കവിത
ഗൗതം പി.വി.
ഇളംകാറ്റിലും ഉയരുന്ന
തിരശ്ശീലയ്ക്കു പിന്നിൽ
പുതു മാറ്റങ്ങളുടെ നടനം.
ജോലിമാറ്റം, സ്ഥലംമാറ്റം,
സമയമാറ്റം,കാലമാറ്റം...
ഏതു മാറ്റവും
ലോകത്തിനുമുന്നിൽ
കുടമാറ്റങ്ങള്‍.
ഏകാന്തതയ്ക്കുവേണ്ടി
വെളിച്ചം തെളിച്ച
നിശബ്ദനായ വഴിവിളക്ക്
രാവിലെ
കിഴക്കോട്ടോടുന്നതു കണ്ടു
കടലിനെ പുണരാൻ കൊതിച്ച
പുഴയാണത്രേ ഇപ്പോൾ
ഏതോ ഹോട്ടൽപ്പൈപ്പിലെ
കറുത്ത തുള്ളിയായത്
ധൃതിയിൽ പായുന്ന
മനുഷ്യനോടൊപ്പം
ഭൂമിയും സൂര്യനും
മഞ്ഞും മേഘവും
ഓട്ടത്തിലാണ്
സമയസൂചിയുടെ കറക്കത്തിൽ,
അതിനോടു ചേർത്തു -
കെട്ടിയ മരം
കടയോടെ പുഴകിപ്പോയി
മാറ്റത്തെ തടയാൻ ശ്രമിച്ചവർ
മാറ്റക്കടലിലെ
മാറുന്ന മത്സ്യങ്ങളായി..
********
എന്നാൽ,
നിറങ്ങളെ മാറ്റാൻ,
ഒരു വർണം പലവർണമാക്കാൻ,
നിങ്ങൾക്ക് കഴിയില്ല.
തിരുത്ത്-
ജീവിതങ്ങൾ നിറങ്ങളാണ്.
പലരുമെഴുതിയ
ചിത്രങ്ങൾക്കിടയിൽ
മരണം
വെളുത്ത പാട നിവർത്തും.
അജ്ഞാതകരങ്ങൾ,
ചായങ്ങൾ നനച്ചുകുതിർത്ത,
തൂവലുകൾ കൊണ്ടെഴുതുന്ന,
പുതിയ അടയാളങ്ങൾ.
എല്ലാ ജീവനും
ഒരു ജീവനിലേയ്ക്ക് ചുരുങ്ങുന്നു.
സർവ്വപ്രപഞ്ചവും
ഒരൊറ്റ ഉടലിലേക്ക്
ആവാഹിക്കുന്നു ഓന്തുകൾ..
നിറങ്ങൾ മാറട്ടെ...
പുതിയ നിറങ്ങളെഴുതാനുള്ള
മഷിക്കുപ്പി
ഒഴിയാതെ കാക്കണം,
നിറഞ്ഞെഴുതണം..
ഗൗതം.പി.വി.
രണ്ടാം വർഷം , ബി. എ.മലയാളം
SNGS കോളേജ് പട്ടാമ്പി