top of page

കവിത - 1 (നാടൻ പാട്ടുകളും കടങ്കഥകളും )

സാഹിത്യ പ്രതിചരിത്രപരമ്പര - 6
ഡോ.ഷൂബ കെ.എസ്സ്.

      ക്രിയയുടെ രൂപകവത്കരണമാണ് കവിത. എല്ലാ നാമങ്ങളും കവിതയിൽ ക്രിയയായി മാറുന്നു. ക്രിയ രൂപകമായി ആഖ്യാനപ്പെടുന്നു. വീണുകിടക്കുന്ന പൂവ് നാമപദമായി നിൽക്കുമ്പോൾ കവിതയില്ല. വീഴുന്ന പൂവ്, വാഴുന്ന പൂവ് എന്ന ക്രിയാദ്വന്ദ്വങ്ങൾ കൊണ്ടുവരുമ്പോഴാണ് അത് കവിതയായി മാറുന്നത്. മാത്രമല്ല, അത് ഉയർച്ചതാഴ്ചകൾ നിറഞ്ഞ ജീവിതക്രിയയുടെ രൂപകവുമായി മാറുന്നു. രൂപകം എന്ന വാക്ക് ക്രിയയുടെ ആഖ്യാനപ്പെടലിനെയാണ് സൂചിപ്പിക്കുന്നത്. അനുകരണമെന്നും ഒബ്ജക്ടീവ് കോറിലേറ്റീവ് എന്നും വിഭാവങ്ങൾ എന്നും പ്രതീകക്രമങ്ങളെന്നും ഭാവനയെന്നും അലങ്കാരങ്ങളെന്നുമൊക്കെ വിശദീകരിക്കാൻ ശ്രമിക്കുന്നത് ഇതിനെയാണ്. കവിതകളും കടങ്കഥകളും പഴഞ്ചൊല്ലുകളുമെല്ലാം രൂപപ്പെടുന്നത് ഇങ്ങനെതന്നെയാണ്.

     കേരളദേശത്തെ കവിതയുടെ കഥയ്ക്ക് ഏറെ പഴക്കമുണ്ട്; മലയാളഭാഷയ്ക്ക് അത്ര പാരമ്പര്യമില്ലെങ്കിലും. ആഗോളീകരണത്തിൻ്റെ രാഷ്ട്രീയം പ്രാദേശികവാദത്തെ ഉയർത്തിക്കൊണ്ടു വരുന്നുണ്ട്. ധനകാര്യ അധിനിവേശത്തെ മറച്ചുപിടിക്കാനായി ഇറക്കുമതി ചെയ്യപ്പെട്ട പോസ്റ്റ്കൊളോണിയലിസത്തിൻ്റെ ഭാഗംകൂടിയാണ് മലയാള പാരമ്പര്യവാദം. അത് ഭാഷയെ ക്രിയാപ്രവർത്തനമാക്കാതെ നാമപദമാക്കുന്നു. മലയാളഭാഷയ്ക്ക് പതിനാറാം നൂറ്റാണ്ടിലെ പിതാവിന് പുറമേ രണ്ടായിരം വർഷം മുമ്പുള്ള പിതാവിനെക്കൂടി കൊണ്ടുവരുന്നു. ഭാഷ ഒരു പ്രവർത്തനമാണ്. എല്ലായിടത്തുമെന്ന പോലെ ഭാഷയുടെ കാര്യത്തിലും പാരമ്പര്യവാദം വൃത്തികെട്ടതാണ്, ഫാഷിസത്തിൻ്റെ രാഷ്ട്രീയമാണ് അതിനുള്ളത്. ഫണ്ടുകൾ കൊണ്ടാണ് പാരമ്പര്യവാദങ്ങളും ഭാഷാശ്രേഷ്ഠവാദങ്ങളും പ്രാദേശിക - വംശീയവാദങ്ങളും ഇവിടെ ഉയർന്നുവന്നത്.



ആദിദ്രാവിഡഭാഷയും മലയാളവും


     വളരെ പുരാതനകാലം മുതൽക്കു ഭാരതമൊട്ടുക്ക് ഒരൊറ്റ ഭാഷയാണ് സംസാരിച്ചു വന്നത് എന്നും അതാണ് ആദിദ്രാവിഡഭാഷ എന്നറിയപ്പെടുന്നതെന്നും തമിഴ് സാഹിത്യചരിത്രം എഴുതിയ മു. വരദരാജൻ നിരീക്ഷിക്കുന്നു. 'വടക്കേ ഇന്ത്യയിൽ പ്രാകൃതം, പാലി എന്നീ ഭാഷകൾക്ക് കൂടുതൽ പ്രചാരം ലഭിച്ചപ്പോൾ ആദിദ്രാവിഡഭാഷ തെന്നിന്ത്യയിൽ മാത്രമായി ഒതുങ്ങി. കാലഗതിയിൽ തെന്നിന്ത്യയിൽ തന്നെയും ഭരണവ്യത്യാസം കൊണ്ടും മല, പുഴകൾ എന്നീ പ്രകൃതിദത്തമായ അതിർത്തികൾ മൂലമായും ഒരു പ്രദേശത്ത് പാർത്ത ദ്രാവിഡജനത സംസാരിച്ചിരുന്ന ഭാഷയ്ക്കും, മറ്റൊരു പ്രദേശത്തു ജീവിച്ച ദ്രാവിഡരുടെ ഭാഷയ്ക്കും തമ്മിൽ വ്യത്യാസമുണ്ടായി. ഗതാഗതസൗകര്യം കുറഞ്ഞിരുന്ന ആ കാലത്ത് ഈ വ്യത്യാസം വളർന്നു വലുതാവുക സ്വാഭാവികം മാത്രം. അങ്ങനെ തെക്കൻപ്രദേശത്ത് ജീവിച്ചവരുടെ ഭാഷ തമിഴായി തീർന്നു. തിരുപ്പതിമലയ്ക്ക് വടക്ക് ജീവിച്ചവരുടെ ഭാഷ തെലുങ്ക് എന്നറിയപ്പെട്ടു. മൈസൂർ പ്രദേശത്തുള്ളവർ സംസാരിക്കുന്ന ദ്രാവിഡഭാഷ കന്നടമായി മാറി. തെക്കുപടിഞ്ഞാറൻ പ്രദേശമായ കേരളത്തിലെ ഭാഷ മലയാളമായിത്തീർന്നു.'


     ഈ നാലു ദ്രാവിഡഭാഷകൾക്ക് ഇപ്പോഴും വളരെ പ്രകടമായ സാദൃശ്യങ്ങളുണ്ട്. ഏകദേശം 5000 പദങ്ങൾ ഇന്നും പൊതുവായുണ്ട്. സംസ്കൃതം പഠിച്ചവരുടെ സ്വാധീനം വർദ്ധിക്കുകമൂലം സംസ്‌കൃതപദങ്ങളുടെ കലർപ്പ് ഏറിവന്ന് കന്നടവും തെലുങ്കും ആയിരത്തി അഞ്ഞൂറുവർഷങ്ങൾക്കു മുമ്പുതന്നെ തമിഴിൽ നിന്നു വിട്ടകന്നു. ആ അകൽച്ച മലയാളത്തിനും തമിഴിനും ഇടയ്ക്ക് അത്ര പ്രകടമല്ല. കേരളത്തിൽ സംസ്‌കൃതത്തിന്റെ സ്വാധീനം എട്ടുനൂറ്റാണ്ടുകൾക്ക് മുമ്പു മാത്രമാണുണ്ടായത്. അതിനുമുമ്പ് തമിഴുതന്നെയായിരുന്നു കേരളത്തിൻ്റെ ഭരണഭാഷയും സാഹിത്യഭാഷയും. പതിനഞ്ചു നൂറ്റാണ്ടുകൾക്ക് മുമ്പ് കേരളം ഭരിച്ച ചേരരാജാക്കന്മാർ തമിഴ്രാജാക്കന്മാർ തന്നെയാണ്. അതിനുശേഷം പാണ്ഡ്യരാജവംശക്കാരായ തമിഴരചന്മാർ തന്നെയാണ് പെരുമാന്മാർ അഥവാ പെരുമാക്കന്മാർ എന്ന പേരിൽ പത്താംശതകം വരെ കേരളം ഭരിച്ചിരുന്നത്. ആദ്യ തമിഴ് വ്യാകരണഗ്രന്ഥമായ തൊൽകാപ്പിയം ക്രി.മു. മൂന്നാം ശതകത്തിൽ പ്രസിദ്ധപ്പെടുത്തുമ്പോൾ ആ ചടങ്ങിന് ആദ്ധ്യക്ഷം വഹിച്ചത് തിരുവിതാംകൂറിലെ ഒരു തമിഴ്കവിയായിരുന്നു. ക്രി.മു. മൂന്നാം നൂറ്റാണ്ടു മുതൽ ക്രി.പി. ഒന്നാം നൂറ്റാണ്ടുവരെ കേരളീയകവികൾ പലരും തമിഴിലാണ് കവിതകൾ എഴുതിയിരുന്നത്. പ്രസ്തുത കവിതകൾ സംഘസാഹിത്യകൃതികളായ അകനാനൂറിലും പുറനാനൂറിലും ധാരാളമായുണ്ട്. പുറനാനൂറിൽ കേരളനാട്ടു (ചേരനാട്) മന്നന്മാരെക്കുറിച്ചുള്ള പല കവനങ്ങളുമുണ്ട്. പതിറ്റുപ്പത്ത് എന്ന കാവ്യസമാഹാരത്തിലെ നൂറുപാട്ടുകളും ചേരരാജാക്കന്മാരുടെ അപദാനങ്ങളാണ്. തമിഴിലെ പ്രാചീനകാവ്യമായ ചിലപ്പതികാരം കേരളത്തിൽ ജീവിച്ചിരുന്ന തമിഴ്‌കവിയായ ഇളങ്കോവടികൾ രചിച്ചതാണ്. ആ കാവ്യത്തിലെ നായികയായ കണ്ണകിക്ക് കേരളത്തിലെ തിരുവഞ്ചിക്കുളത്ത് (കൊടുങ്ങല്ലൂർ) ഒരു ക്ഷേത്രം നിർമ്മിക്കപ്പെട്ടു. ക്രി.പി. ഏഴ്, എട്ട്, ഒമ്പതു നൂറ്റാണ്ടുകളിൽ ജീവിച്ച് ഭക്തിപ്പാട്ടുകൾ രചിച്ചവരിൽ, ചേരമാൻ പെരുമാൾ നായനാരും കുലശേഖര ആഴ്‌വാരും കേരളീയരാണ്. ക്രി.പി. പത്താംശതകത്തിൽ എഴുതിയ തമിഴ് വ്യാകരണഗ്രന്ഥമായ പുറപ്പൊരുൾ വെൺപാമാലയുടെ കർത്താവ് ഐയ്യനാരിതനാർ കേരളീയനാണ്. ഇങ്ങനെ പല നൂറ്റാണ്ടുകാലം കേരളം ചേരരാജ്യം എന്ന പേരിൽ തമിഴ്‌നാടിന്റെ ഒരു ഭാഗമായിരിക്കുകയും തമിഴ് വളരാൻ സഹായിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് മറ്റു ദ്രാവിഡ ഭാഷകൾ തമ്മിലുളളതിനെക്കാൾ അടുപ്പം തമിഴും മലയാളവും തമ്മിലുളളത്. (വിവരങ്ങൾ വരദരാജൻ്റെ തമിഴ് സാഹിത്യചരിത്രത്തിൽ നിന്ന്) "അന്നത്തെ പൊതു ഭാഷയായിരുന്ന തമിഴിൽ തന്നെയാണ് കേരളീയരും ഗ്രന്ഥനിർമ്മാണം ചെയ്തുവന്നിരുന്നതെന്നു പറയേണ്ടതായിട്ടില്ല. പതിറ്റുപ്പത്ത്, ചിലപ്പതികാരം മുതലായ തമിഴ്കൃതികൾ കപിലർ, ഇളങ്കോവടികൾ തുടങ്ങിയ കേരളീയരിൽ നിന്നും ഇങ്ങനെ ഉണ്ടായിട്ടുള്ള സാഹിത്യസമ്പത്തുകളാണെന്നാണു വിചാരിച്ചു പോരുന്നത്. പ്രസ്തുത കൃതികൾ ഇന്നു തമിഴ്സാഹിത്യത്തിൽ ഉൾപ്പെട്ടു പോയിട്ടുണ്ടെങ്കിലും അവ കേരളസംസ്കാരത്തിൻ്റെ ആദ്യത്തെപ്പടിയെ ചിത്രീകരിക്കുന്ന കൃതികളാണെന്നുള്ളതിനു സംശയമില്ല" എന്ന് ഭാഷാ കവിത അഥവാ പദ്യ സാഹിത്യം എന്ന കൃതിയിൽ ടി.എം.ചുമ്മാർ അഭിപ്രായപ്പെടുന്നു.


ചിലപ്പതികാരം


ദക്ഷിണാപഥത്തിൽ ആര്യന്മാരുടെ ആഗമനത്തിനു മുമ്പുതന്നെ ദ്രാവിഡന്മാർ സംസ്കാരവിഷയത്തിൽ ഉത്കൃഷ്ടമായ ഒരു സ്ഥാനത്തെ പ്രാപിച്ചിരുന്നു എന്നും ഏഷ്യ മൈനർ, ഈജിപ്റ്റ് എന്നീ രാജ്യങ്ങളുമായി ദ്രാവിഡന്മാർ ക്രി.മു.നാലായിരം വർഷങ്ങൾക്ക് മുൻപ് പോലും വമ്പിച്ച തോതിൽ വാണിജ്യം നടത്തിവന്നിരുന്നു എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.


ചിലപ്പതികാരത്തിൻ്റെ കാലം ക്രി. പി. രണ്ടാം ശതകത്തിലാണെന്നു ഏതാണ്ട് ഉറപ്പിച്ചിട്ടുണ്ട് (ഉള്ളൂരിൻ്റെ കേരളസാഹിത്യചരിത്രം). ചെന്തമിഴ് സാഹിത്യത്തിൻ്റെ ആവിർഭാവത്തിനു മുൻപ് തന്നെ ആര്യസംസ്കാരവും സംസ്കൃതഭാഷയും ദ്രാവിഡരുടെ ഇടയിൽ പ്രചരിച്ചിരുന്നു. ബൗദ്ധ-ആര്യസംസ്കാരങ്ങളുടെ സംഘർഷമാണ് ചിലപ്പതികാരപ്രമേയം. സംഗീതം, ചിത്രകല, സാഹിത്യം, പാട്ടുകൾ, ഉത്സവങ്ങൾ, ചിന്തകൾ ഇങ്ങനെ എല്ലാ സാംസ്കാരികഘടകങ്ങളും ഒത്തിണങ്ങിയ മഹാകാവ്യമാണിത്. ചേരചോളപാണ്ഡ്യദേശങ്ങളെയും കഥ സ്പർശിക്കുന്നു.


കഥ ഇങ്ങനെയാണ്: നിലയ്ക്കാത്ത മഹിമ നിറഞ്ഞ കാവേരിപ്പൂമ്പട്ടണത്തിലെ  ധനികകച്ചവടക്കാരൻ കോവലനായിരുന്നു കണ്ണകിയുടെ ഭർത്താവ്. ഏവരും കൊണ്ടാടിയിരുന്ന മാധവി എന്ന വേശ്യയുമായി ചേർന്ന് കോവലന് ധനമെല്ലാം നഷ്ടപ്പെടുന്നു. കണ്ണകിയുടെ കാൽച്ചിലമ്പ് വിറ്റ് വീണ്ടും കച്ചവടം തുടങ്ങാൻ മധുരയിലെത്തിയ കോവലൻ പേരുകേട്ട അങ്ങാടിത്തെരുവിലൂടെ നടന്നു. അവിടെ കണ്ട പൊൻതട്ടാനെ ചിലമ്പ് വിൽക്കാൻ ഏല്പിച്ചു. അത് രാജ്ഞിയുടെ ചിലമ്പാണ് എന്ന് തട്ടാൻ രാജാവിനെ ഉണർത്തിച്ച പ്രകാരം മോഷണക്കുറ്റം ചുമത്തി കോവലനെ വധിക്കുന്നു. ഈ തട്ടാൻ പണ്ട് കട്ടെടുത്തതായിരുന്നു രാജ്ഞിയുടെ ചിലമ്പ്. ഇത് തിരിച്ചറിഞ്ഞ രാജാവ്, സ്വർണ്ണപ്പണിക്കാരനായ ഒരു കൊല്ലൻ്റെ വാക്കുകേട്ട് നൃപനീതിക്ക് ഭംഗം വരുത്തിയ ഞാനോ നരപതി. ഞാൻ തന്നെയാണ് കള്ളൻ. പ്രജകളെ കാക്കുന്ന പാണ്ഡ്യദേശത്തിലെ സൽഭരണം എൻ്റെ കാലംകൊണ്ട് പിഴച്ചുപോയി. എൻ്റെ ആയുസ്സ് അവസാനിക്കട്ടെ എന്ന് പറഞ്ഞ് ബോധംകെട്ട് ചരമഗതി പ്രാപിച്ചു. കണ്ണീർ വാർത്തുകൊണ്ട് മാറ്പറിച്ചെറിഞ്ഞ് ആ നീതി കെട്ട രാജ്യത്തെ കണ്ണകി ചുട്ടെരിച്ചു.


     പതിവ്രതാദേവിയായി പ്രതിഷ്ഠിക്കപ്പെട്ട കണ്ണകിയുടെ ജീവിതത്തെ പ്രശ്നവത്കരിക്കുകയാണ് ചിലപ്പതികാരമെഴുതിയ ഇളങ്കോവടികൾ. കച്ചവടവും യുദ്ധവും ധനവും പുരുഷവീരത്വവും മഹിമയേറിയതായി കണ്ട ഒരു സംസ്കാരത്തെയാണ് കൃതി പ്രശ്നവത്കരിക്കുന്നത്. ധനം തേടി ഭർത്താവ് പോകുമ്പോൾ ഒറ്റയ്ക്കായിപ്പോകുന്ന പ്രണയജീവിതത്തിൻ്റെ വേദനകൾ സംഘംകൃതികളിൽ ധാരാളം കാണാം. പണം പ്രണയത്തെ ആദേശം ചെയ്യുന്നതാണ് വീടിനുള്ളിലെ പതിവ്രതാജീവിതവും ദേവദാസീജീവിതവും. പതിവ്രതാദേവിയായ കണ്ണകിയും പണത്തിന് ശരീരം കൊടുക്കുന്ന മാധവിയും സ്ത്രീയുടെ ജീവിതത്തെ ശരീരവത്കരിക്കുന്നു. രണ്ടു സ്ത്രീമാതൃകകളും സ്ത്രീജീവിതത്തെ ദുരന്തമാക്കുന്നു. അതിനെതിരായി ശരീരം കൊണ്ടു പ്രതിരോധിക്കുന്നതാണ് ചിലപ്പതികാരത്തിൽ കാണുന്നത്. നൃപനീതി തെറ്റിക്കുന്ന രാജാക്കന്മാർക്ക് ധർമ്മദേവത തന്നെ അന്തകനായിത്തീരുന്നു. പുകഴാർന്ന പാതിവ്രത്യമുള്ള ഒരുവളെ മർത്യന്മാരും അമർത്യന്മാരും വണങ്ങുന്നു, വിധി അതിൻ്റെ വഴികളിലൂടെ സഞ്ചരിക്കുക തന്നെ ചെയ്യും - ഈ മൂന്നു സംഗതികളും ശില്പവേലകളോടുകൂടിയ ഒരു ചിലമ്പു മുൻനിർത്തി വെളിപ്പെട്ടിരിക്കുന്നതിനാൽ ചിലപ്പതികാരം എന്ന പേരിൽ ഇവ നിലനിർത്തി ഒരു കാവ്യം രചിക്കാൻ ആണ് തുടങ്ങുന്നത്. പക്ഷെ പാതിവ്രത്യത്തിൻ്റെ ദുരന്താവതരണമായി അതു മാറുന്നു. പതിവ്രതയായി വീട്ടിലിരിക്കുമ്പോഴാണ് കണ്ണകിക്ക് കോവലനെ നഷ്ടമാകുന്നത്. അതിനെ അതിജീവിക്കാൻ വ്യവസായത്തിനായി കണ്ണകിയും വീടുവിട്ടിറങ്ങുന്നതാണ് കഥയിൽ. വീട്ടിലിരിക്കുന്ന പതിവ്രത എന്ന അസ്തിത്വത്തെ സ്വയം ഖണ്ഡിക്കുകയാണ്. എന്നാൽ ആ അതിജീവനശ്രമവും അധികാരവ്യവസ്ഥ പരാജയപ്പെടുത്തുന്നിടത്താണ് കഥ ദുരന്തമാകുന്നത്. അതിനോട് ശരീരംകൊണ്ട് പ്രതിരോധിക്കുന്നതാണ് കഥയിൽ. കണ്ണകി ബൗദ്ധാശയങ്ങളുടെ ഒരു പ്രതിരൂപമായി കഥയിൽ മാറുന്നുണ്ട്.


     വിരഹത്തിനും വരാനിരിക്കുന്ന ദുരിതങ്ങൾക്കും കാരണം മുൻജന്മപാപമാണെന്നും പരിഹാരമായി തീർത്ഥസ്നാനം ചെയ്തു ദൈവത്തെ വണങ്ങണമെന്നും ദേവന്തി എന്ന ബ്രാഹ്മണി പറയുമ്പോൾ ദൈവത്തെ വണങ്ങുന്ന സമ്പ്രദായം ഞങ്ങൾക്കില്ല എന്ന് കണ്ണകി പറയുന്നുണ്ട്. കണ്ണകിയുടെയും കോവലൻ്റെയും യാത്രയെ നയിക്കുന്നത് കവുന്തിയടികൾ എന്ന ബുദ്ധ സന്യാസിനിയാണ്. ആത്മീയതയിലെത്തിച്ചേരുന്ന ഭൗതികാസക്തികളും ആത്മീയതയെയും കേവലമായ ഭൗതികാസക്തികളെയും ഒരുമിച്ചെതിർക്കുന്ന ജീവിതാസക്തിയുടെയും കഥയാണ് ഇത്. ബ്രാഹ്മണമതത്തിൻ്റെ ജീവിതവിരുദ്ധതകളും അധികാരത്തിൻ്റെ അന്ധതകളും സൂക്ഷ്മമായി കൃതി ഉന്നയിക്കുന്നുണ്ട്.


മലയാളഭാഷയിൽ എഴുതപ്പെട്ട സാഹിത്യം ലഭ്യമാകുന്നത് പന്ത്രണ്ടാം നൂറ്റാണ്ടിലാണ്. എന്നാൽ കാലം നിശ്ചയിക്കാനാവാത്ത തരത്തിൽ കവിതയുടെ രൂപങ്ങൾ വാമൊഴിയായി പ്രചരിച്ചിരുന്നു. കടങ്കഥകൾ, പഴഞ്ചൊല്ലുകൾ തുടങ്ങിയവ കവിതയുടെ ക്രിയാപരത വഹിക്കുന്ന ആഖ്യാനങ്ങളാണ്.


കടങ്കഥകൾ


'താക്കോൽ' ഒരു നാമപദമാണെങ്കിലും അതിനെ ഒരു ക്രിയയുടെ പ്രതീകമാക്കുകയാണ്, രൂപകമാക്കുകയാണ് അത് ഉത്തരമായി വരുന്ന കടങ്കഥ.

 'കിക്കിലുക്കം കിലുകിലുക്കം ഉത്തരത്തിൽ ചത്തിരിക്കും'

എന്നത് ഒരു ക്രിയാനുഭവമാണ്.

 ചെരുപ്പ് ഉത്തരം വരുന്ന കടങ്കഥ നോക്കുക:

 

'ഓടും കുതിര ചാടും കുതിര വെള്ളം കണ്ടാൽ നിൽക്കും കുതിര'.

 

ക്രിയയുടെ രൂപകവത്കരണമാണ് ഇവിടെയും. ക്രിയ ഉണ്ടെന്നോ ഇല്ലെന്നോ പറഞ്ഞു കൊണ്ടാവും ഇത്തരം നിർമ്മിതികൾ നടക്കുക.

 

 'മുറ്റത്തെ ചെപ്പിന് അടപ്പില്ല'


എന്നു പറയുമ്പോൾ കിണറിനെ അടയ്ക്കാനും തുറക്കാനും പറ്റുന്ന ചെപ്പാക്കി, ക്രിയയാക്കി മാറ്റുകയും ഇപ്പോൾ അടച്ചിട്ടില്ല എന്നു പറയുകയും ചെയ്യുന്നു. പ്രകൃതിയിലെ വസ്തുക്കളെ മനുഷ്യനിർമ്മിതിയാക്കി മാറ്റുക വഴിയാണ് മറ്റൊരുതരത്തിൽ ക്രിയാവത്കരണം നടക്കുന്നത്. ചന്ദ്രനെ,


'മാനത്തൊരു പപ്പടം',

'ഇന്നാളു കണ്ട വട്ടക്കണ്ണാടി ഇന്നേയ്ക്കൊരു തേങ്ങാപ്പൂളായി',

'കുറ്റിക്കാട്ടിൽ കൊച്ചരിവാൾ', 'കരിങ്കലത്തിൽ തേങ്ങാപ്പൂള്'


എന്നിങ്ങനെ രൂപകവത്കരിക്കുന്നത് ഉദാഹരണമാണ്. സമയം മനുഷ്യനിർമ്മിതമായ സങ്കല്പമാണ്. അതുത്തരം കിട്ടാൻ പ്രകൃതിയെ കാലപരമാക്കുന്നു.


'12 മാസം, 30 ദിവസം, 24 മണിക്കൂർ, 60 മിനിട്ട്’ ഇത് ഉത്തരം കിട്ടാനുള്ള ചോദ്യം ഇങ്ങനെയാണ്:


'ഒരു മരത്തിന് 12 കൊമ്പ്

ഒരു കൊമ്പിന്മേൽ 30 ചില്ല

ഒരു ചില്ലമേൽ 24 ഇല

ഒരു ഇലയ്ക്ക് 60 ഞരമ്പ് '


     പ്രകൃതിയിൽ മനുഷ്യൻ്റെ ഇച്ഛ അടയാളപ്പെടുത്തുകയാണ് പ്രകൃതിയെ മനുഷ്യനിർമ്മിത വസ്തുക്കളായി രൂപകവത്കരിക്കുന്നതിലൂടെ ഇത്തരം കടങ്കഥകളിൽ. അതുപോലെ മനുഷ്യശരീരഘടകങ്ങൾ ഉത്തരമായി വരുന്നവയെ നോക്കുക. അവയെയും മനുഷ്യപ്രക്രിയ ആക്കുകയും പ്രകൃതിയിലെ അസാധാരണ പ്രവൃത്തികളാക്കുകയും ചെയ്യുന്നു.


'വരുമ്പോൾ കറുത്തിട്ട്, പോകുമ്പോൾ വെളുത്തിട്ട്’ (തലമുടി),

 'തിന്നാൽ ദഹിക്കില്ല, വേവിച്ചാൽ വേവില്ല' (തലമുടി),

' ഒരമ്മ കുളിച്ചു വരുമ്പോൾ ആയിരം മക്കൾ കണ്ണീരോടെ ' (അഴിച്ചിട്ട തലമുടി)

 'ഒരു കുളം അതിലൊരു ചെറുമീൻ അതിൻ്റെ ചുറ്റും കല്ലു കെട്ടി' (വായ, നാക്ക്, പല്ല്)


മാനുഷികവത്കരിക്കപ്പെട്ട പ്രകൃതിയാക്കി പ്രകൃതിയെ കാണുകയാണിവിടെയൊക്കെ.


'കണ്ണ്' ഉത്തരം വരുന്ന കടങ്കഥകൾ നോക്കുക:

'മാനത്തെത്തും പെരിയ തോട്ടി',

 'രണ്ടു പെണ്ണുങ്ങൾ സുന്ദരിപ്പെണ്ണുങ്ങൾ, രണ്ടാളുമൊരുമിച്ചേ കരയൂ',

'പകലെല്ലാം മിന്നി മിന്നി, രാത്രിയിൽ ഇരുട്ടറയിൽ ',

'ഉരുട്ടാം ഓട്ടാം എടുക്കാൻ വയ്യ ' തുടങ്ങിയവ.


മനുഷ്യാവയവത്തെ അസാധാരണ പ്രകൃതിയാക്കി മനുഷ്യകർതൃത്വത്തെ ഉന്നയിക്കുന്ന വളരെ കുറച്ച് കടങ്കഥകൾ ഉണ്ട്. ഉദാഹരണമായി,


 'പൂവില്ലാ ഇല്ലയില്ല, കായില്ല, കരിവള്ളി'(തലമുടി),

പുറത്തിറച്ചി അകത്ത് രോമം (മൂക്ക്).


പ്രകൃതിയിൽ നിന്നുള്ള വ്യത്യാസം മനുഷ്യപ്രവൃത്തിയെ നിർദ്ദേശിക്കുന്നു.


എന്നാൽ പ്രകൃതിയെ പ്രകൃതിഘടകങ്ങൾ കൊണ്ട് രൂപകവത്കരിക്കുന്നതരം കടങ്കഥകളും ഉണ്ട്. ചന്ദ്രനെ

 'ഞെട്ടില്ലാ വട്ടയില'യായി കല്പിക്കുന്നത് ഉദാഹരണം. ഇവിടെ ഞെട്ടുപറിക്കുകയും പറിക്കാതിരിക്കുകയും ചെയ്യുന്ന ക്രിയ ഇതിനുള്ളിൽ ഉണ്ട്.


ചുരുക്കത്തിൽ കവിത എന്ന പോലെ ക്രിയയുടെ രൂപകവത്കരണം തന്നെയാണ് കടങ്കഥകൾ. വസ്തുക്കളെ ക്രിയാഘടകങ്ങളാക്കുക, പ്രകൃതിവസ്തുക്കളെ മനുഷ്യനിർമ്മിത വസ്തുക്കളാക്കുക, മനുഷ്യശരീരഘടകങ്ങളെ മനുഷ്യപ്രവൃത്തികളോ അസാധാരണ പ്രകൃതികളോ ആക്കുക തുടങ്ങിയവയാണ് കടങ്കഥകളിൽ സംഭവിക്കുന്നത്. കവിതാരചന ആവശ്യപ്പെടുന്ന ഭാവന അഥവാ രൂപകവത്കരണം തന്നെയാണ് കടങ്കഥകൾക്കുമുള്ളത്.


പഴഞ്ചൊല്ലുകൾ


മനസ്സിൻ്റെ കാവ്യശാസ്ത്രം എന്നാണ് പഴഞ്ചൊല്ലുകളെ സംബന്ധിച്ചുള്ള ഒരു പുസ്തകത്തിൻ്റെ പേര് (The Poetics of Mind: Figurative Thought, Language, and Understanding by Raymond W. Gibbs). ഒരു സംവാദ ക്രിയാസന്ദർഭത്തെ ഭാഷാപ്രാവീണ്യമുള്ള ഒരാൾ സുന്ദരവും സംക്ഷിപ്തവുമായി ആവിഷ്കരിക്കുന്നതിൽ നിന്നാണ് പഴഞ്ചൊല്ലുകൾ ഉത്ഭവിക്കുന്നത്. നവോത്ഥാന ക്രിയാസന്ദർഭത്തിൽ നിന്നും കുമാരനാശാൻ എന്ന കവി ഉണ്ടാകുംപോലെ.


'സമ്പത്തുകാലത്ത് തൈ പത്തു വെച്ചാൽ, ആപത്തുകാലത്ത് കാ പത്തു തിന്നാം'


'ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കുമ്പിളിൽ കഞ്ഞി'


'ഏട്ടിലെ പശു പുല്ല് തിന്നില്ല.'


‘മിന്നുന്നതെല്ലാം പൊന്നല്ല.’


‘മുറ്റത്തെ മുല്ലക്ക് മണമില്ല.’


‘മേപ്പുരയുള്ളവനല്ലേ തീപ്പൊരി പേടിയുള്ളൂ.’


‘ശുദ്ധൻ ദുഷ്ടന്റെ ഫലംചെയ്യും.’


‘ഉള്ളത് പറഞ്ഞാൽ ഉറിയും ചിരിക്കും.’


ഇത്തരം ഏതു  പഴഞ്ചൊല്ലുകളും കൂട്ടായ സംവാദസന്ദർഭങ്ങളിൽ നിന്നും മാത്രമേ ഉണ്ടാകൂ. കൂട്ടായ സന്ദർഭത്തിൽ സൂക്ഷ്മനിരീക്ഷണപാടവവും സംക്ഷിപ്തമായി കാര്യങ്ങൾ അവതരിപ്പിക്കാനുള്ള ഭാഷാപ്രാവീണ്യവുമുള്ള ഒരാൾ ഹാസ്യം പറഞ്ഞു ഏവരെയും പൊട്ടിച്ചിരിപ്പിക്കും പോലെ ഒരു സർഗ്ഗാത്മകപൊട്ടിത്തെറിയായാണ് പഴഞ്ചൊല്ലുകൾ പിറക്കുന്നത്. കവിത പിറക്കുന്നതും അങ്ങനെ തന്നെ. ആദ്യ പഴഞ്ചൊല്ലിലെ 'ത്ത'യുടെ ആവർത്തനവും സവിശേഷതാളവും ഉള്ളിൽത്തറയ്ക്കുന്ന അവിസ്മരണീയ ആഖ്യാനമാക്കി അതിനെ മാറ്റുന്നു.


കൂട്ടത്തിൻ്റെ സൃഷ്ടിയാകുമ്പോൾത്തന്നെ സവിശേഷമായ ഒരു അധ്വാനകർതൃത്വം സൃഷ്ടിക്കുന്ന സൂക്ഷ്മനിരീക്ഷണവും വിമർശനയുക്തിയും പഴഞ്ചൊല്ലിൽ പ്രകടമാക്കുന്നുണ്ട്. ഓണം പണമുള്ളവൻ്റെ ആഘോഷമായി മാറുന്നു. പാവപ്പെട്ടവന് കഞ്ഞി മാത്രമേ ഉള്ളൂ എന്നത് ആഘോഷങ്ങളിൽ നിന്നും അകന്നു നിൽക്കുന്ന ഒരു വ്യക്തിക്ക് കിട്ടുന്ന തിരിച്ചറിവാണ്. അതുപോലെ ഹാസ്യത്തിൽ സത്യമുണ്ട് എന്നത്, സമൂഹത്തിലെ നല്ലവർ എന്നും ശുദ്ധന്മാർ എന്നും അറിയപ്പെടുന്ന വർഗ്ഗം ദുഷ്ടന്മാരാണ് എന്നത്, ഏട്ടിൽ കണ്ടതും എഴുതപ്പെട്ടതും പ്രായോഗികമായി പരാജയപ്പെടാം എന്നത്, അടുത്തുള്ളത് അല്ല അകലെയുള്ള ദൈവങ്ങളാണ് നല്ലതെന്നു കരുതുന്നവയെ വിമർശിക്കപ്പെടേണ്ടതാണ് എന്നത് ഒക്കെ വർഗ്ഗബോധമുള്ള സൂക്ഷ്മചിന്തയിൽ നിന്നും ഉണ്ടാകുന്നതാണ്.


എന്നാൽ ഒരു കൂട്ടായ്മയുടെ സൃഷ്ടി എന്ന നിലയിൽ നോക്കുമ്പോൾ അധീശത്വം നിറഞ്ഞ ആഖ്യാനങ്ങളും ധാരാളമായി പഴഞ്ചൊല്ലുകളിൽ കാണാം. ഉദാഹരണമായി സ്ത്രീവിരുദ്ധപഴഞ്ചൊല്ലുകൾ നോക്കുക:


‘പെൺബുദ്ധി പിൻബുദ്ധി.’


‘നാരി നടിച്ചേടവും നാരകം നട്ടേടവും മുടിയും.’


‘നാലാമത്തെ പെണ്ണ് നടക്കല്ലു പൊളിക്കും.’


‘നാലുതല ചേരും നാലുമുല ചേരില്ല.’


‘പുത്തനച്ചി പുരപ്പുറം തൂക്കും.’


‘പെൺചൊല്ല് കേൾക്കുന്നവന് പെരുവഴി.’


‘പെണ്ണിനെയും മണ്ണിനെയും ദണ്ഡിച്ചാൽ ഗുണമുണ്ട്.’


‘പെണ്ണുകെട്ടിയാൽ കാലുകെട്ടി.’


‘പെണ്ണ് കെട്ടി കണ്ണുകെട്ടി.’


‘മാടോടിയെ തൊടിയും നാടോടിയെ പെണ്ണുമാകാ.’


‘ആണായാൽ കണക്കിലാവണം, പെണ്ണായാൽ പാട്ടിലാവണം.’


‘ഇട്ടിയമ്മ ചാടിയാൽ കൊട്ടിയമ്പലം വരെ.’


ഇത്തരത്തിൽ അനേകം സ്ത്രീവിരുദ്ധചൊല്ലുകൾ കാണാം.


സ്ത്രീയെ തല്ലാൻ നിർദ്ദേശിക്കുന്ന, ഉപേക്ഷിക്കാൻ പറയുന്ന, വെറും ശരീരമായി നിർവ്വചിക്കുന്ന മനുസ്മൃതിയും അതിനെ അനുകരിക്കുന്ന നീതിപുസ്തകങ്ങളും നിലനിന്നിരുന്ന കാലഘട്ടത്തിൻ്റെ സ്വാഭാവിക പ്രതിനിധാനങ്ങൾ ആണിവ. പരസ്യവാചകങ്ങളും ചലച്ചിത്രസംഭാഷണങ്ങളും പുതിയകാല മുതലാളിത്തവ്യവസ്ഥയുടെ പ്രതിനിധാനങ്ങളായി മാറുന്ന പുതുചൊല്ലുകളെ സൃഷ്ടിക്കുന്നു. 'വിശ്വാസം അതല്ലേ എല്ലാം' എന്ന സ്വർണ്ണക്കടയുടെ പരസ്യവാചകം പുതിയകാലചൊല്ലായി മാറിയിട്ടുണ്ട്. ജന്മിത്തവ്യവസ്ഥയുടെയും രാജവാഴ്ചയുടെയും മൂല്യങ്ങളെ പുനരുത്പാദിപ്പിക്കുകയാണിത്തരം ചൊല്ലുകൾ. പിതൃകേന്ദ്രിതമായ വിശ്വാസം സ്വർണ്ണക്കച്ചവടക്കാർക്ക് ആവശ്യമാണ് കാമുകനെ ഉപേക്ഷിച്ച് പിതാവിൽ അഭയം തേടുന്ന സ്ത്രീ പരസ്യത്തിൽ കാണാം. പ്രണയത്തെ അധ:സ്ഥിതമാക്കുന്നത് സ്വർണ്ണക്കച്ചവടത്തിന് അനിവാര്യമാണ്. കച്ചവടത്തിന് അനുകൂലമാംവിധം മതമൂല്യങ്ങൾ മുതലാളിത്തകാലത്ത് പുനരുദ്ധരിക്കപ്പെടുന്നു. ഇത് സ്ത്രീപീഡനങ്ങൾക്കും സ്ത്രീധനമരണങ്ങൾക്കും കാരണമായി മാറുന്നു. സ്ത്രീവിരുദ്ധതയുടെ സൂചകമായി ഇത്തരം ചൊല്ലുകൾ മാറുന്നു.


അംഗപരിമിതരെ പരിഹസിക്കുന്ന


'അന്ധൻ ആനയെ കണ്ട പോലെ.’


എന്നതുപോലുള്ള ചൊല്ലുകളും


'ആയില്യം അയൽ മുടിക്കും'


പോലുള്ള അന്ധവിശ്വാസജനകമായ ചൊല്ലുകളും കാണാം. സാംസ്കാരിക ഭാഷാസംഭരണികളായും പഴഞ്ചൊല്ലുകൾ വർത്തിക്കുന്നു.


 'ഈറ്റെടുക്കാൻ പോയവൾ ഇരട്ടപെറ്റു.'

'കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി.’


 തുടങ്ങിയവ മാറിപ്പോയ കാലത്തിൻ്റെ ഭാഷാസാക്ഷ്യങ്ങൾ ആണ്. അതായത്, പഴഞ്ചൊല്ലുകൾ ഒരു സംസ്കാരത്തിന്റെ മൂല്യങ്ങളെയും വിശ്വാസങ്ങളെയും ആചാരങ്ങളെയും പ്രതിഫലിപ്പിക്കുന്നു. കൂട്ടായ ജ്ഞാനം ഉൾക്കൊള്ളുന്ന ഭാഷാപരമായ പുരാവസ്തുക്കളായി അവ പ്രവർത്തിക്കുന്നു. എന്നാൽ വ്യവസ്ഥയെ ഖണ്ഡിക്കുന്ന ക്രിയാനുഭവവും പഴഞ്ചൊല്ലുകളിൽ ഉണ്ടെന്ന് ചൂണ്ടിക്കാണിച്ചല്ലോ?


കവിതകൾ കവിയറിയാത്ത വായനാസന്ദർഭങ്ങളിൽ പുനർനിർമ്മിക്കുംപോലെ പഴഞ്ചൊല്ലുകൾ വ്യത്യസ്ത കാലങ്ങളിൽ വ്യത്യസ്ത കൂട്ടായ്മകളിൽ വ്യത്യസ്തമായ അർത്ഥങ്ങൾ നിർമ്മിച്ചുകൊണ്ട് ചരിത്രത്തിലൂടെ സഞ്ചരിക്കുന്നു. അവ രൂപപരമായി കഴിഞ്ഞ കാലമാണെങ്കിലും അർത്ഥപരമായി പുനർനിർമ്മിതികൾ സൃഷ്ടിക്കുന്നു.

 'കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി.’


രാജവാഴ്ചക്കാലത്ത് ഉണ്ടായതാണെങ്കിൽ ഒരു കോർപ്പറേറ്റ് ഓഫീസ് സന്ദർഭത്തിലും ഇത് ആവർത്തിക്കപ്പെടാം. 'കോവിലകത്തെ എണ്ണയ്ക്ക് തല കാട്ടരുത്' എന്ന പഴഞ്ചൊല്ല് മുതലാളിത്തഫണ്ടിംഗ് എന്നത് ചൂഷണമാണ് എന്നു പറയാനാണ് എം.എൻ.വിജയൻ ഉപയോഗിക്കുന്നത് (എം.എൻ.വിജയൻ്റെ ലോകങ്ങൾ പതിപ്പ് - 1 പു.84 ). അതായത് മാറുന്ന ചരിത്രസംവാദങ്ങളിൽ നിരന്തരം പഴഞ്ചൊല്ലുകൾ കവിതപോലെ നവീകരിക്കപ്പെടുന്നു.


ചുരുക്കത്തിൽ സംവാദ ക്രിയാസന്ദർഭങ്ങളിൽ സൃഷ്ടിക്കപ്പെടുന്ന സംക്ഷിപ്തവും സുന്ദരവുമായ ഭാഷാവസ്തുവാണ് പഴഞ്ചൊല്ലുകൾ. അത് വ്യവസ്ഥാനുകൂലവും അധ്വാനപക്ഷവുമായ സംസ്കാരവൈരുധ്യങ്ങളുടെ വാഹനങ്ങളും നിരന്തരം സാംസ്കാരികപുനർനിർമ്മിതി സാധ്യമാക്കുന്ന പ്രവാഹങ്ങളുമാണ്.


നാടൻപാട്ടുകൾ


    വാമൊഴിയായി പ്രചരിക്കുന്ന നാടോടിഗാനങ്ങൾ അഥവാ നാടൻപാട്ടുകൾ ഒരു സമൂഹത്തിന്റെ മൂല്യങ്ങളും പാരമ്പര്യങ്ങളും അനുഭവങ്ങളും പ്രതിഫലിപ്പിക്കുന്ന സാംസ്കാരികവസ്തുക്കളായി വർത്തിക്കുന്നു.  ഈ അർത്ഥത്തിൽ ചരിത്രപരവും സാമൂഹികവും വൈകാരികവുമായ മാനങ്ങൾ ഉൾക്കൊള്ളുന്ന ബഹുമുഖവ്യക്തിത്വം നാടൻപാട്ടുകൾക്കുണ്ട്.


''ആശയവിനിമയത്തിന് ഭാഷ ഉപയോഗിക്കാൻ തുടങ്ങിയ അതിപ്രാചീനകാലം മുതൽക്കേ മനുഷ്യൻ്റെ കലാവാസനയുടെ ബഹിർപ്രകടനമായി ജനകീയഗാനങ്ങളുടെ ഗായകർ, ദേശീയമായ സമസൃഷ്ടി ബോധത്തോട് ഗാനത്തിൽ സവിശേഷം ലയിച്ച്, സ്വന്തം വ്യക്തിത്വം സ്വയം മറന്നു സോയാത്തമായ സാമാന്യഭാഷയിൽ അനുഭവരസികത്വം കലർത്തി പാടിയിട്ടുള്ളതാണല്ലോ നാടോടിപാട്ടുകൾ"

എന്നു നാടൻപാട്ടു സമ്പാദകനായിരുന്ന പ്രേംനാഥ് അഭിപ്രായപ്പെടുന്നു (‘നമ്മുടെ നാടൻപാട്ടുകളും നാടൻകലകളും').


മനുഷ്യാധ്വാനത്തിൻ്റെ താളവും ആഹ്ലാദവും വിശ്രമാനുഭവങ്ങളും വർഗ്ഗപരമായ പ്രതിഷേധങ്ങളും ഇതിൽ ഉള്ളടങ്ങിയിരിക്കുന്നു. ഭാഷാവസ്തു എന്ന നിലയിൽ ഒരു സമൂഹത്തിൻ്റെ ചരിത്രവും ഭൂമിശാസ്ത്രവും മൂല്യങ്ങളും സാംസ്കാരികസ്വത്വങ്ങളും സംവഹിക്കുന്ന ഒരു പ്രതിനിധാനമായി ഇതു വർത്തിക്കുന്നു. കൂട്ടായ്മ തീർക്കുന്ന ക്രിയാസന്ദർഭങ്ങളിൽ നിന്നാണ് നാടൻപാട്ടുകൾ സൃഷ്ടിക്കപ്പെടുന്നത്. ചേകവന്മാരുടെ വീരകഥകൾ നിറഞ്ഞ വടക്കൻപാട്ടുകൾ, തെക്കൻ കേരളത്തിലെ വില്ലടിച്ചാൻപാട്ടുകൾ, കൈകൊട്ടിക്കളിപ്പാടുകൾ, തോറ്റംപ്പാട്ടുകൾ, ഭദ്രകാളിപ്പാട്ടുകൾ, പടപ്പാട്ടുകൾ, കൃഷിപ്പാട്ടുകൾ, കുമ്മിപ്പാട്ടുകൾ, താരാട്ടുപാട്ടുകൾ തുടങ്ങി എഴുതപ്പെട്ട കവിതകളേക്കാൾ വലുതാണ് കേരളത്തിലെ നാടോടിഗാനപാരമ്പര്യം.



സാംസ്കാരിക സംഭരണികൾ


ഒരു ജനതയുടെ സാംസ്കാരിക പൂർവ്വചരിത്രത്തിൻ്റെ വാഹകമായി നാടോടിഗാനങ്ങൾ വർത്തിക്കുന്നു. ഭക്ഷണം, ആഭരണം, വിശ്വാസങ്ങൾ, ആചാരങ്ങൾ, വാസ്തുവിദ്യ, ചമയങ്ങൾ, ആരാധനാസമ്പ്രദായങ്ങൾ, ശീലങ്ങൾ, ഭാഷ, ഭൂമിശാസ്ത്രം ഒക്കെ ഈ കൃതികളിൽ കാണാം. 'തച്ചോളി ഒതേനൻ പൊന്നിയൻ പടക്കു പോയ പാട്ടുകഥ' എന്ന വടക്കൻപാട്ടിൽ നിന്നും ചില ഉദാഹരണങ്ങൾ:


'ഏട്ടനോടല്ലെ പറയുന്നത് ഒലവണ്ണൂർ കാവിൽ ഭഗവതിക്കു

കാവൂട്ടും വേലയടുത്തു പോയി കിഴക്കെ നടക്കൽ തിരുമുമ്പിലും ' (ആരാധനാസമ്പ്രദായങ്ങൾ)

 

'ബുധനാഴ്ച നല്ല ദിവസമാണ് പൊന്നിയത്തു വെന്നൊ നീ കുഞ്ഞു ഒതേന' (വിശ്വാസം)

 

'വീട്ടിൽ കയറീട്ടു പോകരുതോ വെറ്റില മുറുക്കും കഴിക്കരുതോ

ഉടനെ ഗുരിക്കൾ പറഞ്ഞോളുന്നു ഒതേനൻ വെറ്റില തന്നെനിക്കെ ' (ശീലങ്ങൾ, മര്യാദകൾ )

 

'ചന്ദനമുരസി വിടച്ചെടുത്തു നല്ല കളഭവും കസ്തൂരിയും

കോഴിക്കോടൻ ചാന്തും ചന്ദനവും നാലു മണമൊന്നായി ചേർത്തു വേഗം’ (ചമയങ്ങൾ )

 

'പൂ പോലെ ചോറു വിളമ്പുന്നല്ലോ പൊൻ പോലെ നാലുതരം കറിയും

കുപ്പയിലച്ചേന കൊണ്ടുപ്പേരിയും മഴവെള്ളം പോലെയുരുക്കു നെയ്യും' ( ഭക്ഷണം)

 

'നീയോ പടക്കളത്തിൽ കീഞ്ഞോളണം ഒന്നിച്ചു ഞാനും പുറപ്പെടുന്നു'( ഭാഷാഭേദങ്ങൾ) -


നാടൻപാട്ടുകൾ അതത് ദേശത്തെ സാംസ്കാരിക സംഭരണികളായി പ്രവർത്തിക്കുന്നു. ലോകത്ത് എവിടെയുള്ള നാടോടിഗാനങ്ങളും അങ്ങനെയാണ് പ്രവർത്തിക്കുന്നത്. ഉദാഹരണത്തിന്, കെൽറ്റിക് നാടോടിഗാനങ്ങൾ, കെൽറ്റിക് പ്രദേശങ്ങളുടെ സാംസ്കാരിക സ്വത്വവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു, ആ സമുദായങ്ങളുടെ തനതായ പൈതൃകം പ്രകടിപ്പിക്കുന്നു.


സംസ്കാരത്തിൻ്റെ മിത്തീകരണം

     കഥപറച്ചിലുകാർ, പാണന്മാർ പാടുന്ന കഥാഗാനങ്ങളിൽ പലതും മിത്തീകരണം സംഭവിക്കുന്നു. അതു സാംസ്കാരിക വൈരുധ്യങ്ങളെ മറച്ചുപിടിക്കുന്നു. രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും നിസ്സാരമായ തർക്കങ്ങളുടെ ഒത്തുതീർപ്പിന് വേണ്ടി വെട്ടി മരിക്കുന്നത് വീരത്വമായി വടക്കൻ പാട്ടുകളിൽ അവതരിപ്പിക്കുന്നു. "പുലയരടക്കമുള്ള സമുദായങ്ങളെ നീചജാതിയായി മാത്രമേ പല വടക്കൻ പാട്ടുകളിലും സൂചിപ്പിക്കുന്നുള്ളൂ" എന്നു ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട് (ടി.കെ.അനിൽകുമാർ,നാടൻ പാട്ടുകൾ - പ്രതിഷേധത്തിൻ്റെ തുടിപ്പാട്ടുകൾ, മലയാള സാഹിത്യത്തിലെ കീഴാള പരിപ്രേക്ഷ്യം). പുരുഷവ്യാജവീരത്വവും സ്ത്രീയുടെ അടക്കവും വാഴ്ത്തുന്ന കൃതികൾ ഉണ്ട്. പുരുഷ- സ്ത്രീ ആദിപ്രരൂപനിർമ്മിതിയാണ് ഇത്തരം ആഖ്യാനങ്ങൾ ചെയ്യുന്നത്. 'ആലായാൽ തറ വേണം’ എന്നു തുടങ്ങുന്ന പാട്ടിൽ, 'പൂമാനിനിമാർകളായാലടക്കം വേണം' എന്നു കാണാം. ഉണ്ണിയാർച്ചയുടെ വീരത്വം അതിഭാവുകത്വത്തോടെ അവതരിപ്പിക്കുമ്പോൾ തന്നെ ഉണ്ണിയാർച്ച പെണ്ണ് ചെയ്യേണ്ട മുറ്റമടിയ്ക്കൽ, പാത്രം കഴുകൽ, പാചകം, വെള്ളംകോരൽ എല്ലാം ചെയ്തിട്ടാണ് അഞ്ജനക്കാവിൽ വേലകാണാൻ പോകാനുള്ള അനുവാദം ചോദിക്കുന്നത് എന്നു ഉറപ്പിക്കുന്നുണ്ട്. അടിയാളപ്പെണ്ണുങ്ങൾക്കാവട്ടെ വേല കാണാം എന്നത് സ്വാഭാവികമായി ഉണ്ടായിരുന്ന സ്വാതന്ത്ര്യമാണ്. ഒരു ഉപരിവർഗ്ഗസ്ത്രീയുടെ അസ്വാതന്ത്ര്യവും സ്വാതന്ത്ര്യബോധവും എന്ന നിലയിലാണ് ഉണ്ണിയാർച്ചയുടെ അവതരണം. സ്ത്രീ-പുരുഷ വ്യക്തിത്വങ്ങളെ വാർപ്പുമാതൃകകളിൽ പ്രതിഷ്ഠിക്കുന്ന ഒരു മിത്തീകരണപ്രവർത്തനം പല പാട്ടുകളിലും കാണാം. വടക്കൻപാട്ടുകളിലെ വീരമരണങ്ങൾ സൃഷ്ടിക്കുന്ന വിലാപങ്ങൾ ഈ മിത്തീകരണത്തിന് എതിരായ ഒരുതലം പാട്ടുകൾക്കു നൽകുന്നുണ്ട് എന്ന കാര്യം വിസ്മരിക്കാനാവില്ല. അതുപോലെ തോറ്റംപാട്ടുകൾ പോലെയുള്ള അനുഷ്ഠാനഗാനങ്ങളിലും മിത്തീകരണം കാണാം. അധ:സ്ഥിതൻ ഒരു ദിവസം ദൈവമാകുന്നതാണ് തെയ്യത്തിൽ കാണുന്നത്. നിലവിലുള്ള ജാതിവിഭജനങ്ങളും പെരുമാറ്റച്ചട്ടങ്ങളും അതുപോലെ നിലനിർത്താൻ അധ:സ്ഥിതന് നൽകുന്ന വ്യാമോഹമാണ് ഈ ദൈവപദവി. കണ്ണകിയെ മണിമങ്ക എന്ന പേരിൽ വാഴ്ത്തുന്ന മണിമങ്കത്തോറ്റത്തിൽ പന്തീരായിരം തട്ടാന്മാരെ വധിക്കുന്നതാണ് കഥ. സ്ത്രീയെ ശരീരവത്കരിക്കുന്നതിനോടുള്ള പ്രതിഷേധം ആവിഷ്കരിക്കുന്ന ചിലപ്പതികാരപ്രമേയത്തെ കേവലമായ പ്രതികാരകഥയാക്കി അനുഷ്ഠാനവത്കരിച്ചിരിക്കുന്നു. എന്നാൽ എല്ലാ മിത്തുകളുടെയും തോറ്റംപാട്ടുകളുടെയും ഉള്ളിൽ സാധാരണ ജനതയുടെ പ്രതിരോധം ഉള്ളടങ്ങിയിട്ടുണ്ട്. അതുപോലെ പൂമാതെ പൊന്നമ്മ പോലുള്ള കൃതികളിലും സ്ത്രീയുടെ പ്രതിരോധവീര്യമുണ്ട്.



പ്രകൃതിയുടെ അധ്വാനവത്കരണം


പ്രകൃതിയിലെ അധ്വാനവും അതിൻ്റെ ആഹ്ലാദങ്ങളും വിശ്രമാഘോഷങ്ങളുമാണ് നാടൻപാട്ടുകളുടെ ഉത്പത്തിഹേതു.


"മാരിമഴകൾ ചൊരിഞ്ചേ-ചെറു

വയലുകളൊക്കെ നിറഞ്ചേ

പൂട്ടിയൊരുക്കി പറഞ്ചേ- ചെറു

ഞാറുകൾ കെട്ടിയെറിഞ്ചേ… "


അധ്വാനത്തിൻ്റെ താളമാണ് ഈ വരികളെ നിർമ്മിക്കുന്നത്.


"കറുത്ത പെണ്ണേ കരിങ്കുഴലീ

നിനക്കൊരുത്തൻ കിഴക്കുദിച്ചേ

മലകൾ വെട്ടി തിന വിതച്ചേ

തിന തിന്നാൻ കിളിയിറങ്ങി

കളിയാട്ടാൻ പെണ്ണിറങ്ങി…. ".



"മുണ്ടകപ്പാടം ഉഴുതു മറിച്ചേ

ഒത്തിരി ഒത്തിരി ഞാറുനട്ടേ

ആണാളും പെണ്ണാളും വന്നു നിരന്ന്

ഒത്തിരി ഒത്തിരി ഞാറുനട്ടേ

 മുണ്ടകപ്പാടം പച്ച പിടിച്ചേ പൊന്നെൽക്കതിരുകൾ പൊട്ടിവിരിഞ്ഞേ

നേരം വെളുക്കുമ്പം പാടത്തു ചെല്ലും

 നേരം കറുത്താൽ പുരയിലുമെത്തും പാടത്ത് മുണ്ടകക്കൊയ്ത്തു കഴിയുമ്പം മാടത്തെ മുറ്റത്ത് പാട്ടും കളിയും!"


മലകളും വയലുകളും കാടുകളും  പാട്ടും അധ്വാനവും ആനന്ദവും കൊണ്ടു നിറയുന്നു. അതുപോലെ പ്രകൃതിയിൽ അധ്വാനത്തിൻ്റെ അടയാളങ്ങൾ സൃഷ്ടിക്കുന്നു:


"ആതിച്ചൻ ചന്തിരാൻ രണ്ടല്ലോ കാള

കാഞ്ഞിരക്കീഴ് നടുക്കണ്ടം തുണ്ടത്തിൽ

ആദിച്ചൻ കാളേ വലത്തും വച്ചൂ

ചന്തിരൻ കാളേയിടത്തും വച്ചു.. "


സൂര്യനും ചന്ദ്രനും രണ്ടു കാളയായി മാറുകയും ആകാശം ഉഴുതുമറിക്കയും അവിടെ ഞാറുനടുകയും ചെയ്യുമ്പോൾ പ്രപഞ്ചത്തിൽ അധ്വാനത്തിൻ്റെ അടയാളങ്ങൾ തീർക്കുന്ന അഗാധമായ പാരിസ്ഥിതികബോധത്തിൽ നിന്നും പിറക്കുന്നവയാണ് നാടൻഗാനങ്ങൾ എന്നു മനസിലാക്കാം.



വർഗ്ഗപരമായ നിലപാടുകൾ

   

അധ്വാനിക്കുന്നതിലും അതിൻ്റെ പങ്ക് അനുഭവിക്കുന്നതിലുമുള്ള സമത്വമാണ് നാടൻപാട്ടുകൾ മുന്നോട്ടുവയ്ക്കുന്നത്. ഞങ്ങൾ നട്ടുവളർത്തുന്നത് എല്ലാവരും കഴിക്കണം എന്ന ദർശനമാണിവിടെ ഉള്ളത്.


"വട്ടത്തിൽ കുഴി കുത്തി നീളത്തിൽ തടമിട്ടി - ട്ടങ്ങനെ പാവണം ചെഞ്ചീര

 വെണ്ണിറയണിയണം ചെഞ്ചീര

വെള്ളം നനയണം ചെഞ്ചീര…..


ആരാരു കൂട്ടണം ചെഞ്ചീര

എല്ലാരും കൂട്ടണം ചെഞ്ചീര "


ജാതിസമത്വം ഉദ്ഘോഷിക്കുന്ന പൊട്ടൻതെയ്യത്തിൽ ഇങ്ങനെ കാണാം:

"നീങ്കളെ കൊത്ത്യാലും ചോര്യെന്നെ ചൊവ്വറെ

നാങ്കളെ കൊത്ത്യാലും ചോര്യെന്നെ ചൊവ്വറെ "



അധ്വാനത്തെ അപഹരിക്കുന്ന ജന്മിവർഗ്ഗത്തിൻ്റെ ക്രൂരതകളെയും അയിത്തങ്ങളെയും ശക്തമായി പ്രതിരോധിക്കുന്ന കവിതകൾ നാടൻപാട്ടുകളിൽ ഉണ്ട്.



"നേരം പോയ് നേരം പോയ്

പൂക്കൈത മറപറ്റി

കാലം കോഴി കൊളക്കോഴി

തത്തി തത്തി ചാടുന്നേ!

നേരം പോയ നേരത്തും കൊല്ലാക്കൊല ചെയ്യീണേ!


അരമുറിക്കരിക്കും തന്നേ

കൊല്ലാക്കൊല ചെയ്യീണേ!

അരത്തൊണ്ടു കള്ളും തന്നേ കൊല്ലാക്കൊല ചെയ്യീണേ!

എനിക്കിവിടെ വന്നപ്പം-വന്നപ്പം ഈടില്ല മൂടില്ല…

 ഏനിവിടെ വന്നേപ്പിന്നെ കെട്ടാപ്പുര കെട്ടിച്ചേ!


ഏനിവിടെ വന്നേപ്പിന്നെ വെട്ടാക്കൊളം വെട്ടിച്ചേ!


നേരം പോയ് നേരം പോയ്

പൂക്കൈത മറപറ്റി

കാലം കോഴി കൊളക്കോഴി

തത്തി തത്തിച്ചാടുന്നേ!"



"പുഞ്ചപ്പാടത്തെ പൂങ്കുയിലേ പുന്നാരപ്പാട്ടൊന്നു പാടാമോ അക്കണ്ടം നട്ടു ഞാൻ ഇക്കണ്ടം നട്ടു ഞാൻ മേലേ കണ്ടത്തിൽ ഞാറു നട്ടു ഞാറ്റുകുത്തിക്കേറിവരുമ്പോൾ

എന്നാലും തമ്പ്രാന് തീണ്ടലാണ്


നെല്ലായ നെല്ലെല്ലാം കൊയ്‌തു മെതിച്ച് അറയിലിടുമ്പോഴും തീണ്ടലില്ല.

അറകൾ നിറച്ചു, പത്തായം നിറച്ചു

ഇറങ്ങി വരുമ്പോഴും തീണ്ടലാണ്

 പൊൻമണി വാരി അറ നിറച്ചാലും കേറിയിറങ്ങിയാൽ തീണ്ടലില്ല

എന്നിട്ടും തമ്പ്രാൻ മിണ്ടാത്തതെന്തേ? നീതിക്കു യോഗ്യത പോരാഞ്ഞോ? കന്നിക്കൊയ്ത്തു കഴിഞ്ഞോരു പാടം നെൻമണി വാരി വിതറിയാലോ മാസം പലതു കഴിഞ്ഞാലും പിന്നെയും

തമ്പ്രാൻ്റെ മുഖത്തു കോപം തന്നെ കൊയ്ത്തുകാലം കഴിഞ്ഞാൽ പടിപ്പുര കേറിയാൽ തമ്പ്രാന് തീണ്ടലാണ്."



അധ്വാനത്തെ അപഹരിച്ച ശേഷം അധ്വാനിക്കുന്നവരെ പുറംതള്ളുന്ന തമ്പ്രാക്കന്മാരെ രൂക്ഷമായി വിമർശിക്കുകയാണിവിടെ.

ഈ വിമർശനബോധം നവോത്ഥാനകാലത്ത് പുതിയ പാട്ടുകളും മുദ്രാവാക്യങ്ങളുമായി മാറുന്നു.


"ഭൂമി കിളയ്ക്കാനും പാട്ടം കൊടുക്കാനും

യന്ത്രം തിരിക്കാനും നമ്മൾ വേണ്ടേ

നമ്മൾ ഒത്തെന്നാൽ കഴിയാത്തതില്ലൊന്നും… " ( ടി. സുബ്രഹ്മണ്യൻ തിരുമുമ്പ്, എ കെ ജിയുടെ ആത്മകഥയിൽ ഉദ്ധരിക്കുന്നത് ).


ഇത്തരത്തിലുള്ള പരിണാമം ലോകത്തെങ്ങും കാണാം. 1960 കളിലെ ബോബ് ഡിലന്റെ (Bob Dylan's) പ്രതിഷേധഗാനങ്ങളായ "ബ്ലോയിൻ ഇൻ ദി വിൻഡ്" (Blowin' in the Wind) പൗരാവകാശങ്ങളെയും സമാധാന പ്രസ്ഥാനങ്ങളെയും അഭിസംബോധന ചെയ്തു.


സർഗ്ഗാത്മകതയുടെ ആഘോഷം


ഒരു ചെടി മുള പൊട്ടുന്നതിൽ പുതിയ അനുഭവത്തിൻ്റെ ആഹ്ലാദവും ജീവൻ്റെ കൗതുകവും ഉണ്ട്. ഇതെല്ലാം നാടോടിപ്പാട്ടുകൾക്കും ഉണ്ട്. നട്ട ചെടിക്ക് ഇലവരുന്നതും പൂവരുന്നതും കാവരുന്നതും ഉത്സവമായി മാറുന്നു.


മുത്തുക്കുല പോലെ

നിത്തിയം തെളിയുന്ന

മഞ്ചത്തിൽ വല്ലിയെ

കാണുന്നതെന്നാൾ


തേനെ കുടിപ്പാനായ്

കൊതി വച്ച വണ്ടിൻ്റെ

ദാഹം തണിയുന്ന

നാളെതെന്നാൾ

(മധ്യതിരുവിതാംകൂറിൽ മഹമ്മദീയ വനിതകൾ കൈകൊട്ടിക്കളിക്കുന്നത്, അറവാനതാളവും സ്വീകരിക്കുന്നു)

- ഈ ആഹ്ലാദവും കാത്തിരിപ്പിന്റെ കൗതുകവുമാണ് താളവുമാണ് നാടൻപാട്ടുകൾക്ക്.


പ്രകൃതിയിലെ പുതിയ താളവും ആഹ്ലാദവും മനുഷ്യ പ്രവൃത്തിയുടെ ആഹ്ലാദമായി മാറുന്നു:


"കാറ്റുണ്ടടിക്കുന്നു

മഴയുണ്ടു പെയ്യ്ന്നു

കണ്ടപ്പൻ്റോളുണ്ട്

മത്തിക്കു പായുന്നു "


"ഇത്തിരിപ്പൂവേ ചുവന്ന പൂവേ

ഇത്തറ നാളും നീ എങ്ങു പോയി

മണ്ണിനടിയിലൊളിച്ചിരുന്നോ

മറ്റുള്ള പൂക്കളെ കാത്തിരുന്നോ…. "


ഈ ചോദ്യവും കൗതുകവുമാണ് സർഗ്ഗാത്മതയുടെ ആഘോഷമായി നാടൻപാട്ടുകളെ മാറ്റുന്നത്.


     ചുരുക്കത്തിൽ സംസ്കാരത്തിൻ്റെ സംഭരണികളും വാഹനങ്ങളും സർഗ്ഗാത്മകതയുടെ ആഘോഷങ്ങളുമാണ് നാടൻപാട്ടുകൾ. പ്രതിരോധങ്ങളുടെ കനൽ നെഞ്ചിൽ ഉറങ്ങാതെ നിലകൊള്ളുന്ന,

' ഓടുന്നുണ്ടോടുന്നുണ്ടേ

മാണിക്ക ചെമ്പഴുക്ക ' എന്നു പറഞ്ഞ പോലെ ഇടനെഞ്ചിലൂടെ നിരന്തരം സഞ്ചരിക്കുന്ന പാട്ടുകളാണിവ.


 




1 comment

Related Posts

bottom of page