കുഴി മേലുരുളട്ടേ,

വിടില്ല ഞാനീ രശ്മികളെ”

(അമ്പാടിയിലേയ്ക്ക് വീണ്ടും)

 

''...ഒടുവെത്തുവോളം പിടയ്ക്കുന്നൊരുള്ളുമായ്

കവി നടക്കുന്നു, വിരൽ മുറിച്ചെഴുതിയ

കഥകളും പാടിയിക്കുന്നിൽ പുറങ്ങളിൽ.''

(ദേശമംഗലം രാമകൃഷ്ണൻ ഇടശ്ശേരിയെക്കുറിച്ച്)

 

    മുറിഞ്ഞു ചോരയൊഴുകുന്ന ബലിരൂപങ്ങളായിരുന്നു ഇടശ്ശേരിയുടെ കവിതകൾ. എന്നാൽ അത് ആദിമമായ ഒരധികാരരൂപത്തിനെതിരായ പ്രതിരോധങ്ങളാകുമ്പോഴാണ് ഉള്ളുപിടയ്ക്കുന്ന ഒരനുഭവമായിത്തീരുന്നത്. പെണ്ണിനെയും പാദജനെയും അറിവിൽനിന്നും അനുഭവങ്ങളിൽ നിന്നും മുറിച്ചെറിയാൻ സഹനത്തിന്റെയും അഹിംസയുടെയും മോഹമൂല്യങ്ങൾ ഉപദേശിച്ച ബ്രാഹ്മണമതത്തിന്റെ പ്രത്യയശാസ്ത്രം നിർമ്മിച്ച മിത്താണ് ‘പൂതപ്പാട്ടി’ലും മറ്റും പ്രത്യക്ഷപ്പെടുന്ന മാതൃസങ്കൽപ്പം. കണ്ണും കാതും ഉറച്ചുകഴിഞ്ഞ മുതിരുന്ന വ്യക്തിയിൽനിന്നും എഴുത്താണി പിടിച്ചെടുക്കുകയും അതിനെ കണ്ണുപറിച്ചെടുത്ത് കൊടുത്ത് (ഇന്ദ്രിയനിഗ്രഹം) പ്രതിരോധിക്കുകയും ചെയ്യുന്ന 'പൂതപ്പാട്ടി'ലെ കഥ, കീഴടങ്ങലിനെ വിജയമായി മഹത്വവത്കരിക്കുകയും അധികാരവിധേയമായ ബലിദർശനത്തെ അവതരിപ്പിക്കുകയും ചെയ്യുന്നു. പൂതവും നങ്ങേലിയും തമ്മിലുള്ള സംഘർഷം പ്രകൃതിയും മനുഷ്യനും തമ്മിലുള്ളതാണെന്ന് ഒരു നിരൂപക പറയുമ്പോഴും (പി.ഗീത, ‘കണ്ണാടികൾ ഉടയ്ക്കുന്നതെന്തിന്?’) അത് മനുഷ്യന്റെ കീഴടങ്ങലാണെന്ന് തിരിച്ചറിയുന്നില്ല. എന്നാൽ 'പണിമുടക്കം' പോലുള്ള കൃതികളിലെത്തുമ്പോൾ ബലിയ്ക്ക് രാഷ്ട്രീയമായ വിവക്ഷകൾ ഉണ്ടാകുകയും അധികാരരൂപത്തെ എതിർത്തുകൊണ്ട്, വേദനകൾ കുഴിവെട്ടിമൂടിക്കൊണ്ട്, ശക്തിയിലേയ്ക്ക് കുതിയ്ക്കുന്ന ഒരർത്ഥം ഉണ്ടാകുകയും ചെയ്യുന്നു. പെങ്ങൾക്ക് (യൗവനത്തിന്) മാതൃത്വത്തിന്റെ ദയനീയ അസ്തിത്വം സമൂഹം വിധിച്ചുകൊടുക്കുമ്പോൾ ജീവിതം കറുത്ത ചേറ്റിൽ മുങ്ങിപ്പൊലിഞ്ഞുപോകുന്നു എന്ന സത്യം പലകവിതകളും മുന്നോട്ടുവച്ചുകൊണ്ട് ആത്മീയ മാതൃസങ്കൽപ്പത്തെ പ്രശ്‌നവത്കരിക്കുന്നു (ഉദാ:- ‘പെങ്ങൾ’, ‘വിവാഹസമ്മാനം’). 'ബിംബിസാരന്റെ ഇടയൻ' എന്ന കവിതയിലും ബലിദർശനം പ്രതിരോധസ്വഭാവമാർജ്ജിക്കുന്നു. ആത്മീയ അഹിംസാവാദത്തിന്റെ ഷണ്ഡത്വത്തെ പ്രതിരോധിക്കാനാണ് 'ബുദ്ധനും ഞാനും നരിയും' എഴുതിയത്. ''ഭക്തിയാം ചൂണ്ടലൊരിക്കൽ വിഴുങ്ങിയ/ഭാഗ്യഹീനനില്ലമുക്തി പിന്നെ'' എന്ന് അദ്ദേഹം അറിഞ്ഞിരുന്നു ('പള്ളിചൂണ്ടൽ') നവോത്ഥാനത്തിലെയും സ്വാതന്ത്ര്യസമരത്തിലെയും ആത്മീയ അഹിംസാവാദത്തെ പ്രശ്നവത്കരിക്കയായിരുന്നു ഇടശ്ശേരി.

 

 

ബാലാമണിയമ്മ (1909- 2004 )

 

“ഒരു സാധ്വിയെ ക്ലേശിപ്പിച്ചതിൽ കയർത്ത ഞാൻ

പുരനാരിമാരാകെയാർത്തു കേഴ്‌വതു കേട്ടേൻ

തെറ്റുകൾ തിരുത്തുവാൻ നീതിയെപ്പുലർത്താനും

മറ്റൊരു വഴിയെന്തേ മാനുഷർ കണ്ടെത്താഞ്ഞു?”

 (വിഭീഷണൻ )

 

“ചെന്നിണം ചിന്താതെ താൻ ചേര ഭൂവിനെ ക്രമാൽ

വെന്നൊരാസ്സമുൽക്കൃഷ്ട ബ്രഹ്മതേജസ്സിൻ മുന്നിൽ,

ധന്യഭാവത്തിൽത്തച്ഛിഷ്യത്വമുന്നൊരു മുഗ്ധ -

കന്യതൻ വടിവേന്തി നിന്ന നൂതനലോകം”

 (ഐക്യകേരളം)

 

“സത്യരശ്മിയാൽ ഭൂസുരമാകിന

ഹൃത്തടത്തിൽപ്പതുക്കെപ്പതുക്കവേ

ഉല്ലസിച്ചിടും ദിവ്യപ്രസൂന മേ,

നിർല്ലയയാ മഹിം സേ, ജയിച്ചാലും!”

(കൈക്കൊൾവിനഹിംസയെ)

 

    “മാതൃത്വം ഈശ്വരസാക്ഷാത്കാരത്തിനുള്ള ഒരു മാർഗ്ഗമായി വിവരിക്കുന്നു. പുത്രശുശ്രൂഷയാണ് അമ്മയുടെ തപശ്ചര്യ. ആ മഹാധർമ്മത്തിനായി ഉഴിഞ്ഞിടപ്പെട്ടതാണ് അവളുടെ ജീവിതം. അവരുടെ ഈ കർത്തവ്യനിർവ്വഹണത്തിന്, എത്ര ഉത്കൃഷ്ടമായ ആദർശവും വിഘ്നമായി ഭവിച്ചു കൂടാ” (നിർവൃതി എന്ന കവിതയുടെ ആമുഖം).

 

'”ആരുടെ കാലിൽത്തറയ്ക്കുന്ന മുള്ളുമെ-

ന്നാത്മാവിനെ ക്കുത്തിനോവിക്കു…”

(യാത്രയിൽ)

എന്നു പാടിയ കവിയാണ് ബാലാമണിയമ്മ. എന്നാൽ അവരെ നിയന്ത്രിച്ച ആത്മീയ മാനവികതാവാദം പൂർവ്വ നവോത്ഥാനരാഷ്ട്രീയത്തെ പുനരാനയിക്കുന്നതായിരുന്നു. ഹിംസ/അഹിംസ, ശൈശവം/മാതൃത്വം, പതിവ്രത/വേശ്യ തുടങ്ങിയ ബ്രാഹ്മണമതത്തിന്റെ പൂരകദ്വന്ദ്വങ്ങളെ പുനുരുത്പാദിപ്പിക്കുന്നതായിരുന്നു അവരുടെ മാതൃസങ്കൽപ്പം. അഹിംസയുടെ മൂടുപടമുള്ള ഹിംസാത്മകമായ ഒരു രാഷ്ട്രീയം ജനങ്ങളിൽനിന്നും ആവശ്യപ്പെടുന്നത് ശൈശവസഹജമായ നിഷ്‌കളങ്കതയും ഭക്തിയും അകർമ്മണ്യതയുമാണ്. കാമത്തേയും കർമ്മത്തേയും പ്രതിഷേധത്തേയും ഭയക്കുന്ന മതത്തിന്റെ രാഷ്ട്രീയം 'മാതൃത്വ'ത്തെ മഹത്വവത്കരിക്കുന്നു.

 

''ഞാനിപ്രപഞ്ചത്തിനമ്മയായെങ്കിലേ

മാനിതമായ് വരുനിൻജന്മമോമനേ''-

താൻ അമ്മയാകുമ്പോൾ പ്രകൃതി പൈതലാകുകയും താൻ പൈതലാകുമ്പോൾ പ്രകൃതി അമ്മയാവുകയും ചെയ്യുന്ന ഈ സങ്കൽപ്പനം സങ്കോചരാഷ്ട്രീയം സൃഷ്ടിക്കുന്നു.

 

 എന്നാൽ 'മഴുവിന്റെ കഥ' എന്ന കവിത ഹിംസ/അഹിംസ (ക്ഷാത്ര-ബ്രാഹ്മണ) മൂല്യങ്ങളെ വിരുദ്ധമായവതരിപ്പിച്ച് അഹിംസയിൽ സമാധിയടയാൻ ആഗ്രഹിക്കുന്നതായി തോന്നിപ്പിക്കുമ്പോഴും ബ്രാഹ്മണമതത്തിന്റെ അഹിംസയ്ക്കുള്ളിലെ ക്രൗര്യത്തിന്റെ മഴുവെ വെളിപ്പെടുത്തുന്ന കവിതയായി മാറുന്നു. ജീവിതോല്ലാസ യൗവനങ്ങളെ വെട്ടിമുറിച്ചുകൊണ്ട് ആത്മീയ മാതൃത്വസങ്കൽപ്പത്തെ സുസ്ഥിരമാക്കുന്ന പരശുരാമമിത്തിനെ പ്രശ്‌നവത്കരിക്കുകയാണ് ഈ കവിത. മഴു നന്മയ്ക്കുവേണ്ടി, ആത്മീയ പിതാവിനുവേണ്ടി പലപ്രാവശ്യം ഉപയോഗിക്കുമ്പോഴും ''നന്മതിന്മകൾ നേരായാരറിഞ്ഞിരിക്കുന്നു?'' എന്ന സംശയമാണ് കൃതിയിൽ അടങ്ങാത്ത അലയൊലികൾ സൃഷ്ടിക്കുന്നത്. ഹിംസ/അഹിംസ എന്നീ ആത്മീയ ദ്വന്ദ്വങ്ങളിൽ കിടന്നുപിടയുന്ന; ജീവിതത്തിന്റെ വെളിച്ചങ്ങൾ കാലിലൂടെ പാഞ്ഞൂഴിത്തട്ടിലേയ്ക്ക് പോകുന്ന അവസ്ഥ ഈ കൃതി പങ്കിടുന്നു. ‘വിഭീഷണൻ’ എന്ന കവിതയിലും ഈ വൈരുധ്യങ്ങൾ കാണാം. രാമമൂല്യത്തെത്തന്നെ ചോദ്യം ചെയ്യാൻ ഉപയോഗിച്ച മാരാരുടെ വിഭീഷണാഖ്യാനത്തിൻ്റെ തുടർച്ച ഇതിൽ കാണാം. ഒരു പെണ്ണിൻ്റെ ദു:ഖം കണ്ട് കയർത്ത വിഭീഷണൻ പുരനാരിമാരുടെ കരച്ചിൽ കേൾക്കേണ്ടി വരുന്നു. അഹിംസയുടെ ഉള്ളിലെ ഹിംസ ഈ കൃതികൾ ഉന്നയിക്കുന്നു. വള്ളത്തോളും ബാലാമണിയമ്മയും അഹിംസ സ്വീകരിച്ചത് വ്യത്യസ്തമായ രീതിയിലായിരുന്നു എന്ന് ഒരു നിരൂപക ചൂണ്ടിക്കാട്ടുന്നുണ്ട്. (ദേവദൂതികൾ മാഞ്ഞുപോവത് - പി.ഗീത). അത്, ബ്രാഹ്മണമതത്തിൻ്റെ അഹിംസാ മൂല്യത്തിൻ്റെ പിന്നിലെ ഹിംസാത്മകതയെ പുറത്തു കൊണ്ടുവരികയും ആ മൂല്യത്തെ പ്രശ്നവത്കരിക്കുകയുമായിരുന്നു.

 

    


 

 

 

 


0 comments
bottom of page