കവിത
മാംസം വീണ്ടെടുക്കാനാവാതെ മാഞ്ഞു പോകുന്ന ഒരു അനുഭവ ലോകമാണ് പുതിയ സാങ്കേതിക വിദ്യാ മുതലാളിത്തം മനുഷ്യന് നൽകിയത്. സാമൂഹികഅബോധം ഇരുൾക്കയങ്ങളിൽ നിന്നുണരുന്നു. മണ്ണരുകളിൽ നീണ്ടു നിവരാൻ കൊതിക്കുന്നു. ജോർജിൻ്റെ കവിത: വെളിച്ചമേൾക്കാതെ
ഒന്ന്
മാഞ്ഞു പോയ ലോകം
മാംസം വീണ്ടെടുക്കുന്ന
ഈ ഉച്ചതിരിഞ്ഞ നേരത്ത്
ഒച്ചകൾക്കും നിശ്ശബ്ദതയ്ക്കും ഇടയിൽ
മാംസത്തെ തൊടാനാവുന്നത്
അബോധത്തിനു മാത്രം
മണ്ണടരുകൾക്കടിയിൽ
നീണ്ടു നീവർന്ന് കിടക്കാൻ
കൊതിക്കുന്ന മൃഗം
ആ സ്പർശങ്ങളെ വരക്കാൻ അനങ്ങുന്നു
ഒഴിവുകളിൽ വീഴുന്ന വെളിച്ചം
ലിപികളിൽ ഇരുൾ
എന്തു ചെയ്യുന്നുവെന്ന്
ജിജ്ഞാസുവാകുന്നു
ജീവിക്കപ്പെടാത്തതെല്ലാം
സങ്കല്പങ്ങളുടെ
അസഹനീയമായ
ദുർഗന്ധം കൊണ്ട്
ലോകം പണിയുന്നു
രണ്ട്
ഒച്ചകൾ
വാക്കുകളിലേയ്ക്ക് ചുരുങ്ങിയപ്പോൾ
മോഹാലസ്യപ്പെട്ടുപോയ മൃഗത്തിന്
തണുക്കുന്നു
വെളിച്ചമേൾക്കാതെ.