കവിത
മാലാഖ
ആർതർ റിബോർഡി(Arthur Rimbaud)ന്റെ fairy എന്ന കവിതയുടെ സ്വതന്ത്രപരിഭാഷ
ഹെലനു വേണ്ടി,
അലങ്കാര സത്തുക്കൾ
കന്യയാമിരുട്ടിൽ ഗൂഢാലോചന നടത്തുന്നു.
നക്ഷത്രമൂകതയിൽ പാതയില്ലാത്ത ദീപ്തികളൊന്നിക്കുന്നു.
വേനലിന്റെ അഭിനിവേശം നാവില്ലാത്ത കിളികളിൽ ബാക്കിയാകുന്നു.
മരിച്ചുപോയ പ്രണയങ്ങളുടെയും ക്ഷയിച്ചുപോകുന്ന സുഗന്ധദ്രവ്യങ്ങളുടെയും
ശാന്തമായ, സമ്പന്നമായ ഒരു ശവസംസ്കാര ബാർജിലേക്ക്
നമ്മുടെ നിസ്സംഗത കൂട്ടിക്കെട്ടിയിരിക്കുന്നു
വനപാലകരുടെ പാട്ടു കഴിഞ്ഞ നിമിഷം
പാഴ് വനങ്ങളിൽ പേമാരിയുടെ പ്രവാഹം
കന്നുകാലികളുടെ മണികിലുക്കം, താഴ്വരയിൽ പ്രതിധ്വനി
ഒപ്പം, സ്റ്റെപ്പിയിൽ നിന്ന് ഒരു കരച്ചിൽ..
ഹെലന്റെ കുഞ്ഞുന്നാളിൽ വേലികളും നിഴലുകളും
യാചകന്റെ നെഞ്ചും സ്വർലോകത്തെ ഇതിഹാസങ്ങളും വിറകൊണ്ടു
മൂല്യമുള്ള തിളക്കം, കുളിരുള്ള പ്രഭാവം,
നിശ്ചിതസമയത്തിന്റെ ആനന്ദം എന്നിവയേക്കാൾ മികച്ചതാണ്
അവളുടെ കണ്ണുകളും നൃത്തവും.
ഒരു അതുല്യമായ ഇടം
ഒരുകാരണം
ആർതർ റിംബാർഡിന്റെ To a reason എന്ന കവിതയുടെ സ്വതന്ത്രപരിഭാഷ
ഡ്രമ്മിൽ നിന്റെ വിരലുകൾ പതിയുന്നു,
അതിന്റെ എല്ലാ ശബ്ദങ്ങളും ചിന്നിച്ചിതറുന്നു,
നവീനമായ പൊരുത്തം തുടങ്ങുകയായി
പുതിയ മനുഷ്യരുടെ ഉദയമാണ് നിന്റെ ചുവടു വെയ്പ്പ്.
അവരുടെ യാത്രയുടെ തുടക്കവും
നീ തിരിഞ്ഞു നോക്കുക : സ്നേഹപ്പുതുക്കം
വീണ്ടും തിരിഞ്ഞു നോക്കുക : സ്നേഹപ്പുതുക്കം
"ഞങ്ങളുടെ വിധി മാറ്റുക, ഞങ്ങളുടെ ബാധകളെ നശിപ്പിക്കുക,
ഈ നിമിഷം മുതൽ " കുട്ടികൾ പാടുന്നു
“ഞങ്ങളുടെ ഭാഗ്യങ്ങളുടെയും ആഗ്രഹങ്ങളുടെയും
വസ്തുക്കൾ കൊണ്ട് എന്തും ഉണ്ടാക്കിക്കൊള്ളൂ."
അവർ നിന്നോട് യാചിക്കുന്നു.
എല്ലായ്പ്പോഴും വരൂ, നീ എല്ലായിടത്തും പോകൂ