top of page

പുഴയുടെ രാഷ്ട്രീയം

കവിത

ക്വാറിയുടെയും ലോറിയുടെയും

ഇടയിലുള്ള പതിഞ്ഞ

ഒരു മണൽക്കൂനയിൽ

ഇരുന്നാണ് പുഴയുടെ രാഷ്ട്രീയം

അതിൻറെ ജനറൽബോഡി കൂടിയത്.

തടയണകളുടെ ബാൻഡേജുകളിലൂടെ

വാർന്നൊഴുകുന്ന ചോരച്ചാലുകളെ

അപലപിച്ച് യോഗം അതിൻറെ

ഒന്നാം പ്രമേയം പാസാക്കി.

ടർബൈനുകൾക്ക് മുകളിലൂടെ

വലിച്ചുകെട്ടിയ കമ്പിവലകളുടെ

പ്രസരണ തീവ്രതയിൽ

കൊഴിഞ്ഞുപോയ മഴ വിത്തുകളുടെ

അകാല വിയോഗത്തിൽ

യോഗം ഒരു നിമിഷം മൗനം ആചരിച്ചു.


ആശംസയർപ്പിക്കാൻ

നക്ഷത്രക്കാലുള്ള ഒരു കൊറ്റി

കുളി കഴിഞ്ഞു ചിറകു പൊട്ടിക്കുന്ന കാക്ക

പതുങ്ങി പതുങ്ങി നാവു നനച്ച് ഒരു പൂച്ച

നാവുനീട്ടി കുറുകെ ഇഴയുന്ന പാമ്പ്

കക്ക പിളർന്നൊരു വിടവ്

ഞണ്ട് കോറിയ ഞൊറിവ്

ആമ വരച്ചൊരു നീളൻ ചിത്രം

മാതളം കൊന്ന ഒരുപറ്റം ആത്മാക്കൾ

കുറുകെ വളർന്നൊരു തെങ്ങ്

ബാക്കിയായ ഉരുളൻകല്ലുകൾ

വേരറ്റു വീണ ഒരു മൂക്കുത്തി .

ശോഷിച്ച വേലിയിറക്കത്തിൻറെ

നന്ദിപ്രകടനത്തോടെ യോഗം പിരിഞ്ഞു.


അനൗപചാരിക ചടങ്ങുകൾ

ആയിരുന്നു അടുത്തത്

മലയിടിഞ്ഞ് മഞ്ഞച്ച മണ്ണായ പല രൂപങ്ങൾ

കൊഴിഞ്ഞ പല്ലടരുകളിൽ മുത്തു വച്ച്

പറിഞ്ഞ മുടിവിടവിൽ മണല് തേച്ച്

കുഴിഞ്ഞ കൺമുറിവുകളിൽ ചിപ്പി വെച്ച്

പൊളിഞ്ഞ മൂക്കിൽ ശംഖ് ചേർത്ത്

മണൽ വീട് കൂട്ടി

ഒലിച്ചു വന്ന മരത്തൂൺ മുറിവുകളിൽ

തീ കാഞ്ഞ്

വസന്തകാലം അയവിറക്കി

കാട്ടുപൂവിതളുകളിൽ നാട്ടു മൂപ്പന്റെ

വിഷമഞ്ഞേറ്റ് മരവിച്ച

പിഞ്ചു ബാല്യങ്ങൾ

മണൽ മുറിവുകളിൽ

കളിമൺ ഭൂപടങ്ങൾ വരച്ചു.

മണലടരുകളിലെ നീളൻ വിടവുകളിൽ

കാട്ടുചെമ്പകത്തിൻറെ മണം

കോർത്ത് കെട്ടിയ സ്വപ്നങ്ങളിൽ

വാടിയ ഇലഞ്ഞിപ്പൂമാല

സന്ധ്യ മുറുകി മുറുകി

പൊടുന്നനെ പുഴയരികിൽ

വിഷക്കൂണുകൾ മുളച്ചു.

രാത്രി മുറിച്ച് ഇരട്ട വെളിച്ചങ്ങൾ

യോഗം പിരിഞ്ഞതായി അറിയിപ്പ് വന്നു.

ദൂരെ ദൂരെ ഒരു ഉരുൾപൊട്ടി

പുതിയ പുഴ

മുളച്ച് വിടർന്ന്

പഴയതെല്ലാം

മാഞ്ഞ് തേഞ്ഞ്.

 

രൺജിത്ത് ചെമ്മാട്

Panthalodi House

Panchajanyam

Tirurangadi post

Malappuram Dt.

0 comments

Related Posts

bottom of page