കവിത
ഇന്നും നാളെയും
ഒരിക്കലും ഒരാളും വരാതെ പോകുന്ന ഒരു വഴി.
നേരെ മുന്നിൽ
ചെമ്മണ്ണും കല്ലുകളും പുതച്ച്
വായിൽ വഴുത കൊരുത്ത്
ഓരോ പിടച്ചിലിലും ചേറ് തെറിപ്പിച്ച്
ഒരു കൊരുത്ത് മീൻ
നിറയെ ചിതമ്പൽ പുതച്ച കുട്ട തലയിൽ ഏറ്റി ഒരു കറുത്ത് മെലിഞ്ഞ പെണ്കുട്ടി....
മീൻ വേണോ?
ഊഞ്ഞാലിൽ തെങ്ങിൻതലപ്പ് തൊട്ടു വായു വേഗത്തിൽ തിരികെ വന്ന ഒരാട്ടം
ഒരുകതിരു കാള വയലിൽ അങ്ങേ അറ്റത്ത് നിന്ന്
പതുക്കെ പതുക്കെ
കളിച്ചു വരണ് ണ്ട്
ചെപ്പിൽ നിറയെ പച്ച നീല പിങ്ക് മഞ്ഞ കുംകുമം ചപ്ര തല
വടി കുത്തി ഒരു അമ്മ
ശനിയാഴ്ച പണ്ടാരം
ചരിഞ്ഞു പെയ്ത് പുതുമണം വിതറി ഒരുമഴ ഇടവഴി കേറി ഇപ്പൊ
കുന്നിൽ മോളിലേയ്ക്കു പോയേഉള്ളു.
കശുമാങ്ങാ അടർന്നു വീണിട്ടുണ്ടാവും.
ചീനിതലപ്പും പുളിയും ഇപ്പോഴുംപെയ്യുന്നുണ്ട്.
വൈകുന്നേരത്തെ പൗഡർ മണം പെയ്ത് ടോർച്ചു മായി ഒരാൾ ടൗണിലേയ്ക്ക്.
മടവ ചാടി അറുപറ കണ്ടത്തിലൂടെ.
സ്റ്റീലിന്റെ ഒരുസോപ്പ് പെട്ടി.
കുളിച്ചു തണുത്ത് ഒരു
കേരള സാൻഡൽ.
കൈതോന്നി ചേർത്ത കാച്ചെണ്ണ, ഇലഞ്ഞിപ്പൂവ്
വാഴകുടപ്പൻ തേൻ
പൂവാലി ക്കു ഒരു കൈ വൈക്കോൽ
പുല്ലരിഞ്ഞു നിറച്ച വല്ലം
ഈർന്നു വീഴുന്ന വെള്ളം
മുടിതുമ്പു കുടഞ്ഞു ചിരിക്കുന്നന്നുണ്ട് ചോന്ന പൊട്ടിട്ടൊരമ്മ
ഓടി പോയ കുട്ടിക്കൂട്ടം..
ഇനി ആര് വരാനാണ്?
വഴി ആകെ മാറിയ ഒരിടവഴി തേടി
ഇനി ആരും വരാനില്ല.
വന്ന കാറ്റിൽ ഒരു ചേറുമണം.
ഉറച്ചു ശബ്ദിച്ചു കടന്നു പോയ ഒരു തീവണ്ടി..
കടക്കാവൂരിനും ചിറയിന്കീഴിനും ഇടയ്ക്കു ഏതോ പാലം കേറുകയാവും.
ഇപ്പോൾ ഇനിയും ആരും വരാനില്ലാത്ത ഒരിടവഴി
മുള പൊട്ടുന്നുണ്ട് മുന്നിൽ.
ഡോ.ലീന.കെ.എസ്
HSST Malayalam
GHSS West kallada
കൊല്ലം.
Ph. number 9656009433