top of page

സ്വപ്നാടനം

കവിത

അമ്മയരച്ച അരപ്പുകളാൽ

തേഞ്ഞ അമ്മി

അകം വളഞ്ഞ്

ആർക്കും വേണ്ടാതെ

മുക്കിലൊതുങ്ങി


നെഞ്ചിൽ

ചെന്തീച്ചുവപ്പുള്ള കാന്താരിയെരിവിൻ

പൊള്ളൽത്തിണർപ്പുകൾ

ഒതുക്കുമ്പോൾ

ചാടിപ്പോയ മഞ്ഞൾ പൊട്ടുകൾ

കണ്ണീർ വീഴ്ത്തിയ

ഉള്ളിച്ചെതുമ്പലുകൾ

ഉരുണ്ടു വീണു മുളച്ച

കടുകുമണികൾ


വളച്ചുകെട്ടി

കൂടികിടപ്പായ

നെയ്യുറുമ്പിൻ കൂട്ടങ്ങൾ

അമ്മിത്തറച്ചുവരിൽ

കൂടുകൂട്ടിയ

വേട്ടാളന്റെ മുരൾച്ചകൾ

കണ്ണ്തെറ്റാൻ

കാത്തു നിന്ന

കരിങ്കണ്ണൻ കാക്കയുടെ

ചെരിഞ്ഞ നോട്ടം


ചമ്മന്തിയരക്കുമ്പോൾ

വാരിത്തിന്ന്

എരിഞ്ഞു പിടഞ്ഞോടിയത്

അരച്ചതുഴിഞ്ഞ് വാങ്ങവേ

കണ്ണിലേക്ക് പാറിവീണ

മുളക് വെളളത്തുള്ളികൾ


അരച്ചരച്ച് തേഞ്ഞ്

പെരുങ്കൊല്ലത്തിയെ

കാത്ത കാലം

അന്നു കൊത്തിയ

ഉളിപ്പാടുകൾ

കാലമെടുത്തു

കറുത്തു പോയി


സ്വപ്നാടനത്തിൽ

മൂർച്ചപ്പെടവേ അമ്മി

നാഭിയിലെ ഉളിക്കൊത്തിനാൽ

ഉലഞ്ഞുന്മത്തയായി


 

എ. മുജീബ് റഹ്മാൻ

അഴിക്കോട്ടിൽ മംഗലം പി.ഓ. മലപ്പുറം 676 561

Mob: 99 47 91 61 16


76 views0 comments
bottom of page